ഗാന്ധി രാഷ്ട്രീയത്തിലേക്ക് എഴുന്നൊള്ളിച്ച രാമന്റെ രാജ്യത്തിലേക്കും ത്രേതായുഗത്തിലേക്കും നാം എത്തിച്ചേരുകയും ഗാന്ധി കക്ഷത്തില്‍ കൊണ്ടുനടന്ന ഭഗവത് ഗീത ഉള്‍പ്പെടെയുള്ള സ്മൃതികളുടെ മൂല്യബോധത്തെക്കുറിച്ച് വാചാലരാകുന്നവരായ ബിപ്ലവകാരികളും വരെ ഉണ്ടായിക്കഴിഞ്ഞ കേരളത്തില്‍ ഇന്ന് ഒക്ടോബര്‍ 2 ലെ ആചാരങ്ങളുടെഭാഗമായി ചിലര്‍ ഗാന്ധി നാരായണഗുരുവിനെ കണ്ടശേഷം ഗാന്ധിക്ക് എന്തൊക്കെയോ സംഭവിച്ചു എന്നൊക്കെ തള്ളിമറിക്കുന്ന ചില പോസ്റ്റുകള്‍ കണ്ടതുകൊണ്ടാണ് ഈ കുറിപ്പ്. ഇതൊക്കെ മുന്‍പും പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്.
ഗാന്ധി കേരളത്തില്‍ നടത്തിയ മൂന്ന് ഇടപെടലുകള്‍ ആയിരുന്നു മലബാര്‍ കലാപവും. വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും. മൂന്നിലും പക്കാ സുനാതനിയായിരുന്നുകൊണ്ട് തന്നെക്കൊണ്ട് പറ്റാവുന്ന ഉഡായിപ്പുകള്‍ ഇറക്കുകയും കൃത്യമായി മറുകണ്ടം ചാടും ചെയ്ത ആളായിരുന്നു ഗാന്ധിയെന്ന് ഭക്തി മാറ്റിവെച്ച് വായിച്ചാല്‍ ആര്‍ക്കും മനസിലാകുന്ന കാര്യമാണ്.

അതില്‍ വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്ന് ആയിരുന്നു ഗാന്ധി ഗുരുവിനെ ആദ്യം കാണുന്നത്. രണ്ടാം തവണയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടക്കുന്ന സമയത്ത് പെരിയാറിനെ കൊല്ലാന്‍ വൈക്കത്തെ സുനാതനികള്‍ ശത്രുനിഗ്രഹയാഗം നടത്തിയതും. കൊക്കിനുവെച്ചത് ചക്കിനാണ് കൊണ്ടത് എന്ന് തോന്നിക്കുമാറ് 1924 ആഗസ്റ്റ് 16 ആം തിയതി മൂലംതിരുനാള്‍ രാമവര്‍മ്മ നാടുനീങ്ങിയയതും പ്രസിദ്ധമാണല്ലോ? തുടര്‍ന്ന് റാണി ലക്ഷ്മീഭായി ഭരണം ഏറ്റെടുത്ത പിറ്റേ ദിവസം മുതല്‍ സത്യാഗ്രഹം അവസാനിച്ചുകാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സത്യാഗ്രഹം തുടങ്ങി 139 ദിവസം കഴിഞ്ഞാണ് രാജാവ് മരിച്ചത്. പിന്നേയും 464 ദിവസം കഴിഞ്ഞാണ് സത്യാഗ്രഹം അവസാനിപ്പിച്ചതെങ്കിലും അതിനുത്തരവാദി റാണി ലക്ഷ്മീഭായി അല്ല, രാഘവയ്യാ എന്ന ബ്രാഹ്‌മണ ദിവാന്റെ നിര്‍ബന്ധബുദ്ധിമൂലവും സനാതന കോണ്‍ഗ്രസിന്റെ ഉഡായിപ്പ് മൂലവുമായിരുന്നു.

സത്യാഗ്രഹം അവസാനിപ്പിക്കുന്നതിനെപ്പറ്റി അബ്രാഹ്‌മണരുമായി സംസാരിക്കാന്‍ തയാറില്ലാതെ ബ്രാഹ്‌മണ ദിവാന്‍ സി രാജഗോപാലാചാരിയെ ക്ഷണിക്കുകയും അദ്ദേഹം ആ പദവി ഗാന്ധിജിക്ക് കൈമാറുകയും ചെയ്തു. ഗാന്ധിക്ക് ഇവിടെ വന്നെത്താന്‍ കഴിഞ്ഞത് 1925 മാര്‍ച്ച് 9 ആം തിയതിയാണ്. ഗാന്ധിജിയുടെ വരവിന് വേണ്ടി മാത്രം 205 ദിവസമാണ് ഒരു കാര്യവുമില്ലാതെ സത്യാഗ്രഹികളെ പട്ടിണി കിടത്തിയത്. തുടര്‍ന്ന് ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ വിടാതെ പിന്തുടര്‍ന്നിരുന്നു എന്ന് നിരീക്ഷിച്ചാല്‍ മനസിലാകും.

ഗാന്ധി കേരളം സന്ദര്‍ശിക്കുവാന്‍ നിശ്ചയിച്ചു. ഈ സന്ദര്‍ശനവേളയില്‍ എറണാകുളത്തുവെച്ചു ഗാന്ധിയെ കാണുവാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടു ഗാന്ധിയുടെ കാര്യപപാടി നിശ്ചയിച്ചിരുന്ന സി. രാജഗോപാലാചാരിക്ക് അയ്യപ്പന്‍ ഒരു കത്തയച്ചു. പ്രോഗ്രാം നിശ്ചയിച്ചുകഴിഞ്ഞതിനാല്‍ സമയം അനുവദിക്കുവാന്‍ നിവൃത്തിയില്ലെന്നുള്ള മറുപടിയാണ് അയ്യപ്പന് കിട്ടിയത്. ഒട്ടും നിരാശനാകാതെ അദ്ദേഹം തന്റെ സഹപാഠിയും ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഇഗ്‌നിഷ്യസ് വഴി വീണ്ടും ശ്രമിച്ചു. 5 മിനിറ്റ് അനുവദിച്ചുകൊണ്ടുള്ള മറുപടി അയ്യപ്പനു കിട്ടി. എറണാകുളത്തുവെച്ച് അദ്ദേഹം പരേതനായ എം.കെ. രാമന്‍ വക്കീലൊന്നിച്ചു ഗാന്ധിയെ കണ്ടു.
”തൊട്ടുകൂടായ്മ എന്ന നിസ്സാര പ്രശ്‌നം ഒഴിവാക്കിയാല്‍ ഇന്ത്യയുടെ തൊഴില്‍ നൈപുണ്യം നിലനില്‍ക്കാന്‍ ജാതിവ്യവസ്ഥ നല്ലതാണെന്നു” വാദിക്കുന്ന ‘ജാതിനിര്‍ദ്ദോഷീകരണം’ Vindication of caste എഴുതി ജാതിയെ ന്യായീകരിച്ച ഗാന്ധിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കിട്ടിയ അഞ്ചു മിനിറ്റ് ഹിന്ദുമതത്തിലെ ജാതിക്കെതിരെ സംസാരിക്കാനും ജാതിയുടെ നിരര്‍ത്ഥകതയെക്കുറിച്ചു സംസാരിക്കാനുമാണ് അയ്യപ്പന്‍ ചിലവഴിച്ചത്.
വൈക്കത്തെ ഇണ്ടന്തുരുത്തി മനയിലെ കലാപരിപാടികള്‍ക്കുശേഷം സത്യാഗ്രഹ പന്തലിലെ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നീട് പള്ളുരുത്തിയില്‍ വെച്ച് മംഗള പത്രത്തിലൂടെ സഹോദരന്‍ മറുപടി കൊടുക്കുകയും ചെയ്തു. വൈക്കത്തെത്തിയ ഗാന്ധി ശിവഗിരിമഠം സന്ദര്‍ശിച്ചതും തുടര്‍ന്ന് നടന്ന ഗുരു- ഗാന്ധി സംവാദവും പ്രസിദ്ധമാണല്ലോ? അവിടെയുമുണ്ടായിരുന്നു സഹോദരന്‍, അവിടെയും ഗുരുവിനൊപ്പം ഗാന്ധിയുമായുമായി സഹോദരനും സംവദിക്കുകയും ഗാന്ധിയുടെ മത വികാരക്കുരു പൊട്ടിക്കുകയും ചെയ്തു.
അഹിംസയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഹിന്ദുമതത്തില്‍ ഹിംസയെപ്പറ്റി പ്രതിപാദിക്കാത്ത ഏതെങ്കിലും ഒരു ഗ്രന്ഥം ഉണ്ടോ എന്ന് അയ്യപ്പന്‍ ഗാന്ധിയോട് ചോദിച്ചു. കൂടാതെ അഹിംസാവാദിയായ ഗാന്ധി കക്ഷത്തില്‍ കൊണ്ടുനടക്കുന്ന ഗീത ഉപദേശിച്ച ‘ചാതുര്‍വര്‍ണ്യം ഞാനുണ്ടാക്കിയതാണ്’ എന്നുപറയുന്ന കൃഷ്ണനെക്കുറിച്ച് ‘Your Sreekrishna was a regular murderer?’ എന്നും ചോദിച്ചു.
ഗാന്ധിക്ക് ആ ചോദ്യം കേട്ട് ദേഷ്യം സഹിക്കാന്‍ പറ്റാതായി Gandhi got wild……
സഹോദരനെ ‘stupid’എന്ന് വിളിച്ചുകൊണ്ട് ഗാന്ധി അയ്യപ്പനുമുന്നില്‍നിന്നും ഇറങ്ങിപ്പോയി. ഏത് അഹിംസയുടെ ആള്‍രൂപവും സുനാതനത്തെ തൊട്ടാല്‍ ഹിംസാത്മകമായി പ്രതികരിക്കുമെന്ന് മനസിലായില്ലേ?
വൈകുന്നേരം ശിവഗിരിയില്‍ ഒരു പൊതു സമ്മേളനത്തില്‍ കൂടി പ്രസംഗിച്ചിട്ടാണ് ഗാന്ധിപോകുന്നത്. ഗാന്ധിക്ക് ഗുരുവുമായിട്ടുള്ള സംഭാഷണത്തോടെ ”ജാതി പ്രകൃതി സൃഷ്ടിയാണ്” എന്ന വാദത്തിന് എന്തൊക്കെയോ ചില കുഴപ്പമുണ്ടെന്നു മനസിലായെങ്കിലും ആ സംശയവും ശിവഗിരിക്കുന്നിലെ മാവ് കണ്ടപ്പോള്‍ തീര്‍ന്നു. ഇലകള്‍ ചൂണ്ടിക്കാണിച്ച് പ്രകൃതിയില്‍ എല്ലാവരും തുല്യരല്ലെന്ന് വീണ്ടും തര്‍ക്കിക്കുകയും ഇല പറിച്ചു തിന്നുനോക്കാനും എല്ലാ ഇലകളുടെയും സത്ത് ഓണാണെന്നുമൊക്കെ വീണ്ടും ഗുരു മറുപടി കൊടുക്കുന്നുമുണ്ട്. അപ്പോള്‍ ഗാന്ധിക്കെല്ലാം മനസിലായെന്നാണ് ചിലര്‍ പറയുന്നത്. അതവിടെ നില്‍ക്കട്ടെ. എന്തായാലും ഗാന്ധി പ്രസംഗിച്ചിട്ടു പോയി. ”ജാതി മനുഷ്യ നിര്‍മ്മിതമാണെന്നു” പറഞ്ഞയാള്‍ ചരിത്രത്തില്‍ സമുദായ പരിഷ്‌കര്‍ത്താവും ”ജാതി പ്രകൃതി സൃഷ്ടിയാണെന്ന” വിവരദോഷം പറഞ്ഞയാള്‍ ചരിത്രത്തില്‍ മഹാത്മാഗാന്ധിയുമായി!
മാവില തിന്നാന്‍ പറഞ്ഞപ്പോള്‍ ഗാന്ധിക്ക് കാര്യം മനസ്സിലായെന്നു പറയുന്ന ആളുകള്‍ക്ക് ശിവഗിരിയില്‍ നിന്നും ഗാന്ധി എങ്ങോട്ടാണ് പോയതെന്ന് അറിയാമോ? കന്യാകുമായിരിലേക്ക്. അവിടെ ബ്രാഹ്‌മണരാല്‍ അപമാനിക്കപ്പെട്ടപ്പോള്‍ വിനീത വിധേയനായി നിന്നതറിയാമോ? അതില്‍ പ്രതിഷേധിച്ച് പിറ്റേദിവസത്തെ സഹോദരന്‍ പത്രത്തില്‍ അയ്യപ്പന്‍ ഒരു കവിതയെഴുതിയിരുന്നു. അതിന്റെ പേരാണ് ”ഗാന്ധി സന്ദേശം.” അതിലെ ചിലവരികള്‍ ചുവടെ:
”ഭൂമിതന്‍ വലയത്തെ ഗര്‍ജ്ജനമാത്രം കൊണ്ടു
ഭീതമായ് നിറുത്തീടു മാംഗല സിംഹത്തിനെ
കൂസാതെ കുഞ്ചിരോമം പിടിച്ചുകുലുക്കിയൊ –
ന്നാകുലപ്പെടുത്തിയ വീരനാം ഗാന്ധികൂടി
നായിലും നാണം കെട്ടു വാലാട്ടി, ചവിട്ടുന്ന
ബ്രാഹ്‌മണപാദം നക്കുന്നാഹന്ത ദയനീയം!
മറ്റെങ്ങുനിന്നോ ഗാന്ധി പഠിച്ചോരഹിംസയും
മുറ്റുമേ ബ്രാഹ്‌മണന്റെ വകയെന്നാക്കീടുവാന്‍.
സാഹസപ്പെടുന്നഹോ, മാനസദാസ്യത്തിലും
ഈവിധമല്ലൊ സ്വാമിഭക്തിതന്‍ വിLജ്യംഭണം.
നോക്കുക, ബ്രാഹ്‌മണന്റെ മതത്തില്‍ വ്യാമോഹന-
ശക്തിയെ ജയിച്ചാര്‍ക്കു നില്‍ക്കുവാന്‍ കഴിയുന്നു!
ഇക്കാലം മാത്രമല്ല ഹൈന്ദവ മതത്തിന്നീ –
നിഷ്ഠുരസ്ഥിതിയതു പണ്ടു മിങ്ങനെതന്നെ……’
അവിടുന്നു ബ്രാഹ്‌മണരുടെ അപമാനവും സഹിച്ച് പോയെങ്കിലും ഗാന്ധിക്ക് ഉറക്കം വരുന്നുണ്ടായില്ല. വീണ്ടും നാരായണഗുരുവിനെ സുനാതനം പഠിപ്പിക്കാനും വൈക്കത്ത് വഴിനടക്കാന്‍ അനുവദിച്ചാല്‍ പിന്നെ അമ്പലത്തില്‍ കയറണെമന്നും പറഞ്ഞു പ്രശ്നം ഉണ്ടാകരുതെന്ന് ഗുരു വൈക്കത്ത് സമരം ചെയ്യുന്ന ഈഴവരെയും പുലയരെയും ഉപദേശിക്കാന്‍ പറയാനുമായി വിനോഭവയെ പറഞ്ഞുവിടുന്നുണ്ട്.
ഗുരു വിനോഭവയോട് ചോദിച്ചു: താങ്കള്‍ ഒരു വൈഷ്ണവനല്ലേ? താങ്കള്‍ വിശ്വസിക്കുന്നത് സാലോക്യ സാമീപ്യ സായൂജ്യങ്ങള്‍ അല്ലേ? അപ്പോള്‍ ചിലപ്പോള്‍ ആരെങ്കിലുമൊക്കെ കയറിയെന്നൊക്കെ ഇരിക്കുമെന്ന്.
വിനോഭാവയ്ക്ക് ദേഷ്യം വന്ന് ഉച്ചയ്ക്കേ സംവാദം മതിയാക്കി സ്ഥലം വിട്ടെന്നും, താനാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടികേറ്റി വിട്ടതെന്നും നടരാജ ഗുരു എഴുതിവെച്ചിട്ടുണ്ട്. വഴിനടക്കാന്‍ അനുവദിച്ചാല്‍ അമ്പലത്തില്‍ കയറുമോ എന്ന ഗാന്ധിയുടെ പേടിയുടെ ഫ്‌ലാഷ്ബാക്ക് എന്തെന്ന് ഗുരു വൈഖരിയില്‍ ഉണ്ട്. വൈക്കത്തെ ഗുരുവിന്റെ പ്രസംഗം തന്നെ.
അതില്‍ ഇങ്ങനെ പറയുന്നുണ്ട്- ”വേലികെട്ടിയാല്‍ ചാടി അകത്തു കയറണം; തിടപ്പള്ളിയില്‍ കയറി പായസം കട്ട് കുടിക്കണം. പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം മനുഷ്യരെന്ന നിലയില്‍ കടന്നുകയറണം. ഏതു പന്തിയിലും കടന്നിരിക്കണം മനുഷ്യരെ തൊട്ടാലശുദ്ധിയാണെന്ന് കരുതുന്നവരെ ഒന്നും സ്വസ്ഥമായിയിരുന്നു ചെയ്യാനനുവദിക്കരുത്. മൂടിവച്ചിരിക്കുന്ന പാല്‍പ്പായസം എടുത്ത് യഥേഷ്ടം കുടിക്കണം. പ്രവേശനവും സഞ്ചാരവും വിലക്കി വേലികെട്ടിയാല്‍ അതിനെ മറികടക്കണം, എന്നാല്‍ തല്ലിയാല്‍ തിരിച്ചുതല്ലരുത്. വേണമെങ്കില്‍ പ്രവേശന പ്രാതിനിധ്യ അവകാശം സ്ഥാപിക്കാനായി മരിക്കാനും മടിക്കരുത്. ഇത് വൈക്കത്ത് മാത്രം ചെയ്താല്‍പ്പോര എല്ലായിടത്തും കയറണം എല്ലാവരും കയറണം….” (ഡോ. ടി ഭാസ്‌കരന്‍ ഗുരുവൈഖരി).
സത്യഗ്രഹികളുടെ കണ്ണില്‍ സുനാതനികള്‍ ചുണ്ണാമ്പെഴുതുന്നു എന്നറിഞ്ഞപ്പോള്‍ ഗുരു പ്രതികരിച്ചത് ”വെടിവയ്ക്കും പറന്നുപോകരുത്. നമുക്കൊരു വടിവേണം. തല്ലാന്‍വരുന്നവര്‍ വടി തേടിയലയരുതല്ലോ?.” (ഡോ. ടി ഭാസ്‌കരന്‍ ഗുരുവൈഖരി).
ഇതിനെതിരെ നമ്മുടെ മറുനാടന്‍ ഷാജനെപ്പോലെ ഗാന്ധി യങ് ഇന്ത്യയില്‍ ”തിരുവിതാംകൂറിലെ തീയന്മാരുടെ ആത്മീയനേതാവ് കലാപത്തിനാഹ്വാനം ചെയ്യുന്നു” എന്ന തലക്കെട്ടോടെ നാരയണ ഗുരുവിനെതിരെ ലേഖനമെഴുതി.
‘അത് കലാപ ഹിംസാഹ്വാനമല്ലെന്നും സഞ്ചാരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുളള പ്രസ്താവമാണെന്നും സഞ്ചാരസ്വാതന്ത്ര്യ മിശ്രഭോജന സമരങ്ങളില്‍ തികഞ്ഞ അഹിംസാമാര്‍ഗം പലപ്പോഴും അപ്രായോഗികമാകാമെന്നും’ ഗുരു വിശദീകരിച്ചു,” (ഗുരുവൈഖരി പേജ് 267)
നോക്കണേ ദുരാരോപണം ഉന്നയിക്കുക മാത്രമല്ല ഗുരുവിനെ വെറും തീയന്മാരുടെ ആത്മീയ നേതാവായാണ് ഗാന്ധി കണ്ടതെന്ന് സാരം. ശാസ്ത്രബോധമോ ഇല്ല, ശ്ലോകം ചൊല്ലി നടക്കുന്ന ശ്ലോകാഭിമാനികള്‍ വാഴ്ത്തുപാട്ടുകളൊക്കെ കഴിയുമ്പോള്‍ കുറച്ച് ചരിത്രമെങ്കിലും പഠിച്ചിട്ട് ചരിത്രബോധത്തോടെയെങ്കിലും കാര്യങ്ങളെ കണ്ടാല്‍ കൊള്ളാം, ഇല്ലെങ്കില്‍ എന്നും ഭജനപ്പാട്ടും പാടി ഭജനയും കൊട്ടി വിനീത വിധേയരായി അടിമത്തം അലങ്കാരമായി കൊണ്ടുനടന്ന് ആസ്വദിക്കാം.
‘ജാതിഉന്മൂലന’ത്തിന് ആഹ്വാനം ചെയ്ത അംബേദ്കറും ‘ ജാതിനശീകരണ” പ്രസ്ഥാനത്തിന് രൂപംകൊടുത്ത, ”ജാതിനാശത്തുക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്തുക്ക് ജയ് വിളിച്ച സഹോദരന്‍ അയ്യപ്പനും ഗാന്ധിജി പ്രതിനിധാനം ചെയ്ത സനാതന ദേശീയതയുടെ വക്താക്കള്‍ ആയിരുന്നില്ല.
ഗാന്ധിയെക്കുറിച്ചുള്ള ഭക്തിസാഹിത്യം വായിച്ചിട്ട് ഗുരുവിനെ കണ്ടശേഷം അതില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഗാന്ധി എന്തോ സംഭവമായെന്നു പറയുന്ന ഈഴവനും ദലിതനും അറിയാന്‍:
1) ഗാന്ധി തന്റെ ആത്മകഥ എഴുതുന്നത് 1925-നും 29-നും മധ്യേ ആണ്. ഗുജറാത്തി ഭാഷയിലാണ്. സത്യ കേ പ്രയോഗ് കാ ആത്മകഥ. ഇത് നവജീവനില്‍ ഖണ്ഡശയയി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാലത്തുതന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ യങ് ഇന്ത്യയിലും പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ഈ ഗ്രന്ഥത്തിന്റെ രചനയില്‍ മുഴുകിയിരിക്കുമ്പോള്‍ത്തന്നെയാണ് ഗാന്ധിജി ഭഗവദ്ഗീത ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തിയതും. ഈ സന്ദര്‍ശനം തന്റെ ജീവിതത്തിലെ അത്രപ്രാധാന്യമുള്ള ഒന്നായി ഗാന്ധിക്ക് തോന്നിയിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ആത്മകഥയില്‍ ഉള്‍പ്പെടുത്താഞ്ഞത്? ഗുരുവിനെക്കുറിച്ചു മാത്രമല്ല അംബേദ്കറുമായുള്ള കൂടിക്കാഴ്ചകളോ സംഭാഷണങ്ങളോ അതില്‍ ഉണ്ടോ? അതൊക്കെ ഉള്‍പ്പെടുത്തിയാല്‍ യാഥാര്‍ത്ഥ ഗാന്ധി പുറത്തുവരുമെന്ന് ഗാന്ധിക്കറിയാം.
2) ഗാന്ധി- ഗുരുവിനെ കണ്ടപ്പോള്‍ ജാതി പോയതുകൊണ്ട് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് രാഷ്ട്രീയ അധികാരം നല്‍കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന communal award മുസ്ലിങ്ങള്‍ക്കും സിക്ക് കാര്‍ക്കും ബാധകമായപ്പോള്‍ സന്തോഷിച്ച ഗാന്ധി അത് ഇന്ത്യയിലെ പട്ടികജാതിക്കാര്‍ക്ക് കൂടി ബാധകമാക്കിയപ്പോള്‍ മരണം വരെ നിരാഹാരം കിടന്നു. ആ പാരമ്പര്യം ഇന്നും സുനാതനികളായ കോണ്‍ഗ്രസുകാരും ബിജെപിക്കാരും ബിപ്ലവ സനാതനികളും അതിബിപ്ലവ സനാതനികളും അടക്കമുള്ള ഇന്ത്യയിലെ സകല രാഷ്ട്രീയ പാര്‍ട്ടികളും കാത്തു സൂക്ഷിക്കുന്നുമുണ്ട്. ഗാന്ധിക്ക് ഈ മനോഭാവം കിട്ടിയത് ഗുരുവിനെ കണ്ടശേഷമാണെന്ന് പറയുന്നത് ഗുരുവിനെ അപമാനിക്കല്‍ ആണെന്ന് ഭക്തശിരോമണികള്‍ക്ക് മനസിലാവില്ല. സുനാതന സംരക്ഷണാര്‍ത്ഥം ഈഴവര്‍ ഹിന്ദു മതം വിട്ടു പോകില്ല എന്ന് ഉറപ്പു വരുത്തല്‍ മാത്രമായിരുന്നു ഗാന്ധിയുടെ വരവിന്റെ ഉദ്ദേശം. ചവിട്ടിത്തേക്കാന്‍ അടിമകള്‍ ഉണ്ടെങ്കില്‍ അല്ലേ സുനാതനം ശോഭിക്കൂ? ഗുരു ആലുവയിലെ സര്‍വമത സമ്മേളനത്തില്‍ ‘നാമായി ഒരു മതത്തിലും പെടുന്നില്ലെന്നും, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും, ഇന്ന് ലോകത്ത് നിലവിലുള്ള ഒരു മതത്തോടും നമുക്ക് പ്രത്യേക സ്‌നേഹമോ മമതയോ ഇല്ലെന്നു’ മൊക്കെ പ്രഖ്യാപിച്ച സമയമായിരുന്നു അത്.
3) ഗാന്ധിയും ബിനോഭാവയും ജയപ്രകാശ് നാരായണനും അന്നത്തെ കോര്‍പ്പറേറ്റുകളും സുനാതന ഹിന്ദുത്വ വാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാന്‍ ഓഷോയുടെ ”ഞാന്‍ എന്തുകൊണ്ട് ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ല” എന്ന പുസ്തകം വായിച്ചാല്‍ മതി. ആരാണ് ഗാന്ധിയുടെ സ്പോണ്‍സര്‍ എന്നും ഡല്‍ഹിയിലെ വലിയ ചില്ലുകൊട്ടാരമായ ബിര്‍ളാ ഹൗസ് ഗാന്ധിക്ക് വെറുതെ കിട്ടിയതല്ലെന്നും, അവിടെ പരമദരിദ്രനായി ജീവിക്കാന്‍ വേണ്ടി ചിലവാക്കിയ കോടികള്‍ എവിടുന്നെന്നും, അതുപോലുള്ള ബ്‌ളാങ്ക് ചെക്കുകള്‍ ഗാന്ധിയെക്കൂടാതെ ബിനോഭാവയും ജയപ്രകാശ് നാരായണനും എല്ലാം കൊടുത്തപ്പോള്‍ വെച്ച ഉപാധിയെന്തെന്നും മനസിലാകും. ഇതിനൊക്കെ പുറമെ ഗാന്ധിയെ പരമദരിദ്രനായി കൊണ്ടുനടക്കാന്‍ കോണ്‍ഗ്രസ് ചിലവാക്കിയ വന്‍ തുകകകളെക്കുറിച്ച് വേറെ പലരും എഴുതിയിട്ടുണ്ടല്ലോ? അല്ലാതെ കോര്‍പ്പറേറ്റുകള്‍ ബിജെപിയെ മാത്രമല്ല ഫണ്ട് ചെയ്തിട്ടുള്ളത്. ഗാന്ധിയെ സുനാതാനികള്‍ തന്നെ വെടിവെച്ചു കൊന്നത് സുനാതാനികള്‍ക്കിടയിലെ ആഭ്യന്തര പ്രശ്നമാണ്. അതേക്കുറിച്ചെഴുതിയാല്‍ പോസ്റ്റ് നീണ്ടുപോകും.
4) കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുമ്പ് ഗാന്ധി ഹരിജനില്‍ എഴുതി,-”I believe in caste system which is the law of nature’ എന്ന്. ഇതുതന്നെയല്ലേ ഗുരുവിനോടും പറഞ്ഞത്? ഇതല്ലല്ലോ ഗുരു തിരിച്ച് ഗാന്ധിയോട് പറഞ്ഞത്? ”അല്ല ഇത് മനുഷ്യനുണ്ടാക്കിയതാണ്” എന്നല്ലേ? പിന്നെ ഗാന്ധി എങ്ങോട്ട് മാറിയെന്നാണ് പറയുന്നത്?
അതോ ഇനി ബ്രാഹ്‌മണന്റെ വെടി കൊണ്ട അവസാന സമയത്തു എങ്ങാനും ബ്രാഹ്‌മണിസ്റ്റിന് ഒരിക്കലും ബ്രാഹ്‌മണന്‍ ആകാന്‍ കഴിയില്ലെന്ന് ബോധ്യമായോ എന്നറിയില്ല. അങ്ങിനെയെങ്കില്‍ നല്ല കാര്യം. ഹേ റാം … നീ എന്ത് ഊളയാണ് എന്ന അര്‍ത്ഥത്തിലോ ദേഷ്യത്തിലോ മറ്റോ ആണ് വിളിച്ചതെങ്കില്‍ അപ്പോഴെങ്കിലും അദ്ദേഹത്തിന് എന്‍ലൈറ്റന്മെന്റ് കിട്ടിക്കാണും എന്ന് ഞാനും സമ്മതിക്കുന്നു.
കാര്യം എന്തൊക്കെ പറഞ്ഞാലും ഇവിടുത്തെ അടിസ്ഥാന ജനതയ്ക്ക് ഗാന്ധിയുടെ മരണം ഒരു വലിയ സന്ദേശം നല്കുന്നുണ്ട് അത് ‘ബ്രാഹ്‌മണിസ്റ്റിന് ഒരിക്കലും ബ്രാഹ്‌മണന്‍ ആകാന്‍ കഴിയില്ല, അവര്‍ക്കെന്നും ബ്രാഹ്‌മണിസ്റ്റ് ആയിരിക്കുവാനേ കഴിയൂ’ എന്നതാണ്.
”ഗാന്ധി നിങ്ങള്‍ക്ക് മഹാത്മവായിരിക്കും എനിക്ക് അങ്ങനെയല്ല, ഞാനൊരിക്കലും മഹാത്മ എന്ന് വിളിക്കില്ല”- BBC ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. അംബേദ്ക്കര്‍
എല്ലാവര്‍ക്കും ആചാരപരമായ ഗാന്ധിജയന്തി ആശംസകള്‍!







No Comments yet!