Skip to main content

പൂതലിക്കുന്ന ഭൂമിയും ആഗോള പരിസ്ഥിതി രാഷ്ട്രീയവും

ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് അടിസ്ഥാനമായ എല്ലാ ഘടകങ്ങളും അതിതീവ്രമായ രീതിയിൽ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. വളരെ ഗുരുതര സ്വഭാവമുള്ള ഒരു യാഥാർഥ്യത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

ആഗോളതലത്തിൽ സ്വാഭാവിക പരിസ്ഥിതി അതികഠിനമായ മലിനീകരണത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും കോടിക്കണക്കിന് മനുഷ്യർ മലിനജലം കുടിക്കേണ്ട സാഹചര്യത്തിൽ ജീവിക്കുന്നവരാണ്. വിഷമയമായ വായു ശ്വസിച്ച് വലിയതോതിൽ രോഗങ്ങൾക്ക് മനുഷ്യരും ജന്തുജാലങ്ങളും വിധേയരായിക്കൊണ്ടിരിക്കുന്നു. അമ്ലമഴകൾ കാർഷിക മേഖലകളെ താറുമാറാക്കുകയും ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. അതിതീവ്ര മത്സ്യബന്ധനവും വൻകരകളിൽ നിന്നുള്ള മാലിന്യനിക്ഷേപങ്ങളും സമുദ്ര പരിസ്ഥിതിയെ ആഴത്തിൽ ബാധിക്കുകയും സമുദ്രത്തിലെ ചാവു മേഖലകളുടെ തോത് വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ലോകമെമ്പാടും വന്യജീവികളുടെ നിലനിൽപ്പ് വലിയതോതിൽ അപകടത്തിലാണ്. വനനശീകരണത്തിൻ്റെ തോത് വർദ്ധിക്കുന്നതോടൊപ്പം, വംശനാശം വരുന്ന ജീവിവർഗങ്ങളുടെ പട്ടിക വിപുലപ്പെടുന്നു. ഏഷ്യൻ രാജ്യങ്ങളെയും ഇവിടുത്തെ ജനതയെയും അലട്ടിക്കൊണ്ടിരുന്ന ‘ഏഷ്യൻ ബ്രൗൺ ക്ലൗഡ്’ പുകമഞ്ഞ് പസഫിക് കടന്ന് അമേരിക്കയിൽ എത്തിയിരിക്കുന്നു. ഈ സാഹചര്യങ്ങളോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലോകമെമ്പാടും ജീവൻ്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. ആഗോളതാപത്തിൽ ഉണ്ടാവുന്ന വർദ്ധനവ് വരൾച്ചയ്ക്കും അതിവൃഷ്ടിക്കും കാരണമാകുന്നതിനാൽ കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.

1970 കളിൽ ഹരിത രാഷ്ട്രീയം മുന്നോട്ട് വച്ചുകൊണ്ട് മാനിഫെസ്റ്റോകൾ രൂപപ്പെടുകയും രാഷ്ട്രീയ സംഘടനകൾ ആഭിർഭവിക്കുകയും പ്രവർത്തനക്ഷമമാവുകയും ചെയ്ത സാഹചര്യങ്ങൾ എന്തെന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അന്ന് നിലനിന്ന പ്രശ്നങ്ങളുടെ തുടർച്ചകളോടൊപ്പം ഇക്കാലയളവിൽ പുതുതായി വികസിച്ച പ്രശ്നങ്ങൾ പുതിയ പ്രതിസന്ധികളെയാണ് മുന്നോട്ടു വയ്ക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ സങ്കീർണവും അപകടകരവുമായ സാഹചര്യങ്ങളാണ് പാരിസ്ഥിതികമായി സമകാലത്തിൽ ഉള്ളത്.

പലപ്പോഴും വികസനത്തിൻ്റെ മറയ്ക്കുള്ളിൽ രൂപപ്പെടുത്തുന്നവയാണ് ഈ സാഹചര്യങ്ങൾ. സങ്കീർണവും അപകടകരവുമായ ഇത്തരം സാഹചര്യങ്ങളോട് പ്രതികരണക്ഷമത പുലർത്തുന്നതിൽ- ദേശരാഷ്ട്രങ്ങൾക്കകത്തു നിന്നാകട്ടെ ആഗോളതലത്തിൽ ഉയരുന്നതാകട്ടെ- രാഷ്ട്രീയത്തിൻ്റെ പങ്ക് ചെറുതല്ല.

ക്രമാനുഗതമായി ആഗോള പരിസ്ഥിതി തകർന്നടിയുമ്പോൾ അതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ദേശരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സർക്കാരുകൾക്കും അന്താരാഷ്ട്രതലത്തിൽ സജീവമാകുന്ന സംഘടനകൾക്കും ഒഴിഞ്ഞു നിൽക്കാൻ സാധിക്കുകയില്ല.

ഭൂമുഖത്തുള്ള എല്ലാം ആഗോള പരിസ്ഥിതിയോടുള്ള രാഷ്ട്രീയ നിലപാടുകളാൽ ബാധിക്കപ്പെട്ടവരാണ് എന്നതാണ് വസ്തുത. എന്നാൽ, സജീവമായും ഉത്തരവാദിത്തത്തോടെയും പാരിസ്ഥിതിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിൽ വിമുഖത പുലർത്തുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ, പരിസ്ഥിതി രാഷ്ട്രീയം എന്നത് പലയിടത്തും കാലഹരണപ്പെട്ട ഒരു ബോധമായി തീർന്നിരിക്കുന്നു. അഥവാ, ദേശരാഷ്ട്രങ്ങൾ ആവർത്തിച്ച് അവകാശപ്പെടുന്നതും ആവർത്തിച്ചുറപ്പിക്കാൻ ശ്രമിക്കുന്നതുമായ പരമാധികാരത്തിനു മേലുള്ള ഒരു കടന്നുകയറ്റമായി പാരിസ്ഥിതിക രാഷ്ട്രീയം വ്യാഖ്യാനിക്കപ്പെടുന്നു. പലപ്പോഴും തീവ്രവാദമെന്ന പട്ടികയിൽ പല നിലപാടുകളും അടിയുന്നതും കാണാം.

അമിതമായ ചൂഷണവും വിഭവ കൊള്ളകളും ആവാസ വ്യവസ്ഥകളെ തകിടം മറിക്കുമ്പോൾ അത് കേവലം പ്രാദേശിക വിഷയമാണ് എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നത് സർവസാധാരണമായി തീർന്നിരിക്കുന്നു. അമേരിക്കൻ ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങൾ അവരുടേത് മാത്രമായും ആസ്ട്രേലിയൻ ആദിവാസികളുടെ ആവാസവ്യവസ്ഥയ്ക്കു മേലുള്ള വിഭവക്കൊള്ളക്കാരുടെ കടന്നു കയറ്റം ആ ജനതകളുടേതു മാത്രവും ഇന്ത്യൻ ആദിവാസികളുടെ പ്രശ്നങ്ങൾ അവരുടേത് മാത്രവും ആണെന്ന തരത്തിലുള്ള നിലപാടുകൾ സജീവമാകുന്നു. അവയൊന്നും തന്നെ പൊതുപ്രശ്നമാകാൻ യോഗ്യമല്ല എന്ന രീതിയിലുള്ള ആഖ്യാനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ഒരു തലം ദേശരാഷ്ട്രങ്ങളുടെ പരമാധികാര ബോധങ്ങളെ സജീവമാകുന്ന രാഷ്ട്രീയ ആഖ്യാനങ്ങളിൽ സമൃദ്ധമാകുന്നു.

ഇത്തരം കൊള്ളകളാൽ ഏറ്റവുമാദ്യം ബാധിക്കപ്പെടുന്നവർ മാത്രമല്ല യാഥാർത്ഥത്തിൽ ഇരകളാക്കപ്പെടുന്നത് എന്ന കാഴ്ച ശോഷിച്ചിരിക്കുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിൻ്റെ സർവ്വദേശീയവും ആഗോളവുമായ തലങ്ങൾ ദേശരാഷ്ട്രത്തിൻ്റെ വികസന വാദാധിഷ്ഠിതമായ പരമാധികാരബോധങ്ങൾക്കകത്ത് അപ്രസക്തമാക്കപ്പെട്ടിരിക്കുന്നു. സങ്കുചിതവും അത്യന്തം ന്യൂനീകരിക്കപ്പെട്ടതും ആർത്തികളാൽ ആസക്തമായതുമായ ഒരു മണ്ഡലത്തിനകത്ത് നിന്നാണ് പരിസ്ഥിതിയെക്കുറിച്ചും ജീവനെക്കുറിച്ചും ജീവിതങ്ങളെക്കുറിച്ചും ഉപജീവനങ്ങളെക്കുറിച്ചും അതിജീവനങ്ങളെക്കുറിച്ചും കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ നടക്കുന്നത്. അതുകൊണ്ടു തന്നെ പ്രതിസന്ധികളെ തരണം ചെയ്യാൻ ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന പ്രവർത്തനങ്ങൾ രൂപപ്പെടുന്നില്ല.

ആഗോള പാരിസ്ഥിതിക രാഷ്ട്രീയമാണ് കാലാവസ്ഥാ പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള ഉപാധിയെന്നും അതാണ് ഭാവിയെ രൂപപ്പെടുത്തുകയെന്നുമുള്ള ബോധം അപ്രസക്തവാദമായി തുടരുന്നു. ഭരണകൂടങ്ങളും അന്താരാഷ്‌ട്രതലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്ര സംഘങ്ങളും ഈ വിഷയത്തിൽ പുലർത്തുന്ന ഉപേക്ഷാമനോഭാവവും അത്തരം രാഷ്ട്രീയ സ്ഥാപനങ്ങളുടെ പരാജയങ്ങളും ലോകത്തിലെ അധികാര-വിഭവദരിദ്രരായ അനേക ലക്ഷം ജനങ്ങളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്.

ആഗോള പരിസ്ഥിതി രാഷ്ട്രീയം ഒരുവശത്തു പ്രവർത്തനത്തിൻ്റെയും പ്രയുക്തിയുടെയും തലങ്ങൾ ഉള്ളതും മറുവശത്ത് പഠനത്തിൻ്റെയും ഗവേഷണത്തിൻ്റെയും തലങ്ങൾ ഉൾക്കൊള്ളുന്നതുമായ മണ്ഡലമാണ്. ഭരണകൂടങ്ങൾ, നയതന്ത്രവിദഗ്ധർ, ആഗോള പരിസ്ഥിതിയെ ബാധിക്കുന്ന മറ്റു അധികാര വിഭാഗങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്ന വിധവും അവയ്ക്കുമേൽ വിഷയവിദഗ്ധരായ പണ്ഡിതരും പഠിതാക്കളും സാമൂഹികപ്രവർത്തകരും ജാഗ്രതാപൂർണ്ണമായി നടത്തുന്ന ഇടപെടലുകളും പഠനങ്ങളും ഈ രാഷ്ട്രീയത്തിൻ്റെ തലങ്ങളെ സന്തുലിതമാക്കുന്ന ഇരുഭാഗങ്ങളാണ്. പരിസ്ഥിതി സംരക്ഷണവും ജീവൻ്റെ അനുസ്യൂതമായ നിലനിലാപും ലക്ഷ്യമാക്കിയുള്ള പരിശോധനകളും സന്തുലനങ്ങളുമാണ് അതിൻ്റെ ലക്‌ഷ്യം. ദേശരാഷ്ട്രങ്ങളുടെ പരമാധികാര രാഷ്ട്രീയ ആഖ്യാനങ്ങൾക്കകത്ത് ആഗോള പരിസ്ഥിതി രാഷ്ട്രീയം അതിന്റെ ലക്ഷ്യങ്ങൾ കൈവിട്ട ഒരു പൊങ്ങച്ചമായി മാറിയിരിക്കുന്നു.

 

കടപ്പാട് : സുപ്രഭാതം ദിനപത്രം 05.06.2025

No Comments yet!

Your Email address will not be published.