Skip to main content

അടിയന്തരാവസ്ഥയുടെ വര്‍ത്തമാനം

ഇന്ത്യയില്‍ നടപ്പിലാക്കിയ അടിയന്തരാവസ്ഥയ്ക്ക് അമ്പതു വര്‍ഷം തികയുകയാണല്ലോ. ആദ്യത്തെ അടിയന്തരാവസ്ഥ നിലവില്‍ വന്ന സമയത്ത് നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും അതിന്റെ രാഷ്ട്രീയ ഘടനയുമെല്ലാം യാതൊരു വിധ താരതമ്യത്തിനും ഇടയില്ലാത്ത വിധം മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ സ്വാതന്ത്ര്യം സമത്വം സഹോദാര്യം തുടങ്ങിയ മൂല്യവത്തായ പദങ്ങള്‍ ഉണ്ടെങ്കിലും നമ്മുടെയൊക്കെ വ്യക്തിജീവിതത്തില്‍ അനുഭവവേദ്യമായ തരത്തില്‍ ഈ ആശയങ്ങള്‍ പ്രയോഗത്തില്‍ വന്നിരുന്നില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തന്നെ അതിന്റെ തനതു രീതിയായ കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ (ഹിന്ദു വളര്‍ച്ചാ നിരക്ക്; Hindu Growth Rate) ആണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ദാരിദ്ര്യം പട്ടിണി സാമ്പത്തിക അസമത്തം ഒക്കെ കൂടിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യ സമര സമയത്ത് സാധാരണക്കാരായ ആളുകള്‍ കണ്ട സ്വപ്നങ്ങള്‍ ഒക്കെയും സ്വപ്നങ്ങള്‍ മാത്രമായി മാറിയ കാലത്ത് ആളുകള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ എന്തെങ്കിലും ബാക്കി നിന്നത് ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെച്ച ജനാധിപത്യവും പൗരാവകാശങ്ങളും ആയിരുന്നു. എന്നാല്‍, അവശേഷിച്ച പ്രത്യാശയുടെ ആ തുരുത്ത് കൂടി ഇല്ലാതാക്കിക്കൊണ്ടാണ് 1975 ജൂണ്‍ 25ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. CBSE യുടെ പന്ത്രണ്ടാം ക്ലാസ് പുസ്തകം അടിയന്തരാവസ്ഥയെ ”ജനാധിപത്യത്തിനകത്തെ പ്രതിസന്ധികള്‍” എന്നാണ് വിശേഷിപ്പിച്ചത്.

ജനാധിപത്യ നിഷേധങ്ങളുടെ നീണ്ട കാലത്തെ അതിജീവിച്ച് രാജ്യം മുന്നോട്ട് പോയി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നമ്മള്‍ ലോക മുതലാളിത്ത കമ്പോളത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഇറക്കി നിര്‍ത്തി. ഒന്നുകില്‍ പൊരുതുക അല്ലെങ്കില്‍ ചത്ത് മലയ്ക്കുക എന്നതിനപ്പുറം മറ്റൊരു സാധ്യതയും അന്ന് നമ്മുടെ രാജ്യത്തിന് മുന്‍പില്‍ ഉണ്ടായിരുന്നില്ല. നടന്നും വീണും ഇഴഞ്ഞും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. നെഹ്രൂവിയന്‍ സോഷ്യലിസത്തിന്റെ പ്രേതത്തെയും വഹിച്ചുകൊണ്ടുള്ള ആഗോളവല്‍ക്കരണം അവസാനിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഭരണവര്‍ഗ്ഗം കടന്നുവന്നത്. കമ്പോളവല്‍ക്കരണം അതിന്റെ എല്ലാ വന്യതകളോടെയും രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങി. പോസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സമ്പദ് വ്യവസ്ഥകളായ ജ്ഞാന സമ്പദ് വ്യവസ്ഥയും (Knowledge Economy) ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥയും (Digital Economy) ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ ഉപയോഗപ്പെടുത്തി വളര്‍ന്നുവരികയും അടിസ്ഥാനസൗകര്യ വികസനവും പബ്ലിക് യൂട്ടിലിറ്റികളുടെ സ്വകാര്യവല്‍ക്കരണവും ഓഹരി കമ്പോളത്തിന്റെ വളര്‍ച്ചയും സമാന്തരമായി ഉണ്ടായപ്പോള്‍ ഇന്ത്യയില്‍ സാമ്പത്തികമായി എല്ലാം നന്നായി പോകുന്നു എന്നൊരു അന്തരീക്ഷം ഉണ്ടായി വന്നു. നവലിബറല്‍ കമ്പോളത്തില്‍ ഉയര്‍ന്നുവരുന്ന തൊഴിലുകള്‍ക്ക് ആവശ്യമായ നൈപുണികള്‍ നേടാന്‍ കഴിയുന്ന മധ്യവര്‍ഗ്ഗത്തിലെ യുവാക്കള്‍ക്ക് കുറഞ്ഞ കൂലിയുള്ളത് ആണെങ്കിലും തൊഴിലുകള്‍ കിട്ടാന്‍ തുടങ്ങിയത് രാജ്യത്തെ കൂടുതല്‍ തിളക്കമുള്ളത് ആക്കി തീര്‍ത്തു. സാമ്പത്തിക വികസനത്തിന്റെ പുറം മോടികള്‍ക്ക് അകത്ത് പോയി നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുക നഷ്ടത്തിലും നാശത്തിലും ഇഴഞ്ഞു നീങ്ങുന്ന കാര്‍ഷിക മേഖല, കര്‍ഷക ആത്മഹത്യകള്‍, ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വ്യവസായ സ്ഥാപനങ്ങള്‍ ഒക്കെയാണ്. നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ശ്മശാനത്തില്‍ കല്യാണസദ്യ കൂടി വിളമ്പി കൊണ്ടിരുന്നാല്‍ എന്താണോ അവസ്ഥ അതാണ് വര്‍ത്തമാന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്തവും ദാരിദ്ര്യവും കൂടിക്കൂടി വരികയാണ്.

ഈ വര്‍ത്തമാന രാഷ്ട്രീയ സാമ്പത്തിക പരിതസ്ഥിതിയില്‍ ആണ് നമ്മള്‍ അടിയന്തരാവസ്ഥയുടെ അമ്പതാം പിറന്നാള്‍ ഓര്‍ക്കുന്നത്. ഇന്ത്യയുടെ അടിയന്തരാവസ്ഥ പിറന്ന നിമിഷം ഇന്ത്യന്‍ ഭരണഘടനയുടെ പ്രയോഗ രീതിയില്‍ ഉണ്ടായ ഒരു പരാജയം മാത്രമായിരുന്നില്ല സംഭവിച്ചത്. മറിച്ച് ഇന്ത്യന്‍ ഭരണഘടന അതിലെ മനോഹരമായ എഴുത്തുകളില്‍ നിറച്ചുവെച്ച ഭരണഘടനാ മൂല്യബോധത്തിന്റെ ഉച്ചത്തിലും ശക്തമായും ഉള്ള ഒരു ഉറപ്പിച്ചു പറച്ചില്‍ കൂടിയാണ് അന്ന് സംഭവിച്ചത്. രാജ്യത്തിലെ ഏറ്റവും ശക്തനായ വ്യക്തിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി പ്രഖ്യാപിക്കുകയും, ആ തീരുമാനം നടപ്പിലാക്കുന്നതിനായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും ചെയ്ത ഒരു മനോഹര നിമിഷം കൂടിയായിരുന്നു ആ ദിവസം. ജനാധിപത്യത്തിനു വേണ്ടി സ്വാതന്ത്ര്യത്തിനു വേണ്ടി അവകാശങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. ഭരണകൂടം അധികാര ദുര്‍വിനിയോഗം നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടവര്‍ മുന്നോട്ടുവരണമെന്ന ഭരണഘടന മൂല്യം കൂടി സാക്ഷാത്കരിച്ച കാലമാണ് അടിയന്തരാവസ്ഥ.

വര്‍ത്തമാന ഇന്ത്യയിലേക്ക് വരുമ്പോള്‍ സാമ്പത്തികമായി രാജ്യം വളര്‍ച്ചയിലേക്ക് കുതിക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ വലതുപക്ഷമായി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും പങ്കാളികള്‍ ആവുകയാണ്. രാജ്യത്തിന്റെ ഒരു കാല്‍ ലോക മുതലാളിത്തത്തിന്റെ നെറുകയിലും മറ്റേ കാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു ബഹുസ്വര മതേതര രാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നും ബഹുകാതം അകന്നുപോകുകയും തിയോക്രാറ്റിക്ക് രാഷ്ട്രത്തിന്റെ ഏറ്റവും അപകടകരമായ സ്ഥിതിയിലേക്ക് പതിക്കുകയും ചെയ്തിരിക്കുന്നു. ജനാധിപത്യത്തെ സാര്‍ത്ഥകമാക്കുന്ന വിയോജന ശബ്ദങ്ങളെ അംഗീകരിക്കാത്ത ഒരു ലോകത്തിലേക്ക് രാഷ്ട്രം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ്. വൈവിധ്യങ്ങളെ അംഗീകരിക്കാത്ത ഒരു ആള്‍ക്കൂട്ടമായി രാഷ്ട്രത്തെ നമ്മള്‍ പരിവര്‍ത്തനപ്പെടുത്തുകയാണ്. വ്യക്തികളുടെ അവകാശങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ ആഗ്രഹങ്ങള്‍ക്ക് കീഴില്‍ മാത്രം ഇടമുള്ള ഒരു ലോക ക്രമത്തിലേക്ക് നമ്മുടെ രാജ്യവും മാറുകയാണ്. വ്യക്തികള്‍ ആശയതലത്തില്‍ മരിക്കുകയും അവര്‍ രാഷ്ട്രത്തിന്റെ അധികാര വ്യവസ്ഥയുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്ട്രീയമായും സാമൂഹ്യമായും സാമ്പത്തികമായും അദ്വാനിക്കേണ്ട ജീവനുള്ള യന്ത്രങ്ങള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. നവമുതലാളിത്തം കൊണ്ടുവരുന്ന വികസനങ്ങള്‍ അവയില്‍ നിന്നൊക്കെ അകന്നു കഴിയുന്ന ആളുകള്‍ക്ക് ഒരത്ഭുതവും നമ്മളും വികസിക്കുന്നെ എന്ന തോന്നലുമാണ്. എന്നാല്‍ ആകാശം മുട്ടുന്ന കൊട്ടാരങ്ങളില്‍ ഇരുന്നുകൊണ്ട് തെരുവില്‍ താമസിക്കുന്നവരെ നോക്കി മൂക്ക് പൊത്തുന്നവര്‍ക്ക് നമ്മളും ഒരു കാഴ്ചയാണ്. അവര്‍ വികസനത്തിന് അകത്തും നമ്മള്‍ അതിന് പുറത്തുമാണ്. എന്നാല്‍ അധികാര വര്‍ഗ്ഗത്തിന് വേണ്ടി നമ്മള്‍ തെരുവില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ നമ്മള്‍ വെറുതെ വിചാരിക്കും നമ്മളും അവരുടെ വികസന സ്വപ്നത്തിനകത്താണെന്ന്. അവരുടെ തിളങ്ങുന്ന ലോകത്തിനെതിരെ ഒരു ചെറുവിരല്‍ പോലും ഉയര്‍ത്താതിരിക്കാന്‍ അവര്‍ നമുക്ക് മുദ്രാവാക്യങ്ങള്‍ ചൊല്ലിത്തരും. വികസനപ്പാതയുടെ ഏറ്റവും പുറകിലുള്ള വിഭവരഹിത പുറമ്പോക്കുകളില്‍ ജീവിച്ചുകൊണ്ട് നമ്മളാ മുദ്രാവാക്യങ്ങള്‍ ഏറ്റ് ചൊല്ലും. സ്വാതന്ത്ര്യമോ അവകാശമോ സ്വാഭിമാനമോ തൊഴിലോ കൂലിയോ വീടോ ജീവിതമോ എന്തിന് മനുഷ്യരെന്ന അവസ്ഥ പോലും ഇല്ലെങ്കിലും നമുക്കിന്ന് അടിയന്തരാവസ്ഥ ഇല്ലെന്ന് അഭിമാനത്തോടെ പറയാം. കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നത് പോലും നമ്മള്‍ ഉപേക്ഷിച്ചിരിക്കുന്നു. നിരീക്ഷണ സംവിധാനങ്ങളുടെ ലക്ഷ്മണരേഖയ്ക്കുള്ളില്‍ ജീവിക്കുന്ന ”സ്വതന്ത്ര മനുഷ്യര്‍” ആണ് നമ്മളെല്ലാം. രാഷ്ട്രത്തിനകത്തെ എല്ലാ പ്രയോഗങ്ങളും ഒരൊറ്റ തത്ത്വശാസ്ത്രത്തിന്റെ മൂല്യബോധത്തിലേക്ക് ചുരുങ്ങുമ്പോള്‍ വ്യക്തിഗത ജീവിതങ്ങള്‍ എന്നൊന്ന് ഇല്ലാതെയാകുന്നു. നമ്മള്‍ നമ്മുടെ ജീവിതമാണ് നയിക്കുന്നത് എന്ന് കരുതുന്നവര്‍ അറിയുന്നില്ല അധീശ വര്‍ഗ്ഗങ്ങളുടെ സ്വപ്നത്തിനകത്തെ പൊയ്പ്പാവകള്‍ മാത്രമാണ് നമ്മളെന്ന്. ഈ കാലവും കടന്നുപോകും. ഹിറ്റ്‌ലറുടെ ജയിലറയില്‍ ജീവിച്ചു പുറത്തുവന്ന വിക്‌റ്റോര്‍ ഫ്രാങ്കലിന്റെ ജീവിതത്തിലൂടെ അദ്ദേഹം ലോകത്തിനു മുന്‍പില്‍ വെച്ച ജീവിത മൂല്യത്തെ സൂചിപ്പിച്ചുകൊണ്ട് ഞാനീ എഴുത്ത് അവസാനിപ്പിക്കാം.

അദ്ദേഹം പറയുന്നു, ”നമ്മള്‍ ജീവിക്കുന്ന സാഹചര്യം മാറ്റാന്‍ നമുക്ക് കഴിയില്ലെങ്കില്‍ അതിജീവനത്തിനായി നമ്മള്‍ നമ്മളെ തന്നെ പുതുക്കിപ്പണിയണം; നമുക്കുള്ളതെല്ലാം അവര്‍ കവര്‍ന്നാലും അതിജീവിക്കാനുള്ള ശക്തി നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യമോഹത്തില്‍നിന്നും പിറവികൊള്ളുകതന്നെ ചെയ്യും…”

No Comments yet!

Your Email address will not be published.