Skip to main content

പീറ്റര്‍ ബ്രൂഗേലിന്റെ ‘The Corn Harvest’

പതിനാറാം നൂറ്റാണ്ടില്‍ നെതര്‍ലാന്റില്‍ ജനിച്ചുവളര്‍ന്ന് ഒരു ചിത്രകാരന്‍ എന്നനിലയില്‍ തന്റെ കഴിവുകളുടെ ഔന്ന്യത്യത്തില്‍ നില്‍ക്കുമ്പോള്‍ കേവലം നാല്പത്തിനാലാമത്തെ വയസ്സില്‍ (അദ്ദേഹം ജനിച്ച കൃത്യമായ വര്‍ഷത്തിന്റെ കാര്യത്തില്‍ അവ്യക്തതകള്‍ ഉള്ളതിനാല്‍ ഇത് ഒരു അനുമാനം മാത്രമാണ്) നിര്യാതനായ ലോകപ്രശസ്തനായ ചിത്രകാരനാണ് പീറ്റര്‍ ബ്രൂഗേല്‍. അതേ പേരുള്ള അദ്ദേഹത്തിന്റെ മകനും പില്‍ക്കാലത്ത് അറിയപ്പെടുന്ന ഒരു ചിത്രകാരനായിത്തീര്‍ന്നതിനാല്‍ തിരിച്ചറിയുന്നതിനുവേണ്ടി അദ്ദേഹത്തെ Pieter Bruegel the Elder എന്നും വിളിക്കാറുണ്ട്.

ബ്രൂഗേലിന്റെ ആദ്യകാലജീവിതത്തെ സംബന്ധിച്ച് നമുക്ക് കിട്ടിയിട്ടുള്ള ആധികാരികമായ വിവരങ്ങള്‍ കുറവാണ്. അക്കാലത്തു യൂറോപ്പില്‍ നിലനിന്നിരുന്ന രീതി അനുസരിച്ച് ചെറുപ്പത്തില്‍ ചിത്രകാരന്മാരുടെ ഒരു ഗില്‍ഡില്‍ (Guild) അദ്ദേഹം പരിശീലനം നേടിയതായിട്ടും പിന്നീട് അദ്ദേഹം അവിടുത്തെ മാസ്റ്റര്‍ ആയിത്തീര്‍ന്നതുമായിട്ടുള്ള വിവരം ഏറെക്കുറെ വസ്തുതാപരമാണെന്നു പറയാം. ഒരു സ്വതന്ത്ര ചിത്രകാരനായിത്തീര്‍ന്നതിനുശേഷം അദ്ദേഹം ഇറ്റലിയിലും പ്രത്യേകിച്ചും ആല്‍പ്‌സ് പര്‍വ്വതപ്രദേശങ്ങളിലുമെല്ലാം വിപുലമായി യാത്രചെയ്തു. വിശാലമായ പ്രകൃതിദൃശ്യങ്ങളുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിനുള്ള താല്‍പ്പര്യം ആ കാലഘട്ടം മുതല്‍തന്നെ കാണുന്നുണ്ട്. ക്യാന്‍വാസിലും തടികൊണ്ടുള്ള പാനലുകളിലും ഒരുപോലെ വരച്ചിരുന്ന ആളാണ് ബ്രൂഗേല്‍. കൂടാതെ അദ്ദേഹം ഒരു Engraver കൂടിയായിരുന്നു. Engraving എന്നതുകൊണ്ട് അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന, പലകയിലും മറ്റും ചിത്രം കൊത്തിയെടുത്ത് മഷിപുരട്ടി പ്രിന്റുചെയ്യുന്ന ഒരു രീതിയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

പലപ്പോഴും ധനികരും കലാഭിജ്ഞരുമായ ആളുകള്‍ക്കുവേണ്ടി അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചിത്രം വരച്ചുകൊടുക്കുന്ന ജോലിയില്‍ ബ്രൂഗേല്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എങ്കില്‍പ്പോലും, അത്തരം പരിമിതികള്‍ക്കിടയിലും, അദ്ദേഹം വരച്ച ചിത്രങ്ങളുടെ സൗന്ദര്യപരമായ മഹത്വവും ശൈലീപരമായ നൂതനത്വവും വിഷയങ്ങളിലെ വൈവിധ്യവും പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങളാണ്. താരതമ്യേന ചെറുത് എന്നുപറയാവുന്ന ഒരു കാലഘട്ടത്തിനിടയില്‍ ബ്രൂഗേല്‍ വരച്ച ചിത്രങ്ങളില്‍ വിശാലമായ പ്രകൃതിദൃശ്യങ്ങള്‍ അനേകമുണ്ട്. വിവിധ കാലങ്ങള്‍, ഋതുക്കള്‍ അഥവാ seasons, പ്രകൃതിയില്‍ വരുത്തുന്ന നിറഭേദങ്ങള്‍ സൂക്ഷ്മതയോടെ ചിത്രീകരിക്കാനുള്ള സഫലമായ ശ്രമം പല ചിത്രങ്ങളിലും കാണാം. നെതര്‍ലാന്റിലെ കര്‍ഷകരുടെ ജീവിതം അദ്ദേഹത്തിന് പ്രിയപ്പെട്ട മറ്റൊരു വിഷയമായിരുന്നു. വയലുകളും കര്‍ഷകഭവനങ്ങളിലെ സംഭവങ്ങളും വൈകാരികമായ ശക്തിയോടെ ചിത്രീകരിക്കുന്ന നിരവധി പെയിന്റിംഗുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ക്രൈസ്തവവിശ്വാസവും ധാര്‍മ്മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വേറൊന്ന്. നെതര്‍ലാന്റില്‍ പ്രചാരത്തിലുള്ള പഴഞ്ചൊല്ലുകളുടെ സ്വാധീനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പെയിന്റിംഗുകള്‍ വേറൊരു വിഭാഗമായി പറയാം. ഗ്രീക്കുപുരാണവുമായി ബന്ധപ്പെടുത്തി പറയാവുന്ന ‘The fall of Icarus’ പോലെയുള്ള പ്രശസ്തചിത്രങ്ങള്‍ വേറെ.

1565 -ല്‍ ബ്രൂഗേല്‍ വരച്ച, അദ്ദേഹത്തിന്റെ കലയുടെ തനതുസ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ശ്രദ്ധേയമായ ഒരു ചിത്രമാണ് ‘The Corn Harvest’. നെതര്‍ലാന്റിന്റെ വിശാലമായ ഗ്രാമീണ ഭൂപ്രകൃതി കൊയ്ത്തുനടന്നുകൊണ്ടിരിക്കുന്ന ഒരു ചോളവയലിനെ കേന്ദ്രീകരിച്ചുകൊണ്ട് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന കര്‍ഷകര്‍ ജോലിക്കിടയിലുള്ള സമയത്ത് ഒരു മരച്ചുവട്ടിലിരുന്നു ഭക്ഷണം കഴിക്കുന്നതാണ് സന്ദര്‍ഭം. ചിലര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കാണാനുണ്ട്. മില്ലെയെയും (Jean Francois Millet) കോര്‍ബേയെയും (Gustave Courbet) പോലെയുള്ള പില്‍ക്കാല റിയലിസ്റ്റുകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ബ്രൂഗേലിന്റെ ചിത്രങ്ങളില്‍ ഒന്നാണിത്. നെതര്‍ലാന്റിന്റെ പ്രകൃതിയുടെയും കര്‍ഷകരുടെ ജീവിതത്തിന്റെയും സത്തയെ ഉള്‍ക്കൊണ്ട ചിത്രകാരനായി ഡച്ചുകാരന്‍തന്നെയായ പില്‍ക്കാലചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗ് ബ്രൂഗേലിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

പീറ്റര്‍ ബ്രൂഗേല്‍ (Pieter Bruegel the Elder)
ജനനം: 1525
മരണം: 1569

No Comments yet!

Your Email address will not be published.