Skip to main content

ഘട്ടക് സിനിമകൾ; പൊള്ളുന്ന കാവ്യശിൽപ്പങ്ങൾ

2025 ; ഋതിക് ഘട്ടക്കിന്റെ നൂറാം ജന്മവാർഷികമാണ്. സാമൂഹ്യ പരിവർത്തനത്തിൽ കലയ്ക്ക് അതിന്റെതായ പങ്കുണ്ടെന്ന് വിശ്വസിക്കുകയും സിനിമയെ രാഷ്ട്രീയമായ ആയുധമാക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതിഭാധനനായ ചലചിത്രകാരാനായിരുന്നു ഋതിക് ഘട്ടക്. അസാധാരണമായ ചലചിത്ര ശിൽപ്പങ്ങൾകൊണ്ടും തീഷ്ണമായ ചരിത്രബോധകൊണ്ടും ദീപ്തമാക്കപ്പെട്ട സാമൂഹ്യാനുഭവങ്ങളാണ് ഘട്ടക്കിന്റെ ഓരോ ചലചിത്രങ്ങളും. അജാന്ത്രിക്, മേഘ ധാക്ക താര , കോമൾ ഗന്ധാർ ,സുബർണ രേഖ, ജുക്തി തക്കോ ആ ഗപ്പോ നാഗരിക് , റ്റി താഷ് ഏക്തി നാദിർ നാം ,നഗരിക് തുടങ്ങി എട്ടോളം ഫീച്ചർ സിനിമകൾ മാത്രമേ ഘട്ടക്കിന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളു. മേഘധാക്ക താരയൊഴിച്ചുള്ള സിനിമകളൊന്നും തന്നെ പ്രദർശനവിജയം കൈവരിച്ചതുമില്ല. ഘട്ടക്കിന്റെ സിനിമകൾ പൊതുവിൽ ബംഗാൾ വിഭജനത്തിന്റെയും അഭയാർത്ഥി പ്രവാഹത്തിന്റെയും ദുരിതങ്ങളും വേദനകളും കലാപരമായി അടയാളപ്പെടുത്തുന്നവയാണ്. ദാരിദ്യം, തൊഴിലില്ലായ്മ ,പട്ടിണി തുടങ്ങിയ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വർഗരാഷ്ട്രീയത്തിന്റെ അന്തസത്ത ചോർത്തിക്കളയാതെ ഘട്ടക്ക് സിനിമകളിൽ ആവിഷ്കരിക്കപ്പെടുന്നു. ഏതെങ്കിലും രീതിയിൽ പ്രശസ്തി നേടിയെടുക്കാനായിരുന്നില്ല ഘട്ടക് ശ്രമം. പകരം കൊളോണിയൽ ഭരണത്തിനും ഇന്ത്യാ-പാക്കിസ്ഥാൻ വിഭജനത്തിനും ശേഷം അധികാരത്തിൽ വന്ന ഭരണകർത്താക്കളുടേയും സമൂഹത്തിന്റെ തന്നെയും അനീതികളെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ സർഗാത്മകമായി അനാവരണം ചെയ്യാനാണ് ഘട്ടക്ക് ശ്രമിച്ചത്.

രാഷ്ട്രീയ സംഭവവികാസങ്ങളോടുള്ള സൂക്ഷ്മമായ പ്രതികരണങ്ങൾ ഘട്ടക്കിന് ഒരു വ്യവസ്ഥാ വിരുദ്ധൻ എന്ന ഖ്യാതി നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത അവഗണനയാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. നിരന്തര പോരാട്ടങ്ങളുടേതായിരുന്നു ഘട്ടക്കിന്റെ ജീവിതം. അദ്ദേഹത്തിന്റെ മിക്ക സിനിമകളും പുറത്തിറങ്ങിയ കാലത്ത് അവഗണിക്കപ്പെട്ടു. തന്മൂലം സിനിമകൾക്ക് മൂലധനം സമാഹരിക്കുക എന്നത് ഏറെ ക്ലേശകരമായിരുന്നു. തുടർന്നുണ്ടായ അരക്ഷിതാവസ്ഥ ഒരു തരത്തിലുള്ള അനിശ്ചിതത്വത്തിലേക്കും ചില ദൗര്‍ബല്യങ്ങളിലേക്കും അദ്ദേഹത്തെക്കൊണ്ടെത്തിച്ചു.

1976 ൽ അമ്പതാം വയസ്സിൽ അദ്ദേഹം വിട പറയുകയും ചെയ്തു. അക്കാലത്ത് റേയുടേയും മൃണാൾ സെന്നിന്റെയും ചിത്രങ്ങൾ അന്താരാഷ്ട്ര പ്രശസ്തി നേടിയപ്പോൾ ഘട്ടക്കിന്റെ സിനിമകൾ ഏറെയൊന്നും ശ്രദ്ധക്കപ്പെടുകയുണ്ടായില്ല. അങ്ങനെ ജീവിച്ചിരിക്കുമ്പോൾ ഗണനീയമായ ശ്രദ്ധ നേടാതിരുന്ന അദ്ദേഹത്തിന്റെ സിനിമകൾ മരണശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരർത്ഥത്തിൽഅദ്ദേഹം മുൻപേ നടന്ന കലാകാരനായിരുന്നു. മരണാനന്തരം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചലചിത്രകാരന്മാരിൽ ഒരാളായി തന്നെ ഘട്ടക്ക് വിലയിരുത്തപ്പെട്ടു. ഇന്ത്യൻ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെ ഉജ്ജ്വലമായി ആവിഷ്കരിക്കുന്ന സിനിമകളായിരുന്നു ഘട്ടക്കിന്റേത്. ബംഗാളി നാടേടി പാരമ്പര്യത്തിലും തീഷ്ണമായ വൈകാരികതയിലും മിശ്രണം ചെയ്ത അദ്ദേഹത്തിന്റെ ചലചിത്ര ശിൽപ്പങ്ങൾ കാവ്യത്മകമായ അനുഭവങ്ങളായി മാറി. ദൃശ്യപരിസരങ്ങളെ തെരഞ്ഞെടുക്കുന്നതിൽ അന്യാദൃശ്യ മികവായിരുന്നു ഘട്ടക്ക് പുലർത്തിയത്. ഇന്ത്യൻ സിനിമയിലെ വിപ്ലവകരമായ സിനിമകളായി അവ കണക്കാക്കപ്പെടുകയും ചെയ്തു. ഇന്ത്യയിൽ ന്യൂവേവ് സിനിമാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരിൽ ഒരാൾ കൂടിയായിരുന്നു ഘട്ടക് .

മേഘ ധാക്ക താര (1960)

ഘട്ടക്കിന്റെ ഏറ്റവും മികച്ച ചലചിത്രമായി കണക്കാക്കുന്ന ഒന്നാണ് മേഘ ധാക്ക താര. വിഭജനത്തിനുശേഷം വീട് പോറ്റാൻ പാടുപെടുന്ന ഒരു അഭയാർത്ഥി സ്ത്രീയുടെ ഉത്കണ്ഠകളും അവരുടെ ദാരുണമായ ജീവിതാസ്ഥകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.  സഹോദരാ, എനിക്ക് ജീവിക്കണം എന്ന ആത്മബോധത്തിൽ നിന്നുയരുന്ന നിലവിളി അതിജീവന ത്വരയേയാണ് ഘട്ടക്ക് അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഒന്നായി അത് നിലകൊള്ളുന്നു.

കോമൾ ഗാന്ധാർ (1961)

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനങ്ങൾ തമ്മിലുള്ള ഭിന്നതയെ പ്രതിപാദിക്കുന്നതും ഒരു പരിധിവരെ ആത്മകഥാംശം ഉൾക്കൊള്ളുന്നതുമായ ചലചിത്രമാണിത്. ഒരു നാടക സംഘത്തിന്റെ സന്ദർഭങ്ങളിലൂടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ ഉത്ഘനനം ചെയ്യുന്നു ഈ ചലചിത്രം.

സുബർണ രേഖ (1965)

1947-ലെ വിഭജനത്തിനുശേഷം ഈശ്വർ ചക്രവർത്തിയും ഇളയ സഹോദരി സീതയും കിഴക്കൻ പാകിസ്ഥാനിൽ നിന്ന് പശ്ചിമബംഗാളിലേക്ക് താമസം മാറുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്ന ഇരുണ്ട യാഥാർത്ഥ്യങ്ങളെ അസാധാരണമാം വിധം അഭിവ്യഞ്ജിപ്പിക്കുന്ന സിനിമയാണ് സുബർണ രേഖ.

റ്റിതാഷ് എക്തി നാദിർ നാം (1973)

റ്റിതാഷ് നദിക്കരയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും അവർ മാഞ്ഞുപോകുന്നതിന്റെയും കരുണാർഹമായ ദൃശ്യഖ്യാനമാണ് ഈ ചലചിത്രം.

നാഗരിക് (1977)

ജോലി അന്വേഷിക്കുന്ന ഒരു ബിരുദധാരിയുടെ കണ്ണിലൂടെ കൊളോണിയൽ അനന്തര ഇന്ത്യയെക്കുറിച്ചുള്ള ആഖ്യാനമാണ് നാഗരിക് .1952 ൽ ഇത് പൂർത്തിയായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഘട്ടക്കിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം 1977 ൽ മാത്രമാണ് ഈ ചിത്രം പുറത്തിറങ്ങിയത്. റേയുടെ പഥേർ പാഞ്ചാലിക്ക് മുമ്പുള്ളതാണ് ഈ സിനിമയെന്നാണ് പറയപ്പെടുന്നത്.

അജാന്ത്രിക്

ഈ ചലചിത്രം  ഒരു മനുഷ്യന്റെയും അയാളുടെ ടാക്സിയുടെയും കഥ പറയുന്നതാണ്. അതിൽ ടാക്സിക്ക് ജീവൻ പകരാൻ സംഗീതവും സൗണ്ട് ഇഫക്റ്റുകളും അതീവ നൈപുണ്യത്തോടെയാണ് ഘട്ടക് ഉപയോഗിക്കുന്നത്.

ജുക്തി തക്കോ ആ ഗപ്പോ

അവസാന ചിത്രമായ ജുക്തി തക്കോ ആ ഗപ്പോയിൽ മദ്യപാനിയും നിരാശനുമായ ഒരു ബുദ്ധിജീവിയുടെ പ്രധാന കഥാപാത്രത്തെ ഘട്ടക്ക് തന്നെ അവതരിപ്പിക്കുന്നു. അതിൽ ബംഗാളിലെ ആദ്യ നക്സലൈറ്റ് സംഘത്തെ അദ്ദേഹം കണ്ടുമുട്ടുന്നതും മറ്റും ആവിഷ്കരിക്കുന്നുണ്ട്. എന്നിരുന്നാലും അത് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഘട്ടക് തന്നെ പറയുകയുണ്ടായി. 1971 മുതൽ 1972 വരെയുള്ള പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ പശ്ചാത്തലം ഘട്ടക് കണ്ടതുപോലെ തന്നെ ഇതിൽ ചിത്രീകരിക്കുകയായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ കാഴ്ചപ്പാടിൽ നിന്നല്ല ഞാൻ അതിനെ കണ്ടതെന്നും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും എനിക്ക് പ്രീതിപ്പെടുത്തേണ്ടതില്ലെന്നും അതിനെ സംബന്ധിച്ച് ഘട്ടക്ക് അഭിപ്രായപ്പെടുകയുണ്ടായി.

വിഭജനത്തിന്റെ മായാത്ത മുദ്രകൾ അടയാളപ്പെടുത്തുന്ന ഘട്ടക്കും വിഭജനത്തിന്റെ ഇരയായിരുന്നു. ഘട്ടക്കിന്റെ സിനിമകൾ ആൾക്കൂട്ടങ്ങളോടല്ല മറിച്ച് ദുരന്തങ്ങളേറ്റു വാങ്ങുന്ന ജനതകളോടാണ് സംവദിച്ചത്. ഘട്ടക്കിന്റെ മിക്ക സിനിമകളും ആത്മകഥാംശം ചേർന്നവയാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഘട്ടക്കിന്റെ സിനിമകൾ റേയുടെ സിനിമകളെപ്പോലെ തികഞ്ഞ അച്ചടക്കം പാലിക്കുന്നതോ, സങ്കേതിക മികവ് പുലർത്തുന്നതോ ആയിരുന്നില്ല. സർഗത്മകതയുടെ തീപ്പൊരിയാൽ ജ്വലനാത്മകമായിരുന്നെങ്കിലും മൂലധനത്തിന്റെ അപരാര്യാപ്തത കൊണ്ടും നൈരാശ്യത്താൽ ഉണ്ടായ ദൗർബല്യങ്ങൾ കൊണ്ടും ചില സിനിമകളെങ്കിലും അമേച്വർ ആയി അനുഭവപ്പെടുകയുണ്ടായി. എങ്കിലും ഘട്ടക്കിന്റെ ഓരോ ഫ്രെയിമുകളും നമ്മെ അസ്വസ്ഥരാക്കുകയോ ,ശ്വാസം മുട്ടിക്കുകയോ ചെയ്യും. മാത്രമല്ല ആ സിനിമകൾ നമ്മുടെ ഫോക്ക് ലോർ സാംസ്കാരിക ഭൂതകാലവുമായി ആഴത്തിൽ സംവദിക്കുന്നതുമായിരുന്നു.

നടൻ, എഴുത്തുകാരൻ, നാടകകൃത്ത്, സംവിധായകൻ ,തിരക്കഥാകൃത്ത് എന്നിങ്ങനെ നിരവധി മേഖലകളിൽ ഘട്ടക് വ്യാപരിക്കുകയുണ്ടായി. മൈ കമിംഗ് ഇൻടു ഫിലിംസ് എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതി: “വിനോദത്തിലോ, മുദ്രാവാക്യം വിളിക്കുന്നതിലോ ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച്, പ്രപഞ്ചത്തെക്കുറിച്ചും ലോകസാഹചര്യത്തെക്കുറിച്ചും എന്റെ രാജ്യത്തെക്കുറിച്ചും ഒടുവിൽഎന്റെ സ്വന്തം ജനതയെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്”.
സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഘട്ടക് തന്റെ മിക്ക സിനിമകളും ആവിഷ്കരിച്ചിരിക്കുന്നത്. ജനങ്ങളുടെ ദുഃഖങ്ങളോടും കഷ്ടപ്പാടുകളോടുമുള്ള തന്റെ രോഷം പ്രകടിപ്പിക്കാനുള്ള ഒരു വഴിയാണ് തനിക്ക് സിനിമ എന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. ഘട്ടക്കിന്റെ ആഖ്യാന ശൈലി തന്നെ റേയുടേതിന് നേർ വിപരീതവുമായിരുന്നു. പ്രേക്ഷകരെ അസ്വസ്ഥരാക്കും വിധം അത് വികാരതീവ്രമായിരുന്നു. ബ്രെഹ്ത്തും ഐസൻസ്റ്റീനുമാണ് കലാസപര്യയിൽ ഘട്ടക്കിന് പ്രചോദനമായിരുന്നത്. മണി കൗൾ, ഗുരുദത്ത്, സയിദ് മിർസാ, കുമാർ സാഹിനി, ജോൺ അബ്രഹാം എന്നിവർ ഘട്ടക്കിന്റെ പ്രിയ ശിക്ഷ്യന്മാരായിരുന്നു.
മനസ്സുകൊണ്ട് കമ്മ്യൂണിസ്റ്റായ അദ്ദേഹം 1951-ൽ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നു. അറുപതുകളിൽ അതെല്ലാം അദ്ദേഹം വേണ്ടെന്ന് വെച്ചു. രാജ്യത്തെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ കുറച്ചുകാലം ഘട്ടക് അധ്യാപകനുമായിരുന്നു. തന്റെ സിനിമാ വീക്ഷണത്തെക്കുറിച്ച് ഘട്ടക് ഇങ്ങനെ പറയുകയുണ്ടായി. ” ഏതൊരാൾക്കും സ്വന്തമായി ഒരു ദർശനമില്ലെങ്കിൽ അയാൾക്ക് ഒരിക്കലും ഒരു സൃഷ്ടി സാധ്യമല്ല.”.

 

******

 

No Comments yet!

Your Email address will not be published.