
പുതുഭാവുകത്വത്തോടെ മലയാള സിനിമയിലേക്ക് കടന്നു വരുന്ന സിനിമകളെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഡോ ഉമർ തറമേൽ രചിച്ച ഒളിനോട്ടക്കാരൻ്റെ ചിത്രജാലകം. സിനിമകളുടെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കത്തെ വിശകലനം ചെയ്യുവാനാണ് ഇതിലെ പഠനങ്ങൾ ശ്രമിക്കുന്നത്. ഉമർ തറമേലിൻ്റെ കാഴ്ചയുടെ ഹെയർപിൻ വളവുകൾ [2016] എന്ന പുസ്തകത്തിൻ്റെ പഠന രീതികളുടെ തുടർച്ചകളും ഇതിൽ കാണാൻ സാധിക്കും.
അധികാരബലതന്ത്രങ്ങൾ പൗരമാരുടെ മേൽ കൊലക്കയറാകുന്ന വർത്തമാനകാലത്ത് ഡിസ്റ്റോപിയാ സിനിമകൾക്ക് പ്രസക്തിയുണ്ട്. ഡിസ്റ്റോ പിയൻ യാഥാർത്ഥ്യങ്ങളെ ഏറ്റവും ശക്തമായി പകർത്തി കാട്ടിയ സിനിമകളാണ് ലാറ്റിനമേരിക്കൻ, തുർക്കി എന്നിവ. ഗ്ലോബർ റോഷ യുടെ ഏയ്ജ് ഓഫ് എർത്ത്, യിൽമാസ് ഗുനേ യുടെ യോൾ എന്നിവ ചില ഉദാഹരണങ്ങളാണ്. ഫൈനൽ സൊല്യൂഷൻ എന്ന ചലച്ചിത്രത്തിലൂടെ വംശഹത്യയുടെ ഭരണകൂട മന:ശാസ്ത്രം തുറന്നുകാട്ടുവാൻ രാകേഷ് ശർമയെപ്പോലുള്ള സംവിധായകർക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ രാകേഷ് ശർമ, ആനന്ദ് പട് വർദ്ധൻ എന്നിവരുടെ സിനിമകളൊക്കെ നിരന്തരം ഭരണകൂട വേട്ടകൾക്കിരയായിട്ടുണ്ട്. ഉമർ തറമേലിൻ്റെ ഡിസ്റ്റോപിയാ സിനിമായെന്ന ഈ ലേഖനം ഒരു കാര്യം കൂടി പറഞ്ഞ് അവസാനിക്കുന്നു. ഇന്നിപ്പോൾ ഭരണകൂടം സ്പോൺസർ ചെയ്ത് വരുന്ന ദി കേരള സ്റ്റോറി, കാശ്മീരി ഫയൽസ് പോലെയുള്ള സിനിമകൾ വിഭജനത്തിൻ്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ വച്ചു കൊണ്ട് വെറുപ്പിൻ്റെ തത്ത്വശാസ്ത്രം ഉല്ലാദിപ്പിക്കുന്നവയാണെന്നും മനസ്സിലാക്കാം.

ജോൺ എബ്രഹാമിൻ്റെ സിനിമാ സമരങ്ങൾ എന്ന ലേഖനം പ്രധാനമായും അമ്മ അറിയാൻ എന്ന സിനിമയുടെ ചരിത്ര പ്രസക്തിയെയാണ് വിശദീകരിക്കുന്നത്. ലാറ്റിൻ അമേരിക്കൻ സംവിധായകർ ഉന്നയിക്കുന്ന വിശപ്പും വയലൻസും തമ്മിലുള്ള ഗതാനുഗതിക ബന്ധത്തിലാണ് ജോണിൻ്റെ സിനിമയും നില്ക്കുന്നത്. പിതൃകേന്ദ്രിത സമൂഹം തമസ്കരിച്ച അമ്മ എന്ന സങ്കല്പത്തെ, ഗോത്രവീര്യത്തിൻ്റെ പ്രഭവകേന്ദ്രത്തെ ഈ സിനിമയിലൂടെ പ്രതിഷ്ഠിക്കാൻ ജോണിനു സാധിച്ചു. അമ്മ അറിയാൻ ഒരു റോഡ് മൂവി വിചാരത്തിനു വിധേയമാക്കിയാൽ ആ ഗണത്തിൽ പെടുത്താവുന്ന ശക്തമായ ഒരു ചലച്ചിത്രമായി ഇതിനെ കരുതാവുന്നതാണെന്ന് ഉമർ തറമേൽ അഭിപ്രായപ്പെടുന്നു. മലയാളത്തിലെ അക്കാലത്തെ സമാന്തരസിനിമയുടെ വ്യാകരണത്തെ കുറേക്കൂടെ വിമർശനാത്മകമായി അവതരിപ്പിക്കുവാനാണ് അമ്മ അറിയാൻ എന്ന സിനിമയിലൂടെ ജോൺ ശ്രമിച്ചതെന്നു പറയാം.

കാലാപാനി: ചരിത്രത്തെ ഒടിച്ചു മടക്കുന്ന സിനിമ എന്ന ലേഖനത്തിൽ മലബാർ കലാപത്തിൻ്റെ / സമരത്തിൻ്റെ ശതാബ്ദ വർഷത്തിൽ, നവചരിത്രവായനയുടെ പശ്ചാത്തലത്തിൽ കാലാപാനി സിനിമയെ പുനർവായിക്കുവാനാണ് ലേഖകൻ ശ്രമിക്കുന്നത്.ഇക്കാലത്ത് കാലാപാനി കാണുമ്പോൾ, 70,80-കളിൽ, നമ്മുടെ സമാന്തരസിനിമ താലോലിച്ച ഒരു സവർണ – വ്യക്തി ചരിത്രബോധത്തെ ഓർമ്മിക്കേണ്ടി വരുന്നു. ഒപ്പം, ദേശീയതയുടെ നിഗൂഢമായ മേൽപ്പാളി കൊണ്ട് ചരിത്രത്തെ എങ്ങനെ പുതപ്പിക്കുന്നു എന്ന കാര്യവും .മലബാർ കലാപവുമായി നിലക്കൊള്ളുന്ന ശക്തമായ ചരിത്രദത്തങ്ങളെ പുനഃമൂല്യനിർണ്ണയത്തിന് വിധേയമാക്കാതെ ചരിത്രത്തിന്റെ പല അടരുകളെയും ‘ഒഴിവാക്കൽ രാഷ്ട്രീയ’ത്തിൻ്റെ (Exclusion of politics)വരുതിയിലേക്ക് കെട്ടിയിറക്കുകയാണ്, കാലാപാനിയും. സ്വാതന്ത്ര്യസമരഗാഥകളുടെ കൂട്ടത്തിൽ വിവേചനപരവും ഭാവനാത്മകവുമായ ഒരു (fictitious) സ്വഭാവമാണ് ഈ സിനിമക്കുമുള്ളതെന്നും ലേഖകൻ അഭിപ്രായപ്പെടുന്നു.

സൂഫിസവും സിനിമയും എന്ന ലേഖനത്തിൽ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന സിനിമയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. സൂഫി പ്രമേയമുള്ള സിനിമകളിൽ രണ്ടു സമുദായത്തിലെ, ജാതിയിലെ ആളുകൾ പ്രണയിക്കുന്നത് സാധാരണ കാണുന്നുണ്ട്. ഇവിടെ കാമുകി എപ്പോഴും സവർണ്ണ സ്ത്രിയാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ പ്രണയകലയിലെ സാമൂഹ്യ കർതൃത്വം എപ്പോഴും സ്വീകരിക്കപ്പെടുന്നത് ഏതു ശ്രേണിയിൽ നിന്നാണെന്ന അടിസ്ഥാന ചോദ്യമാണ് ലേഖകൾ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാറിവരുന്ന രാഷ്ടീയ സംഹിതകളും മതേതരസങ്കൽപ്പങ്ങളും മനുഷ്യ സ്വാതന്ത്ര്യം എന്ന സംപ്രത്യയത്തെ സങ്കൽപ്പനപരമായി ചുരുക്കിക്കെട്ടിക്കൊണ്ടിരിക്കു

ബഷീറും എഴുത്തുകാരനും; സിനിമയിലെ റീ – മേക്കുകൾ എന്ന ലേഖനം ഭാർഗവിനിലയം, നീലവെളിച്ചം എന്നീ സിനിമകളെ മുൻനിർത്തിയുള്ള വിശകലനമാണ്. നീലവെളിച്ചം സിനിമയിൽ നീല നിറം രൂപകമായും ക്രൈം ശക്തമായും ഉപയോഗിച്ചതായി ലേഖനം നിരീക്ഷിക്കുന്നുണ്ട്. സിനിമയിലെ ഫ്രീക്കന്മാർ : ലൈവിൽ ഷൈൻ ടോം ചാക്കോ സമേതം എന്ന ലേഖനം ലൈവ് എന്ന സിനിമയെ മുൻനിറുത്തി മാധ്യമ ലോകത്തെ ഫേക് വാർത്തകളെയും മാധ്യമീകരണപ്രക്രിയയേയുമാണ് വിശദീകരിക്കുന്നത്.
മുസ്ലീം പുരുഷാധിപത്യം, മൊഴി ചൊല്ലൽ, വിദ്യാഭ്യാസമില്ലായ്മ, കലാപത്തിനിരയായവർ എന്നിങ്ങനെ സ്ഥിരം ഫോർമുലകളും പിന്തുടരുന്ന ബിരിയാണി എന്ന സിനിമയുടെ വ്യത്യസ്തതകളെയാണ് ബിരിയാണിയിലെ അരുചികരമായ ഫ്ലയ് വറുകൾ എന്ന ലേഖനം പരിശോധിക്കുന്നത്.

കമ്മ്യൂണിസ്റ്റ് അനുഭാവിയും മാനവികതാവാദിയുമായ ഓപ്പൺ ഹൈമറുടെ ജീവിതവും അണുബോബ് ലോകത്ത് വിനാശം വരുത്തിയതിൻ്റെ പരിണതഫലങ്ങളുമാണ് ഓപ്പൺ ഹൈമർ സിനിമയിൽ ആവിഷ്കരിച്ചത്. അമേരിക്കയും ഓപ്പൺ ഹൈമറും മാനവ കുലത്തെ ശാസ്ത്രത്തിൻ്റെ പേരിൽ ഒറ്റിക്കൊടുത്തുമെന്ന് പറയാൻ വിസമ്മതിക്കുന്നതാണ് ഈ സിനിമയുടെ പരിചരണ രീതിയെന്ന് ലേഖകൻ ചൂണ്ടികാണിക്കുന്നു. വിശ്വാസപൂർവ്വം മൻസൂർ ഒരു സമാന്തര സിനിമയല്ല എന്ന ലേഖനം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂർവ്വം മൻസൂർ എന്ന സിനിമ ചർച്ച ചെയ്യുന്നത് ഇന്ത്യയിലെ പൗരത്വ നിർമ്മിതികളെക്കുറിച്ചാണ്. ഉന്മാദ ദേശീയത ഉയർത്തിക്കൊണ്ടുവരുന്ന സമകാലിക അധീശത്വ രാഷ്ടീയത്തിൽ ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളുമെല്ലാം ഓരങ്ങളിലേക്ക് തള്ളി മാറ്റപ്പെടുന്ന സാഹചര്യത്തിൽ ഈ സിനിമയ്ക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഈ ലേഖനം ഓർമ്മിപ്പിക്കുന്നു. കലാസൃഷ്ടികൾ, ചരിത്രത്തിൽ ഇടപ്പെട്ട രീതി കാലം മാറുമ്പോൾ പരിഗണനാവിധേയമായി മാറാറുണ്ട്. ആയർത്ഥത്തിൽ പി. ടി യുടെ സിനിമകൾ വരുംകാലങ്ങളിൽ, ചരിത്രത്തിന്റെയും ഉപസാമൂഹിക ചരിത്രത്തിന്റെയും പ്രതീകാത്മകമായ മാറ്റുരയായി മാറാവുന്നതാണെന്നും ലേഖകൻ നിരീക്ഷിക്കുന്നു.

അലിഗഡ് (2015) എന്ന സിനിമ അലിഗഡ് സർവകലാശാലയിൽ ഒരധ്യാപകനെതിരെ ഉണ്ടായ സ്വവർഗരതിയാരോപണവും അയാൾക്കെതിരെയുള്ള സർവകലാശാലയുടെ നടപടിയും തുടർന്നുള്ള കലാശാലയിലെ പ്രക്ഷോഭങ്ങളുമൊക്കെ കൈകാര്യം ചെയ്യുന്നു. മുമ്പ് ലേഖകൻ അലിഗഡ് സർവകലാശാലയിലെ അദ്ധ്യാപകനായിരുന്നു. സ്വവർഗരതിയാരോപണം നേരിടുന്ന അദ്ധ്യാപകനെ പരിചയമുള്ളയാളുമാണ്. അതിനാൽ ആത്മകഥയും സിനിമയും കൂടിക്കുഴയുന്നു എന്ന ലേഖനം ഈ അനുഭവ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. മലൈകോട്ടൈ വാലിബൻ: പുറത്തു നിന്നല്ല, ഉള്ളിൽ കയറി വെടിയുതിർക്കണം എന്ന ലേഖനം ലിജോ ജോസിൻ്റെ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയെക്കുറിച്ചുള്ളതാണ്. രണ്ടാം പകുതി വല്ലാതെ ഉഴറിപ്പോയിട്ടുണ്ടെന്നും സിനിമയിലെ ‘തീയേറ്റർ” സിനിമയെ തോല്പിച്ചെന്നും ലേഖകൻ അഭിപ്രായപ്പെടുന്നു.

ചുരുക്കത്തിൽ ഡോ. ഉമർ തറമേൽ രചിച്ച ഒളിനോട്ടക്കാരൻ്റെ ചിത്രജാലകം എന്ന പുസ്തകം സിനിമയെ സൗന്ദര്യ ആസ്വാദനത്തിൻ്റെ കാഴ്ചപ്പാടിലും സാംസ്കാരിക വിശകലനത്തിൻ്റെ രീതിശാസ്ത്രത്തിലും സമീപിക്കുന്നു. ഒറ്റയൊറ്റ സിനിമകളുടെ പഠനത്തിലൂടെ സിനിമാലോകത്തിൻ്റെ വിശാലമായ വ്യവഹാരങ്ങളിലേക്ക് ഈ പുസ്തകം കടന്നുചെല്ലുന്നു.
ഒളിനോട്ടക്കാരന്റെ ചിത്രജാലകം
രചന : ഡോ. ഉമര്‍ തറമേല്‍
പ്രസാധനം : ലോഗോസ് ബുക്‌സ്, പാലക്കാട്
വില : 190 രൂപ







No Comments yet!