Skip to main content

റേഡിയോ നാടകങ്ങളുടെ സൗന്ദര്യശാസ്ത്രം

കാണികൾക്ക് മുന്നിൽ അരങ്ങേറുന്ന നാടകത്തിൻറെ ശബ്ദ രൂപമാണ് റേഡിയോ നാടകം എന്നൊരു ധാരണ പൊതുവേ നിലനിന്നു പോന്നിരുന്നു. കാഴ്ചയുടെ അനുഭവം ശബ്ദത്തിലേക്ക് പരാവർത്തനം ചെയ്യുന്നതാണ് ശ്രാവ്യ നാടകം എന്നും കരുതി പ്പോന്നിരുന്നു. എന്നാൽ നേരെമറിച്ച് ആണ് റേഡിയോ നാടകത്തിൽ സംഭവിക്കുന്നത് . കേഴ്വിയിലൂടെ മനസ്സിലേക്കും മന:കണ്ണിലൂടെ കാഴ്ചയിലേക്കുമാണ് റേഡിയോ നാടകം ശ്രോതാവിനെ നയിക്കുന്നത്. മനസ്സിൻറെ അരങ്ങിലാണ് നാടകം നടക്കുന്നത്. അത് സ്റ്റേജ് നാടകത്തിൻ്റെ ശബ്ദരൂപം അല്ല. അവിടെ മുൻകർട്ടനും പിൻ കർട്ടനും സൈഡ് കർട്ടനുകളും പ്രോപ്പർട്ടികളും ഇല്ല. പശ്ചാത്തല ശബ്ദ , സംഗീത വിന്യാസത്തിലൂടെയും രംഗമാറ്റസൂചകമായ സംഗീതശകലങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ആണ് നാടകം അവതരിപ്പിക്കപ്പെടുന്നത്.

Theatre department finds ways to continue production in producing Lugo's first ever radio drama – Quest News

100% വും ശബ്ദത്തിലൂടെ മാത്രം. അത് കാതിന്റെ അഥവാ കേഴ്വിയുടെ അരങ്ങാണ്. മനസ്സ് കഥാപാത്രങ്ങളെ ഭാവനക്കൊത്ത് വേഷമണിയിക്കുന്നു; സ്ഥല കാലങ്ങളെ നിർണയിക്കുന്നു; സംഭാഷണത്തിന്റെയും സംഗീതത്തിന്റെയും വ്യത്യസ്ത ഭാവ തലങ്ങളും നവരസങ്ങളും അനുഭവപ്പെടുത്തുന്നു. ആസ്വാദകരുടെ സങ്കൽപ്പനങ്ങളുടെ പങ്കാളിത്തം കൂടി വഹിക്കുന്ന കലാരൂപമാണ് ശ്രാവ്യ നാടകം. ഇരുപതാം നൂറ്റാണ്ടിൽ റേഡിയോ പ്രക്ഷേപണം ലോകത്തിന് നൽകിയ കലാരൂപമാണ് റേഡിയോ നാടകം. റേഡിയോ നാടകങ്ങളുടെ ഉല്പത്തിയെക്കുറിച്ചും വികാസ പരിണാമങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം മലയാളത്തിൽ ഇന്നേവരെ ഉണ്ടായിരുന്നില്ല. ആ കുറവ് നികത്തുന്നതാണ് റേഡിയോ നാടകങ്ങളുടെ സൗന്ദര്യശാസ്ത്രം എന്ന ഗവേഷണ കൃതി. മാധ്യമ വിദ്യാർത്ഥികൾ വായിച്ചിരിക്കേണ്ട പുസ്തകം എന്ന ടാഗ് ലൈനോടെയാണ് ഡോ: ടി.ടി. പ്രഭാകരൻ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം വായനക്കാർക്ക് സമർപ്പിച്ചിരിക്കുന്നത് . ആറ് അധ്യായങ്ങളിലായി 344 പേജുകൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. റേഡിയോ നാടകത്തിൻറെ സ്വരൂപ സവിശേഷതകൾ വിശ്ലേഷണം ചെയ്ത് രചനാപാഠത്തിന്റെയും ശ്രാവ്യ പാഠത്തിന്റെയും വിലയിരുത്തൽ നടത്തുകയാണ് ഗവേഷകൻ എന്ന് ഗവേഷണത്തിന് മാർഗദർശിയായ ഡോക്ടർ പി വി രാമൻകുട്ടി അഭിപ്രായപ്പെടുന്നു .പുതിയ മേഖല ,പുതിയ വിഷയം, നവീനമായ സമീപനം, നൂതനമായ വെല്ലുവിളി. വാനൊലിയുടെ ആധുനിക സാധ്യതകളിൽ ഉണർന്നുയർന്ന ശബ്ദാർത്ഥങ്ങളുടെ നാടകകല. ശബ്ദത്തിൽ നിന്ന് അർഥത്തിന്റെ മാനങ്ങളിലേക്ക് പറന്നുയരാൻ കഴിയുന്ന റേഡിയോ നാട്യ കലയുടെ രസതന്ത്രം ഗവേഷണത്തിന്റെ ഭാഗമാണ്(വാനൊലിയുടെ അഴകറിവ് : പി വി രാമൻകുട്ടി ) റേഡിയോ നാടകത്തിന് സംസ്കൃതത്തിൻ്റെ രീതിയനുസരിച്ച് ശ്രാവ്യരൂപകം എന്ന അഭിധാനമാണ് ഗ്രന്ഥകാരൻ നല്കിയിരിക്കുന്നത്. റേഡിയോ നാടകങ്ങളുടെ ലക്ഷണ ശാസ്ത്രം മാത്രമല്ല ഈ കൃതി.

ആ കലയുടെ ചരിത്രവും വിശിഷ്യാ മലയാളത്തിൽ അവതരിപ്പിക്കപ്പെട്ട ലക്ഷണമൊത്ത റേഡിയോ നാടകങ്ങളും അവയുടെ പ്രക്ഷേപണരീതിയും പ്രതിപാദിച്ചിരിക്കുന്നു. ഒരു ഗവേഷണ ഗ്രന്ഥത്തിൻറെ പ്രബന്ധ ശൈലിയിൽ അല്ല റേഡിയോയ്ക്ക് ചേർന്ന സരളമായ ശൈലിയിലാണ് പ്രക്ഷേപണ രംഗത്ത് ദീർഘകാലം പ്രവർത്തിച്ചിരുന്ന ശ്രീ പ്രഭാകരൻ ഇതിൻറെ രചന നിർവഹിച്ചിരിക്കുന്നത്. അതിനാൽ വായനക്കാർക്ക് ഏറെ രസാവഹം.

ലോകപ്രക്ഷേപണ രംഗത്തെ റേഡിയോ നാടക പഠിതാക്കളുടെ നിരീക്ഷണങ്ങളുടെ പഠനങ്ങളെ മാത്രമല്ല സ്വാനുഭവത്തിന്റെയും വെളിച്ചത്തിലാണ് ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തുന്നതെന്ന കെ.എം നരേന്ദ്രൻ്റെ (അവതാരിക)സൂക്ഷ്മാവലോകനം സത്യസന്ധമെന്നേ പറയാനാവൂ. ഈ പുസ്തകം റഫറൻസ് പുസ്തകമായി മാധ്യമ വിദ്യാർത്ഥികൾ ഉപയോഗിക്കേണ്ടതുതന്നെ. എന്നാൽ അപ്രകാരം മാത്രം ഉപയോഗിക്കുന്നത് ഈ പുസ്തകത്തിൻ്റെ യാഥാർത്ഥ മൂല്യം തിരിച്ചറിയാതെ പോവലാണ് എന്ന അവതാരികാരന്റെ പ്രസ്താവത്തെപുസ്തകം പൂർണമായി വായിച്ച് കഴിഞ്ഞ ഒരാൾ എന്ന നിലയിൽ ശരിവെക്കുന്നു. നമ്മുടെ സാഹിത്യ, കലാചരിത്രത്തിൽ ഉൾപ്പെടാതെ പോയ ഒരു ശാഖയുടെ വീണ്ടെടുക്കൽ ആണ് ‘റേഡിയോ നാടകങ്ങളുടെ സൗന്ദര്യ ശാസ്ത്രം’. ശാസ്ത്രം എന്ന വാക്കിനൊപ്പം പ്രക്ഷേപണ നാടകങ്ങളുടെ ചരിത്രം എന്ന വിശേഷണവും ഈ ഗ്രന്ഥത്തിന് ചേരും .സൗമ്യനും ദീർഘകാലം പ്രക്ഷേപണ രംഗത്ത് ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്ത ഡോ : ടി.ടി. പ്രഭാകരൻ്റെ സർഗ്ഗ സംഭാവനയെയും ഗവേഷണ ഫലത്തെയും ഉത്കൃഷ്ടമെന്നു വിലയിരുത്തുമ്പോൾ അതൊരു സുഹൃത്തിൻറെ വാഴ്ത്തുമൊഴിയായി കരുതുമോ എന്ന ഭയമുണ്ടെനിക്ക്. മലയാളത്തിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള 2022ലെ ആലുവ യുസി കോളേജിൻ്റെ സിനുവർഗ്ഗീസ് എൻഡോവ്മെൻ്റ് പുരസ്കാരം നേടിയ ഗവേഷണ പ്രബന്ധത്തിന്റെ പുസ്തകരൂപമാണ് ഈ കൃതി എന്നതും പ്രക്ഷേപണ രംഗത്തെ പ്രഗൽഭരുടെ പ്രശംസകൾ ഇതിനോടകം ഏറ്റുവാങ്ങിയ കൃതി എന്നതും തെളിവുകൾ ആയി നിരത്തി പക്ഷപാതത്തോടെ അല്ല ഈ കൃതിയെ നിരൂപണം ചെയ്തിരിക്കുന്നത് എന്ന് വായനാ സമൂഹത്തിനു മുന്നിൽ ഏറ്റുപറഞ്ഞു കൊള്ളുന്നു.

റേഡിയോ നാടകങ്ങളുടെ സൌന്ദര്യശാസ്ത്രം/ടി. ടി. പ്രഭാകരൻ രചിച്ച പുസ്തകത്തിന് ബി. അശോക് കുമാർ എഴുതിയ അവലോകനം - പ്രതിഭാവം

വിജ്ഞാന, വിനോദ, അന്വേഷണ തൃഷ്ണയുമായി സമീപിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഏറെ ആസ്വാദ്യകരമാകും തീർച്ച. വള്ളത്തോൾ വിദ്യാപീഠം, ശുകപുരം എടപ്പാൾ ആണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 420 രൂപ. വ്യക്തികൾക്കും സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി / മാധ്യമ ലൈബ്രറികൾക്കും ഈ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്താം.


റേഡിയോ നാടകങ്ങളുടെ സൗന്ദര്യശാസ്ത്രം
രചന : ഡോ. ടി.ടി പ്രഭാകരൻ
പ്രസാധനം : വള്ളത്തോൾ വിദ്യാപീഠം, ശുകപുരം-എടപ്പാൾ
വില : 420/-

3 Replies to “റേഡിയോ നാടകങ്ങളുടെ സൗന്ദര്യശാസ്ത്രം”

  1. ഈ പുസ്തകത്തിന് മികച്ച ഒരു പുസ്തക നിരൂപണം എഴുതിയതിന് കവിയും എൻ്റെ സ്റ്റേഷൻ ഡയറക്ടറും ആയിരുന്ന, DDG യായി വിരമിച്ച മുരളി സാറിന് ഒരു ബിഗ് സല്യൂട്ട് നൽകുന്നു. റേഡിയോ നാടകത്തെക്കുറിച്ച് എഴുതാൻ തികച്ചും അർഹനാണ് അദ്ദേഹം. ഘനഗംഭീര ശബ്ദത്തിന് ഉടമ കൂടിയായ അദ്ദേഹം ആകാശവാണിയുടെ വളരെയേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്; അതിലേറെ കോഴിക്കോട് നിലയത്തിനു വേണ്ടി ധാരാളം നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പ്രക്ഷേപണവുമായും റേഡിയോനാടകവുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൃതഹസ്തനായ, മലയാള സാഹിത്യവുമായും നാടകങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരുന്ന അദ്ദേഹത്തിൻ്റെ വാക്കുകളെ ഏറെ വിലമതിക്കുന്നു.

  2. പുസ്തകത്തെക്കുറിച്ചുള്ള വളരെ നല്ല നിരൂപണം. റേഡിയോസ്റ്റേഷനിൽ പ്രോഗ്രാം എക്സിക്യൂട്ടീവായും ഡയറക്ടറായും ഡി.ഡി.ജി യായും വിരമിച്ച ആളാണ് നിരൂപണമെഴുതിയ കെ.എ. മുരളീധരൻ. റേഡിയോ നാടകത്തിലും മറ്റു പരിപാടികളിലും പങ്കെടുത്തിട്ടുള്ള ഘനഗംഭീര ശബ്ദം. റേഡിയോ നാടകത്തെക്കുറിച്ച് എഴുതാനും പറയാനും സർവഥാ യോഗ്യൻ. ഞാൻ എഴുതിയ പുസ്തകമായതിനാൽ അദ്ദേഹത്തിൻ്റെ നല്ല വാക്കുകൾക്ക് ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു.

Leave a Reply to Prabhakaran . T.T. Cancel reply

Your Email address will not be published.