Skip to main content

ഒരു കാമ്പസിലെ മരിച്ചു കിടക്കുന്ന റോഡരികിലെ മഞ്ഞക്കൊടികൾ

കുറെ അധികം എന്ന് പറഞ്ഞാല്‍, കുറെ അധികം വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് കേരളത്തിലെ ഒരു കാമ്പസിലേക്ക് വീണ്ടും തിരിച്ചു കയറുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ പി.ടി.എം. ഗവണ്‍മെന്റ് കോളേജിലേക്കായിരുന്നു അത്. എന്റെ ചെറിയ സഹോദരന്‍ അവിടെ അധ്യാപകനായതുകൊണ്ട് തന്നെ, അവന്റെ ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റിലും കോളേജിലും ഒരു എക്‌സിബിഷന്‍ നടക്കുന്നതുകൊണ്ടും, അവന്‍ എന്നെയും അമ്മയെയും അവിടേക്ക് നിര്‍ബന്ധിച്ച് അത് കാണിക്കാന്‍ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കുറച്ച് നാളുകളായി അവന്റെ കൂടെ ആ കോളേജ് കാമ്പസിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസമായതുകൊണ്ട്, ആ കാമ്പസിനെ പുറത്തുനിന്ന് കാണുവാന്‍ കഴിഞ്ഞിരുന്നു. അമ്മയ്ക്ക് മകന്റെ കോളേജ് കാണാന്‍ വലിയ താല്‍പ്പര്യം ഉണ്ടായിരുന്നു. പണ്ട് അവന്‍ കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ ഒരു കസേരയില്‍ കെട്ടിയിട്ട് സ്വന്തം പണികള്‍ ചെയ്ത അമ്മ, അതേ മകന്റെ കോളേജിലെ കസേര കാണാന്‍ പോകുന്ന ഒരു ആഹ്ലാദം കണ്ണുകളില്‍ ആണെന്നും കാണാനാകുമായിരുന്നു. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍, അച്ഛന്‍ മകനെ കുറിച്ച് പറയുന്ന അഭിമാന വാര്‍ത്തകള്‍ക്കും തള്ളുകളെ കുറിച്ചും ഓര്‍ത്ത് ചിരി വന്നു.

Pookoya Thangal Memorial Government College PG and UG Courses and Fees 2025

എല്ലാ കാമ്പസുകളിലെയും പോലെ, കോളേജിലേക്കൊരു മെയിന്‍ ഗേറ്റില്‍ നിന്ന് ക്ലാസ് റൂമുകളിലേക്ക് ‘മരിച്ചുകിടക്കുന്ന’ ഒരു റോഡ് ഉണ്ടായിരുന്നു. രാവിലത്തെ-വൈകുന്നേരങ്ങളിലെ നടത്തങ്ങളില്‍, പണ്ട് ഒരു സുഹൃത്ത് എഴുതിയത് പോലെ, പണ്ടെങ്ങോ മരിച്ചുപോയ ഒരായിരം മുദ്രാവാക്യങ്ങള്‍ ആ റോഡിലൂടെ സ്ലോ മോഷനില്‍ പോകുന്നതുപോലെ ചിലപ്പോള്‍ ആ കാമ്പസിനെ നോക്കി മിസ്റ്റിക് ആയി ഞാന്‍ ഓര്‍മ്മിക്കാറുണ്ട്. ‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ’യിലെ ഫ്‌ലോറന്റിനോ അരിസയെ പോലെയും ഫെമിന ദാസയെ പോലെ അല്ലാത്ത, പുതിയ കാലത്ത് പുതിയ രീതിയില്‍ കാമുകീ-കാമുകന്മാര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകുന്ന കാമ്പസിന്റെ കാലം കൂടിയായിരിക്കാം ഇന്നത്തേത്. അങ്ങനെ ഒരിക്കല്‍ ചിന്തിച്ച് നടക്കുമ്പോഴാണ്, ഇതേ കാമ്പസിലെ ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ മുന്നിലെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും റോഡരികില്‍ മാര്‍ക്വസിന്റെ ‘കോളറ കാലത്തെ മഞ്ഞക്കൊടി കുത്തി വെച്ചു’, അവരുടെ ലോകത്ത് ഇരുന്ന് സംസാരിക്കുന്നത് കണ്ടത്. അവര്‍ അവരുടെ പ്രണയം സംസാരിക്കുകയായിരുന്നു. അത്രക്ക് ഭംഗിയുള്ള ഒരു ദൃശ്യം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. രണ്ട് കുട്ടികള്‍ ഇന്നത്തേ കാലത്തും വൈകുന്നേരം മറിച്ചുകിടക്കുന്ന ഒരു കാമ്പസ് റോഡില്‍ ഇങ്ങനെ ഇരുന്ന് സംസാരിക്കുകയാണ്. കുറച്ച് നേരം ഇങ്ങനെ നോക്കി നിന്നു.

 

പുതിയ കാലത്തെ കുട്ടികള്‍ കൊച്ചു കുട്ടികളായി മാറുകയാണെന്ന് തോന്നുന്നു. ഒരിക്കല്‍ സിനിമ നടന്‍ സലിം കുമാറിനോട് സംസാരിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു: ഓരോ കാലത്തെയും അഭിനേതാക്കളുടെ ജീനുകളില്‍ വ്യത്യാസമുണ്ട്. ഓരോ കാലത്തെ മനുഷ്യര്‍ക്കും വ്യത്യാസമുണ്ട്; അതുപോലെ തന്നെ, ഓരോ കാലത്തെയും കുട്ടികളിലും വ്യത്യാസമുണ്ട്. അതാണ് ഈ കോളേജില്‍ പോയപ്പോള്‍ കുട്ടികളില്‍ തോന്നിയത്. ഒരു കാലത്ത് അധ്യാപകരേക്കാള്‍ വലുപ്പമുള്ള കുട്ടികള്‍ ഉണ്ടായിരുന്ന കാമ്പസുകളില്‍, ഇന്ന് ചെറിയ കുട്ടികള്‍ മാത്രം. ഡിഗ്രിക്ക് പഠിക്കുന്ന ചെറിയൊരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു മതിലരികത്ത് നിന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ കാറോടിച്ചുകൊണ്ടിരുന്ന സഹോദരനോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു:  ”ചെറിയ കുട്ടികളാണല്ലേ?” അവനും അത് അംഗീകരിച്ചുകൊണ്ട് തലയാട്ടുകയായിരുന്നു.


കുട്ടികളുടെ പ്രെസന്റേഷന്‍ സ്‌കില്‍ ആണ് രസം. എനിക്ക് പുതിയ കുട്ടികള്‍ എങ്ങനെ ഒരു കാര്യം അവതരിപ്പിക്കുന്നു എന്ന് അറിയാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നു. ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു. അവര്‍ പഠിച്ചതുപോലെ തന്നെ എന്നെയും അമ്മയെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പണ്ട് പ്രീഡിഗ്രിക്ക് ഫിസിക്‌സ് ഒരു പുണ്ണാക്കും മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ട്, ക്ലാസിലെ അറ്റന്‍ഡന്‍സിന് ശേഷം പിന്‍ബെഞ്ചിലൂടെ ചാടി സിനിമയ്ക്ക് പോയ എനിക്കൊക്കെ എന്ത് ഫിസിക്‌സ്! ഫിസിക്‌സ് എന്ന വിഷയത്തില്‍ പ്രീഡിഗ്രിയുടെ വാര്‍ഷിക പരീക്ഷയില്‍ നൂറില്‍ നാല് മാര്‍ക്ക് വാങ്ങി തോറ്റ അനുഭവവും, അമ്മയോടുള്ള അനുഭവവും, ഫിസിക്‌സിലെ തിയറികള്‍ വെച്ച് എം. എസ്. സി പഠിക്കുന്ന ഒരു പെണ്‍കുട്ടി ക്ലാസ് എടുക്കുന്നത്-അത്ഭുതലോകത്തിലെ ആലീസിനെപ്പോലെ ഞാന്‍ നോക്കി നിന്നു. ആ പെണ്‍കുട്ടിയോട് അറിയാത്ത ഫിസിക്‌സിലെ ഇംഗ്ലീഷ് ടെര്‍മിനോളജികളെക്കുറിച്ച് ചോദിച്ചു.

”വിവരമില്ലാത്ത ഈ മനുഷ്യന്റെ മുന്നില്‍ പെട്ടല്ലോ”

എന്ന അവസ്ഥയിലായിരുന്നു ആ കുട്ടി. വിവരം ഇല്ലാത്തതുകൊണ്ട് ചോദിച്ചതാണെന്ന് ഞാനും പറഞ്ഞു; കുട്ടി ഗംഭീരമായി പ്രെസന്റ് ചെയ്തു. കുട്ടികള്‍ ഇങ്ങനെ റോബോട്ടുകളെ പോലെ പഠിച്ചതുപറയുന്നത് കേള്‍ക്കാനും കാണാനും രസമാണ്.

ഒരു റൂമില്‍ നിന്ന് മറ്റൊരു റൂമിലേക്ക് പോകുമ്പോള്‍ അനിയന്‍ എന്നോട് പറയുന്നത് ഇങ്ങനെ: ”കുട്ടികള്‍ ഒക്കെ മാറി.” അത് എല്ലാ കാലത്തും എല്ലാവരും പറയുന്നതാണ്. പക്ഷേ കുട്ടികളുടെ മാറ്റം പോസിറ്റീവ് ആയി കാണുന്ന അധ്യാപകരുടെ ഒരു കൂട്ടം ഇന്ന് രൂപപ്പെടുന്നുണ്ട്. കാമ്പസില്‍ ഫ്യൂഡലിസ്റ്റുകളായി സ്റ്റാഫ് റൂമിലെ കസേര എന്ന സിംഹാസനത്തില്‍ ഇരുന്ന് കുട്ടികളെ നിര്‍ണയിച്ച തമ്പുരാന്‍ മാഷന്മാരുടെ കാലം ഒക്കെ കഴിഞ്ഞുപോയിരിക്കുന്നു. കുട്ടികളുമായി ഇടപഴകി അവരോട് ജനാധിപത്യത്തോടും സാഹോദര്യത്തോടും കൂടി പെരുമാറുന്ന ഒരു പുതിയ കൂട്ടം അധ്യാപകരുടെ കൂടെയാണ് അനിയന്‍ പഠിപ്പിക്കുന്നത് എന്ന് കാണുമ്പോള്‍ രസകരമായിരുന്നു. കുട്ടികളോട് കൂടി അവരെ പ്രൊഡക്ടീവ് പ്രോജക്ടുകളിലേക്ക് നയിക്കുന്ന ഗൈഡുകളായി മാറുന്ന അധ്യാപകരുടെ ഒരു കള്‍ച്ചര്‍ അവിടെ രൂപപ്പെടുന്നുണ്ടായിരുന്നു. അനിയന്റെ ഭാര്യയും അവിടെ ടീച്ചറാകുമ്പോള്‍, സ്‌പെഷ്യല്‍ ക്ലാസ് നടക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി പരിപ്പുവട ഒക്കെ വാങ്ങിച്ചുകൊണ്ടുപോകുന്ന അവളുടെ ദൃശ്യം ഒരു മനോഹാരിത കൂടിയാണ്. പണ്ട് അധ്യാപകരെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്ന കഥ പറഞ്ഞ അനിയന്‍, ഇന്ന് അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് എന്നോട് പറഞ്ഞു. മാതാ-പിതാ-ഗുരോ-ദൈവം എന്ന ബഹുമാന പ്രത്യയശാസ്ത്രം തന്നെ കട്ട ബോറല്ലേ എന്ന രീതിയില്‍ ഞങ്ങള്‍ ചിരിക്കുകയും ചെയ്തു.

പിന്നെ പോയത് ചില ഗെയിമുകളിലേക്കാണ്. കടലാസിന്റെ മുകളില്‍ ഇരുമ്പുപൊടി വിതറി, അടിയില്‍ മാഗ്‌നെറ്റ് വെച്ച് ഇരുമ്പുപൊടി പറപ്പിക്കുന്ന പരിപാടി ഒക്കെ ഒരു പെണ്‍കുട്ടി കാണിച്ചു. ഇത് ഞങ്ങള്‍ പണ്ട് നാലാം ക്ലാസില്‍ കളിക്കുന്നതാണ് എന്ന് പറഞ്ഞു ആ കുട്ടിയെ കളിയാക്കി. അവളെയും അനിയനെയും കൂടെ

”ഇമ്മാതിരി ഉടായിപ്പ് ഒക്കെ നിങ്ങളുടെ മാഷ് പഠിപ്പിക്കുന്നത്”

എന്ന് പറഞ്ഞു കുറുമ്പ് കയറ്റി. ഒരു കുട്ടിയുടെ മുന്നില്‍ ഒരു ഗെയിം കളിച്ചു വിജയിച്ചപ്പോള്‍ കിട്ടിയ നാരങ്ങാ മുട്ടായിയുടെ മധുരം, മുപ്പതു കൊല്ലം മുമ്പ് ഏതൊക്കെയോ ക്ലാസ് റൂമുകളില്‍ ഷെയര്‍ ചെയ്ത അന്നത്തെ പൊതികള്‍ ഇല്ലാത്ത നാരങ്ങാ മുട്ടായിയെ ഓര്‍മ്മപ്പെടുത്തി. കാമ്പസ് എന്നാല്‍ അങ്ങനെ ആണ്. മരിച്ചുകിടക്കുന്ന പലതിനെയും ഓര്‍മ്മപ്പെടുത്തും.ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റില്‍ പോയപ്പോള്‍ അവിടെയും പോസ്റ്ററില്‍ ലോക സാഹിത്യത്തെക്കുറിച്ച് പലതും എഴുതി വെച്ചിരിക്കുന്നു. ഒരിക്കല്‍ ഇരുപതു വര്‍ഷം മുമ്പ് ഒരു കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് ലെക്ചറര്‍ ആയി ഒരു കോളേജിലേക്ക് ഒരു മരുന്ന് കച്ചവടക്കാരനെ പോലെ ബേഗും തൂക്കി ജോയിന്‍ ചെയ്യാന്‍ പോയത് ഓര്‍മ്മവന്നു. അവസാനം പരിപാടികള്‍ ഒക്കെ കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോഴാണ് കാമ്പസില്‍ എവിടെയെങ്കിലും ചുമരുകളില്‍ മുദ്രാവാക്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ടാകുമോ എന്ന് നോക്കിയത്. ഇല്ല. ഒരു മുദ്രാവാക്യവും കാണാനില്ല. ചിലപ്പോള്‍ ഞാന്‍ കാണാത്തതാകാം; അറിയില്ല. പക്ഷേ റോഡില്‍ എം. എസ്. എഫ്., എസ്. എഫ്. ഐ. എന്നൊക്കെ എഴുതി വെച്ചിട്ടുമുണ്ട്. പക്ഷേ മുണ്ടുടുത്ത് കലിങ്കിലിരിക്കുന്ന പഴയ ഒരു എസ്. എഫ്. ഐ.ക്കാരനെയും കെ. എസ്. യു.ക്കാരനെയും കാണാനുമില്ല.

പണ്ട് പയ്യന്നൂര്‍ കോളേജിലെ ഒരു വരാന്തയില്‍ ഇരുപത്തി അഞ്ചു പൈസ വീതം പിരിച്ച് കഞ്ഞി കുടിച്ച്, ഉടുത്തിരുന്ന ഒറ്റമുണ്ട്, പുതച്ച് രാത്രിയിലെ നക്ഷത്രങ്ങളെ നോക്കി കിടന്നുറങ്ങിയ ഒരു വരാന്ത ഈ പി. ടി. എം. കോളേജിലും കണ്ടു. അവിടെ പഴയ ഒരു പ്രകടനം ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് പോകുന്നത് സ്വപ്നം കണ്ട് തിരിച്ച് കാറില്‍ കയറി. അപ്പോഴാണ് കുറെ സ്‌കൂള്‍ കുട്ടികളെ കാറിന് മുന്നില്‍ കണ്ടത്. ഇനി ആ സ്‌കൂള്‍ കുട്ടികളുടെ കോളേജ് എങ്ങനെ ആയിരിക്കും? അവരുടെ കാലത്തും ഒരു ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ മഞ്ഞക്കൊടി കെട്ടിയ പ്രണയിതാക്കള്‍ അവരുടെ ഏകാന്തതയില്‍, തങ്ങളുടെ സ്വപ്നങ്ങളും പ്രണയങ്ങളും ചര്‍ച്ച ചെയ്ത് ഇരിക്കുമായിരിക്കാം. അങ്ങനെ ഇരിക്കട്ടെ.

Buy Love in the Time of Cholera (Vintage International) Book Online at Low Prices in India | Love in the Time of Cholera (Vintage International) ...

കാമ്പസുകളില്‍ ഒരായിരം മാര്‍ക്വസിന്റെ കോളറ കാലത്തെ കുഞ്ഞുമഞ്ഞക്കൊടികള്‍ ഉയരുന്ന കാലം ഉണ്ടാകട്ടെ. പണ്ട് ഒരു സുഹൃത്ത് ഒരു കോളേജ് മാഗസീനില്‍ എഴുതിയത് പോലെ, പച്ച മരങ്ങള്‍ നിറഞ്ഞ ഒരു ഭൂമിയില്‍ വെച്ചു തരാന്‍ ഞാന്‍ ഒരു പുസ്തകം സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നു എഴുതുന്ന കാമുകീ-കാമുകന്മാര്‍ ഉണ്ടാകുന്ന, ബഷീര്‍ പറഞ്ഞ പോലെ, ഒന്നും ഒന്നും വലിയ ഒന്നാകുന്ന കാമ്പസുകള്‍ ഉണ്ടാകട്ടെ. പി.ടി.എം. കോളേജിലെ മരിച്ചുകിടക്കുന്ന റോഡുകള്‍ക്കു ഇങ്ങനെ ചിലത് ഓര്‍മ്മിപ്പിക്കാനാകുമെന്ന് തോന്നുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ഒരു കാമ്പസിലെ മരിച്ചു കിടക്കുന്ന റോഡരികിലെ മഞ്ഞക്കൊടികൾ”

Your Email address will not be published.