പ്രണയവും മരണവും സഹോദരങ്ങളോ സഹപാഠികളോ അല്ല.
എന്തിന് സഹയാത്രികര്‍ പോലുമല്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് പലപ്പോഴും കണ്ടുമുട്ടേണ്ടിവരുന്നു.ന്യൂട്ടന്റെ മൂന്നാം ചലന നിയമം അവര്‍ക്കും ബാധകമായിരിക്കാം.
സൈകതം ബുക്‌സ് പുറത്തിറക്കിയ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ.ജയന്‍ മഠത്തിലിന്റെ പുതിയ പുസ്തകം പറയുന്നതും പ്രണയത്തേയും മരണത്തെയും കുറിച്ചാണ്; ചിലപ്പോഴൊക്കെ ജീവിതത്തെയും!
പ്രണയമേ
മരണമേ
എന്നെ
യൊന്നു
പുണരൂ…
എത്ര കാവ്യാത്മകമാണ് ആ പേര്! എന്നാല്‍ ഒരിക്കലും പുസ്തകം അതിവൈകാരികതയിലേക്കോ, അതിശയോക്തിയിലേക്കോ കടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ചിലപ്പോഴൊക്കെ ഞെട്ടിക്കുന്നുമുണ്ട്.
താനും സഹോദരിയും അര്‍ദ്ധ സഹോദരന്മാരാല്‍ 10 വര്‍ഷത്തോളം ലൈംഗിക പീഢനം അനുഭവിച്ചിരുന്നു എന്ന് എണ്ണം തികഞ്ഞ കഥകളും ലൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള നോവലുകളും എഴുതി സാഹിത്യ ലോകത്ത് ജ്വലിച്ചു നിന്ന
വെര്‍ജീനിയ വുള്‍ഫ് തുറന്ന് പറയുമ്പോള്‍ വായനക്കാര്‍ ശരിക്കും നടുങ്ങുന്നു.
ഒടുവില്‍ തന്റെ നീളന്‍ കുപ്പായ കീശയില്‍ ഉരുളന്‍ കല്ലുകളുമായി ഓസ് നദിയുടെ ആഴങ്ങളിലേക്ക് നടന്നു പോകുമ്പോള്‍ എന്തൊരു ജീവിതം എന്നോര്‍ത്ത് നാം സങ്കടപ്പെടുന്നു…
കോളേജില്‍ റെസ്റ്റോറന്റില്‍ സൗഹൃദ കൂട്ടായ്മകളില്‍ കറുത്തവളെന്ന് മുദ്രകുത്തി അപമാനം ഏറ്റുവാങ്ങി തലകുനിച്ചിരുന്നവള്‍ തലയുയര്‍ത്തി സാഹിത്യത്തിനുളള നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍
ടോണി മോറിസന്‍ എന്ന എഴുത്തുകാരി മാത്രമല്ല ലോകമെങ്ങുമുള്ള മുഴുവന്‍ അപമാനിക്കപ്പെടുന്നവരുമാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്! പ്രണയത്തിന്റെയും മരണത്തിന്റെയും പുസ്തകം മാത്രമല്ല ഇത് ജീവീതത്തിന്റെകൂടി പുസ്തകമാണെന്ന് നാം തിരിച്ചറിയുന്നു!
സാഹിത്യലോകത്ത് അഭൗമ താരങ്ങളായി ഉദിച്ചുയരുകയും, ശോഭിക്കുകയും ചെയ്തവര്‍. ചിലര്‍ക്ക് ഒരു ജീവിത ചക്രം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞപ്പോള്‍, മറ്റുചിലര്‍ക്ക് പൊടുന്നനെ അസ്തമിക്കാനായിരുന്നു വിധി.
വിശ്വസാഹിത്യത്തിലെ 11 എഴുത്തുകാരികളുടെ പ്രണയവും മരണവും സംഘര്‍ഷഭരിതമായ ജീവിതവും ചര്‍ച്ചചെയ്യുന്ന അസാധാരണ കൃതിയാണ്
പ്രണയമേ
മരണമേ
എന്നെ
യൊന്നു
പുണരൂ…
കഥയെഴുതാതെ താന്‍ രണ്ടുകൊല്ലം പിടിച്ചു നിന്നുവെന്നും ഇനിയും ജീവിച്ചിരുന്നാല്‍ എഴുതിപ്പോവുമെന്നും അത് തനിക്ക് ചുറ്റുമുള്ളവര്‍ക്ക് ഉപദ്രവവമാകുമെന്നും അതുകൊണ്ട് ഞാന്‍ കടന്നുപോകയാണെന്നും കത്തെഴുതി ജീവിതം അവസാനിപ്പിക്കുമ്പോള്‍ രണ്ടര നോവലും കുറച്ച് കഥകളുമെഴുതി രാജാലക്ഷ്മി എന്ന എഴുത്തുകാരി പ്രശസ്തിയുടെ വെളളിവെളിച്ചത്തിലേക്ക് വരുന്നതേയുണ്ടായിരുന്നുളളു.
എഴുത്തിന് വേണ്ടി മരിക്കുക എന്നത് മലയാളിക്ക് പരിചിതമാകാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. അല്‍ഫോണ്‍സിന സ്റ്റോര്‍ണിയില്‍ തുടങ്ങി പ്രണയത്തിന്റെ നിലയ്ക്കാത്ത പ്രവാഹമായ സാഫോയിലൂടെ വളര്‍ന്ന്
വിവാദങ്ങളുടെ വളര്‍ത്തുമകളായ സൂസന്‍ സൊന്റാഗിലൂടെ ഒഴുകി ഈ പുസ്തകം അവസാനിക്കുന്നത് ഇന്നും ഒരു ദുരൂഹതയായി നില്‍ക്കുന്ന നമ്മുടെ പ്രിയ കവി നന്ദിതയിലാണ്.
ആരുമറിയാതെ കവിതകളെഴുതിയും ആരുമറിയാതെ ഏകാന്തത ആസ്വദിച്ചും ആരോടും പറയാതെ അവര്‍ മരണത്തെയും പുണര്‍ന്നപ്പോള്‍ മരണത്തിന് പോലും നിഗൂഢമായ ഒരു സൗന്ദര്യം ഗ്രന്ഥകാരനെപ്പോലെ വായനക്കാരും കണ്ടെത്തുന്നു. വയലറ്റ് പൂക്കളുടെ സൗന്ദര്യം!..
തീര്‍ച്ചയായും മരണത്തെയും പ്രണയത്തെയും ജീവിതത്തെയുകുറിച്ച് ഈ പുസ്തകം നമ്മോട് ചിലത് പറയുന്നുണ്ട്,
അതിനേക്കാളേറെ സര്‍ഗ്ഗാത്മകതയെക്കുറിച്ചും.
ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പോരാട്ട വീര്യത്തിന്റെയും പ്രതീകമായ മായാ ആഞ്ചലോവിന്റെ ജീവിതം അതാണ് നമ്മോട് പറയുന്നത്.
വലിയ ശ്രദ്ധയും വായനയും ഈ പുസ്തകം ആവശ്യപ്പെടുന്നുണ്ട്. ഓരോ എഴുത്തുകാരികളുടെ ജീവിതം പറയുമ്പൊഴും ശരിക്കും നമ്മളാ കാലഘട്ടം അനുഭവിക്കുന്നു. അവിടെവിടെയോ നമ്മളും ജീവിക്കുന്നുണ്ട് എന്നൊരു തോന്നല്‍.എഴുത്തുകാരന്‍ ഈ പുസ്തകത്തിനുവേണ്ടി നടത്തിയ യാത്രകളും വായനകളുടെ വൈപുല്യവും എത്രയാണെന്ന് നാം അതിശയിക്കുന്നു.
പ്രണയമേ മരണമേ എന്നെയൊന്നു പുണരൂ
(മരണത്തിന്റെ പെണ്‍കടലാഴങ്ങള്‍)
രചന : ജയന്‍ മഠത്തില്‍
പ്രസാധനം : സൈകതം ബുക്‌സ്
വില : 170 രൂപ
No Comments yet!