Skip to main content

ചെറുതുകളുടെ വലിയ പറക്കലുകൾ

മഹാ സങ്കടങ്ങളുടെ നിറപ്പെയ്ത്തുകളാലല്ല, ജീവിക്കുക എന്ന വലിയ ദൗത്യത്തെ അതിന്റെ രാഷ്ട്രീയ അർത്ഥത്തിൽ രൂപപ്പെടുത്തുവാൻ കഴിഞ്ഞൂ എന്നതിനാലാവണം പുതുകവിത ജീവിതം പറയുന്നതും പോരാടുന്നതും. ഭാവനയുടെ ചക്രവാളങ്ങളല്ല വിശക്കുന്നവന്റെ രോദനമാണിവിടുത്തെ വിശേഷങ്ങൾ. ഏതു തോൽവികളിലും തിരിച്ചറിവിന്റെ കിതപ്പുകളുണ്ടെന്നും പുതുകവിത സാക്ഷ്യപ്പെടുത്തുന്നു.

മഹാഖ്യാനങ്ങളുടെ പ്രളയകാലം കഴിഞ്ഞെന്നും ചെറുതുകളുടെ വലിയ ലോകം പിറന്നെന്നും ധീരതയോടെ പ്രഖ്യാപിക്കാൻ പുതുകവികൾക്ക് കഴിയുന്നത് അവർ നേരിനൊപ്പം നിൽക്കുന്നത് കൊണ്ടാണ്. തൊണ്ണൂറുകൾക്കു ശേഷം പിറവി കൊണ്ട കവിതകൾക്ക് സവിശേഷ പഠനങ്ങളോ ശ്രദ്ധയോ കിട്ടിയിട്ടില്ല. വ്യക്തിതാൽപര്യങ്ങളുടെ കിന്നാരം പറച്ചിലുകളെ മറികടക്കാൻ ചില കവികൾക്കും കവിതകൾക്കും കഴിഞ്ഞിട്ടുണ്ട്. അവ ഉജ്ജ്വലമായ രാഷ്ട്രീയ മാനങ്ങളെ വരച്ചിട്ടിട്ടുമുണ്ട്. അങ്ങിനെയുള്ള ഒരു കവിയേയും കവിതകളേയും പരിചയപ്പെടുത്തുന്നു.

യുവകവികളിൽ ശ്രദ്ധേയനായ ശ്രീജിത്ത് അരിയല്ലൂരിന്റെ ‘പലകാല കവിതകൾ ‘ എന്ന സമാഹാരം വഴി തുറക്കുന്നതും വെളിപ്പെടുത്തുന്നതും ജീവിതത്തിന്റെ ആഴകാഴ്ച്ചകളെത്തന്നെയാണ്.പലകാല കവിതകളിലെ ‘യാത്ര, പേര്, ആണി, സമാധാനം, ചിരവ, സാരി, ആത്മീയത, ജീവിതമേ, പതാക എന്നീ വളരെ വിശദമായി ചർച്ച ചെയ്യപ്പെട്ട കവിതകൾക്കപ്പുറത്തുള്ള ചില ഇഷ്ട കവിതകളെകുറിച്ചാണ് ഈ കുറിപ്പിൽ പറയാൻ ശ്രമിക്കുന്നത്.

ഒരു പുഞ്ചിരി പോലും പോരാട്ടമാകുന്ന കാലത്താണ് നമ്മളിപ്പോൾ, നന്മയുടെ നിറദീപങ്ങളൊക്കെ അണഞ്ഞു പോകുമ്പോൾ, പ്രാർത്ഥനയോടെ, കാത്തിരിപ്പോടെ, പോരാടുന്നവർക്കുവേണ്ടിയുള്ള സ്വപ്‌നകാലം ഇക്കവിതകളിലുടെനീളം നിറഞ്ഞു പൂക്കുന്നുണ്ട്.

‘കോഴി’ എന്ന കവിത (നന്നായി മെരുങ്ങുകയെന്നാൽ / എപ്പോഴും ഇരയാവേണ്ടി വരിക / എന്നു തന്നെയാണർത്ഥമെന്ന് / എന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു…!) വരച്ചിടുന്നത് അടിമയായി ഒടുങ്ങേണ്ടി വന്നവരുടെ ഗതികേടാണ്,പോരാട്ടത്തിലൂടെ മാത്രമേ നിലനിൽപ്പുള്ളൂ എന്ന ജൈവിക സത്യത്തെയാണ് കോഴിയിലൂടെ കവി ഊർജ്ജപ്പെടുത്തുന്നത്.

‘ഞാൻ / ആരും ജപ്തി ചെയ്യാത്ത / നൊമ്പരങ്ങളുടെ / പലിശയും കൂട്ടുപലിശയും / വഴിക്കണക്കായി കണ്ടെടുക്കും…! (‘ജപ്തി’ എന്ന കവിതയിലെ അവസാന വരികൾ )
ആഗോള വൽക്കരണാനന്തര ലോകത്തെ വ്യക്തി ജീവിതത്തിന്റെ സംഘർഷങ്ങളെ കൃത്യമായ അർത്ഥങ്ങളിൽ രേഖപ്പെടുത്തുന്ന കവിതയാണ് ജപ്തി. ജീവിച്ച മണ്ണും ശ്വസിച്ച വായുവും പ്രാണനിൽ നിന്നും കൊഴിഞ്ഞു പോകുമ്പോൾ മാറിപ്പോകുന്ന സ്വപ്ന ഭംഗത്തെ, പ്രാണന്റെ ചോരകൊണ്ടാണ് ശ്രീജിത്ത് വരച്ചിടുന്നത്.

‘ചില കുടുംബ ചിത്രങ്ങൾ, ആപ്ത വാക്ക്യം, മൊഴി, അൽഷിമേഴ്‌സ്, കല്ല്യാണസൗഗന്ധികം, മുദ്രമോതിരം തുടങ്ങിയ കവിതകൾ ആഴത്തിലുള്ള പഠനത്തിന് സാധ്യമാക്കേണ്ട കവിതകളാണ്.

പ്രണയം തോൽക്കുന്നിടത്ത് കവിത വിജയിക്കുന്നു. കവിതയും കാമുകിയും കുടുംബവും നിറകവിതയായി മാറുന്ന അപൂർവ്വ നിമിഷങ്ങളുണ്ട് ജീവിതത്തിൽ. ‘തുളസി’ എന്ന കവിതയിൽ നിന്നും ‘കുടുംബ ശ്രീ’ എന്ന കവിതയിലെത്തുമ്പോൾ ഗൃഹനാഥനായ ‘കവി’യുടെ കാമുക വേഷവും കുടുംബവേഷവും വായനക്കാരനെ ഒരു നെടുവീർപ്പിലെത്തിക്കും. പഴയ കാമുകിയെക്കുറിച്ചുള്ള വൈകാരികമായ സ്നേഹത്തിന്റെ ഓർമ്മകൾ പുതിയ ജീവിത സഖിയുമായുള്ള ‘വിവേക’പരമായ യാഥാർഥ്യത്തിന് വഴിമാറുമ്പോൾ മനുഷ്യന്റെ പലകാലങ്ങളിലുള്ള ജീവിതം വെളിപ്പെടുന്നു.

പ്രണയത്തിന്റെ മുറിവേറ്റവന്റെ ഉന്മാദവും കവിത കൊണ്ടു പുലരുന്ന സ്വപ്ന കാലവും പോരാട്ടങ്ങളുടെ അണയാത്ത അഗ്നിയും നവീകരിക്കപ്പെടേണ്ട സകലമാന ജൈവ നേരുകളേയും ശ്രീജിത്ത് കവിതകളിലൂടെ വിളിച്ച് പറയുന്നുണ്ട്. പുതുകവിതയുടെ രാഷ്ട്രീയവും സാമൂഹ്യ പ്രതിബദ്ധതയും ഈ സമാഹാരത്തിൽ നിറഞ്ഞു നിൽക്കുന്നു.

‘പല്ല്‌’ – എന്ന കവിതയിൽ ശ്രീജിത്ത് അരിയല്ലൂർ ഇങ്ങനെ എഴുതുന്നു;എന്നുമിങ്ങനെ / വെറുതേ തേച്ച് മിനുക്കിയിട്ടെന്ത് കാര്യം…? / ചത്തതിനെയല്ലാതെ / ജീവനുള്ളതിനെയെന്നെങ്കിലും / നീയിന്നേവരെ തൊട്ടിട്ടുണ്ടോ…? ഈ ചോദ്യം ഉപരിപ്ലവകതകളിൽ അഭിരമിക്കുന്ന നമ്മുടെ ഓരോരോ ജീവിത സന്ദർഭംഗങ്ങളോടുമാണ്. അത് കൊണ്ടു തന്നെ ‘പലകാല കവിതകൾ’ പല പതിപ്പുകളായി വായനക്കാരുടെ കൈകളിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല…!


പലകാല കവിതകള്‍
രചന : ശ്രീജിത്ത് അരിയല്ലൂര്‍
പ്രസാധനം : ഫ്രീഡം ബുക്‌സ്
വില : 120 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.