Skip to main content

വിളവ് കൊയ്യുമ്പോഴും വിശപ്പ് തിന്നുന്നവര്‍

കേരളത്തിലെ പ്രശസ്തനായ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ അനില്‍കുമാര്‍ വി അയ്യപ്പന്റെ പുസ്തകമാണ് ”ആഹാരത്തിന്റെ രാഷ്ട്രീയം -അവര്‍ണ്ണരുടെ ജീവിതവും മിഷണറിമാരുടെ ഇടപെടലുകളും. കേരളത്തിലെ ആഹാരവും സാമൂഹ്യ നിയന്ത്രണവും ഭരണകൂട അധികാരവും തമ്മിലുള്ള ബന്ധവും അതിനകത്തേക്ക് ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവ് ഉണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക ചലനങ്ങളെയും പ്രശ്‌നവല്‍ക്കരിക്കുന്ന പുസ്തകമാണ് ആഹാരത്തിന്റെ രാഷ്ട്രീയം. ബൌദ്ധികമായ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടവരുത്താവുന്ന ഒരു നിലപാട് തറയിലാണ് ഗ്രന്ഥകാരന്‍ തന്റെ പുസ്തകത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത് എന്നത് വായനക്കാരെ ഹരംകൊള്ളിക്കും എന്നതില്‍ തര്‍ക്കമില്ല. ഹിന്ദു ജാതി വ്യവസ്ഥ കീഴാള ജാതികളുടെ ജീവിതം നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ദുരിതമാക്കി മാറ്റിയപ്പോള്‍, സ്‌നേഹത്തിന്റെയും കരുണയുടെയും കരുതലിന്റെയും മറ്റൊരു ലോകം ക്രിസ്തുവും അദ്ധേഹത്തിന്റെ മിഷണറി പ്രവര്‍ത്തകരും കീഴാള ജനതകള്‍ക്ക് മുന്‍പില്‍ തുറന്നിട്ടു എന്നൊരു വായന പ്രത്യക്ഷത്തില്‍ തന്നെ പുസ്തകത്തിന്റെ തലക്കെട്ട് വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്.

Buy Books Written By Vinil Paul – Books Online in India – DC Books Store
വിനില്‍ പോള്‍

പുസ്തകത്തിന്റെ അവതാരിക എഴുതിയ, കേരളത്തിലെ ഏറ്റവും പ്രശസ്ത യുവ ചരിത്രകാരനായ വിനില്‍ പോള്‍ ഇങ്ങനെ എഴുതുന്നു ‘ ഭക്ഷണത്തിന്റെ ചരിത്രം എന്നത് ആളുകള്‍ എന്ത് കഴിക്കുന്നു എന്നതല്ല ചരിത്രമല്ല, മറിച്ച് ഭക്ഷണത്തിന്റെ പേരില്‍ വ്യത്യസ്ത സമൂഹങ്ങള്‍ എങ്ങനെ സംഘടിക്കപ്പെടുന്നുവെന്നും അധികാരം -അസമത്വം എന്നിവ എങ്ങനെ നിലനിര്‍ത്തപ്പെടുന്നു അല്ലെങ്കില്‍ വെല്ലുവിളിക്കപ്പെടുന്നു എന്നതിന്റെ വെളിപ്പെടുത്തലാണെന്നും തെളിയിക്കുന്ന ഒരു ഗവേഷണ കൃതിയാണ് ശ്രി അനില്‍കുമാര്‍ വി അയ്യപ്പന്‍ എഴുതിയ ആഹാരത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകം”………….”കേരളത്തിന്റെ ചരിത്രത്തെ ഭക്ഷണത്തിന്റെ കണ്ണിലൂടെ നോക്കുകയും മനുഷ്യന്റെ അന്തസ്സ്, അഭിമാനം, അംഗീകാരം എന്നീ സങ്കല്‍പ്പങ്ങളെ ഭക്ഷണത്തെയും മിഷണറി പ്രസ്ഥാനത്തെയും മുന്‍നിര്‍ത്തി കേരള പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ഈ പുസ്തകം കേരളത്തിന്റെ ഒരു ബഹുമുഖ ചരിത്രം ആവശ്യപ്പെടുന്നുണ്ട് എന്നതിന് തര്‍ക്കമില്ല”. വിനില്‍ തന്റെ അവതാരികയുടെ അവസാന വരിയായി ”ഇത് മറ്റൊരു കേരള ചരിത്ര രചനാമാതൃക കൂടി മലയാളികള്‍ക്ക് മുന്നില്‍ വയ്ക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം ‘ എന്ന് എഴുതുമ്പോള്‍ സവര്‍ണ്ണ കേരള ചരിത്ര മാതൃകകളില്‍ നിന്നും വേറിട്ടൊരു പാതയാണ് അനില്‍കുമാര്‍ വെട്ടുന്നത് എന്നാണ് സൂചന.

ആഹാരവും അഭിമാനവും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തെ ഉറപ്പിച്ചുകൊണ്ടാണ് അനില്‍ തന്റെ ആശയങ്ങള്‍ വിപുലപ്പെടുത്തുന്നത്. ഭക്ഷണമെന്നത് ഒരാളുടെ അതിജീവനത്തെ നിര്‍ണ്ണയിക്കുന്നു. വസ്ത്രമോ പാര്‍പ്പിടമോ ഇല്ലാതെ ഒരാള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഭക്ഷണമില്ലാതെ ഒരാള്‍ക്കും അതിജീവിക്കാന്‍ കഴിയില്ല. ഭക്ഷണം കിട്ടാത്ത അവസ്ഥയില്‍ ആളുകള്‍ എന്തും ചെയ്യാന്‍ തയ്യാറായേക്കും എന്നിടത്താണ് ഭക്ഷണം എന്നത് സാമൂഹ്യ നിയന്ത്രണത്തിനുള്ള ഏറ്റവും എളുപ്പമായ ഒരു മാര്‍ഗ്ഗമായി ലോകമെങ്ങുമുള്ള ഭരണകൂടങ്ങളും അധീശവര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നതെന്ന് ഉദാഹരണ സഹിതം ഗ്രന്ഥകാരന്‍ വായനക്കാരെ ബോധാവാന്മാരാക്കുന്നു. ആഹാരത്തിന്മേലുള്ള ഉടമസ്ഥതയും , നിയന്ത്രണവുമാണ് രാഷ്ട്രീയാധികാരത്തെ നിര്‍ണ്ണയിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ ഉറപ്പിച്ചു പറയുന്നു. അംബേദ്കറുടെ നേതൃത്വത്തില്‍ അസ്പൃശ്യ മില്‍ത്തൊഴിലാളികള്‍ കമ്യൂണിസ്റ്റുകളോട് ചേര്‍ന്ന് സമരം ചെയ്തപ്പോള്‍ തന്റെ അനുയായികളെ പാതിവഴിക്ക് അംബേദ്കര്‍ പിന്‍വലിച്ചത് കമ്യൂണിസ്റ്റുകളോടുള്ള രാഷ്ട്രീയ എതിര്‍പ്പ് കൊണ്ട് മാത്രമായിരുന്നില്ല. അതിജീവിക്കാനാവശ്യമായ ഭക്ഷണം കയ്യിലില്ലാത്ത ആളുകള്‍ക്ക് വിജയകരമായി സമരം ചെയ്യാന്‍ കഴിയില്ല എന്ന തിരിച്ചറിവിലായിരുന്നു. കേരളത്തിലെ കോളനികളെ പേര് മാറ്റിയാലോ അവയെ അംബരചുംബികളായ കെട്ടിടങ്ങളിലേക്ക് പറിച്ചു നട്ടാലോ തീരുന്നതല്ല കോളനികളിലെ മനുഷ്യരുടെ പ്രശ്‌നം. അതിജീവിക്കാന്‍ അതും ആത്മാഭിമാനത്തോടെ അതിജീവിക്കാനവശ്യമായ ശേഷികള്‍ (resources and Skills) ഉണ്ടെങ്കില്‍ മാത്രമേ പാവപ്പെട്ടവര്‍ക്ക് രാജ്യത്തെ വികസനത്തില്‍ പങ്കാളിത്തമുണ്ടാവൂ എന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ പറഞ്ഞു വയ്ക്കുന്ന അതേ ഇടത്തില്‍ തന്നെയാണ് അനില്‍കുമാര്‍ ഭക്ഷണവും അധികാരവും തമ്മിലുള്ള ബന്ധത്തെ ചേര്‍ത്ത് വയ്ക്കുന്നത്. ഭക്ഷണമില്ലെങ്കില്‍ ആളുകള്‍ അധികാരത്തില്‍ നിന്നും വികസനത്തില്‍ നിന്നും സ്വന്തം ജീവനില്‍ നിന്നും വേര്‍പിരിഞ്ഞു പോകുമെന്ന വേദനാകരമായ രാഷ്ട്രീയ സത്യത്തെ അടിത്തറയാക്കിയാണ് ആഹാരത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകം വികസിക്കുന്നത്.

മിഷണറിമാര്‍ പിന്നാക്ക ജാതികളെ പ്രലോഭനത്തില്‍ പെടുത്തിയാണ് ജീസസിന്റെ ആത്മീയലോകത്തിലേക്ക് നയിച്ചതെന്ന വലതുപക്ഷ വിമര്‍ശനത്തെ കൃത്യമായി ഖണ്ഡിക്കാന്‍ ഗ്രന്ഥകാരനു കഴിയുന്നുണ്ട്. ആത്മീയത മാത്രമല്ല മിഷണറിമാര്‍ കീഴാള ജനതകള്‍ക്ക് നല്‍കിയത് മറിച്ച് വിഭവ പങ്കാളിത്തവും ആത്മീയ പങ്കാളിത്തവും ആണെന്നാണ് ഗ്രന്ഥകാരന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഒരു സിദ്ധാന്തം എന്ന നിലയില്‍ അനില്‍കുമാര്‍ പറയുന്നത് സ്വീകാര്യം ആണെങ്കില്‍ പോലും ഗ്രന്ഥകാരന്റെ വാദം തെളിവുകളും വസ്തുതകളും നിരത്തി ഉറപ്പിക്കാന്‍ പറ്റുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്.

നൂറ്റാണ്ടുകളോളം ജാതി ഹിന്ദുക്കള്‍ തങ്ങളുടെ അഭിമാന സാമൂഹ്യ സ്ഥാപനമായി കരുതി കൊണ്ട് നടന്നിരുന്ന, ഇന്നും കൊണ്ട് നടക്കുന്ന ജാതി വ്യവസ്ഥയെന്ന സാമൂഹ്യ സംവിധാനത്തിന്റെ മനുഷ്യ വിരുദ്ധതയെ തെല്ലും ചോരാതെ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നുണ്ട്. ഭക്ഷ്യസുരക്ഷ എന്ന ആശയത്തെ മുന്‍ നിര്‍ത്തിയാണ് അനില്‍കുമാര്‍ ഇന്ത്യന്‍ ജാതി വ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും മൂല്യമുള്ള ഒരാശയമാണ് സ്വഭിമാനത്തോടെ ജീവിക്കാനുള്ള വ്യക്തിയുടെ അവകാശം എന്നത്. സ്വഭിമാനത്തോടെ ജീവിക്കാനുള്ള വ്യക്തിയുടെ അവകാശം എന്നതില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ആശയം അന്തര്‍ലീനമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താത്ത ഭരണകൂടത്തിന് സ്വഭിമാനത്തോടെയുള്ള ജീവിതം വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്ന വാദമുഖത്തിലാണ് ഗ്രന്ഥകാരന്‍ മുന്നോട്ട് പോകുന്നത്. വലതുപക്ഷ ചരിത്രകാരന്മാര്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തിയ സാമൂഹ്യ സംവിധാനമാണ് ജാതി വ്യവസ്ഥ എന്ന നിലപാട് പ്രചരിപ്പിക്കുമ്പോള്‍ അതിന്റെ നേര്‍ വിപരീത ദിശയിലാണ് അനില്‍കുമാര്‍ ഉള്ളത്. ഇന്ത്യന്‍ ജാതി വ്യവസ്ഥയ്ക്ക് കീഴാള ജനതയുടെ ഭക്ഷ്യ സുരക്ഷ എന്നൊരു ചിന്തയെ ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ജാതി വ്യവസ്ഥയുടെ കെടുതിയില്‍ ജീവിച്ച മനുഷ്യരുടെ കണ്ണീരൊപ്പാന്‍ മിഷണറിമാര്‍ വന്നു എന്ന അദ്ധേഹത്തിന്റെ അഭിപ്രായം, മനുഷ്യത്വ രഹിതമായ കൊളോണിയല്‍ ഭരണത്തിനകത്തെ ഒരു വെള്ളി വെളിച്ചമായി മിഷണറിമാരെ എടുത്ത് കാണിക്കാനുള്ള ഒരു പൈങ്കിളി ശ്രമമായി മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. ഭക്ഷ്യ സുരക്ഷയും കേരളത്തിലെ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് എങ്ങനെയാണ് കീഴാള ജാതികള്‍ പ്രത്യേകിച്ചും പട്ടികജാതികള്‍ ഭൂവുടമസ്ഥതയ്ക്ക് പുറത്ത് പോയതെന്ന് ഈ പുസ്തകം അന്വേഷിക്കുന്നുണ്ട്.

ബൈബിളിനെ ഉദ്ധരിച്ചുകൊണ്ട് ജാതി വ്യവസ്ഥയ്ക്ക് ബദലായുള്ള നീതി പൂര്‍വ്വമായ മറ്റൊരു ലോകം കണ്ടെത്താനുള്ള അനില്‍ കുമാറിന്റെ ശ്രമം ബൌദ്ധികമായി അഭിനന്ദിക്കപ്പെടെണ്ട ഒന്നാണ്. എന്നാല്‍ ആ തരത്തില്‍ നോക്കിയാല്‍ ജാതി വ്യവസ്ഥയ്ക്ക് സമാന്തരമായുള്ള ഉന്നതമായ ജീവിത വീക്ഷണം നമുക്ക് ഉപനിഷദ് സാഹിത്യങ്ങളില്‍ കാണാം. എട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറയുന്നതുപോലെ ബൈബിളില്‍ എന്തുണ്ട് ഉപനിഷദ് സാഹിത്യത്തില്‍ എന്തുണ്ട് അല്ലെങ്കില്‍ മാര്‍ക്‌സിന്റെ മൂലധനത്തില്‍ എന്തുണ്ട് എന്നതല്ല മുഖ്യം മറിച്ച് പാവപ്പെട്ടവരുടെ ജീവിതയാഥാര്‍ത്ഥ്യം എന്താണ് എന്നതാണ്. 24 കോടി വരുന്ന പട്ടികജാതിക്കാര്‍ കോളനികളില്‍ താമസിക്കുമ്പോഴാണ് നമ്മള്‍ കേരളത്തിലെ ഭൂപരിഷ്‌കരണത്തിന് വാഴ്ത്ത് പാട്ടുകള്‍ ഉണ്ടാക്കുന്നത്. ജാതിക്ക് എതിരെ ബൈബിളിനെ വയ്ക്കുമ്പോള്‍ ഈ വൈരുദ്ധ്യം വ്യക്തമാണ്. എഴുതിയതല്ല കാര്യം അനുഭവമാണ് മുഖ്യം.
ബാബാ സാഹെബ് അംബേദ്കറുടെ രചനകളെയും യുക്തിയേയും പിന്‍പറ്റി ഹിന്ദു ജാതി വ്യവസ്ഥയെ ആഴത്തില്‍ വിശകലനം ചെയ്യാനുള്ള ഗ്രന്ഥകാരന്റെ ശ്രമം ശ്ലാഘനീയമാണ്. ജാതിയുടെ സാമ്പത്തികവും സാംസ്‌കാരികവുമായ തലങ്ങളെ ഗ്രന്ഥകാരന്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. ഹിന്ദു ഗ്രാമങ്ങള്‍ക്ക് വെളിയിലെ വിഭവരഹിത പുറമ്പോക്കുകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ജനതകളുടെ അതിജീവന സമരങ്ങളെ വൈകാരികമായി മാത്രം കാണാതെ അക്കാദമിക് ആയി സമീപിക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം വിലമതിക്കാന്‍ കഴിയാത്തതാണ്. ഉപജീവന കൂലിക്കും താഴെ മാത്രം അതും പണമായി കിട്ടാതിരുന്ന ഒരു കാലത്ത് പുലയര്‍ പോലുള്ള ജനതകള്‍ എങ്ങനെയാകും അതിജീവനം ചെയ്തത് എന്ന് കൃത്യമായി പറയാന്‍ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പു കുത്തിയ അവരുടെ ജീവിതത്തെ പാതാളത്തിലേക്ക് താഴ്ത്തുകയാണ് ഭൂപരിഷ്‌കരണം ചെയ്തത്. ഒരു സമൂഹത്തെ കീഴടക്കി നിര്‍ത്താനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗ്ഗം അവര്‍ക്ക് അതിജീവിക്കാന്‍ പോലുമുള്ള ഭക്ഷണം കൊടുക്കാതിരിക്കുകയാണെന്ന പാഠം കൃത്യമായി കേരളത്തില്‍ നടപ്പിലാക്കിയിരുന്നുവെന്ന് ഉദാഹരണ സഹിതം ഗ്രന്ഥകാരന്‍ വായനക്കാരെ ബോധ്യപ്പെടുത്തുന്നുണ്ട്. സ്വന്തം അദ്വാനം മാത്രം കൈമുതലായുള്ള ആളുകളുടെ അതിജീവനത്തിന് ജാതി എത്രമാത്രം തടസ്സമാണെന്ന് അനില്‍കുമാര്‍ വസ്തുനിഷ്ഠമായി തെളിയിക്കുന്നു. ആഹാരത്തെ ആളുകളെ ജാതീയമായി വിഘടിക്കാന്‍ ഹിന്ദു മതം ഉപയോഗിച്ചപ്പോള്‍ ക്രിസ്തുവില്‍ ഞങ്ങളൊന്നാണ് എന്ന് പറഞ് നടത്തിയ കര്‍തൃമേശ എന്ന ചടങ്ങ് ഒരു പുതിയ മൂല്യബോധം മുന്നോട്ട് വയ്ക്കുന്നുവെങ്കിലും അതെത്രത്തോളം പ്രയോഗത്തില്‍ ഉണ്ടായി എന്നത് വ്യക്തമല്ല.

ആഹാരത്തെയും വിശപ്പിനേയും അധീശത്വത്തിനെയും അസ്പൃശ്യതയേയും ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഈ പുസ്തകം ജാതി വ്യവസ്ഥയേയും മിഷണറിമാരെയും എതിര്‍പക്ഷങ്ങളിലായി നിര്‍ത്തി ചരിത്രത്തെ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ കീഴാള മനുഷ്യരുടെ ജീവിതത്തില്‍ ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ വേണ്ടവിധത്തില്‍ അഭിസംബോധന ചെയ്യുന്നില്ല എന്നത് വലിയൊരു ഘടനാപരമായ പോരായ്മ തന്നെയാണ്. മനുസ്മൃതി മുന്നോട്ട് വെച്ച സാമൂഹ്യ നിയന്ത്രണങ്ങളുടെ വലിയൊരു ലോകത്തെ പ്രവര്‍ത്തന രഹിതമാക്കിയാണ് ഇന്ത്യന്‍ ഭരണഘടന സെക്കുലര്‍ ആയും സോഷ്യലിസ്റ്റുമായ നവ ഇന്ത്യയെ വിഭാവനം ചെയ്തത്. കീഴാള ജനതയുടെ വിമോചനം ഹിന്ദുമതത്തിന് വെളിയിലുള്ള മറ്റൊരു ആത്മീയതയാണ് എന്നതിനേക്കാള്‍ ഇന്ത്യന്‍ ഭരണഘടനയുടെ പ്രയോഗത്തെ തടയുന്ന ശക്തികള്‍ക്ക് എതിരെ പ്രതിരോധം തീര്‍ക്കലാണ് എന്നാണ് ലേഖകന്റെ നിഗമനം.
ഒരു ഗവേഷണ ഗ്രന്ഥമെന്ന നിലയില്‍ ആഹാരത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട പുസ്തകം തന്നെയാണ്. വര്‍ത്തമാന ഇന്ത്യയില്‍ ഏറ്റവും പ്രസക്തമായ വിഷയങ്ങളാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. വിളവെടുത്തിട്ടും വിശപ്പ് തിന്നുന്നവര്‍ എന്ന ഗ്രന്ഥകാരന്റെ പ്രയോഗം ഇന്ത്യന്‍ ജാതി വ്യവസ്ഥയ്ക്കുള്ളിലെ കീഴാള ജീവിതങ്ങളുടെ നേര്‍ സാക്ഷ്യമാണ്. കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യപ്പെടുന്ന പുസ്തകമാണിത് . കേരള ചരിത്രത്തെ കീഴാള സാമ്പത്തിക പരിപ്രേക്ഷ്യത്തില്‍ നിന്നും ആത്മീയ തലത്തില്‍ നിന്നും നോക്കാനുള്ള ധൈര്യം കാണിച്ച അനില്‍ കുമാര്‍ വി അയ്യപ്പന്‍ കാലം അദ്ധേഹത്തോട് ആവശ്യപ്പെട്ട കര്‍ത്തവ്യം തന്നെയാണ് നിര്‍വ്വഹിച്ചത്. വര്‍ത്തമാന വലതുപക്ഷ വിഘടിത രാഷ്ട്രീയത്തോട് സന്ധിയില്ലാതെ സംവദിക്കുന്ന ഒരു പുസ്തകമെന്ന നിലയില്‍ ഈ പുസ്തകം കൂടുതല്‍ പേരിലേക്ക് എത്തേണ്ടതുണ്ട്.

No Comments yet!

Your Email address will not be published.