Skip to main content

ആത്മവിശ്വാസത്തിന്റെ ബൈബിള്‍

മാതൃഭൂമി ബുക്ക്‌സ് പബ്ലിഷ് ചെയ്ത ലിപിന്‍ രാജ് എം.പി.യുടെ ആത്മകഥയുടെ പേര് ”പാഠം ഒന്ന് ആത്മവിശ്വാസം” എന്നാണ്. ആരാണ് ലിപിന്‍ എന്നല്ലേ. 2012 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മുഴുവന്‍ പേപ്പറുകളും മലയാളത്തില്‍ എഴുതി വിജയം കൈവരിച്ച ആളാണ് ലിപിന്‍ രാജ് എം പി എന്ന IAS കാരന്‍. ആത്മകഥയുടെ അവസാന അദ്ധ്യായം അവസാനിക്കുന്നത് ”നിങ്ങള്‍ക്ക് ഉറച്ച ഒരു സ്വപ്നമുണ്ടെങ്കില്‍, ആ ആഗ്രഹത്തിനൊപ്പം നടക്കണമെന്ന് തീവ്രമായ അഭിലാഷമുണ്ടെങ്കില്‍, അത് നേടിയെടുത്തേതീരുവെന്ന അടക്കാനാവാത്ത വ്യഗ്രതയുണ്ടെങ്കില്‍, ആത്മവിശ്വാസവും കഠിനാധ്വാനവും സ്വയം അര്‍പ്പിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ഈ ലോകം നിങ്ങളോടൊപ്പം നടക്കും; നിങ്ങള്‍ക്കൊപ്പം നില്‍ക്കും; നിങ്ങളുടെ മനസ്സും സ്വപ്നങ്ങളും ആഗ്രഹിക്കുന്നിടത്തേക്ക് അത് നിങ്ങളെ വഴിതെറ്റിക്കാതെ ഒരു ടെന്നീസ്ബാള്‍ കണക്കെ വലിച്ചെറിഞ് എത്തിക്കും. അല്ലെങ്കില്‍ സ്വയം അവിടേക്ക് വലിച്ചെറിയുക” എന്ന് എഴുതിക്കൊണ്ടാണ്. സ്വന്തം ജീവിതാനുഭവങ്ങളുടെ പിന്‍ബലത്തില്‍ ആണ് ലിപിന്‍ ഇങ്ങനെ തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത് എന്നത് അദ്ധേഹത്തിന്റെ ജീവിതകഥ നമ്മോട് സാക്ഷ്യം പറയും.

LIPIN RAJ M P

ഇന്ത്യന്‍ സിവില്‍ സര്‍വീസ് വിജയിക്കുക എന്നത് എത്രയോ കഷ്ടതരമായ ഒരു കാര്യമാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ലക്ഷങ്ങള്‍ എഴുതുന്ന ഒരു പരീക്ഷയില്‍ നിന്നും വിജയിച്ചു വരിക എന്നത് ബുദ്ധിമുട്ടാണ് എന്നതിനപ്പുറം തന്റെ ശാരീരിക പരിമിതികളെ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രം മറികടന്നുകൊണ്ടാണ് ലിപിന്‍ തന്റെ ലക്ഷത്തിലേക്ക് എത്തിയത്. കുട്ടിക്കാലത്ത് ചേട്ടനുമായി കളിക്കുന്നതിനിടയില്‍ ഉണ്ടായ ഒരപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ട ലിപിന്‍ ആ പരിമിതിയെ മറികടന്നത് കേവലം ആശുപത്രിവാസമോ മരുന്നോ കൊണ്ട് മാത്രമായിരുന്നില്ല. ”ഈ കണ്ണുപൊട്ടനൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ” എന്ന് കളിയാക്കിയ ”എല്ലാം തികഞ്ഞ” പൊതുസമൂഹത്തോട് സര്‍ഗ്ഗാത്മകമായി കലഹിച്ചുകൊണ്ടാണ് ലിപിന്‍ തന്റെ ജീവിതത്തില്‍ നാളിതുവരെ മുന്നോട്ട് വന്നത്. ആത്മകഥയില്‍ ഒരിടത്ത് സിവില്‍ സര്‍വ്വീസ് അഭിമുഖത്തെ കുറിച്ചു പറയുന്ന വേളയില്‍ അദ്ദേഹം പറയുന്ന ഒരു കാര്യം ” തനിക്ക് ഒരു കണ്ണിന് കാഴ്ച ഇല്ലെന്ന കാര്യമോ, താന്‍ പരീക്ഷകള്‍ മുഴുവന്‍ മലയാളത്തിലാണ് എഴുതിയതെന്ന കാര്യമോ അഭിമുഖം നടത്തിയവര്‍ പരിഗണിച്ചതേ ഇല്ലെന്ന് ആണ് അദ്ധേഹത്തിന് തോന്നിയത്” എന്നാണ്. എന്താണ് ലിപിന്‍ എന്നത് അറിയാനാണ് അവര്‍ ശ്രമിച്ചത്. ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാര്‍ തിരിച്ചറിയുക ”എന്താണോ തന്നെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് എന്നതിന് വലിയ ശ്രദ്ധ കൊടുക്കാതെ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ് അതിലൂടെ ജീവിതലക്ഷ്യങ്ങള്‍ ഓരോന്നായി നേടാനാണ് അദ്ദേഹം ശ്രമിച്ചത്” എന്നാണ്.
വളരെ പിന്നാക്കമായ കേരളത്തിലെ ഒരുള്‍ഗ്രാമത്തില്‍ നിന്നും സിവില്‍ സര്‍വ്വീസിന്റെ നക്ഷത്രതിളക്കത്തിലേക്ക് തനിക്ക് വരാന്‍ കഴിഞ്ഞതില്‍ കാലവും ഈശ്വരനും തന്നെ സഹായിക്കാന്‍ ഉണ്ടായിരുന്നു എന്ന് ലിപിന്‍ ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നു. കടുത്ത ദാരിദ്ര്യത്തില്‍ മറ്റുള്ളവരുടെ സഹായങ്ങള്‍ നേടിക്കൊണ്ടാണ് അദ്ദേഹം ജീവിതപാതയിലൂടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. നായര്‍ സമുദായത്തില്‍ ജനിച്ചുവെങ്കിലും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ ഉള്ളവരുടെ സാമ്പത്തിക സ്ഥിയില്‍ ആയിരുന്നു ലിപിന്‍ ജീവിച്ചു വന്നത്. മദ്യപാനിയായ അച്ചന്‍ അതിനുവേണ്ടി സ്വന്തം കൈവശം ഉണ്ടായിരുന്ന രണ്ടര ഏക്കര്‍ ഭൂമിയാണ് വിറ്റ് നശിപ്പിച്ചത്. മദ്യപിച്ച് ബോധം പോകുമ്പോള്‍ മക്കളുടെ പുസ്തകം മുഴുവന്‍ എടുത്ത് കത്തിക്കുന്ന ഒരു സ്വഭാവം ലിപിന്റെ പിതാവിന് ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് തലേന്ന് ചേച്ചിയുടെ മുഴുവന്‍ പുസ്തകങ്ങളും അച്ഛന്‍ കത്തിച്ചപ്പോള്‍ ചേച്ചി പറഞ്ഞത് ”പരീക്ഷ എഴുതാം ഹാള്‍ടിക്കറ്റ് കത്തിയില്ലല്ലോ” എന്നാണ്. സഹോദരിയുടെ ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ആയിരുന്നു ലിപിന്റെ വളര്‍ച്ചയിലെ ഒരു മൂലധനം.

 

നാട്ടിലെ ഏറ്റവും സാധാരണ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ലിപിന്‍ പഠനം തുടങ്ങിയത്. ദരിദ്രരും നിരക്ഷരരുമായ മാതാപിതാക്കള്‍ ആയിട്ടും ലിപിന്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത് കൃത്യമായ ഇടവേളകളില്‍ വഴികാട്ടികള്‍ ആയി പലരും അദ്ധേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നുണ്ട് എന്നതാണ്. കുട്ടിക്കാലം മുതല്‍ക്കേ ലിപിന്റെ മനസ്സില്‍ സിവില്‍ സര്‍വ്വീസ് ജയിച്ച് ലൈറ്റുള്ള കാറില്‍ സഞ്ചരിക്കണം എന്നൊരു ആഗ്രഹം കുഞ്ഞുലിപിന്റെ മനസ്സില്‍ മുളപൊട്ടിയിരുന്നു. ജീവിത വഴിയില്‍ പ്രതിബന്ധങ്ങള്‍ കുന്നു കൂടിയപ്പോഴും സ്വന്തം ലക്ഷ്യത്തില്‍ നിന്നും ഒരിഞ്ചു പോലും വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അനുകൂലമായ ഭൌതിക സാഹചര്യങ്ങള്‍ ഒന്നുമില്ലായിരുന്നിട്ടും ആത്മവിശ്വാസവും ലക്ഷ്യത്തില്‍ എത്തണമെന്ന അടങ്ങാത്ത ആഗ്രഹവുമാണ് ലിപിനെ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിച്ചത്.
കഥാരചന കവിതാ രചന ഉപന്യാസ രചന ഡിബേറ്റ് മത്സരങ്ങള്‍ തുടങ്ങിയവയിലൊക്കെ കുട്ടിക്കാലം മുതല്‍ക്കേ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുക എന്നത് ഒരു ജീവിതവ്രതമായിത്തന്നെ അദ്ദേഹം കരുതിയിരുന്നു. തന്റെ ശാരീരികമായ പരിമിതികളെ മറ്റു തരത്തില്‍ മറികടക്കുക എന്ന അബോധ പ്രേരണ അദേഹത്തില്‍ ഉണ്ടായിരുന്നിരിക്കാം. ഫീസില്ലാതെ ബിരുദപഠനം ചെയ്യാന്‍ അനുവദിച്ച കോളേജിനു വേണ്ടി നിരവധി പുരസ്‌കാരങ്ങള്‍ പലതലങ്ങളില്‍ നിന്നും കൊണ്ടുവന്നതിലൂടെ തനിക്ക് കോളേജിനോടുള്ള കടം മറ്റൊരു തരത്തില്‍ താന്‍ വീട്ടുകയായിരുന്നു എന്ന് അദ്ദേഹം ആത്മകഥയില്‍ കുറിക്കുന്നുണ്ട്.
പ്ലസ്ടൂവില്‍ മലയാളത്തിന് നൂറില്‍ നൂറും കിട്ടുന്ന നിലയിലേക്ക് ലിപിന്‍ വളര്‍ന്നത് സ്വയം വളര്‍ത്തിയെടുത്ത പഠന രീതിയിലൂടെ ആയിരുന്നു. പത്രങ്ങള്‍ വായിക്കുക അവയിടെ വാര്‍ത്തകള്‍ വെട്ടി ബുക്കി ഒട്ടിച്ച് സൂക്ഷിക്കുക, പത്രങ്ങളിലെ എഡിറ്റോറിയലുകള്‍ വായിച്ച് മനസ്സില്‍ ഉറപ്പിക്കുകയും അവയിലെ ആശയങ്ങള്‍ നോട്ടു ബുക്കില്‍ ചുരുക്കി എഴുതുകയും ചെയ്യുക എന്നത് എക്കാലവും അദ്ദേഹം തുടരുന്ന ശീലമാണ്. ഇംഗ്ലീഷ് പത്രങ്ങള്‍ ഉറക്കെ വായിക്കുകയും അവയിലെ വാക്കുകളുടെ ഉച്ചാരണം കൃത്യമായി പഠിക്കാനും, പത്രങ്ങള്‍ ഉപയോഗിച്ച പദങ്ങള്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന വാക്കുകള്‍ കണ്ടെത്തുകയും ചെയ്യുക എന്നത് ലിപിന്റെ ഒരു ഹോബി തന്നെയായിരുന്നു. തന്നിലെ ഭാഷാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നത് ഒരു ശപഥം കണക്കെ അദ്ദേഹം പഠന കാലം മുഴുവനും പാലിച്ചിരുന്നു. കുറഞ്ഞ സമയം മാത്രം ഉറങ്ങുകയും കൂടുതല്‍ സമയവും വായനയും പഠനവും കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കറുടെ ജീവിതചര്യയെ അറിഞ്ഞോ അറിയാതെയും ലിപിനും പിന്തുടര്‍ന്നിരുന്നു.
ലിപിന്റെ ആത്മകഥയിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മുന്‍പില്‍ അനാവരണം ചെയ്യുന്നത് അദ്ധേഹത്തിന്റെ ജിവിതത്തില്‍ ഉണ്ടായ പ്രധാന സംഭവങ്ങള്‍ മാത്രമല്ല മറിച്ച് ലിപിന്‍ എന്ന വ്യക്തിയുടെ വ്യക്തിത്വവും പ്രതിസന്ധികളെ നേരിടാനുള്ള ചങ്കൂറ്റവും ആണ്. തോറ്റ് പിന്തിരിയേണ്ടി വരുമെന്ന് ഉറപ്പിക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് ഒരു റോക്കറ്റ് പോലെ ലിപിന്‍ മുന്നോട്ട് പോയത്. Nick Vujicic, Andrea Bocell തുടങ്ങിയ മഹാരഥന്മാര്‍ തെളിച്ച വഴിയിലൂടെത്തന്നെയാണ് ലിപിനും അദ്ധേഹത്തിന്റെ കഠിനാധ്വാനവും സഞ്ചരിച്ചത്. ജീവിതത്തില്‍ നൈരാശ്യം തോന്നുന്ന സമയങ്ങളില്‍ വീണ്ടും വീണ്ടും വായിക്കാനും ആത്മവിശ്വാസം തിരികെ പിടിക്കാനും നമ്മളെ സഹായിക്കുന്ന പുസ്തകമാണ് ലിപിന്റെ ആത്മകഥ.

കേവലമൊരു ആത്മകഥ എന്നതിനപ്പുറം ആഴത്തിലുള്ള വായനയ്ക്കും വിശകലനത്തിനും ഇടമൊരുക്കേണ്ട കൃതിയാണ് പാഠം ഒന്ന് ആത്മവിശ്വാസം എന്ന് തോന്നുന്നു. വ്യക്തിയുടെ നിസ്സഹായതകളെ എങ്ങനെ മറ്റു വ്യക്തികള്‍ക്കും സമൂഹത്തിനും ഭരണസംവിധാനങ്ങള്‍ക്കും എങ്ങനെയൊക്കെ അഭിസംബോധന ചെയ്യാന്‍ കഴിയും എന്നതിലേക്ക് ഈ പുസ്തകം കടന്നു ചെല്ലുന്നു. വില്ലേജ് ഓഫീസിനെ ഒരു പ്രതീകമായി എടുത്തുകൊണ്ട് എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍ബലരായ ആളുകളുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണം ആക്കുന്നതെന്ന് ലിപില്‍ വിവരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യക്തിക്ക് മുന്‍പില്‍ തടസ്സങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അതേ സംവിധാനത്തിനകത്തെ സ്ഥാപനപരമായ സാധ്യതകളെ കണ്ടെത്തി അവയിലൂടെ തടസ്സങ്ങളെ നീക്കണമെന്ന വലിയ ജനാധിപത്യപാഠങ്ങളെ കൂടി ഈ കൃതി മുന്നോട്ട് വയ്ക്കുന്നു.
തന്റെ ജീവിതത്തെ കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോയതില്‍ ഈശ്വരാനുഗ്രത്തിന്റെ പങ്കിനെ പറ്റി ലിപിന്‍ ഈ കൃതിയില്‍ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. ഈശ്വരന്മാരുടെ പങ്കിനേക്കാള്‍ സാമൂഹ്യബോധവും കരുണയും ഉള്ള മനുഷ്യരുടെ ഇടപെടലാണ് ലിപിനെ മുന്നോട്ട് കൊണ്ടുപോയത് എന്ന് കരുതാനാണ് എനിക്കിഷ്ടം. ശാരീരികമായ പരിമിതി ഉണ്ടായിട്ടും അംഗപരിമിതതത്വത്തിന്റെ സംവരണ സാദ്ധ്യതകള്‍ തനിക്ക് വേണ്ടി വന്നിരുന്നില്ല എന്ന് ലിപിന്‍ പറയുമ്പോള്‍ സംവരണമെന്നത് ഒരു കൊള്ളരുതാത്ത കാര്യമായി വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടോ എന്ന് തീര്‍ച്ചയായും വായനക്കാരില്‍ ചിലരെങ്കിലും സംശയിച്ചേക്കാം. സംവരണം എന്നത് കഴിവില്ലാത്തവര്‍ക്ക് ഭരണകൂടം കൊടുക്കുന്ന ഔദാര്യം അല്ലല്ലോ. മറിച്ച് അധികാരത്തിലേക്കും വിഭാവങ്ങളിലേക്കും ആളുകള്‍ക്ക് പങ്കാളിത്തവും പ്രാതിനിധ്യവും നല്‍കാനുള്ള മാര്‍ഗ്ഗമായിട്ടാണ് ഇന്ത്യന്‍ ഭരണഘടന സംവരണത്തെ വിഭാവനം ചെയ്തിട്ടുള്ളത്. രണ്ടര ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടായിരുന്ന ഒരു കുടുംബത്തിലേക്കാണ് ലിപിന്‍ ജനിച്ചുവീണത്. അച്ഛന്റെ കുടിയിലൂടെ ഭൂമി മുഴുവന്‍ അവര്‍ക്ക് നഷ്ടപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ ഉപരിപഠനത്തിന് പാലക്കാട് വിക്ടോറിയ കോളേജിലേക്ക് സാമ്പത്തിക ശാസ്ത്രജ്ഞന്‍ എം കുഞ്ഞാമന്‍ മാഷിനെ പോലുള്ള തലമുറകള്‍ പോയപ്പോള്‍ അവരുടെ കയ്യില്‍ സ്ഥലം തഹസീല്‍ദാര്‍മാര്‍ കൊടുത്ത ജാതി സര്‍ട്ടിഫിക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെയാണ് ദാരിദ്ര്യം എന്നത് ചരിത്രപരമായും ഘടനാപരമായും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയുടെ ഫലമാണോ അതോ ഓരോ കുടുംബത്തിനകത്തെ വിഭവ വിനിയോഗത്തിന്റെ കുഴപ്പം മാത്രമാണോ എന്ന ചോദ്യം വരുന്നത്. കുഞ്ഞാമന്റെ ദാരിദ്ര്യം ജാതീയവും ലിപിന്റെ ദാരിദ്ര്യം വിഭവങ്ങളുടെ ഉപയോഗത്തില്‍ ഉണ്ടായ ഒരു കാര്യക്ഷമതക്കുറവിന്റെ ഫലവുമാണ്. രണ്ടു തരം ദാരിദ്ര്യത്തെയും ഒന്നായിക്കണ്ട് ആണ് ഭരണകൂടം സാമ്പത്തിക സംവരണമെന്ന ഓമനപ്പേരില്‍ സവര്‍ണ്ണ സംവരണം നടപ്പിലാക്കിയത്.
വളരെ ലളിതമായ ഭാഷയില്‍ രചിച്ച ഈ കൃതി നമ്മളില്‍ ആത്മവിശ്വാസം ജനിപ്പിക്കും ഒപ്പം നമ്മുടെ കണ്ണുകളെ നനയിപ്പിക്കുക കൂടി ചെയ്യും. ദൈവത്തിന്റെ കയ്യൊപ്പുകളേക്കാള്‍, ഹൃദയവിശാലതയുള്ള മനുഷ്യരുടെ ഇടപെടലുകളാണ് നമ്മുടെ ഹൃദയത്തെ ചലിപ്പിക്കുന്നത്. ആത്മഹത്യയുടെ സാധ്യതയെ സ്വജീവിതത്തില്‍ പരീക്ഷിക്കുന്ന ഇടത്തില്‍ നിന്നാണ് വിജയങ്ങളുടെ കൊടുമുടികള്‍ ലിപിന്‍ കയറുന്നത്. അംഗ പരിമിതത്വം എന്നത് ജീവിതത്തിന്റെ മുന്‍പിലുള്ള ഒരിക്കലും മറികടക്കാന്‍ കഴിയാത്ത തടസ്സം അല്ലെന്നും ജീവിതത്തെ മറ്റൊരു രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് കിട്ടുന്ന ഒരവസരം ആയിട്ടാണ് ലിപിന്‍ ആത്മകഥയില്‍ അവതരിപ്പിക്കുന്നത്. ഒറ്റവിരല്‍ തുമ്പിന്റെ സാദ്ധ്യതകള്‍ ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ച മാലിനി ചിബിന്റെ ഉജ്വലമായ ജീവിതത്തെ മറ്റൊരിടത്ത് ലിപില്‍ പുനരാവിഷ്‌കരിക്കുകയാണ്. സിവില്‍ സര്‍വ്വീസിന് വേണ്ടി പഠിക്കുന്ന ആളുകള്‍ക്ക് ഊര്‍ജ്ജവും ഉത്സാഹവും നല്‍കാന്‍ ഈ പുസ്തകത്തിന് കഴിയും.

ഹലീല്‍ റഹ്‌മാന്റെ ദൂരം എന്നൊരു കവിതയുണ്ട്. അതിന്റെ ആദ്യവരികള്‍ ”മൊട്ടിനും പൂവിനും ഇടയിലുള്ള ദൂരമാണ് ദൂരം” എന്നാണ്. മൊട്ടിനെ നമ്മുടെ പിറവിയായി സങ്കല്‍പ്പിച്ചാല്‍ പൂവാകുക എന്നത് നമുക്ക് നേടിയെടുക്കാന്‍ കഴിയുന്ന ജീവിത സാഹചര്യങ്ങളുടെ പരമാവധിയെ ആണ്. മൊട്ടില്‍ നിന്നും പൂവാകുക എന്നത് സ്വപ്രയത്‌നം കൊണ്ട് മാത്രം സാധിക്കുന്ന ഒന്നല്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ലിപിന്റെ ആത്മകഥ. സഹവര്‍ത്തിത്വത്തിന്മേല്‍ ആണ് വ്യക്തിയും സമൂഹവും നിലകൊള്ളുന്നത് എന്നതിന്റെ സാക്ഷ്യമാണ് ലിപിന്റെ ആത്മകഥ. ഗോള്‍ഡന്‍ ഫ്രോഗ് ആണ് ലിപിന്റെ ആദ്യ ചെറുകഥാ സമാഹാരം. മരങ്ങള്‍ ഓടുന്ന വഴിയേ, നവമാധ്യമപരിചയം, തീന്‍മേശക്കുറിമാനം, തേനുറുമ്പിനെ തേനീച്ചയാക്കാം, സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തിലും എഴുതാം, എലിമിനേഷന്‍ റൗണ്ട്, മാര്‍ഗരീറ്റ, ആനയും പുലിയുമില്ലാത്ത കഥ, മാപിനി, A Phoenix With Broken Wings, Anti-Karma തുടങ്ങിയവ ലിപിന്റെ മറ്റു കൃതികള്‍ ആണ്. മലയാള സാഹിത്യലോകത്തിന് ഇനിയും ലിപിനില്‍ നിന്നും പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്.

 


പാഠം ഒന്ന് ആത്മവിശ്വാസം

ചരന : എം.പി. ലിപിന്‍ രാജ്
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 210

No Comments yet!

Your Email address will not be published.