ദലിത് ആത്മകഥകളില്‍ വലുപ്പം കൊണ്ട് ചെറുതും എന്നാല്‍ ഉള്ളടക്കം കൊണ്ട് കനപ്പെട്ടതും ആയ സാഹിത്യ സംഭാവനയാണ് ലക്ഷി രാമന്റെ ആത്മകഥ. കണ്ണന്‍ മേലോത്ത് കേട്ടെഴുതിയ ലക്ഷിയുടെ ആത്മകഥയുടെ പേര് ”പെങ്ങണത്തി” എന്നാണ്. പുസ്തകം പ്രസാധനം ചെയ്ത QUIVIVE Text മാനേജിംഗ് ഡയറക്ടര്‍ ആയ പ്രകാശ് രാമദാസ് പുസ്തകത്തിലെ പ്രസാധകകുറിപ്പില്‍ എഴുതുന്നു: ”അദൃശ്യവല്‍ക്കരിക്കപ്പെട്ടവരുടെ അനുഭവങ്ങളും ആഖ്യാനങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഭാവുകത്വങ്ങള്‍ക്ക് മേല്‍ സൃഷ്ടിച്ച തിരുത്തലുകള്‍ പുതിയ അനുഭവലോകങ്ങളെയാണ് ദൃശ്യവല്‍ക്കരിക്കാന്‍ സഹായകമായത്”. സമൂഹത്തിലെ മേല്‍ത്തട്ടില്‍ ഉള്ളവര്‍ക്ക് മാത്രമെ ആത്മകഥയെഴുതാന്‍ മാത്രം അനുഭവങ്ങള്‍ ഉണ്ടായിരുന്നു എന്നും അവരുടെ നിറവും മണവും മാധുര്യവും ഉള്ള അനുഭവങ്ങള്‍ക്ക് മാത്രമേ വായനക്കാര്‍ ഉണ്ടാവൂ എന്ന് കരുതിയിരുന്ന കാലങ്ങളെ പുറകോട്ട് തള്ളിമാറ്റിയാണ് വേദനകളുടെ ഒറ്റപ്പെടലുകളുടെ തിരസ്‌കരണങ്ങളുടെ വിഭാവരാഹിത്യങ്ങളുടെ വിവേചനങ്ങളുടെ ആഴത്തിലും പരപ്പിലുമുള്ള പാര്‍ശ്വവല്‍കൃത മനുഷ്യരുടെ കഥകള്‍ പുറത്ത് വന്നത്. അക്കര്‍മാശി, ജൂടന്‍, ഉച്ചല്യ, കരുക്ക്, ചെങ്കല്‍ ചൂളയിലെ ജീവിതം, ബലൂത, ഉപാര, ജിനാ അമുച്ചാ, മല്യ ജെല്‍മാച്ചി ചിത്രകഥ, കരുക്കാച്ചി ഇട്ടോണ്ടി, അപ്‌നെ അപ്‌നെ പിഞ്ചാരെ, സൈറന്‍ ഓഫ് ഡി നൈറ്റ്, ഗവര്‍മെന്റ് ബ്രാഹ്‌മണ, The prison we broke, The life less ordinary, Interrogating My Chandal Life: An Autobiography of a Dalit, Naanu Bhairagi Alla, Dalithan: An Autobiography, Kandalkkadukalkkidayile Ente Jeevitham, Aathmakatha, Kadutha, തുടങ്ങി നിരവധി ദലിത് ആത്മകഥകള്‍ സവര്‍ണ്ണര്‍ സൃഷ്ടിച്ചെടുത്ത ലോകത്തെ, അതിന്റെ വീക്ഷണത്തെ മൂല്യബോധത്തെ വിനിമയങ്ങളെ മറ്റൊരു തലത്തില്‍ നിന്നും നോക്കാനും കാണാനും വിശകലനം ചെയ്യാനും ശ്രമിച്ചിട്ടുള്ള പുസ്തകങ്ങളാണ്. അത്തരം പുതിയ ഭാവുകത്വത്തിലേക്ക് വായനക്കാരെ നയിക്കുന്ന പുസ്തകമാണ് പെങ്ങണത്തി.
പറയ സമുദായത്തില്‍ കോന്നന്റെയും മാണിയുടെയും മകളായിട്ടാണ് ലക്ഷ്മി ജനിക്കുന്നത്. പെരുമ്പാവൂരിനടുത്ത് മൊടക്കുഴയില്‍ ആണ് ലക്ഷി ജനിച്ചത്. ജനിച്ചത് എന്നാണ് എന്നറിയില്ല. അത് അറിയാനുള്ള കൃത്യമായ ഒരു ചരിത്ര രേഖയ്ക്കുള്ളില്‍ ഒതുങ്ങുന്ന ഒരു ബാല്യമോ കൌമാരമോ ലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിക്കുക എന്നത് അതിജീവനത്തിന് അത്യന്താപേക്ഷിതമായ ഒരു ബാല്യമായിരുന്നു അവരുടേത്. അച്ഛനെ ലക്ഷ്മി അടയാളപ്പെടുത്തുന്നത് ”കള്ളുകുടിക്കും, പാട്ട് പാടും, വഴക്കുണ്ടാക്കും” എന്നാണ്. ഭാവിയിലേക്ക് ഒരു ചെറു വെട്ടം പോലും കാണാതിരിക്കുന്ന കൂരിരുട്ടില്‍ മനുഷ്യര്‍ പിന്നെന്താണ് ചെയ്യുക. കുഞ്ഞുന്നാളിലെ അമ്മ മരിച്ചു; അച്ഛന്‍ വേറെ വിവാഹം കഴിച്ചു. ”ഒരു മുതലാളിയുടെ പറമ്പില്‍ കൂരവെച്ചാണ് ഓര്‍മ്മവെച്ച നാള്‍മുതല്‍ കൂട്ടരോടൊപ്പം കഴിഞ്ഞത് എന്നത്” കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പട്ടികജാതി മനുഷ്യരുടെ അത്മാഖ്യാനത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരേടാണ്. വീടില്ല, വിദ്യാഭ്യാസമില്ല, പണമില്ല, ബന്ധുക്കള്‍ ഇല്ല. ഇത്തരം ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന മനുഷ്യര്‍ക്ക് മുന്നോട്ട് വരണമെങ്കില്‍ അത് ഭരണകൂട സഹായം ഒന്നിലൂടെ മാത്രമേ സാധിക്കൂ. ഇവിടെയാണ് ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പനം പ്രാമുഖ്യം നേടുന്നത്. ഇത്തരം ജീവിത സാഹചര്യങ്ങളില്‍ പെട്ടവര്‍ക്ക് കേവലം കഠിനാധ്വാനം കൊണ്ട് മാത്രം ജീവിതത്തില്‍ ഉയരുക അസാധ്യം തന്നെയാണ്. കൈത്താങ്ങ് ഇല്ലാതെ വളരാല്‍ ലോകത്തിലെ ഏറ്റവും വമ്പന്‍ കോര്‍പ്പറേഷനുകള്‍ക്ക് പോലും കഴിയില്ല എന്ന് ലോകചരിത്രം സാക്ഷ്യം പറയുമ്പോള്‍ ലക്ഷ്മിമാരുടെ കാര്യം പറയാന്‍ ഉണ്ടോ.
സഞ്ചാര സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് ജന്മിമാരുടെ ജാതി തിട്ടൂരങ്ങളെ നിഷേധിച്ചുകൊണ്ട് പൊതുവഴികളിലൂടെ നടന്നതിന് തല്ലുമേടിച്ച ഒരു വല്യച്ചനെ ലക്ഷ്മി ഓര്‍ത്തെടുക്കുന്നു. തീണ്ടല്‍ പലകകളിലൂടെ, വന്യമായ മര്‍ദ്ദനങ്ങളിലൂടെ ജന്മിത്വം ഉണ്ടാക്കി പരിപാലിച്ച ജാതിയുടേയും അയിത്തത്തിന്റെയും അസ്പൃശ്യതയുടേയും സവര്‍ണ്ണ കാലത്തെ കടന്നാണ് ലക്ഷ്മിമാര്‍ നവോഥാന കേരളത്തിലേക്ക് പിറന്നു വീണത്. തമ്പ്രാനും ലക്ഷ്മിയുടെ വെല്ലിച്ചനും തമ്മിലുള്ള അധികാര വിടവിനെയാണ് നവോഥാനവും നമ്മുടെ ഭരണഘടനയും കുറച്ചത്. ”നിങ്ങള്‍ തമ്പുരാക്കന്മാര്‍ ആയിരിക്കും എന്നാല്‍ ഇന്ന് നിയമത്തിനു വിധേയര്‍ ആണ്” എന്ന് ”എതിരില്‍ ” എം കുഞ്ഞാമന്‍ എഴുതുമ്പോള്‍ ജന്മിയുടെ തല്ലുകൊണ്ട വല്യച്ചനും കുഞാമാനും ഇടയില്‍ ദലിത് സമരങ്ങളുടെ ചെറുത്ത് നില്‍ക്കലുകളുടെ ഒരു വലിയ അനുഭവങ്ങള്‍ നിറഞ്ഞു കിടക്കുന്നുണ്ട്.
ഈറ്റ വെട്ടി കോട്ടയും മുറവും ഉണ്ടാക്കി വില്‍ക്കുന്ന ജോലിയായിരുന്നു ലക്ഷ്മിയുടെ കുടുംബത്തിന്. ഉണ്ടാക്കുന്ന കുട്ടയിലും വട്ടിയിലും മുറത്തിലും ഓരോന്ന് വീതം പത്ത് തമ്പ്രാന്‍ കുടുംബങ്ങള്‍ക്ക് കൊടുത്തിരിക്കണം എന്നത് നാട്ടു നടപ്പാണ്. കൊടുത്തില്ലെങ്കില്‍ അവര്‍ തല്ലും, തെണ്ടി പട്ടി പറപ്പട്ടി എന്നൊക്കെ വിളിക്കും, വേണ്ടി വന്നാല്‍ കൊല്ലുകയും ചെയ്യും. ജന്മിത്വം എന്നത് സവര്‍ണ്ണത എന്നത് ദൈവീകമായ ഒന്നാണെന്ന് ആണ് സവര്‍ണ്ണര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇരിങ്ങാലക്കുടയിലെ ഒരു നമ്പൂതിരി പൂജാരിയെ ”പൂണൂലിട്ട പെലയന്‍” എന്ന് ഒരു നായര്‍ സ്ത്രീക്ക് വിളിക്കാന്‍ കഴിയുന്ന തരത്തില്‍ ജനാധിപത്യം സാമൂഹ്യ അധികാരത്തെ തലതിരിച്ചു എന്നത് ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. ആര്‍ക്കാണോ അധികാരം അവര്‍ക്കാണ് അധീശത്തം വിഭവങ്ങളുടെ മേല്‍ ഉടമസ്ഥത. അല്ലാതെ സവര്‍ണ്ണതയ്ക്കും അസ്പൃശ്യതയ്ക്കും ഇടയില്‍ ദൈവങ്ങളോ അത്ഭുതങ്ങളോ ഇല്ല.
അസ്പൃശ്യതയുടെ വലിയ പാഠങ്ങള്‍ ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നുണ്ട്.
ലക്ഷ്മി പറയുന്നു ”കുട്ടയ്ക്കും മുറത്തിനും പൈസയൊന്നും തരാറില്ല. അവരുടെ വീടുകളില്‍ കല്യാണമോ അടിയന്തരമോ മറ്റോ ഉണ്ടാകുമ്പോ കൂടുതല്‍ കോട്ടയും മുറവും കൊടുക്കേണ്ടി വരും. ന്നാ ചോറുണ്ണുന്നിടത്തേക്ക് ഞങ്ങളാരും നിന്ന് കൂടാ. മറ്റൊരിടത്തേക്ക് മാറ്റിയിരുത്തിയെ ഞങ്ങക്ക് ചോറ് തരൂ”. ജാതിയും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ ആണ് ലക്ഷ്മി വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ ജാതി വ്യവസ്ഥയില്‍ ഭക്ഷണം ഒരു മുഖ്യ സംഗതിയാണ്. നമ്മള്‍ ആര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു എന്നത് നമ്മുടെ ജാതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സഹോദരന്‍ അയ്യപ്പന്റെ മിശ്രഭോജനം ഓര്‍ക്കുമല്ലോ. തൊട്ടുണ്ണുമ്പോള്‍ പിന്നെ അവശേഷിക്കുക മനസ്സില്‍ ഉള്ള ജാതി മാത്രമാണ്. മനസ്സിലുള്ള ജാതിയെ മറികടക്കുമ്പോള്‍ നമ്മള്‍ ജാതിക്ക് അതീതരായി വിവാഹം കഴിക്കാന്‍ തയ്യാറാകുന്നു. ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് മലയാളി അവന്റെ ജാതീയമായ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിച്ചത്. നായരുടെ പുട്ടിനെ കണ്ട്യപ്പം എന്ന് നമ്പൂതിരി വിളിച്ചപ്പോള്‍, തന്നില്‍ നിന്നും നായര്‍ പന്ത്രണ്ട് അടി മാറിനില്‍ക്കണം എന്ന് പറഞ്ഞപ്പോള്‍, സംബന്ധം എന്റെ അവകാശമാണ് എന്ന് നമ്പൂതിരി പറഞ്ഞപ്പോള്‍, നായര്‍ക്കൊപ്പം ഭക്ഷണം പങ്കിട്ട് കഴിക്കാതെ ഇരുന്നപ്പോള്‍, അസ്പൃശ്യ ജാതികളെ ദൃഷ്ടിയില്‍ പോലും പെടാന്‍ അനുവദിക്കാതെ ജീവിച്ചപ്പോള്‍ ജാതി എന്നത് ഇന്ദ്രിയാനുഭവം ആയിരുന്നു എന്ന് കാണാം. സ്പര്‍ശം രുചി കാഴ്ച്ച മണം ഒക്കെ ചേര്‍ന്നതായിരുന്നു മലയാളിയുടെ ജാതി. മാംസ വിഭവാങ്ങള്‍ കേരളത്തിലെ നിരത്തുകള്‍ കീഴടക്കുന്ന വര്‍ത്തമാന കാലത്തും ”ഉള്ളിയുടെ മണം പറ്റില്ല ഇറച്ചിയുടെ മണം പറ്റില്ല എങ്ങനെയാ മാംസം തിന്നുക എന്ന് പറയുന്നവര്‍ ” അന്യം നിന്ന് പോയിട്ടില്ല എന്നത് മിക്കവരുടേയും വ്യക്തിഗത അനുഭവം ആയിരിക്കുമല്ലോ. ഒരാള്‍ എന്ത് കഴിക്കണം എന്ന് മെഡിക്കല്‍ സയന്‍സ് അല്ലാതെ മറ്റാരു നിശ്ചയിച്ചാലും അത് ഫാസിസം ആണ്.
പെങ്ങണത്തിയില്‍ ലക്ഷ്മി പറയുന്ന മറ്റൊരു കാര്യം വര്‍ത്തമാന ദലിത് രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുന്നതില്‍ വളരെ പ്രധാനമായ ഒരു കാര്യമാണ്. ജന്മിയുടെ കല്യാണപ്പുരയില്‍ തങ്ങളെ വിളിക്കുന്നതും കാത്ത് ദൂരെ ഒരിടത്ത് ഒതുങ്ങി പതുങ്ങി ചൂളി നിന്ന പറയര്‍ക്ക് ഒപ്പം പുലയരും ഉണ്ടായിരുന്നു എന്ന ഭാഗം നമ്മള്‍ വളരെ ശ്രദ്ധിച്ചു വായിക്കേണ്ട ഒരു കാര്യമാണ്. ജാതി എന്നത് ശ്രേണീകൃതമായ സാമൂഹ്യ പദവി ആണെന്ന് ആണ് അംബേദ്കര്‍ പറഞ്ഞത്. തങ്ങള്‍ക്ക് മുകളില്‍ ഉള്ളവരോട് വിധേയത്തം കാണിക്കുകയും തങ്ങള്‍ക്ക് താഴെ ഉള്ളവരോട് വിവേചനം കാണിക്കുകയും ചെയ്യുന്നതിലൂടെയാണ് ജാതി പ്രവര്‍ത്തിക്കുന്നത്. വര്‍ത്തമാന കേരളത്തില്‍ ഇന്നും പരസ്പരം അയിത്തം പുലര്‍ത്തുന്ന പട്ടികജാതികള്‍ ഉണ്ട് എന്നത് അസുഖകരമായ ഒരു സത്യമാണ്. ചരിത്രപരമായി ഒരേ അയിത്തവും വിവേചനവും അനുഭവിച്ച ജനതകള്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് കീഴിയില്‍ തുല്യത ഒരു സിദ്ധാന്തമായിട്ടെങ്കിലും അനുഭവിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറിയെങ്കിലും ഇന്നും ഞാനാണ് മുന്‍പന്‍ നീ താഴ്ന്നവന്‍ എന്ന വേര്‍തിരിവ് കാണിച്ച് പരസ്പരം കൊമ്പ് കോര്‍ക്കുന്ന പട്ടികജാതികള്‍ കേരളത്തില്‍ ഉണ്ട്. ചരിത്രപരമായി തങ്ങള്‍ അനുഭവിച്ച ജാത്യാനുഭവങ്ങളെ ബോധപൂര്‍വ്വം മറക്കുകയും പകരം സവര്‍ണ്ണ ജാതി വ്യവസ്ഥയുടെ ബ്രാഹ്‌മണ യുക്തികള്‍ സ്വീകരിച്ചുകൊണ്ട് പരസ്പരം പോരടിക്കുന്ന വര്‍ത്തമാന ദലിത് സാമൂഹ്യ വൈകൃതം എത്രമേല്‍ അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് ദോഷകരം ആണെന്ന് ഈ പുസ്തകം വ്യംഗ്യമായി സൂചിപ്പിക്കുന്നു.
ഇടുക്കി ഡാം നിര്‍മ്മാണവും ഒരു കൊച്ചു പ്രണയവും
ഇടുക്കിയില്‍ ഡാം പണിക്ക് പെരുമ്പാവൂരില്‍ നിന്നും ലക്ഷ്മി അടക്കമുള്ള പണിക്കാരെ കൊണ്ടുപോയ ഈഴവനായ കേശവന്‍ മേസ്തിരി കേരളത്തിന്റെ സാമ്പത്തിക വികസനത്തിലെ ഒരു സൂചികയാണ്. വികസനം ഉണ്ടാകുമ്പോള്‍ ആര്‍ക്കൊക്കെ ആണ് അതിന്റെ പങ്ക് പറ്റാന്‍ കഴിയുന്നത് എന്നത് അവരുടെ വരും തലമുറകളുടെ കൂടി ഭാവി നിശ്ചയിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഇന്ത്യയിലെ ഭൂവിനിയോഗത്തില്‍ അതിന്മേലുള്ള നികുതിയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നപ്പോള്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നപ്പോള്‍, ബ്രിട്ടനില്‍ പോയി പഠിക്കാനുള്ള അവസരം വന്നപ്പോള്‍ അതിലൊക്കെ ആര്‍ക്കൊക്കെയാണ് പങ്കാളിത്തം ഉണ്ടായത് എന്നത് ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ വര്‍ഗ്ഗതലത്തെ സൂചിപ്പിക്കുന്നു. ഇടുക്കി ഡാമിലെ പണിയിലേക്ക് എത്തുമ്പോള്‍ ലക്ഷ്മിക്ക് കൂലി പണമായി കിട്ടിത്തുടങ്ങുന്നു. ജന്മിക്ക് കൊട്ടയും വട്ടിയും കൊടുത്ത് അയാളുടെ തല്ലും തെറിയും എച്ചിലും മാത്രം കിട്ടിയിരുന്ന കാലത്തില്‍ നിന്നും കൂലി പണമായി കിട്ടുന്ന കാലത്തിലേക്കുള്ള പരിണാമം കൂലി പണമായി എന്നതിനപ്പുറം തനിക്ക് ഇഷ്ടപ്പെട്ടത് വാങ്ങിക്കാന്‍ ഉള്ള ഒരു സാധ്യതയും ക്രയശേഷിയും അവര്‍ക്ക് ഉണ്ടാകുന്നു എന്നതാണ്. കയ്യില്‍ പണം ഉണ്ടെങ്കിലും ഒരു സവര്‍ണ്ണ കടയില്‍ പോയി സാധനം വാങ്ങാന്‍ പറ്റാത്ത ജാതീയമായ അവസ്ഥ ഒരാള്‍ക്ക് ഇന്നും പലയിടങ്ങളിലും ഉണ്ട് എന്നതിന്റെ വെളിച്ചത്തില്‍ ആണ് ”വികസനം എന്നത് സ്വാതന്ത്ര്യം” ആണെന്ന് അമര്‍ത്യ സെന്‍ പറയുന്നത്.
ഇടുക്കിയിലെ ഡാം പണിക്കിടയില്‍ വെച്ചാണ് ലക്ഷ്മി ദീപ് ചന്ദ് സിംഗ് എന്ന സിക്കുകാരന്‍ പഞ്ചാബുകാരനുമായി പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും. പിന്നീട് ജീവിതത്തിലെ മറ്റൊരു ഇടവഴിയില്‍ വെച്ച് ലക്ഷ്മി രാമനെ കണ്ടു മുട്ടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. അസുഖം കൂടി ശരീരം മുഴുവന്‍ മഞ്ഞ നിറമായി ആരാലും നോക്കാന്‍ ഇല്ലാതെ റോഡരികില്‍ കിടന്ന രാമനെ ലക്ഷ്മിയാണ് മരുന്ന് കൊടുത്ത് ആരോഗ്യം വീണ്ടെടുത്തത്. പില്‍ക്കാലത്ത് അറിയാതെ വിഷം കുടിച്ച് മരണപ്പെട്ട രാമനെ ലക്ഷ്മി ഇങ്ങനെ ഓര്‍ക്കുന്നു. ”മഞ്ഞ നിറവുമായി എന്റെടുത്ത് വന്നയാള്‍ നീല നെറോമായി എന്നെ വിട്ട് പോയി.
ദീപ് ചന്ദ് സിങ്ങില്‍ നിന്നും ഉണ്ടായ കുട്ടിയെ വളര്‍ത്തുകയും കല്യാണം കഴിച്ചയക്കുകയും ചെയ്ത ലക്ഷ്മി പിന്നീട് സിനിമയിലും നാടകത്തിലും അഭിനയിക്കുകയുണ്ടായി.പുസ്തകത്തിന്റെ അവതാരിക എഴുതിയ മൃദുലദേവി എഴുതുന്നു ”ഇടുക്കി അണക്കെട്ട് എന്ന് ഓര്‍ക്കുമ്പോള്‍ ആദിവാസി കൊലുമ്പനെ ഓര്‍ക്കുന്നവര്‍ ഇനിമുതല്‍ ലക്ഷ്മി രാമനെക്കൂടി ഓര്‍ക്കുക. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ക്യാമറ ഡി ഓര്‍ പുരസ്‌കാരം നേടിയ ”മരണസിംഹാസനം ” എന്ന സിനിമയിലെ നായികയായ ലക്ഷ്മിയുടെ കൂടി അധ്വാനത്തിലാണ് ഇടുക്കി ഡാം പണിഞ്ഞിട്ടുള്ളത്”.
ഈ ആത്മകഥയുടെ ഒരു പ്രത്യേകത വളരെ ലളിതമായ ഭാഷയില്‍ അനുഭവങ്ങള്‍ പറഞ്ഞുപോകുന്നു എന്നതാണ്. യാതൊരുവിധ നാടകീയതയും ഇല്ലാതെ യാതൊരുവിധ വളഞ്ഞു പറയലുകള്‍ ഇല്ലാതെ കഥപറയുന്ന രീതി ഈ കൊച്ചു പുസ്തകത്തെ മികച്ചതാക്കുന്നു. റോസിക്ക് ശേഷം മുഖ്യധാരാ സിനിമയില്‍ ഇടം നേടിയ, ഒരുപക്ഷെ ഇത്തരമൊരു പുസ്തകം ഇല്ലായിരുന്നുവെങ്കില്‍ ആരാലും തിരിച്ചറിയാതെ ആരാലും ഓര്‍ക്കപ്പെടാതെ അവസാനിക്കുമായിരുന്ന ഒരു സ്ത്രീ ജീവിതത്തെ തേടിപ്പോകുകയും അതിനെ കണ്ടെത്തുകയും മലയാളി വായനക്കാരുടെ മുന്‍പിലേക്ക് എത്തിക്കുകയും ചെയ്ത കണ്ണന്‍ മേലോത്തിനെ പോലുള്ള സ്വതന്ത്ര ഗവേഷകരോട് മലയാളി വായനാ സമൂഹം കടപ്പെട്ടിരിക്കുന്നു. അധിക വായനക്കാരെ ”പ്രതീക്ഷിക്കാന്‍” കഴിയാത്ത ഒരു പുസ്തകത്തിനു വേണ്ടി അധ്വാനിച്ച QUIVIVE Text ന്റെ അമരക്കാരന്‍ പ്രകാശ് രാമദാസും അണിയറപ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നു. ധനഞ്ജയ് കീര്‍ രചിച്ച അംബേദ്കറുടെ ജീവചരിത്രത്തിന്റെ മലയാള വിവര്‍ത്തനം പോലൊരു വലിയ പുസ്തകത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറായ QUIVIVE Text ന്റെ സാമൂഹ്യ പ്രതിബദ്ധത മലയാളി പൊതുസമൂഹം തിരിച്ചറിയുക തന്നെ വേണം. കേരളത്തിന്റെ സാമൂഹ്യ വികസനത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച കേരള മോഡല്‍ വികസനത്തില്‍ എങ്ങനെയാണ് ലക്ഷി രാമനെ പോലുള്ള ലക്ഷങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ളത് എന്ന ആഴത്തിലുള്ള സാമ്പത്തിക ചരിത്ര വായനയ്ക്കും അന്വേഷണത്തിനുമുള്ള വലിയ വാതിലുകള്‍ ആണ് ലക്ഷ്മിയും കണ്ണന്‍ മാലോത്തും നമുക്ക് തുറന്നുതരുന്നത്.
പെങ്ങണത്തി : ലക്ഷ്മി രാമന്റെ ആത്മകഥ
കേട്ടെഴുത്ത് : കണ്ണന്‍ മേലോത്ത്
പ്രസാധകര്‍ : Quivive Text
വില : 90 രൂപ
No Comments yet!