Skip to main content

പലായനങ്ങളുടെയും സര്‍വൈവലുകളുടെയും ടൂറിസ്റ്റ് ഫാമിലി

ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയില്‍ ഒരു പള്ളിയില്‍ വെച്ച് അനാഥനായ ഒരു യുവാവ് (അഭിശാന്ത് ജീവിന്ത് -സംവിധായകന്‍) തന്റെ സങ്കടം പറയുന്ന ഒരു സീന്‍ ഉണ്ട്. അയാള്‍ ശശികുമാറിന്റെ കഥാപാത്രത്തെ പൊലിപ്പിച്ചു കൂടെ ആണ് പറയുന്നത്. ആ പള്ളിയില്‍ കൂടെ ഇരിക്കുന്നവരും സിനിമയുടെ പ്രേക്ഷകരും അടക്കം ആ സീനില്‍ കരയുകയോ കണ്ണില്‍ നിന്ന് വെള്ളം വരുകയോ ചെയ്യും. ഒരു അമ്മച്ചിയുടെ മരണാനന്തര ചടങ്ങില്‍ ഫോട്ടോയ്ക്ക് മാല ഇട്ടിരിക്കുമ്പോഴാണ് ഈ കരച്ചില്‍. ആ സീനിന്റെ അവസാനം ശശികുമാറിന്റെ മകന്റെ ഒരു കമന്റ് ഉണ്ട്: ‘അപ്പാ.. ആ ചേട്ടന്റെ പറച്ചില്‍ കേട്ടപ്പോള്‍, അപ്പന്റെ ഫോട്ടോയാണ് അവിടെ ഇരിക്കേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്…’ എന്ന രീതിയിലാണ് ആ കുട്ടിയുടെ വര്‍ത്തമാനം. സങ്കടത്തിന്റെ പരമ്യത്തില്‍ എത്തുമ്പോള്‍ ചിരിപ്പിക്കാനുള്ള അപാരമായ കഴിവാണ് ഈ സിനിമയുടെ ഇരുപത്തിയഞ്ചു വയസ്സുകാരനായ അഭിശാന്ത് ജീവിന്ത് എന്ന സംവിധായകന്റേത്. അങ്ങനെ അപാരമായ സീന്‍ ക്രാഫ്റ്റിംഗിന്റെ പല ഉദാഹരണങ്ങളും ഈ സിനിമയിലുണ്ട്. അതാണ് ഈ സിനിമയെ കണ്ടു രസിക്കുന്നതിന് ഒരു കാരണമാകുന്നത്. മനുഷ്യന്മാര്‍ തമ്മില്‍ സ്‌നേഹിക്കുന്നത് കാണാന്‍ എന്ത് രസാണ്.

മിനാരി (2020), ഐ ഓ കാപ്പിറ്റാനോ (2023), ദി ഗോള്‍ഡന്‍ ഡ്രീം (2013), ചില്‍ഡ്രന്‍ ഓഫ് മെന്‍ (2006) തുടങ്ങി അനേകം ഇമിഗ്രന്റ് സിനിമകള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം സിനിമകളില്‍ അഭയാര്‍ഥിത്വത്തിന്റെ സാഹസികതയും ദാരിദ്ര്യവും പീഡനവും, ജയില്‍വാസവും, കൊലപാതകങ്ങളും, മരണങ്ങളും എല്ലാം ചിത്രീകരിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പക്ഷേ, ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്, അതിനെ ഇന്ത്യന്‍ പോപ്പുലര്‍ കള്‍ച്ചറില്‍ ഒരു ഫീല്‍-ഗുഡ് ഫിക്ഷണല്‍ മോഡില്‍ ചിത്രീകരിച്ചിരിക്കുന്നതിലാണ്. ഇതിന്റെ ദൃശ്യാനുഭവം വളരെ രസകരമായതാണ്. ഇന്ത്യ എന്ന അഭയാര്‍ഥികളോടും അന്യരാജ്യക്കാരോടും അതിഥി തൊഴിലാളികളോടും വംശീയമായി പെരുമാറുന്ന, അതിനുമപ്പുറം ജാതിവംശീയതയില്‍ അഭിരമിക്കുന്ന ഒരു രാജ്യത്ത്, ഒരു ഫിക്ഷണല്‍ ഫാന്റസി ആയി ഈ സിനിമയെ കണ്ടു കൊണ്ടിരിക്കാം. ഈ സിനിമയിലേതുപോലെ ആയിരുന്നെങ്കില്‍ എന്നു സ്വപ്നം കാണാം. ഈ സിനിമയുടെ കൂടെ ഇമോഷണല്‍ ആകാനും, അല്ലെങ്കില്‍ ഒരു സ്വപ്നം പോലെ ആസ്വദിക്കാനും സാധിക്കും. ഇതാണ് ഈ സിനിമയുടെ പ്രത്യേകതയും അതിന്റെ സാധ്യതയും.
ശ്രീലങ്കയില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍, ആ രാജ്യത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്നുപോകുന്ന ഒരു കുടുംബത്തിന്റെ ചെന്നൈ നഗരത്തിലെ സര്‍വൈവല്‍ ആയാണ് ഈ കോമിക്-ഡ്രാമാ സിനിമ രൂപപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക തകര്‍ച്ചയും പ്രതിസന്ധിയും അവിടത്തെ ജനങ്ങളുടെ ജീവിതം ദുരിതമാക്കിയത് സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒരു ലിറ്റര്‍ പെട്രോളിനായി കിലോമീറ്ററുകളോളം ക്യൂ നിക്കുന്ന ജനങ്ങളുടെ വീഡിയോകള്‍ അടക്കം വാര്‍ത്തകളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനു പുറമെ തമിഴ് ജനതയോടുള്ള വംശീയതയും. അങ്ങനെ പ്രതിസന്ധി നിറഞ്ഞ ഒരു രാജ്യത്തില്‍ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന ഒരു കുടുംബത്തിന്റെ എക്‌സിസ്റ്റന്‍സ് ആണ് ഈ സിനിമയുടെ പ്രമേയം. അവിടെ തമിഴ് എന്ന ഭാഷയില്‍ അഭിമാനിക്കുന്ന തമിഴ്‌നാട്ടില്‍ തമിഴ് എന്ന ഭാഷ തന്നെ ഒരു സര്‍വൈവല്‍ പ്രശ്‌നമാകുന്ന ഒരു പാറഡോക്‌സിലേക്കും ഈ സിനിമ പോകുന്നു. ഈ സിനിമ കാണുന്ന അതേ സമയത്ത് തന്നെ ആണ് രോഹിങ്കിയന്‍ അഭയാര്‍ഥികളെ ഇന്ത്യ കടലില്‍ തള്ളുന്നത്. സിറ്റീസണ്‍ഷിപ്പിന്റെ അനേകം സമരങ്ങളും കണ്ട ഒരു രാജ്യം കൂടി ആണ് ഇന്ത്യ. ഈ സിനിമ അത്തരം യാഥാര്‍ഥ്യങ്ങളുടെ കഠിനതയിലേക്ക് കടക്കാതെ, ഒരു ശ്രീലങ്കന്‍ കുടുംബത്തിന്റെ ജീവിതത്തെ വേറിട്ടൊരു ഫിക്ഷണല്‍ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു.


ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ സമം തീവ്രവാദി എന്ന ഭരണകൂട ഭാഷ്യത്തില്‍, ഈ കുടുംബം ഭരണകൂടത്തിന്റെ അധികാരത്താലും, പോലീസിനാലും വേട്ടയാടപ്പെടുന്നു. ഇങ്ങനെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളും അതിനപ്പുറം, ഇന്ത്യന്‍ സമൂഹത്തെ ഫിക്ഷണലൈസ് ചെയ്ത്, വിവിധ ഇമോഷണുകളെ ബന്ധിപ്പിച്ചും, സിനിമാറ്റിക് ക്രാഫ്റ്റിന്റെ മികച്ച ഉപാധികളിലൂടെ കൂടെ രൂപപ്പെടുത്തിയതാണ് ഈ സിനിമ. അഭയാര്‍ഥി പ്രശ്‌നത്തെ പോപ്പുലര്‍ കള്‍ച്ചറില്‍ വേറിട്ട രീതിയില്‍ അവതരിപ്പിച്ചതിനാല്‍ ഈ സിനിമ കണ്ടിരിക്കാം. സിനിമയിലെ മനുഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചറിയുന്നത് കാണുമ്പോള്‍, മനസ്സിലാകുന്നത് കാണുമ്പോള്‍ അങ്ങനെ ഒരു ലോകം ഉണ്ടോ അല്ലെങ്കില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നും ചിന്തിച്ചുപോകും.
അത് പോലെ മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുന്നത് കാണുവാന്‍ എന്തു രസാണ്..!

No Comments yet!

Your Email address will not be published.