Skip to main content

എക്കോയില്‍ തെളിയുന്നത്

എക്കോ മലയാളത്തില്‍ അത്രയധികം സംഭവിച്ചിട്ടില്ലാത്തതരം സിനിമകളില്‍ ഒന്നാണ്. എന്നാല്‍ വിദേശസിനിമകളെടുത്താല്‍ ഒട്ടേറെ മാതൃകകള്‍ പല ഭാഷകളിലായി കാണാനുമുണ്ട്. എങ്കിലും മലയാളസിനിമയെ സംബന്ധിച്ച് കഥയും തിരക്കഥയും അവയോട് നീതിപുലര്‍ത്തുന്ന രൂപവുമായെത്തിയ എക്കോ മികച്ച അനുഭവമാണെന്ന് പറയാം.

Eko: A Dark, Layered Thriller That Completes the Animal Trilogy

ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനവും ബാഹുല്‍ രമേശിന്റെ രചനയും ഒന്നിച്ച കിഷ്‌കിന്ധയില്‍നിന്ന് അതേ ടീമിന്റെ എക്കോയിലേക്കെത്തുമ്പോള്‍ കഥ പറയാനുള്ള സഹജമായ വാസന അതിന്റെ പരകോടിയിലെത്തുന്നുവെന്ന് പറയാം. ബാഹുലിന്റെ തിരക്കഥയാണ് ഇത്തവണയും സിനിമയെ പ്രാഥമികമായി കരുത്തുറ്റതാക്കുന്നത്. കിഷ്‌കിന്ധാകാണ്ഡത്തില്‍നിന്ന് ആരണ്യകാണ്ഡത്തിലേക്ക് റിവേഴ്‌സ് ഗിയറിലാണ് എക്കോ. ഒളിച്ചുകഴിയലിന്റെ ആരണ്യകാണ്ഡത്തിലാണ് എക്കോ അതിന്റെ സസ്‌പെന്‍സ് ഒളിപ്പിച്ചുവച്ചിട്ടുള്ളത്. കഥ പറയലിന്റെ ആഖ്യാനരീതിയും സൂക്ഷ്മമായതും കഥയ്ക്ക് അനിവാര്യമായതുമായ ദൃശ്യങ്ങള്‍മാത്രം തുന്നിച്ചേര്‍ക്കുന്ന ചിത്രഭാഷയും എക്കോ നിലനിര്‍ത്തുന്നു. ഒരുപക്ഷെ മലയാളത്തിന്റെ മുഖ്യധാരാ സിനിമ അടുത്തകാലത്തായി ഏറ്റവും മുന്നേറിയത് ഈ സൂക്ഷ്മതയിലാണ്. ലോകയെപ്പോലുള്ള അപവാദങ്ങളുണ്ടെങ്കിലും ആട്ടവും ഉള്ളൊഴുക്കും തടവും വിക്ടോറിയയും കിഷ്‌കിന്ധയും ഫെമിനിച്ചി ഫാത്തിമയുമടക്കം എത്രയോ സിനിമകള്‍ ആ വഴിയ്ക്ക് വിജയിച്ചുകഴിഞ്ഞു. എക്കോയിലേക്ക് തിരിച്ചുവരാം.

എക്കോ രൂപപരമായി യൂറോപ്യന്‍ സിനിമയുടെ അനുകരണമാണ്. ലോക്കി (lowkey)യോടടുത്ത കറുപ്പ് കൂടിയ നിറവിന്യാസം, ഷോട്ടുകളുടെ തിരഞ്ഞെടുപ്പ് തുടങ്ങി ആ രൂപം ഒരു യൂറോ നോട്ടത്തിന്റെ ഭാഗമായി മാറുന്നു. കഥയും രണ്ടാംലോകമഹായുദ്ധമടക്കം പരമാര്‍ശിക്കപ്പെട്ട് ഒരു ലോകനോട്ടം സാധ്യമാക്കിയിട്ടുണ്ട്. സിനിമയുടെ ഭാഷ അതിന്റെ തുടക്കം മുതല്‍ യൂറോ/അമേരിക്കന്‍ നോട്ടപ്പാടുകളെയാണ് പിന്തുടരുന്നത് എന്നത് വസ്തുതയാണ്. മറ്റ് നിറങ്ങളെയും നോട്ടങ്ങളെയും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിരുന്ന മലയാളസിനിമപോലെയുള്ള ഇന്റസ്ട്രികള്‍ ഇപ്പോള്‍ ആ ചെറുത്തു നില്പും അവസാനിപ്പിക്കുകയാണ് എന്നുവേണം കരുതാന്‍. ലോക പോലെ സമീപകാല മാതൃകകള്‍ വന്‍ വിജയങ്ങളാകുന്നത് കാണാതിരിക്കാന്‍ കഴിയില്ല. ഇയ്യോബിന്റെ പുസ്തകം പോലുള്ള സിനിമകള്‍ മുമ്പുതന്നെ ഈ വഴി തുറന്നിരുന്നു എന്നത് സത്യമാണ്. എങ്കിലും സൂക്ഷ്മമായ ചില മാറ്റങ്ങളെ സമകാലമാണ് ഏറ്റെടുത്ത് ദൃശ്യപ്പെടുത്തുന്നത്. അക്കൂട്ടത്തിലാണ് എക്കോയും വരുന്നത്.

Eko' Movie Review: One of the Year's Most Accomplished, Immersive Films

ഭാവവും രൂപവും കാടും മലയും അതിര്‍ത്തിയും നക്‌സല്‍ പരാമര്‍ശവുമടക്കം വാനരനുപകരം ശ്വാനന്മാരുമായി കിഷ്‌കിന്ധയുടെ ചേരുവകളെല്ലാം ബാഹുലിന്റെ ഈ രചനയിലും പിന്തുടരുന്നു. കിഷ്‌കിന്ധ ഏതാണ്ട് പൂര്‍ണ്ണമായും ആവര്‍ത്തിക്കുകയും ആ അച്ചിലേക്ക് പുതിയ സന്ദര്‍ഭങ്ങളെ സന്നിവേശിപ്പിക്കുകയുമാണ് എക്കോയിലും ബാഹുല്‍ ചെയ്യുന്നത്. വാനരന്മാര്‍ ഭരിച്ചിരുന്ന ഇരുണ്ട സ്ഥലരാശി ശ്വാനന്മാര്‍ വാഴുന്ന മലമ്പ്രദേശമാകുന്നു എക്കോയില്‍. സ്‌നേഹം, സംരക്ഷണം, അധികാരം എന്നിവ വച്ചുമാറുന്ന കഥാപരിസരം എക്കോയും തുടരുന്നു. അപ്പുപ്പിള്ള സ്വന്തം ഓര്‍മകളെ തപ്പിയെടുക്കാന്‍ ശ്രമിക്കുന്നത് ഇവിടെ കുര്യച്ചന്റെ ഓര്‍മകളുമായി അയാളെ വേട്ടയാടാന്‍ ഇറങ്ങുന്നവരുടെ തപ്പിയിറങ്ങലായി മാറുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അപ്പുപ്പിള്ളയുടെ നിഗൂഢതകള്‍ മകനും പോലീസും മകന്റെ ഭാര്യയും പേരക്കുട്ടിയുമൊക്കെ പലവിധത്തില്‍ അന്വേഷിക്കുന്നതിന്റെ കഥയാണ് കിഷ്‌കിന്ധയെങ്കില്‍ കുര്യച്ചനെയും അയാളുടെ കഥകളെയും തപ്പിയിറങ്ങുന്ന കുറേ മനുഷ്യരാണ് എക്കോയിലുള്ളത്. അപ്പുപ്പിള്ളയുടെ ആശ്രിതനായ മകന്‍ കുര്യച്ചന്റെ ആശ്രിതനായ പിയൂസായി, മണികണ്ഠനായി എക്കോയിലേക്ക് പരകായപ്പെടുന്നു. ചോദ്യംചെയ്യാന്‍മാത്രം ധൈര്യം കാണിച്ച അപര്‍ണ പകരംവീട്ടാനും കഴിയുന്ന മ്ലാത്തിച്ചേടത്തിയായി വളരുന്നു. കിഷ്‌കിന്ധയില്‍ തുടങ്ങിവച്ച ദാമ്പത്യം, സ്‌നേഹത്തിന്റെ സുരക്ഷിതത്വങ്ങള്‍ എന്നിവ മറ്റൊരു ഘട്ടത്തില്‍ തടവറയും കരുക്കുമാകുന്നതിന്റെ ദാമ്പത്യവിമര്‍ശമായും അതിന്റെ അനിവാര്യമായ പ്രതിരോധമായും വികസിക്കുന്നു. ചുരുക്കത്തില്‍ കിഷ്‌കിന്ധയുടെ പാചകക്കൂട്ടില്‍തന്നെ ബാഹുല്‍, ദില്‍ജിത്ത് ടീം മറ്റൊരു വിഭവം ഒരുക്കി ജയിക്കുന്നു.

Black Dog (2024) - IMDb

കിം കി ഡുക്കിന്റെ പടങ്ങള്‍ മാത്രമല്ല, ഗ്വാന്‍ ഹു വിന്റെ ബ്ലാക് ഡോഗ് പോലെയുള്ള ചില സിനിമകളും എക്കോ കാണുമ്പോള്‍ ഓര്‍മ്മയിലെത്തി. എക്കോയിലെ ശ്വാനസ്‌നേഹം (കുര്യച്ചന്റെയും മ്ലാത്തിയുടെയും) സ്‌നേഹമല്ല, അടിമപ്പെടുത്തലാണ്. അതുകൊണ്ട് തീര്‍ച്ചയായും ഇതൊരു മനുഷ്യപക്ഷമാത്രസിനിമയാണ്. ഏതുതരം മനുഷ്യരോടാണ് ചിത്രത്തിന്റെ പക്ഷം എന്നതും ആലോചിക്കാവുന്നതാണ്. മ്ലാത്തിയോട് പക്ഷം ചേരുമ്പോള്‍ അത് പ്രതികാരത്തിന്റെകൂടി പക്ഷമാകുന്നു. കുര്യച്ചന്റെ ഭാഗം പൂര്‍ണ്ണമായും മറഞ്ഞുപോകുന്നതിനാല്‍ തിരക്കഥ അപൂര്‍ണമാകുന്നതും കാണാതിരിക്കാനാവില്ല. പലതരം നരേഷനുകളില്‍, നോട്ടപ്പാടുകളില്‍ കുര്യച്ചനെ വരച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴും അയാള്‍ ആരാണ്, അയാളുടെ സത്യമെന്ത് എന്നൊന്നും സിനിമ പറയുന്നില്ല. ശരിയ്ക്കും ആരാണ് കുര്യച്ചന്‍ എന്ന ചോദ്യം എല്ലാ ബില്‍ഡപ്പുകളെയും തളര്‍ത്തിക്കൊണ്ട് സിനിമയ്ക്കുശേഷവും നിലനില്ക്കുന്നു. മ്ലാത്തിച്ചേടത്തിയുടെ കൊല്ലാതെയുള്ള കൊല അഥവാ തടങ്കലിലിടല്‍ ഒരേ സമയം കുര്യച്ചനെ ശത്രുക്കളില്‍നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. ഒരേ നാണയത്തിലുള്ള ഈ തിരിച്ചടിയാണ് സിനിമയുടെ സംവേദനത്തെ ഉയരത്തിലെത്തിക്കുന്നത്. എങ്കിലും കൊലയാളികളെ നിയമത്തിനു വിട്ടുകൊടുക്കാതെ നിര്‍ത്തുന്ന കഥ പറച്ചില്‍ എക്കോയെ മനുഷ്യപക്ഷത്തുനിന്നും അകറ്റുന്നു.

പ്രമേയപരമായ ഇത്തരം പരിമിതികള്‍ ഉണ്ടെങ്കിലും രൂപത്തില്‍ യൂറോപ്യന്‍ വാര്‍പ്പുമാതൃകകള്‍ ആവര്‍ത്തിക്കുന്നത് വ്യക്തമെങ്കിലും ടെക്‌നിക്കലായും സൂഷ്മമായുമുള്ള ശ്രമങ്ങള്‍ എന്ന നിലയിലും ആഖ്യാനതന്ത്രങ്ങളുടെ ഗംഭീരമായ വിന്യാസം എന്ന നിലയിലും എക്കോ വിജയിക്കുന്നുണ്ട്. പിന്നണിയിലുള്ളവര്‍ക്ക് ആശംസകള്‍.

No Comments yet!

Your Email address will not be published.