Skip to main content

ഉയരങ്ങളിൽ അപനിർമ്മിക്കപ്പെടുന്ന മോഹൻലാൽ

എമ്പുരാന്‍ എന്ന സിനിമ ഇറങ്ങുമ്പോള്‍ തന്നെ ഒരു കാണി എന്ന നിലയില്‍ ഉണ്ടായിരുന്ന ഒരു ക്യൂരിയോസിറ്റി, മോഹന്‍ലാല്‍ എന്ന നടന്‍ എങ്ങനെ മുണ്ടുടുത്ത സ്റ്റീഫനു അപ്പുറമുള്ള, കോട്ടും സ്യൂട്ടും ധരിച്ച ഒരു ‘മലയാളിക്ക്’ പുറത്തുള്ള വേഷം എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കും എന്നതായിരുന്നു. അതില്‍ മോഹന്‍ലാല്‍ പരാജയപ്പെടുകയും ചെയ്തു എന്നു വേണം പറയാന്‍. മോഹന്‍ലാല്‍ നാല് ദശകങ്ങളായി രൂപപ്പെടുത്തിയ ഒരു മലയാളി ഇമേജില്‍ നിന്ന് അദ്ദേഹത്തിന് തന്നെ പുറത്തുകടക്കാന്‍ പറ്റാത്തതിന്റെ സകല പ്രശ്‌നങ്ങളും ആ സിനിമയില്‍ ഉണ്ടായിരുന്നു. പക്ഷേ ആര്യന്‍, നാടുവാഴികള്‍ പോലുള്ള സിനിമകളില്‍ ആഭ്യന്തരമായ ബാംഗ്ലൂര്‍, ബോംബെ തുടങ്ങിയ ഡിസ്‌പ്ലേസ് ചെയ്യപ്പെട്ട ഇടങ്ങളില്‍ അത്യാവശ്യം സ്‌റ്റൈലിഷായി പെര്‍ഫോം ചെയ്ത നടന്‍ കൂടിയായിരുന്നു മോഹന്‍ലാല്‍.
മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയില്‍ നിന്നും വ്യത്യസ്തമായി ദുല്‍ഖര്‍ അടക്കമുള്ള പുതിയ നടന്മാര്‍ പലവിധ വൈരുധ്യങ്ങളുണ്ടെങ്കിലും ഈ മലയാളി സ്വത്വത്തില്‍ നിന്ന് പൊളിച്ച് പുറത്തുകടന്നിട്ടുമുണ്ട്.

Prithviraj's 'L2: Empuraan' Releases Edited Version After Right-Wing Backlash - Deshabhimani

പക്ഷേ, മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ മലയാളി നായര്‍ ഐഡന്റിറ്റിയെ അടിമുടി തകര്‍ത്ത ഒരു സിനിമ കൂടിയായിരുന്നു ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ പുറത്തിറങ്ങിയ ‘ഉയരങ്ങളില്‍.’ എം. ടി. വാസുദേവന്‍ നായര്‍ എഴുതിയും ഐ. വി. ശശി സംവിധാനം ചെയ്തും പുറത്തിറങ്ങിയ ഈ സിനിമ, മോഹന്‍ലാല്‍ എന്ന താരശരീരം രൂപപ്പെടുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു ഗ്രാമര്‍ മുന്നോട്ടുവയ്ക്കുന്നു. അത് മലയാള സിനിമയിലെ ജാതി സമവാക്യങ്ങള്‍-കണ്ടന്റ്, ടെക്സ്റ്റ്, സൌന്ദര്യം എന്നിവ ഉള്‍പ്പെടെ-രൂപപ്പെടുത്തുന്ന ഒരു രാഷ്ട്രീയം കൂടി സൃഷ്ടിക്കുന്നതായി തോന്നുന്നു.

Uyarangalil': The 1984 MT-Mohanlal thriller that deserves more discussion

മോഹന്‍ലാല്‍ എന്ന മസ്‌കുലിനിറ്റിക്ക് പലപ്പോഴും പല കൂട്ടുകാരുടെയും ബാക്ക്-അപ്പ് പല സിനിമകളിലും ആവശ്യമായിട്ടുണ്ട്. ശ്രീനിവാസന്‍ അതില്‍ പ്രധാനിയായിരുന്നു. സിനിമയ്ക്കകത്തും പുറത്തും രൂപപ്പെടുന്ന താരശരീര രൂപീകരണ പ്രക്രിയയില്‍ മുകേഷ്, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങിയവരും അദ്ദേഹത്തെ ഇതില്‍ പിന്താങ്ങിയിട്ടുണ്ട്. അത് സിനിമയ്ക്കകത്തും സിനിമയ്ക്ക് പുറത്തും മോഹന്‍ലാല്‍ എന്ന സ്റ്റാറിനെ പുകഴ്ത്തി സ്റ്റാര്‍ഡം വലുതാക്കുന്നതിലും സംഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ, തന്റെ/തന്റെ കഥാപാത്രങ്ങളുടെ നായര്‍ സ്വത്വം പലപ്പോഴും മോഹന്‍ലാല്‍ തന്റെ സിനിമകളിലൂടെ വിളിച്ചുപറഞ്ഞിട്ടുമുണ്ട്. അത്തരത്തിലൂടെയാണ് മലയാളത്തില്‍ മോഹന്‍ലാല്‍ ഒരു താരസ്വരൂപമായി വളരുന്നത്.

പക്ഷേ ഉയരങ്ങളില്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഇതിനെയൊക്കെ പലപ്പോഴും തകിടംമറിക്കുന്നു. ആ സിനിമയില്‍ അയാള്‍ ഒരു ഒറ്റപ്പെട്ട മനുഷ്യനാണ്. അയാള്‍ക്ക് അതില്‍ കൂട്ടുകാരനായി ആരുമില്ല. ഒറ്റപ്പെട്ട മനുഷ്യനായ അയാള്‍ തന്റെ ക്രൈമുകള്‍ തന്റെ രീതിയില്‍ തന്നെ രൂപപ്പെടുത്തുന്നു. ഒരാളുടെയും സഹായമില്ലാതെ, കൂട്ടുകാരുടെ ബലമില്ലാതെ അയാള്‍ മുന്നോട്ടുപോകുകയാണ്.

മോഹന്‍ലാല്‍ എന്ന നടന്റെ നായര്‍ ഐഡന്റിറ്റിയുള്ള മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു കീഴാളമുഖമുള്ള കഥാപാത്രമായിട്ടാണ് ഈ സിനിമയിലെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. തൂവാനത്തുമ്പികള്‍ പോലുള്ള സിനിമയില്‍ ക്ലാര എന്ന സ്ത്രീയോടുള്ള ലൈംഗികതയില്‍ പോലും അയാള്‍ക്ക് കുറ്റബോധം തോന്നുമ്പോള്‍, ഈ സിനിമയില്‍ അയാള്‍ ഓരോരുത്തരെയും-ഓരോ സ്ത്രീകളെയും-കൊല്ലുമ്പോഴും അയാള്‍ക്ക് പ്രത്യേകിച്ച് കുറ്റബോധമൊന്നും തോന്നുന്നില്ല.

റഹ്‌മാന്‍ എന്ന നടന്റെ ഈ സിനിമയിലെ പ്ലേസ്‌മെന്റും വളരെ രസകരമാണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ജീന്‍സ്, ഡിസ്‌കോ ഡാന്‍സ്, ബൈക്ക്, മോഡേണിറ്റി തുടങ്ങിയവയിലൂടെ എക്‌സ്പ്രസ് ചെയ്യപ്പെട്ട, റോക്കിംഗ് ആയ ഒരു നായകസ്വരൂപമായിരുന്നു റഹ്‌മാന്‍. മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സിനിമകളില്‍ ക്ഷോഭിക്കുന്നതും മോഡേണ്‍ ലൈഫ് എഞ്ചോയ് ചെയ്യുന്നതുമായ വ്യത്യസ്ത ഐഡന്റിറ്റികളിലുള്ള കഥാപാത്രങ്ങളായി റഹ്‌മാന്‍ റോക്ക് ചെയ്തിരുന്നു. പക്ഷേ ഇവിടെ റഹ്‌മാനില്‍ നിന്ന് മോഡേണിറ്റിയുടെ വേഷങ്ങള്‍ മോഹന്‍ലാല്‍ ചെറുതായി പിടിച്ചുവാങ്ങി, റഹ്‌മാന്‍ അത്രയ്ക്കു സബ്മിസീവ് ആയ ഒരു യുവത്വമായി ഈ സിനിമയില്‍ മാറുന്നു. മോഹന്‍ലാല്‍ ഈ സിനിമയില്‍ മുണ്ടെന്ന മലയാളി വേഷം ഉപേക്ഷിച്ച് പാന്റ്‌സ്, ഷര്‍ട്ട്, സ്‌റ്റൈലിഷ് തൊപ്പി തുടങ്ങിയവ ഉപയോഗിക്കുന്നു. അയാള്‍ ടെന്നീസ് കളിക്കുന്നു, കമ്പനി മാനേജര്‍ ആകുന്നു, പുതിയ കാറുകളില്‍ സഞ്ചരിക്കുന്നു. അന്വേഷണത്തിന് വരുന്ന പോലീസുകാരുടെ മുന്നില്‍ അവരുടെ ഭാഷകള്‍ ഉപയോഗിച്ച് കൂള്‍ ആയി പെരുമാറുന്നു. അങ്ങനെ മലയാളി രൂപപ്പെടുത്തിയ ഒരു താരസ്വരൂപത്തില്‍ നിന്ന് മോഹന്‍ലാല്‍ പുറത്തുപോകുന്നതും ഈ സിനിമയില്‍ നടക്കുന്നു. അത് ആ കഥാപാത്രത്തിന്റെ കീഴാള സ്വത്വവും ആ സ്വത്വങ്ങളുടെ വളര്‍ച്ചയുടെ ചിത്രീകരണം കൂടെ ആണ്.

തന്റെ ചെറുപ്പത്തില്‍ അനുഭവിക്കേണ്ടിവന്ന ജാതീയവും മറ്റു തരത്തിലുള്ളതുമായ കൊടിയ പീഡനങ്ങളോടുള്ള പകയാണ് ഇത്തരമൊരു ജീവിതം അയാള്‍ ജീവിക്കാന്‍ കാരണം. അതില്‍ അയാള്‍ക്ക് മരണം പോലും പുല്ലാണ്. എം. ടി. വാസുദേവന്‍ നായരും ഐ. വി. ശശിയും മോഹന്‍ലാലിന്റെ താരശരീരത്തിലേക്ക് ഒരു കീഴാള ഐഡന്റിറ്റി ചേര്‍ത്തുവച്ച് അതിലേക്ക് ഒരു ക്രിമിനല്‍ ഐഡന്റിറ്റിയും കൂട്ടിച്ചേര്‍ക്കുന്ന പ്രോസസ്സിംഗ് വളരെ രസകരമാണ്.
അത്തരമൊരു മോഹന്‍ലാലിനെ ഉയരങ്ങളില്‍ എന്ന സിനിമയില്‍ സൃഷ്ടിക്കുന്നത് വള്ളുവനാട്ടിലോ കോഴിക്കോടോ അല്ല; പകരം ഹൈറേഞ്ചിലാണ്. കേരളത്തിലെ ഹൈറേഞ്ചുകള്‍ മിക്കവാറും ബോര്‍ഡര്‍ പ്രദേശങ്ങളായതിനാല്‍, തമിഴര്‍, മലയാളികള്‍, ആദിവാസികള്‍ തുടങ്ങിയ മിക്‌സഡ് ഐഡന്റിറ്റികളിലുള്ള മനുഷ്യരുടെ താവളവുമാണ്. അത്തരം ഒരു ജിയോഗ്രഫിയിലാണ് മോഹന്‍ലാലിനെ പ്ലേസ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഇത്തരമൊരു കഥാപാത്രം വള്ളുവനാട്ടിലായിരുന്നെങ്കില്‍ ഉയരങ്ങളില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പ്ലൈറ്റ് വേറെയായേനേ. അതിന് പലവിധ കാരണങ്ങള്‍ ഉണ്ടായേക്കാം.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ് കേരളത്തിലെ കീഴാള സമൂഹങ്ങള്‍ സാമൂഹിക മൊബിലിറ്റിയിലേക്ക് ഉയരുന്നത്. അത് വിദ്യാഭ്യാസത്തിലൂടെയും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലൂടെയും ആയിരുന്നു. അതോടെ ആ സമൂഹങ്ങള്‍ക്ക് നഗരങ്ങളിലേക്കുള്ള മൊബിലിറ്റിയും ഉണ്ടായി. പലരും ഓഫീസര്‍മാരായി. അവരുടെ ജീവിതങ്ങള്‍ ആഹ്ലാദങ്ങളുടെ തലത്തിലേക്ക് ഉയര്‍ന്നു. ഏറ്റവും വലിയ രസം, ഉയരങ്ങളില്‍ മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ പീഡനങ്ങള്‍ അനുഭവിച്ചവരായിരിക്കാം ഈ സമൂഹങ്ങളിലെ മനുഷ്യര്‍. അവര്‍ ഉയരങ്ങളില്‍ മോഹന്‍ലാലിനെപ്പോലെ പ്രതികാരം ചെയ്ത് ജീവിതം തുലക്കാന്‍ പോകാതെ, തങ്ങളുടേതായ തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിച്ചു-അതുമൂലം തന്നെ. എം. ടി. എഴുതിയ കഥകളില്‍ നിന്നും തിരക്കഥകളില്‍ നിന്നും, മോഹന്‍ലാല്‍ എന്ന താരശരീരത്തില്‍ ഇത്തരമൊരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതില്‍ കാലഘട്ടത്തിന്റെയും, താരശരീരങ്ങളുടെയും, മലയാളിത്തത്തിന്റെയും അനേകം കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തോന്നുന്നു. അത് ആ സിനിമയില്‍ രൂപപ്പെട്ട താരശരീരം, വസ്ത്രങ്ങള്‍, ഭൂമിശാസ്ത്രം, കാലഘട്ടം എന്നിവയുമായി എല്ലാം ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതായും തോന്നുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.