ആര്യൻ എന്ന സിനിമയിൽ കുതിരവട്ടം പപ്പു അവതരിപ്പിക്കുന്ന മുംബൈയിലെ വാച്ച് കച്ചവടക്കാരന്റെ ഒരു കഥാപാത്രം മലയാള സിനിമയിലെ ഒരു ലാൻഡ്‌മാർക്കായി തന്നെയാണ് തോന്നിയിട്ടുള്ളത്. എൺപതുകളിൽ നടന്ന ആഭ്യന്തര പ്രവാസങ്ങളുടെ ഒരു പ്രതിനിധിയായി ഈ കഥാപാത്രം മാറുന്നു. ഒരുപക്ഷേ ഗൾഫിൽ പോകാൻ പറ്റാത്തതോ, അല്ലെങ്കിൽ ഗൾഫിൽ പോകാൻ ശ്രമിച്ച് മുംബൈയിൽ കുടുങ്ങിപ്പോയതോ ആയ ഒരു കഥാപാത്രം. ബോംബെ എന്ന നഗരത്തിൽ അണ്ടർവേൾഡ് സാധനങ്ങൾ വിൽക്കുന്ന ഒരു കഥാപാത്രമായി പപ്പു ഗംഭീര പെർഫോമൻസ് കാഴ്ചവെക്കുന്നു.

“വയർ മുഴുക്കെ നക്കിയിട്ട് പൈസ കൊടുക്കാതെ പോകാൻ നാണമില്ലേ?”
എന്ന് മോഹൻലാലിന്റെ കഥാപാത്രത്തോട് പപ്പു ഈ സിനിമയിൽ ചോദിക്കുന്നുണ്ട്. ഒരുപക്ഷേ ആര്യൻ എന്ന സിനിമ പോപ്പുലർ കൾച്ചറിൽ ബോംബെ എന്ന നഗരത്തെ ഇങ്ങനെ കൂടെ കാണിച്ചുതന്നിട്ടുണ്ട്.

മലയാളത്തിൽ ഹീറോയിക് അല്ലാത്ത ഇങ്ങനെ അപരങ്ങളായ അതിഗംഭീരമായ കഥാപാത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ പലപ്പോഴും കോമിക് റെപ്രസന്റേഷനുകളായിരുന്നു. മഴവിൽക്കാവടി എന്ന സിനിമയിലെ പോക്കറ്റടിക്കാരനായ മാമുക്കോയയുടെ കഥാപാത്രവും അത്തരത്തിലുള്ളതാണ്. പോക്കറ്റടിച്ച് തമിഴ്‌നാട്ടിൽ വാടകയ്ക്ക് ഒരു വീടും ഭാര്യയും ഒക്കെ ഉള്ള ഒരാളാണ് അയാൾ. അയാൾ കേരളത്തിലേക്ക് വരുന്നത് പേഴ്സുകൾ സമ്മാനവുമായി ആണ്. ഒരു തരം ബഷീറിയൻ കഥാപാത്രം. പഴനിയിൽ എട്ടും പൊട്ടും തിരിയാത്ത ഒരു ലോകത്ത് ജയറാമിന്റെ കഥാപാത്രത്തിന് ഒരു ജീവിതം ഉണ്ടാക്കി കൊടുക്കുന്നതും ഇതേ മനുഷ്യനാണ്.

ശുഭയാത്ര എന്ന സിനിമയിലെ ജഗദീഷ് മറ്റൊരു സൂപ്പർ കഥാപാത്രമായി തോന്നിയിട്ടുണ്ട്. കാണുന്നവരോടൊക്കെ വാചകമടിച്ച് പൈസ അടിച്ചുമാറ്റി ജീവിക്കുന്ന ഒരു വേഷം. അത് ബോംബെ പോലുള്ള ഒരു നഗരത്തിലെ ഒരു സർവൈവൽ ടെക്നിക് കൂടെയാകാം. അയാൾ മാർവാഡിയോ മറ്റോ ആയ തന്റെ മുതലാളിയുടെ മോളെ അടിച്ചുമാറ്റുന്നു. പിന്നെ ഇളനീർ വിറ്റ് ജീവിക്കുന്നു. എന്നെങ്കിലും തന്റെ മകളെ ആ മുതലാളി തിരിച്ച് വിളിക്കും എന്ന പ്രതീക്ഷയിൽ ആണ് അയാൾ.

ഈ ആഭ്യന്തര പ്രവാസങ്ങളുടെ മൂത്താപ്പ, അല്ലെങ്കിൽ ഗോഡ്ഫാദർ, അതുമല്ലെങ്കിൽ ഒരു അണ്ടർവേൾഡ് ഡോൺ ആയിരിക്കാം നാടോടിക്കാറ്റിലെ ഗഫൂർക്ക. എൺപതുകളിലെ പ്രവാസസ്വപ്‌നങ്ങൾ മാർക്കറ്റ് ചെയ്ത് സ്വന്തമായി ഒരു അണ്ടർവേൾഡ് സൃഷ്ടിച്ച മനുഷ്യൻ. ഇംഗ്ലീഷിൽ വേണമെങ്കിൽ ഗഫൂർക്കയെ “ട്രാൻസ്പോർട്ടർ” എന്നും വിളിക്കാം. അയാൾ നൈസായി മലയാളിയുടെ ദുബായ് സ്വപ്‌നങ്ങളെ “അതാ… ആ… കാണുന്നതാണ് ദുബായ്” എന്ന് പറഞ്ഞ് കടലിൽ ചാടിക്കോളാൻ പറഞ്ഞു. അസലാമു അലൈക്കും കേരളത്തിലെ മുസ്ലീം ലോകത്തിന് പുറത്തു ഇത്രയും പോപുലർ ആക്കിയത് ഒരു പക്ഷേ ഗഫൂർക്ക ആയിരിക്കും. നാടോടിക്കാറ്റിന് മുമ്പ് വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമയിൽ ഇതുപോലുള്ള കടലിലേക്കുള്ള ചാട്ടം ഒരു റിയലിസ്റ്റിക് വേർഷനിൽ മലയാള സിനിമ കാണിച്ചിട്ടുമുണ്ട്. ഗഫൂർക്ക അത്തരത്തിൽ രണ്ട് യുവാക്കളെ ആഭ്യന്തര പ്രവാസങ്ങളിലേക്ക് തള്ളിവിടുന്ന ഒരു മനുഷ്യനായി മാറുന്നു. ഗഫൂർക്ക മലയാളത്തിൽ കൾട്ട് സ്റ്റാറ്റസായി മാറുകയും ചെയ്യുന്നു.
മലയാളികൾ സിനിമകളിലൂടെ രൂപപ്പെടുത്തിയതും ആഘോഷിച്ചതുമായ പല നായകസങ്കൽപ്പങ്ങൾക്കും ശരീരങ്ങൾക്കും അപ്പുറം ആഴത്തിലുള്ള കൾച്ചറൽ റൂട്ടുകൾ ഉള്ള പല ജീവിതങ്ങളും മാമുക്കോയയും പപ്പുവും ജഗദീഷും അങ്ങനെ പല നടന്മാരും അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ശക്തമായ സാന്നിധ്യമായി, നായകന്മാരെ അടക്കം എടുത്ത് അമ്മാനമാടി എന്ന രീതിയിൽ മലയാളി ആകെ വായിച്ചത് ശ്രീനിവാസനെയുമാണ്. ശ്രീനിവാസന്റെ മരണത്തിലൂടെ മലയാളത്തിൽ നായകശരീരങ്ങളുടെ വായനകളിൽ ചില അട്ടിമറികൾ പൊതു ഇടങ്ങളിൽ നടക്കുന്നുണ്ടെന്ന് തോന്നുന്നു. ശ്രീനിവാസന്റെ സിനിമകളെക്കുറിച്ച് പലതരം റീഡിങ്ങുകൾ ഉണ്ടാകുന്നത് രസകരമാണ്. ഇനിയങ്ങോട്ട് ഗഫൂർക്കയെക്കുറിച്ചും, ഗഫൂർക്ക ദോസ്തിനെക്കുറിച്ചും, അങ്ങനെയുള്ള നൂറ് കഥാപാത്രങ്ങളെക്കുറിച്ചും ആ തരത്തിൽ വായിക്കപ്പെടട്ടെ. കാരണം നായകന്മാർ മാത്രമല്ലല്ലോ സിനിമ.







No Comments yet!