Skip to main content

സാബല്‍ട്ടന്‍ ഉയിര്‍പ്പുകളുടെ വിലയത്ത് ബുദ്ധ

മലയാള സിനിമയില്‍ മഹീന്ദ്രയുടെ ജീപ്പ് എന്ന വാഹനം പല തരത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ചരിത്രവും ഉപയോഗിക്കപ്പെട്ട രീതികളെയും കുറിച്ച് അന്വേഷിച്ചാല്‍ ഒരു പക്ഷെ ആഴത്തിലുള്ള പഠനങ്ങള്‍ അടക്കം ആവശ്യമുണ്ടാകും. പോലീസ് പോലെയുള്ള അധികാര സ്ഥാപനങ്ങള്‍, കുടിയേറ്റ സമൂഹങ്ങള്‍, യുവത്വങ്ങള്‍, സാമ്പത്തിക സമൂഹങ്ങള്‍, ഹൈറേഞ്ചിലെ യാത്രക്കാര്‍, പാട്ട് സീനുകളില്‍, ആക്ഷന്‍/ചേസിംഗ് സീനുകളില്‍ എല്ലാം മഹീന്ദ്രയുടെ ജീപ്പ് എന്ന വാഹനം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അവയൊക്കെ ഭൂരിഭാഗങ്ങളിലും ജീപ്പ് എന്ന ഒരു വാഹനത്തിന്റെ ഉടമസ്ഥര്‍, മദ്ധ്യവര്‍ഗങ്ങള്‍, സര്‍ക്കാരുകള്‍, ഉദ്യോഗസ്ഥര്‍, കുടിയേറ്റ സമൂഹങ്ങള്‍ എന്ന രീതിയിലൊക്കെ വിഭജിക്കപ്പെട്ടത്. പക്ഷെ വിലായത്ത് ബുദ്ധ എന്ന സിനിമയില്‍ ഒരു ജീപ്പില്‍ ഊന്തു വിളയാടുന്നത്, ഇവിടത്തെ പൊതു സമൂഹത്തെയും സര്‍ക്കാരുകളെയും ഭരണകൂടങ്ങളെയും അടക്കം എടുത്ത് കയ്യില്‍ അമ്മാനമാടുന്ന ഒരു സാബാള്‍ട്ടേണ്‍ സമൂഹത്തില്‍ പെട്ട ഡബിള്‍ മോഹനന്‍ എന്ന പൃഥ്വിരാജിന്റെ കഥാപാത്രമാണ്.

മനുഷ്യരുടെ യുദ്ധങ്ങളില്‍ കുതിര എന്ന ‘വാഹനം’ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയതുപോലെ ജീപ്പ് എന്ന വാഹനം മനുഷ്യരുടെ പുരോഗതിയില്‍ പ്രത്യേകിച്ച് ഭൂമിയുടെ അധികാരങ്ങള്‍ വെട്ടിപ്പിടിക്കുന്നതില്‍, കച്ചവടങ്ങളില്‍, യാത്രകളില്‍ ഒക്കെ കുടിയേറ്റ സമൂഹങ്ങളുടെ ‘യുദ്ധ’ങ്ങളില്‍ സഹായിച്ചിട്ടുമുണ്ട്. അത്തരം ഒരു വാഹനം ഇവിടെ വളരെ ഹീറോയിക് ആയി ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രം ഉപയോഗിക്കുകയാണ്. ജീപ്പ് എന്നത് വിലായത്ത് ബുദ്ധയില്‍ ഒരു പ്രധാന കഥാപാത്രം ആവുകയും അതിന്റെ അധികാരത്തില്‍/ഡ്രൈവിംഗ് സീറ്റില്‍ ഒരു ദളിത് കീഴാള സമൂഹത്തില്‍ പെട്ട മനുഷ്യന്‍ വരുന്നതും മലയാള സിനിമയില്‍ ചിഹ്നപരമായ ഒരു വ്യത്യസ്തത കൂടെയാണ്.

മലയാള സിനിമയിലെ മുണ്ട് എന്ന വേഷവിധാനത്തിന്റെ രാഷ്ട്രീയം പ്രത്യേകിച്ച് രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ സിനിമകളില്‍ പരിശോധിച്ച് നോക്കിയാല്‍ പല രാഷ്ട്രീയത്തിലേക്കും നമുക്ക് എത്താന്‍ കഴിയും. മുണ്ട് എന്ന ഒരു വസ്ത്രത്തിന്റെ കീഴാളവിരുദ്ധത ഒക്കെ അതിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ട്. തല്‍ക്കാലം അത് മാറ്റി വെച്ച് കൊണ്ട് പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശാക്യങ്ങളില്‍ പുറത്തിറങ്ങിയ ഒറ്റപ്പാലം സവര്‍ണ്ണ ഹിന്ദുത്വ സിനിമകളില്‍ മുണ്ട് എന്നത് പ്രധാനപ്പെട്ട ഒരു ചിഹ്ന വ്യവസ്ഥ ആയിരുന്നു. മലയാളിയുടെ പൊതു ബോധം നരസിംഹം, താണ്ഡവം, ചതുരംഗം, നാട്ടുരാജാവ്, വല്യേട്ടന്‍ തുടങ്ങിയ സിനിമകളില്‍ മുണ്ടു എന്നത് വലിയ ഒരു മലയാളി ഹൈന്ദവ സവര്‍ണ്ണതയുടെ ചിഹ്ന വ്യവസ്ഥയുടെ രൂപമായി മാറ്റുകയുമുണ്ടായി. ഇടത്തോട്ടു ഉടുക്കുന്ന മുണ്ട് പൊതു മലയാളിക്ക് പ്രശ്‌നവും ആയിരുന്നു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ടെക്‌സ്‌റ്റൈല്‍ മാര്‍ക്കറ്റുകള്‍ മുണ്ടുകളുടെ വലിയ പരസ്യങ്ങളിലൂടെ ഈ വസ്ത്രത്തിന്റെ കേരളത്തിലെ പൊതു ബോധത്തിലേക്ക് അടിച്ചു ഏല്‍പ്പിക്കയും ചെയ്തു, രാംരാജ് മുതലുള്ള പല ടെക്‌സ്‌റ്റൈല്‍സുകളും, ‘അഭിമാനമുണ്ട്’ പോലുള്ള പരസ്യ വാചകങ്ങളും മുണ്ടു പോലുള്ള വസ്ത്രങ്ങളെ തിരിച്ചു കൊണ്ടുവരുന്നതിനോ ഇവിടെ ഉള്ളതിനെ സ്ഥാപിക്കുന്നതിനോ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആ പരസ്യങ്ങളില്‍ ഒന്നും ഇടത്തോട്ട് ഉടുക്കുന്ന മുണ്ട് ഇല്ലാ താനും.

വിലായത്ത് ബുദ്ധ എന്ന സിനിമയില്‍ മുണ്ട് എന്ന അത്തരം ഒരു വസ്ത്രത്തിന്റെ ചിഹ്ന വ്യവസ്ഥയെ തകര്‍ത്തുകളയുന്നുണ്ട്. നരസിംഹം എന്ന സിനിമയില്‍ ഒരു മാര്‍ക്കറ്റില്‍ വെച്ച് മുണ്ടു മടക്കി കുത്തി അടിക്കുന്ന മോഹന്‍ലാലിനെ തകിടം മറിച്ചു കൊണ്ട് വിലായത്ത് ബുദ്ധയില്‍ പൃഥ്വിരാജിന്റെ ഡബിള്‍ മോഹനന്‍ ലുങ്കിയും ഷര്‍ട്ടും അതിന്റെ ഉള്ളിലെ ചുവന്ന കരയുള്ള ബനിയനും വെച്ച് പൊതു മധ്യത്തില്‍ അടിച്ചു തകര്‍ക്കുകയാണ്. അത്തരം ചില ചിഹ്ന വ്യവസ്ഥകളുടെ അട്ടിമറികള്‍ കൂടെ ഈ സിനിമ നടത്തുന്നു. ലുങ്കി ഉടുത്ത് ജീപ്പ് ഉപയോഗിച്ച് കൊണ്ട് ചന്ദന കള്ളക്കടത്ത് നടത്തുന്ന ഡബിള്‍ മോഹനനെ കാണാന്‍ രസമാണ്. (മറ്റ് സിനിമകളില്‍ ഇത്തരം വേഷങ്ങള്‍ വന്നിട്ടില്ല എന്നുമല്ല ഇതിനര്‍ത്ഥം)

ഭരണകൂടം/കോടതി പോലും അയാളെ വെല്ലുവിളിക്കുകയാണ്. ഈ സിനിമയിലെ സുരാജിന്റെ ജഡ്ജി പറയുന്നത്, ”ഈ കോടതിയിലെ ചന്ദനമരം നീ കട്ട് കൊണ്ട് പോകണം. അതാണ് എന്റെ ഒരു ത്രില്‍.” പക്ഷെ ഡബിള്‍ മോഹനന്‍ കോടതിയില്‍ നിന്ന് മാത്രമല്ല, മറയൂര്‍ എന്ന ആദിവാസി മേഖലയില്‍ ഭൂമി കയ്യടക്കിവെച്ച് അധികാരകേന്ദ്രങ്ങളും ഭൂമിയുടെ മേലുള്ള കുടിയേറ്റ അധികാരങ്ങളും തീര്‍ത്തിട്ടുള്ള സകലമാന സവര്‍ണ്ണ സമൂഹങ്ങളുടെയും പറമ്പുകളില്‍ കിടക്കുന്ന ചന്ദനമരം അടിച്ചു കൊണ്ട് പോവുകയാണ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും കീഴാളര്‍ക്കും അടക്കമുള്ളവരെ അകറ്റിനിര്‍ത്തി, അടിമകളാക്കി, വംശീയ വിവേചനം നടത്തിയ സകലമാന സമൂഹങ്ങളോടും അയാള്‍ യുദ്ധം ചെയ്യുന്നുണ്ട്. അയാള്‍ പണി കൊടുക്കുന്നുമുണ്ട്.

ഡബിള്‍ മോഹനന്‍ യാതൊരു വിധ തന്ത ചമയലുമില്ലാതെ ഒരു സംരക്ഷണ മനോഭാവവുമില്ലാതെ ആണ് ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ മകള്‍ ആയ ചോലയ്ക്കല്‍ ചൈതന്യയുമായി ബന്ധം സ്ഥാപിക്കുന്നത്. ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തിന്റെ അടിമ/ഉടമബന്ധത്തിനപ്പുറത്തുള്ള ആദിവാസികളോടുള്ള സൗഹൃദവുമാണ് അയാളെ വേറെ ഒരു തരത്തിലുള്ള പുതിയ മലയാള സിനിമ സൃഷ്ടിക്കുന്ന ഒരു നായക സങ്കല്‍പ്പ രൂപത്തിലേക്ക് സ്ഥാപിക്കുന്നത്.

വിവിധ സമൂഹങ്ങളുടെ ചരിത്രത്തില്‍, വേട്ട എന്ന പ്രോസസിംഗിനും തോക്ക് എന്ന ഉപകാരണത്തിനും ഓരോരോ സാമൂഹിക അധികാരങ്ങളും ആയി ബന്ധപ്പെട്ട പവറും നിലനിന്നിരുന്നു. കേരളത്തിലെ ജാതി വ്യവസ്ഥയിലെയും കുടിയേറ്റത്തിലെയും സാമ്പത്തതീക അധികാരങ്ങള്‍ അവരുടെ അധികാര സ്ഥാപനങ്ങള്‍ നില നിര്‍ത്താന്‍ അനേകം ടൂളുകളും ഉപയോഗിച്ചിരുന്നു. അല്ലെങ്കില്‍ അത്തരം ടൂളുകള്‍ അതിനെ സഹായിച്ചിരുന്നു. ജീപ്പ് പോലുള്ള വാഹനങ്ങള്‍, തോക്കുകള്‍, എന്തിനു ഇരിക്കുന്ന കസേര പോലും ഫിസിക്കലും സെമിയോട്ടിക്കും ആയ ജാതി സിംബലുകളും ആയിരുന്നു. ഒരു തോക്ക് തന്റെ കൈവശം വെക്കുന്നതിലൂടെ ഡബിള്‍ മോഹനന്‍ എന്ന ചന്ദന മോഷ്ടാവ് ഇത്തരം അധികാരങ്ങളുടെ ടൂളുകള്‍ പിടിച്ചടക്കുന്നുമുണ്ട്. അത് ഒരു പവാര്‍ സെമിയോട്ടിക്‌സ് ആയി സിനിമയുടെ ഷോട്ടുകളില്‍ പോസ്റ്ററുകളില്‍ എല്ലാം ദൃശ്യപ്പെടുന്നുമുണ്ട്. അത് പോലെ റൊമാന്റിക് ആയ മരത്തിനെ കെട്ടിപ്പിടിക്കുന്ന പരിസ്ഥിതി സ്‌നേഹം ഒന്നും മോഹനനെ തൊട്ടു തീണ്ടിയിട്ടുമില്ല. അയാള്‍ ആദിവാസികള്‍ക്ക് വേണ്ടി പാറ പൊളിച്ച് കാട്ടിലൂടെ റോഡ് വെട്ടാന്‍ തയ്യാറുമാണ്.

മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും വലിയ വികാസങ്ങളില്‍ ഒന്ന് ചക്രം തന്നെ ആണ്. ഒരു പക്ഷെ അതിനു ശേഷം കണ്ടുപിടിച്ചിട്ടുള്ളത് ഈ ചക്രം സഞ്ചരിക്കാനുള്ള വഴി വെട്ടുക എന്നതുമാണ്. റോഡുകളുടെ, റെയിലുകളുടെ വികസനങ്ങള്‍ മനുഷ്യ സമൂഹങ്ങളെ പല തരത്തിലും അട്ടിമറിച്ചുകൊണ്ട് വികസന സമൂഹങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഞങ്ങളൊക്കെ ചെറുപ്പകാലങ്ങളില്‍ റോഡ് ഇല്ലാത്ത കോളനികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ പൊതു ഇടവുമായി, ആശുപത്രികള്‍ പോലുള്ള ഇടങ്ങളുമായി ബന്ധപ്പെടുക എന്നത് അത്യന്തം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ ആയിരുന്നു. കുടിയേറ്റ സമൂഹങ്ങളുടെ ചരക്കുനീക്കങ്ങള്‍ക്കും കച്ചവടത്തിനും മലയോര മേഖലയിലെ റോഡ് വികസനങ്ങള്‍ സഹായിച്ചതുപോലെ കേരളത്തിലെ കോളനികളിലെ മനുഷ്യര്‍ക്ക് ഉദ്യോഗങ്ങളും തൊഴിലുമായി പ്രധാന പൊതു ഇടങ്ങളിലേക്ക് പ്രവേശനത്തിനും റോഡ് എന്ന വികാസം സഹായകമായിട്ടുണ്ട്. റോഡ് വലിയ ഒരു വികസനസാധ്യത കൂടെയാണ്. ഡബിള്‍ മോഹനന്‍ ഒരു കൊള്ളക്കാരന്‍ എന്നതിനപ്പുറം ആദിവാസി സമൂഹങ്ങള്‍ക്ക് പ്രധാനമായി വേണ്ടത് ഒരു റോഡ് ആണ് എന്ന് ഒരു കുട്ടിയുടെ പാമ്പ് കടിയേറ്റുള്ള മരണത്തിലൂടെ തിരിച്ചറിയുന്നുണ്ട്. അയാളില്‍ അതിലൂടെ ഒരു വികസന സങ്കല്പം രൂപപ്പെടുന്നുണ്ട്. ഇത്തരം ഒരു റോഡ് നിര്‍മ്മാണം, അതിന്റെ ആചാരങ്ങള്‍, അതിന്റെ ആഘോഷങ്ങള്‍ ഒക്കെ ചേര്‍ത്ത് വെച്ച് കൊണ്ട് പൃഥ്വിരാജ് എന്ന ഡബിള്‍ മോഹനനാണ് ഒരു എന്റര്‍ടെയിന്‍മെന്റ് സിനിമയില്‍ രാഷ്ട്രീയമായി തന്നെ ഗംഭീര പൊളി പൊളിക്കുന്നത്.

മലയാള സിനിമ കാലാകാലങ്ങളായി കൊണ്ട് നടത്തി കൊണ്ടുപോകുന്ന ഏറ്റവും പിന്നോക്കം വലിക്കുന്ന ബോറന്‍ പരസ്യ വാചകങ്ങളില്‍ ഒന്നാണ് ‘കുടുംബസമേതം കാണാവുന്ന സിനിമ’ എന്ന ഒരു കോയിനേജ്. അത് ഒരു കുടുംബത്തില്‍ അഞ്ചുപേര്‍ സിനിമ കാണുന്നതിനുള്ള എക്കണോമിക്‌സ് എന്നതിന്റെ കൂടെ കുടുംബത്തിനൊപ്പം കാണുന്ന സദാചാരബോധത്തില്‍ സിനിമ ആസ്വദിക്കുക എന്നൊരു അര്‍ത്ഥവും ഉണ്ട്. അത്തരം ലൈംഗികകതയുടെ സദാചാരബോധത്തിനെ തകര്‍ത്തു കാട്ടിലെറിയുന്നുണ്ട് വിലായത്ത് ബുദ്ധ എന്ന സിനിമ. അതില്‍ ചൈതന്യ എന്ന ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ മകള്‍ ആയ കഥാപാത്രം ഒരു പക്ഷെ മലയാള സിനിമ തന്നെ കണ്ടിട്ടുള്ള ഏറ്റവും ബോള്‍ഡ് ആയ ഒരു സ്ത്രീ ആയിരിക്കും. ‘തീട്ട ഭാസ്‌കരന്‍’ എന്ന ഭാസ്‌കരന്‍ മാഷ് എന്ന കഥാപാത്രത്തെ കാണുമ്പോള്‍ ശരിക്കും ചിരി ആണ് വരിക. അയാള്‍ ഈ പൊതു ബോധത്തോടു തന്റെ മാനക്കേട് മായിച്ചു കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ഡബിള്‍ മോഹനന്‍ തന്റെ അധ്യാപകന്റെ കൂടെ നില്‍ക്കേണ്ടതായി വരുന്നു. ചൈതന്യയ്ക്ക് അത്തരം യാതൊരു വിധ മോറല്‍ ഡിലമയും ഇല്ല.

ചൈതന്യയുടെ ജീവിതം ഒരു സെന്‍ വൈബിലാണ് മുന്നോട്ട് പോകുന്നത്. സമൂഹം അവള്‍ക്ക് ഒരു പ്രശ്‌നമേ അല്ല. അടിച്ചാല്‍ തിരിച്ചു ചവിട്ടുക, പ്രണയിക്കുക, കാമിക്കുക തുടങ്ങിയ ജീവിതത്തിന്റെ ആഘോഷ പരിപാടികളാണ് അവരുടേത്/ അവള്‍ക്ക് അവളുടെ അച്ഛന്‍ ആരാണ് എന്ന് അറിയേണ്ടതോ ആയിട്ടുള്ള സ്വത്വ പ്രതിസന്ധി ഒന്നും തന്നെ ഇല്ല.

ചൈതന്യ എന്ന കഥാപാത്രം ദിവാകരന്‍ മാഷിന്റെ മകനറെ മുമ്പില്‍ മുട്ടിനു മുകളില്‍ പാവാട പൊക്കി കാലകത്തി വെച്ച് ഇരിക്കുന്ന ഈ സിനിമയിലെ ആദ്യത്തെ ഷോട്ടില്‍ തന്നെ അവളുടെ വൈല്‍ഡ്‌നെസ് ഈ സിനിമ നമുക്ക് കാട്ടിത്തരുന്നുമുണ്ട്. ഒരു പൊതു ഇടത്ത് വെച്ച് ലുങ്കി പൊക്കി ഡബിള്‍ മോഹനന്റെ ട്രൗസറില്‍ നിന്ന് പൈസ എടുക്കുന്നത്, അതേ ഡബിള്‍ മോഹനനോട് ”ചന്ദനക്കടത്ത് നടത്തുന്ന നിന്നെയാണ് എനിക്കിഷ്ടം” എന്ന് പറയുന്നത്, അയാളെ തന്റെ ബെഡ്റൂമിലേക്ക് വലിച്ചുകയറ്റുന്നത്, പൊതു ബോധത്തെ അട്ടിമറിക്കുന്ന ശരീര ചലനങ്ങളിലൂടെ രൂപപ്പെടുന്ന ലൈംഗികത-എന്നിങ്ങനെ പല തരത്തില്‍ ചൈതന്യ എന്ന കഥാപാത്രം ഡബിള്‍ മോഹനനെ പോലും പലപ്പോഴും ഇല്ലാതാക്കുന്നുമുണ്ട്. അത്തരത്തില്‍ മലയാള സിനിമയുടെ ആഘോഷ രാഷ്ട്രീയത്തില്‍ പുതിയ ഒരു ഗ്രാമര്‍ വിലായത്ത് ബുദ്ധ് എന്ന സിനിമ ചൈതന്യ എന്ന കഥാപാത്രം രൂപപ്പെടുത്തുന്നു. ചൈതന്യയെ സംബന്ധിച്ചിടത്തോളം, ചന്ദനം എന്നത് തീട്ടത്തിന്റെ അടിയില്‍ ഒളിപ്പിക്കേണ്ടതാണെങ്കില്‍ അവള്‍ ഒളിപ്പിക്കും

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം അടക്കം ലൈംഗികത ഒരു ടൂള്‍ ആക്കി മനുഷ്യരെ വേട്ടപട്ടികളെ പോലെ ആക്രമിച്ച് ഊരുവിലക്കി സമൂഹത്തില്‍ നിന്ന് പുറംതള്ളുന്നതിന്റെ ദൃശ്യത കൂടി ഈ സിനിമ മുന്നോട്ടു വെക്കുന്നു. ഇത്തരം ഇടതുപക്ഷ ‘പുരോഗമന’ പ്രേമം ഒക്കെ ഈ സിനിമ തുറന്നു അതിന്റെ മുഖം മൂടി വലിച്ചു കീറുന്നു.

ഏറ്റവും രസം-ബുദ്ധ എന്ന ഒരു ഫിലോസഫിക്കല്‍ കണ്‍സെപ്റ്റിനെ ശബ്ദത്തിലൂടെയും ബി.ജി.എം-ലൂടെയും ഡയലോഗിലൂടെയും ഒക്കെ സിനിമയില്‍ കൊണ്ടുവന്നു അതിന്റെ അടിയിലൂടെ കള്ളക്കടത്ത് നടത്തുന്ന ഒരു ഗംഭീര പരിപാടി ഈ സിനിമ വിഷ്വലൈസ് ചെയ്യുന്നു എന്നത് കൂടെ ആണ് ”എന്നേക്കാള്‍ വലിയ ആശയം നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ നിങ്ങള്‍ എന്നെ അങ്ങ് തട്ടിയേക്കു” എന്ന് ബുദ്ധന്‍ പണ്ട് പറഞ്ഞതിന്റെ പിന്തുടര്‍ന്നു അല്ലാതെയോ മനുഷ്യര്‍/സമൂഹങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പലതരത്തിലുള്ള മോറല്‍ അടിവരയലുകള്‍ ഈ സിനിമ ബുദ്ധന്റെ പേര് വെച്ച് തന്നെ കള്ളക്കടത്തിലൂടെ ആട്ടിമറിക്കുന്നു. അങ്ങനെ ‘ഇമ്മോറല്‍’ ആയി ഈ സിനിമ പോകുന്നതുതന്നെ ഈ സിനിമയുടെ ഒരു ഫ്രെഷ്നസാണ്. കള്ളക്കടത്ത് ചന്ദനത്തില്‍ നിന്ന് ബുദ്ധന്‍ രൂപപ്പെടുന്നതും ആ ബുദ്ധന്റെ വിഗ്രഹത്തിന്റെ ക്ലോസ്-അപ്പ് ഷോട്ടില്‍ ജയന്‍ ‘നമ്പ്യാര്‍’ എന്ന ഡയറക്ടര്‍ ടൈറ്റില്‍ വരുന്നത് ഒരു മറ്റൊരു സിനിമാറ്റിക് പാരഡോക്‌സ് കൂടെയായിരിക്കാം.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.