Skip to main content

മാറുന്ന ലോക സിനിമയും അടൂര്‍ മാഷും

റാഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയന്‍ സിനിമ ആയ ‘ഡു നോട് എക്‌സ്‌പെക്ട് ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് ‘ (2023) എന്ന അബ്സെഡ് സിനിമ പറയുന്നത് കോര്‍പറേറ്റ് രാഷ്ട്രീയത്തെ കുറിച്ചും അതിന്റെ അതിക്രമങ്ങളെ കുറിച്ചുമൊക്കെ ആണ്. ആ സിനിമയെ വിഷ്വലൈസ് ചെയ്യുന്ന ടൂളുകള്‍ സിനിമയുടെ തന്നെ വിഷ്വല്‍ ഗ്രാമറുകളെ തന്നെ പൊളിച്ച് കളയുന്നുണ്ട്. വളരെ റോ ആയ ഷോട്ടുകള്‍ സെല്‍ഫി ക്യാമറകള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോട്ടുകള്‍, ഷേക്കിങ് ഷോട്ടുകള്‍, എ ഐ ഇന്റഗ്രെറ്റഡ് ആയ ഷോട്ടുകള്‍ അടക്കം ( എന്ന് സംശയിച്ച് ) പോകുന്ന സിനിമയുടെ ക്ലാസ്സ് സ്ട്രക്ച്ചറിനെ തന്നെ അട്ടിമറിക്കുന്നുണ്ട്. ഈ സിനിമ കാണുമ്പോള്‍ അതിന്റെ ദൃശ്യതയെ ഒരു പക്ഷെ കേരളത്തിലെ പുതിയ തലമുറകള്‍, അപര ജീവിതങ്ങള്‍ കോളനി ജീവിതങ്ങള്‍ ഒക്കെ നിര്‍മ്മിക്കുന്ന പുതിയ കാലത്തെ റീല്‍സുകളുടെ ദൃശ്യ രാഷ്ട്രീയത്തിലേക്കും വേണമെങ്കിലും ചേര്‍ത്ത് വെക്കാം.

പുതിയ ദൃശ്യതയില്‍ രൂപപ്പെട്ട യുട്യൂബ്, ടിക് ടോക്, കോവിഡിന് ശേഷം രൂപപ്പെട്ട റീല്‍സുകള്‍, ഷോര്‍ട് വീഡിയോസ് തുടങ്ങിയവ വിഷ്വല്‍ ഗ്രാമറുകളെ തന്നെ അട്ടിമറിച്ചിട്ടുണ്ട്. സിനിമ എന്ന മാധ്യമം അത്തരം ദൃശ്യങ്ങളുടെ ഷോട്ടുകള്‍ ഷേക്കുകള്‍ എഡിറ്റിങ് പാറ്റേണുകള്‍ തുടങ്ങിയവ സ്വീകരിച്ചിട്ടുമുണ്ട്. സിനിമ അത്തരത്തിലുള്ള ദൃശ്യതകളിലൂടെ മാറിക്കൊണ്ടിരിക്കുക കൂടെ ആണ്. അങ്ങനെ സിനിമ എന്ന മാധ്യമം തന്നെ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ടൂളുകളുടെ മാറ്റങ്ങളിലൂടെ സിനിമയും മാറുകയാണ്. ഇത്തരം പുതിയ ടൂളുകള്‍ ഇപ്പോള്‍ ആദ്യമായി ഉപയോഗപ്പെടുത്തുന്നത് ഇവിടത്തെ ഗുരുക്കന്മാര്‍ അല്ലാത്ത അപരരായ മനുഷ്യര്‍ ആണ് എന്നതാണ് വാസ്തവം. ഇവരൊക്കെ ട്രെയിനിംഗ് ഇല്ലാതെ ആണ് വിഷ്വലുകള്‍ ഉണ്ടാക്കി മില്യണ്‍ ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. സിനിമ ഇനി അത്തരം അനേകം ദൃശ്യ മാധ്യമങ്ങളില്‍ ഒന്ന് മാത്രമായിരിക്കും. മൂത്താപ്പ ആയിരിക്കില്ല.

ജെ.സി. ഡാനിയല്‍ എന്ന പിന്നോക്കക്കാരന്‍ സിനിമ എന്ന മാധ്യമത്തെ മലയാളത്തിലേക്ക് കൊണ്ട് വന്നു എന്ന് പറയാനല്ല എന്നാണു എനിക്ക് തോന്നുന്നത്. മലയാളത്തിനോടും കേരളത്തിനോടും അയാള്‍ക്കു ഒന്നും കമ്മ്യൂണിക്കേറ്റ് ചെയ്യാനുണ്ടായിരുന്നില്ല.

J. C. Daniel

പക്ഷെ സിനിമയുടെ ക്യാമറ, അതിന്റെ ഉപയോഗം, ലൈറ്റിങ്, അതിനു മുമ്പിലെ അഭിനയം, സെറ്റ് ഡിസൈനിങ്, എഡിറ്റിംഗ് അങ്ങനെ പുതിയ ഒരു മെക്കാനിസത്തിലൂടെ സിനിമ എന്ന പരിപാടി നിര്‍മ്മിക്കുന്നതിന്റെ ട്രിപ്പ് ആണ് അയാള്‍ ആസ്വദിച്ചിട്ടുണ്ടാവുക. സിനിമ ക്യാമറ എന്ന ടൂളിന്റെ മുന്നില്‍ അഭിനയിക്കുക എന്നതും ചില്ലറ കാര്യവുമല്ല. അങ്ങനെ ഒരു ടൂളിന്റെ മുന്നില്‍ കൂള്‍ ആയി നിന്ന് കൂള്‍ ആയി പെര്‍ഫോം ചെയ്യാന്‍ പറ്റി എന്നതാണ് റോസിയുടെ വിജയം. ക്യാമറ എന്ന ടൂള്‍ ആയിരിക്കാം ഡാനിയലിനെയും റോസിയേയും ഒരുമിപ്പിച്ച് ഒരു കാസ്റ്റ് സ്ട്രക്ചറിനെ തകര്‍ത്തത്. അങ്ങിനെ ഒരു മോഡേണിറ്റി കൂടെ ആണ് റോസിയെ ചരിത്രമാക്കുന്നത്.

അങ്ങനെ, ഇവിടെ ഉള്ള അപരരായ മനുഷ്യര്‍ റീല്‍സിലൂടെ ടിക് ടോകിലൂടെ യൂടൂബിലൂടെ ഷോട്‌സിലൂടെ പല തരം ദൃശ്യതകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയില്‍ നിന്നും സിനിമ കടം കൊള്ളുന്നുമുണ്ട്. സിനിമ ഒരു പക്ഷെ ഒരു അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഇന്നത്തെ ഒരു രൂപം ആയിരിക്കില്ല. അതിന്റെ രീതിയും/പഠന രീതിയും വേറെ ലെവല്‍ ആയിരിക്കും. പ്രൊഡക്ഷന്‍ രീതികള്‍ വേറെ ആയിരിക്കും. ഇപ്പൊള്‍ തന്നെ ധനുഷിന്റെ ഒരു സിനിമയില്‍ ഐ ഐ ഉപയോഗിക്കുന്നതിന്റെ പേരില്‍ സംഘര്‍ഷം തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ ഒരു സിസ്റ്റത്തിന്റെ മുന്നില്‍ ഇരുന്നു എ ഐ രൂപത്തിലൂടെ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. സിനിമകള്‍ക്ക് ഇനി ഷൂട്ടിംഗ് വേണ്ടാത്ത, അഭിനേതാക്കള്‍ വേണ്ടാത്ത കാലം ഉണ്ടാകും. സിനിമ ഇനി എഡിറ്ററുടെ കൈകളിലായിരിക്കും. അതിന്റെ പ്രൊഡക്ഷന്‍ പോലും ചിലപ്പോള്‍ ഒരു റൂമിനുള്ളില്‍ സംഭവിക്കും. കോവിഡ് കാലത്ത് ഇതിനകം അത്തരം സിനിമകള്‍ ഉണ്ടായിക്കഴിഞ്ഞു.

ഇത്തരം വളരെ സാധാരണക്കാരായ മനുഷ്യരെ ഇങ്ങനെ ദൃശ്യതകള്‍ സൃഷ്ടിക്കാന്‍ സഹായിച്ചത് ടൂളുകളുടെ ലഭ്യത കൂടി ആണ്. ക്യാമറ ഫോണുകള്‍ അവരുടെ ബഡ്ജറ്റില്‍ ലഭ്യമായതോടു കൂടി ആണ് അവര്‍ റീല്‍സുകളിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞത്. എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍ ഈസി ആയത് കൊണ്ടാണ്. നാടകത്തിന്റെ സാമ്പത്തതീക ബാധ്യത മിമിക്‌സ് പരേഡ് നിര്‍മ്മിക്കുന്നതിനില്ലാത്തതു കൊണ്ട് കൂടി ആണ് മിമിക്‌സ് പരേഡ് വളരുകയും അതിലൂടെ കലാകാരന്മാര്‍ വളരുകയും അവ കൂടുതല്‍ ജനകീയമാവുകയും ചെയ്തത്. കേരളത്തില്‍ ഇന്ന് ആയിരക്കണക്കിന് എഡിറ്റര്‍മാര്‍ ഉണ്ടാകുന്നത് ആ ടൂളിന്റെ ലഭ്യത കൂടി ആണ്. ആയിരക്കണക്കിന് ഗംഭീര ഷോര്‍ട് ഫിലിമുകള്‍ ഉണ്ടാകുന്നത് ടൂളുകളുടെ ലഭ്യതയും ബജറ്റിന്റെ കുറവും ആണ്. ഇന്ത്യക്ക് പുറത്ത് ഷോര്‍ട് ഫിലിമുകളെ സിനിമക്ക് മുകളിലായി കാണുന്ന സമൂഹങ്ങളുമുണ്ട്. അവിടെ ആണ് കേരളത്തില്‍ സിനിമ എന്നത് വലിയ എന്തോ പരിപാടി ആണെന്ന രീതിയില്‍ ഒരു വലിയ ‘ഭീമാകാര’മായ പരിപാടി ആക്കി വെക്കുന്നത്. സിനിമയുടെ പല തരാം ഫോമുകള്‍ അറിയാത്ത ടീമുകള്‍ ആണ് അവര്‍.

സിനിമ എന്ന മാധ്യമത്തില്‍ അത്തരത്തില്‍ അതി വിപ്ലവകരമായ പൊട്ടിത്തെറികള്‍ സംഭവിച്ചു കൊണ്ട് സിനിമ എന്ന മാധ്യമം തന്നെ ഇന്നത്തെ രൂപത്തില്‍ ടെക്‌നിക്കാലിറ്റിയില്‍ ഉണ്ടാകുമോ എന്ന് സംശയിച്ച് പോകുന്ന കാലത്താണു സിനിമയുടെ ട്രെയിനിങ് കൊടുക്കണം എന്നൊക്കെ ഗോപാലകൃഷ്ണന്‍ മൂത്താപ്പ തിട്ടൂരമിറക്കുന്നത്. ഞാന്‍ സിനിമയുടെ വല്യാപ്പ ആണെന്ന് ഞെളിയുന്നത്. മലയാള സിനിമയും അതിന്റെ കോണ്‍ക്ലേവും അതിന്റെ ചര്‍ച്ചകളും വിവാദങ്ങളും പോലും ഇപ്പൊള്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലെ ചക്കുകളില്‍ കിടന്നു കറങ്ങുകയാണ്.

സിനിമക്ക് ട്രെയിനിംഗ് കൊടുക്കണം, എന്നൊക്കെ പറയുന്ന അടൂരിനോട് ഒരു ചെറിയ സംഭവം പറയാം.
മുമ്പ് ഒരാള്‍ ഒരു ചെറുപ്പക്കാരന് ഫോണ്‍ ചെയ്തു.
‘ഞാന്‍ അടൂര്‍ ആണ്..’
ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു
‘ആ.. തിരുവനന്തപുറത്തെത്തിയിട്ട് വിളി..’
ആ ആള്‍ ഇതുവരെ കാട്ടാക്കട പോലും എത്തിയിട്ടില്ല.
അതായത് അടൂറിനൊന്നും മാറുന്ന സിനിമയിലേക്ക് ബസ് കിട്ടിയിട്ടില്ല എന്നു തോന്നുന്നു…

No Comments yet!

Your Email address will not be published.