Skip to main content

ഇന്ദ്രൻസ് – കേരള സമൂഹത്തിലെ കോമഡിയനും താരവും

ഇന്ദ്രൻസ് പ്രധാന കഥാപാത്രം ചെയ്ത ‘ആശാൻ’ എന്ന സിനിമ കണ്ടു. സത്യം പറയാമല്ലോ, അടുത്ത കാലത്തൊന്നും തിയേറ്ററിൽ പോയി ഒരു സിനിമ കണ്ട് ഇത്രയും വെറുത്തിട്ടില്ല. അത്രയ്ക്ക് മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു ഈ സിനിമ.

ഇന്ദ്രൻസ് എന്ന നടന്റെ മലയാള സിനിമയിലെ ഒരു ട്രാൻസ്ഫർമേഷൻ ആണ് ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആലോചിച്ച് പോയത്. ഒരുപക്ഷെ മലയാളം സിനിമയിൽ ഒരു ഇൻസെപ്‌ഷനിസ്റ്റ് മാജിക്കൽ റിയലിസ്റ്റിക് സീൻ എന്ന് പറഞ്ഞാൽ ഒരു പക്ഷെ ഇന്ദ്രൻസ് അടക്കം അഭിനയിച്ച പഞ്ചാബി ഹൗസിലേത് (സ്വപ്ന സീൻ) ആയിരിക്കും. ‘എടാ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ഈ പൊട്ടൻ സംസാരിക്കുന്ന സ്വപ്നം’. ‘മിണ്ടാതിരിയെടാ പട്ടീ… എന്നല്ലേ പറഞ്ഞത്?’, ‘ആ സ്വപ്നത്തിൽ ഞാനും ഉണ്ടായിരുന്നു’ എന്ന് രമണൻ പറയുന്ന സീൻ. ഈ സീനിലെ ഇന്ദ്രൻസും ഹരിശ്രീ അശോകനും (രമണൻ) ഒക്കെ പിന്നീട് കൾട്ടുകളായി മാറുകയും ചെയ്തു. രമണൻ എന്ന കഥാപാത്രം മീംസ്, ട്രോളുകൾ തുടങ്ങിയവയിലൂടെ കേരളത്തിന്റെ സാംസ്കാരികതയിൽ ഒഴിച്ചുകൂടാത്ത ഒരു ബിംബമായി. കേരളത്തിലെ നായക ശരീരങ്ങളെ പോലും അട്ടിമറിക്കുന്ന ഒരു സാംസ്കാരിക ചിഹ്നം.

Punjabi House Full Movie | Dileep | Harisree Ashokan | Cochin Haneefa | Malayalam Comedy Movies

ഇന്ദ്രൻസ് എന്ന നടൻ കേരളത്തിൽ ഒരു പക്ഷെ ഞങ്ങളുടെ കൗമാരത്തിൽ സ്വീകരിക്കപ്പെടുന്ന ഒരു ഐഡന്റിറ്റിയായി മാറുന്നത് ‘സ്ഫടിക’ത്തിലെ ഒരു കഥാപാത്രത്തിലൂടെ ആയിരുന്നു. ‘തോമാച്ചായൻ ആനയോടിടിക്കും ഡബിൾ ചങ്കാ…’ തുടങ്ങിയ ഇന്ദ്രൻസിന്റെ ആ സിനിമയിലെ ഡയലോഗിന് അന്ന് കൾട്ട് സ്റ്റാറ്റസ് നേടിയെടുക്കാനും കഴിഞ്ഞു. ഇന്ദ്രൻസിന്റെ ശരീരഭാഷയിൽ അദ്ദേഹത്തിനെ ആരാധിക്കുന്ന ഒരു ‘അധോലോക’ ഫാൻബേസ് തന്നെ കേരളത്തിൽ ഉണ്ടായി.

തോമാച്ചായ'നില്‍ ഹീറോയെ കാണുന്ന 'ഗഫൂര്‍'; സ്ഫടികം 4കെ ക്യാരക്റ്റര്‍ പോസ്റ്റര്‍ | Spadikam 4k Remastered Character Poster Indrans As Gafoor Mohanlal Bhadran | Asianet News Malayalam

ഇന്ദ്രൻസിന്റെ ശരീരഭാഷ സിനിമയിലും കേരള സമൂഹത്തിലും പ്രവർത്തിച്ചത് വളരെ കോംപ്ലക്സ് ആയ രീതിയിൽ ആയിരുന്നു എന്ന് തോന്നുന്നു. ഇന്ദ്രൻസ് സമം ‘കൊടക്കമ്പി’ എന്നിവ ഒക്കെ കൂട്ടിച്ചേർത്ത് മലയാളം സിനിമ അദ്ദേഹത്തെ ഒരു കോമിക് ഫിഗർ ആക്കി മാറ്റി. വളരെ സീരിയസ് ആയ സീനുകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുക പോലും ചെയ്തു. കേരളത്തിലെ ബുദ്ധിജീവികൾ ഇന്ദ്രൻസിന്റെ ബോഡി ഷെയിം ചെയ്തു എന്ന രീതിയിൽ പൊളിറ്റിക്കൽ കറക്ട്നസിന്റെ തിയറികൾ ഉണ്ടാക്കി.

ഈ രണ്ടു വിഭാഗങ്ങളിൽ നിന്ന് വേറിട്ട് നിന്ന ഒരു സാമൂഹിക വിഭാഗമായിരുന്നു ഇന്ദ്രൻസിനെ ആഘോഷിച്ച തൊണ്ണൂറുകൾക്ക് ശേഷം ഉള്ള ഫാൻ കമ്മ്യൂണിറ്റികൾ. പകുതി തമാശക്കും പകുതി കാര്യമായും കേരളത്തിലെ കോളേജ് കാമ്പസുകളിൽ ഇന്ദ്രൻസ് എന്ന നടന് ഫാൻസ് അസോസിയേഷനുകൾ ഉണ്ടായി. അദ്ദേഹത്തിന്റെ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ച് ആഘോഷിച്ചു. തൊണ്ണൂറുകളിൽ ബുദ്ധിജീവികൾ പാരലൽ സിനിമകൾ ചർച്ച ചെയ്യുന്ന കാലത്ത് ഇന്ദ്രൻസ് ‘ബാഷ’ എന്ന സിനിമയെ സ്പൂഫ് ചെയ്ത ത്രീ മെൻ ആർമി പോലുള്ള സിനിമകൾ ഞങ്ങളൊക്കെ തിയേറ്ററിൽ ടിക്കറ്റ് എടുത്ത് കണ്ടു ചിരിച്ചു മറിഞ്ഞു. ഒരേ സമയം ബുദ്ധിജീവികൾ അദ്ദേഹത്തിനെതിരെ ഉള്ള ബോഡി ഷെയിമിങ്ങിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ കേരളത്തിലെ പല തരത്തിലുള്ള സമൂഹങ്ങൾ അദ്ദേഹത്തെ ആസ്വദിക്കുകയും തമാശകളിൽ പൊട്ടിച്ചിരിക്കുകയും ആ നടനെ ഏറ്റെടുക്കുകയും ചെയ്തു. സിനിമയുടെ മാർക്കറ്റിൽ അദ്ദേഹം അനിഷേധ്യ സാന്നിദ്ധ്യമായി.

Malayalam comedian/actor , Indrans as Baasha Surendran in movie - three men army (1995). His new movie #Home is a big hit in OTT platform.

ഒരു നടൻ/താരം എന്ന രീതിയിൽ രൂപപ്പെടുന്നതിന് ഒരാൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അദ്ദേഹം അതാത് സമൂഹത്തിൽ റിസീവ് ചെയ്യപ്പെടുന്നത് പല തരത്തിലുള്ള സ്ഥാപിതങ്ങളായ ഇമേജുകളുമായി യോജിച്ച് പോകുന്ന വാർത്തകളും പഠനങ്ങളും ഗോസിപ്പുകളും പോലും ഉണ്ടാകുമ്പോഴാണ്. മമ്മൂട്ടി ഒരു ഉത്തമപുരുഷനായ രാമൻ ഫിഗറായി മാറുന്നതും മോഹൻലാൽ ഒരു കൃഷ്ണൻ ഫിഗറായി മാറുന്നതും അതിനു കണക്കായ കഥാപാത്രങ്ങളും വാർത്തകളും ഗോസിപ്പ് മെറ്റീരിയലുകൾ അടക്കം ഉണ്ടാകുന്നത്തിലൂടെയും ഇത്തരം സ്റ്റാർ മേക്കിങ് പ്രോസസിങ്ങിലൂടെ ആയിരുന്നു എന്ന് വേണം പറയാൻ. പല തരത്തിലുള്ള സങ്കീർണ്ണമായ പ്രൊസസിങ് ആണ് അത്.

ഞങ്ങളൊക്കെ വളരെ ഇഷ്ടപ്പെട്ട, കാരിക്കേച്ചർ, സ്പൂഫ്, സ്ലാപ്സറ്റിക്, മറ്റു തമാശ വിഭാഗങ്ങളിൽ നിന്ന് കുതറിത്തെറിച്ച ഒരു ഇന്ദ്രൻസ് ആണ് പിന്നീട് ‘ഹോം’ പോലുള്ള സിനിമകളിലൂടെ പുറത്ത് വരുന്നത്. അവിടെയാണ് ഇന്ദ്രൻസ് വ്യവസ്ഥാപിതമായ പൊതു സമൂഹം സ്വീകരിക്കുന്ന ഒരു എസ്റ്റാബ്ലിഷ്ഡ് താര ഇമേജറി ബിംബത്തിലേക്ക് കയറുന്നത്. ആ സിനിമയിലാണ് ഏറ്റവും നല്ല നടനുള്ള കേന്ദ്ര അവാർഡ് ലഭിക്കുന്നത്. അവിടെ വെച്ച് അല്ലെങ്കിൽ അത്തരം സിനിമകളിലൂടെ ഇന്ദ്രൻസ് എന്ന താരം സമൂഹത്തിനു സ്വീകരിക്കപ്പെടുന്ന രീതിയിൽ രൂപപ്പെടുകയായിരുന്നു.

Home movie trailer: Indrans-starrer promises to be a light-hearted and relatable family film

സങ്കടകരമായ കഥാപാത്രങ്ങൾ, കഥാപാത്രങ്ങളിലെ വിനയത്വം, സിനിമയ്ക്ക് പുറത്തുള്ള ഇന്ദ്രൻസിന്റെ വിനയം/അമിത വിനയം, അദ്ദേഹത്തിന്റെ ജനകീയ സ്വഭാവം തുടങ്ങിയ ചേരുവകളിലൂടെ അദ്ദേഹം വേറെ ഒരു താരമായി/സ്റ്റാർ ഫിഗർ ആയി മാറി. ‘അഞ്ചാം പാതിര’ തുടങ്ങിയ സിനിമകളിലെ റിപ്പർ കഥാപാത്രം ഇത്തരം ‘വിനയങ്ങളിൽ’ നിന്നും വ്യതിചലിച്ചിട്ടുമുണ്ടായിരുന്നു. അത് പോലെ തന്നെ ഗംഭീരമായ ഒരു കഥാപാത്രമായിരുന്നു ‘കേരളം ക്രൈം ഫയൽസ്’ എന്ന സീരീസിലെ പോലീസുകാരന്റെ കഥാപാത്രം. അതിലെ വലിയ പാരഡോക്സ് എന്ന് പറഞ്ഞാൽ ഇന്ദ്രൻസും ഹരിശ്രീ അശോകനും പഴയ പഞ്ചാബി ഹൗസിലെ കഥാപാത്രങ്ങളിൽ നിന്ന്/യൂണിവേഴ്സൽ നിന്ന് ഷിഫ്റ്റ് ചെയ്ത് ക്രൂരമായ രണ്ടു കഥാപാത്രങ്ങളിലേക്ക് മെറ്റാ റീയലിസ്റ്റിക് ആയി അട്ടിമറിഞ്ഞു എന്നതാണ്. പക്ഷേ ഇതിനൊക്കെ അപ്പുറം ഇന്ദ്രൻസിന്റെ അഭിനയം, വാർത്തകൾ, ഷോകൾ, റീലുകൾ, അഭിമുഖങ്ങൾ എന്നിവയിൽ വിനയം മുഴച്ചു നിന്നു. ചിലയിടങ്ങളിൽ അരോചകമാകുന്ന വിധം ബോറായി തുടങ്ങി.

ഇങ്ങനെ ആണ് സ്ലാപ്സ്റ്റിക് ആയും ജോക്കർമാരായും സ്പൂഫ് ചെയ്തും ചളി പറഞ്ഞും വൈകൃതങ്ങൾ കാണിച്ചും ഒക്കെ അധോലോകങ്ങളിലെ വിഘടിച്ച് നിന്ന കയ്യടി വാങ്ങിച്ച കാണികളിൽ നിന്ന് അന്ന് ഒരു അഭിനേതാവായി പോലും പരിഗണിക്കപ്പെടാത്ത ഒരു സമൂഹത്തിൽ നിന്ന് വിനയം, കുടുംബനാഥൻ, പാവം പിടിച്ച കഥാപാത്രങ്ങൾ തുടങ്ങിയവയിലൂടെ കേരളം അംഗീകരിക്കുന്ന ഒരു താരശരീരത്തിലേക്ക് ഇന്ദ്രൻസ് ഷിഫ്റ്റ് ചെയ്തത്. താരത്തെ രൂപപ്പെടുത്തുന്ന സമൂഹത്തിന്റെ ചേരുവകളിലേക്ക് ഇന്ദ്രൻസ് സ്വയം വിലക്കി ചേർന്നു

ഇന്ദ്രൻസിന്റെ അഴിഞ്ഞാട്ടം, കട്ടയ്ക്ക് ജോമോൻ ജ്യോതിറും: ആശാൻ റിവ്യൂ | Aashan movie review| Malayalam cinema| Indrans new movie| Jomonjyothir| John Paul George film| Malayala Manorama Online News ...

‘ആശാൻ’ എന്ന സിനിമയിൽ അതിന്റെ ഒരു പടി കൂടെ കടക്കുന്നുണ്ട്. അതിൽ ‘രാമകഥ’ എന്ന പേരിട്ട സിനിമയ്ക്കുള്ളിലെ സിനിമയിലെ ഒരു കഥാപാത്രത്തിൽ ഒരു കഥകളി കലാകാരനായി അദ്ദേഹത്തിന് കേരളത്തിലെ പൊതു ഇടത്തിലെ താര നിർമ്മിതിയിൽ സ്ഥാനക്കയറ്റം ലഭിക്കുകയാണ്/അല്ലെങ്കിൽ ശ്രമിക്കുകയാണ്. രസങ്ങൾ അറിയില്ല എന്ന് പറഞ്ഞു രാജപ്പൻ എന്ന കീഴാള കഥാപാത്രത്തെ വട്ടം ചുറ്റിച്ചിരുന്നതാണ് ‘ഉദയനാണ് താരം’ എന്ന സിനിമ. പക്ഷേ ഈ സിനിമയിൽ ഇന്ദ്രൻസിന്റെ ശരീരത്തെ കഥകളിയിലേക്ക് വലിച്ചുചേർക്കാനുള്ള ഒരു മലയാളി ശ്രമം നടത്തുന്നു. അത് വളരെ കൗതുകം ഉണ്ടാക്കുന്ന കാഴ്ചയാണ്. മോഹൻലാൽ ഏറ്റവും നല്ല നടനായായി മലയാളി ആഘോഷിക്കുന്നതു വാനപ്രസ്ഥം എന്ന കഥകളി സിനിമയിലൂടെ കൂടെ ആണ്. ആ സിനിമയ്ക്ക് മോഹൻലാലിന്റെ അഭിനയത്തെ വിലയിരുത്തുന്നതിൽ മലയാളി സമൂഹത്തിൽ വലിയ പങ്ക് ഉണ്ട്. കഥകളിയിലേക്ക് ‘അടുത്താൽ’ പിന്നെ മലയാളിക്ക് എല്ലാം സൂപ്പർ ആയല്ലോ. പക്ഷേ വളരെ അരോചകമായ ഒരു സിനിമാഭാഷ ആയതു കൊണ്ടുതന്നെ ഈ സിനിമയിലെ അത്തരം പ്രോജക്ട് പൊളിഞ്ഞു പാളീസാവുകയും കേരള സമൂഹം ഏറ്റെടുക്കാതെയും അത് ചിലപ്പോൾ പരാജയമാകാനും സാധ്യതയുണ്ട്. ഈ ജെൻ സി വൈബിന്റെ ഇടയിലൊക്കെ ഇനി കഥകളി ഒക്കെ എങ്ങനെ ചിലവാകാനാണ് എന്നൊക്കെയും ആലോചിക്കേണ്ടി വരും.

ഇന്ദ്രൻസ് എന്ന നടന്റെ കഴിഞ്ഞ മുപ്പത് വർഷത്തെ ട്രാജക്ടറിയെ കുറിച്ച് ഇന്ന് ആശാൻ എന്ന ഈ സിനിമ കണ്ടപ്പോൾ കുറിക്കാൻ തോന്നിയ ഒരു കാര്യമാണിത്. ഇന്ദ്രൻസിന്റെ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ച, അദ്ദേഹത്തിന്റെ ‘ത്രീ മെൻ ആർമി’ എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുത്ത, “മുതലാളി ചങ്ക ചക ചക” എന്ന ഡയലോഗ് വീണ്ടും വീണ്ടും ആവർത്തിച്ച അന്നൊരു കാലത്തെ അണ്ടർവേൾഡ് ഫാൻബോയിയുടെ എഴുത്ത് കൂടെ ആണ് ഇത്. അത് പോലെ ഇന്നത്തെ അദ്ദേഹത്തിന്റെ താര നിർമ്മിതിയിലെ വിനയവും സിനിമയിലെ വിനയവും കട്ട ബോറാണെന്ന് കരുതുന്ന ഒരു കാണിയുടെ എഴുത്ത്.

No Comments yet!

Your Email address will not be published.