Skip to main content

ഷോലെ – ഇന്ത്യന്‍ സമൂഹത്തിലെ അമ്പതു വര്‍ഷങ്ങള്‍

ഒരു യൂണിവേഴ്‌സിറ്റിയിലെ ഒരു ക്ലാസിലെ ബാക്കിലെ കസേരയില്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ക്ലാസില്‍ ഒരു പുണ്ണാക്കും മനസ്സിലാകാതെ ഉറക്കം തൂങ്ങി ഇരിക്കുന്ന നാളുകളിലാണ് ഒരിക്കല്‍ ഒരു ഗോപി മാഷ് വന്നു അയാള്‍ കണ്ട പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യം പറയുന്നത്. ഏതോ റൊമാന്റിക് പോയട്രി പഠിപ്പിക്കുന്ന ക്ലാസില്‍ ആയിരുന്നു അത്. ഷോലെ എന്ന സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് അയാള്‍ പറഞ്ഞത്. ഒരു ഗ്രാമത്തിലെ ഒരു രാത്രിയില്‍ വെള്ള വസ്ത്രം ധരിച്ച വിധവ ആയ ജയഭാദുരി ഒരു മട്ടുപ്പാവില്‍ വിളക്ക് പതുക്കെ തിരികെടുത്തുമ്പോള്‍ ഗ്രാമത്തിലെ മറ്റൊരു മൂലയില്‍ ഇരുന്നു മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ജയ് എന്ന അമിതാഭ് ബച്ചന്‍. പിന്നെ കുറേ കാലം കഴിഞ്ഞു എപ്പോഴോ ദൂരദര്‍ശനിലോ മറ്റോ കളര്‍ ടിവിയില്‍ ഷോലെ എന്ന സിനിമ കാണുമ്പോഴാണ് ആ സീനിന്റെ കോമ്പോസിഷന്‍ ശ്രദ്ധിക്കുന്നത്. മുഴുവന്‍ നീല അല്ലാത്ത രാത്രിയില്‍ പാറക്കെട്ടുകളുടെ ബാക്ക് ഗ്രൗണ്ടില്‍ ഒരു മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന അമിതാഭ് ബച്ചന്‍. പതുക്കെ വിളക്കിന്റെ തിരി കുറച്ച് വെക്കുന്ന ജയഭാദുരി. ചീവീടുകളുടെ ശബ്ദം. മൗത്ത് ഓര്‍ഗന്റെ സംഗീതം. പ്രണയത്തിന്റെ അതിമനോഹരമായ ഒരു കോമ്പോസിഷന്‍ ആയിരുന്നു അത്. ഏതോ ഇംഗ്ലീഷ് റൊമാന്റിക് പോയട്രിയില്‍നിന്നും കടംകൊണ്ടതാണ് ഈ സീന്‍ എന്ന് അന്ന് ഗോപി മാഷ് പറഞ്ഞുവെച്ചു.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ഞങ്ങളുടെ സിനിമാനുഭവങ്ങള്‍ രൂപപ്പെടുത്തിയത് വിഡിയോ കാസറ്റുകളിലൂടെ ആയിരുന്നു. അതിന് പല കാരണങ്ങളുമുണ്ടായിരുന്നു. വലിയ സിനിമാപ്രാന്ത് ഉണ്ടായിരുന്നെങ്കിലും ടാക്കീസില്‍ പോയി സിനിമ കാണുന്നത് അന്ന് ഒരു ആര്‍ഭാടമായി കരുതപ്പെട്ടിരുന്നു. ഓണത്തിനും വിഷുവിനും ക്രിസ്മസിനും – വര്‍ഷത്തില്‍ മൂന്ന് സിനിമകള്‍. അതിലും കൂടുതലായി സിനിമ കാണുന്നത് ഒരു ‘മോറല്‍ പ്രശ്‌നം’ എന്നാണ് അന്ന് കുടുംബത്തിലും നാട്ടിലും കരുതിയിരുന്നത്. അങ്ങനെ മധ്യവര്‍ഗത്തിലേക്ക് കടന്നുവരുന്ന ഞങ്ങളുടെ ന്യൂക്ലിയര്‍ കുടുംബത്തില്‍, സിനിമാസ്വാദനം തുടരാന്‍ അച്ഛന്‍ കണ്ടുപിടിച്ച പരിഹാരം വീഡിയോ കാസറ്റ് പ്ലെയര്‍ വാടകയ്ക്കെടുക്കുക എന്നതായിരുന്നു. ഓരോ ഓണം, ക്രിസ്മസ് അവധിക്കാലങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഞങ്ങളുടെ വീട്ടിലെ ക്രൗണ്‍ ബ്രാന്‍ഡിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വിക്കൊപ്പം ഒരു വി.സി.ആര്‍. കൂടി വാടകയ്ക്കെടുക്കും. അന്ന് തിയേറ്ററില്‍ വിട്ടുപോയ സിനിമകള്‍ വിഡിയോ കാസറ്റില്‍ ഇട്ടു വീട്ടില്‍ ഇരുന്ന് കാണും. രണ്ടു ദിവസംകൊണ്ട് ഒരു പത്തു പന്ത്രണ്ടു സിനിമകള്‍ ഞങ്ങള്‍ കണ്ടുതീര്‍ക്കും. കണ്ണുകള്‍ ബള്‍ബുകള്‍ ആകും. ഇങ്ങനെ ആയിരുന്നു ഞാനാദ്യം ഷോലെ എന്ന സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വിയില്‍ കാണുന്നത്. പക്ഷേ ജയ് യുടെ മരണരംഗം പൂപ്പല്‍ പിടിച്ചതുകൊണ്ട് അന്ന് മുഴുവന്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ശരിക്കും, അന്ന് വന്നിരുന്ന എല്ലാ കാസറ്റുകളുടെയും അവസാനം കുറച്ച് മിനിറ്റുകള്‍ പൂപ്പല്‍ പിടിച്ചിരിക്കും.
ആ കാലത്ത് ഷോലെ എന്ന സിനിമയുടെ പോസ്റ്റര്‍ തന്നെ വളരെ വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ കണ്ണൂരിലെ പഴയങ്ങാടിയിലെ പ്രതിഭ, ശ്രീ ശക്തി സ്റ്റാര്‍ തുടങ്ങിയ ടാക്കീസുകളില്‍ കൊല്ലത്തില്‍ ഒരിക്കല്‍ എങ്കിലും – ഒരാഴ്ചത്തേക്കോ അല്ലെങ്കില്‍ മൂന്നു ദിവസത്തെ ‘ഫില്ലറുകളായോ’ – ഷോലെ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ സിനിമ കാണാന്‍ ആളുകള്‍ ഇടിച്ചുകയറുമായിരുന്നു. എങ്കിലും, അമിതാഭ് ബച്ചന്‍ ഷോലെയ്ക്ക് ശേഷം അഭിനയിച്ച ഷാന്‍ എന്ന സിനിമ ടാക്കീസില്‍ പോയി കണ്ടുവെങ്കിലും, ഷോലെ എന്ന സിനിമ തിയേറ്ററില്‍ കയറി കാണുവാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഇന്നും നഷ്ടപ്പെട്ടൊരു അനുഭവമായി തന്നെയുണ്ട്. പ്രത്യേകിച്ച് ഷോലെയുടെ പോസ്റ്റര്‍ – അതിലെ ടൈറ്റിലിന്റെ ഫോണ്ട് ഡിസൈന്‍ തന്നെ – അന്ന് ഇന്ത്യന്‍ സിനിമകളിലെ പോസ്റ്ററുകളില്‍ നിന്ന് വേറിട്ടുനിന്നിരുന്നു.

ഇന്നലെ ആരുടെയോ വാട്‌സാപ്പ് സ്റ്റാറ്റസില്‍ ഷോലെയുടെ അമ്പതാം വാര്‍ഷികം എന്ന് കണ്ടപ്പോഴാണ്, ഞാന്‍ വീണ്ടും ആ സിനിമ കണ്ടുനോക്കിയത് – ഇക്കുറി ഒരു ആന്‍ഡ്രോയിഡ് ടി.വിയിലും സൗണ്ട് സിസ്റ്റത്തിന്റെയും കരുത്തോടെ ആയിരുന്നു അത്. പക്ഷേ, മൂന്നു മണിക്കൂര്‍ നീളുന്ന ഒരു സിനിമ മുഴുവനായും ഇരുന്നു കാണാനുള്ള ക്ഷമ ഇനി എനിക്കില്ല. ഇന്ത്യന്‍ സിനിമയുടെ പ്രതീക്ഷിക്കപ്പെട്ട ലീനിയര്‍ നറേറ്റീവ് സ്‌റ്റൈല്‍ ഇപ്പോള്‍ താങ്ങാന്‍ പറ്റാത്തതും ആണ്. എങ്കിലും, സിനിമയുടെ തുടക്കത്തില്‍ വരുന്ന ആ ‘കൊള്ളക്കാരുമായുള്ള’ ട്രെയിന്‍ ആക്ഷന്‍ രംഗം മാത്രം വീണ്ടും കണ്ടു. ഇന്ത്യന്‍ സിനിമയുടെ എഴുപതുകളുടെ ടെക്‌നിക്കാലിറ്റിയില്‍ ഉണ്ടായിരുന്നൊരു വലിയ കുതിച്ചുചാട്ടമാണ് ആ സീക്വന്‍സ്. ക്യാമറയുടെ ചലനങ്ങളില്‍ നിന്നും എഡിറ്റിങ്ങിന്റെ ടെക്‌നിക്കാലിറ്റിയില്‍ വരെ, അത്രയും ഗംഭീരമായൊരു സീക്വന്‍സ്. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍ എന്നിവര്‍ അഭിനയിച്ച ആ ആക്ഷന്‍ രംഗത്തിന്റെ കൊറിയോഗ്രാഫിയില്‍ ഒരു കാലഘട്ടത്തിന്റെ താളവും, ഭാവിയിലെ ഇന്ത്യന്‍ ആക്ഷന്‍ സിനിമയുടെ ക്രാഫ്റ്റും ഒളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഷോലെ ഇന്നും ഒരു സാധാരണ സിനിമയല്ലാതെ, ഒരു ‘എക്സ്പീരിയന്‍സ്’ ആയി നിലനിലയ്ക്കുന്നത്.

ഇന്ത്യയിലെ റെയില്‍വേ വികസനത്തിന് ശേഷം, ചമ്പല്‍ പോലുള്ള ജിയോഗ്രാഫികളിലെ കൊള്ളകളുടെ അപരസമൂഹങ്ങളുടെ സ്വഭാവം തന്നെ മാറി. മുമ്പ് ഗ്രാമങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളും ശേഷികളുമായിരുന്നു ഇത്തരം സമൂഹങ്ങളുടെ ലക്ഷ്യം. എന്നാല്‍ ടെക്‌നോളജിയുടെ ഉയര്‍ച്ചയ്ക്കൊപ്പം, ചരക്കുകളും സമ്പത്തും ട്രെയിന്‍ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍, അവരുടെ ആക്രമണങ്ങളും പുതിയ വഴികളിലേക്ക് മാറി. അന്നത്തെ മോഡേണിറ്റി – ട്രെയിന്‍, തോക്കുകള്‍, വേഗത – എല്ലാം ചേര്‍ന്ന് ഒരേസമയം കൊള്ളയും അതിനെതിരെയുള്ള യുദ്ധവും ഈ സിനിമ രൂപപ്പെടുത്തി. കുതിരപ്പുറത്ത് കയറി, ട്രെയിനിന്റെ വേഗതയോട് തുല്യമായി പായുകയും, അതിനൊപ്പം തോക്കുയര്‍ത്തി ആക്രമിക്കുകയും ചെയ്യുന്ന കൊള്ളക്കാരുടെ ദൃശ്യങ്ങള്‍, വേഗത എന്ന സങ്കല്‍പ്പത്തെ തന്നെ മറ്റൊരു തലത്തിലേക്ക് സവര്‍ണ്ണ നവ ജാതി സമൂഹങ്ങളുടെ സാമ്പത്തിക ഉയര്‍ച്ചയും തമ്മില്‍ ഒരു അനുപാതബന്ധം ഉണ്ടായിരുന്നു. ട്രെയിന്‍ പോലുള്ള വാഹനങ്ങളുടെ കുതിച്ചുചാട്ടം അത്തരം സമൂഹങ്ങളുടെ പുരോഗതിയുടെ പ്രതീകമായി മാറി. പക്ഷേ, അതേ വേഗതയെ വെല്ലുവിളിച്ചും, അതിനെ തടഞ്ഞും, അതില്‍നിന്ന് കൊള്ളയടിച്ചും ജീവിച്ചിരുന്ന അപരത്തത്തിന്റെ സമൂഹങ്ങളും രൂപപ്പെട്ടു. ഈ കൊള്ള സംഘങ്ങള്‍, ട്രെയിനുകളുടെ വേഗത്തിനൊപ്പമോടി, അതിനോട് പോരാടി, പലപ്പോഴും ജയിച്ചു, ചിലപ്പോള്‍ തോറ്റു. അവരുടെ കഥ, ടെക്‌നോളജിയുടെ ആഘോഷത്തോടൊപ്പം അതിനെ എതിര്‍ത്ത സമൂഹങ്ങളുടെ ചരിത്രം കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഷോലെയിലെ ജയിയും വീരുവും – അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും അവതരിപ്പിച്ച ഈ രണ്ടു കഥാപാത്രങ്ങളും – ഗ്രാമത്തിന്റെ ഫ്യൂഡല്‍ ഘടനയ്ക്കു പുറത്തുനിന്നുള്ള അപരന്മാരാണ്. താക്കൂര്‍, ഗ്രാമം, കൊള്ളക്കാര്‍, മുതലാളിമാര്‍, ജയിലര്‍മാര്‍ – ഇവരുടെ ‘പ്രശ്‌നങ്ങള്‍’ ജയിക്കും വീരുവിനും യഥാര്‍ത്ഥത്തില്‍ ഒന്നും ബാധിക്കുന്നില്ല. അവര്‍ ഗ്രാമത്തിന്റെ സംസ്‌കാരിക-സാമൂഹിക ‘റിഥം’ പലപ്പോഴും തകര്‍ത്തുകളയുന്നവരാണ്. Once Upon a Time in the West, Seven Samurai പോലുള്ള സിനിമകളില്‍ നിന്ന് എടുത്തിരുന്ന ഇന്‍സ്പിരേഷനുമായി ചേര്‍ന്നുവന്നൊരു സിനിമ കൂടെ ആണ് ഷോലെ. ഇന്ത്യന്‍ ഗ്രാമീണ വേഷവിധാനങ്ങളില്‍നിന്ന് മാറി, ജയിയും വീരും ഒരു ‘വെസ്റ്റേണ്‍’ സ്‌റ്റൈലിലുള്ള ഐഡന്റിറ്റിയിലേക്ക് ഈ സിനിമയില്‍ രൂപപ്പെടുന്നു. ജീന്‍സ് പാന്റ്, കൗബോയ് ലൈഫ്, മൗത്ത് ഓര്‍ഗന്‍ – ഇവ ഒക്കെ വെസ്റ്റേണ്‍ ചിഹ്നങ്ങളിലൂടെ ആണ് വീരുവും ജെയിയും മുന്നോട്ട് പോകുന്നത്. ഒരു ഫ്യൂഡല്‍ ഗ്രാമത്തിന്റെ ഐഡന്റിറ്റിയോട് ജയിയും വീരും പിടികൊടുക്കുന്നില്ല; അവര്‍ അതിന്റെ അകത്തു ജീവിച്ചാലും, അത് അംഗീകരിക്കാതെ, അതിനെ സംഘര്‍ഷപ്പെടുന്ന അപരന്മാരായാണ് നിലകൊള്ളുന്നത്.

അതേസമയം, അംജദ് ഖാന്‍ അവതരിപ്പിച്ച ഗബ്ബാര്‍ സിംഗ് എന്ന കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഐക്കോണിക് വില്ലനായിത്തീര്‍ന്നു. ”കിത്‌നേ ആദ്മി ധേ?”, ”ജോ ഡര്‍ ഗയാ, മര്‍ ഗയാ” പോലുള്ള ഡയലോഗുകള്‍ സിനിമയുടെ സ്‌ക്രീനില്‍ ഒതുങ്ങാതെ ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ തന്നെ ഭാഷയില്‍ പതിഞ്ഞു. പക്ഷേ, ഗബ്ബാറിന്റെ കഥാപാത്രത്തെ ഒരു ‘കൊള്ളക്കാരന്‍’ എന്ന ഏകമാന ചിത്രീകരണത്തില്‍ ഒതുക്കാനാകില്ല. സഞ്ജീവ് കുമാറിന്റെ ഠാക്കൂര്‍ എന്ന കഥാപാത്രത്തിന്റെ കൈ വെട്ടുന്ന രംഗം, ഒരു നല്ല പോലീസുകാരനെ ശിക്ഷിക്കുന്ന കുറ്റവാളിയുടെ ക്രൂരത മാത്രമല്ല. അത്, ചാമ്പല്‍ പോലുള്ള ഭൂമിശാസ്ത്ര സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന ഫ്യൂഡല്‍ സാമ്പത്തിക വ്യവസ്ഥയുടെയും ജാതി-അധികാരത്തിന്റെയും ‘കൈ വെട്ടല്‍’ ആയി കൂടി വായിക്കാവുന്നതാണ്.

അംജദ് ഖാന്റെ ഗബ്ബാര്‍, അതിനാല്‍, ഇന്ത്യന്‍ സാംസ്‌കാരിക സ്‌പേസില്‍ പതിഞ്ഞുപോയ ഒരു വേറിട്ട സെമിയോട്ടിക് ചിഹ്നം ആയി മാറുന്നു. ഇന്ത്യന് സംസ്‌കാരികതയില്‍ ഇത്രയധികം ആഴത്തില്‍ പതിഞ്ഞ മറ്റൊരു വില്ലന്‍ ഉണ്ടായിട്ടുണ്ടാകില്ല. പിന്നീട് ഹിന്ദിയില്‍ തന്നെ പുറത്തിറങ്ങിയ ബാന്‍ഡിറ്റ് ക്വീന്‍ (Phoolan Devi യുടെ കഥ) പോലും ഇതേ രാഷ്ട്രീയ രൂപകവും കൂടെ ആണ് – ഫ്യൂഡല്‍ ജാതി-ജന്മി വ്യവസ്ഥയ്ക്കെതിരെ പൊരുതിയൊരു ആള്‍ട്ടര്‍നേറ്റ് ഹീറോയിന്റെ പ്ലോട്ട് ആവുകയാണ് ആ സിനിമ. ഗബ്ബാറും ഫൂലനും, ഇരുവരും വ്യത്യസ്ത രീതിയില്‍, ഇന്ത്യന്‍ ഗ്രാമീണ അധികാരഘടനകളെ വെല്ലുവിളിച്ച കഥാപാത്രങ്ങളാണ്.

സിനിമ, മോഡേണിറ്റിയുടെ ടെക്നോളജിക്കല്‍ ടൂളുകളില്‍ നിന്ന് ജനിച്ച ഒരു മാധ്യമം. അതിന്റെ ഏറ്റവും ഐക്കോണിക് ഇന്ത്യന്‍ ഉല്‍പ്പന്നം തന്നെയാണ് ഷോലെ. ഇന്ത്യന്‍ സമൂഹത്തിലും ലോകസിനിമാ ചരിത്രത്തിലും ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടും, ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടുമുതിര്‍ന്ന സിനിമയെന്ന സ്ഥാനമാണ് ഇതിന് ലഭിച്ചത്. അമ്പത് വര്‍ഷം പിന്നിട്ടിട്ടും, ഷോലെ ഇന്ത്യന്‍ സമൂഹത്തിലും ചരിത്രത്തിലും ഏറ്റവും വലിയ സിനിമയായി തുടരുന്നു. അതിന്റെ കള്‍ട്ട് സ്റ്റാറ്റസ് ഇന്നും മാറിയിട്ടില്ല. പക്ഷേ, ഇതില്‍ ഒരു രസകരമായ വിരോധാഭാസമുണ്ട്. ഷോലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക ഘടനകളിലേക്ക് ആഴത്തില്‍ കടന്നിരുന്നിട്ടും, ഇന്ത്യയുടെ സംസ്‌കാരത്തെ രൂപപ്പെടുത്തിയിരുന്ന ഹിന്ദുത്വ-മിത്തുകളുടെ അടിവേരുകള്‍ ഒന്നും ഇതിലൂടെ പിഴുതുകളയപ്പെട്ടില്ല. ഒരുപക്ഷേ ഈ സിനിമയും അതില് കൊടുക്കുകയും വാങ്ങുകയും വിഘടിക്കുകയും ചെയ്യുന്നുണ്ട്. ഷോലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഴത്തിലുള്ള മിത്തുകളെ എത്രത്തോളം ഉലച്ചുകളഞ്ഞു എന്നത് ഒരു ചോദ്യമായി ഉന്നയിക്കാവുന്നതാണ്.
സിനിമ, മോഡേണിറ്റിയുടെ ടെക്നോളജിക്കല്‍ ടൂളുകളില്‍ നിന്ന് ജനിച്ച ഒരു മാധ്യമം. അതിന്റെ ഏറ്റവും ഐക്കോണിക് ഇന്ത്യന്‍ ഉല്‍പ്പന്നം തന്നെയാണ് ഷോലെ. ഇന്ത്യന്‍ സമൂഹത്തിലും ലോകസിനിമാചരിത്രത്തിലും ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടും, ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടുമുതിര്‍ന്ന സിനിമയെന്ന സ്ഥാനമാണ് ഇതിന് ലഭിച്ചത്. അമ്പത് വര്‍ഷം പിന്നിട്ടിട്ടും, ഷോലെ ഇന്ത്യന്‍ സമൂഹത്തിലും ചരിത്രത്തിലും ഏറ്റവും വലിയ സിനിമയായി തുടരുന്നു. അതിന്റെ കള്‍ട്ട് സ്റ്റാറ്റസ് ഇന്നും മാറിയിട്ടില്ല. പക്ഷേ, ഇതില്‍ ഒരു രസകരമായ വിരോധാഭാസമുണ്ട്. ഷോലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക ഘടനകളിലേക്ക് ആഴത്തില്‍ കടന്നിരുന്നിട്ടും, ഇന്ത്യയുടെ സംസ്‌കാരത്തെ രൂപപ്പെടുത്തിയിരുന്ന ഹിന്ദുത്വ-മിത്തുകളുടെ അടിവേരുകള്‍ ഒന്നും ഇതിലൂടെ പിഴുതുകളയപ്പെട്ടില്ല. ഒരുപക്ഷേ ഈ സിനിമയും അതില് കൊടുക്കുകയും വാങ്ങുകയും വിഘടിക്കുകയും ചെയ്യുന്നുണ്ട്. ഷോലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഴത്തിലുള്ള മിത്തുകളെ എത്രത്തോളം ഉലച്ചുകളഞ്ഞു എന്നത് ഒരു ചോദ്യമായി ഉന്നയിക്കാവുന്നതാണ്.

ഷോലെ എന്ന സിനിമയ്ക്ക് പിന്നാലെ ഹിന്ദി സിനിമ ഒരു വേറിട്ട വഴിത്തിരിവിലേക്ക് നീങ്ങി. ഷോലെയുടെ യുഗത്തിന് ശേഷം, ഖാന്‍ ത്രയത്തിന്റെ (ആമിര്‍, ഷാരൂഖ്, സല്‍മാന്‍) റൊമാന്റിക് കാലഘട്ടത്തിലേക്ക് ഹിന്ദി സിനിമ മാറി. ഷോലെയുടെ റിലീസിന് ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം, രാമായണം പോലുള്ള ടെലിവിഷന്‍ സീരിയലുകള്‍ ഇന്ത്യന്‍ സമൂഹത്തിലേക്ക് ഹിന്ദുത്വ സാംസ്‌കാരികതയുടെ തുടര്‍ച്ചകള്‍ കൊണ്ടുവന്നു. ഈ പ്രവണതയ്ക്ക് ഇന്നും പല വകഭേദങ്ങളിലായി തുടര്‍ച്ചകളുണ്ട്.അതോടൊപ്പം, സിനിമയും മറ്റ് ദൃശ്യ മാധ്യമങ്ങളും, ഗ്ലോബലൈസേഷന്റെ വരവോടെ, പുതിയ പുതിയ ”അപര” ദൃശ്യതകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ കൊണ്ട് വരുന്ന ഒരു പ്രക്രിയ കൂടെ ഉണ്ടായി. അതുകൊണ്ട് തന്നെ, ഷോലെ ഇന്ത്യന്‍ സാംസ്‌കാരികതയിലെ ജാതി സമൂഹങ്ങളെ എത്രത്തോളം അട്ടിമറിച്ചുവെന്ന് നിശ്ചയമായി പറയാനാവില്ല. പക്ഷേ, ഒരു തലമുറ മുഴുവന്‍ അമ്പത് വര്‍ഷത്തോളം ഈ സിനിമയെ ആഘോഷിച്ചുവെന്ന വസ്തുത, ഇന്ത്യന്‍ സാംസ്‌കാരിക ചരിത്രത്തില്‍ തന്നെ വേറിട്ടൊരു പ്രത്യേകതയായി നിലകൊള്ളുന്നു.

No Comments yet!

Your Email address will not be published.