കേരളത്തില്‍ (ലോകത്തില്‍) തന്നെ ക്യാമറ, മൊബൈല്‍ ക്യാമറ. മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ വ്യാപകമായതോടുകൂടി തന്നെ മനുഷ്യരുടെ വിഷ്വല്‍ സെന്‍സിബിലിറ്റി തന്നെ മാറിത്തുടങ്ങിയിരുന്നു. അതായത് പഴയ എണ്‍പതുകളുടെ സത്യന് അന്തിക്കാട്ന് ഗ്രാമങ്ങള്‍, തറവാടുകള്‍, ഒറ്റപ്പാലം ഗ്രാമങ്ങള്‍ എന്നിവയെല്ലാം എടുത്തെറിഞ്ഞ് പുതിയ വിഷ്വല്‍ ക്രിയേറ്റേഴ്സ് വ്ലോഗര്‍മാരായും ടിക്ടോക്കര്മാരായും, റീല്‍സ് മേക്കര്മാരായും, ട്രാവലര്മാരായും പുതിയ ജിയോഗ്രഫികള്‍ തേടിപ്പോയി. കൊച്ചിയിലെ വനിതാ വിനീത തിയേറ്ററുകള്‍ എല്ലാം കേരളത്തിലെ പുതിയ വിസിബിലിറ്റികളായി. ക്യാമറ എന്ന ടൂളിന്റെ വികാസവും അതിന്റെ എഡിറ്റിംഗിന്റെ പുതിയ രീതികളും പല തരത്തിലുള്ള ദൃശ്യതയുടെ സ്ഫോടനങ്ങളിലേക്കോ അല്ലെങ്കില്‍ സീരീസ് ഓഫ് പൊട്ടിത്തെറികളിലേക്കോ രൂപപ്പെടുത്തിയിട്ടുണ്ട്.
ഇതിവിടെ സൂചിപ്പിക്കാനുള്ള കാര്യം, രണ്ട് ദിവസം മുമ്പ് സത്യന് അന്തിക്കാട് എന്ന സംവിധായകനെ മലയാളത്തിലെ ഒരു നമ്പര്‍ വണ്‍ ഓണ്‍ലൈന്‍ ചാനലില്‍ ഒരു അഭിമുഖത്തിലൂടെ വിഷ്വലൈസ് ചെയ്യുന്ന രീതിയെ കുറിച്ചാണ് പറയേണ്ടത് കൊണ്ട് കൂടെ ആണ്. സത്യന് അന്തിക്കാട് എന്ന മനുഷ്യനെ കേരളം/മലയാളി പണ്ടുമുതലേ സിനിമയ്ക്ക് പുറത്തും അകത്തും പ്ലേസ് ചെയ്തത് ഒരു ഗ്രാമീണന്, നാട്ടുവഴികളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്, കര്ഷകന്, വഴിയിലൂടെ പോകുന്നവരോടൊക്കെ സംസാരിക്കുന്ന സാധാരണക്കാരന് എന്ന രീതിയിലാണ്. അതിന്റെ ബെനിഫിറ്റ് അദ്ദേഹത്തിന്റെ സിനിമകള്‍ക്കുവേണ്ടി അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് വേണ്ടി സിനിമ എടുക്കുന്ന സംവിധായകന് എന്ന രീതിയില്‍ ഒരു റീഡിംഗ് മലയാളത്തില്‍ അടിച്ചുവിടുമ്പോള്‍ അതിന്റേതായ ഒരു സാമ്പത്തിക ശാസ്ത്രം അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ഇനി അഭിമുഖത്തിലേക്ക് വരാം. ഡിജിറ്റല്‍ മീഡിയ, എഡിറ്റിംഗ്, ക്യാമറ തുടങ്ങിയ ടൂളുകള്‍ വിഷ്വല്‍ ബ്രേക്കിംഗ് പലതരത്തില്‍ പല ജ്യോഗ്രഫികളില് നടത്തുന്ന ഒരു കാലത്താണ് ഈ അഭിമുഖം സത്യന് അന്തിക്കാടിനെ ഒരു ഗ്രാമീണനായ ഇമേജറിയിലേക്ക് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. നാട്ടുവഴികളിലൂടെ നടന്നു കൊണ്ട് ഒരു കുളത്തിന്റെ കരയിലിരുന്നു, വീട്ടിനകത്തെ ആടുന്ന ഊഞ്ഞാലില്‍ ഇരുന്നു, വളരെ കാം ആയി ശബ്ദശല്യങ്ങളില്ലാതെ ഈ അഭിമുഖം ക്രിയേറ്റ് ചെയ്തിരിക്കുന്നു. ആ അഭിമുഖത്തിലെ ഇരിക്കുന്ന കസേരകള്‍, ഊഞ്ഞാല് പോലുള്ള ഇരിപ്പിടങ്ങള്‍, കുളം പോലുള്ള ഇടങ്ങള്‍ തുടങ്ങിയവ ഒരു പുതിയതോ/പഴയതോ ആയ ഒരു കേരളീയതയെ സൃഷ്ടിക്കുന്നു. അതി വിദഗ്ദ്ധമായാണ് ഇത്തരം ആര്‍ട്ട് വര്‍ക്കുകള്‍ ഈ അഭിമുഖത്തില്‍ ഉപയോഗിച്ചിരിയിയ്ക്കുന്നത്. ഓണക്കാലം പോലുള്ള ടൈമിങ് മുണ്ട് പോലുള്ള വസ്ത്രങ്ങള്‍ ‘മലയാളിത്തം’ ഉറപ്പിക്കുന്നു. അവിടെയും സത്യന് അന്തിക്കാട് പറയുന്നത് ശങ്കരാടി എന്ന കാരണവര്‍, ഒടുവിലാന്‍ എന്ന ഏട്ടന്, മോഹന്‍ലാല്‍ എന്ന സാധാരണക്കാരന്, നാടോടിക്കാറ്റിലെ തൊഴിലില്ലായ്മ, കുടുംബം, നന്മ, ഗ്രാമീണത തുടങ്ങിയ പല കാര്യങ്ങളുമാണ്. കഴിഞ്ഞ പത്ത് പതിനഞ്ചു വര്‍ഷമായി എസ്റ്റാബ്ലിഷ്ഡ് മീഡിയകള്‍ക്ക് പുറത്തുള്ള പല ഇടങ്ങളിലും ഈ സത്യന് അന്തിക്കാടന്‍ വര്‍ത്തമാനത്തെ പലരും ട്രോളി കളിയാക്കി വിട്ടിട്ടുണ്ട്. അതിനെ ഡീ-കണ്സ്ട്രക്റ്റ് ചെയ്ത് അട്ടിമറിച്ച് കൊണ്ട് പുതിയ ചിന്തകള്‍ ഉണ്ടായിട്ടുമുണ്ട്. പക്ഷേ സത്യന് അന്തിക്കാട് ഇപ്പോഴും തിരുനക്കര തന്നെ. ദൃശ്യതയില്‍ പലതരം അട്ടിമറികള്‍ നടക്കുമ്പോഴും ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതിന്റെ ടൂളുകളിലൂടെ, സംസാരങ്ങളിലൂടെ, ദൃശ്യതയിലൂടെ സത്യന് അന്തിക്കാടന്‍ അഭിമുഖങ്ങളിലൂടെ ഒരു മലയാളിയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഹൃദയപൂര്‍വം എന്ന സിനിമ തുടങ്ങുന്നത് തന്നെ ട്രാന്‍സ്പ്ലാന്റ് ചെയ്യപ്പെടുന്ന ഒരു ഹൃദയം കൊണ്ടുവരുന്ന ഹെലികോപ്റ്ററിന്റെ ലോ ആംഗിള്‍ ഷോട്ടിലൂടെയാണ്. ഇത് സത്യന് അന്തിക്കാട് സിനിമകളില്‍ സ്ഥിരം കാണുന്ന ഗ്രാമീണ ബസ് എന്ന ദൃശ്യതയില്‍ നിന്ന് ഒരു ഷിഫ്റ്റും കൂടിയാണ്. ഹൃദയപൂര്‍വം എന്ന സിനിമയില്‍ മോഡേണിറ്റിയുടേതായ കേരളീയ സാംസ്കാരികതയെ മാറ്റിമറിച്ച യന്ത്രങ്ങള്‍, ടൂളുകള്‍, ഗാഡ്ജറ്റുകള്‍ തുടങ്ങിയവ പലയിടത്തും ദൃശ്യമാകുന്നു. ട്രാഫിക് എന്ന മലയാള സിനിമ ഒരു ന്യൂ ജെനെറേഷന് സിനിമ ആകുന്നത് അതില്‍ ഹൃദയം മാറ്റിവെക്കുന്ന ഒരു ടെക്നിക്കല്‍ പ്രോസസിംഗിലൂടെയും കൂടിയാണെന്ന് തോന്നുന്നു. അത്തരം ഒരു ടെക്നിക്കല്‍ പ്രോസസ്/ഹൃദയം മാറ്റിവെക്കല്‍ എന്ന പരിപാടി ഹൃദയപൂര്‍വം എന്ന സിനിമയിലും നടക്കുന്നുണ്ട്. ഈ സിനിമയിലെ തുടക്കത്തിലെ സെഗ്മെന്റുകളില്‍ സ്ഥിരം സത്യന് അന്തിക്കാടിന്റെ നാട്ടുവഴികളില്‍ നിന്ന് വിട്ടു കൊണ്ട് ഇത്തരം ടെക്നിക്കല്‍ ടൂളുകളിലൂടെയാണ് ഈ സിനിമ പോകുന്നത്. ആശുപത്രി, ഹൃദയശസ്ത്രക്രിയ, അത് മോണിറ്റര്‍ ചെയ്യുന്ന സംവിധാനങ്ങള്‍, നടു ഉളുക്കുമ്പോള് ഇടുന്ന ബെല്‍റ്റുകള്‍, കഴുത്തില്‍ ഇടുന്ന ഉപകരണം, മരുന്നുകള്‍, രോഗനിവാരണത്തിനുള്ള യോഗ, വ്യായാമങ്ങള്‍, എക്സ്-റേ ഫിലിമുകള്‍ തുടങ്ങിയവ ഈ സിനിമയില്‍ പലയിടത്തും ഉപയോഗിക്കപ്പെടുന്ന ടൂളുകളും യന്ത്രങ്ങളുമാണ്. അതേസമയം, ഒരു മനുഷ്യന് മരിക്കാന്‍ കിടക്കുമ്പോള്‍ അതിന്റെ കിടക്കയുടെ മുകളില്‍ മെഡിക്കല്‍ ഇക്വിപ്പ്മെന്റുകള് ദൃശ്യമാകുമ്പോള്‍ തന്നെ അയാള്‍ മരിക്കാന്‍ വേണ്ടി വിഷ്ണു പ്രാര്‍ത്ഥന നടത്തുന്ന പൂജാസാധനങ്ങളുടെ ഒരു കോണ്ട്രാസ്റ്റും അവിടെ കാണിക്കുന്നു. പല സംസ്കാരികഥകളുടെയും ‘യന്ത്രങ്ങള്‍’ ഈ സിനിമയില്‍ ദൃശ്യതപ്പെടുന്നു. ഇത്തരം ആശുപത്രി ഉപകരണങ്ങളോടും മനുഷ്യജീവന് നിലനിര്‍ത്താനുള്ള യന്ത്രങ്ങളോടും വളരെ ന്യൂട്രല്‍ ആയ ഒരു സമീപനമാണ് ഈ സിനിമ കാണിക്കുന്നത്.
ഇതേ സമയം ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപകരണമായി എനിക്ക് തോന്നിയത് ഒരു കല്യാണനിശ്ചയ സമയത്തെ മൈക്കാണ്. ആ മൈക്കിലൂടെയാണ് തനിക്ക് ഈ കല്യാണത്തില്‍ താല്പര്യമില്ലെന്ന് ആ പെണ്‍കുട്ടി വ്യക്തമാക്കുന്നത്. തന്റെ നിലപാട് ഒരു കല്യാണനിശ്ചയത്തിലൂടെ ഉറക്കെ ഒരു സ്റ്റേറ്റ്മെന്റായി പറയാന്‍ ആ പെണ്‍കുട്ടിക്ക് മൈക്കിലൂടെ സാധിക്കുന്നുമുണ്ട്. അതിനു ശേഷം അവരുടെ ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഐപാഡുകള്‍ തുടങ്ങിയ മോഡേണിറ്റിയുടെ യന്ത്രങ്ങള്‍ അവിടെ ഉപയോഗിക്കുന്നുമുണ്ട്, അവ ദൃശ്യതയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കുടുംബം കല്യാണം എന്ന പരിപാടിയെ ഉടക്കുന്നതില്‍ ഇത്തരം ടെക്നിക്കല്‍ ഉപകരണങ്ങളും ഒരു പാര്‍ട്ട് ആകുന്നു. അതിനു പുറമെ അതേ പെണ്‍കുട്ടി തന്റെ ഒരു റിലേഷന്‍ ബ്രേക്കപ്പായതിന്റെ ആഫ്റ്റര്‍ ഇഫക്ടായി തന്റെ വാട്ട്സാപ്പില്‍ Feeling Happy എന്ന രീതിയില്‍ സ്റ്റാറ്റസ് ഇടുകയും ചെയ്യുന്നു. അതുപോലെ ഒരിക്കല്‍ മോഹന്‍ലാലുമായുള്ള കല്യാണത്തില്‍ നിന്ന് ഒളിച്ചോടിയ ഒരു കല്യാണപെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വാട്ട്സാപ്പ് വീഡിയോ കോളിലൂടെ മോഹന്‍ലാലിനെ തിരിച്ചു വിളിച്ച് പ്രണയിക്കാന്‍ ശ്രമിക്കുന്നു.പൂനെ പോലുള്ള, കേരളത്തിലും ഉള്ള, പുതിയ വികാസങ്ങളായ ബസുകളിലെ പുതുതായി മോഡിഫൈ ചെയ്ത ബസുകളിലെ കോമഡികളും അതുപോലെ പ്രണയരംഗങ്ങളും ഇതില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പക്കാരുടെ ഒരു കൂട്ടം പല ഗാനദൃശ്യങ്ങളിലും നടന്നു പോകുമ്പോള്‍ അവര്‍ ഉപയോഗിക്കുന്ന ഹെഡ്ഫോണുകള് പോലുള്ള ഗാഡ്ജറ്റുകളും അവരുടെ വസ്ത്രങ്ങളും പുതിയ ഒരു പോസ്റ്റ്മോഡേണ്‍ അര്‍ബന്‍ ലൈഫിലേക്ക് കൊണ്ടുവരുന്നു. അതായത് പുതിയ മനുഷ്യരെ സാംസ്കാരികമായും സാമൂഹികമായും രാഷ്ട്രീയമായും അട്ടിമറിച്ച പലതരം ടെക്നിക്കല്‍ ഗാഡ്ജറ്റുകള്‍, ടൂളുകള്‍, ഉപകരണങ്ങള്‍ ഈ സിനിമയില്‍ ദൃശ്യതയില്‍ വരുമ്പോള്‍ അതിലേക്ക് പലവിധത്തിലുള്ള മൊറാലിറ്റികളും ഈ സിനിമയിലൂടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് ഈ സിനിമയെക്കുറിച്ച് വായിക്കുമ്പോള്‍ തോന്നുന്നത്.
പുതിയ നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണിന്റെ ഉത്ഭവത്തോടുകൂടി സത്യന് അന്തിക്കാടിന്റെ തന്നെ ഇരട്ടക്കുട്ടികളുടെ അച്ഛന് എന്ന സിനിമയില്‍ മൊബൈല്‍ ഫോണിനെ കളിയാക്കി കൊണ്ട് ഒരു സീന്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. ‘ഞാന്‍ മൊബൈല്‍ ഫോണില്‍ നിന്നാണ് വിളിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് ആ സീന്‍ ക്രിയേറ്റ് ചെയ്യപ്പെട്ടത്. അന്ന് പബ്ലിക് ആയി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ പലപ്പോഴും കളിയാക്കപ്പെടുകയും ചെയ്തിരുന്നു. അതിനു ശേഷം മൊബൈല്‍ ഫോണ്‍ എന്ന ടൂള്‍/ഗാഡ്ജറ്റ് കേരളത്തിന്റെ കുടുംബത്തിന്റെ സാംസ്കാരികതയുടെ, മൊറാലിറ്റിയുടെ പല സ്ട്രക്ചറുകളെയും തകര്‍ത്തുതരിപ്പണമാക്കി. മൊബൈല്‍ ഫോണിലൂടെ ഉണ്ടായ പ്രണയങ്ങള്‍, അവിഹിതങ്ങള്‍, ബന്ധങ്ങള്‍ (ഇന്റര്‍നെറ്റിലൂടെ) ഉണ്ടായ ലൈംഗികതകള്‍ തുടങ്ങിയവ പല തരത്തിലുള്ള സാംസ്കാരിക, സാമൂഹിക, മൊറാലിറ്റി പൊട്ടിത്തെറികള്‍ക്ക് കാരണമായി. സാംസ്കാരികമായ പലതരം പ്രതിവിപ്ലവങ്ങളും മൊബൈല്‍ ഫോണുകള്‍ അതിനു ശേഷമുള്ള മൊബൈല്‍ ഫോണുകളുടെ വികാസങ്ങളും രൂപപ്പെടുത്തി.അപ്പോള്‍ ‘മൊബൈല്‍ ഫോണ്‍ കുടുംബങ്ങളെ തകര്‍ക്കുന്നു’ എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളും ഉണ്ടായി. പക്ഷേ ഇന്ന് നോക്കൂ-പല കുടുംബങ്ങളിലെ റീലുകളിലെയും മനുഷ്യര്‍ മൊബൈല്‍ ഫോണുകളിലൂടെ ഉള്ള അവിഹിതങ്ങളെ കോമിക് ഫാക്ടറുകളായി അവതരിപ്പിക്കാന്‍ തുടങ്ങി. കുടുംബങ്ങളുടെ ഘടന തന്നെ മെറ്റമോര്ഫോസിസ്ക്ക് വിധേയമായി തുടങ്ങി. ഇന്ന് കുട്ടികള്‍ സിറ്റുവേഷന്‍ഷിപ്പ് പോലുള്ള ബന്ധങ്ങളിലേക്കും, കുടുംബത്തിനെ തന്നെ തള്ളി പറയുന്ന കല്യാണം എന്ന സ്ഥാപനത്തോട് ‘പണി നോക്കാന്‍’ പറയുന്ന സാമൂഹിക മാറ്റത്തിലേക്കും നീങ്ങുന്നതില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുകളും പോലുള്ള ടൂളുകള്‍ വലിയ പങ്ക് വഹിച്ചു. അത് കേരളത്തിന്റെ പരമ്പരാഗതമായ മൊറാലിറ്റിയെ പൊളിച്ചെഴുതുകയും ചെയ്തു.
ഹൃദയപൂര്‍വം എന്ന സിനിമയില്‍ ഇത്തരം ഗാഡ്ജറ്റുകളുടെ ഉപയോഗത്തിലാണ് മോഹന്‍ലാല്‍ ഇത്തവണ മൊറാലിറ്റി പ്രസംഗം നടത്തുന്നത്. ഒരു വാട്ട്സാപ്പ് സ്റ്റാറ്റസ് എങ്ങനെ ഇടണമെന്ന് ആ നായികയായ പെണ്‍കുട്ടിയെ മാഷായി പഠിപ്പിച്ചുകൊടുക്കുകയാണ്. ഇടറി തെറിക്കുന്ന കുടുംബത്തിലേക്ക് ഗാഡ്ജറ്റുകളുടെ ഉപയോഗത്തില്‍ പോലും ഒരു വാട്ട്സാപ്പ് സ്റ്റാറ്റസിനെ കുറിച്ച് ക്ലാസ് എടുത്ത് അയാള്‍ കുടുംബം എന്ന സിസ്റ്റം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അയാളെ ഒരിക്കല്‍ പറ്റിച്ച് പോയ ഒരു സ്ത്രീയെ ഈ സിനിമയില്‍ മുഴുവന്‍ ദൃശ്യപ്പെടുന്നത് ഒരു മൊബൈല്‍ ഫോണ്‍ വാട്ട്സാപ്പ് വീഡിയോ കോളിലൂടെയുമാണ്. ആ സ്ത്രീ ഒരുവിധം തന്റെ ഏകാന്തതയെയും അല്ലെങ്കില്‍ ലൈംഗികമായ ആഗ്രഹങ്ങളെയും പ്രണയങ്ങളെയും രൂപപ്പെടുത്തുന്നത് മൊബൈല്‍ വീഡിയോ ഫോണിലൂടെയായിരിക്കാം. അതിനായി അവര്‍ ആ ടൂള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. പക്ഷേ മോഹന്‍ലാലും അയാളുടെ കൂട്ടുകാരിയും/പ്രണയിനിയും അതിനെയും തകര്‍ത്തുകളയുകയാണ്. പുതിയ കമ്മ്യൂണിക്കേഷന്‍ ടൂളുകള്‍ മനുഷ്യരുടെ പലവിധ (ലൈംഗികത ഉള്‍പ്പെടെ) ആഹ്ലാദങ്ങളില്‍ വളരെ വലിയ വിപ്ലവങ്ങള്‍ വരെ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ലൈംഗികതയെ അടക്കം പേടിച്ച് കൊണ്ട് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാനുള്ള മൊറല്‍ സ്റ്റഡി ക്ലാസുകള്‍ ഈ സിനിമ കുടുംബം എന്ന സ്ട്രക്ചറുമായി നടത്തുന്നത് അരോചകമാണ്. അതേ സമയം സംഗീത പ്രതാപ് തന്റെ മൊബൈല്‍ ഫോണിലൂടെ താന്‍ എന്തെങ്കിലും നേഴ്സിനെ കെട്ടി ജര്‍മനിയില്‍ പോയി സെറ്റില്‍ ചെയ്യാം എന്ന സാധ്യത കൂടെ തന്റെ അമ്മയോട് പറയുന്നുണ്ട്.
പണ്ട് മൈ ഡിയര്‍ മുത്തച്ഛന് എന്ന സിനിമയിലെ കൗമാരക്കാരായ കുട്ടികള്‍ തങ്ങളുടെ ആഘോഷം നടത്തുമ്പോള്‍ ഉപദേശിച്ചു നിര്‍ത്തിക്കൊണ്ടിരുന്ന സത്യന് അന്തിക്കാടിന്റെ മുത്തശ്ശന് കഥാപാത്രങ്ങളില്‍ നിന്നും ഏറെ മുന്നോട്ടു പോയിട്ടില്ല എന്നതാണ് ഹൃദയപൂര്‍വത്തിലെ ഈ ഗാഡ്ജറ്റുകളെ കുറിച്ചുള്ള സ്റ്റഡി ക്ലാസുകള്‍. അതേസമയം, ഇതില്‍ മൊബൈല്‍ ഫോണിലൂടെ വന്ന വോയ്സ് മെസേജിലൂടെ മരിച്ചു പോയ ഒരാളുടെ ഓര്‍മ്മ പോലും ഈ സിനിമ പുനഃസൃഷ്ടിക്കുന്നു. അതായത് ഒരേ സമയത്ത് മൊറല്‍ സ്റ്റഡി ക്ലാസ് നടത്തുമ്പോഴും മറുഭാഗത്ത് ഒരാളുടെ ഓര്‍മ്മ പിടിച്ചുനിര്‍ത്താന്‍ ഒരു ടൂള്‍ മനോഹരമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യതയും ഈ സിനിമ കാണിക്കുന്നു. അതേ സമയം സംഗീത പ്രതാപ് തന്റെ മൊബൈല്‍ ഫോണിലൂടെ താന്‍ എന്തെങ്കിലും നേഴ്സിനെ കെട്ടി ജേര്മണിയില് പോയി സെറ്റില്‍ ചെയ്യാം എന്ന സാധ്യത കൂടെ തന്റെ അമ്മയോട് പറയുന്നുണ്ട്.

മനുഷ്യന്റെ ആയുസ്സ് നീട്ടുന്നതിനുള്ള രോഗചികിത്സയുടെ ഉപകരണങ്ങളേയും ആശുപത്രികളേയും രീതികളേയും അതിന്റെ വാഹനങ്ങളേയും ടെക്നിക്കുകളേയും യന്ത്രങ്ങളേയും വളരെ ന്യൂട്രല്‍ ആയി സമീപിക്കുകയും, അതേ സമയം മനുഷ്യന്റെ ആഹ്ലാദങ്ങളെയും ലൈംഗികതയെയും ഓര്‍മ്മകളെയും സൃഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ പോലുള്ള ഉപകരണങ്ങളെ കുടുംബം, വ്യവസ്ഥാപിത സമൂഹം, മൊറാലിറ്റി എന്നീ സാംസ്കാരികമായ രീതികളില്‍ വെച്ചുകൊണ്ട് പലപ്പോഴും അറു പിന്തിരിപ്പന് പഴയ കാലഘട്ടങ്ങളിലേക്ക് അതിന്റെ സ്ട്രക്ചറിലേക്ക് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതാണ് ഈ സിനിമ ചെയ്യുന്ന ഏറ്റവും ബോറിംഗ് പ്രവര്‍ത്തി. ധീരന് എന്ന സിനിമയില്‍ ഒരു അമ്പലത്തിലെ ഉത്സവത്തിന്റെ ഇടത്തിലേക്ക് വരുന്ന ഒരു ബസ്സിലാണ് (മോഡേണിറ്റിയുടെ ഉല്‍പ്പന്നം) ലൈംഗികതയ്ക്കുള്ള ഇടം രണ്ട് മനുഷ്യര്‍ – പ്രണയം പോലുമില്ലാത്തവര്‍ – കണ്ടെത്തുന്നത്. പക്ഷേ ഇവിടെ സത്യന് അന്തിക്കാട് ചില സാംസ്കാരികമായ അട്ടിമറികള്‍ നടത്തുന്ന ഗാഡ്ജറ്റുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു ഊളപരിപാടിയാണ് നടത്തുന്നത്. ഏറ്റവും വലിയ ദുരന്തം, എണ്‍പതുകളില്‍ നിന്ന് ബസ് കിട്ടാത്ത സത്യന് അന്തിക്കാടിന്റെ മക്കളും അയാളുടെ പാതയിലാണ് എന്നതാണ്. സത്യന് അന്തിക്കാടിന്റെ മാത്രമല്ല, സത്യന് അന്തിക്കാടിന്റെ മക്കളുടെ നന്മ കൂടി സഹിക്കണമെന്ന് വരുമ്പോഴാണ് ദുരന്തമാകുന്നത്. സത്യന് അന്തിക്കാടിന്റെ മക്കളുടെ മക്കള്‍ ഇതേ രീതിയില്‍ ഉള്ള പടങ്ങളും ആയി ആണ് വരുന്നതെങ്കില്‍ അതിനു മുമ്പേ തട്ടി പോകണേ എന്നാണ് ഇപ്പോഴുള്ള ഏക പ്രാര്‍ത്ഥന.







No Comments yet!