Skip to main content

നാരായണീന്റെ മൂന്നാൺമക്കൾ : ഉത്തര മലബാറിലെ തീയ്യ ജീവിതം

കേരളത്തിലെ, പ്രത്യേകിച്ച് വടക്കൻ മലബാറിലെ/കൊയിലാണ്ടി മേഖലയിലെ തീയ്യ സമുദായത്തിന്റെ ഉയർച്ചയുടെ/ഇടർച്ചയുടെ സൂക്ഷ്മമായ ചരിത്രം അടിത്തട്ടിലൂടെ അവതരിപ്പിക്കുന്ന ഒരു ഗംഭീര ടെക്സ്റ്റായിട്ടാണ് ‘നാരായണീന്റെ മൂന്നാൺമക്കൾ’ എന്ന സിനിമയെ ഞാൻ കാണുന്നത്. ആ പേരിലെ പ്രാദേശിക ഡയലക്ട് പോലും സിനിമയെ ജിയോഗ്രഫിക്കൽ ലോക്കാലിറ്റിയിലേക്ക് പ്ലേസ് ചെയ്യുന്നു. ഒരു തീയ്യ കുടുംബത്തിലെ ഗംഭീര വീട് എന്ന വ്യത്യസ്തമായ ഈ സിനിമയിലെ ദൃശ്യതയിലെ ആർകിടെക്ചറൽ ആർട്ട് ഡിസൈനിങ് വർക്ക് പോലും വ്യത്യസ്തമായ ഒരു സാമൂഹിക പരിതസ്ഥിതിയിലേക്ക്, എത്തിക്കുന്നു. നാരായണ ഗുരുവിന്റെ ചിത്രം പതിച്ച വീടിന്റെ മുറ്റത്തുള്ള വിശാലമായ മുറ്റം, സിനിമയിലെ ആർട്ട് ഡിറെക്ഷന്റെ മാറ്റം മാത്രമല്ല, ഒരു സമുദായത്തിന്റെ സാമൂഹിക വർഗ്ഗവ്യവസ്ഥകളിലെ (social stratification) വ്യത്യാസവും കാണിക്കുന്നു. സമ്പത്തിലും സാമൂഹിക നിലയിലും വളർച്ച സംഭവിക്കുമ്പോഴും പല തരത്തിലും ഇടറിപ്പോകുന്ന ഒരു സമുദായത്തിലെ കഥാപാത്രങ്ങളുടെ സ്വാഭാവികത (organicity) ഒരു മറവുമില്ലാതെ പ്രത്യക്ഷമാകുന്നു, അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഒരു ബ്രില്ല്യൻസ്.

വിശ്വനാഥൻ എന്ന കഥാപാത്രം തന്റെ അനിയനോട് ‘തന്ത വൈബ്’ എന്ന രീതിയിൽ പ്രണയത്തെയും മതേതര വിവാഹത്തെയും കുറിച്ച് സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും, ആ സമുദായം പല ദശകങ്ങളായി കേരളീയതയുടെ സവർണ ചരിത്രത്തോട് സംഘർഷപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്ലോട്ട് കൂടെ പറയപ്പെടുന്നു. സിനിമ ഒരു രാഷ്ട്രീയ ഏകതാനതയിലേക്ക്/ഏകരൂപത്തിലേക്ക് പോകാതെ, കഥാപാത്രങ്ങളുടെ വൈബ്രൻസിയിലൂടെ, അതികഠിനമായ രാഷ്ട്രീയ നൈതികത (political morality) പ്രയോഗിക്കാതെ മുന്നോട്ട് പോകുന്നു. ചിലപ്പോൾ പ്രത്യക്ഷമായ പൊളിറ്റിക്കൽ റിയാക്ഷനും ആകുന്നു. അതേ സമയം, ഈ സമുദായങ്ങൾ ഇത്തരം സംഘർഷങ്ങളിലൂടെ വളരുമ്പോൾ ഹിന്ദുത്വ ആശയങ്ങൾ അവരുടെ ആന്തരീകതയിലേക്ക് കടന്നു വരുന്നതിന്റെ സൈക്കിക് രീതികളും ഈ സിനിമ അവതരിപ്പിക്കുന്നു. ഒരു മുസ്ലിം സ്ത്രീയെ ഉൾക്കൊള്ളാത്ത ചേട്ടൻ/ഉൽസവ പറമ്പ് എന്നിവ രൂപം സൃഷ്ടിക്കുകയും, അതിനോട് കൂൾ ആയി നേരിടുന്ന ഒരു സമീപനം സ്വീകരിക്കുകയും ചെയ്യുന്ന സേതുവിന്റെ കഥാപാത്രം (ജോജു ജോർജ്) അന്യായമായ ആഴമുള്ളതും ശക്തവുമാണ്.

സുരാജിന്റെ ഭാസ്കരൻ മോഡേണിറ്റിയിലൂടെ യുകെയിലേക്ക് പോകുകയും, ഒരു മുസ്ലിം സ്ത്രീയുമായി വിവാഹം കഴിക്കുകയും ചെയ്യുമ്പോഴും, അയാളെ സഹിക്കാൻ പറ്റില്ലെന്ന് അയാളുടെ മകൻ തന്നെ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇവിടെ ജീവിച്ച തന്റെ പഴഞ്ചനായ അച്ഛൻ വിശ്വനാഥനെ അയാളുടെ മകൾ തന്നെ ‘പാവം’ എന്ന രീതിയിൽ വായിച്ചെടുക്കുമ്പോൾ, ജിയോഗ്രഫിക്കൽ ഡിസ്പ്ലേസ്മെന്റ്, എക്സ്പോഷർ, വിദ്യാഭ്യാസം, യാത്രകൾ, പുരോഗമനചിന്ത എന്നിവയെക്കുറിച്ചുള്ള പഴയ ഡെഫിനിഷനുകൾക്കപ്പുറം ഒരു പുതിയ സംഭാഷണം കുട്ടികൾ തുറക്കുന്നു. ആ കുട്ടികൾ തന്നെ ഈ കുടുംബത്തിന് പല തരം ഡാർക്ക് സീക്രട്ടുകൾ ഉണ്ട് എന്നു പറയുന്നത് തന്നെ കോമിക്കൽ ആണെങ്കിലും അത് ചരിത്രപരതയിൽ പ്രാധാന്യമുള്ളതുമാകുന്നു. ‘ബ്രാമിൻസ്, അല്ല എല്ലാവരും ഉപയോഗിക്കുന്ന സാമ്പാർപൊടി മാത്രമേ ഇവിടെ ഉള്ളൂ’ എന്ന ലളിതമായ കോമഡി, പട്ടിഷോ കാണിക്കാതെ കഞ്ചാവ് വലിക്കുന്ന, ഉൽസവ പറമ്പിൽ നിഗൂഡമായ പ്രണയം രൂപപ്പെടുത്തുന്ന സേതുവിന്റെ (ജോജു) കഥാപാത്രം വളരെ രസകരവും, അതേസമയം സൂക്ഷ്മവും ആണ്. ‘പൊട്ടൻ’ എന്ന വിശേഷണത്തിൽ നിരന്തരം വിളിക്കപ്പെടുന്ന ജോജുവിന്റെ ബ്രില്ല്യൻറ് ആയ ഈ കഥാപാത്രം (സേതു) ഈ കേരളത്തിലൊന്നും ജീവിക്കേണ്ട ആളല്ല എന്ന തോന്നലിനെയാണ് സിനിമ സൃഷ്ടിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണന്റെ ‘കഥാപുരുഷൻ’ എന്ന ‘നായന്മാരുടെ ആകാശദൂത്’ ആയ സിനിമയിലെ നായന്മാരുടെ തറവാട് വാങ്ങാൻ വരുന്ന പിന്നോക്കക്കാരനായ സമ്പന്നനായ കഥാപാത്രമായി മുകേഷ് എത്തുന്നത്തിന്റെ ഒരു ഷിഫ്റ്റ് എന്ന രീതിയിൽ, ‘നാരായണീന്റെ മൂന്നാൺമക്കളിൽ’ ഈട് വെച്ചു നഷ്ടപ്പെട്ട സ്ഥലം തിരിച്ചു വാങ്ങാനെത്തുന്ന സവർണ കഥാപാത്രം നിർമ്മിക്കപ്പെടുന്നുണ്ട്. സ്ഥലം തിരിച്ചു വാങ്ങിക്കാൻ വരുന്ന അവരോടു വിശ്വനാഥൻ അവർക്ക് ഒക്കാത്ത വില പറഞ്ഞു, അതിനു ന്യായം പറയുന്നുണ്ട്. ‘അവർക്ക് തലമുറയായി കിട്ടിയതാണ്, പക്ഷേ നമ്മൾ അദ്ധ്വാനിച്ചു നേടി എടുത്തതാണ്’ എന്നതാണ് ആ ന്യായം. ‘കഥാപുരുഷനിൽ’ മുകേഷ് പറയാതെ പോയ ഒരു ഡയലോഗിന്റെ പ്രതിഫലനം പോലെയാണ് ഈ വർത്തമാനം രൂപപ്പെടുന്നത് . ഇത് കേരളത്തിന്റെ ദൃശ്യരാഷ്ട്രീയത്തിൽ (visual politics) ഒരു കാലഘട്ടങ്ങളിലൂടെ രൂപപ്പെടുന്ന വികാസം കൂടി ആണ്. കൊയിലാണ്ടി മേഖലയിലെ തീയ്യ സമുദായങ്ങളുടെ തലമുറകളായി തുടരുന്ന ചരിത്രപരമായ ഒരു യാത്രയും, അതിന്റെ വിവിധ തരത്തിലുള്ള സംഘർഷങ്ങളും വ്യക്തിബന്ധങ്ങളിലെ ഇടർച്ചകളും എല്ലാം ചേർന്ന് തീർത്ത ഒരു ഗംഭീര ദൃശ്യരാഷ്ട്രീയ ടെക്സ്റ്റ് ആണ് ‘നാരായണീന്റെ മൂന്നാൺമക്കൾ’.

 

******

 

One Reply to “നാരായണീന്റെ മൂന്നാൺമക്കൾ : ഉത്തര മലബാറിലെ തീയ്യ ജീവിതം”

  1. സിനിമയെ ന്യായീകരിക്കുന്നതിൽ നന്ദി.
    സമുദായ വിശേഷങ്ങൾ ഒന്നും തന്നെ സിനിമയിൽ അറിയാതെ പോലും പറയുന്നില്ല.
    നാരായണി എന്ന ടൈറ്റിൽ വെച്ച് നാരായണൻ എന്ന അവസ്ഥാന്തരത്തിലേക്ക് പോകാൻ കഴിയുമോ.

    തകർന്ന തറവാട് പുരോഗമനത്തിൻ്റെ പുത്തൻ തലമുറ സൃഷ്ടിച്ചു കൊണ്ടിരിക്കയല്ലേ കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിൽ

    നിരൂപണത്തിന് നന്ദി..

Leave a Reply to Ani Cancel reply

Your Email address will not be published.