Skip to main content

മൈക്കിള്‍ ജാക്‌സന്‍ – ദി കിംഗ് ഓഫ് പോപ്പ്

പ്രസിദ്ധിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സനെതിരെ ആരോപണങ്ങളും കേസുകളും കോടതി വിചാരണകളും പോലീസ് ഭീകരതയും എല്ലാം വരുന്നത്. ജാക്‌സന്റെ സ്വപ്നത്തില്‍ പോലും ഇല്ലാത്ത തരത്തിലുള്ള വേദനാജനകമായ മാധ്യമ വിചാരണകള്‍ നടന്ന ആ കാലത്ത് കുടുംബത്തില്‍ ഉള്ളവരും, സഹപ്രവര്‍ത്തകരില്‍ ചിലരും കോടതിയും പോലീസും രാഷ്ട്രീയക്കാരും എല്ലാം അദ്ധേഹത്തിനെതിരെ നിന്നപ്പോഴും ചുറ്റും കഥകളുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചപ്പോഴും മൈക്കിളിനൊപ്പം ഉറച്ചു നിന്നത് അദ്ധേഹത്തിന്റെ ശതകോടികള്‍ വരുന്ന ആരാധകരായിരുന്നു. ഒടുവില്‍ എല്ലാ സംഗീതവും ചലനങ്ങളും നിലച്ച് UCLA മെഡിക്കല്‍ സെന്ററിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടന്ന മൈക്കിളിന്റെ ശരീരത്തില്‍ നിന്നും പോലീസ് സര്‍ജന് കണ്ടെത്താന്‍ കഴിഞ്ഞത് കൊലപാതക സാധ്യത മാത്രമാണ് എന്നോര്‍ക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന ആരോപണങ്ങളുടെ കൂരമ്പുകളില്‍ എത്രമാത്രം വിഷം പുരട്ടിയിരുന്നു എന്ന് നമ്മള്‍ തിരിച്ചറിയുക. അന്ന് കൈവിടാതിരുന്ന ആരാധകര്‍ മരണശേഷവും മൈക്കിള്‍ ജാക്‌സനെ കൈവിട്ടിട്ടില്ല എന്നതിന്റെ ഉറച്ച ബോധ്യമാണ് ഇന്ന് ലോകം മുഴുവനുമുള്ള തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ അദ്ധേഹത്തിന്റെ ബയോപിക്കായ ”മൈക്കിള്‍” പ്രദര്‍ശിപ്പിച്ചുവരുന്നതില്‍ നിന്നും നമുക്ക് അറിയാന്‍ കഴിയുന്നത്.

Michael | Rotten Tomatoes

രണ്ടും മൂന്നും പ്രാവശ്യം സിനിമ കാണുന്നവരുടെ എണ്ണം ലോകം മുഴുവന്‍ കൂടി വരികയാണ്. ജോണ്‍ ലോഗന്‍ കഥയെഴുതി അന്റോയിന്‍ ഫുഖ്വ സംവിധാനം നിര്‍വഹിച്ച മൈക്കിള്‍ എന്ന സിനിമ മൈക്കിള്‍ ജാക്‌സന്റെ മുപ്പത് വയസ്സുവരെയുള്ള ജീവിതത്തെ അനാവരണം ചെയ്യുന്ന സിനിമയാണ്. അച്ഛന്‍ വഴി മൈക്കിള്‍ ജാക്‌സന്റെ ബന്ധു തന്നെയായ ജാഫര്‍ ജാക്‌സന്‍ ആണ് ഈ സിനിമയില്‍ മൈക്കിള്‍ ജാക്‌സന്‍ ആയി അഭിനയിക്കുന്നത് എന്നതിനാല്‍ ഏതാണ്ട് മൈക്കിള്‍ ജാക്‌സനെ തന്നെ കാണികള്‍ക്ക് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്ന തരത്തിലുള്ള ഒരു Originality ഈ സിനിമ കാണികള്‍ക്ക് നല്‍കുന്നു എന്നത് സിനിമയെ കൂടുതല്‍ കാണികളുമായി അടുപ്പിക്കുന്നു. മറ്റൊരു ഇതിഹാസ പോപ്പ് സിങ്ങറായ ഫ്രെഡി മര്‍ഫിയുടെ ബയോപിക്കായ Bohemian Rhapsody എങ്ങനെയാണോ മര്‍ഫിയുടെ ജീവിതത്തിന്റെ ആരോഹണ അവരോഹണങ്ങളെ അടയാളപ്പെടുത്തിയത് അതുപോലെ മൈക്കിള്‍ ജാക്‌സ്ന്റെ ആദ്യകാല ജീവിതത്തിലെ പ്രക്ഷുബ്ദങ്ങളായ കാലത്തെ ഈ സിനിമ വിശകലനം ചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം സര്‍ജന്‍ പാലിക്കേണ്ട Impartial and objective evaluation കഥാകൃത്തും സംവിധായകനും മൈക്കിള്‍ എന്ന സിനിമയില്‍ പുലര്‍ത്തിയിട്ടില്ല എന്ന വിമര്‍ശനത്തെ മാറ്റി നിര്‍ത്തിയാല്‍ ലോക സിനിമയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന സിനിമ തന്നെയാണ് മൈക്കിള്‍. തീര്‍ച്ചയായും എല്ലാവരും കാണേണ്ട ഒരു സിനിമയാണ് മൈക്കിള്‍.

Bohemian Rhapsody : Queen + Adam Lambert: Amazon.in: Music}

വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്നു നിര്‍ണ്ണായക ഘടകങ്ങളെ മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെ മുന്‍നിര്‍ത്തി സിനിമ വിലയിരുത്തുന്നുണ്ട്. മോഹന്‍ ലാലിന്റെ സ്ഫടികം എന്ന സിനിമയില്‍ അദ്ധേഹത്തിന്റെ കൌമാരകാലമഭിനയിച്ച രൂപേഷ് പീതാംബരന്‍ പില്‍ക്കാലത്ത് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ഒരു കാര്യം സ്ഫടികത്തില്‍ അഭിനയിക്കുന്ന സമയം മുഴുവന്‍ ചാക്കോ മാഷായി അഭിനയിച്ച തിലകന്‍ ബോധപൂര്‍വ്വം തന്നോട് അകല്‍ച്ചയും ഒരുതരം വെറുപ്പും കാണിച്ചിരുന്നു എന്നാണ്.

എന്നാല്‍ കുറേക്കാലം കഴിഞ്ഞപ്പോള്‍ തിലകനുമായി സംസാരിച്ചപ്പോഴാണ് ”അന്ന് അദ്ദേഹം കാണിച്ച ദേഷ്യവും വെറുപ്പും” ഒരഭിനയം മാത്രമായിരുന്നുവെന്നും തങ്ങള്‍ക്കിടയില്‍ സിനിമയില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട ”ദേഷ്യവും വെറുപ്പും വൈകാരികമായ അകല്‍ച്ചയും” നഷ്ടപ്പെടാതിരിക്കാനാണ് തിലകന്‍ അന്ന് സെറ്റില്‍ അങ്ങനെ പെരുമാറിയത് എന്ന് രൂപേഷ് പീതാംബരന്‍ തിരിച്ചറിയുന്ന ഒരു നിമിഷത്തില്‍ അദ്ദേഹം തിലകനെ മറ്റൊരു തരത്തില്‍ കാണാന്‍ തുടങ്ങുകയാണ്. മൈക്കിള്‍ ജാക്‌സന്റെ ജീവിതകഥയിലെ വില്ലന്‍ വേഷങ്ങളില്‍ ഒന്നാണ് അദ്ധേഹത്തിന്റെ പിതാവ് ജോ ജാക്‌സണ്‍. ജോ ജാക്‌സന്‍ കുഞ്ഞു മൈക്കിളിനോട് യാതൊരു ദയയും കാണിച്ചിരുന്നില്ല. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനങ്ങള്‍, ആയിരംവട്ടവും കഴിഞ്ഞ് ആവര്‍ത്തിക്കുന്ന ഒരേതരം ചലനങ്ങളുടെ നിരന്തരവും മടുപ്പിക്കുന്നതുമായ പരിശീലന സെഷനുകള്‍, മടി കാണിച്ചാല്‍ പുറത്ത് വീഴുന്ന ബെല്‍റ്റിന്റെ അടികള്‍. അച്ഛനില്‍ നിന്നും കുഞ്ഞു മൈക്കിള്‍ വൈകാരികമായി അകലുമ്പോഴും പോപ്പിലേക്ക് അതിന്റെ സാധ്യതകളിലേക്ക് അവന്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. വൈകാരികമായി അച്ഛനും മകനും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും അച്ഛന്‍ മകനോട് പറയുന്നുണ്ട് ‘ എത്ര മേലേക്ക് ചിറകടിച്ച് ഒറ്റയ്ക്ക് പറന്നാലും നിന്നെ തിരിച്ചറിയുന്നവര്‍, നിന്നെ മനസ്സിലാക്കുന്നവര്‍ ഇങ്ങു താഴെ ജാക്‌സണ്‍ കുടുംബത്തില്‍ തന്നെയായിരിക്കും ഉണ്ടാവുക” എന്നത് എത്രത്തോളം സത്യമായിരുന്നു എന്നത് ജാക്‌സനും അദ്ധേഹത്തിന്റെ അച്ഛനും ഇടയിലെ ഒരു രഹസ്യമായി തന്നെ ഇന്നും അവശേഷിക്കുന്നു. തിലകൻ രൂപേഷിനോട് കാണിച്ച കൃത്യവും കണക്ക് കൂട്ടിയുള്ളതുമായ ഒരു വൈകാരിക അകൽച്ച മറച്ചുവെച്ച സ്നേഹത്തിനു പുറത്ത് കൊച്ചു മൈക്കിളിനോട് അദ്ദേഹത്തിന്റെ പിതാവും പുലർത്തിയിരിക്കാം.

Throwback Photos of the Jackson Family
Jackson Family

ജാക്‌സണ്‍ കുടുംബത്തിന്റെ പോപ്പ് ബാന്‍ഡിന്റെ അമരത്ത് മൈക്കിള്‍ ജാക്‌സന്‍ ഉണ്ടാകണം എന്നാണ് പിതാവ് ജോ ആഗ്രഹിച്ചത്. സ്വന്തം മക്കളിലൂടെ തനിക്ക് നേടാന്‍ കഴിയാഞ്ഞതൊക്കെ നേടണം എന്നാഗ്രഹിച്ച, ഒരുവേള പെരുന്തച്ച്ചന്‍ കോമ്പ്‌ലക്‌സ് തന്നെയുള്ള ഒരാളായി ചരിത്രം മൈക്കിളിന്റെ പിതാവിനെ വിലയിരുത്തിയാലും, വംശീയവെറി കറുത്തവരുടെ കൊലപാതകത്തിലേക്ക് വളര്‍ന്നിരുന്ന ഒരു കാലത്ത് തന്റെ മകന്റെ വളര്‍ച്ചയെ കരുതലോടെ മുന്നോട്ട് കൊണ്ട് പോകുന്ന ഒരു പിതാവ് ജോ ജാക്‌സണില്‍ ഉണ്ടായിരുന്നു. മനുഷ്യസഹജമായ വൈകാരിക കുറവുകള്‍ അദേഹത്തില്‍ ഉണ്ടായിരുന്നു എന്നത് തള്ളിക്കളഞ്ഞിട്ടല്ല ഞാനിത് എഴുതുന്നത്. ലോക പ്രസിദ്ധ ആഫ്രിക്കന്‍ അമേരിക്കന്‍ ടെന്നീസ് കളിക്കാര്‍ ആയ സെറീന -വീനസ് സഹോദരിമാരെ വംശീയ വെറിയന്മാരായ കാണികളില്‍ നിന്നും രക്ഷിക്കാനായി അവരുടെ പിതാവ് വലിയ ടെന്നീസ് കോര്‍ട്ടുകള്‍ വാടകയ്ക്ക് എടുത്ത് അതില്‍ ആളുകളെ നിറച്ച് അവരെക്കൊണ്ട് മക്കളെ നിരന്തരം തെറിവിളിപ്പിക്കുമായിരുന്നു. അത്തരം വംശീയ തെറികളും അധിക്ഷേപങ്ങളും കേട്ട് കേട്ട് ചെവിയും ഹൃദയവും മനസ്സും അന്തരാത്മാവും കട്ടിയാക്കിയാണ് തന്റെ പെണ്മക്കളെ വില്യംസ് വെള്ളക്കാരുടെ ടെന്നീസ് കോര്‍ട്ടുകളിലേക്ക് വിട്ടത്. തന്റെ ഒറ്റ മുറിയില്‍ സ്വയം ഉറങ്ങാതെ കിടന്നുകൊണ്ട് വെളുപ്പിനെ രണ്ടു മണിക്ക് ബാബാ സാഹേബ് അംബേദ്കര്‍ കൊച്ചു ഭീമായി കുട്ടിക്കാലത്ത് ജീവിച്ചപ്പോള്‍ ഭീമിനെ ഉറക്കത്തില്‍ നിന്നുമുണര്‍ത്തി പാഠങ്ങള്‍ വായിച്ചു പഠിക്കാന്‍ കാണിച്ച നിര്‍ബന്ധ ബുദ്ധിയാണ് ഭാവിയില്‍ ലോകത്തിന് അംബേദ്കറെ കൊടുത്തത്. കുടുംബത്തിന്റെ കരുതലും ത്യാഗങ്ങളും കൂടിയാണ് മക്കളുടെ വിജയത്തിലേക്കുള്ള ചവിട്ടുപടികള്‍ എന്നാണ് സിനിമ മൈക്കിളിന്റെ പിതാവ് ജോ ജാക്‌സണിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

A Guide to the Jackson Family: Meet All 10 Kids | Us Weekly

പിതാവിന്റെ ക്രൂരമായ ശിക്ഷണത്തില്‍ നില്‍ക്കുമ്പോഴും അമ്മ കാതറീന്‍ ജാക്‌സണിന്റെ സ്‌നേഹത്തില്‍ മൈക്കിള്‍ ശാന്തി അനുഭവിക്കുന്നുണ്ട്. ഒരു പക്ഷെ ബോക്‌സര്‍ മൈക്ക് ടൈസന്‍ പറയുന്ന ”ഞാന്‍ അനുഭവിച്ച, അധികം ആര്‍ക്കും അറിഞ്ഞുകൂടാത്ത ദുഷ്ടതകളുടെ ഒരു വലിയ ലോകം റിങ്ങിന് പുറത്തുണ്ടായിരുന്നു” എന്ന ആ വൃത്തികെട്ട ലോകത്തിലേക്ക് സ്വയം പതിക്കാതെ മൈക്കിള്‍ ജാക്‌സനെ നയിച്ചത് അമ്മയുടെ ഉപാധിരഹിതമായ സ്‌നേഹമായിരുന്നു. അച്ഛന്‍ മൈക്കിളിനെ ബെല്‍റ്റ് വെച്ച് നിരന്തരം തല്ലുമ്പോഴും അമ്മ നിശബ്ദമായി അത് കണ്ടു നില്‍ക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. എന്നാല്‍ അതേ അമ്മതന്നെ പില്‍ക്കാലത്ത് തന്റെ ഭര്‍ത്താവിനോട് ”നിങ്ങള്‍ക്ക് ഇവിടെ പറ്റില്ലെങ്കില്‍ ഇപ്പോള്‍ തന്നെ സ്വന്തം പെട്ടിയുമെടുത്ത് ഇറങ്ങിക്കോണം” എന്ന് ഉറക്കെപ്പറയുന്ന ഒരു നിമിഷം നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്നിന്റെ മനോഹരമായ സാമ്പത്തിക ശാസ്ത്ര സങ്കല്പ്പനമായ ”ശേഷികള്‍” (Capabilities) എങ്ങനെയാണ് ഒരാളുടെ ജീവിതത്തെ അവരുടെ നിലപാടുകളെ മാറ്റിമറിക്കുന്നത് എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്. മൈക്കിള്‍ ജാക്‌സണ്‍ കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സായി മാറിയപ്പോള്‍ അമ്മയ്ക്ക് നാവുണ്ടാകുന്നു; നിലപാടുകള്‍ ഉണ്ടാകുന്നു. ഇന്ത്യന്‍ ജാതി വ്യവസ്ഥ നൂറ്റാണ്ടുകള്‍ നിലനിന്നു എന്ന് സവര്‍ണ്ണ ചരിത്രകാരന്മാര്‍ ഒരല്‍പം അഭിമാനത്തോടെ തന്നെ പറയുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത് ”ശേഷികളുടെ അഭാവത്തിലാണ് ജാതി പ്രവര്‍ത്തിക്കുന്നത്”എന്നാണ്. ഇതിനൊരപവാദമാണ് ബ്രാഹ്‌മണവല്‍ക്കരണത്തിലൂടെ ഹിന്ദുത്വയുമായി സന്ധിചേരുന്ന മധ്യവര്‍ഗ്ഗ ദലിത്-പിന്നാക്കഹിന്ദുക്കള്‍.
ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ എങ്ങനെയാണോ ബ്രാഹ്‌മണവല്‍ക്കരണം പ്രവര്‍ത്തിക്കുന്നത് എന്ന് എം എന്‍ ശ്രീനിവാസ് പറഞ്ഞത് എന്നതിന്റെ ഒരു പടിഞ്ഞാറന്‍ മാതൃകയായി മൈക്കിള്‍ ജാക്‌സന്റെ കോസ്‌മെറ്റിക് സര്‍ജറിയെ വിമര്‍ശകര്‍ കണ്ടിട്ടുണ്ട്. സ്വയം തന്നെ വെളുപ്പിച്ചെടുത്തു കൊണ്ട് വെള്ളക്കാരുടെ അധീശ ലോകത്തില്‍ തനിക്കൊരു സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമായി അതിനെ കണ്ട ആളുകള്‍ ഒരുപക്ഷെ മൈക്കിള്‍ ജാക്‌സണില്‍ എത്രത്തോളം ആഫ്രിക്കന്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ അടിവേരുകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞില്ല എന്നാണ് ഞാന്‍ കരുതുന്നത്. വെളുപ്പിച്ച ശരീരം കൊണ്ട് ചരിത്രപരമായ തന്റെ കറുത്ത ശരീരത്ത മറയ്ക്കാനല്ല അദ്ദേഹം ശ്രമിച്ചത്. ഞാന്‍ അഭിമാനിയായ ഒരാഫ്രിക്കാന്‍ അമേരിക്കന്‍ ആണെന്ന് എത്രയോ അഭിമുഖങ്ങളില്‍ ജാക്‌സന്‍ പറഞ്ഞിട്ടുണ്ട് എന്നോര്‍ക്കുമല്ലോ. ആഫ്രിക്കന്‍ അമേരിക്കന്‍ ബോക്‌സര്‍ ആയ മുഹമ്മദ് അലിയെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നീഗ്രോ എന്ന് വിളിക്കുമ്പോള്‍ എന്നെ ബ്ലാക്ക് എന്ന് വിളിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ നീഗ്രോകള്‍ക്ക് സെര്‍വ് ചെയ്യാറില്ല എന്ന് വെള്ളക്കാരന്‍ വെയിറ്റര്‍ അലിയോട് പറഞ്ഞപ്പോള്‍ ഞാന്‍ നീഗ്രോകളെ തിന്നാറില്ല എന്നാണ് അലി പറഞ്ഞത്. വിയറ്റ്‌നാമില്‍ നിര്‍ബന്ധിത പട്ടാള സേവനം ചെയ്യാന്‍ പറഞ്ഞപ്പോള്‍ ”വിയറ്റ്‌നാം ജനതകള്‍ എന്നെ ഒന്നും ചെയ്തിട്ടില്ല;എന്നെ ദ്രോഹിച്ചത് അമേരിക്കയിലെ വെള്ളക്കാര്‍ ആണെന്നും ഞാന്‍ യുദ്ധം ചെയ്താല്‍ അത് വെള്ളക്കാര്‍ക്ക് എതിരെ ആകണമെന്നുമാണ് മുഹമ്മദ് അലി പറഞ്ഞത്. അലിയും മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും റോസാ പാര്‍ക്കും ഒക്കെ പുലര്‍ത്തിയ കറുപ്പിന്റെ ഉയര്‍ന്ന രാഷ്ട്രീയബോധവും ബോധ്യവും മൈക്കിള്‍ ജാക്‌സണിലും ഉണ്ടായിരുന്നു. ‘They Don’t Care About Us,’ ‘Earth Song,’ ‘Man in the Mirror,’ തുടങ്ങിയ ഗാനങ്ങള്‍ വായനക്കാര്‍ ഓര്‍ക്കുമല്ലോ. ഫ്രാന്‍സ് ഫനോന്‍ ‘Black Skin White Mask’ എന്നും ദു ബോയ്‌സ് ‘Double Consciounsess’ എന്നും വിലയിരുത്തിയ ആഫ്രിക്കന്‍ മനുഷ്യരുടെ സാമൂഹ്യാവസ്ഥയെ തന്റെ പാട്ടുകൊണ്ടും ശരീരം കൊണ്ടും മറികടക്കാന്‍ മൈക്കിള്‍ ജാക്‌സന് കഴിഞ്ഞിരുന്നു.

They Don't Care...: Jackson, Michael: Amazon.in: Music}

അച്ഛന്‍ ഉണ്ടാക്കിയ ചങ്ങലക്കെട്ടില്‍ കുടുംബത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ജീവിച്ചപ്പോഴും പുറത്തേക്ക് പറക്കാനാണ് ജാക്‌സന്‍ ആഗ്രഹിച്ചത്. അച്ഛന്റെ ഓരോ അടികള്‍ കൊണ്ട് ശരീരം വിങ്ങുമ്പോഴും കാര്‍ട്ടൂണുകള്‍ തുറന്നുകൊടുത്ത ഒരു ഭാവനാലോകത്തില്‍ തനിക്ക് സൌഖ്യം കണ്ടെത്താനാണ് കുഞ്ഞു മൈക്കിള്‍ ശ്രമിക്കുന്നത്. ഭാവനയുടെ ലോകത്തില്‍ മറ്റൊരാളായി ജീവിക്കുന്നതിലൂടെയാണ് മൈക്കിള്‍ തന്റെ വേദനാജനകമായ ബാല്യത്തെ മറികടക്കുന്നത്. എന്റെ മോന് മനുഷ്യകുഞ്ഞുങ്ങള്‍ ആയ കൂട്ടുകാര്‍ ആരുമില്ലല്ലോ എന്ന് അമ്മ വിലപിക്കുമ്പോള്‍ ”അവര്‍ എന്നെ കൂട്ടത്തില്‍ ഉള്ളവനായി കരുതുന്നില്ല” എന്നാണ് മൈക്കിള്‍ അമ്മയോട് മറുപടി പറയുന്നത്.

അപരത്വത്തിന്റെ രാഷ്ട്രീയ സാധ്യതകളെ കൊച്ചു മൈക്കിള്‍ എത്രത്തോളം സ്വയം തിരിച്ചറിഞ്ഞിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ആ ഉത്തരം. വെളുപ്പിച്ച സ്വന്തം ശരീരത്തിനകത്ത് തന്റെ കറുത്ത ശരീരവും ആത്മാവും ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ മൈക്കിള്‍ പരാജയപ്പെട്ടിരുന്നില്ല എന്നതാണ് മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെ വേറിട്ട് നിര്‍ത്തിയത്. സ്വന്തം ശരീരത്തെ അപരവല്‍ക്കരിച്ച അധീശവര്‍ഗ്ഗങ്ങളുടെ സാമൂഹ്യാംഗീകാരമല്ല മൈക്കിള്‍ തേടിയത് അവരോട് എതിരിടാനാണ് തന്റെ വെളുപ്പിച്ച ശരീരത്തെ മൈക്കിള്‍ ഉയോഗിച്ചത്. കറുപ്പില്‍ നിന്നും വെളുപ്പിലെക്കുള്ള മൈക്കിള്‍ ജാക്‌സന്റെ പരിവര്‍ത്തനത്തെ സിനിമ സ്വാഭാവികമായ ഒന്നായിട്ടാണ് കാണിച്ചിട്ടുള്ളത്. ശ്രദ്ധിച്ച് സിനിമ കണ്ടില്ലെങ്കില്‍ ആ പരിവര്‍ത്തനം നമ്മുടെ കാഴ്ചയില്‍ പെടാത്തത്ര സൂക്ഷ്മമായാണ് ആ ഭാഗം സിനിമ കൈകാര്യം ചെയ്തത്. ലോകം കണ്ടതില്‍ വെച്ചേറ്റവും ത്രില്ലിംഗ് ആയ മ്യൂസിക് ആല്‍ബങ്ങളില്‍ ഒന്നായ മൈക്കിള്‍ ജാക്‌സന്റെ ത്രില്ലര്‍ ഈ സിനിമയിലെ ഒരു ത്രില്ലര്‍ സീന്‍ തന്നെയാണ്. അത് കാണികള്‍ കണ്ടുതന്നെ അനുഭവിക്കേണ്ട ഒരനുഭൂതിയാണ്. വാക്കുകള്‍ കൊണ്ടത് വരയ്ക്കാന്‍ ആര്‍ക്കും കഴിയില്ല. തൃശൂര്‍ ജോസ് തീയേറ്ററില്‍ ഇരുന്ന് ആ കാഴ്ച്ച കണ്ടപ്പോള്‍ കേട്ടപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നു. ആണ്‍ ശരീരത്തിനകത്തെ മനുഷ്യത്വത്തിന്റെ ആഘോഷമായിട്ടാണ് ഞാന്‍ മൈക്കിള്‍ ജാക്‌സനെ കാണുന്നത്. എത്ര വളര്‍ന്നപ്പോഴും തന്നില്‍ ഉറപ്പിച്ചു നിര്‍ത്തിയ ഒരു ശിശു സ്വത്വത്തെ നമുക്ക് മൈക്കിളില്‍ കാണാം. മൈക്കിള്‍ ജാക്‌സന്‍ അഭിമുഖങ്ങളില്‍ കാണികള്‍ക്ക് സമ്മാനിച്ച ചിരികള്‍ എല്ലാം ആ കുഞ്ഞിനെ വെളിപ്പെടുത്തുന്നവയായിരുന്നു. അന്യരുടെ കുഞ്ഞുങ്ങളുടെ കൂടെ കിടക്ക പങ്കിടുന്നത് ശരിയാണോ എന്ന് ചോദിച്ച അഭിമുഖക്കാരനോട് ”അന്യരോ”എന്ന് ചോദിക്കുന്ന മൈക്കിള്‍ ജാക്‌സനെ തിരിച്ചറിയാന്‍ അദ്ധേഹത്തോളം വൈകാരികമായി വളര്‍ന്നാലെ നമുക്ക് സാധിക്കൂ.

Michael Jackson's Former Home, Neverland Ranch, for Sale at $100M
Michael Jackson’s Former Home, Neverland Ranch

ലൈംഗീകാപവാദങ്ങള്‍ കഴിഞ്ഞതിനു ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ ഇപ്പോള്‍ താങ്കള്‍ താങ്കളുടെ വീട്ടില്‍ പോകാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അതിപ്പോള്‍ ഒരു കെട്ടിടം മാത്രമാണ് അതൊരു വീടല്ല (Just a house; Not a home) എന്ന് പറയുമ്പോഴാണ് തന്റെ വെളുപ്പിച്ച ശരീരം ഒരു ആത്മാവില്ലാത്ത കെട്ടിടം മാത്രമാണ്;അതിനകത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ സ്വത്വമാണ് തനിക്ക് വീട് (Home) ആകുന്നത് എന്ന് പറയാതെ പറയുകയാണ് മൈക്കിള്‍ ജാക്‌സന്‍. ഈ ലേഖനം സിനിമയ്ക്കുള്ളില്‍ മാത്രം നിന്നുകൊണ്ടുള്ള ഒരെഴുത്തല്ല; സിനിമയ്ക്ക് പുറത്തേക്കും ഈ ലേഖനം കണ്ണോടിക്കുന്നുണ്ട്. വ്യക്തിയും കുടുംബവും സമൂഹവും തമ്മിലുള്ള പാരസ്പര്യത്തെ ഏറ്റവും ആഴത്തില്‍ തന്റെ ശരീരം കൊണ്ടും പാട്ടുകള്‍ കൊണ്ടും ജീവിതം കൊണ്ടും വിശദീകരിക്കാനാണ് മൈക്കിള്‍ ജാക്‌സന്‍ ശ്രമിച്ചത്. ആ ജീവിതത്തോട് നീതി പുലര്‍ത്താന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. കിംഗ് ഓഫ് പോപ്പ് മൈക്കിള്‍ ജാക്‌സന്‍ തന്നെയാണ് എന്നാണ് നിറഞ്ഞ സിനിമാ തീയേറ്ററുകള്‍ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു പറയുന്നത്.


സിയര്‍ മനുരാജ്

റിസര്‍ച്ച് സ്‌കോളര്‍
ഡോക്ടര്‍ ജോണ്‍ മത്തായി സെന്റര്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.