Skip to main content

വംശീയതയുടെ അപരത്വങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്തരം

Utharam (1989) - IMDb

ഒരു ആത്മഹത്യയുടെ പിന്നിലുള്ള കാരണങ്ങള്‍ തിരയുമ്പോള്‍ അത് വംശീയമായ ഒരു ‘other’ ലേക്ക് പ്രതിഷ്ഠിക്കുന്ന മലയാള സിനിമയുടെ ഒരു കാലത്തെ സ്ഥിരം പാറ്റേണില്‍ തന്നെയാണ് ഉത്തരം എന്ന സിനിമയും പോകുന്നത്. ഉത്തരം ഒരു ട്രോമയും ട്രോമയെക്കുറിച്ചുള്ള ഓര്‍മ്മകളും മാത്രമല്ല. ട്രോമയെക്കുറിച്ചുള്ള സിനിമ എന്ന ടൂള്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മകളുടെ സിനിമയ്ക്ക് പുറത്തുള്ള നിര്‍മ്മിതികളും കൂടിയാണ്. സലീന എന്ന ആത്മഹത്യ ചെയ്യുന്ന കഥാപാത്രം, മമ്മൂട്ടിയുടെ ബാലചന്ദ്രന്‍, അങ്ങനെ പലരും ഈ സിനിമയില്‍ ഓര്‍മ്മയെ ജൈവീകമായും/ നിര്‍മ്മിതികളായും രൂപപ്പെടുത്തുന്നുണ്ട്. അതിനു പുറമെ സിനിമയും ഓര്‍മ്മ/ചരിത്രം എന്നിവയെ നിര്‍മ്മിക്കുന്നുമുണ്ട്. ഇവയെല്ലാം ചേര്‍ന്ന വളരെ അധികം ലേയറുകള്‍ ഉള്ള ചരിത്ര/ഓര്‍മ്മ/മെറ്റാ രൂപീകരണം കൂടിയാണ് ഉത്തരം എന്ന സിനിമ. പലരും തങ്ങളുടെ ജീവിതം/സൈക്കി/സോഷ്യോ-പൊളിറ്റിക്കല്‍ തിങ്കിംഗ് തുടങ്ങിയവയിലൂടെ പല രീതികളില്‍ ഓര്‍മ്മകളെ ഈ സിനിമയില്‍ പ്രോസസ് ചെയ്യുന്നു. പക്ഷേ ഈ സിനിമയിലെ പലവിധ വകഭേദങ്ങളില്‍ കൂടി കടക്കുമ്പോഴും സിനിമ നിര്‍മ്മിക്കുന്ന വംശീയമായി സൃഷ്ടിക്കുന്ന ചില ‘others’ കളെ കുറിച്ച് ചിന്തിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. അതായത് സമൂഹം ഒരു കുറ്റത്തെ എങ്ങനെ ഒരു (racialised other) എന്നതിലേക്ക് മാറ്റി നിക്ഷേപിക്കുന്നു എന്നതിന്റെ ദൃശ്യരേഖ കൂടിയാണ് ഉത്തരം എന്ന സിനിമ.

ബാലചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സെലീനയുടെ ജീവിതം ‘പുനര്‍നിര്‍മ്മിക്കുകയാണ്’. സാക്ഷ്യങ്ങള്‍, ഓര്‍മ്മകള്‍, നാരേറ്റീവ് ഗ്യാപ്പുകള്‍ എന്നിവയിലൂടെ, ഒറ്റക്കെട്ടായി ചേര്‍ന്നുപോകുന്ന ഒരു പഴയ സംഭവത്തിലേക്കാണ് കഥ എത്തുന്നത് – ഊട്ടിയില്‍ സെലീനയുടെ കൗമാരകാലത്ത് നടന്ന ലൈംഗിക പീഡനം. ഈ സംഭവം അവളുടെ ജീവിതകാല ട്രോമയായി പിന്തുടരുന്നു, ഒടുവില്‍ അത് അവളുടെ മരണത്തിലേക്കാണ് നയിക്കുന്നത്. ഇത് പുറമേയ്ക്ക് ഒരു സങ്കീര്‍ണ്ണമായ, അടിച്ചമര്‍ത്തപ്പെട്ട ഭൂതകാലം ഇപ്പോഴത്തെ ജീവിതത്തെ എങ്ങനെ തകര്‍ക്കുന്നു എന്നതിന്റെ അവതാരണമായി നിര്‍മ്മിക്കുന്നു. പക്ഷേ, ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ട്രോമയെക്കുറിച്ചല്ല – ആ ട്രോമയുടെ ഉറവിടം സിനിമ എവിടെ കണ്ടെത്തുന്നു എന്നതാണ്.

Watch Utharam Full movie Online In HD | Find where to watch it online on  Justdial

ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഊട്ടിയിലെ രംഗങ്ങളില്‍ മറഞ്ഞിരിക്കുന്നത്. അവ സാധാരണ ഫ്‌ലാഷ്ബാക്കുകള്‍ മാത്രമല്ല; സിനിമയുടെ ഉള്ളിലുള്ള അപരത്വങ്ങളുടെ ഒരു നിര്‍മ്മിതിയാണ്. സ്‌കൂളുകള്‍, ദേവാലയങ്ങള്‍, കുടുംബങ്ങള്‍, സാമൂഹിക മാനദണ്ഡങ്ങള്‍ – എല്ലാം ശരീരങ്ങളെ/ഐഡന്റിറ്റികളെ/ഫെമിനിനിറ്റികളെ നിയന്ത്രിക്കുന്നതിലും അവരുടെ അനുഭവങ്ങളെ നിശ്ശബ്ദമാക്കുന്നതിലും പങ്കാളികളാണ്. ഉത്തരം സിനിമയില്‍ ഈ സ്ഥാപനങ്ങള്‍ എല്ലാം സാന്നിധ്യമുണ്ട്. സെലീനയുടെ ജീവിതം അധികാരവും മാന്യതയും നിറഞ്ഞ നിയന്ത്രണങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍, ഹിംസയുടെ/ബലാല്‍സംഗത്തിന്റെ ഉറവിടം കണ്ടെത്തുമ്പോള്‍ സിനിമ നിര്‍ണായകമായ ഒരു അട്ടിമറി നടത്തുന്നു. ഈ ഘടനകളില്‍ നിന്ന് ഹിംസയെ കണ്ടെത്തുന്നതിനുപകരം, അത് വംശീയമായി ഒരു എത്‌നിക് ഐഡന്റിറ്റിയിലേക്ക് കുറ്റവാളികളാക്കി അടിച്ചേല്‍പ്പിക്കുന്നു.

ഫ്രാന്‍സ് ഫാനോന്റെ വംശീയതയെക്കുറിച്ചുള്ള ചിന്തകള്‍ ഇതിനെ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. Black Skin, White Masks എന്ന ഗ്രന്ഥത്തില്‍ ഫാനോന്‍ പറയുന്നത്, കോളോണിയല്‍ സമൂഹങ്ങള്‍ ”വെളുത്തവര്‍ അല്ലാത്ത” ശരീരങ്ങളെ സ്വാഭാവികമായി ഭീഷണിയായും, അമിത ലൈംഗികതയുള്ളവയായും, നൈതികമായി സംശയാസ്പദമായും നിര്‍മ്മിക്കുന്നു എന്നതാണ്. ഉത്തരം എന്ന സിനിമ ഈ ലജിക്ക് സൂക്ഷ്മമായും ശക്തമായും ആവര്‍ത്തിക്കുന്നു. വ്യക്തമായ തിരിച്ചറിവിന്റെ അഭാവം, ദൃശ്യ സൂചനകളില്‍ ആശ്രയിക്കല്‍, ലൈംഗിക പീഡനത്തിന്റെ സൂചന – ഇവയെല്ലാം ചേര്‍ന്ന് ഒരു പരിചിതമായ കോളോണിയല്‍ സ്റ്റീരിയോടൈപ്പ് സൃഷ്ടിക്കുന്നു: വംശീയതയുടെ ”മറ്റവന്‍” എന്ന പുരുഷ ശരീരം നിയന്ത്രിക്കാനാവാത്ത ലൈംഗികതയുടെ കേന്ദ്രമായി. അങ്ങനെ ടിബറ്റന്‍ സമൂഹത്തിലെ പുരുഷന്മാര്‍ കുറ്റവാളികളായി രൂപപ്പെടുന്നു.

ഈ സിനിമയില്‍ നേരത്തെ പറഞ്ഞതുപോലെ ഓര്‍മ്മ എന്ന ടൂളുകളിലൂടെ ആണ് സിനിമയുടെ നറേറ്റീവ് സ്ട്രക്ചര്‍ തന്നെ രൂപപ്പെടുന്നത്. മാത്യു ജോസഫ് എന്ന ക്രിസ്ത്യന്‍ പ്ലാന്റേഷന്‍ മുതലാളിയുടെ ഓര്‍മ്മ, സലീന എന്ന അയാളുടെ ഭാര്യയുടെ ട്രോമകളുടെ കവിത്വത്തിന്റെ ഓര്‍മ്മ, ബാലചന്ദ്രന്‍ നായര്‍ എന്ന ഒരു പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മ, ശ്യാമള മേനോന്‍ എന്ന ഒരു കോളേജ് അധ്യാപികയുടെ ഓര്‍മ്മ, സ്വന്തം സവര്‍ണതയില്‍ അഭിരമിക്കുന്ന അച്യുതന്‍ നായര്‍ എന്ന വേലക്കാരന്റെ ഓര്‍മ്മ എന്നിങ്ങനെയുള്ള പല മനുഷ്യരുടെ ഓര്‍മ്മകളിലൂടെ പ്രോസസ് ചെയ്തു കൊണ്ടാണ് ഈ സിനിമ രൂപപ്പെടുന്നത്. ഇത്തരം മനുഷ്യരുടെയും മൊത്തം സിനിമയുടെയും ജീവിതത്തിലെ അപരത്വങ്ങളിലാണ് ടിബറ്റന്‍ സമൂഹത്തെ സിനിമയില്‍ മുഴുവനായും പ്രതിഷ്ഠിക്കുന്നത്.

സുപര്‍ണയുടെ സലീനയാണ് പ്രാഥമികമായി ഊട്ടിയിലെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഈ ടിബറ്റന്‍ മാര്‍ക്കറ്റിംഗ് കമ്മ്യൂണിറ്റിയുമായി ഒരു കണക്ഷന്‍ നിര്‍മ്മിക്കുന്നത്. അത്തരം കണക്ഷനുകളാണ് അവരുടെ ‘സ്ത്രീത്വം’ ഒരു ബലാല്‍സംഗത്തിലേക്കും ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുന്നതിലേക്കും രൂപപ്പെടുത്തുന്നത്. സമൂഹങ്ങള്‍ തമ്മില്‍ മിശ്രണം സംഭവിക്കുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന ‘അശുദ്ധി’യെയും ഈ സിനിമ പോര്‍ട്രേ ചെയ്യുന്നു. അതേ സമയം ബലാല്‍സംഗികളായ ടിബറ്റന്‍ പുരുഷന്മാര്‍ കുറ്റവാളികളായി രൂപപ്പെടുകയും ചെയ്യുന്നു. പുതിയ കാലത്ത് ഇറങ്ങിയ അമര്‍ അക്ബര്‍ ആന്തണി എന്ന സിനിമയിലെ കൊച്ചു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന ബംഗാളി അതിഥി തൊഴിലാളിയും ഇതേ രീതിയില്‍ രൂപപ്പെടുന്നതു കൂടെ ആണ്. മറ്റു വംശങ്ങള്‍ കൂടി ചേരുമ്പോള്‍ അവിടെ അശുദ്ധി ഉണ്ടാക്കുന്നു എന്ന ഒരു അര്‍ത്ഥതലം ഇവിടെ സൃഷ്ടിക്കപ്പെടുന്നു. ഏറ്റവും വലിയ രസം, മലയാളത്തില്‍ ‘എം.ടി.-യാന്‍’ സ്റ്റാന്‍ഡേഡ് സിനിമകളും മിമിക്രി സിനിമകളും (ലോവര്‍ ക്ലാസ്) എന്നിങ്ങനെ രണ്ടു സംസര്‍ഗങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ്. പക്ഷേ ഈ രണ്ടു തലത്തിലുള്ള സിനിമകളും ഉത്തരം/അമര്‍ അക്ബര്‍ ആന്തണി എന്നീ സിനിമകള്‍ അപര സമൂഹങ്ങളെ കാണുന്നത് കുറ്റവാളികളാക്കി കൊണ്ടാണ് എന്നതാണ് പാരഡോക്‌സ്.

ആയിരത്തി തൊള്ളായിരത്തി അമ്പത്തി ഒമ്പതില്‍ ചൈനീസ് ഭീഷണിയെ തുടര്‍ന്ന് അനേകം ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കുടിയേറി. അവര്‍ തങ്ങളുടെ ജീവിതം ഊട്ടി പോലുള്ള സ്ഥലങ്ങളിലെ ടൂറിസ്റ്റ് മാര്‍ക്കറ്റ് എക്കണോമിയില്‍ രൂപപ്പെടുത്തി – അത് ചരിത്രമാണ്. അത്തരം മനുഷ്യരുടെ ഓര്‍മ്മ/ചരിത്രം എന്നിവ ഉത്തരം സിനിമയില്‍ ദൃശ്യമായിത്തീരുന്നില്ല. അതേസമയം അവരുടെ മാര്‍ക്കറ്റ് എക്കണോമി, ഭാഷ, നൃത്തം, സംഗീതം, ലഹരി ജീവിതം തുടങ്ങിയവ സിനിമയില്‍ ദൃശ്യത നേടുന്നു. ബാലചന്ദ്രനും സലീനയും മാത്യുവും ശ്യാമള മേനോനും ഒക്കെ ഓര്‍മ്മകളില്‍ ജീവിക്കുമ്പോള്‍ ഈ ടിബറ്റന്‍ മനുഷ്യരുടെ ഓര്‍മ്മകള്‍ ദൃശ്യതയിലേക്ക് വരാതെ അപരത്വത്തിലേക്ക് നീങ്ങുകയാണ്. സിനിമ ഒരു സംസ്‌കാരിക വംശീയ അധികാരത്തിലേക്ക് ചേര്‍ത്ത് വെക്കുമ്പോള്‍ ചില ഓര്‍മ്മകളും ചരിത്രങ്ങളും ഒഴിവാക്കപ്പെടാം. പക്ഷേ സിനിമയ്ക്ക് പുറത്തുള്ള വായനകളില്‍ അവ അന്വേഷിക്കപ്പെടുകയും ചെയ്യാം.

സലീനയുടെ കുട്ടി ഇമ്മാനുവല്‍ എന്ന മിശ്ര വംശപരമായ ഒരു കുട്ടിയുടെ ഇടവും ഈ സിനിമയില്‍ അനാഥാലയം, റോഡ്, തെരുവ്, പെറുക്കികളായ മനുഷ്യരുടെ കൂട്ടം എന്നിവയിലേക്കാണ് പ്ലേസ് ചെയ്യുന്നത്. കമ്മ്യൂണിറ്റിയുടെ ഉള്ളിലുള്ള ഒരു നിര്‍മ്മിതിയിലും ആ കുട്ടിയുടെ സാന്നിധ്യം ഇല്ല. ഒരു വീട്ടിലെ പാത്രം മോഷ്ടിച്ചതിന്റെ കേസില്‍ കുട്ടിയെ വിചാരണ ചെയ്യുന്നതിലൂടെ ഓര്‍മ്മയുടെ വഴി ആ കുട്ടിയെ സിനിമ സൃഷ്ടിക്കുന്നു. ആ കുട്ടിക്കും, ആ കുട്ടിയുടെ പിതാവിനും, അതിനുമപ്പുറമുള്ള ചരിത്രവും ഓര്‍മ്മയും ഉള്‍ക്കൊള്ളുന്ന ഒരു സ്പിന്‍-ഓഫ് ജീവിതങ്ങള്‍ ഉണ്ടായിരിക്കാം. വീട്, ലൊക്കാലിറ്റി, എസ്റ്റേറ്റ്, ഭൂമിയുടെ അധികാരം, ദേശീയതയുടെ അധികാരം, ജാതി അധികാരം, സമൂഹത്തിലെ വിസിബിലിറ്റി എന്നിവ ചേര്‍ന്ന് കോംപ്ലെക്‌സ് ആയ ഓര്‍മ്മകളുടെ ഗ്രാമര്‍ സൃഷ്ടിക്കുമ്പോഴും കൃത്യമായ വംശീയ അതിരുകള്‍ സൃഷ്ടിച്ച് അപരത്വങ്ങളെ (others) നിര്‍മ്മിക്കുന്ന ഒരു സിനിമ കൂടിയാണ് ഉത്തരം.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.