Skip to main content

അം അ ദൃശ്യതയും സംവേദനവും

 

തോമസ് കെ. സെബാസ്റ്റ്യൻ സംവിധാനം ചെയ്ത സിനിമയാണ് അം അ. ഇടുക്കി മൂലമറ്റം പ്രദേശത്ത് ചിത്രീകരണം നിർവഹിച്ചസിനിമ , സാങ്കേതികമേന്മ കൊണ്ട് ഇടുക്കിയുടെ ഭൂപ്രകൃതിയും അതിൻ്റെ ഉൾപ്രദേശങ്ങളെ പകർത്തുന്നതിൽ വിജയിച്ച സിനിമയാണ് . ഭൂപ്രകൃതി ചിത്രീകരണം പുതിയകാല മലയാള സിനിമയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്.

പശ്ചിമഘട്ടം പുതുസിനിമയിലെ സ്ഥലം :

ന്യൂജനറേഷൻ സിനിമയിൽ പശ്ചിമഘട്ടം ഒരു ലൊക്കേഷൻ ഹണ്ടിംഗ് പ്രദേശമാണ്. ഉൾപ്രദേശങ്ങളെ ദൃശ്യപ്പെടുത്തുന്നതിൽ സിനിമ പുലർത്തുന്ന പുതിയ ശ്രമങ്ങളുടെ ഭാഗമായി പശ്ചിമഘട്ടം കൂടുതൽ ദൃശ്യപ്പെട്ടുതുടങ്ങി. മഹേഷിൻ്റെ പ്രതികാരം, ഇടുക്കി ഗോൾഡ്, വരത്തൻ , മെർക്ക് തൊടർച്ചി മല , ഇയ്യോബിൻ്റെ പുസ്തകം, ഇലവീഴാപ്പൂഞ്ചിറ, തുടങ്ങിയ നിരവധി സിനിമകളിൽ ഇടുക്കി ദൃശ്യതയുടെ ഭാഗമായിട്ടുണ്ട്. ഇത് കേവല ലൊക്കേഷനുകൾക്ക് അപ്പുറത്ത് സിനിമയുടെ പ്രമേയങ്ങളെ സ്വാധീനിക്കുന്ന ഒന്നായി മാറിത്തീരുകയും ചെയ്യുന്നു . ഓരോ ലൊക്കേഷനും ഫിക്ഷൻ്റെ ഭാഗമാകുന്നത് അതിനുള്ളിലെ ആന്തരിക ലോകം ആവിഷ്കരിക്കുന്നതിനു കൂടിയാണ്. മറ്റൊന്ന് കാണാക്കാഴ്ചകളെ പുതുമയായി അവതരിപ്പിക്കുന്നതിനും. മലയാള സിനിമയിൽ ഏറെയും ആവിഷ്കൃതമായ ഇടനാടൻ പ്രദേശത്തിനു ശേഷമാണ് മലനാടും തീരപ്രദേശവും സിനിമയുടെ ഭാഗമായത്. സങ്കേതികതയുടെ വികാസവും കൂടി ചേർത്തുവേണം സിനിമയിലെ ഈ സ്ഥലപരിവർത്തനത്തെ മനസ്സിലാക്കുവാൻ.

കാവന്തയും ഉളുപ്പുണിയും :

ഏലപ്പാറ, കാവന്ത, ഉളുപ്പുണി, മൂലമറ്റം ഒരു അതിപുരാതന പാതയാണ്. മധുരയിൽ നിന്നും തിരുവിതാംകൂറിലേയ്ക്കും തിരുവിതാംകൂറിൽ നിന്നും കൊച്ചിയിലേക്കും എത്തിച്ചേരുന്ന ഈ പുരാതനപാത , കാലഘട്ടം കൊണ്ട് അടഞ്ഞുപോവുകയുണ്ടായി. ഒരു പക്ഷെ ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളിലാവാം അത് സംഭവിച്ചത്.

താഴെ സമതലത്തിൽ നിന്നും മുകളിലേക്കല്ല മറിച്ച് മുകളിൽ നിന്ന് അടിവാരത്തേക്ക് വന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും കഥയാണ് സിനിമയുടെ പ്രമേയം. ഇത് യാത്രയുടെയും അഭയലോകത്തിൻ്റെയും മറ്റൊരുദിക്ക് തെളിയിച്ചിടുന്നു. ആ അമ്മയുടെയും കുഞ്ഞിൻ്റെയും സഞ്ചാരപാതയാണ് സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഗതിനിർണയം.

സഹ്യനിൽ നിന്നും നെടുകെ സമതലത്തിലേക്ക് ഇറങ്ങുന്ന ഈ കാനനപ്പാത തെളിഞ്ഞ ഒന്നല്ല. അവിടെ വന്യമൃഗങ്ങളും വഴുക്കലും പെരുങ്കുത്തും ഉണ്ട്. സിനിമ അതിൻ്റെ കാഴ്ചയിൽ സഹ്യൻ്റെ ഈ ഉടൽഘടനയെ പലപ്പോഴായി കാണിക്കുന്നു. സിനിമയുടെ ആവിഷ്കരണം ഈ പ്രതിസന്ധിയുടെ ആവിഷ്കരണമാണല്ലൊ . സിനിമയുടെ സാങ്കേതിക വികാസം കാഴ്ചയുടെ തൂക്കുനാരിഴകളെ ആവിഷ്കരിക്കുന്നതിന് സഹായകമായിട്ടുണ്ട് . വിവിധ സിനിമകൾ ഈയർത്ഥത്തിൽ സഹ്യന് ദൃശ്യതനല്കുന്നുണ്ട് എന്നതും ഒരു പ്രത്യേക പഠനവിഷയമാണ്.

അക്ഷരസ്ഫുടമല്ലാത്ത അനാഥത്വം:

അം അ , എന്നത് ഒരു പക്ഷെ അമ്മ എന്ന വാക്കിൻ്റെ മുറിച്ചിടൽ അവാം . ഒരു അനാഥത്വം എവിടെയെക്കെയൊ കൈമാറ്റപ്പെടുന്നതിൻ്റെ സന്ദർഭങ്ങൾ സിനിമയിലുണ്ട്. അതേസമയം വൃദ്ധഅന്ധനേത്രങ്ങൾ ഈ അനാഥത്വങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന ഒരു പരിചാരകനായി ഉണ്ട് എന്നത് കർതൃബോധത്തിൻ്റെ നായക സങ്കല്പങ്ങളെ വിടുവിക്കുന്നു. അന്ധനും വൃദ്ധനുമായ ആശാൻ എന്ന കഥാപാത്രം സിനിമയുടെ കേന്ദ്രമാകുന്നത് അതിനാലാണ്. അയാൾ ഒരു കാവൽക്കാരനായി നെടുന്തൂണായി നിലകൊള്ളുന്നു. വല്ലപ്പോഴും വിറകും തേനും വിളകളുമായി കുന്നിറങ്ങുന്ന കൊലുമ്പനെ മാത്രമല്ല തൻ്റെ കരുതലിന് വിള്ളലേൽക്കുന്ന കാല്പെരുമാറ്റങ്ങളെയും അയാൾ തിരിച്ചറിയുന്നു.

വീടുകൾ എന്ന അനുഭവം :

മലഞ്ചെരുവിലെ വീടുകൾ എന്ന അനുഭവം സിനിമയിൽ ദൃശ്യമാകുന്നുണ്ട്. വീടുകളിലേക്കുള്ള വഴികൾ എന്ന കാൽപ്പെരുമാറ്റവും. ഇത് ഒരു ഫിക്ഷൻ്റെ സ്വഭാവം പുലർത്തുന്ന കേവല ഭാവനയല്ല, പകരം ഭൗതികയാഥാർത്ഥ്യമാണ് എന്നത് ഹൈറേഞ്ച് അനുഭവം. ഉരുൾപൊട്ടിപ്പോയേക്കാവുന്ന കീഴ്ക്കാം തൂക്കുകളിൽ വീട് വെച്ചുകെട്ടി താമസിക്കുന്ന ആയിരക്കണക്കിനു മനുഷ്യരുണ്ട്. പുകപ്പുരയും ഷീറ്റുപുരയും ഒന്നുമല്ല. മനുഷ്യരുടെ തലചായ്ക്കുന്ന ഇടങ്ങൾ തന്നെയാണ് അവ. അവിടേക്കുള്ള നടപ്പാതകൾ ഒറ്റയടിപ്പാതകളും കുത്തിറക്കങ്ങളും കുത്തുകല്ലുകളും നിറഞ്ഞ മറ്റൊരു പ്രകൃതി സങ്കല്പത്തിൻ്റേതാണ്. ഒരളവോളം ഈയൊരു യാഥാർത്ഥ്യത്തോട് ചേർന്നു നില്ക്കുന്നു അം അ , എന്ന സിനിമയുടെ ദൃശലോകം.

അനാഥത്വം, ശകലിതലോകം :

സിനിമയുടെ കേന്ദ്രഘടകങ്ങളിൽപ്പെട്ട മറ്റൊരു പ്രമേയം അനാഥത്വമാണ്. ഇവിടെ കഥ പറയുന്നതിന് തിരഞ്ഞെടുക്കുന്ന ഈ ഭൗതിക ഇടം അം അ എന്ന സിനിമയ്ക്ക് പുതുമ നല്കുന്നു. ഇലകൾക്കടിയിൽ പതിയിരുന്ന് , കാൽനടക്കാരുടെ പാദങ്ങളിൽ കയറി ചോരകുടിച്ച് വീർത്ത വയറുമായി അവരറിയാതെ പിടി വിടുവിച്ച് പോകുന്ന തോട്ടപ്പുഴുക്കൾ ഈ പരാന്നങ്ങൾക്ക് മറ്റൊരു ഉദാഹരണമാണ്. തെളിച്ചുപറയുവാനും സംസാരിക്കുവാനും ആവാത്ത കുട്ടി, രോഗിയും അനാഥയുമായ വളർത്തമ്മ, വൃദ്ധനും അന്ധനുമായ വ്യക്തി, അഞ്ച് വോട്ടിനുമാത്രം ജയിച്ച ജനപ്രതിനിധി, കഥയും ചരിത്രവും ഉള്ളിൽ സൂക്ഷിക്കുന്ന കുടിയേറ്റ കർഷകൻ, തേനും വിറകുമായി വല്ലപ്പോഴും കവലയിലേക്കിറങ്ങുന്ന കൊലുമ്പൻ, തൊഴിലുറപ്പുകാർ എന്നിങ്ങനെ ഒരു അന്യലോകത്തിൻ്റെ പിടികൊടുക്കാത്ത അജൈവികതയിലേക്കാണ് അം അ എന്ന സിനിമ അതിൻ്റെ പ്രദേശഭൂപടം നിവർത്തുന്നത്. 2025 – ലെ മലയാള സിനിമകളിൽ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് ആം അ.

 

—–

 

No Comments yet!

Your Email address will not be published.