
വിശാലമായ ഒരു ഭൂപ്രദേശത്ത് അനേകം ഭീമാകാരമായ സൗണ്ട് ബോക്സുകൾ നിറച്ച് കൊണ്ട് ലഹരിയുടെ മാസ്മരികമായ ഒരു ക്ലൈമാക്സിൽ സംഗീതം ആസ്വദിക്കുന്ന നോമാഡിക് എന്ന് തോന്നിപ്പിക്കുന്ന ഹിപ്പികൾ പോലെയുള്ള ഒരു കൂട്ടം മനുഷ്യരുടെ ആഘോഷങ്ങളിലൂടെയാണ് സിറാത് എന്ന സിനിമ തുടങ്ങുന്നത് തന്നെ. ആ ലഹരിയുടെ മാസ്മരികമായ ആനന്ദത്തിലും സംഗീതത്തിലും ആഹ്ലാദത്തിലും ഒക്കെ അനുഭവിക്കാൻ കഴിയുന്നത് മരണത്തിന്റെ കൂടെയുള്ള ലഹരിയാണ്. ശബ്ദം കൊണ്ട് നമ്മളുടെ ആറാം ഇന്ദ്രിയങ്ങൾക്കപ്പുറത്തേക്കുള്ള വേറെ ഒരു ലോകത്തിലേക്ക് ഈ സിനിമ കൊണ്ട് പോകും. ഒരു സൌണ്ട് ബോക്സിന്റെ ഹോളിന്റെ ഗുഹ്യത പോലും നമ്മൾക്കു മരണത്തിനെ ഫീൽ ചെയ്യിക്കും.
ഒരു അച്ഛനും തന്റെ മകനോടൊപ്പം തനിക്ക് നഷ്ടപ്പെട്ട മകളെ അന്വേഷിച്ച് ഈ സംഘത്തോടൊപ്പം കൂടുന്നതോടെയാണ് ഈ സിനിമ തുടങ്ങുന്നത്. പിന്നെ നോമാഡിക് ആയ ഒരു യാത്രയാണ് അയാളും മകനും തുടങ്ങുന്നത്. ലോകസിനിമയിൽ അടുത്ത കാലത്തൊന്നും കത്തുന്ന ഭൂമിയെ/പ്രകൃതിയെ ഇത്ര ഗംഭീരമായി വിഷ്വലൈസ് ചെയ്ത ഇത്രയും വൈൽഡ് ആയ ഒരു സിനിമ ഉണ്ടായിട്ടില്ല എന്നും തന്നെ പറയാം.
മരുഭൂമിയിലൂടെയും മറ്റുമുള്ള അവരുടെ വാഹനങ്ങൾ ഓരോ ദിക്കുകൾ താണ്ടുമ്പോൾ ഭൂമി എന്ന ഓരോ മനുഷ്യന്റെയും വിഷ്വലൈസേഷനിൽ വലിയ ഇടർച്ചകളും തകർച്ചകളും രൂപപ്പെടുത്തിക്കൊണ്ടാണ് ഈ സിനിമ രൂപപ്പെടുന്നത്. ടോണി വൈൽക്ലിഫിന്റെ ട്രാവൽ മൂവികളിൽ നിന്ന് വ്യത്യസ്തമായി ഭൂമി, വാഹനങ്ങളുടെ ശബ്ദങ്ങൾ, അതുപോലെ സിനിമയുടെ സൗണ്ട് ഡിസൈനിങ്ങ് അടക്കം നമ്മളെ തത്ത്വചിന്തയുടെ പോലും വേറെ ഏതോ ഒരു ടെറെയ്നിലേക്ക് ഈ സിനിമ കൊണ്ടെത്തിക്കും.

നമ്മൾ അപരമായി പലപ്പോഴും അപ്പുറത്തേക്ക് മാറ്റി വെക്കുന്ന മരണം ഈ സിനിമയിൽ ഞാണിൻമേൽ കളി പോലെ നമ്മോടൊപ്പം സഞ്ചരിക്കും. അത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ഫീൽ ചെയ്തത് ഈ സിനിമയുടെ ബി.ജി.എം. വഴിയുടെയും സൗണ്ട് ഡിസൈനിങ്ങ് വഴിയുടെയും ആണ്. അതിന്റെ ഓരോ സൗണ്ട് പാറ്റേണുകളും നമ്മളുടെ ചെവിയിൽ മരണത്തിന്റെ വണ്ടുകൾ മൂളിപ്പിക്കും. ഈ സിനിമയുടെ കാഴ്ചയിൽ മുഴുവൻ മരണം ഒരു ലഹരിയായി നമ്മുടെ കൂടെ ഇങ്ങനെ കൂടും. ഇതിലെ യാത്രക്കാർ ഓരോ കാൽച്ചുവട് വെക്കുമ്പോഴുള്ള കുഴിബോംബുകളിൽ മാത്രം അല്ല, ഈ സിനിമയുടെ ഭൂമിയുടെ വിശാല ദൃശ്യങ്ങളിൽ, മരുഭൂമിയിൽ, മഞ്ഞ നിറത്തിൽ, ശബ്ദത്തിൽ എല്ലാം മരണമാണ് നമ്മുടെ കൂടെ ഫ്ലാഷ്മോബ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ വർഷം കാൻസിൽ ജൂറി പുരസ്കാരം നേടിയ സിറാത് എന്ന സിനിമ ഈ മാധ്യമത്തിന്റെ ദൃശ്യവ്യാകരണത്തിലും ചിന്തകളിലും അട്ടിമറി നടത്തുന്ന ഒരു സൃഷ്ടിയാണ്. മരണവും ജീവിതവുമായുള്ള അതി ഭീകരമായ ഞാണിൻമേൽ കളി. ശരിക്കും പറഞ്ഞാൽ ഈ സിനിമ എനിക്ക് ഒരു ഷോക്കിങ് വിഷ്വൽ ആന്റ് സൌണ്ട് മെറ്റീരിയല്
ആണ്. അപാരമായ ട്രിപ്പ് ആണ് ഈ സിനിമ.







No Comments yet!