Skip to main content

കിഷ്കിന്ധകാണ്ഡം: സമീപകാലത്തിറങ്ങിയ ക്ലാസിക് ചിത്രം

 

ഒരു സിനിമ കണ്ടതിനു ശേഷം അതുണ്ടാക്കിയ വൈകാരിക സമ്മർദ്ദത്തിൽ നിന്നും പുറത്ത് കടക്കാനാവാതെ സീറ്റിൽ നിന്ന് എഴുന്നേൽക്കാനാവാതെ തൊണ്ടയിൽ കണ്ണീരു കുടുങ്ങി തറഞ്ഞിരുന്നു പോയ സിനിമ എന്നതായിരുന്നു കിഷ്കിന്ധകാണ്ഡം നൽകിയ കാഴ്ചാനുഭവം. അത്ഭുതപ്പെടുത്തിയ തിരക്കഥയാണ് സിനിമയെ ഒരു പരിപൂർണ സിനിമ അനുഭവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. ബാഹുൽ രമേശ്‌ എന്ന പുതുമുഖ തിരക്കഥകൃത്തിന്റെ കയ്യടക്കം അസൂയാവഹമാണ്. ഓർമ്മനഷ്ടം സംഭവിച്ച ഒരു അച്ഛനും, മകനും തമ്മിലുള്ള ആത്മബന്ധം. മനുഷ്യർ തമ്മിൽ തമ്മിൽ പുലർത്തുന്ന കൺസെൺ (concern) എന്നതിനെ അടിസ്ഥാനമാക്കി ഒരു ഇമോഷണൽ ത്രില്ലർ ഒരുക്കിയിരിക്കുകയാണ് സംവിധായകൻ ദിൻജിത് അയ്യത്താൻ.

മിസ്റ്റീരിസ് ടൈപ്പ് സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയെ ഒരു കാടിന്റെ പശ്ചാത്തലത്തിൽ പ്ലേസ് ചെയ്തിരിക്കുന്നു. തിരക്കഥകൃത്ത് തന്നെയാണ് ഈ സിനിമയുടെ സിനിമോടോഗ്രാഫിയും നിർവ്വഹിച്ചിരിക്കുന്നത്. സിനിമക്ക് വേണ്ടി നിർമ്മിക്കപ്പെട്ട, ജനിക്കപ്പെട്ട മനുഷ്യർ എന്ന് അക്ഷരം തെറ്റാതെ പറയാൻ തോന്നുന്ന മനുഷ്യരുടെ ഗണത്തിൽ പെടുത്തേണ്ട ഒരു മനുഷ്യൻ എന്നാണ്. ബാഹുൽ രമേശിനെ കുറിച്ച് തോന്നുന്നത്. ആവശ്യമുള്ള ഓർമ്മകളെ മാത്രം നില നിർത്താനും. ആവശ്യമില്ലാത്തതിനെ കത്തിച്ചു കളയാനും കഴിയുന്ന ഒരു സിദ്ധി ജീവിതത്തിൽ പകർത്താനായിരുന്നെങ്കിൽ, അല്ലെങ്കിൽ അത് പോലൊരു ദുർബലത എന്താനുഗ്രഹമായിരുന്നേനെ മനുഷ്യർക്ക് എന്ന് തോന്നി. വിജയരാഘവൻ, ആസിഫ് അലി, അപർണ്ണ, ജഗദീഷ്, അശോകൻ, തുടങ്ങി ഓരോരുത്തരും എത്ര ഗംഭീരമായാണ്. തങ്ങളുടെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് തോന്നി. നടന്ന ക്രൈം എന്താണെന്ന് പോലും ചുരുളഴിയുന്നത് സിനിമയുടെ ക്ലൈമാക്സിൽ മാത്രമാണ്.

എത്ര ഭദ്രമായാണ് ഒരു മറവിരോഗിയുടെ മറവിയുടെ നൂലിൽ ഒരു ഗംഭീര ത്രില്ലർ മൂവിയെ സ്കെച്ച് ചെയ്തു വെച്ചിരിക്കുന്നത് എന്ന് വിസ്മയം കൊള്ളാവുന്ന സിനിമ. ഏതു മറവിയിലും തന്റെ ചുറ്റുപാടുകളിലുള്ള മനുഷ്യർക്ക് തമ്മിൽ തമ്മിലുള്ള, ഉണ്ടായിരിക്കേണ്ടപരിഗണന എന്നതിനെ ഇത്രയും മനോഹരമായി ആവിഷ്കരിച്ച സിനിമകൾ ഏറെ കണ്ടിട്ടില്ല. സ്ലോ സ്പെസിൽ സിനിമ ആവശ്യപെടുന്ന ബാക്ക് ഗ്രൗണ്ട് സ്കോറിന്റെ അകമ്പടിയോടെ, സൂക്ഷ്മതയോടെ നെയ്തെടുത്ത ഒരു സിനിമ. ക്ലൈമാക്സിലെ ഒരു കെട്ടിപ്പിടുത്തത്തിൽ മലയിടിച്ചിൽ പോലെ ഒരു കരച്ചിൽ വന്ന് ഹൃദയത്തിലേക്ക് ഉടഞ്ഞു വീണു. സിനിമ കണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴുംസിനിമ നൽകിയ ഇമോഷണൽ ഹോണ്ടിൽ നിന്നും വെളിയിൽ കടക്കാനാവാത്ത ഹൃദയഹാരിയായ ഒരു ലൂപ്പിലേക്ക് മനുഷ്യനെകൊണ്ടെത്തിക്കുന്ന അപൂർവ്വ മനോഹര സിനിമ കാഴ്ചയാണ് കിഷ്കിന്ധകാണ്ഡം.

കല്ലേപ്പതി റിസർവ് ഫോറെസ്റ്റ് ആണ് സിനിമയുടെ ലൊക്കേഷൻ. സിനിമയുടെ ഘടനാപരമായ നിർമ്മിതിക്ക് കഥാപാത്രനിർമ്മിതി പോലെ തന്നെ പ്രധാനമാണ് കഥാപരിസരത്തിന്റെ നിർമ്മിതിയും. ഈ സിനിമയുടെ കഥാ പരിസരത്തിന് ഇതിലും അനുയോജ്യമായ മറ്റൊരിടം കണ്ടെത്തുന്നത് അസാധ്യമാവും എന്ന് സിനിമ കാണുമ്പോൾ ഉടനീളം തോന്നി. ബാക്ക് ഗ്രൗണ്ട് സ്കോറിൽ മുജീബ് മജീദ് ഇന്ദ്രജാലമാണ് കാണിച്ചിരിക്കുന്നത്. സാങ്കേതികതയിലും ഘടനാപരമായും വൈകാരികതയിലും ഒരേ പോലെ മികവ് പുലർത്തുന്ന സിനിമകൾ മലയാളത്തിൽ വിരളമായാണ് സംഭവിക്കാറുള്ളത്. മലയാളത്തിൽ സമീപകാലത്തുണ്ടായ ക്ലാസ്സ്‌ മൂവികളിൽ ഒന്നാണ് കിഷ്കിന്ധകാണ്ഡം. സിനിമയുടെ ഓരോ സൂക്ഷ്‌മതലത്തിലും അനുഭവിപ്പിക്കുന്ന പെർഫെക്ഷൻ ഈ സിനിമയെ ക്ലാസിക്‌ സിനിമയായി മലയാള സിനിമ ചരിത്രത്തിൽ രേഖപെടുത്തും എന്നുറപ്പാണ്. ലോക ക്ലാസിക് സിനിമകളുടെ കൂട്ടത്തിലേക്ക് മലയാള സിനിമയിൽ നിന്നും കിഷ്കിന്ധകാണ്ഡം എന്ന സിനിമയും. വേൾഡ് ക്ലാസ്സ്‌ സിനിമ സംവിധായകരുടെ കൂട്ടത്തിലേക്ക് ദിൻജിത് അയ്യത്താൻ എന്നൊരു മലയാളി സംവിധായകന്റെ പേരും മാറ്റി വെയ്ക്കപ്പെടുകയാണ്. അത്രക്കും ഗംഭീരമാണ് അയാളുടെ സിനിമയുടെ ഘടനാപരമായ നിർമ്മിതി. സിനിമയെ സൂക്ഷ്മമായി അനുഭവിക്കാൻ അറിയുന്ന സീരിയസ് പ്രേക്ഷകർ, ദിൻജിത് അയ്യത്താൻ, ബാഹുൽ രമേശ്‌ എന്നീ പേരുകാരുടെ സിനിമകളെ കരുതലോടെ കാത്തിരിക്കേണ്ടതുണ്ട്.

—–

No Comments yet!

Your Email address will not be published.