Skip to main content

പുരോഗമന കേരളത്തിലെ വേടന്റെ ചലനങ്ങളും ഇളയിടങ്ങളുടെ ഇരിപ്പിടവും

ഇന്നലെ രാത്രി വേടന്‍ തന്റെ പിതാവിനെ ഒരു വേദിയിലേക്ക് വിളിച്ചു കയറ്റുന്ന വീഡിയോ കണ്ടു കൊണ്ടാണ് ഉറങ്ങാന്‍ കിടന്നത്. അതേ സമയം ഇന്ന് രാവിലെ, കെ എല്‍ എഫിന്റെ വേദിയില്‍ സുനില്‍ പി ഇളയിടം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചും ഗാന്ധി എന്ന മഹാ സംഭവത്തെക്കുറിച്ചും തള്ളി മറിക്കുന്ന ഒരു വീഡിയോ കണ്ടുകൊണ്ടാണ് എഴുന്നേറ്റത്. കേരളത്തില്‍ സംഭവിക്കുന്ന രണ്ടു പാര ഡോക്‌സുകള്‍ ആണിത്. ഇളയിടത്തിന്റെ വീഡിയോ കണ്ടപ്പോള്‍ തന്നെ ഇങ്ങേരു ചിരിപ്പിച്ച് പണ്ടാരം അടക്കുമല്ലോ എന്നാണ് ഞാന്‍ ആലോചിച്ചത്. അങ്ങേരു പറയുന്ന ദേശീയ പ്രസ്ഥാന ഗാന്ധി വാഴ്ത്ത് മണ്ടത്തരങ്ങള്‍ക്ക് അപ്പുറം, എങ്ങനെയാണ് സുനില്‍ പി ഇളയിടം എന്ന മനുഷ്യനൊക്കെ കേരളത്തിലെ സാംസ്‌കാരിക ഇടങ്ങളില്‍ ഇത്ര അധിക സ്വീകാര്യതയും കയ്യടിയും കിട്ടുന്നത് എന്നതാണ് ആലോചിച്ചത്. അതിനു അദ്ദേഹം പറയുന്ന രാമന്റെയും ഗാന്ധിയുടെയും രാഷ്ട്രീയം മാത്രമല്ല, അദ്ദേഹം പ്രെസന്റ് ചെയ്യപ്പെടുന്ന കേരളം എന്ന സമൂഹം അദ്ദേഹത്തിനെ സ്വീകരിക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍ പ്രോസസിന് വലിയ പങ്കുണ്ടെന്ന് തോന്നുന്നു.

രാമന്‍ എന്ന ഒരു ബിംബത്തെ, നല്ല രാമനാക്കി മാറ്റുവാന്‍ ശ്രമിച്ച് സുനില്‍ പി ഇളയിടം നോക്കി കാണുവാന്‍ ശ്രമിക്കുമ്പോള്‍ വേടന്‍ എന്ന എനിക്ക് രാമനെ അറിയില്ല എന്ന് പറഞ്ഞുകൊണ്ട് റദ്ദ് ചെയ്യുന്നുണ്ട്. സെപ്പറേറ്റ് ഇലക്ടറേറ്റ് വരാതിരിക്കാന്‍ വേണ്ടി അംബേദ്കര്‍ക്കെതിരെ മരണം വരെ സത്യാഗ്രഹമിരിക്കാന്‍ തയ്യാറായ ഗാന്ധിയെ സുനില്‍ പി ഇളയിടം പുതിയ വായനകളിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വേടന്‍ ഒരു അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ആണ് സ്വപ്നം കാണുന്നത്. ഇവിടെ വേടന്‍ എന്ന മനുഷ്യന്‍ ഒരു (വെറും) റാപ്പര്‍ ആയി മാറുകയും സുനില്‍ പി ഇളയിടം മലയാളിയുടെ ബുദ്ധിജീവി ആവുകയും ചെയ്യുന്നു. വേടന്റെ സംഗീതം അടിച്ചമര്‍ത്തവന്റെ സംഗീതം (ആഘോഷത്തിന്റേത് അല്ല) എന്ന രീതിയില്‍ പഠനപുസ്തകങ്ങളായി ഇറക്കുകയും ചെയ്യുന്നു. സുനില്‍ പി ഇളയിടം സുനില്‍ ‘മാഷ്’ ആയി മാറുകയും ചെയ്യുന്നു. മാഷ് എന്നാല്‍ അറിവ് പകര്‍ന്നു നല്‍കുന്ന ബഹുമാനിക്കേണ്ട ആളാണ്.

ഇന്ത്യയിലെ പുരാണ സീരിയലുകളിലെ മഹര്‍ഷിമാരുടെ ഇമേജാണ് വിഷ്വലുകളിലൂടെ, സുനില്‍ പി ഇളയിടത്തിന്റെ സംസാരങ്ങളുടെ ടോണുകളിലൂടെ, ഇന്റൊണേഷനുകളിലൂടെ, വേഷങ്ങളിലൂടെ, മേക്ക് അപ്പിലൂടെ ഇളയിടത്തിന് കല്‍പ്പിച്ചു കൊടുക്കുന്നത്. അതില്‍ അദ്ദേഹം പറയുന്ന സംസാരങ്ങളില്‍ മാത്രമല്ല, അദ്ദേഹം പ്രെസന്റ് ചെയ്യപ്പെടുന്ന രീതികളിലും വലിയ പഠനം അര്‍ഹിക്കുന്നുണ്ട്. സുനില്‍ പി ഇളയിടത്തിന്റെ വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും അദ്ദേഹത്തിന്റെ മുണ്ട്, ഖാദറിന്റെ മേല്‍ക്കുപ്പായം, സംസാരങ്ങളുടെ രീതി എന്നിവയൊക്കെ കേരളത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്, വീഡിയോകള്‍ ആയി ചിത്രീകരിക്കപ്പെടുന്നത്, വിഷ്വലൈസ് ചെയ്യപ്പെടുന്നത് ഒരു ഗുരു ഇമേജിലാണ്.

അതേസമയം വെടന്‍ എന്ന മനുഷ്യന്‍ ‘നീ തമ്പുരാന്‍ ആണെങ്കില്‍ എനിക്കൊരു മൈരും അല്ലേടാ….’ എന്ന ഒരു സോങ്ങും വിഷ്വലും നിര്‍മ്മിക്കുമ്പോള്‍ പരിഷ്‌കൃതം എന്ന് തോന്നിക്കുന്ന കേരളത്തിലെ മൂടിവെച്ച ജാതീയതയെ തുറന്നു കാട്ടി അയാള്‍ മലിനമാക്കുകയാണ്. അയാള്‍ ഈ ശുദ്ധ കേരളത്തിനെ ചോദ്യം ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് വരുമ്പോള്‍ ഗുജറാത്തില്‍ മതില്‍ കെട്ടി മറക്കുന്നത് പോലെ ജാതി എന്ന മാലിന്യം മതില്‍ കെട്ടി മറച്ച് ഒളിപ്പിച്ചുവെച്ച പുരോഗമന കേരളത്തില്‍ ഇരുന്നു ആചാര്യ തുല്യനായ സുനില്‍ പി ഇളയിടം ജാതി വാദികളായ രാമനെയും ഗാന്ധിയെയും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. അതേസമയം അദ്ദേഹത്തിന് നിരന്തരം കയ്യടി ലഭിക്കുകയും (കെ എല്‍ എഫില്‍ കിട്ടുന്ന കയ്യടി അടക്കം) ഇത്തരം മഹര്‍ഷികള്‍ ജീവിക്കുന്ന ഒരു ഇടത്തെ കാട്ടാളനായി വെടന്‍ മാറുകയും ചെയ്യുന്നു.

വേടന്റെ അച്ഛന്‍ ഒരു വേദിയില്‍ കയറുന്നത് കേരളത്തെ അട്ടിമറിക്കുന്ന ഒരു ഇമേജറിയാണ്. അത് പുരോഗമന കേരളത്തിന്റെ ഔദാര്യമൊന്നുമല്ല, വേടനും അച്ഛനും അടിച്ചു നേടിയതാണ്. സുനില്‍ പി ഇളയിടം തള്ളി മറിക്കുന്ന ദേശീയ പ്രസ്ഥാനം വളരുന്ന ഒരു കാലത്ത് കേരളത്തില്‍ വെടന്റെ അച്ഛന്റെ അച്ഛന്‍ ഒക്കെ എങ്ങനെ ആയിരിക്കാം ജീവിച്ചിട്ടുണ്ടാവുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഞങ്ങളുടെ അച്ഛനോട് ചോദിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ള മലബാറിലെ ചതുപ്പുകളില്‍ അടിമപ്പണിക്ക് കൊണ്ടുവന്ന തമിഴ് സംസാരിക്കുന്ന ആദിവാസികളായിരുന്ന അടിമകളായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍ എന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ക്കെന്തു ദേശീയ പ്രസ്ഥാനം? അവര്‍ക്കെന്ത് ഗാന്ധി? ഒരു നേരത്തെ ആഹാരത്തിനു അടിമ പണി, പട്ടി പണി എടുക്കുന്ന അവര്‍ക്കു ഗാന്ധിയുടെ നിരാഹാരം എന്നൊക്കെ പറഞ്ഞു കേട്ടാല്‍ ചിലപ്പോള്‍ തന്തക്കും തള്ളക്കും വിളിക്കാന്‍ സാധ്യതയുണ്ട്. വയറു നിറഞ്ഞവര്‍ക്കു നിരാഹാരം ഒരു ലെഷര്‍ ടൈം ആക്റ്റിവിറ്റി ആണ്. പട്ടിണി കിടക്കുന്നവര്‍ക്ക് അത് വേറെ പലതും.

കേരളത്തില്‍ ബുദ്ധിജീവികള്‍, സുനില്‍ പി ഇളയിടത്തെ പോലുള്ള ഐക്കണുകള്‍ ഒക്കെ രൂപപ്പെടുത്തുന്നതില്‍ ഇത്തരം ജാതി സവര്‍ണ്ണത്വം അതിസൂക്ഷ്മമായ പല കളികളും കളിക്കുന്നുണ്ട്. അത് സുനില്‍ പി ഇളയിടത്തിന്റെ ബോഡി മൂവ്‌മെന്റ്കകളുടെ മിതത്വം അടക്കം അതിനെ രൂപപ്പെടുത്തുന്നുണ്ട്. പക്ഷേ സുനില്‍ പി ഇളയിടത്തിന്റെ ബോഡി മൂവമെന്റിലെ മിതത്വം അടക്കമുള്ള ശരീര ചലനങ്ങളെ വേടന്‍ അദ്ദേഹത്തട്ടിന്റെ പാട്ടുകള്‍, കറുത്ത വസ്ത്രം, സ്റ്റേജിലെ മൂവ്‌മെന്റുകള്‍, ഉപയോഗിക്കുന്ന തെറി പദങ്ങള്‍, ഭാഷകള്‍ എന്നിവയിലൂടെ അട്ടിമറിച്ചിട്ടുണ്ട്. എന്നിട്ടും ഈ പുരോഗമന നവോത്ഥാന കേരളം സുനില്‍ പി ഇളയിടത്തിനെണ് ഇപ്പോഴും എഴുന്നള്ളിച്ച് നടക്കുന്നത് എന്നതാണ്. ദാരിദ്ര്യമാണ് അത്. ശരീരം അനക്കി പൊട്ടിത്തെറിക്കുന്നവരെ ഒന്നും മെലോഡിയസ് ആയ കേരളം അങ്ങനെ പെട്ടെന്ന് സ്വീകരിക്കില്ല.

നിയമം കൊണ്ടു മാത്രം അന്ധവിശ്വാസങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാനാവില്ല:  സുനിൽ പി. ഇളയിടം - Truecopy Think

സുനില്‍ പി ഇളയിടത്തിന്റെ അടക്കമുള്ള ഋഷി ഇമേജുകള്‍ കേരളം പലപ്പോഴും കളിയാക്കിയത് ജഗതി സിനിമകളിലെ കള്ളസന്യാസികളിലൂടെയും, മിമിക്രി കലാകാരന്മാരുടെ കോമഡി ഷോകളിലൂടെയും ഒക്കെയാണ്. ഇത്തരം ബുദ്ധിജീവികളെ ഐക്കണിക് ആയ രീതിയില്‍ തന്നെ സന്ദേശത്തിലെ ശങ്കരാടിയിലൂടെ (പ്രതിക്രിയാവാദം) എന്ന രീതിയിലും കളിയാക്കിയിട്ടുണ്ട്. ഏറ്റവും അവസാനം ‘ബാബു സാമി’ എന്ന് വിളിക്കുന്ന ആ സ്ത്രീ സന്യാസിയുടെ ആത്മീയതയും ഇത്തരം സന്യാസി നാട്യങ്ങളെ ഒക്കെ അട്ടിമറിക്കുന്നുണ്ട്. പക്ഷേ ഇത്തരം പലതരം അട്ടിമറികള്‍ക്കു ശേഷവും ദേശീയ പ്രസ്ഥാനത്തെയും ഗാന്ധിയെയും പുതിയ രാമനെയും താങ്ങുന്ന സുനില്‍ പി ഇളയിടമൊക്കെ കേരളത്തിന്റെ ആസ്ഥാന പണ്ഡിതന്‍ ആകുന്നത് കാണുമ്പോഴാണ് ഈ കേരളവും, കേരളത്തിലെ ആര്‍പ്പുവിളികളും കയ്യടികളും ഒക്കെ മുറ്റുകോമഡി ആണെന്ന് മനസ്സിലാവുക.

One Reply to “പുരോഗമന കേരളത്തിലെ വേടന്റെ ചലനങ്ങളും ഇളയിടങ്ങളുടെ ഇരിപ്പിടവും”

  1. ഇയാൾ സുനിൽ പി ഇളയിടം എന്ന വ്യക്തിയെ വിമർശിക്കുന്നത് സ്വാതന്ത്ര്യ സമരത്തെയും അതിന്റെ നേതൃത്വത്തെയും റദ്ദു ചെയ്യുന്നതും നിസ്സാരവൽക്കരിക്കുന്നതുമായാണ് വായനക്കാർക്ക് മനസ്സിലാകുന്നത്. അത് എത്ര മാത്രം അഭിലഷണീയമാണെന്നു രൂപേഷകുമാർ ചിന്തിക്കട്ടെ.

Leave a Reply to Saran Cancel reply

Your Email address will not be published.