Skip to main content

തകഴിയുടെ ഒരു ചെറുകഥയും ഓ.എൻ.വിയുടേയും ഖദം ഖൻജാറിൻ്റേയും രണ്ടു കവിതകളും

തകഴിയുടെ “അസ്ഥികൂടത്തിൻ്റെ കഥ” എന്ന ചെറുകഥ പ്രത്യേകമായി അദ്ദേഹത്തിൻ്റെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥ പോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഈ
ചെറുകഥയും, ഓ.എൻ.വിയുടെ “അസ്ഥികൂടങ്ങൾ” എന്ന കവിതയും ഇറാക്കി കവി ഖദം ഖൻജാറിൻ്റെ
“Breaking News :Mass Grave Discovered Near ….” എന്ന കവിതയും വ്യത്യസ്ഥങ്ങളെങ്കിലും ഒരുമിച്ച് വായനയ്ക്ക് വിധേയമാക്കാവുന്ന സൃഷ്ടികളാണ്.
Construction of Thakazhi museum begins in Kerala's Kuttanad
തകഴി
ഒരു മെഡിക്കൽ കോളേജിലെ ക്ലാസ്സ് മുറിയിൽ വിദ്യാർത്ഥികളുടെ പഠനാർത്ഥം സ്ഥാപിച്ച
ഒരസ്ഥികൂടത്തിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിയ്ക്കുന്നത്. അവിടെ പഠിച്ച കുട്ടികളോ പഠിപ്പിച്ച അദ്ധ്യാപകരോ ആരും തന്നെ “ആ പല്ലിളിയുടെ പൊരുൾതേടിയില്ല” എന്ന് തകഴി എഴുതുന്നു. പക്ഷേ “അതിന്  അജ്ഞാതമായ ഒരു സന്ദേശമുണ്ട്” എന്ന് തുടരുന്ന കഥാകാരൻ ശരീരശാസ്ത്രകാരന്മാരാരും ആ സന്ദേശത്തെ മനസ്സിലാക്കിയില്ല എന്ന് പറയുന്നു. ഒടുവിൽ അക്കൊല്ലം മെഡിക്കൽ വിദ്യാഭ്യാസത്തിനു ചേർന്ന ഭാവനാസമ്പന്നനും ദിവാസ്വപ്നക്കാരനും ചിത്രകാരനുമായ യുവ വിദ്യാർത്ഥിയാണ് ആ ചിരിയുടെ പൊരുൾ കണ്ടു പിടിയ്ക്കുന്നത്. അയാൾ അനാട്ടമി ക്ലാസ്സിൽ ഹൃദയഘടന പരിശോധിച്ചു പഠിയ്ക്കുമ്പോൾ ഒരു വിദ്യാർത്ഥി എന്നതിനു പകരം “അതിൻ്റെ ഞൊറിയ്ക്കുള്ളിൽ ദാരുണാനുഭവങ്ങൾ രചിച്ച പാടു കണ്ടു പിടിയ്ക്കാൻ”, “നിർദ്ദയമായ കാമുകി എങ്ങനെയുള്ളവളെന്നു കാണാൻ” ഒക്കെ ശ്രമിയ്ക്കുന്ന വികാരാധീനനായ സ്വപ്ന ജീവിയാകുന്നുവെന്നാണ് കഥാകൃത്ത് പറയുന്നത്.
BIOGRAPHY OF O.N.V.KURUP – Endz
ഒ എൻ വി കുറുപ്പ്
കഥയുടെ ഈ സന്ദർഭത്തിലാണ് ഓ.എൻ.വിയുടെ “അസ്ഥികൂടങ്ങൾ” എന്ന കവിത വായനക്കാരൻ്റെ മനസ്സിലേയ്ക്ക് കടന്നു വരുന്നത്. ഓ.എൻ.വിയെ തകഴിയുടെ ഈ കഥ സ്വാധീനിച്ചു കാണുമോ?
“അദ്ധ്യാപകൻ മേലുറനീക്കി നിർത്തിയോ –
രസ്ഥികൂടം ക്ലാസ്സ് മുറിയുടെ മൂലയിൽ
ഇല്ലാത്ത കൺകളാൽ നിർല്ലജ്ജമാകുമാ
വല്ലാത്ത നോട്ടവുമാപ്പല്ലിളിയ്ക്കലും “
എന്ന് കവിത തുടങ്ങുന്നു. ക്ലാസ്സ് മുറിയുടെ കോണിൽ അദ്ധ്യാപകൻ അസ്ഥികൂടത്തെക്കുറിച്ച് വിവരിയ്ക്കുമ്പോൾ കുട്ടിയുടെ ഭാവനാ ലോകം കാടുകയറുന്നു. ആ അസ്ഥികൂടത്തിന് പല രൂപങ്ങളും കുട്ടിയ്ക്ക് തോന്നുന്നു – ദാരിദ്ര്യക്കിടക്കയിൽ മരിച്ചതോ, പൂരുഷാകാരമായിരുന്നുവോ, അതോ സത്രീ രൂപമോ, എത്ര മടച്ചു കാണണം ജീവിയ്ക്കുവാൻ – അവൻ ചിന്തിച്ചു കൂട്ടുന്നു. ഒടുവിൽ രാത്രിയിൽ ദുഃസ്വപ്നം കണ്ട് പനിയ്ക്കുന്ന അവനെപ്പറ്റി” കുട്ടിയെന്തോ കണ്ടു പേടിച്ചു” എന്ന് മുതിർന്നവർ സംശയിക്കുന്നു. എന്നാൽ കവി വിവരിക്കുന്നതാകട്ടെ പഞ്ചാബിൽ നിന്നും കാശ്മീരിൽ നിന്നും മറ്റു യാതനാകേന്ദ്രങ്ങളിൽ നിന്നും അസ്ഥികൂടങ്ങൾ “നിൻ്റെ അച്ഛനാണ് ഞാൻ, മുത്തച്ഛനാണ് ഞാൻ” എന്നെല്ലാം പറയുന്നില്ലേ എന്നാണ്.
ഓ.എൻ.വിയുടെ അസാധാരണമായ ഈ കവിതയുടെ തുടക്കം തകഴിയുടെ കഥയിലാണെന്ന് തോന്നിപ്പോകും. തകഴി അസ്ഥികൂടത്തിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, “എല്ലാവരും ഉറങ്ങുമ്പോൾ ഒരു പക്ഷേ ആ കൂടു തേടി അതിൻ്റെ ഉടമസ്ഥൻ വരുന്നുണ്ടായിരിയ്ക്കും”.ചെറുപ്പക്കാരനായ ആ വിദ്യാർത്ഥിയുടെ മുറിയിൽ അർദ്ധരാത്രിയിൽ അസ്ഥികൂടത്തിൻ്റെ ഉടമസ്ഥ വരുന്നു. ആ പല്ലിളിയ്ക്ക് ഭയാനകതയില്ല, പൈശാചിക ഭാവമില്ല, പകരം “അതിന് ലൗകികമായ ഒരു പ്രകാശവും പ്രസന്നതയുമുണ്ടെന്ന് ” ആ വിദ്യാർത്ഥി മനസ്സിലാക്കുന്നു. ഒടുവിൽ അത് ഒരു സ്ത്രീ രൂപമാണെന്ന് സങ്കല്പത്തിലൂടെ അറിയുന്ന അയാൾ ആ രൂപത്തിൽ കുട്ടിക്കാലത്ത് തന്നെ നോക്കിയ “മിസ്സി” യെന്ന ഭൃത്യയെ കാണുന്നു. ഒടുവിൽ സങ്കല്പ ലോകത്തു നിന്ന് പുറത്തു കടക്കുന്ന അയാൾ ആ അസ്ഥി ഖണ്ഡങ്ങൾ വാരി ആറ്റിൽ എറിയുന്നു, അർത്ഥശൂന്യങ്ങളായ വിശ്വാസങ്ങളും വികാരങ്ങളും നാശം വരുത്തുമെന്നു കണ്ട് ഒരു യഥാർത്ഥ മെഡിക്കൽ വിദ്യാർത്ഥിയായിത്തീരാനുള്ള തീരുമാനമെടുക്കുന്നതായി വായനക്കാരന് കാണാൻ സാധിയ്ക്കുന്നു
അതിഭൗതികതയിൽ നിന്നും തകഴിയുടെ ഈ കഥ അതിസാധാരണ സമാപനത്തിലെത്തുന്നുവെന്ന് ഒരപരാധം പറയാമെങ്കിലും എടുത്തു പറയേണ്ട ഒരു കഥ തന്നെയാണിത്. ദൃശ്യ ശബ്ദ സൂക്ഷ്മത നിറയുന്ന രചനയെന്ന് ഈ കഥയെ പറയാം. അസ്ഥികൂടം എന്ന വസ്തു കഥയിലേയ്ക്കുള്ള വഴികാട്ടിയാകുന്നത് തകഴിയുടെ രചനയുടെ പ്രത്യേകതയാകുന്നു. Third person limited എന്ന സാങ്കേതികത തോന്നുന കഥാഖ്യാനശൈലിയിൽ വൈദ്യ വിദ്യാർത്ഥിയും അയാളുടെ ഓർമ്മയിൽ നിന്ന് അമ്മയും ഭൃത്യകളും അവരുടെ സംഭാഷണങ്ങളും നിറയുന്നു. കാറ്റടിയ്ക്കുമ്പോൾ അസ്ഥികൂടം നേരിയ ചൂളം വിളിക്കുമ്പോലെ തോന്നിച്ചു കൊണ്ട് കഥയിലാകെ നിറഞ്ഞു നിൽക്കുന്ന  കഥാപാത്രമാകുന്നു
© Phil Journé
ഖദം ഖന്‍ജാര്‍
ഈ സന്ദർഭത്തിൽ ഇറാക്കി കവി ഖദം ഖൻജാറിൻ്റെ “ബ്രേക്കിംഗ് ന്യൂസ്: ….നടുത്ത് കൂട്ട ശവക്കുഴി കണ്ടു പിടിച്ചു” എന്ന കവിതയെക്കുറിച്ച് പരാമർശിക്കണ്ടത് ഒരു ആവശ്യമാകുന്നു. തകഴിയുടെ കഥാപാത്രമായ വൈദ്യ വിദ്യാർത്ഥി അസ്ഥിക്കഷണങ്ങൾ വാരി  ആറ്റിലേക്കെറിയുമ്പോൾ ഇറാക്കി കവി അസ്ഥികളോരോന്നായി സമാഹരിച്ച് സഞ്ചിയിലാക്കുകയാണ് ചെയ്യുന്നത്.   ബോംബ് പൊട്ടി അന്തരിച്ചവരെ സംസ്കരിച്ച കൂട്ട ശവക്കുഴിയിൽ നിന്ന് ഡി.എൻ.എ ടെസ്റ്റ് വഴി കണ്ടെത്തിയ ചങ്ങാതിയുടെ അസ്ഥികളുമായി അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് പോകുന്ന കവിയുടെ ചിന്തകളാണ് ഈ കവിതയിൽ. കവിതയുടെ വിവർത്തനമാണ് താഴെ.  അറബി ഭാഷയിലെഴുതിയ കവിത അതിൻ്റെ ഇംഗ്ലീഷ് വിർത്തനത്തിൽ നിന്ന് മലയാളത്തിലാക്കിയതിന് കവി എനിയ്ക്ക് അനുമതി നൽകിയിരുന്നു
കവിതാ പരിഭാഷ
“ബ്രേക്കിംഗ് ന്യൂസ്: ….നടുത്ത് കൂട്ട ശവക്കുഴി കണ്ടു പിടിച്ചു”
അറബിക് കവിത
കവി-ഖദം ഖൻജാർ (ഇറാക്ക്)
“Breaking News :Mass Grave Discovered Near ….”
Arabic
Poet -Kadhem Khanjar (Iraq)
ഇന്നലെ
ഫോറൻസിക് വിഭാഗം വരെ ഞാൻ ചെന്നു.
ഒരു ഡി.എൻ.എ പരിശോധനക്ക് തയാറാണോ
എന്ന് എന്നോടവർ ചോദിച്ചു.
ആരുടേതെന്നറിയാത്ത
കുറെ എല്ലിൻ കഷ്ണങ്ങൾ
തങ്ങൾക്കു കിട്ടിയിട്ടുണ്ടെന്നുഅവർ പറഞ്ഞു.
പ്രത്യാശയുടെ കത്തിമുനയിൽ ഓറഞ്ചു പോലെ
ഞാനുരുണ്ടു കളിച്ചു.
നിന്റെ പടത്തിനു ചുറ്റുമുള്ള
കൃത്രിമപ്പൂക്കളിൽ നിന്ന് പൊടി തുടച്ചു കളഞ്ഞു കൊണ്ട്,
കണ്ണീരാൽ അവയ്ക്കു ജലം പകർന്നു കൊണ്ട്
ഇപ്പോൾ ഞാനെന്റെ വീട്ടിലാണ് സഹോദരാ.
xxx
ഒരു സഞ്ചി നിറയെയുള്ള ഈ അസ്ഥികൾ നീയാണെന്നു
ഇന്ന് ഞാൻ ഒപ്പിട്ടു കൊടുത്ത
ആ മെഡിക്കൽ റിപ്പോർട്ട് പറയുന്നു.
ഞങ്ങൾ വീണ്ടുമത് എണ്ണി നോക്കി:
ആറ് തുളകളുള്ള ഒരു തലയോട്ടി,
ഒരു തോൾ അസ്ഥി,
മൂന്നു വാരിയെല്ലുകൾ,
ഒരു തകർന്ന തുടയെല്ല്,
കൈപ്പത്തിയിലെ ചെറു എല്ലുകളുടെ
ഒരു കൂമ്പാരം,
പിന്നെ കുറച്ചു നട്ടെല്ലിൻ കഷ്ണങ്ങളും.
എന്റെ സഹോദരൻ
ഇത്രകുറച്ചു വസ്തുക്കൾ മാത്രമോ?
മെഡിക്കൽ റിപ്പോർട്ട് പറയുന്നു അതെയെന്ന്.
എല്ലുകളെല്ലാം ഞാൻ തിരികെ ബാഗിലിട്ടു.
എന്റെ കയ്യിലെ മണ്ണ് ഞാൻ തുടച്ചു നീക്കി,
മേശ മുകളിൽ ബാക്കിയായത് ഊതിപ്പറത്തി,
നിന്നെ എന്റെ തോളിലേറ്റി ഞാൻ നടന്നു പോയി.
xxx
അരികിൽ ബാഗ് വെച്ച് ഞാൻ ബസ്സിലിരുന്നു.
രണ്ടു സീറ്റുകൾക്ക് ഞാൻ പണം കൊടുത്തു
(ഇത്തവണ ഞാനാണു ടിക്കെറ്റെടുക്കുന്നത്).
നിന്നെ തോളിലേറ്റാനും വേണ്ടി,
നിന്റെ ബസ്സ് ചാർജ് കൊടുക്കാനും വേണ്ടി മാത്രം
ഞാൻ ഇന്ന് വളർന്നിരിക്കുന്നു.
xxx
ഏതാനും ചില അസ്ഥിതുണ്ടുകൾ എനിക്ക് കിട്ടിയിട്ടുണ്ടെന്നു
ആരോടും ഞാൻ പറഞ്ഞില്ല.
നിന്നെ ഞാൻ ഉപേക്ഷിച്ചു പോയ സോഫയിൽ
നിന്റെ ഭാര്യയും കുട്ടികളും
ചേർന്ന് നിൽക്കുന്നത് ഞാൻ കണ്ടു.
അവരിലാരെങ്കിലും ബാഗ് തുറക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.
അവസാനമായി നിന്നെ അവരൊന്നു കാണണമെന്ന്
ഞാൻ ആഗ്രഹിച്ചു.
പക്ഷെ നീ ഒരു അസ്ഥിക്കഷ്ണം പോലെ വഴങ്ങാത്തവനായിരുന്നു.
എന്തേ സോഫയിൽ കണ്ണീർപ്പാടുകൾ കാണുന്നു എന്ന് അവർ എന്നോട് ചോദിച്ചു.
xxx
ഒരു മണിക്കൂറോളം
തണുത്തു മ്ലാനമായ അസ്ഥികൾ
ശവപ്പെട്ടിയുടെ അടിപ്പലകയിൽ ക്രമീകരിച്ചു
നിനക്കു പൂർണ്ണ രൂപം തീർക്കാൻ
ഞാൻ ശ്രമിക്കുകയായിരുന്നു.
രണ്ടു വശത്തുമുള്ള ആണികൾക്കു മാത്രമേ
എത്ര തുച്ഛമാണ് അതിനുള്ളിലുള്ളതെന്നറിയൂ
(C) Translator-VVG
***

No Comments yet!

Your Email address will not be published.