Skip to main content

മരണത്തിന്റെ കണക്കു പുസ്തകം

Maxim Gorky
Russian-Soviet writer

‘നിങ്ങള്‍ മരിച്ചേക്കാം. പക്ഷെ ധീരരുടെയും ദൃഢചിത്തരുടെയും ഗാനങ്ങളില്‍ എന്നുമെന്നും ഒരു മാതൃകയായും സ്വാതന്ത്ര്യത്തിനും വിവേകത്തിനും വേണ്ടിയുള്ള ഉജ്ജ്വലമായ ഒരു ഉത്‌ബോധനമായും നിങ്ങള്‍ ജീവിക്കും.!’
– മാക്‌സിം ഗോര്‍ക്കി (1868-1936), റഷ്യന്‍ സാഹിത്യകാരന്‍

മറ്റുള്ളവരെ അടിമത്തത്തില്‍ നിന്നും രക്ഷിക്കാനും, മാനവനാഗരികത നിലനിര്‍ത്താനും ചിരപ്രതീക്ഷിതമായ സമാധാനം കൈവരുത്തുവാനും വേണ്ടി ജീവന്‍ വെടിഞ്ഞവരെ മനുഷ്യരാശി ഒരിക്കലും മറക്കുകയില്ല. പ്രിയപ്പെട്ടവരെ, ഞാന്‍ ഇവിടെ എഴുതുന്ന കുറിപ്പില്‍ പരാമര്‍ശിക്കുന്ന പെണ്‍കുട്ടി അജയ്യമായ മനോവീര്യം കൊണ്ട് നമ്മുടെയെല്ലാം ജീവിതഗതിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ഒരു മാതൃകാ വ്യക്തിത്വമാണ്. ഫാസിസത്തിനെതിരെയുള്ള വികാരതീവ്രമായ ഒരു ആഹ്വാനം കൂടിയാവുന്നു, അവളുടെ ജീവിതം.

വേദന സ്പന്ദിക്കുന്ന താളുകള്‍

ഏതാണ്ട് 12 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി, അവളുടെതായ ലോകത്തില്‍ സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും വര്‍ണ്ണങ്ങള്‍ നിറച്ച് പാറിപ്പറന്നവള്‍, ആ സന്തോഷങ്ങളെയൊക്കെ ഡയറി കുറിപ്പുകളില്‍ രസകരമായി എഴുതുവാന്‍ കാത്തിരുന്നവള്‍ – താന്യ!

ആ കുഞ്ഞിന്റെ കയ്യിലെ ഒരു ചെറിയ നോട്ടുബുക്ക് സ്വന്തം കുടുംബാംഗങ്ങളുടെ മരണത്തിന്റെ കണക്കുപുസ്തകമായി രൂപാന്തരപ്പെട്ടപ്പോള്‍ 11 പേജുകള്‍ മാത്രമുള്ള അവളുടെ കൈപ്പടയിലുള്ള കുറിപ്പുകള്‍, അത് മാത്രം മതിയായിരുന്നു ലോകര്‍ക്ക് ആ നാടിന്റെയും ആ കാലഘട്ടത്തിലെ ദുരിത ജീവിതവും മനസ്സിലാക്കുവാന്‍.

കരിപുരണ്ട ആ ഏടുകള്‍ വായിച്ചപ്പോള്‍ പുസ്തകത്തിലെ പല താളുകളിലും എന്റെ കണ്ണുനീരും അടയാളമിട്ടു.!
എവിടെയൊക്കെയാണോ താന്യ തന്റെ വീട്ടുകാരുടെ മരണം അടയാളപ്പെടുത്തിയത്, അവിടെയൊക്കെയുമുള്ള അക്ഷരങ്ങള്‍ കണ്ണീരാല്‍ കുതിര്‍ന്നു.

താന്യ എന്ന പോരാളി

യുദ്ധവും കുട്ടികളും ഒരിക്കലും പൊരുത്തപ്പെടാനാകാത്ത രണ്ട് കാര്യങ്ങളാണ്. പക്ഷേ, യുദ്ധത്തിന്, മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ല. സര്‍വ്വസംഹാരിയായ യുദ്ധം എന്ന വിപത്തിന് അകക്കണ്ണും ദീനാനുകമ്പയും ഉണ്ടാവാറില്ലല്ലോ.., ഒറ്റവാക്കില്‍പ്പറഞ്ഞാല്‍:- ഹൃദയമില്ലാത്ത ഒന്നാണത്.!

രണ്ടാം ലോകമഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് കുട്ടികളാണു ജീവന്‍ വെടിഞ്ഞത്. അതിലൊരു കുട്ടിയായിരുന്നു ലെനിന്‍ ഗ്രാഡിലെ താന്യ സാവിച്ചെവ. താന്യ ഒരു വലിയ കുടുംബത്തിലെ അംഗമായിരുന്നു. സൗഹൃദാന്തരീക്ഷത്തില്‍ വളര്‍ന്ന ഈ പെണ്‍കുട്ടി പഠിക്കാന്‍ മിടുക്കിയായിരുന്നു. കളിക്കാനും വായിക്കാനും ഇഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് കുടുംബത്തോടൊപ്പമുള്ള ജീവിതം സന്തോഷംമാത്രമേ നല്‍കിയിരുന്നുള്ളൂ. അവളെ സംഗീതത്തിലേക്ക് അടുപ്പിച്ച അവളുടെ സഹോദരനും, കഥകളുടെ വിസ്മയ ലോകം അവള്‍ക്കു മുന്‍പില്‍ തുറന്നുകൊടുത്ത മുത്തശ്ശിയും ,സ്‌നേഹത്തണലേകിയ ചേച്ചിമാരും അമ്മയും അമ്മാവനും ഉള്‍പ്പെടുന്ന ആ സന്തുഷ്ടലോകത്തില്‍ താന്യയെപ്പോലെ നമ്മളും ഒരംഗമായി മാറും.

യുദ്ധമുഖങ്ങള്‍

ആ കുടുംബത്തിന്റെ ആഹ്ലാദങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധം എല്ലാത്തിനുമേലും ആകാശ പൂട്ടിട്ടു. (തീ തുപ്പുന്ന പീരങ്കി കളും ഷെല്ലുകളും ആകാശത്തെ കാര്‍മേഘപടലമാക്കിയിരുന്നു.) നഗരം ഉപരോധിക്കപ്പെട്ടു. ജനങ്ങള്‍ പട്ടിണിയിലും തണുപ്പിലും നരകതുല്യമായ ജീവിതം നയിച്ചു. ഒരു കഷണം റൊട്ടിയ്ക്കായി കൂപ്പണ്‍ കയ്യിലുള്ളവരെ കൊല്ലാനും അതികഠിന മായ വിശപ്പ് കാരണം പലരും മടിച്ചില്ല. ജീവന്‍ നിലനിര്‍ത്താനുള്ള വിശപ്പ് മാതൃത്വത്തിന് മുകളിലായപ്പോള്‍ മരിച്ച കുഞ്ഞിന്റെ ശരീരം ഭക്ഷിച്ച സ്ത്രീകള്‍ പിന്നീട് ഭ്രാന്തരായി ലെനിന്‍ഗ്രാഡിന്റെ തെരുവില്‍ അലഞ്ഞു നടന്നു. ബോംബാക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം അനുദിനം കൂടിവന്നു. എണ്ണൂറ്റി എഴുപത്തിരണ്ടു ദിവസത്തെ ഭീകരത, തണുത്തു മരവിച്ച മനുഷ്യാര്‍ദ്രത അങ്ങനെ ഒടുവില്‍ മരണമെന്ന അനിവാര്യതയില്‍ പലതിനെയും കൊണ്ടുചെന്നെത്തിച്ചു.

അവിശ്വസനീയമായ ധൈര്യവും ഉല്‍ക്കടമായ രാജ്യ സ്‌നേഹവും ശത്രുവിനോടുള്ള ഒടുങ്ങാത്ത വിദ്വേഷവും
നിരന്തര പ്രയത്‌നവുംകൊണ്ടുള്ള ചെറുത്തുനില്‍പ്പും കാരണം ധീരതയുടെയും സഹനശക്തിയുടെയും ആദര്‍ശധീരതയുടെയും പര്യായമായി ചരിത്രത്തില്‍ ലെനിന്‍ഗ്രാഡ് ഉപരോധം ഇടംപിടിച്ചു. മാനവരാശിക്കെതിരേ ഫാസിസ്റ്റ് ശക്തികള്‍ നടത്തിയ ക്രൂരതയുടെ പ്രതിരൂപവും തെളിവുമായി മാറി പതിനൊന്നുവയസ്സുള്ള താന്യ സാവിച്ചെവ എന്ന പെണ്‍കുട്ടി എഴുതിയ ഡയറിക്കുറിപ്പുകള്‍. വെറും പതിനൊന്ന് പേജുകള്‍.! പക്ഷേ, ഉപരോധിക്കപ്പെട്ട ഒരു നഗരത്തിന്റെയും അവിടെ ജീവിച്ചിരുന്ന ഒരു കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ദുരന്തം മനസ്സിലാക്കുവാന്‍ അത് ധാരാളമായിരുന്നു.

മരണത്തിന്റെ കണക്കുപുസ്തകം

താന്യ ആദ്യമായി ആ ഡയറിയില്‍ എഴുതിയത് 1941 ഡിസംബര്‍ 28-നായിരുന്നു. അവസാനത്തേത് 1942 മേയ് 13-നും.! ഈ കാലയളവില്‍ കുടുംബത്തിലെ ആറു പേര്‍ പട്ടിണിമൂലം മരിച്ചിരുന്നു. അവസാന മൂന്നു പേജുകളില്‍ താന്യ വേദനയോടെ എഴുതി:- ‘സാവിച്ചെവമാര്‍ മരിച്ചു.., എല്ലാവരും മരിച്ചു. താന്യമാത്രം ബാക്കി.!’

താന്‍ മരിക്കുമെന്ന് ഉറപ്പ് വന്നപ്പോള്‍ താന്യയുടെ മുത്തശ്ശി അവളുടെ അമ്മയോടായി താന്‍ മരിച്ചാലും അടുത്ത മാസം ഒന്നാം തീയതി കഴിഞ്ഞിട്ട് മാത്രമേ ആ വിവരം പുറത്ത് വിടാവൂവെന്നും തന്റെ ഭക്ഷണ കൂപ്പണ്‍ ഉപയോഗിച്ച് അനുവദിച്ച റൊട്ടി കൂടി താന്യക്ക് വാങ്ങി നല്‍കാമല്ലോ എന്നും ആ വൃദ്ധ മരണക്കിടക്കയിലും ആഗ്രഹിച്ചു. പഴയ റഷ്യയുടെ ആത്മാവ് ഹൃദയത്തില്‍ സൂക്ഷിച്ച ആ മുത്തശ്ശിയുടെ മരണവും ആ പിഞ്ചുകുഞ്ഞ് ഹൃദയം പിളരുന്ന വേദനയില്‍ തന്റെ ആ നോട്ടുബുക്കില്‍ എഴുതുമ്പോള്‍ വലിയവനായ ദൈവമേ നീ എവിടെ പോയി മറഞ്ഞു ?.. എന്ന് ആരും ചോദിച്ചു പോവും. പിന്നീട് അവള്‍ മനപ്പൂര്‍വ്വമെന്നവണ്ണം ആ പുസ്തകത്തില്‍ ‘മരണം’ എന്ന വാക്ക് ഒഴിവാക്കി. ഓരോരുത്തരായി മരിച്ചുവീഴുമ്പോള്‍, വേദന സ്പന്ദിക്കുന്ന താളുകളില്‍ മരണത്തിന്റെ കണക്കുകള്‍ പെരുകി വന്നു. ഒന്‍പത് പേരടങ്ങിയിരുന്ന വലിയ കുടുംബത്തില്‍ അവശേഷിച്ചത് രണ്ടുപേര്‍ – ഒരമ്മയും മകളും .

മരണത്തിന് തന്റെ മകളെ വിട്ടുകൊടുക്കില്ല എന്ന് ഉറപ്പിച്ച് പൊരുതിയ ആ അമ്മ പക്ഷെ വിധിയുടെ ചതുരംഗക്കളിയില്‍ തോല്‍വി സമ്മതിച്ച് മകളെ ഒറ്റയ്ക്കാക്കി യാത്രയായി. ഓരോരുത്തരായി മരണത്തിന് കീഴടങ്ങുമ്പോളും താന്യക്ക് കെട്ടിപ്പിടിച്ച് കരയുവാന്‍ അമ്മയുണ്ടായിരുന്നു. എന്നാല്‍ ആ അമ്മയുടെ ചലനമറ്റ ശരീരത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന താന്യയുടെ ദൃശ്യം ഏത് യുദ്ധകൊതിയന്റെയും കണ്ണുകളെ സജലമാക്കുമെന്നുറപ്പാണ്.

മിന്നിയടര്‍ന്നു പോയ ജീവിതം

അമ്മയുടെ മരണശേഷം അയല്‍ക്കാര്‍ അഭയം നല്‍കിയെങ്കില്‍ പോലും മരണക്കിടക്കയില്‍ അമ്മൂമ്മയും അമ്മയും പറഞ്ഞതുപോലെ ഒറ്റയ്ക്കായി പോയാല്‍ അമ്മൂമ്മയുടെ അനന്തിരവള്‍ എവ്‌ദോക്കിയ അര്‍സനേവയുടെ അടുത്തെത്തണം എന്ന വാക്ക് സ്മരിച്ചുകൊണ്ട് തന്റെ കുഞ്ഞു ബാഗുമായി ക്ഷീണിതയായ താന്യ യാത്ര തുടര്‍ന്നു. എന്നാല്‍ അവിടെയും വിശപ്പും പനിയും ബലക്ഷയവും പട്ടിണിയുടെ വലിയ സംഭാവനയായ പോഷകാഹാര കുറവും മാനസികാഘാതവും അവളെ വല്ലാതെ തളര്‍ത്തി. പിന്നീട് നൂറ്റിയിരുപത്തിയഞ്ച് കുട്ടികളെ ലെനിന്‍ ഗ്രാഡില്‍ നിന്നും രക്ഷപ്പെടുത്തി ഷാത്കി ജില്ലയിലെ നാല്പത്തിയെട്ടാം അനാഥാലയത്തില്‍ എത്തിച്ചപ്പോള്‍ അക്കൂട്ടത്തില്‍ താന്യയുമുണ്ടായിരുന്നു.

അപ്പോള്‍ ആ പുസ്തകം താന്യയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല, ഒരു ഷെല്ലാക്രമണത്തില്‍ കത്തിയമര്‍ന്ന് ഒമ്പത് പേജുകള്‍ തന്റെ കൂടെ ചാരമാകരുതെന്നോ, മുങ്ങിമരിച്ചാല്‍ ലദോഗ തടാകത്തിലെ വെള്ളത്തില്‍ ചരിത്ര സാക്ഷികളായി തന്റെ അക്ഷരങ്ങള്‍ അലിഞ്ഞു പോകരുതെന്നും അവള്‍ കരുതിയേക്കാം. താന്യയെ പോലെ തന്നെ അനാഥാലയത്തില്‍ എത്തിയ കുട്ടികള്‍ പോഷകാഹാര കുറവ് മൂലമുള്ള അസുഖങ്ങള്‍ മൂലം ഏറെ ക്ഷീണിതരായിരുന്നു . പലര്‍ക്കും കടുത്ത പനിയും , ക്ഷയവും ത്വക്ക് സംബന്ധിച്ച രോഗങ്ങളും ബാധിച്ചു. കുട്ടികളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അവിടെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും രണ്ടു വര്‍ഷത്തോളം അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചു.

എന്നാല്‍ അവിടെ എത്തിയ കുട്ടികളില്‍ രക്ഷപ്പെടാനാവാത്തത് താന്യ മാത്രമായിരുന്നു. ഒരു തുള്ളി വെള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഓര്‍മ്മ പൂര്‍ണമായി നഷ്ടപ്പെട്ട്, ശരീരം മരുന്നുകളോട് പ്രതികരിക്കാനാവാതെ കടുത്ത ക്ഷയവും പനിയും ബാധിച്ച് ആ പെണ്‍കുട്ടി 1944 ജൂലൈ ഒന്നിന് ഈ ശപിക്കപ്പെട്ട ലോകത്തില്‍ നിന്നും വിടപറഞ്ഞു. ഷാത്‌കോവ്‌സ്‌കി സെമിത്തേരിയില്‍ അവളെ അടക്കം ചെയ്തു.

വിസ്മൃതിയില്‍

താന്യയ്ക്ക് എന്തു സംഭവിച്ചുവെന്ന് വളരെക്കാലം ആരും അന്വേഷിച്ചില്ല. ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ യുദ്ധത്തില്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള പ്രയത്‌നം സോവിയറ്റ് യൂണിയനില്‍ ആരംഭിച്ചു. പക്ഷേ, താന്യയുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന രേഖകള്‍ കണ്ടെത്താന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഷാത്കിയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും നിരന്തരമായി പ്രയത്‌നിച്ചതിന്റെ ഫലമായി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. 1921 മെയില്‍ താന്യയെ അടക്കം ചെയ്ത സ്ഥലത്ത് ഒരു ചെറിയ ഫലകം സ്ഥാപിച്ചു.

അവിടേക്കു നിരവധിപേര്‍ എത്തിത്തുടങ്ങി. (ആ കുഞ്ഞു മാലാഖ യുടെ ശവകുടീരത്തില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിക്കാന്‍.!) അതില്‍ ഉപരോധകാലത്ത് ലെനിന്‍ഗ്രാഡില്‍ ജീവിച്ചിരുന്നവരും ഉണ്ടായിരുന്നു.

ചരിത്രനിയോഗം

യുദ്ധത്തില്‍ മരിച്ചു എന്നു വിധിയെഴുതിയ താന്യയുടെ സഹോദരി നീന നിക്കോളായ് യുദ്ധശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരികയും കുടുംബാംഗങ്ങളുടെ മരണവിവരം അറിഞ്ഞതിനു ശേഷം അവശേഷിക്കുന്ന തന്റെ കുഞ്ഞനുജത്തിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും, അവസാനം അമ്മയുടെ മരണശേഷം താന്യ താമസിച്ച ജ്യൂസ് അമ്മായിയുടെ വീട്ടിലെത്തുകയും ചെയ്തു.

താന്യ കൂടെ കരുതിയിരുന്ന അമ്മയുടെ പെട്ടി അവിടെ വച്ച് അവള്‍ക്ക് ലഭിച്ചു. അതില്‍ അമ്മയുടെ മന്ത്രകോടിക്കൊപ്പം താന്യയുടെ പുസ്തകം അവള്‍ കണ്ടെടുത്തു. പുറം ലോകത്തെ അറിയിക്കാനുള്ള മരണ കണക്കുകള്‍ എഴുതിവച്ചിരുന്ന ആ നോട്ട് ബുക്ക് വീണ്ടും അവിടെവച്ച് തുറക്കപ്പെട്ടു. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഡയറി രാജ്യത്തിന് അവകാശപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞ നീന വീട്ടില്‍ നടന്ന മരണങ്ങളുടെ ദിവസവും സമയം കുറിച്ചെടുത്തു.

Memorial “Flower of Life”. Funeral mound “Diary of Tanya Savicheva

‘താന്യയുടെ ഡയറിക്കുറിപ്പുകള്‍’ ഒരുപാട് കോപ്പികളായി വിറ്റഴിക്കപ്പെട്ടു. പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അത് വായിക്കാത്ത ഒരു സോവിയറ്റ് പൗരനും അവശേഷിച്ചില്ല. 1981 മേയ് 31-ന് ഒരു മാര്‍ബിള്‍ ശിലയില്‍ താന്യയുടെ ഡയറിയിലെ പേജുകള്‍ ആലേഖനം ചെയ്ത ഒരു സ്മാരകം പണികഴിപ്പിച്ചു. താന്യ സാവിച്ചെവയ്ക്കും യുദ്ധത്തില്‍ മരിച്ച മറ്റു കുട്ടികള്‍ക്കുമായി ഷാത്കിയില്‍ വലിയൊരു സ്മാരകം പിന്നീട് ഉയര്‍ന്നു.

ആദരവിന്റെ നക്ഷത്രമുദ്രകള്‍

1971-ല്‍ സോവിയറ്റ് ജ്യോതിശാസ്ത്രജ്ഞ ലുദ്മിള ചെര്‍ണിക്ക് കണ്ടുപിടിച്ച ചെറിയ ഗ്രഹത്തിന് 2127 താന്യ എന്ന പേര് നല്‍കി രാജ്യം അവളെ ആദരിച്ചു. സൗരയൂഥത്തില്‍ താന്യയുടെ ഓര്‍മ്മയ്ക്കായി ഒരു ചെറിയ ഗ്രഹം പിറന്നു. മരിച്ചവര്‍ പിന്നീട് ആകാശത്ത് നക്ഷത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു എന്ന് കേട്ടിട്ടുണ്ട്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ചില ഗ്രഹങ്ങള്‍ നക്ഷത്രങ്ങളെ പോലെ തോന്നും. താന്യയുടെ ജീവിതം കേള്‍ക്കുമ്പോള്‍ നൈ രാശ്യത്തിന്റെയും നിസ്സഹായതയുടെയും ദൈന്യതയുടെയും മുഖമാണ് മനസ്സില്‍ വരുന്നതെങ്കിലും, കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടുണ്ട് ആ കുഞ്ഞിന്റെ എഴുത്തുകള്‍ക്ക്.! പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി പോലും കാതിലെത്താത്ത ഹൃദയശൂന്യരായ യുദ്ധക്കൊതിയന്മാരെ ദഹിപ്പിക്കാനുള്ള അഗ്‌നിയുടെ ചൂട്.

താന്യ,
ഈ കുറിപ്പിന്റെ അവസാനവരികള്‍ എഴുതുമ്പോള്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നിന്റെ ആത്മാവിന് ഞാന്‍ നിത്യശാന്തി നേരുന്നു. നിന്റെ ശാശ്വതകീര്‍ത്തിയ്ക്ക് കണ്ണുനീരിന്റെയും ദുഃഖത്തിന്റെയും ആവശ്യമില്ല. നിന്റെ വാങ്മയരേഖയും ഹ്രസ്വജീവിതവും നീ പിറന്നനാടിന്റെ ശ്വസനങ്ങളില്‍ സ്‌നേഹത്തിന്റെ നെടുവീര്‍പ്പുകളായി എന്നും അവശേഷിക്കും.!

***

One Reply to “മരണത്തിന്റെ കണക്കു പുസ്തകം”

  1. The cruel picture of the war is reflected in the real life of athania . Now we see almost the same situation in Palasine. About 20000 children are killed in the war.This is nothing but genocide.Now all the right thinking people come together and raise their voice against War and ensure everlasting Peace in the whole globe.

Your Email address will not be published.