Skip to main content

തെക്കെ ഇന്ത്യ തിളങ്ങുന്നതില്‍ ആര്‍ക്കാണ് വിഷമം?

ഭാരത വര്‍ഷത്തിലെ പ്രപഞ്ചരഹസ്യം അറിഞ്ഞ ഋഷീശ്വരന്മാര്‍ – അവര്‍ പാരിന്റെ അടിക്കല്ലറിഞ്ഞവരാണ്. പക്ഷെ അവര്‍ക്ക് സിന്ധു നദീതട സംസ്‌ക്കാരത്തെപ്പറ്റി ഒന്നും അറിഞ്ഞു കൂടായിരുന്നു. അത് കണ്ടെത്തി കൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ വേണ്ടി വന്നു.
ഇന്ത്യക്കാരുടെ കഥകളിലും പുരാണങ്ങളിലും വലിയ വലിയ ഭാരതീയ സംസ്‌ക്കാര സങ്കല്‍പ്പങ്ങളെ പറ്റിയൊക്കെ പറയുന്നുണ്ടെങ്കിലും അതിനുള്ള തെളിവ് വട്ടപ്പൂജ്യം ആയിരുന്നു.
കാരണം അതെല്ലാം സാഹിത്യമായിരുന്നു. മുടിഞ്ഞ ഭാവനകള്‍!

പിന്നീട് ആ ഭാവനകള്‍ക്ക് ആസ്പദമായ കാലം ശാസ്ത്രീയമായി പരിശോധിച്ചു നോക്കിയപ്പോള്‍ അതിനെല്ലാം 2600 വര്‍ഷത്തെ പഴക്കമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 4600 വര്‍ഷം പഴക്കമുള്ള ഒരു നാഗരികസംസ്‌കാരം നമുക്കുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തിയത് ബ്രിട്ടീഷുകാരായിരുന്നു.
നമ്മളെ അതിന്റെ പേരില്‍ അഭിമാനികളാക്കി മാറ്റിയതും അവര്‍ തന്നെ.
അവരായിരുന്നു ശരിക്കുള്ള ഋഷീശ്വരന്മാര്‍ – താടിയില്ല എന്ന കുറവേ ഉള്ളൂ.
ഏകദേശം 4600 കൊല്ലം മുമ്പാണ് സിന്ധു നദീതട നാഗരികസംസ്‌ക്കാരം തുടങ്ങിയത്. ഇന്നത്തെ ഇന്ത്യയില്‍ ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ് പഞ്ചാബ് എന്നീ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടന്നിരുന്ന ഒരു സംസ്‌ക്കാരം – ഇന്ത്യക്ക് പുറത്ത് ഹാരപ്പ, മോഹന്‍ജദാരോ, ചന്‍ഹുദാരോ, മെഹര്‍ഗഡ് എന്നിവങ്ങളിലും.

പക്ഷെ ഇതൊക്കെ മണ്ണില്‍ മൂടിക്കിടന്നു, ചിലയിടത്ത് അത് ഇഷ്ടികകളായും ചില മുദ്രകളായും പുറത്തേക്കും കാണാമായിരുന്നു. പക്ഷെ പുതിയ തലമുറകള്‍ക്ക് ഒന്നും മനസ്സിലായില്ല.
1856-ല്‍ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് റെയില്‍വേ പാത നിര്‍മ്മിക്കുന്ന സമയത്ത്, കുറെ പാവം തൊഴിലാളികള്‍ യജമാനന്മാരായ ബ്രിട്ടീഷുകാരോട് പറയാണ്,

”സാറന്മാരെ, ഇവിടെ ഹരിപ്പ എന്ന ഒരു ഗ്രാമപ്രദേശം മുഴുവന്‍ ചുട്ട ഇഷ്ടികകളുണ്ട്. നമുക്ക് ആ ഇഷ്ടികകള്‍ റെയില്‍വേ ട്രാക്കിന് കല്ലുകളായി ഉപയോഗിച്ചു കൂടെ?”

അങ്ങനെ കുറെ ചരിത്ര പ്രാധാന്യമുള്ള കല്ലുകള്‍ റയില്‍വേക്ക് പോയി. പ്രാചീന സ്മൃതികള്‍ ഉറങ്ങുന്ന പല പ്രദേശങ്ങള്‍ക്കും കാര്യമായ ഡാമേജും പറ്റി.

1) റെയില്‍വേ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ വഴിയാണ് കണ്ണിംഗ് ഹാം എന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയുന്നത്. ‘ അവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ” എന്നദ്ദേഹത്തിന് തോന്നി. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പവിടെ ജീവിച്ച മനുഷ്യര്‍ ഉണ്ടാക്കിയ ഒരു വലിയ സംസ്‌കാരമാണ് ആ ചുടുകട്ടകള്‍ സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയില്ല – കാരണം അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ ബുദ്ധമത കേന്ദ്രങ്ങളും അശോകന്റെ കാലത്തെ ലിഖിതങ്ങളും കണ്ടെത്തുന്നതിലായിരുന്നു.

Archaeological Survey of India

2 ) ‘കാണുന്നിടം മുഴുവന്‍ കുഴിച്ചു നോക്കണം” എന്ന പുള്ളീടെ വീക്ക്‌നസ്സ് ആണ് പിന്നീട് 1861 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ASI) എന്ന സ്ഥാപനമായി മാറിയത്.
പിന്നെയും 11 കൊല്ലം കഴിഞ്ഞാണ് പുള്ളി ഹാരപ്പന്‍ ഗ്രാമം സന്ദര്‍ശിക്കുന്നത്. പോയത് വെറുതെ ആയില്ല. പുള്ളി അവിടെ നിന്നും ഒരു മുദ്ര (seal) കണ്ടെത്തി. കൊമ്പില്ലാത്ത കാളയും മറ്റ് ചിലതും .
പിന്നീട് 1902-ല്‍ കണ്ണിംഗ് ഹാം മാറി സര്‍ ജോണ്‍ മാര്‍ഷല്‍ വന്നു. അതോടെ ഇന്ത്യയുടെ പ്രാചീനമായ ഗര്‍ഭത്തില്‍ നിന്നുമുള്ള സംസ്‌കാരത്തിന്റെ നിലവിളികള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങി.
ഹാരപ്പയിലും മൊഹെന്‍ജൊ-ദാരോയിലും അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
മാര്‍ഷലിന്റെ നിര്‍ദ്ദേശപ്രകാരം 1921-ല്‍ ദയാ റാം സാഹ്നി ഹാരപ്പയില്‍ വ്യവസ്ഥാപിതമായ ഖനനം ആരംഭിച്ചു. ഇന്നത്തെ പാക്കിസ്ഥാനില്‍ ജനിച്ച സാഹ്ന്‌നിയും മാര്‍ഷലും കൂടിയാണ് ഒരു പുരാതന നാഗരികത ഇന്ത്യക്കുണ്ടെന്ന് കണ്ടെത്തുന്നത്.

ഖനനത്തില്‍ ലഭിച്ച കൊമ്പില്ലാത്ത കാള

3) കമഴ്ന്നു വീണാല്‍ കാപ്പണം എന്ന് ആര്യബ്രാഹ്‌മണരുടെ സ്മൃതികളും ആഗമങ്ങളും പറയുന്നുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ ഒരു ആയത്ത് അവര്‍ ശിരസ്സാ വഹിക്കുന്നതു കൊണ്ടാകണം ബ്രാഹ്‌മണാദി ചരിത്രകാരന്മാര്‍ എവിടെ ചെന്ന് വീണാലും എന്തെങ്കിലും കപ്പിയെടുക്കും. സിന്ധു നദീതട സംസ്‌ക്കാരത്തെപറ്റി ബ്രിട്ടീഷുകാരില്‍ നിന്നും അറിഞ്ഞ ബ്രാഹ്‌മണ ചരിത്രകാരന്മാര്‍ ആ അറിവ് കപ്പിയെടുത്ത് അതും കൂടി അവരുടെ അക്കൗണ്ടില്‍ ചേര്‍ത്ത് ”ഒക്കെ ഞമ്മളന്നെ” എന്നവകാശപ്പെട്ടു. എന്നാല്‍ ജനിതക ശാസ്ത്രവും ഭാഷാശാസ്ത്രവും പുരാവസ്തു നരവംശശാസ്ത്രവും തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത് ”ഒക്കെ ഞമ്മളല്ല” എന്നാണ്. ബ്രാഹ്‌മണരില്ല, അവരുടെ യാഗങ്ങളില്ല, ജാതിവ്യവസ്ഥയില്ല, വലിയ രാജാക്കന്മാരില്ല എന്നാല്‍ കൃഷിയറിയാവുന്ന മനുഷ്യരായിരുന്നു സിന്ധു നദീതട സംസ്‌ക്കാരങ്ങളിലെ മനുഷ്യര്‍.
പക്ഷെ അതൊന്നും ബ്രാഹ്‌മണാദികള്‍ക്ക് പ്രശ്‌നമല്ല. ഹാരപ്പനെ അവരങ്ങ് വിഴുങ്ങി, എന്നിട്ട് വീണ്ടും പറഞ്ഞു ”ഒക്കെ ഞമ്മളന്നെ”.

സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്ന മേഖല

4) സത്യത്തില്‍ എന്താണ് ഇന്ത്യയുടെ ചരിത്രം ?
പ്രധാനമായും സിന്ധു നദീതട സംസ്‌കാരം തന്നെ. അത് 4600 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങി 3900 വര്‍ഷം മുമ്പ് വരെ നിലനിന്നു (2600-1900 BCE). നാഗരികതയായിരുന്നു ഈ സംസ്‌കാരത്തിന്റെ പ്രത്യേകത.
സംസ്‌ക്കാരവും നാഗരികതയും ഒന്നല്ല രണ്ടാണ്. ഒന്ന് കള്‍ച്ചറാണ്, മറ്റൊന്ന് സിവിലൈസേഷനാണ്.
ഒരു സമൂഹത്തിന്റെ ആഹാരരീതി, വസ്ത്രധാരണരീതി, ആഹാര സമ്പാദന രീതി , ആചാരങ്ങളുടെ രീതി – ഇതെല്ലാം ചേര്‍ന്നാല്‍ ആ സമൂഹത്തിന്റെ സംസ്‌കാരമായി. എന്നാല്‍ നാഗരികത എന്നു പറയുമ്പോള്‍ കളി മാറി. അതിന് സ്ഥിരതാമസം വേണ്ടിവരുന്നു. കച്ചവടം വേണ്ടിവരുന്നു. അക്ഷരമാലയും ഭാഷയും ഭാഷ പ്രയോഗങ്ങളും വേണ്ടിവരുന്നു. ഒരു ഭരണകൂട സംവിധാനം വേണ്ടിവരുന്നു. കച്ചവടത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു അധികാര കേന്ദ്രം വേണ്ടിവരുന്നു. ഒരു ദര്‍ശനം കൂടി വേണ്ടിവരുന്നു. ഇതെല്ലാം കൂടി ചേര്‍ന്നാലേ നാഗരികത ആകൂ.

പ്രാചീന ഇന്ത്യയില്‍ 4600 വര്‍ഷം മുമ്പ് മുതല്‍ 3900 വര്‍ഷം മുമ്പ് വരെ അതുണ്ടായിരുന്നു.
എന്നാല്‍ വരള്‍ച്ച മൂലം ആ നാഗരികത ക്ഷയിച്ചു. പിന്നീട് ഒരു 400 വര്‍ഷത്തോളം ഗ്രാമീണ ജീവിതം ആയിരുന്നു. നഗരങ്ങള്‍ ഇല്ല . ആളുകള്‍ പലയിടത്തേക്കായി ചിതറിപ്പോയതിന്റെ ഇഫക്ട്.
വീണ്ടും ഒരു ചരിത്രം തുടങ്ങുന്നത് 3500 വര്‍ഷം മുമ്പാണ്. (1500 BC )

സ്റ്റപ്പി ആര്യന്മാരുടെ വരവ്. വേദങ്ങള്‍ ആണ് അതിന്റെ തെളിവ്. ആട്, കുതിര, പശു എന്നിവയെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്ത കാലഘട്ടം. തദ്ദേശീയ ജനതയുമായുള്ള കലരല്‍ – പക്ഷെ നഗരങ്ങളും നാഗരികതയും ഇല്ല. വേദകാലം എന്നറിയപ്പെട്ട ഈ കാലം 500 വര്‍ഷം തുടര്‍ന്നു. 3000 വര്‍ഷം മുമ്പ് ഇരുമ്പ് കണ്ടെത്തിയപ്പോള്‍ അത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് അവര്‍ കൃഷി മെച്ചപ്പെടുത്തി. പിന്നീട് ഒരു 400 വര്‍ഷം കൂടി അങ്ങനെ പോയി. എന്നിട്ടും നാഗരികത കാണാനില്ല. അത് പ്രതൃക്ഷപ്പെടുന്നത് 2600 വര്‍ഷം മുമ്പാണ് – മഗധ , കോസല തുടങ്ങിയ മഹാജന പദങ്ങള്‍ രൂപപ്പെടുന്ന കാലത്ത്. അപ്പോള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ നാഗരികതക്ക് 1300 വര്‍ഷത്തിന്റെ ഒരു ഗ്യാപ്പുണ്ട് എന്ന് വേണമെങ്കില്‍ പറയാം.

വടക്കേ ഇന്ത്യയുടെ നാഗരികത അപ്രകാരം 2600 വര്‍ഷം മുമ്പാരംഭിച്ചു. എന്നാല്‍ ദക്ഷിണേന്ത്യ അന്നും അന്ധകാരത്തില്‍ കിടന്നു. വീണ്ടും 300 വര്‍ഷം കഴിഞ്ഞ് 2300 വര്‍ഷം മുമ്പാണ് ദക്ഷിണേന്ത്യയില്‍ സംഘകാലം ആരംഭിക്കുന്നത് എന്നായിരുന്നു പത്തു കൊല്ലം മുമ്പ് വരെയുള്ള ധാരണ. വടക്കേ ഇന്ത്യക്കാര്‍ക്ക് നാഗരിക സംസ്‌കാരത്തില്‍ തെക്കേ ഇന്ത്യക്കാരെക്കാള്‍ മേന്മ ഉണ്ട് എന്ന് അങ്ങനെ വിശ്വസിക്കപ്പെട്ടു.

മധുരയിലെ വൈഗ നദിക്കരയിലെ ഖനന പ്രദേശം

5) പത്തുകൊല്ലം മുമ്പ് ഈ ധാരണ പൊളിയുന്ന കണ്ടെത്തലുകള്‍ ഉണ്ടായി.
തമിഴ്‌നാട്ടിലെ മധുരക്കടുത്തുള്ള വൈഗൈ നദിക്കരയില്‍ ആര്‍ക്കിയോളജിക്കാര്‍ 2015 മുതല്‍ കുഴിക്കാന്‍ തുടങ്ങി. കുഴിച്ച് കുഴിച്ച് മുന്നേറിയപ്പോള്‍ 7,500 പുരാവസ്തുക്കള്‍ കണ്ടെത്തി. ആ പുരാവസ്തുക്കളില്‍ വികസിതവും സാക്ഷരവുമായ നാഗരിക സമൂഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കപ്പെട്ടു.

അമര്‍നാഥ് രാമകൃഷ്ണ (മധുരയിലെ വൈഗ നദിക്കരയിലെ ഖനനത്തിന് നേതൃത്വം കൊടുത്തയാള്‍)

അമര്‍നാഥ് രാമകൃഷ്ണ എന്ന പുരാവസ്തു ശാസ്ത്രജ്ഞനാണ് അവിടം കുഴിക്കാന്‍ നേതൃത്വം നല്‍കിയത്. അദ്ദേഹവും ആദ്യം കരുതിയത് സംഘകാലത്തെ സംസ്‌കാരം ആയിരിക്കും അതെന്നാണ്. അതായത് 2300 കൊല്ലം മുമ്പ് മുതല്‍ 1700 കൊല്ലം വരെയുള്ള കാലത്ത് നിലനിന്ന ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമായിരിക്കണം ഇത് എന്നദ്ദേഹം കരുതി. എന്നാല്‍ ഇത് അതല്ല, അതിനേക്കാള്‍ പഴക്കമുള്ള ഒന്നാണ് എന്നുള്ള ഊഹാപോഹങ്ങള്‍ പരന്നു. 2017 ല്‍ പൊടുന്നനെ അമര്‍നാഥിനെ മോദിസര്‍ക്കാര്‍ ഈ പ്രോജക്ടില്‍ നിന്നും മാറ്റി ഗോഹട്ടിയിലേക്ക് വിട്ടു. അതോടെ കുഴിക്കലൊക്കെ നിന്നു. 2018 വരെ യാതൊരു പ്രവര്‍ത്തനവുമില്ല. ഇതില്‍ ഏറ്റവും അത്ഭുതകരമായി തോന്നിയത് ഇന്ത്യയിലെ പുരാവസ്തു വകുപ്പിന്റെ നിലപാടാണ്.

അവര്‍ തീര്‍ത്തും പറഞ്ഞു ”ഇനിയൊരു കുഴിക്കല്‍ വേണ്ട” പക്ഷേ സൗത്തിന്, പ്രത്യേകിച്ചും തമിഴര്‍ക്ക് ഒരു സ്വത്വബോധമുണ്ട്. അവരങ്ങനെ വിട്ടുകൊടുക്കില്ല. അവര്‍ മദ്രാസ് ഹൈക്കോര്‍ട്ടില്‍ പോയി. കോടതി കുഴിക്കലിന്റെ ചുമതല Tamil Nadu State Department of Archaeology (TNSDA) ക്ക് കൊടുത്തു. അവര്‍ 18000 പുരാവസ്തുക്കള്‍ കുഴിച്ചെടുത്തു. അവര്‍ അതില്‍ നിന്നും ചില സാമ്പിളുകള്‍ വിദേശ-ദേശീയ ലബോറട്ടറികളിലേക്ക് അയച്ചു. യുഎസ്‌ഐ യിലെ ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയില്‍ കീഴാടിയില്‍ നിന്ന് കിട്ടിയ കരിഞ്ഞുണങ്ങിയ നെല്‍മണികള്‍ പരിശോധിച്ചപ്പോള്‍ അതിനെല്ലാം 2580 വര്‍ഷം പഴക്കമുണ്ട് എന്ന് സ്ഥിരീകരിച്ചു. അലഹബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബുകാര്‍ മണ്‍പാത്രങ്ങള്‍ പോലുള്ള പുരാവസ്തുക്കളുടെ പ്രായം നിര്‍ണ്ണയിയിച്ചു. തെര്‍മോലൂമിനസെന്‍സ് (TL) ഡേറ്റിംഗ് വഴി അവര്‍ കണ്ടെത്തിയത് 2580 വര്‍ഷത്തെ പഴക്കമാണ്.

എല്ലാ തരം പഠനങ്ങളും കീലാടിയിലെ സെറ്റില്‍മെന്റുകളുടെ പ്രായം 2600 വര്‍ഷം മുമ്പത്തേക്ക് ഉറപ്പിച്ചു. അതായത് മഹാജന പദങ്ങള്‍ എന്ന നാഗരികത തുടങ്ങുന്ന കാലത്ത് തന്നെ സൗത്ത് ഇന്ത്യയിലും നാഗരികത ഉണ്ടായിരുന്നു. ആരും പിന്നിലല്ല. 2021 ല്‍ അമര്‍നാഥ് രാമകൃഷ്ണന്‍ ചെന്നൈയിലേക്ക് തിരിച്ചെത്തി. -ആര്‍ക്കിയോളജക്കല്‍ സൂപ്രണ്ടായി. വിദേശത്തു നിന്നും സ്വദേശത്തുനിന്നും ഉള്ള പരിശോധനകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം 2023 ല്‍ കീലാടിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി സബ്മിറ്റ് ചെയ്തു. എന്നാല്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് അതംഗീകരിച്ചില്ല, റിപ്പോര്‍ട്ട് തിരുത്തി തരാന്‍ അമര്‍നാഥനോട് അവര്‍ ആവശ്യപ്പെട്ടു. അമര്‍നാഥ് എന്തിന് തിരുത്തണം?
അദ്ദേഹം കീലാടിയുടെ പഴക്കം കണ്ടെത്തിയത് കണ്ണടച്ച് ധ്യാനിച്ചിട്ടല്ല. മറിച്ച് ഗവേഷണത്തിലെ രീതിശാസ്ത്ര കര്‍ശനതയിലൂടെ , ഓരോ പാളികളെയും ക്രമമായി വേര്‍തിരിച്ചുള്ള പഠനത്തിലൂടെ, ഭൗതിക സാംസ്‌ക്കാരിക വിശകലനത്തിലൂടെ, ആക്‌സിലറേറ്റര്‍ മാസ്സ് സ്‌പെക്ട്രോമെട്രി ഡേറ്റിങ്ങിലൂടെ നിശ്ചയിച്ച പഴക്കമാണ് – ആ പഴക്കം കുറയ്ക്കണം എന്ന നോര്‍ത്ത് ഇന്ത്യന്‍ ലോബികളുടെ ആവശ്യം അമര്‍നാഥിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.

എന്താണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്ന ASI യിലെ ഏമാന്മാരുടെ പ്രശ്‌നം?

ഒറ്റ വാചകത്തില്‍ പറയാം ”തെക്കേ ഇന്ത്യയിലെ കറുത്തവന് ആര്യന്മാര്‍ ഉണ്ടാക്കിയതിനേക്കാള്‍ മികച്ച സംസ്‌കാരം ഉണ്ടാക്കാന്‍ കഴിയില്ല. അവര്‍ ആഗ്രഹിക്കുന്നത് രാജസ്ഥാനിലും ഗുജറാത്തിലും പോയി കുഴിക്കാനാണ്. അവര്‍ക്ക് വേദങ്ങളില്‍ പറയുന്ന സരസ്വതി നദിയെ കണ്ടെത്തണം. പള്ളികളുടെ അടിയില്‍ അമ്പലമുണ്ടായിരുന്നോ എന്ന് നോക്കണം. ASI യുടെ ഏറ്റവും വലിയ പോരായ്മ അന്താരാഷ്ട്ര നിലവാരമില്ല എന്നതാണ്. അങ്ങനെ ഒരു നിലവാരം ഇന്‍സ്റ്റിറ്റിയൂഷന് ഉണ്ടാകണമെന്ന് അവര്‍ക്കാഗ്രഹവുമില്ല. അവര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ അവര്‍ അവരുടെ ബുള്ളറ്റിനില്‍ മാത്രം പ്രസിദ്ധീകരിക്കുന്നു, അവര്‍ തന്നെ കയ്യടിക്കുന്നു. അവര്‍ക്ക് ആഭ്യന്തര അവലോകനം മതി. അത് ലോകം അംഗീകരിക്കണം. എന്നാല്‍ ലോകത്ത് മര്യാദയ്ക്ക് പ്രവര്‍ത്തിക്കുന്ന പുരാവസ്തു വകുപ്പുകള്‍ ഉണ്ട്. ജര്‍മ്മനിയിലെ ഡ്യൂഷെസ് ആര്‍ക്കിയോളജിഷെസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ ഡി റെഷെര്‍ഷെസ് ആര്‍ക്കിയോളജിക് പ്രിവന്റീവ്‌സ്, ജപ്പാനിലെ ഏജന്‍സി ഫോര്‍ കള്‍ച്ചറല്‍ അഫയേഴ്സ് തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ –
അവരൊക്കെ ചെയ്യുന്നത് നോര്‍ത്ത് ഇന്ത്യന്‍സ് ചെയ്യുന്നതിന് നേരെ വിപരീതമാണ്.
അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അക്കാദമിക് പ്ലാറ്റ്ഫോമുകളില്‍ പതിവായി പ്രസിദ്ധീകരിക്കുന്നു.

ചരിത്ര വിഭാഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അക്കാദമിക്കുകള്‍ ഈ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യുന്നു. അപ്പോള്‍ അതിനൊരു ശാസ്ത്രീയത വരുന്നു. സുതാര്യത വരുന്നു. രീതിശാസ്ത്രപരമായ ഒരു ഉത്തരവാദിത്തമുണ്ടാകുന്നു, കൃത്യതയുണ്ടാകുന്നു. അതേ സമയം ഒരു നോര്‍ത്തിന്ത്യന്‍ പുരാവസ്തുശാസ്ത്രജ്ഞര്‍ രാജസ്ഥാനിലെ ബഹ്ജ് വില്ലേജില്‍ പോയി കുഴിക്കുന്നു. 23 മീറ്റര്‍ അടിയിലേക്ക് പോയപ്പോള്‍ ഒരു കനാല് പോലെ എന്തോ കാണുന്നു. പൊടുന്നനെ വേദങ്ങളിലെ സരസ്വതി നദിയെ ഓര്‍മ്മ വരുന്നു. തുടര്‍ന്ന് മഹാഭാരത കാലത്തിലെ മനുഷ്യരുമായി ഈ കനാലിനെ ബന്ധിപ്പിക്കുന്നു. ആ റിപ്പോര്‍ട്ട് ASI യുടെ ഇന്റേണല്‍ ആയ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നു.
കയ്യില്‍ ചരട് കെട്ടി നെറ്റിയില്‍ നീണ്ട കുറി വരച്ചു വരുന്ന ശാസ്ത്രജ്ഞര്‍ അത് വായിച്ചു കയ്യടിച്ചു പാസാക്കുന്നു. എന്തൊരു ലോകമാണിത്. മാര്‍ഷലിനെ പോലെയും ദയാറാം സാഹ്നിയെ പോലെയുമുള്ള മഹാരഥന്മാര്‍ ഇരുന്നിരുന്ന കസേരകളില്‍ എന്തൊരു വക പൊട്ടന്മാരാണ് കേറി കുത്തിയിരിക്കുന്നത് ? കേഴുക പ്രിയ നാടെ എന്നല്ലാതെ എന്ത് പറയാന്‍.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “തെക്കെ ഇന്ത്യ തിളങ്ങുന്നതില്‍ ആര്‍ക്കാണ് വിഷമം?”

Your Email address will not be published.