Skip to main content

ഇരുവർ എന്ന മോഹൻലാൽ-പിണറായി അന്തിക്കാടൻ പടം

മലയാളത്തിലെ സിനിമയിലും പുറത്തും താരനിര്‍മ്മിതിക്ക് ചില പ്രത്യേക രീതികള്‍ ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴില്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ എന്ന സിനിമയിലൂടെ ആണ് മോഹന്‍ലാല്‍ എന്ന നടന്റെ ഒരു താരനിര്‍മ്മിതിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. നരസിംഹം എന്ന സിനിമയിലൂടെ അത് കള്‍ട്ട് സ്റ്റാറ്റസിലേക്ക് വളരുകയും ചെയ്തു. ആ സിനിമയിലെ മോഹന്‍ലാലിന്റെ വെള്ളത്തില്‍ നിന്ന് പൊങ്ങിവരുന്ന സീന്‍ എന്നത് കേരള സമൂഹത്തിലെ സിനിമയിലും പുറത്തും താരനിര്‍മ്മിതിയുടെ രീതികള്‍ക്ക് വലിയ ഉദാഹരണമാണ്. മോഹന്‍ലാലിന്റെ ശിങ്കിടികള്‍ ആ സിനിമയില്‍ പറയുകയാണ്: ”ദാ… കാണ്…. അവതാരപ്പിറവികളുടെ രൗദ്ര ഭാവങ്ങളുമായി… നരസിംഹം വരുന്നു…” എന്നൊക്കെ പറഞ്ഞാണ് കൊണയടി.

Pinarayi Vijayan makes unflinching confession to Mohanlal: 'My only fear is the party, not accusations

ഈ കൊണയടി പിന്നീട് അങ്ങോട്ട് വര്‍ഷങ്ങളോളം തുടര്‍ന്നുകൊണ്ടേ ഇരുന്നു. അത് മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള താരങ്ങള്‍ അവരുടെ സിനിമകളില്‍ സ്ഥിരം ഉപയോഗിക്കുകയും ചെയ്തു. തങ്ങളെ പുകഴ്ത്താനുള്ള കുറെ കഥാപാത്രങ്ങളെ ആള്‍റെഡി സെറ്റ് ചെയ്ത് വെച്ചിരിക്കും. അത് വെച്ച് അങ്ങ് തള്ളി മറിക്കുകയാണ് പരിപാടി. ഈ കഥാപാത്രങ്ങളില്‍ മുഴുവനും ദളിത് മുസ്ലിം അപര ജീവിതങ്ങള്‍ക്ക് എതിരെ നിലനിന്നിരുന്നതുമാണ് എന്നത് വേറെ കാര്യം. അതാണ് സരോജ് കുമാര്‍ എന്ന സിനിമയില്‍ സലിം കുമാര്‍ ഒരു ഡയലോഗ് പറയുന്നത്: ”സരോജിനെ ഇടവും വലവും നിന്ന് ആവോളം പുകഴ്ത്തണം, വേറെ ആളെ നോക്ക് മാഷേ…” എന്ന്.

പുതിയ തലമുറ സിനിമാക്കാര്‍ വ്യാപകമായതോടെ ഈ തരംഗം പിന്നെ അവസാനിച്ചു. പക്ഷേ നൂറുകണക്കിന് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ സിനിമക്ക് പുറത്ത് മീഡിയകളില്‍ പരിവാരങ്ങള്‍ ഈ കൊണയടി വീണ്ടും തുടങ്ങി. മോഹന്‍ലാലിന്റെ വിരലുകളുടെ അഭിനയം, മമ്മൂട്ടി എന്ന കര്‍ക്കശ്യക്കാരന്റെ പിന്നിലെ നൈര്‍മല്യം എന്നതിനെ കുറിച്ച് സിനിമ പരിവാരങ്ങളും മുഴുവന്‍ അഭിമുഖങ്ങള്‍ കൊടുത്ത് തകര്‍ത്തു. പഴയ ഫ്യൂഡല്‍ തമ്പുരാന്മാരെ വിദൂഷകന്മാര്‍ പുകഴ്ത്തുന്നതിലും ജുഗുപ്‌സാവഹമായി നടന്ന ഈ പുകഴ്ത്തലുകള്‍ക്ക് കേരളം സാക്ഷിയായി. ജനാധിപത്യ കേരളത്തിലെ ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ താരശരീരങ്ങള്‍ ഇല്ലാതെ പറ്റില്ല എന്നായി.

മലയാള സിനിമയില്‍ അടുത്ത കാലത്ത് കണ്ട ഒരു പരിപാടിയാണ് വിന്റേജ് ലാലേട്ടന്‍. വിന്റേജ് ലാലേട്ടനെ തിരിച്ചു തരൂ എന്ന കരച്ചിലായിരുന്നു കേരള സമൂഹത്തില്‍. ഈയിടെ വിന്റേജ് ജയറാമേട്ടന്‍ എന്ന വേറെ കരച്ചിലുകളും ഉണ്ടായിരുന്നു. മലയാള സിനിമയുടെ ഗ്രാമര്‍ പുതിയ തലമുറ സിനിമാക്കാര്‍ പൊളിച്ചെഴുത്തുമ്പോഴാണ് ഈ കരച്ചില്‍. ഈയിടെ ഒരു പുരോഗമന വിപ്ലവ നാടക കലാകാരന്‍ വ്യക്തിപരമായി എന്നോട് പറഞ്ഞതാണ്: എം.ടി.യുടെ സിനിമ ഒക്കെ ആണ് പാഠം; ഇപ്പോഴത്തേത് വെറും കഞ്ചാവ്.

 

ഇതേ രീതിയില്‍ ഉള്ള ഒരു താരസ്വരൂപ രൂപീകരണമാണ് കേരളസമൂഹത്തില്‍ പിണറായി വിജയന്റേതായി നടന്നത്. ഇരട്ട ചെങ്കന്‍, ക്യാപ്റ്റന്‍ തുടങ്ങിയ വിശേഷങ്ങളോടെ കേരള സമൂഹത്തില്‍ രാഷ്ട്രീയത്തില്‍ ഒരു താര പരിവേഷം രൂപപ്പെടുത്തി. മോഹന്‍ലാലിന്റെ വിരലുകളുടെ അഭിനയത്തെ കുറിച്ച് പറഞ്ഞത് പോലെ ”ഈ കപ്പലിനൊരു ക്യാപ്റ്റന്‍ ഉണ്ടായിരുന്നു സാര്‍” എന്ന രീതിയിലുള്ള താര നിര്‍മ്മിത വാഴ്ത്തും പാട്ടുകള്‍ ഉണ്ടായി.

കണ്ടും മിണ്ടിയും ഇരുവർ - Deshabhimani

ഇതിന്റെ ഒക്കെ അപ്പുറം പിണറായി വിജയനെ ഫ്രെയിം ചെയ്തിരിക്കുന്നത് സന്യാസത്തിലേക്കാണ്. ഒന്നും ആഗ്രഹിക്കാത്ത നിസ്വാര്‍ത്ഥി എന്ന രീതിയിലാണ് പ്രൊജക്ഷന്‍. ഇത് തന്നെയാണ് അങ്ങ് കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെയും കൊണ്ട് പ്രോജക്ട് ചെയ്യുന്നത്. ബാല്യം, കുടുംബം, രാജഗുണം, ഭരണം, സന്യാസം എന്ന കൃത്യമായ കേരളത്തിലും ഇന്ത്യയിലെയും പൊതുബോധത്തില്‍ ചിലവാകുന്ന ഒരു ഭാഷയില്‍ കുക്ക് ചെയ്ത അവിയല്‍ ആണ് ഈ അഭിമുഖം എന്ന് മനസ്സിലാക്കാന്‍ വലിയ റിസര്‍ച്ച് ഒന്നും വേണ്ട. ഇത് മോഹന്‍ലാല്‍ എന്ന താരം ഒരു രീതിയില്‍ നിര്‍മ്മിച്ച കേരളം സമൂഹത്തില്‍ അതേ പാറ്റേണില്‍ പിണറായി വിജയന്‍ എന്ന മറ്റൊരു താരശരീരം നിര്‍മ്മിക്കാനുള്ള പ്രക്രിയ ആണെന്ന് കൃത്യമായി മനസ്സിലാകും. പക്ഷേ മാറിവരുന്ന ആല്‍ഫാ ജനറേഷനിലേക്ക് ഈ ഉടായിപ്പൊന്നും ചിലവാകില്ല എന്നതാണ് ഇതിന്റെ ഒരു കാര്യം. പിള്ളേര്‍ക്കിത് ഒന്നും ശ്രദ്ധിക്കാനല്ലാതെ വേറെ പണി ഉണ്ടെന്നതാണ്.

ഇങ്ങനെ വാഴ്ത്തും പാട്ടുകളുടെ നിര്‍മ്മിക്കപ്പെട്ട രണ്ടു താരശരീരങ്ങളുടെ പുറം ചൊറിയല്‍ മാത്രമാണ് ഇന്നലെ നടന്ന മോഹന്‍ലാല്‍-പിണറായി പി.ആര്‍. ഇന്റര്‍വ്യൂ. വാഴ്ത്തും പാട്ടുകളിലൂടെ ഉയര്‍ന്നു വന്ന രണ്ടു താരങ്ങള്‍ പരസ്പരം പുറം ചൊരിയുന്ന പാടുന്ന കോമഡി. കേരള സമൂഹത്തിലെ ‘അമ്മ പാസം, ബാല്യകാല സ്മരണകള്‍, ഇമോഷണല്‍ സംഗതികള്‍, കുടുംബം, സൗഹൃദം, നായകത്തം’ ഒക്കെ ചേര്‍ത്ത് വെച്ച ഒരു സത്യന്‍ അന്തിക്കാട് സിനിമ. അല്ലാതെ കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട. കേരള സമൂഹത്തില്‍ ചിലവാക്കാന്‍ പറ്റിയ ഉരുപ്പടി. ഇത് പിണറായി മാത്രമല്ല ചെയ്യുന്നത്. അപ്പുറത്ത് രാഹുല്‍ ഗാന്ധി കേരളത്തിലിറങ്ങി കുടിച്ച ചായയുടെയും തിന്ന ഇഡിലിയുടെയും കണക്കെടുപ്പ് അപ്പുറവും നടക്കുന്നുണ്ട്. അതുപോലെ തന്നെ അശ്ലീലമാണ് കെ.സി. വേണുഗോപാലിന്റെ കപ്പയും ചമ്മന്തിയും പട്ടി ഷോ.

പുതിയ ഒരു തലമുറയുടെ കാലത്ത് കുടുംബം, റിലേഷന്‍ഷിപ്പ്, ജീവിതരീതികള്‍, ഇമോഷനുകള്‍ തുടങ്ങിയവയില്‍ വലിയ അട്ടിമറി നടക്കുന്ന പതിനെട്ടു വയസ്സ് കഴിഞ്ഞ വോട്ടവകാശമുള്ള തലമുറയുടെ മുന്നിലേക്കാണ് ഈ സത്യന്‍ അന്തിക്കാട് കുടുംബ സിനിമയുമായി ഒരു പിണറായി – മോഹന്‍ലാല്‍ അഭിമുഖം എന്ന പേരില്‍ വരുന്നത് എന്നത് ഇജ്ജാതി ദാരിദ്ര്യമാണ്. ഈ ഇന്റര്‍വ്യൂ ഫ്രെയിം ചെയ്യുമ്പോള്‍ ആ ഷോട്ടിലെ ഒരു നൂറ്റാണ്ടു മുമ്പത്തെ അശ്ലീലതയുടെ സിംബല്‍ ആയ കഥകളിയുടെ പ്രതിമ എങ്കിലും മാറ്റാമായിരുന്നു. ഒരേ സമയം പുരോഗമന നവോത്ഥാനം ഇടതു പക്ഷം എന്നൊക്കെ പറയുകയും ഫ്രെയിമില്‍ കഥകളിയും ഉല്‍സവത്തിന് എഴുന്നള്ളിക്കുന്ന ആനയെയും കാണിച്ചു ഒരു നൂറ്റാണ്ട് മുന്നിലേയ്ക്ക് കൊണ്ട് പോവുകയും ചെയ്യും.

ഷാജി പാപ്പന്‍ ചോദിച്ച പോലെ, എങ്ങനെ സാധിക്കുന്നെടാ ഊവേ, ഇമ്മാതിരി സത്യന്‍ അന്തിക്കാട് സിനിമ ഒക്കെ വീണ്ടും പടച്ചുവിട്ടു ഇങ്ങനെ വെറുപ്പിക്കാന്‍?

One Reply to “ഇരുവർ എന്ന മോഹൻലാൽ-പിണറായി അന്തിക്കാടൻ പടം”

  1. സുഭാഷ് പോണോളി....,

    സന്യാസി/നിസ്വാർത്ഥൻ/കേരളം കാണണം,കേൾക്കണം കുവേ…..

Your Email address will not be published.