Skip to main content

പേരിന്റെ വേരുകള്‍ തിരയുന്ന എഴുത്ത്

1990കള്‍ മുതല്‍ മലയാള കവിതയില്‍ ഭാവുകത്വപരമായ ഉണര്‍വുകള്‍ സൃഷ്ടിക്കുകയും ശൈലീബന്ധനങ്ങളുടെ തടവില്‍ പെടാതിരിക്കുകയും പാരമ്പര്യത്തിന്റെയും നവീനതയുടെയും വരുംകാലത്തിന്റെയും സ്പന്ദനമറിഞ്ഞുള്ള വിചിത്രപരീക്ഷണങ്ങള്‍ കാവ്യാത്മകമായി ആവിഷ്‌കരിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് എം.എസ് ബനേഷ്. 35 വര്‍ഷങ്ങള്‍ നീണ്ട കാവ്യജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കവിയും നോവലിസ്റ്റുമായ എം.എസ്. ബനേഷുമായി സജീവ് സി വാര്യര്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിന്റെ ആദ്യഭാഗം.

എങ്ങനെയാണ് മലയാള സാഹിത്യത്തിലേക്കുള്ള കടന്നുവരവ് സംഭവിച്ചത്?

മലയാള സാഹിത്യത്തിലേക്ക് ഞാനങ്ങനെ സവിശേഷമായി, ആഘോഷമായി കടന്നുവന്നിട്ടൊന്നുമില്ല. ഈ പറഞ്ഞ ‘വരവ്’ മലയാള കവിതയില്‍ ചരിത്രപരമോ ഭാവുകത്വപരമോ ആയ എന്തെങ്കിലും ഉന്മേഷമുണ്ടാക്കിയിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണ്. ഏറ്റവും സമീപവും സൂക്ഷ്മവുമായ ജീവിതാനുഭവങ്ങളെയും മറ്റാരും സമീപിച്ചിട്ടില്ലാത്ത വിദൂരനിമിഷങ്ങളെയും വിചിത്രമായ രീതിയില്‍ കവിതയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 19 വയസ്സുമുതല്‍ ലിറ്റില്‍ മാഗസിനുകളിലും മാതൃഭൂമി, ഭാഷാപോഷിണി, കലാകൗമുദി, മാധ്യമം, മലയാളം, പച്ചക്കുതിര തുടങ്ങിയ ആനുകാലികങ്ങളിലും എഴുതുന്നു. അക്കാലം മുതല്‍ വിളിച്ചിട്ടുള്ള കവിയരങ്ങുകളിലൊക്കെ പങ്കെടുത്തു. 2007ല്‍ നെഞ്ചുംവിരിച്ച് തലകുനിക്കുന്നു, 2011ല്‍ കാത്തുശിക്ഷിക്കണേ, 2017ല്‍ നല്ലയിനം പുലയ അച്ചാറുകള്‍, 2023ല്‍ പേരക്കാവടി എന്നീ കവിതാസമാഹാരങ്ങളും അതേവര്‍ഷം ജലഭരദിനരാത്രങ്ങള്‍ എന്ന നോവലും 2025ല്‍ പ്രേമലേപനം എന്ന നോവലും ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ഒരു തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലും രണ്ടുതവണ കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിലും കവിത വായിക്കാന്‍ വിളിച്ചു. കവിതയ്ക്കുള്ള അയനം – എ. അയ്യപ്പന്‍ കവിതാപുരസ്‌കാരവും പൂര്‍ണ ആര്‍. രാമചന്ദ്രന്‍ പുരസ്‌കാരവും ലഭിച്ചു. ആത്മഹത്യ ചെയ്ത പ്രിയകവി ജിനേഷ് മടപ്പള്ളിയുടെ പേരിലുള്ള കാവ്യപുരസ്‌കാരവും ലഭിച്ചു. രണ്ടു കവിതകള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും കോഴിക്കോട് സര്‍വകലാശാലയിലെ എംഎ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ സിലബസിലുണ്ട്. ഇക്കാര്യങ്ങള്‍ കൊണ്ടുമാത്രം മലയാള സാഹിത്യത്തിലേക്ക് ഞാന്‍ അങ്ങനെ കടന്നുവന്നു എന്ന് കരുതുന്നില്ല. ഇവയ്‌ക്കെല്ലാമപ്പുറമുള്ള വായനക്കാരുടെ താളുകളാണ് അത് നിശ്ചയിക്കേണ്ടത്.

1990കള്‍ മുതല്‍ക്കുള്ള കവിയാണല്ലോ താങ്കള്‍. കടന്നുവരവിനേക്കാള്‍ ഉപരിയായി കവിത മുളപൊട്ടുന്നതായി തിരിച്ചറിഞ്ഞത് ഏത് പ്രായത്തിലാണ്? സങ്കല്‍പങ്ങള്‍ പൂത്തും തളിര്‍ത്തും ഒരു കവിജീവിതം പന്തലിച്ചു വരുന്നത് എങ്ങനെയെന്ന് സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിക്കാമോ?

കവിതയുടെ ആദ്യമുളപൊട്ടലിന്റെ ഓര്‍മ്മ ഉത്കണ്ഠാനിര്‍ഭരമാണ്. അരുതാത്തതെന്തോ സംഭവിച്ചുവെന്ന ചങ്കിടിപ്പോടെ, ഇതെന്താണ് എന്നില്‍ നിന്ന് പുറത്തേക്കൊഴുകിയത് എന്ന കിടുക്കത്തോടെ… കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ്‌
വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു കവിത പോലുള്ള ചില വരികള്‍ ആദ്യമായി തെറിച്ചത്. അതുവരെയും കവിത എന്നത് പദ്യം എന്ന വിരസാനുഭവമായിരുന്നു. അക്കാലത്തെ മിക്കവാറും അധ്യാപകരും കവിതയെന്ന ഐന്ദ്രജാലികാനുഭവത്തിന്റെ ആദ്യസ്പര്‍ശം അറിയുക എന്ന പാപത്തില്‍ നിന്ന് അവരുടെ അനാത്മാര്‍ത്ഥമായ മുരടന്‍ ക്ലാസുകളാല്‍ എന്നെ അകറ്റിയിരിക്കണം. ആ അകലം മാറിയത് എട്ടാംക്ലാസില്‍ മലയാളം അധ്യാപികയായിരുന്ന പൊന്നമ്മ ടീച്ചര്‍ കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം പഠിപ്പിച്ച ഒരു മധ്യാഹ്നത്തിലായിരുന്നു. രണ്ടാം ബഞ്ചില്‍ പിന്‍മേശയിലേക്ക് ചാഞ്ഞിരുന്ന് കവിത കേള്‍ക്കുകയായിരുന്നു ഞാന്‍. മുന്നില്‍ ദുഷ്യന്തനും അയാള്‍ മറന്ന ശകുന്തളയും.

ഒരിക്കല്‍ താന്‍ കാമിച്ച് പ്രാപിച്ച യുവതിയാണ് തന്റെ മുന്നിലെത്തിയിരിക്കുന്ന വൃദ്ധരും കാവിവസ്ത്രം ധരിച്ചവരുമായ സന്യാസികള്‍ക്കിടയില്‍ നില്‍ക്കുന്നതെന്നറിയാതെ അയാള്‍ ചോദിക്കുകയാണ്, ആരണ്യകരായ, പഴുത്തിലകള്‍ പോലുള്ള താപസര്‍ക്കിടയില്‍, തളിരില പോലെ നില്‍ക്കുന്ന നീ ആരാണ്? മറവിയിലും അയാളുടെ താരതമ്യത്തിലെ – ഗൗരദലങ്ങള്‍ക്കിടയ്ക് തളിര്‍പോലെ – എന്ന വരികളിലെ കവിത എന്നെ കിടുക്കി. ആ താരതമ്യത്തില്‍ നിന്നാണ് കേവലപദ്യത്തിനപ്പുറം കവിതയുടെ രസാനുഭൂതി ഞാന്‍ ജീവിതത്തിലാദ്യമായി അനുഭവിച്ചത്.

അന്ന് ആ കാവ്യഭാഗം വായിച്ച ശേഷം ക്ലാസുകഴിഞ്ഞിട്ടും വീട്ടില്‍ പോകാതെ സ്‌കൂള്‍ മൈതാനത്തെ മട്ടിമരച്ചുവട്ടില്‍ ഒറ്റയ്ക്കിരുന്നെഴുതിയ വരികള്‍ ഏകദേശം ഇങ്ങനെയായിരുന്നു, ജീവിതത്തിലെ ആദ്യ വരികള്‍:

പച്ചിലക്കൂട്ടങ്ങളെത്രയോ മുന്നില്‍…

കാണ്മതെല്ലാം പക്ഷേ പൂവുമാത്രം

തേനുണ്ണുവാന്‍ വരും വണ്ടുമാത്രം

വണ്ടിനെക്കണ്ടു വിറക്കുന്ന പൂവിന്റെ

പേടിയും പേടിക്കിതപ്പും മാത്രം….

പൂക്കളും ശലഭങ്ങളും മധുനുകര്‍ച്ചയും അനുരാഗവുമെല്ലാമാണ് പ്രണയം എന്ന കൗമാരധാരണയെ അന്നേ ഗൗനിക്കാതിരിക്കുകയും അതില്‍ ഭയത്തിന്റെ, ചൂഷണം ചെയ്യപ്പെടലിന്റെ ഭാഗത്തുനിന്നുള്ള വിറകൊള്ളലിലേയ്ക്കുള്ള ഒരു മാറിക്കാണല്‍ ആ എട്ടാംക്ലാസുകാരനില്‍ ഉണ്ടായിരുന്നോ. ആര്‍ക്കറിയാം. പിന്നീട് ക്ലാസിലെ ചില കൂട്ടുകാരന്മാരെക്കുറിച്ചൊക്കെ രൂപരേഖാചിത്രവര്‍ണ്ണന പോലെ എഴുതിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. അത് അവരെ തമാശയ്ക്ക് കാണിച്ചിരുന്നു.

പിന്നീട് കവിതയ്ക്ക് സവിശേഷമായൊരു ദിശാബോധം ലഭിക്കുന്നത് എപ്പോള്‍ മുതലായിരുന്നു?

1987ല്‍ പ്രീഡിഗ്രിക്ക് എസ്എന്‍എം കോളേജ് മാല്യങ്കരയില്‍ ചേര്‍ന്നതോടെയായിരിക്കണം കവിതയ്ക്ക് ദിശാബോധം ലഭിച്ചുതുടങ്ങുന്നത്. കവിതയെഴുതിയും ചൊല്ലിയും പ്രഭാഷണങ്ങള്‍ നടത്തിയും ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന സുനില്‍ പി ഇളയിടം കോളേജില്‍ പലരുടെയും ആരാധ്യപുരുഷനായി വിളയാടിയിരുന്നു. എം.എന്‍ വിജയന്‍മാഷ് അന്ന് കോളേജില്‍ വന്ന് പ്രസംഗിച്ചപ്പോള്‍ അതിനുമുമ്പു കേട്ട സുനിലിന്റെ പ്രസംഗത്തിന് ആ ഛായയുണ്ടെന്ന് തോന്നിയിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇടക്കിടെ ക്യാമ്പസില്‍ വന്ന് കവിത വായിച്ചു പ്രകമ്പനം തീര്‍ത്ത് പോയിരുന്നു. ക്യാമ്പസിലെ കവിതാരചനാ മത്സരങ്ങളില്‍ സുനിലും രശ്മിയും ഇപ്പോള്‍ പേരോര്‍ക്കാത്ത മറ്റു ചിലരും സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നു.

കോളേജിന് മുന്നിലുള്ള തട്ടുകടയില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പും കലാകൗമുദിയും തൂക്കിയിട്ടിരുന്നു. 25 പൈസ കൊടുത്താല്‍ അത് വാങ്ങി അവിടെ നിന്നുതന്നെ വായിച്ച് തിരിച്ചുകൊടുക്കാമായിരുന്നു. അയ്യപ്പപ്പണിക്കരുടെയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും കടമ്മനിട്ടയുടെയും സുഗതകുമാരിയുടെയും ഡി. വിനയചന്ദ്രന്റെയും ബാലാമണിയമ്മയുടെയും ഏറ്റവും പുതിയ കവിതകള്‍ അവിടെ നിന്നായിരുന്നു വായിച്ചിരുന്നത്. മാതൃഭൂമിക്കും കലാകൗമുദിക്കും അന്ന് കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ അയയ്ക്കുകയെന്ന സാഹസവും കാണിച്ചിരുന്നു.

ആദ്യകാല കവിതകളും അതില്‍ അന്നത്തെ തരുണത നിറഞ്ഞ മനസ്സ് പ്രവര്‍ത്തിച്ചതും എങ്ങനെയായിരുന്നു? ബനേഷിന്റെ ആദ്യ സമാഹാരം മുതലുള്ള ഒരു കൃതിയിലും തരുണതയുടെ ചാഞ്ചല്യം നിറഞ്ഞ ഒരു വരിയും കാണാത്തതുകൊണ്ടാണ് ഈ ചോദ്യം.

ആദ്യകവിത കോളേജ് മാഗസിനില്‍ തന്നെയാണ് വന്നത്. ഗംഗ എന്നായിരുന്നു പേര്. വീണ്ടുമൊഴുകുന്നു ഗംഗ, സപ്തസ്വരാഞ്ചിത വര്‍ണ്ണവുമായി, ആത്മശതങ്ങള്‍ തന്‍ ഭസ്മവും പേറി, അളകങ്ങളാകെയുലര്‍ത്തി…. എന്നിങ്ങനെയായിരുന്നു ആദ്യ വരികള്‍. ആ കവിതയടക്കം അക്കാലത്ത് എഴുതിയ ഭൂരിപക്ഷം കവിതകളും ഞാന്‍ കാവ്യസമാഹാരങ്ങളിറക്കിയപ്പോള്‍ ഉള്‍പ്പെടുത്തിയില്ല. ഞാന്‍ രൂപപ്പെടുന്ന കാലങ്ങളായിരുന്നിരിക്കണം അത്. കരുണയില്ലാതെ തിരസ്‌കരിച്ചു അവയെല്ലാം. അളകങ്ങളെന്നൊക്കെയുള്ള വരികള്‍ കോമാളിവാക്കുകളായി അതെഴുതിയതിന്റെ പിന്നാലെ തന്നെ എന്നെ നോക്കിച്ചിരിക്കുകയും മുടിച്ചുരുളുകള്‍ മതിയെന്ന് എന്നിലെ കാര്‍ക്കശ്യക്കാരന്‍ കണ്ണുരുട്ടുകയും ചെയ്തിരിക്കണം.

പ്രീഡിഗ്രി രണ്ടാംവര്‍ഷം കോളേജ് മാഗസിനില്‍ എഴുതിയ കവിതയില്‍ ‘സ്വയംഭോഗത്തിന്റെ മത്തജലം’ എന്ന ഒരു പ്രയോഗമുണ്ടായിരുന്നു. കാമ്പസിലെ സദാചാരവാദികള്‍ അതിനെ എതിര്‍ത്തു. ക്യാമ്പസ് തെരഞ്ഞെടുപ്പുകാലങ്ങളില്‍ ക്ലാസ്മുറികളില്‍ കയറി എനിക്കെതിരെ സംസാരിച്ചു. അന്നത്തെ ആവേശത്തിന് ഞാന്‍ അതിനെതിരെ ഒരു വിശദീകരണക്കുറിപ്പെഴുതി വീട്ടില്‍ നിന്ന് കിട്ടിയിരുന്ന ബസ്സുകാശും മറ്റും കൂട്ടിവച്ചിരുന്നതെടുത്ത് ഒരു പ്രസ്സില്‍ കൊടുത്ത് നോട്ടീസ് അച്ചടിപ്പിച്ച് ക്യാമ്പസില്‍ വിതരണം ചെയ്തു. കവിതയ്ക്കുവേണ്ടിയുള്ള ആവേശമായിരുന്നു പതിനേഴുവയസ്സിലെ ആ തരുണ സാഹസകാലം.

കെജിഎസ് എഡിറ്റ് ചെയ്തിരുന്ന ‘സമകാലീന കവിത’യില്‍ പിന്നീട് ബനേഷ് എഴുതിയ ‘രാസപ്രവര്‍ത്തനം’ എന്ന കവിത അന്നത്തെ ക്യാമ്പസ് കാലത്ത് നിന്നുണ്ടായതാണോ? രസതന്ത്രലാബിലെ പരീക്ഷണമുറികള്‍ ജീവിതത്തിന്റെ പരീക്ഷണമുറികളാവുന്ന മട്ടിലാണല്ലോ ആ കവിത.

അതെ. പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പിലെ കെമിസ്ട്രി- സുവോളജി പ്രാക്ടിക്കല്‍ ക്ലാസുകള്‍ എനിക്ക് വഴങ്ങാതായ കാലമായിരുന്നു അത്. തവളകളെയും പാറ്റകളെയും കീറിമുറിക്കല്‍ ഒരു ശവസംസ്‌കാരച്ചടങ്ങിന്റെ ഛര്‍ദ്ദിച്ചന്ദനത്തിരിഗന്ധം നിത്യവും പരത്തി. ആ ക്ലാസുകളില്‍ കയറാതായി. ഫിസിക്സ് പ്രാക്ടിക്കല്‍ ക്ലാസുകളിലെ കണക്കുകള്‍ എന്റെ മന്ദവും അല്പവുമായ ബുദ്ധിയെ വെല്ലുവിളിച്ചു. ആ ക്ലാസിലെ ലക്ചറര്‍ പീഡകയായ ഒരു സ്വത്വമായി ഭയപ്പെടുത്തി. ആ ക്ലാസിലും കയറാതെയായി. അതൊരു ശീലവുമായി. ക്യാമ്പസിന് പുറത്തെ പുല്‍മൈതാനങ്ങളില്‍ പകല്‍ മുഴുവന്‍ വെയില്‍കൊണ്ടിരിപ്പ്, തുരുതുരാ എഴുത്ത്, കടല്‍ത്തീരങ്ങളില്‍ പോയി മഴ നനയല്‍ എന്നിവയില്‍ അഭിരമിച്ചു.

കവിതയില്‍ കിറുങ്ങിയിരിക്കെ പ്രീഡിഗ്രി പരീക്ഷ, പോടാ പുല്ലേ എന്ന് പറഞ്ഞ് കടന്നുപോയി. മലയാളം പരീക്ഷ എഴുതുന്നതിനിടെ തകര്‍പ്പന്‍ രണ്ടു കവിതകള്‍ മനസ്സിലേക്ക് വരുകയും പരീക്ഷ എഴുതുന്നത് നിര്‍ത്തി മൈതാനത്ത് പോയി കവിത എഴുതുക എന്ന വിഡ്ഢിത്തം നടത്തുകയും ചെയ്തു. സുവോളജി, ഫിസിക്സ് പരീക്ഷകള്‍ എഴുതിയുമില്ല. പിന്നെ ഒരു വര്‍ഷം കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പുസ്തകപ്രസാധക സംഘത്തിലെ നിത്യസന്ദര്‍ശകനായി. പതിനെട്ടും പത്തൊമ്പതും വയസ്സുകള്‍ ഖലീല്‍ ജിബ്രാന്‍, അല്‍ത്തൂസര്‍, നീത്ഷേ, സാര്‍ത്ര്, ഫ്രോയ്ഡ്, സാല്‍വദോര്‍ ദാലി, ആല്‍ഡക്സ് ഹക്സ്ലി, പമ്മന്‍, മുട്ടത്തുവര്‍ക്കി, ഒവി വിജയന്‍, എംഎന്‍ വിജയന്‍, ഓഷോ, എന്നിവരുടെയൊക്കെ പുസ്തകങ്ങളില്‍ അടയിരുന്ന് വികസിച്ചു. ആ പ്രായത്തിനെ വിഭ്രാമകമാക്കാന്‍ അവ ധാരാളം മതിയായിരുന്നു.

അടുത്തവര്‍ഷം പ്രൈവറ്റായി പ്രീഡിഗ്രി തേഡ് ഗ്രൂപ്പെടുത്ത് ഒറ്റക്ക് വീട്ടിലിരുന്ന് പഠിക്കണമെന്ന് നിശ്ചയിച്ചു. പാഠപുസ്തകങ്ങള്‍ വാങ്ങാനും യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കാനും വേണ്ടി പുസ്തക പ്രസാധക സംഘത്തില്‍ നിന്ന് പുസ്തകങ്ങള്‍ വലിയ സഞ്ചികളിലാക്കി കേരളത്തിലെ വിവിധ ജില്ലകളില്‍ ബസ്സിലും ട്രെയിനിലുമായി സഞ്ചരിച്ച് കോളേജുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും കൊണ്ടുനടന്നു വിറ്റു. ആ യാത്രകളിലൊന്നിലാണ് കോഴിക്കോട്ട് വച്ച് പ്രമുഖ റഷ്യന്‍ ചിത്രകാരന്‍ സ്മെതോസ്ലോവ് റോറിച്ചിന്റെ ചിത്രപ്രദര്‍ശനം കാണാനിടയായത്. ആ ചിത്രാനുഭവം അവിടെ വച്ചുതന്നെ ഒരു കവിതയായി എഴുതിപ്പോയി. അത് അധികം വൈകാതെ കോട്ടയം ഭരണങ്ങാനത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന അസ്സീസി എന്ന മാസികയ്ക്ക് അയച്ചുകൊടുത്തു. അത് ഒരു മാസത്തിനകം അച്ചടിച്ചുവന്നു. അതാണ് കോളേജ് മാഗസിന്‍ അല്ലാതെ ആദ്യമായി അച്ചടിച്ചുവരികയും പ്രതിഫലം ലഭിക്കുകയും ചെയ്ത കവിത.

ആദ്യകാലത്ത് മാതൃകയായ / ആവേശമായ കവികളാരൊക്കെയാണ്? അവരുടെ എന്തൊക്കെ സവിശേഷതകളാണ് ആകര്‍ഷിച്ചത്?

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭവര്‍ഷങ്ങള്‍. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പ്രസിദ്ധീകരിച്ചിരുന്ന പൂങ്കാവനം മാസിക, സരോവരം മാസിക, എന്നിവയിലൊക്കെയാണ് എഴുതിത്തുടങ്ങിയത്. പാബ്ലോ നെരൂദ, മയക്കോവ്‌സ്‌കി, ഒക്ടേവിയോ പാസ് എന്നിവരുടെ കവിതകള്‍ അക്കാലത്തെ എന്റെ നെഞ്ചിടിപ്പിന്റെ താളക്രമം മാറ്റിമറിച്ചിരുന്നു. നെരൂദയെ വായിച്ച് കണ്ണടച്ചിരുന്നാല്‍ ചിലിയിലെ സാംസ്‌കാരിക ജീവിതം എനിക്ക് കൊടുങ്ങല്ലൂരില്‍ സാധ്യമാവുമായിരുന്നു. അത്തരത്തിലായിരുന്നു കാവ്യപരകായപ്രവേശം. ആ ചങ്കിടിപ്പോടെ ധാരാളം കവിതകളെഴുതിയെങ്കിലും അത് നെരൂദത്താവഴിയാണെന്ന തിരിച്ചറിവില്‍ വേദന കലര്‍ന്ന സന്തോഷത്തോടെ ഉപേക്ഷിക്കുകയായിരുന്നു. ആവേശവും മാതൃകയുമാവുന്ന കവികളെയും കവിതകളെയും ആത്മാവില്‍ സ്വീകരിക്കേണ്ടതില്ല എന്ന പ്രതിജ്ഞയിലേക്ക് അങ്ങനെയാണ് എത്താന്‍ കഴിഞ്ഞത്. കെജിഎസിന്റെ കവിതകള്‍ പ്രിയപ്പെട്ടിരുന്ന കാലത്തുതന്നെ കേകയടക്കമുള്ള വൃത്തങ്ങളിലാണ് ഞാന്‍ എഴുതിയിരുന്നത്. എന്റെ ആദ്യസമാഹാരമായ നെഞ്ചുംവിരിച്ച് തലകുനിക്കുന്നുവിലെ ആദ്യ കവിതയായ ജലത്തിന്റെ സാരാംശം തുടങ്ങുന്നത് തന്നെ

മുന്നിലെ ശിരസ്സില്‍ നി-

ന്നാവിയായുയരുന്നൂ

ഇന്നത്തെ പകല്‍ മൊത്തം

പൊള്ളിച്ച പേശീബലം-

എന്നിങ്ങനെ ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്റെ തലയില്‍ നിന്നുയരുന്ന ആവിയുടെ കാഴ്ചയെ വൃത്തപ്പെടുത്തിക്കൊണ്ടായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ യൗവ്വനതീക്ഷ്ണ കവിതകളെ ആവേശത്തോടെ വായിച്ചിരുന്ന വേളയില്‍ തന്നെ ഞാന്‍ എഴുതിയിരുന്നത് ‘പുരുഷനിതംബമേ’ പോലുള്ള ശീര്‍ഷകങ്ങളിലുള്ള, മലയാള കവിത അതുവരെയും തിരിഞ്ഞുനോക്കാത്ത ഇടങ്ങളിലായിരുന്നു.

സ്‌പോഞ്ചിന്റെ പര്യായം

കവിതയില്‍ ചാലിച്ച്

ചാര്‍ത്തിയിട്ടില്ലാ

ഇതുവരെ നിന്നെ

– എന്നിങ്ങനെയായിരുന്നു ആ കവിതയിലെ ദൃഷ്ടിലാക്കുകള്‍.

കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക പാരമ്പര്യം ബനേഷിന്റെ കവിതകളെ എത്രത്തോളമാണ് സ്വാധീനിച്ചത്? ആദ്യം ബനേഷ് കൊടുങ്ങല്ലൂര്‍ എന്നറിയപ്പെട്ടു. പിന്നീട് എം എസ് ബനേഷ് എന്ന് സ്ഥലനാമം ഉള്‍പ്പെട്ട സ്വന്തം പേരിനെ മൊബൈലില്‍ GPS ഓഫാക്കുo പോലെ സ്വതന്ത്രമാക്കി. എന്തുകൊണ്ടാണ്?

ആഹാ, ഈ ചോദ്യത്തിലെ ജിപിഎസ് ഓഫാക്കുംപോലെ എന്ന പ്രയോഗത്തില്‍ കവിതയുണ്ട്. കൊടുങ്ങല്ലൂരാവണം എന്റെ കവിതയിലെ വാക്കുകളെ തെറിക്കുന്ന വാക്കുകളാക്കിയത്. (തെറിക്കുന്നുവെന്ന് വായനക്കാര്‍ക്ക് തോന്നുന്നുവെങ്കില്‍) തെറിപ്പാട്ടും ചോരയും മഞ്ഞള്‍പ്പൊടിയും കുരുതിക്കോഴികളും ചോര സ്ഫുരിക്കുന്ന കോമരശിരസ്സുകളുമെല്ലാം ചേര്‍ന്ന കൊടുങ്ങല്ലൂര്‍ ആദിമമായ ഒരു മെക്‌സിക്കന്‍ ഗോത്രഗ്രാമം പോലെ ബാല്യകൗമാരയൗവനങ്ങളെ കശക്കി. മഞ്ഞള്‍പ്പൊടിയും കുരുതിച്ചോരയും കൂടിക്കുഴഞ്ഞ കൊടുങ്ങല്ലൂര്‍ക്കാവിലെ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന വഴിപാടുനാണയങ്ങള്‍ പെറുക്കിയെടുക്കുന്നവര്‍, അച്ഛനും അമ്മയും ആങ്ങളയും പെങ്ങളും തെരുവില്‍ വട്ടംകൂടി നിന്ന് പാടുന്ന ഛന്ദോബദ്ധമായ രതിപ്രകീര്‍ത്തനങ്ങള്‍, നിര്‍മ്മാല്യം സിനിമയേക്കാളും ആഴത്തില്‍ ദേവീവിഗ്രഹത്തോട് തെറിയുടെ ഭാഷയില്‍ മുഖാമുഖം കലഹിക്കുന്ന പ്രാക്തനരൗദ്രമുഖങ്ങള്‍ ഇവയെല്ലാം കവിതയ്ക്ക്, അകമേ തെറിക്കുന്ന ഒരു കലഹസ്വരൂപം നല്‍കിയിട്ടുണ്ടാവണം, ഞാനതിനെ കവിതയില്‍ പുറമേ പ്രകടിപ്പിക്കുന്നില്ലെങ്കിലും.

കൊടുങ്ങല്ലൂരിലെ ആല്‍ത്തറകളിലിരുന്നാണ് എന്റെ യൗവ്വനം അതിന്റെ തുടക്കത്തില്‍ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ നേര്‍മൊഴികളറിഞ്ഞത്. ടിഎന്‍ ജോയിയും അത്ര തന്നെ നക്‌സലൈറ്റ് പക്ഷികളും പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര, പിസി ഉണ്ണിച്ചെക്കന്‍, അഡ്വ. മേഘനാദന്‍, തുടങ്ങിയവരുമൊക്കെ വന്നിരുന്ന ആല്‍ത്തറകളില്‍ അവരെ കേട്ടിരുന്ന എന്റെയും ചെറുപ്പം അകാലത്തില്‍ പക്വമായിട്ടുണ്ടാവണം. ആ ‘അ’പക്വതയാണ് ബനേഷ് കൊടുങ്ങല്ലൂര്‍ എന്ന പേരില്‍ ആദ്യകാലങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതിയിരുന്ന എന്നെ സ്ഥലപ്പേരിന്റെ അധികഭാരത്തില്‍ നിന്ന് മുക്തനായി എം.എസ്. ബനേഷ് എന്ന പേരില്‍ തനിനില്പ് നില്‍ക്കാന്‍ (അങ്ങനെ നില്‍ക്കുന്നുണ്ടെങ്കില്‍) കാരണമായത്.

 

(തുടരും….)

 

No Comments yet!

Your Email address will not be published.