എസ്റ്റെബന്‍ എചെവേറിയ
(ആര്‍ജന്റീന)
(1805 ല്‍ ജനനം, 1851 ല്‍ മരണം. അര്‍ജന്റീനിയന്‍ സാഹിത്യത്തിന്റെ ഉണര്‍ച്ചയിലെ നാഴികക്കല്ലുകളില്‍ ഒരാള്‍. അദ്ദേഹത്തിന്റെ `അറവുശാല` എന്ന കഥ അര്‍ജന്റീനിയന്‍ സാഹിത്യത്തില്‍ അതുല്യമായ സ്ഥാനമുള്ള ഒന്നാണ്. കവിയും ചെറുകഥാകൃത്തും, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു എചെവേറിയ. ലാറ്റിന്‍ അമേരിക്കന്‍ കാല്പനിക സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധരില്‍ ഒരാളാണ്. `അറവുശാല` ഒരു രാഷ്ട്രീയ കഥയാണ്. കഥാകൃത്തിന്റെ മരണശേഷം, 1871 ലാണീ കഥ പ്രസിദ്ധീകരിക്കപ്പെട്ടത്)
ഈ വിവരണം ചരിത്രപരമാണെങ്കിലും, നമുക്കു മാതൃകയാകുന്ന അമേരിക്കയേയും പഴയ സ്പാനിഷ് ചരിത്രകാരന്മാരേയും പോലെ നമ്മള്‍ നോഹയുടെ പെട്ടകത്തില്‍ നിന്നും അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍ നിന്നുമൊന്നും തുടങ്ങുന്നില്ല. ഈ ഉദാഹരണം തുടരാതിരിക്കുന്നതിനെനിക്ക് നൂറുകണക്കിനു കാരണങ്ങള്‍ പറയാനാകും. എന്നാല്‍ അതിഭാഷണം ഒഴിവാക്കുന്നതിനായി അതുപേക്ഷിക്കുന്നു. തത്കാലത്തേക്ക് ഇവിടെ പ്രതിപാദിക്കുന്ന സംഭവങ്ങള്‍ കൃസ്തുവര്‍ഷം 1830 കളില്‍ സംഭവിച്ചതാണെന്നു മാത്രം പറയാം. മാത്രമല്ല ഇതു നടക്കുന്നത് നോമ്പുകാലത്താണ്. ബ്യുയനോസ് അയേഴ്‌സില്‍ മാംസം ദുര്‍ലഭമായിരിക്കുന്ന കാലം. സഹിക്കുക, സുഖാനുഭവങ്ങള്‍ വര്‍ജ്ജിക്കുക എന്ന എപിക്ടെടസിന്റെ വിചാരങ്ങള്‍ സഭ സ്വീകരിക്കുന്ന കാലം. വിശ്വാസികളുടെ ഉദരത്തിനോട് സുഖാനുഭവങ്ങള്‍ വര്‍ജ്ജിക്കാന്‍ കര്‍ശനമായ ഉത്തരവുള്ള കാലം. മാംസാഹാരം പാപമാണെന്നും പഴമൊഴിയില്‍ പറഞ്ഞിരിക്കുന്നതു പോലെ അത് വിഷയാസക്തിയിലേക്ക് നയിക്കുന്നു എന്നും അതിനാല്‍ വിലക്കിയിരിക്കുന്നു എന്നും കര്‍ശനമമായ ഉത്തരവുള്ള കാലം. സഭയ്ക്കാകട്ടെ പ്രാരംഭം മുതലും, ദൈവത്തിന്റെ നേരിട്ടുള്ള ആജ്ഞയാലും, ആത്മാവിനും ഉദരത്തിനും മീതെ ആത്മീയാധികാരമുള്ളതാകുന്നു. അതു രണ്ടും യാതൊരു കാരണവശാലും വ്യക്തിയുടേതല്ലാത്തതുമാകുന്നു. അതിനാല്‍ ഇതു രണ്ടിനും ഉപദ്രവകാരിയാകുന്നവയേയും പാപവുമാകുന്നവയേയും നിരോധിക്കുക എന്നത് സഭയ്ക്ക് യുക്തവുമായിരുന്നു.
അതേ സമയം, മാംസം എത്തിച്ചുകൊണ്ടിരുന്നവരാകട്ടെ, അടിയുറച്ച ഫെഡറലിസ്റ്റുകളും അതിനാല്‍ ഭക്തരായ കാതലിക് വിശ്വാസികളുമായിരുന്നു. ഇത്തരം നിയന്ത്രണങ്ങളിലേക്കെത്തുമ്പോള്‍ ബ്യുയനോസ് അയേഴ്‌സിലെ ജനങ്ങള്‍ എല്ലാവിധ വിധേയത്വത്തോടെയും അതിനെ സ്വീകരിക്കും എന്നവര്‍ക്കറിയാം. അതുകൊണ്ടു തന്നെ അവര്‍ അറവുശാലകളിലേക്ക്, നോമ്പുകാലങ്ങളില്‍, മാര്‍പ്പാപ്പയുടെ ശാസനത്തില്‍ നിന്നൊഴിവാക്കി നിര്‍ത്തപ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കും രോഗികള്‍ക്കും ആവശ്യമായത്ര അറവു മൃഗങ്ങളെ മാത്രമേ കൊണ്ടുവരാറുള്ളു. ദൈവനിഷേധങ്ങള്‍ക്ക് അവര്‍ തയ്യാറല്ലായിരുന്നു. അങ്ങനെയുള്ള ദൈവനിഷേധികള്‍ അനേകമുണ്ട്. സഭ നല്‍കുന്ന മാംസാഹാരവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ലംഘിച്ച് മോശം ഉദാഹാരണങ്ങളിലൂടെ സമൂഹത്തിന്റെ മനോവീര്യം കെടുത്തുന്നവര്‍.
അതൊരു നല്ല മഴക്കാലവുമായിരുന്നു. മഴ തുടര്‍ച്ചയായി പെയ്തുകൊണ്ടിരുന്നു. വഴിയൊക്കെ വെള്ളത്തിലായി. നീന്തിക്കളിക്കാനാകുന്നയത്ര ചളിവെള്ളം കെട്ടിക്കിടന്നു. നഗത്തിലേക്കുള്ള വഴികളിലും വെള്ളം നിറഞ്ഞു. ബരാകസ് അരുവിയില്‍ നിന്ന് വെള്ളം കുത്തിയൊഴുകി. അതിലെ ചളിവെള്ളം ആള്‍ടൊ കുന്നുകളുടെ താഴ്വാരം വരെയെത്തി. കോപിച്ചൊഴുകുന്ന പ്‌ളാറ്റ, വയലുകളിലും നദിക്കരയിലും വീടുകളിലും നിറഞ്ഞൊഴുകിക്കൊണ്ട് അതിന്റെ തടത്തിലേക്കെത്താന്‍ ശ്രമിച്ച വെള്ളത്തിനെ തള്ളിമാറ്റിക്കൊണ്ടിരുന്നു. അങ്ങനെ ആ വെള്ളം താണ പ്രദേശങ്ങളെ ഒരു തടാകമാക്കി. വടക്കും കിഴക്കും ചളിവെള്ളം നിറഞ്ഞു. തെക്ക് കടലിലെ വെളുപ്പുനിറമുള്ള വെള്ളം. അതിന്റെ ഉപരിതലത്തില്‍ ഒരു ചെറുവള്ളം ആടിക്കളിക്കുന്നുണ്ടായിരുന്നു. ആ വെള്ളത്തില്‍ മരശിഖരങ്ങളുടേയും പുകക്കുഴലുകളുടേയും പ്രതിബിംബവും കാണാം. നഗരം അതിലേക്ക് അതിന്റെ ചരുവുകളില്‍ നിന്നും ഗോപുരങ്ങളില്‍ നിന്നും ആകാംക്ഷയോടെ നോക്കിനിന്നു. ദൈവത്തിന്റെ കരുണ യാചിക്കുകയാണെന്നതുപോലെ ചക്രവാളത്തിലേക്ക് നോക്കി നിന്നു. ഒരു പുതിയ മഹാപ്രളയത്തിന്റെ ഭീഷണിയിലാണീ ലോകം എന്നു തോന്നി. ഭക്തര്‍ നിരന്തരം കൊന്തയെത്തിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്നു. പള്ളിക്കകത്ത് വൈദികര്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചു. അവരുടെ മുഷ്ടിപ്രഹരമേറ്റ് പ്രസംഗവേദികള്‍ തകരുമെന്നു തോന്നി. ഇത് അന്ത്യവിധിയുടെ ദിനമാകുന്നു, അവര്‍ പ്രഖ്യാപിച്ചു. ലോകാവസാനം ഇതാ അരികിലെത്തിയിരിക്കുന്നു. ദൈവത്തിന്റെ കോപമാണീ നമ്മള്‍ ചുറ്റിലും കാണുന്നത്. അതാണിങ്ങനെ പെയ്തുകൊണ്ടിരിക്കുന്നതും പ്രളയം സൃഷ്ടിക്കുന്നതും. പാപികളേ! സഭയേയും സന്യാസിസമൂഹത്തിനേയും പരിഹസിക്കുന്ന അവിശ്വാസികളേ! ദൈവത്തിന്റെ വാക്കുകളില്‍ സാന്ത്വനപ്പെടാത്ത ഭയഭക്തിയില്ലാത്തവരേ! നിങ്ങളുടെ ദൈവവിചാരമില്ലായ്മ, നിങ്ങളുടെ മതനിന്ദ, നിങ്ങളുടെ ദൈവദൂഷണം, നിങ്ങള്‍ ചെയ്യുന്ന ഭീകരങ്ങളായ കുറ്റകൃത്യങ്ങള്‍ എന്നിവ നമ്മുടെ മണ്ണിലേക്ക് ദൈവകോപമെത്തിച്ചിരിക്കുന്നു. ഫെഡറല്ലിസ്റ്റുകളുടെ ദൈവവും അവരുടെ നീതിയും നിങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കും.
പീഡിതരായ സ്ത്രീകള്‍ ശ്വാസം ലഭിക്കാതെ പള്ളിയില്‍ നിന്നിറങ്ങി. അവര്‍ പരവശരായിരുന്നു. അവര്‍ അവിശ്വാസികളെ പഴിച്ചു. ഈ കൊടും ദുരിതത്തിനവരാണു കാരണമെന്നത് സ്വാഭാവികം മാത്രമെന്ന് പഴിച്ചു.
പേമാരിയവസാനിച്ചില്ല. വെള്ളം ഉയര്‍ന്നു കൊണ്ടേയിരുന്നു. അത് പുരോഹിതരുടെ പ്രഭാഷണങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും കൂടുതല്‍ വിശ്വാസ്യത നല്‍കി. പള്ളിമണികള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നു. അങ്ങനെ മുഴക്കണം എന്ന് കാതലിക് മോചകര്‍ ഉത്തരവുകളിട്ടിരുന്നു. ആ സ്വരം കൂടുതല്‍ അസ്വസ്ഥത സൃഷ്ടിച്ചു. താന്തോന്നികള്‍, അതായത് അവിശ്വാസികള്‍ പശ്ചാത്തപിക്കുന്ന ഇത്രയധികം മുഖങ്ങളെ കണ്ട് ഭയന്നു. ശാപവചനങ്ങള്‍ കേട്ട് ഭയന്നു. തലമറയ്ക്കാതേയും പാദരക്ഷകളുപയോഗിക്കാതേയും ഒരു ഘോഷയാത്രയുണ്ടാകുമെന്നും അതില്‍ എല്ലാവരും പങ്കെടുക്കണമെന്നും സംസാരമുണ്ടായി. ബിഷപ്പ് അതില്‍ ദൈവരൂപത്തെ വഹിക്കും. ഘോഷയാത്ര ബാല്‍കാര്‍സെ കുന്നിന്‍ ചരുവിലേക്കായിരിക്കും. അവിടെ ചെന്ന് പ്രളയത്തിന്റെ ചെകുത്താനെ അകറ്റുന്നതിനായി ആയിരക്കണക്കിനാളുകള്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കും. ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കും.
ഭാഗ്യവശാല്‍, അല്ലെങ്കില്‍ നിര്‍ഭാഗ്യവശാല്‍, അങ്ങനെയൊരു ചടങ്ങ് നടന്നില്ല. പ്‌ളാറ്റയിലെ വെള്ളമിറങ്ങുകയും ഒരു ഇന്ദ്രജാലത്തിനോ പ്രാര്‍ത്ഥനയ്‌ക്കോ ഗുണകരമാകാത്തവിധത്തില്‍ പ്രളയം സാവധാനത്തില്‍ കുറയുകയും ചെയ്തതിനാലാണതുപേക്ഷിക്കപ്പെട്ടത്.
എന്റെ കഥയില്‍, ഇതിലെല്ലാം ഉപരിയായുള്ള വിഷയം, ഈ വെള്ളപ്പൊക്കം മൂലം കോണ്വലെസ്‌കേസിയ അറവുശാലയില്‍ പതിനഞ്ചു ദിവസത്തോളമായി ഒരൊറ്റ കാലികളും എത്തിയില്ല എന്നതാണ്. പിന്നെ ഒന്നു രണ്ടു ദിവസത്തിനകം സമീപപ്രദേശങ്ങളിലുള്ള കര്‍ഷകരുടേയും വെള്ളം ചുമക്കുന്നവരുടേയും കാലികളെയൊക്കെ നഗരത്തിലെ മാംസാവശ്യത്തിനായി ഉപയോഗിക്കപ്പെട്ടു. നിര്‍ഭാഗ്യം നിറഞ്ഞ കുട്ടികള്‍ക്കും രോഗികള്‍ക്കും മുട്ടയും കോഴിയിറച്ചിയും കൊണ്ട് തൃപ്തരാകേണ്ടി വന്നു. വിദേശികളും ദൈവനിഷേധികളും മാട്ടിറച്ചിക്കായി മുക്രയിട്ടുകൊണ്ടിരുന്നു. മാംസത്തില്‍ നിന്നു വിട്ടൊഴിഞ്ഞു നില്‍ക്കല്‍ പട്ടണത്തില്‍ പൊതുവായുണ്ടായിരുന്നു. സഭയുടെ അനുഗ്രഹത്തിനതിലും മികച്ചമാര്‍ഗ്ഗം അധികമില്ലായിരുന്നു. സമ്പൂര്‍ണ്ണമായും അതനുവര്‍ത്തിച്ച് ദശലക്ഷക്കണക്കിനാളുകള്‍ക്ക് അങ്ങനെ ഈ അനുഗ്രഹം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. കോഴിയ്ക്ക് വില ആറു പെസോസ് വരെയായി. മുട്ടയ്ക്ക് നാലു റിയലും. മീനിനും വില വളരെയധികം വര്‍ദ്ധിച്ചു. നോമ്പുകാലങ്ങളില്‍ ക്രമരാഹിത്യങ്ങളോ അമിതമായ അത്യാര്‍ത്തികളോ ഉണ്ടായില്ല. എണ്ണമറ്റ ആത്മാക്കള്‍ നേരെ സ്വര്‍ഗ്ഗത്തിലെത്തി. എല്ലാം ഒരു സ്വപ്നത്തിലെന്നപോലെ നടന്നുകൊണ്ടിരുന്നു.
അറവുശാലയില്‍ അഭയം കണ്ടെത്തിയിരുന്ന ആയിരക്കണക്കിനെലികളില്‍ ഒരെണ്ണം പോലും ജീവനോടെയില്ലാതായി. അവയെല്ലാം ഒന്നുകില്‍ പട്ടിണി കിടന്നു ചത്തു അല്ലെങ്കില്‍ നിരന്തരം പെയ്ത മഴ മൂലം അവയുടെ മാളങ്ങളില്‍ വെള്ളം കയറി ചത്തു. ചീഞ്ഞു നാറുന്ന ശവങ്ങളെ തിരഞ്ഞെത്തുന്ന കഴുകന്മാരെപ്പോലെ, എച്ചില്‍ തിരഞ്ഞു നടക്കുന്ന അസംഖ്യം നീഗ്രൊ സ്ത്രീകള്‍, നഗത്തില്‍ നിറഞ്ഞു. തിന്നാനാകുന്നതെന്നവര്‍ക്ക് തോന്നിയതെല്ലാം തിന്നുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തി. അറവുശാലയില്‍ കൊടും ശത്രുതയോടെ പെരുമാറുന്ന കടല്‍പ്പക്ഷികളും നായ്ക്കളും മൃഗാവശിഷ്ടങ്ങള്‍ തേടി തുറന്ന വയലുകളിലേക്കു നീങ്ങി. രോഗികളായ വൃദ്ധര്‍ പോഷകാഹാരമില്ലാതെ അവസാനിച്ചു. എന്നാല്‍ അതിലും വലിയ സംഭവമെന്നു പറയുന്നത് ഏതാനും ദൈവനിഷേധികളായ വിദേശികള്‍ പെട്ടെന്ന് അന്തരിച്ചതായിരുന്നു. എക്‌സ്‌ട്രെമദുര എന്ന പ്രദേശത്തുനിന്നുള്ള സോസേജുകള്‍ വാരിവിഴുങ്ങുക എന്ന വിഡ്ഢിത്തമാണവര്‍ കാണിച്ചത്. ഉപ്പിട്ടുണക്കിയ പന്നിയിറച്ചി, ഉണക്കിയ കോഡ് ഫിഷ് എന്നിവയാണവര്‍ ഭക്ഷിച്ചത്. അവര്‍ക്ക് അത്തരം ദൈവനിഷേധങ്ങള്‍ ചെയ്യുക എന്ന പാപത്തിനു പ്രതിഫലമായി ഈ ലോകത്തിനോടു വിടചൊല്ലേണ്ടി വന്നു.
മാംസാഹാരത്തിലെ കുറവ് ഇങ്ങനെ തുടരുകയാണെങ്കില്‍ പട്ടണവാസികളില്‍ പാതിയുടേയും ആരോഗ്യത്തെ അതു ബാധിക്കുമെന്ന അഭിപ്രായം ചില ഭിഷഗ്വരര്‍ രേഖപ്പെടുത്തുകയുണ്ടായി. അവിടെയുള്ളവരുടെ ഉദരം മാസസത്തിന്റെ ഉത്തേജനവുമായി പൊരുത്തപ്പെട്ടിരിക്കുന്നതിനാലാണിത് എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ബഹുമാന്യ പിതാക്കന്മാരുടെ വെറുപ്പിക്കുന്ന പ്രക്ഷേപണങ്ങള്‍. ശാസ്ത്രം നല്‍കുന്ന വിഷണ്ണമായ രോഗനിദാന മാര്‍ഗ്ഗങ്ങളും ബഹുമാന്യ പിതാക്കന്മാര്‍ പ്രസംഗമണ്ഡപത്തില്‍ നിന്ന്, സഭ ഉപവാസത്തിനും പശ്ചാത്താപത്തിനുമായി നീക്കിവച്ച ഈ ദിവസങ്ങളില്‍ എല്ലാവിധ മാംസാഹാരങ്ങള്‍ക്കും എതിരായി നല്‍കിയ പ്രഭാഷണങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ ശ്രദ്ധേയമായിരുന്നു. അതിനാല്‍ തന്നെ ഉദരവും മനസാക്ഷിയും തമ്മിലുള്ള ഒരു തരം കുടല്‍ യുദ്ധത്തിനാരംഭമായി. വഴങ്ങാത്ത വിശപ്പും അത്രത്തന്നെ കര്‍ക്കശമായസഭയുടെ അലര്‍ച്ചകളും തമ്മിലുള്ള യുദ്ധം. സഭയിലെ പുരോഹിതര്‍, അവരുടെ കര്‍ത്തവ്യത്തിന്റെ ഭാഗമായി, കാതലിക് തത്ത്വസംഹിതകളുടെ ഫലം കുറയ്ക്കാന്‍ പ്രവണത നല്‍കുന്ന ഒരു വിധത്തിലുള്ള പാപങ്ങളേയും അനുവദിക്കാനോ സഹിക്കാനോ തയ്യാറല്ലായിരുന്നു. ഇതിനു പുറമെ ജനങ്ങള്‍ക്കിടയില്‍ കുടലില്‍ വായുക്ഷോഭം എന്ന അവസ്ഥയും നിലനിന്നിരുന്നു. മീന്‍, ബീന്‍സ് തുടങ്ങിയ പെട്ടെന്ന് ദഹിക്കാത്ത വസ്തുക്കള്‍ മൂലം സംഭവിച്ചതാണിത്.
ഈ യുദ്ധം ജനങ്ങള്‍ ഒത്തുകൂടുന്നിടത്തെല്ലാം, അത് വീടുകളായാലും നഗരത്തെരുവുകളായാലും, നിശ്വാസങ്ങളിലൂടേയും കര്‍ണ്ണകഠോരമായ നിലവിളികളിലൂടേയും പ്രകടമായിക്കൊണ്ടിരുന്നു. ധര്‍മ്മപ്രഭാഷണങ്ങള്‍ക്കിടയിലെ പെട്ടെന്നുള്ള പൊട്ടിത്തെറികളായി സംഭവിച്ചുകൊണ്ടിരുന്നു. മോചകന്റെ ഭരണകൂടം ഭാവി ദര്‍ശിക്കുന്നതും പിതൃഭാവമുള്ളതുമാണെന്നതുപോലെ, ഇതെല്ലാം കണ്ട് ഒട്ടൊന്ന് ഭയക്കുകയും ചെയ്തു. ഈ ആരവങ്ങള്‍ വിപ്‌ളവത്തിന്റെ പ്രാരംഭമാണെന്ന് അവര്‍ വിശ്വസിച്ചു. അവിശ്വാസികളാണിതിനു കാരണം എന്നവര്‍ നിശ്ചയിച്ചു. അവരുടെ ദൈവനിഷേധം, ഫെഡറലിസ്റ്റ് പ്രബോധകരുടെ ഭാഷ്യമനുഷരിച്ച് ദിവ്യമായ ഈ ഭൂമിയിലേക്ക് ദൈവകോപമെത്തിക്കുന്നതിനു കാരണമായിരിക്കുന്നു. സര്‍ക്കാര്‍ അതിനാല്‍ ദൈവീക നടപടികളെടുത്തു. തങ്ങളുടെ സഹായികളെ, ശിങ്കിടികളെ, പട്ടണത്തിലെമ്പാടും ചിതറിപ്പിച്ചു. അവസാനം, മനസാക്ഷികളേയും ഉദരങ്ങളേയും പ്രസാദിപ്പിക്കുന്നതിനായി, ഇനിയും വൈകാതെ, വെള്ളപ്പൊക്കമൊന്നും കണക്കിലെടുക്കാതെ, കന്നുകാലികളെ അറവുശാലകളിലെത്തിക്കണം എന്ന ഉത്തരവ് വിവേകപൂര്‍വ്വം, ഭക്തിപൂര്‍വ്വം അവരിറക്കി.
അതനുസരിച്ച് മാംസവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പതിനാറാം ദിവസം, സെയ്ന്റ് ഡോളോറെസ് ദിനത്തിന്റെ തലേന്ന്, നല്ല തടിയുള്ള അമ്പതോളം കാളകള്‍ ബര്‍ഗോസ് ചുരം കടന്ന് ആള്‍ടൊ അറവുശാലയിലേക്ക് നീന്തിയെത്തി. പട്ടണം ഒരു ദിവസം ഇരുന്നൂറ്റിയമ്പത് മുതല്‍ മുന്നൂറോളം കാളകളെ ഭക്ഷിക്കാറുണ്ടായിരുന്നു എന്നും, മൂന്നിലൊന്നാളുകളെങ്കിലും മാംസം ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഭയുടെ ആജ്ഞ ആസ്വദിച്ചു എന്നും കണക്കിലെടുക്കുമ്പോള്‍ ഇതൊരു വലിയ സംഖ്യയല്ല. വിശേഷാവകാശങ്ങളുള്ള ഉദരങ്ങളും, അലംഘനീയ നിയമങ്ങള്‍ക്ക് വിധേയമാകേണ്ടുന്ന ഉദരങ്ങളുമുണ്ടെന്നതും, എല്ലാ ഉദരങ്ങളിലേക്കുമുള്ള ചാവി സഭയുടെ കൈവശമാണെന്നതും വിചിത്രമായി തോന്നുന്നു.
ചെകുത്താന്‍ മാംസത്തിലൂടെയാണു ശരീരത്തിലേക്കു പ്രവേശിക്കുന്നതെന്നും സഭയ്ക്ക് അതിനെ മന്ത്രത്താല്‍ ആവാഹിക്കാനാകും എന്നും വിശ്വസിച്ചാല്‍ പിന്നെ ഇതൊന്നും വിചിത്രമായി തോന്നുകയില്ല. ചെയ്യേണ്ടത് മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുക എന്നതാണ്. അവന്റെ സ്വന്തം സ്വതന്ത്ര ഇച്ഛയെ ചലിപ്പിക്കേണ്ടത് അവന്‍ സ്വയമല്ല, സഭയും സര്‍ക്കാരുമാണെന്ന് വരുത്തുക. ഒരു പക്ഷേ അധികാരപ്പെട്ടവരുടെ അനുമതിയില്ലാതെ ശ്വസിക്കാനോ, നടക്കാനോ സുഹൃത്തുക്കളുമായി സംസാരിക്കാനോ നിരോധനമുള്ള ദിവസവും വരുമായിരിക്കും. നമ്മുടെ ഭക്തരായ മുത്തച്ഛന്മാരുടെ കാലങ്ങളില്‍ മിക്കവാറും അങ്ങനെയായിരുന്നു. പക്ഷേ മെയ് വിപ്‌ളവത്തോടെ നിര്‍ഭാഗ്യമെന്നു പറയട്ടെ അതവസാനിച്ചു.
അതെന്തോ ആകട്ടെ, സര്‍ക്കാരിന്റെ നിര്‍ണ്ണയമറിഞ്ഞപ്പോള്‍ ആള്‍ടൊ അറവുശാലയില്‍ അറവുകാരും, അവശിഷ്ടങ്ങള്‍ ശേഖരിക്കാനെത്തിയവരും ആകാംക്ഷയാല്‍ എത്തി നോക്കാനെത്തിവരും നിറഞ്ഞു. ഇങ്ങനെ എത്തിനോക്കാനെത്തിയവര്‍ അമ്പതു കാളകളുടെ കരച്ചിലിനെ കയ്യടിയോടെ എതിരേറ്റു.
”ഇത് തീര്‍ത്തും അത്ഭുതകരമായിരിക്കുന്നു” അവര്‍ പറഞ്ഞു. ”ഫെഡറലിസ്റ്റുകള്‍ നീണാള്‍ വാഴട്ടെ. മോചകരും നീണാള്‍ വാഴട്ടെ.” അക്കാലത്ത് ഈ ഫെഡറലിസ്റ്റുകള്‍ എല്ലായിടത്തുമുണ്ടായിരുന്നു എന്ന് വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അറവുശാലയുടെ വിഴുപ്പുകളില്‍ പോലുമുണ്ടായിരുന്നു. അതുപോലെ, സെയ്ന്റ് അഗസ്റ്റിനില്ലാതെ ഒരു ധര്‍മ്മപ്രഭാഷണവുമില്ല എന്നതുപോലെ, മോചകരില്ലാതെ ഒരു ഉത്സവവുമുണ്ടാകാറില്ല. ഈ മര്‍മ്മരങ്ങളെല്ലാം കേട്ട് അവരുടെ മാളങ്ങളില്‍ മരണത്തിനരികിലെത്തിയിരുന്ന ഏതാനും എലികള്‍ക്ക് ജീവന്‍ വച്ചു എന്നും അവ ഒന്നിനേയും വകവയ്ക്കാതെ, ആത്മവിശ്വാസത്തോടെ അവിടെയൊക്കെ അലയാന്‍ തുടങ്ങിയെന്നും കിംവതന്തിയുണ്ട്. അതിനു കാരണം അവിടെയുണ്ടായിരുന്ന അസാധാരണമായ സന്തോഷമായിരുന്നു. അവിടേക്ക് ധാരാളിത്തം ഒരിക്കല്‍ കൂടി തിരിച്ചെത്തിയതിന്റെ സന്തോഷം.
ആദ്യമറുത്ത കാളയെ റെസ്റ്റോറര്‍ എന്ന് നഗരവാസികള്‍ വിളിച്ചിരുന്ന മോചകനു കൊടുത്തയച്ചു. പൊരിച്ചയിറച്ചി അദ്ദേഹത്തിനു വലിയ കാര്യമായിരുന്നു. അറവുകാരുടെ ഒരു കമ്മറ്റിയാണത് അദ്ദേഹത്തിനു സമര്‍പ്പിച്ചത്. അറവുശാലയിലെ ഫെഡറലിസ്റ്റുകളുടെ നാമത്തില്‍ സമര്‍പ്പിച്ചത്. അതിനൊപ്പം അവര്‍ സര്‍ക്കാരിന്റെ ഉത്തരവിനോടുള്ള നന്ദിയും അവിശ്വാസികളോടും ദൈവത്തിന്റേയും മനുഷ്യരുടേയും ശത്രുക്കളോടുള്ള വെറുപ്പും അവര്‍ പ്രകടിപ്പിച്ചു. അവരുടെ നെടുങ്കന്‍ പ്രഭാഷണങ്ങളോട് റസ്റ്റോറര്‍ പ്രതികരിച്ചു. അവര്‍ പറഞ്ഞതെല്ലാം കൂടുതല്‍ വിശദീകരിച്ചു. ആ ആഘോഷച്ചടങ്ങുകള്‍ അവസാനിച്ചത് ഇരുഭാഗത്തുനിന്നുമുള്ള വാചോടപങ്ങളോടേയും കോലാഹലങ്ങളോടേയുമായിരുന്നു. റസ്റ്റോറര്‍ക്ക് ഏറ്റവും അഭിവന്ദ്യനായ പിതാവില്‍ നിന്ന് ഉപവാസത്തില്‍ നിന്നദ്ദേഹത്തെ മുക്തനാക്കിക്കൊണ്ട് ഒരു ഇളവു ലഭിച്ചിരുന്നു എന്നാണനുമാനിക്കപ്പെടുന്നത്. അതല്ലെങ്കില്‍, അതികര്‍ശനമായി നിയമം പാലിക്കുന്ന, ഭക്തനായ കാതലിക്കനായ, മതത്തെ എല്ലാവിധത്തിലും പ്രതിരോധിക്കുന്ന, അദ്ദേഹം ഇങ്ങനെയൊരു വിശുദ്ധ ദിനത്തില്‍ ഇത്തരത്തിലൊരു സമ്മാനം കൈപ്പറ്റി ഒരു മോശം ഉദാഹരണം കാണിക്കില്ലായിരുന്നു.
അറവു തുടര്‍ന്നു. കാല്‍ മണിക്കൂറിനകം നാല്പത്തിയൊമ്പത് കാളകള്‍ നിരന്നു കിടന്നു. അവയില്‍ ചിലതിന്റെ ചര്‍മ്മമടര്‍ത്തിക്കഴിഞ്ഞിരുന്നു. ബാക്കിയുള്ളതിന്റെ ചര്‍മ്മം അടര്‍ത്താനുണ്ടായിരുന്നു. പ്‌ളാറ്റ നദിപ്രദേശത്തിനു തൊഴിലാളി വര്‍ഗ്ഗത്തിനു പ്രത്യേകമായുള്ള വിരൂപതകളും വിഴുപ്പും വൈരൂപ്യവുമെല്ലാമുണ്ടായിരുന്നു എങ്കിലും അറവുശാല ജീവസ്സുറ്റ, ചിത്രദര്‍ശിതമായ ഒരു കാഴ്ച പ്രദാനം ചെയ്തു. വായനക്കാര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ പിടിച്ചെടുക്കുന്നതിനായി അതിനെ ഹൃസ്വമായി വിവരിക്കുന്നത് അസ്ഥാനത്താകില്ല.
കോണ്വാലെസ്‌കെന്‍സിയ അഥവാ ആള്‍ടൊ അറവുശാല ബ്യുയനോസ് അയേഴ്സ്റ്റിന്റെ തെക്കുഭാഗത്താണു സ്ഥിതി ചെയ്യുന്നത്. രണ്ടു തെരുവുകള്‍ കൂടിച്ചേരുന്നിടത്ത് ദീര്‍ഘചര്‍തുരാകൃതിയില്‍. അതില്‍ ഒരു തെരുവ് അവിടെ അവസാനിക്കുന്നു, രണ്ടാമത്തേത് കിഴക്കോട്ടു പിന്നെയും യാത്രയാകുന്നു. അറവുശാലയ്ക്ക് തെക്കു ഭാഗത്തേക്കൊരു ചരിവുണ്ട്. അവിടെ മഴ മൂലം കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതു കൂടാതെ എലിമാളങ്ങളുമുണ്ട്. അതിന്റെ അറ്റത്താണ്, തടത്തിലാണ്, അറവുശാലയില്‍ നിന്നുള്ള രക്തമെല്ലാം ശേഖരിക്കപ്പെടുന്നത്. ഈ സമകോണു കൂടിച്ചേരുന്നിടത്ത്, പടിഞ്ഞാറഭിമുഖമായി, കാസില എന്നു വിളിക്കപ്പെടുന്ന കെട്ടിടം. അധികം ഉയരമില്ലാത്തതും മൂന്നു മുറികളുള്ളതുമാണത്. അതിന്റെ മുന്നില്‍ ഒരു പൂമുഖമുണ്ട്. തെരുവിന്നഭിമുഖമായി. അതുകൂടാതെ അവിടെ കുതിരകളെകെട്ടിയിടാനുള്ള കുറ്റികളും തറച്ചിട്ടുണ്ട്. പുറകില്‍ തൊഴുത്താണ്. അവിടെ കാളകളെ തടഞ്ഞു നിര്‍ത്താനുതകുന്ന വേലിക്കെട്ടും കനത്ത വാതിലുകളുമുണ്ട്.
ശീതകാലമായാല്‍ ഈ തൊഴുത്തുകള്‍ സത്യമായും ചളിക്കുളങ്ങളാകും. മൃഗങ്ങള്‍ അതിനകത്ത് ചലിക്കാതെ വിഷണ്ണരായിരിക്കും. കാസിലയിലാണ് തൊഴുത്തുകളുമായി ബന്ധപ്പെട്ട നികുതികളും നിയമലംഘനങ്ങള്‍ക്കുള്ള പിഴകളും ശേഖരിക്കുന്നത്. അവിടെ തന്നെയാണ് അറവുശാലയുടെ ന്യായിധപനിരിക്കുന്നതും. വലിയ അധികാരിയാണയാള്‍. റെസ്റ്റോററാണയാള്‍ക്ക്, ആ ചെറിയ റിപബ്‌ളിക്കില്‍, അധികാരം പതിച്ചു നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനേതു തരമാളെയാണാവശ്യം എന്നനുമാനിക്കുക അത്ര വിഷമകരമല്ല.
കാസില വളരെ ചെറുതും ജീര്‍ണ്ണിച്ചതുമായ ഒരു കെട്ടിടമാണ്. ഭീകരനായ ആ ന്യായിധപനുമായി കോര്‍ത്തുകെട്ടിയില്ലായിരുന്നു എങ്കില്‍ അങ്ങനെയൊരു കെട്ടിടം അവിടെയുള്ളത് ആരും ശ്രദ്ധിക്കുകയില്ലായിരുന്നു. അതിന്റെ മുന്നില്‍ വെളുത്ത നിറത്തില്‍ ”ഫെഡറലിസ്റ്റുകള്‍ നീണാള്‍ വാഴട്ടെ! റസ്റ്റോററും വീരനായിക ഡോന എങ്കാര്‍നാസിയോണ്‍ എസ്‌കൂറയും നീണാള്‍ വാഴട്ടെ! രാക്ഷസരായ അവിശ്വാസികള്‍ക്ക് മരണം!” എന്നെഴുതി വച്ചിട്ടുണ്ടായിരുന്നു. പലതും സൂചിപ്പിക്കുന്നതാണാ വാക്കുകള്‍ എന്നതില്‍ സംശയമില്ല. അറവുശാലയിലുള്ളവരുടെ മത, രാഷ്ട്രീയ വിശ്വാസത്തിന്റെ സൂചകവുമാണത്.
ഇവിടെ പറഞ്ഞിട്ടുള്ള വീരനായിക റസ്റ്റോററുടെ അന്തരിച്ച ഭാര്യയാണെന്ന് പല വായനക്കാര്‍ക്കും അറിവുണ്ടാകില്ല. അറവുകാരുടെ ഇഷ്ട രക്ഷാധികാരിയായിരുന്നു അവര്‍. അവരുടെ മരണശേഷവും അവരിന്നും ജീവിച്ചിരിക്കുന്നു എന്നതുപോലെ അറവുകാരെല്ലാം അവരെ ആദരിക്കുന്നു. അതിനു കാരണം ബല്‍കാര്‍സെയ്‌ക്കെതിരെയുള്ള വിപ്‌ളവകാലത്ത് അവര്‍ കാണിച്ച ഫെഡറല്‍ വീരനായകത്വവും കൃസ്ത്യന്‍ ധാര്‍മ്മികതകളുമാണ്. റോസയുടെ അനുചരരുടെ ഭീകര സമൂഹമായ മര്‍സാകയുമായി ബന്ധപ്പെട്ട ആ എന്നെന്നും ഓര്‍മ്മിച്ചിരിക്കുന്ന സംഭവത്തിന്റെ വാര്‍ഷികത്തില്‍ അറവുകാര്‍ അവരുടെ വീരനായികയ്ക്ക് കാസിലയില്‍ വിരുന്നു നല്‍കാറുണ്ട്. അവരും മക്കളും മറ്റ് ഫെഡറല്‍ വനിതകളും അതില്‍ സന്നിഹിതരാകും. വിരുന്നിനിടയില്‍, വലിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി, അവര്‍ അറവുകാര്‍ക്ക് ടോസ്റ്റ് ഉയര്‍ത്തും. അക്കാരണത്താല്‍ അവരെ അറവുകാര്‍ അറവുശാലയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു. കാസിലയുടെ ചുമരില്‍ അവരുടെ പേരെഴുതി വച്ചു. കാലം അതിനെ ഒന്നു മങ്ങിച്ചെങ്കിലും ഇന്നും ആ പേരവിടെ കാണാനാകും.
അറവുശാല ഇന്നു ദൂരെനിന്നു കാണുമ്പോള്‍ വികൃതമായി തോന്നും. അതിനകത്താണ് നാല്പത്തിയൊമ്പത് കാളകളെ ചര്‍മ്മമുരിഞ്ഞു കിടത്തിയിരിക്കുന്നതും ഇരുന്നുറില്‍ പരമാളുകള്‍ ചളിയും ചോരയും ചവിട്ടി നടക്കുന്നതും. ഓരോ കാളയ്ക്കും ചുറ്റിലും പല വര്‍ണ്ണങ്ങളിലുള്ള ഒരു ജനക്കൂട്ടവുമുണ്ട്. അവരില്‍ മുഖ്യന്‍ കത്തിയുമായി നില്‍ക്കുന്ന അറവുകാരന്‍ തന്നെ. കയ്യും നെഞ്ചും മറയ്ക്കാതെ, നീളന്‍ മുടി വലിച്ചുവാരിയിട്ട്, കുപ്പായത്തിലും അരപ്പട്ടയിലും രക്തം പുരണ്ടാണയാളുടെ നില്പ്പ്. അയാള്‍ക്ക് പുറകില്‍, അയാളുടെ ഓരോ ചലനങ്ങളും വീക്ഷിച്ച് കുട്ടികളുടെ ഒരു കൂട്ടം. അവര്‍ക്കൊപ്പം നീഗ്രൊ സ്ത്രീകളും മുല്ലാറ്റൊ സ്ത്രീകളും. പിന്നെ അവശിഷ്ടങ്ങള്‍ പെറുക്കിയെടുക്കുന്നവര്‍. അവരുടെ വിരൂപത്തരം ഏതൊരു ദുരബാധിച്ച വ്യക്തിയോടും കിടപിടിക്കുന്നതായിരുന്നു. പിന്നെ വലിയ നായ്ക്കള്‍ അവിടെ മണത്ത്, മുരണ്ട്, പരസ്പരം കടിപിടി കൂട്ടി നടക്കുന്നതും കാണാം. മേലാപ്പുകള്‍ കൊണ്ടു മൂടിയ നാല്പതില്‍ പരം വണ്ടികളില്‍ കറുത്ത നിറത്തിലാക്കിയ മൃഗചര്‍മ്മങ്ങള്‍. ആ വണ്ടികള്‍ മുറ്റത്ത് വരിയായി നില്‍ക്കുന്നു. കയ്യില്ലാക്കുപ്പായം ചുമലിലിട്ട്, ചാട്ട ജീനിയില്‍ ഞാത്തി ചില കുതിരക്കാര്‍ ഈ ജനക്കൂട്ടത്തിനിടയിലൂടെ സവാരി നടത്തുന്നു. ചിലര്‍ കുതിരയുടെ കഴുത്തില്‍ തലചായ്ച്ച് അവയുടെ പുറത്തു കിടക്കുന്നു. ഉത്തേജിതരായ ഈ ജനക്കൂട്ടത്തിലേക്ക് അവര്‍ ഇടക്കിടെ കണ്ണോടിക്കുന്നുണ്ട്. ആകാശത്ത് നീലയും വെള്ളയും കലര്‍ന്ന കടല്‍ പക്ഷികള്‍ വട്ടമിടുന്നുണ്ട്. അവര്‍ രക്തത്തിന്റെ ഗന്ധത്താല്‍ ആകൃഷ്ടരായവരാണ്. ഇടക്കിടെ അവ കൂട്ടമായി തന്നെ അറവുശാലയിലെ ബാക്കി സ്വരങ്ങളെയെല്ലാം വിഴുങ്ങുന്ന ഉച്ചത്തില്‍ അലറിക്കരഞ്ഞ് താഴേക്കു വരും. അത് ഭീകരമായ ആ അറവുശാലയിലെ അന്തരീക്ഷം കൂടുതല്‍ ആശയക്കുഴപ്പമുള്ളതാക്കും എന്നു മാത്രമല്ല അവയുടെ നിഴല്‍ അവിടെ പതിപ്പിക്കുകയും ചെയ്യും. അറവു തുടങ്ങിയപ്പോള്‍ മുതല്‍ അവിടെ കാണാനാകുന്ന കാഴ്ചകളാണിതെല്ലാം.
പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ പക്ഷേ ഈ ചിത്രത്തില്‍ വ്യത്യാസം വന്നു. ചില സംഘങ്ങള്‍ അടുത്തെവിടേയോ ഒരു വെടിയുണ്ട വഴിതെറ്റിയെത്തിയിരിക്കുന്നു എന്നതുപോലെ, അല്ലെങ്കില്‍ കോപിഷ്ടനായ ഒരു നായ അവരെ ആക്രമിക്കാനെത്തി എന്നതുപോലെ, എവിടേക്കോ അലിഞ്ഞില്ലാതായി. പകരം അവിടെ പുതിയ സംഘങ്ങള്‍ രൂപം കൊണ്ടു. കാളയെ വെട്ടിമുറിച്ചുകൊണ്ടിരിക്കുന്നിടത്തും, അറവുകാരന്‍ കാളക്കാലുകള്‍ വണ്ടിയിലെ കൊളുത്തുകളില്‍ ഞാത്തിയിടുന്നിടത്തും, കാളയുടെ ചര്‍മ്മം പൊളിച്ച് കൊഴുപ്പു മാറ്റുന്നിടത്തുമെല്ലാം ഇതു സംഭവിച്ചു. മാംസോച്ഛിഷ്ടത്തിലെക്ക് കണ്ണുനട്ടെത്തിയവര്‍ ഇടയില്‍ പെട്ടെന്ന് അവരുടെ വിഴുപ്പു നിറഞ്ഞ കൈ നീട്ടി കുറച്ചു കൊഴുപ്പോ മാംസമോ പറിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതു കണ്ട് അറവുകാര്‍ ഒച്ചയിട്ടു. പൊട്ടിത്തെറിച്ചു. അതിനൊപ്പം അവിടെയുള്ള ജനങ്ങളും പൊട്ടിത്തെറിച്ചു. തെരുവിലെ അനാഥക്കുട്ടികള്‍ അപ്പോള്‍ തുള്ളിച്ചാടി.
”ആ വൃദ്ധ തന്റെ മുലകള്‍ക്കിടയിലേക്ക് കുറച്ചു കൊഴുപ്പു തിരുകി ഒളിപ്പിക്കുന്നതു കണ്ടോ?” ആരോ ഒച്ചയിട്ടു.
”അതൊന്നും ഒന്നുമല്ല. അവനവിടെ തന്റെ പുറത്തുമുഴുക്കെ അതു വച്ചു തേക്കുന്നത് കണ്ടില്ലേ” എന്നായി വൃദ്ധ നീഗ്രൊ.
”നിന്നെ ഞാന്‍ വെട്ടിത്തുണ്ടമാക്കുന്നതിനു മുമ്പ് ഇവിടെ നിന്നു കടന്നു പോ കറുത്ത യക്ഷീ” അറവുകാരന്‍ അലറി.
”ഞാന്‍ നിനക്കെന്ത് ഉപദ്രവം ചെയ്തുവെന്നാ? ഇങ്ങനെ പിശുക്കനാകാതെ ഹുവാന്‍. ഞാനിതിന്റെ കുറച്ച് കുടലല്ലേ എടുത്തുള്ളു?”
”ഈ യക്ഷിയെ ഇവിടെ നിന്നു പുറത്താക്കണം. യക്ഷി” കുട്ടികള്‍ ഒന്നിച്ചോരിയിട്ടു. ”ഇവള്‍ ഇതാ വൃക്കകളെല്ലാമെടുക്കുന്നു.”
അതു പറഞ്ഞതും രക്തവും ചളിയും നിറഞ്ഞ മണ്ണുരുളകള്‍ അവരുടെ തലയിലേക്ക് വര്‍ഷിക്കാനാരംഭിച്ചു.
അതിനരികില്‍ രണ്ടു നീഗ്രൊ സ്തീകള്‍ ഒരു മൃഗത്തിന്റെ കുടല്‍മാല വലിച്ചെടുക്കുന്നുണ്ടായിരുന്നു. ഒരു മുല്ലാറ്റൊ സ്ത്രീ തലയിലൊരു ചുമട് കുടലുമായി പോകുന്നതിനിടയില്‍ നിലത്തു കെട്ടിക്കിടന്ന രക്തത്തില്‍ കാലുവഴുക്കി മലര്‍ന്നടിച്ചു വീണു. അതിനപ്പുറത്ത് നാനൂറോളം നീഗ്രൊ സ്ത്രീകള്‍ കുറേ സമയമായി കൂട്ടം കൂടി നില്പുണ്ടായിരുന്നു. അവര്‍ ഈ കുടല്‍മാലയുടെ ചുരുളുകള്‍ നിവര്‍ത്തി അതില്‍ നിന്നാകാവുന്നത് മടിയില്‍ വച്ചു. അതിനൊപ്പം അറവുകാരന്റെ ആര്‍ത്തിയുള്ള കത്തിയ്‌ക്കെത്താനാകാതായ കൊഴുപ്പിന്റെ തുണ്ടുകളും അവര്‍ പെറുക്കിയെടുത്തു. മറ്റു ചില സ്ത്രീകള്‍ കാളയുടെ വയറും മറ്റും ഉണക്കി അതില്‍ മാംസാവശിഷ്ടങ്ങള്‍ നിറച്ചു.
കുറേ ആണ്‍കുട്ടികള്‍ അവിടെ തുള്ളിച്ചാടി നടക്കുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ കുതിരപ്പുറത്താണെങ്കില്‍ ചിലര്‍ അല്ലാതെയുമുണ്ടായിരുന്നു. അവര്‍ മൂത്രസഞ്ചികള്‍ തിരഞ്ഞെടുത്ത് വീര്‍പ്പിച്ച് പരസ്പരം എറിഞ്ഞു. അതല്ലെങ്കില്‍ മാംസത്തുണ്ടുകളെടുത്തെറിഞ്ഞു. അവരുടെ ബഹളം കടല്‍ പക്ഷികളെ ഭയപ്പെടുത്തി. ആ പക്ഷികള്‍ ചിറകടിച്ച് അറവ് ആസ്വദിക്കാനെത്തിയതായിരുന്നു. റസ്റ്റോററുടെ ഉത്തരവും അതൊരു പുണ്യദിവസമായിരുന്നു എന്നതും മറന്നുകൊണ്ട് നാലുഭാഗത്തു നിന്നും തെറിവിളികളും ഉയരുന്നുണ്ടായിരുന്നു. അറവുശാലകളില്‍ ജനകീയമായ ഹൃദയശൂന്യതയും ദോഷാനുദര്‍ശനവും നിറഞ്ഞ ആക്രോശങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കൂടുതല്‍ വിഴുപ്പുകള്‍ നിരത്തിക്കാണിച്ച് വായനക്കാരെ വിനോദിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല.
പെട്ടെന്ന് ആരുടെയെങ്കിലും തലയിലേക്ക് രക്തം നിറഞ്ഞ ശ്വാസകോശത്തിന്റെ കട്ടകള്‍ വന്നു പതിക്കും. അയാള്‍ അതെടുത്ത് മറ്റൊരാളെ എറിയും. അതങ്ങനെ ബീഭത്സനായ ഒരു നായക്കരികിലെത്തും. അതാ തുണ്ട് കടിച്ചെടുക്കും അപ്പോള്‍ മറ്റു നായ്ക്കള്‍ അവനരികിലെത്തും. അവയെല്ലാം ഒരു കാരണവുമില്ലാതെ ഒന്നിച്ചോരിയിടും. പരസ്പരം കടികൂടും. ചിലപ്പോള്‍ മുഖത്തെല്ലാം രക്തം വാരിത്തേച്ച്, കോപാകുലയായി, ഏതെങ്കിലും വൃദ്ധയോടിയെത്തും. അവര്‍ ഏതെങ്കിലും വിഴുപ്പു പെറുക്കുന്നവര്‍ക്ക് പുറകെയാകും ഓടുന്നത്. അവരുടെ മുഖത്ത് ഇങ്ങനെ രക്തം വാരിത്തേച്ചവനു പുറകെ. ഒച്ചകേട്ട് അയാളുടെ സഹായികള്‍ സഹായത്തിനെത്തും. അവര്‍ ആ വൃദ്ധയെ ഒരു കാള എങ്ങനെ നായ്ക്കളെ ആക്രമിക്കുന്നോ അതുപോലെ ശല്യം ചെയ്യും. അവള്‍ക്ക് മുകളിലേക്ക് മാംസത്തുണ്ടുകള്‍ വലിച്ചെറിഞ്ഞ് ആര്‍ത്ത് ചിരിക്കും. അവസാനം ക്രമസമാധാനം നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് ന്യായാധിപനെത്തും.
മറ്റൊരിടത്ത് രണ്ടാണ്‍കുട്ടികള്‍ കത്തി എങ്ങനെ ഉപയോഗിക്കണം എന്നതു പരിശീലിക്കുന്നുണ്ടായിരുന്നു. പരസ്പരം കത്തി വീശിയും ഭയപ്പെടുത്തും വിധം കുത്താനോങ്ങിയും പരിശീലിക്കുന്നുണ്ടായിരുന്നു. അതിനുമപ്പുറത്ത് ഇവരേക്കാള്‍ പക്വതയുള്ള നാലുപേര്‍ ഒരു അറവുകാരനില്‍ നിന്നവര്‍ മോഷ്ടിച്ച മാസോച്ഛിഷ്ടത്തിനായി യുദ്ധത്തിലായിരിക്കുന്നു. അവര്‍ക്കരികിലും ഏതാനും നായ്ക്കളുണ്ട്. നിരന്തരമായി പട്ടിണി കിടന്ന് മെലിഞ്ഞവ. അവ ഒരു തുണ്ട് വൃക്ക ലഭിക്കാനായി മണ്ണിനോടും പരസ്പരവും പോരാടുന്നു. ഇതെല്ലാം നമ്മുടെ രാജ്യത്ത് വ്യക്തികളുടേയും സമൂഹത്തിന്റേയും കലഹങ്ങള്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെടുന്നു എന്നതിന്റെ രാക്ഷസീയ രൂപത്തിന്റെ ചെറു മാതൃകകളായിരുന്നു.
തൊഴുത്തില്‍ ഒരു നീളന്‍ കൊമ്പുകാരന്‍ മാത്രമായി. വീതിയുള്ള നെറ്റിയും ഭയപ്പെടുത്തുന്ന നോട്ടവുമുള്ളവന്‍. അതിന്റെ കുലമഹിമ തീര്‍ച്ചപ്പെടുത്തനായില്ല. ചിലര്‍ അത് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു വെറും കാളയാണെന്നും മറ്റു ചിലര്‍ അങ്ങനെയെല്ല അവനെ അറുക്കാനായി വളര്‍ത്തിയതാണെന്നും അഭിപ്രായപ്പെട്ടു. അതിന്റെ സമയം അടുത്തു തുടങ്ങി. ഊരാക്കുടുക്കുകളുള്ള കയറേന്തിയ രണ്ടു പേര്‍ കുതിരപ്പുറത്ത് തൊഴുത്തിലേക്കു കയറി. ജനക്കൂട്ടം അതിനരികില്‍ കുതിരപ്പുറത്തോ അല്ലാതേയോ ഉലാത്തിക്കൊണ്ടിരുന്നു. ചിലര്‍ അവിടെ തൂണുകളിലും മച്ചിലും ഞാന്നു കിടന്നു. ബീഭത്സമായ ഒരു സംഘം തൊഴുത്തിന്റെ പടിവാതില്‍ക്കല്‍ രൂപപ്പെട്ടു. ഊരാക്കുടുക്കേന്തിയവരും കാളയെ കെട്ടാനുള്ളവരും നടന്നാണു ചെന്നത്. അവരുടെ കൈകളില്‍ കയറുകളല്ലാതെമറ്റൊന്നുമില്ലായിരുന്നു. തലയില്‍ ചുവന്ന ഉറുമാലുകൊണ്ടൊരു കെട്ടുണ്ടായിരുന്നു. ചുവന്ന അരക്കച്ചയും മാര്‍ക്കവചവും ധരിച്ചിരുന്നു. അവര്‍ക്ക് പുറകില്‍ അനേകര്‍ കുതിരപ്പുറത്തും അല്ലാതേയും നിന്നു. ആകാംക്ഷനിറഞ്ഞ കണ്ണുകളുള്ള കാണികളായിരുന്നു അവര്‍.
കൊമ്പില്‍ ആദ്യ കുരുക്കു മുറുകിയപ്പോഴേ ആ മൃഗത്തിനു കോപം വന്നു. അതുച്ചത്തില്‍ മുക്രയിട്ടു. അതൊട്ടിപ്പിടിച്ചു നിന്ന പശനിറഞ്ഞതുപോലെയുള്ള മണ്ണില്‍ നിന്നതിനെയൊന്നനക്കാന്‍ കരുത്തുള്ള അല്ലെങ്കില്‍ കൗശലമുള്ള ഒരു ചെകുത്താനും അവിടെയില്ലായിരുന്നു. അതിനെ ഊരാക്കുടുക്കില്‍ മുറുക്കുക അപ്പോള്‍ അസാധ്യമായി. തൂങ്ങിക്കിടന്ന് കാഴ്ച കണ്ടിരുന്നവര്‍ പരുക്കന്‍ സ്വരങ്ങളില്‍ ഓരിയിട്ടു. പുതപ്പും ഉറുമാലുമെടുത്ത് പലരും അതിനെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. ചീറ്റല്‍, കയ്യടി, ഓരി, തുടങ്ങിയ സ്വരങ്ങള്‍ തീര്‍ത്ത സംഗീത സഭ ഭയാനകമായിരുന്നു.
ഹാസ്യാത്മക ടിപ്പണികള്‍, അശ്‌ളീലം കലര്‍ന്ന അത്ഭുതാരവങ്ങള്‍ എന്നിവയെല്ലാം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. അത് ആ ഉത്സവര്‍ത്തിനൊരു ആവേശം നല്‍കുകയോ അതിഭാഷിയായ നാക്കിനു കൊളുത്തിടുകയോ ചെയ്തു. എല്ലാവരും അവരുടെ കൗശലങ്ങള്‍ ഉപദേശരൂപത്തില്‍ നല്‍കിക്കൊണ്ടിരുന്നു. അവരില്‍ തമാശപറയാനുള്ള കഴിവുകളേയും പുറത്തെടുത്തുകൊണ്ടിരുന്നു.
”എന്നു വച്ചാല്‍ മുയലിനു പകരം ഇവര്‍ നമുക്ക് പൂച്ചയെ സമമനിക്കാനാണുദ്ദേശിക്കുന്നതെന്ന്, അല്ലേ?”
”അങ്ങനെയല്ല. ഇതൊരു നല്ല കാളയാണ്. വയലിലിറക്കി ക്ഷീണിപ്പിച്ചവനല്ല. അതു ഞാന്‍ ഉറപ്പു പറയാം.”
”ഇതൊരു വൃദ്ധന്‍ കാളയാണെന്ന് കണ്ടാലറിയില്ലേ?”
”നാശം തന്നെ. നീ അതിന്റെ വൃഷണമെനിക്ക് കാണിച്ചു താ, അപ്പോള്‍ ഞാന്‍ വിശ്വസിക്കാം.”
”അതിന്റെ കാലിനിടയില്‍ ഞാന്നു കിടക്കുന്നത് നിനക്ക് കാണാനില്ലേ? അതിനോരോന്നിനും നിന്റെ കുതിരയുടെ തലയേക്കാള്‍ വലിപ്പമുണ്ട്. നീ എന്താ കണ്ണെവിടെയെങ്കിലും മറന്നു വച്ചിട്ടാണോ വന്നിരിക്കുന്നത്?”
”നിന്റെ തള്ളയാണ് അന്ധ. അവരല്ലേ നിന്നെപ്പോലെ ഒരു മരക്കുറ്റിയ്ക്ക് ജന്മം തന്നത്. അതിന്റെ കാലിനിടയിലുള്ളത് വെറും മണ്ണാണെന്ന് നിനക്കു കാണാനാകുന്നില്ലേ?”
”എന്തു തരം കാളയുമാകട്ടെ. ഇതിനെന്തായാലും ഒരു അവിശ്വാസിയുടെ കൗശലമുണ്ട്.”
”അവിശ്വാസി” എന്ന വാക്കു കേട്ടതും അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഒന്നിച്ച് ”കിരാതരായ അവിശ്വാസികള്‍ ചത്തുതുലയട്ടെ” എന്നാര്‍പ്പു വിളിച്ചു.
”ആ നായിന്റെ മക്കളെയെല്ലാം ഒറ്റക്കണ്ണനു കൊടുക്കാം.”
”ഒറ്റക്കണ്ണന് നിരീശ്വരവാദികളെയെല്ലാം ഒന്നിച്ച് കൈകാര്യം ചെയ്യാനാകും.”
”അതെ, അതെ. ഈ കാളയെ നമുക്ക് അവിശ്വാസിയുടെ തലകൊയ്യുന്ന മറ്റാസീറ്റെയ്ക്ക് കൊടുക്കാം. മറ്റാസിറ്റെ നീണാള്‍ വാഴട്ടെ.
”ഈ കാള മറ്റാസീറ്റെയ്ക്ക്.”
”അതിതാ പോകുന്നു” ആരോ ഒച്ചയിട്ടു. ഭീരുക്കളായ ആ ജനക്കൂട്ടത്തിന്റെ ആരവത്തിനു തടസ്സമായിക്കൊണ്ട് ഒച്ചയിട്ടു. ”ആ കാള ഇതാ പോകുന്നു.”
”ശ്രദ്ധിക്കണേ. പടിവാതില്‍ക്കലുള്ളവര്‍ പ്രത്യേകിച്ചു. അതിതാ ഓട്ടമായിരിക്കുന്നു. ഭ്രാന്തുപിടിച്ചതുപോലെയാണതോടുന്നത്.”
അതു സത്യമായിരുന്നു. അവിടെയുള്ള ബഹളവും വാലില്‍ ലഭിച്ച രണ്ടു കുത്തും അതിനെ ഭ്രാന്തനാക്കിയിരുന്നു. ആ മൃഗം തന്നിലിട്ടിരിക്കുന്ന കുടുക്കിനത്ര ബലമില്ല എന്നു ഗണിച്ചെടുത്ത് പടിക്കലേക്ക് കുതിച്ചു. മുക്രയിട്ടും ഇടത്തോട്ടും വലത്തോട്ടും ചുവപ്പന്‍ നോട്ടങ്ങള്‍ സമ്മാനിച്ചും കുതിച്ചു. ഊരാക്കുടുക്കുമായി വന്നവര്‍ അവനിലിട്ട കയറൊന്ന് മുറുക്കാനുള്ള ശ്രമത്തിലായി. അതിലൊരുത്തന്റെ കുതിര അവസാനം മുട്ടുമടക്കി വീണു. പെട്ടെന്ന് കാളയുടെ കൊമ്പില്‍ വീണിരുന്ന കുരുക്ക് പൊട്ടി. അത് വായുവില്‍ ഊഞ്ഞാലാടി. അതിനെത്തുടര്‍ന്ന് മരവേലിയില്‍ നിന്ന് ഒരു കുഞ്ഞിന്റെ തല ഉരുണ്ടു വീഴുന്നതു കണ്ടു. ഒരു മഴുകൊണ്ടു വെട്ടിയിട്ടതുപോലെ ഉരുണ്ടു വീഴുന്നത്. അവന്റെ ശരീരത്തിനപ്പോഴും അനക്കമില്ലായിരുന്നു. അതൊരു മരക്കുറ്റിയില്‍ കുത്തിനിര്‍ത്തിയിരിക്കുകയായിരുന്നു. അതിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും രക്തമൊഴുകാനാരംഭിച്ചു.
”കെട്ടിയ കയറു പൊട്ടി. കാളയിതാ ഓടുന്നു” ആരോ വിളിച്ചു കൂവി. കാണികളില്‍ ചിലര്‍ക്കതൊരു അത്ഭുതമായി. അവര്‍ നിശ്ശബ്ദരായി. ഇതൊക്കെ ഇടിമിന്നലിന്റെ വേഗത്തിലാണു സംഭവിച്ചത്. പടിവാതില്‍ക്കലുള്ള ജനക്കൂട്ടം അപ്രത്യക്ഷമായി. ചിലര്‍ ആ കുഞ്ഞിന്റെ വിറയ്ക്കുന്ന കബന്ധത്തിനു ചുറ്റിലും ഒത്തുകൂടി. അവരുടെ മുഖത്ത് അത്ഭുതവും ഭയവും നിഴലിച്ചു. കുതിരക്കാരില്‍ അധികമാരും ഈ ദുരന്തം അറിഞ്ഞിരുന്നില്ല. അവര്‍ കാളയുടെ പുറകെ എന്നാല്‍ വിവിധ ദിശകളില്‍ ഓട്ടമായി. അവരെല്ലാം ഉച്ചത്തില്‍ ”കാളയിതാ ഓടുന്നേ! അതിനെ പിടിച്ചു നിര്‍ത്ത്! ശ്രദ്ധിക്കണേ! ഊരാക്കുടുക്കിട്! നിനക്കു പുറകെയാണതു വരുന്നത് ബോടീഹ. അതിനു ഭ്രാന്തായിരിക്കുന്നു. അതിനരികിലേക്ക് പോകരുത്. അതിനെ തടയ് മൊറാദൊ. തടയ്. നിന്റെ ആ തള്ളയെ അവിടെ നിന്നു മാറ്റ്. ചെകുത്താനു മാത്രമേ ആ കാളയെ ഇനി തടയാനാകൂ എന്നു തോന്നുന്നു.”
ബഹളം നരകതുല്യമായിരുന്നു. ഏതാനും നീഗ്രൊ പെണ്ണുങ്ങള്‍ ഒരു കുഴിക്കരികിലിരിപ്പുണ്ടായിരുന്നു. ഈ ബഹളം കേട്ടതും അവര്‍ കുടല്‍മാലകളെ മുറുകെപ്പിടിച്ചു. അവരതു വീതിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. കാള അവര്‍ക്കരികിലേക്ക് കുതിച്ചെത്തി. ഉച്ചത്തില്‍, അതിഭീകരമായി മുക്രയിട്ടു. എന്നിട്ട് ആര്‍ക്കരികിലൂടെ ഒരു വശത്തേക്കെടുത്തു ചാടി മുന്നിലേക്ക് കുതിച്ചു. അതിനു പുറകെ കുതിരക്കാരും ചെന്നു. സ്ത്രീകളില്‍ ഒരാള്‍ അവരുടെ മൂത്രസഞ്ചി അവിടെ വച്ചു തന്നെ ഒഴിവാക്കി എന്നും മറ്റൊരാള്‍ ഏതാനും സെക്കന്റുകളില്‍ പത്തുതവണ `നന്മ നിറഞ്ഞ മറിയമേ` ചൊല്ലി എന്നും മറ്റു രണ്ടുപേര്‍ സാന്‍ ബെനിറ്റൊയോട് ഇനിയൊരിക്കലും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുകയില്ല, എന്നെന്നേക്കുമായി ഇങ്ങനെ മാംസാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത് അവസാനിപ്പിക്കുമെന്നുറപ്പു നല്‍കിയതായും പറയപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ ആ വാഗ്ദാനം പാലിച്ചോ എന്നറിയാന്‍ മാര്‍ഗ്ഗമൊന്നുമില്ല.
ഇതിനിടയില്‍ കാള ഒരു ഇടുങ്ങിയ തെരുവിലൂടെ നഗരത്തില്‍ പ്രവേശിച്ചു. നേരത്തെ നമ്മള്‍ വിവരിച്ച സമകോണിന്റെ ഏറ്റവും ചെറിയ കോണിലൂടെയാണത് നഗരത്തില്‍ പ്രവേശിച്ചത്. അവിടെ ഒരു കുഴിയും കള്ളിച്ചെടികള്‍ കൊണ്ടുള്ള ഒരു വേലിയുമുണ്ടായിരുന്നു. ഒരു കാലത്തത് ”ആളൊഴിഞ്ഞ” തെരുവായിരുന്നു. അന്നവിടെ ആകെ രണ്ടു വീടുകളേയുള്ളു. അതിന്റെ മദ്ധ്യത്തില്‍ നിറയെ ചതുപ്പായിരുന്നു. അതിനരികില്‍ ഒരു ഇംഗ്‌ളീഷുകാരനൊരു ഉപ്പു നിര്‍മ്മാണ ശാലയുണ്ടായിരുന്നു. അയാള്‍ വീട്ടിലേക്ക് മടങ്ങുന്ന സമയത്താണീ ആരവമെല്ലാമുണ്ടായത്. ഒട്ടൊന്ന് അമ്പരന്ന് തന്റെ കുതിരപ്പുറത്താണയാള്‍ ആ ചതുപ്പ് മുറിച്ചു കടന്നുകൊണ്ടിരുന്നത്. മാത്രമല്ല അയാളും അപ്പോള്‍ തന്റേതായ ചിന്തകളിലായിരുന്നു. അതുകൊണ്ടു തന്നെ തന്നെത്തേടി വന്നുകൊണ്ടിരുന്ന ഒച്ചയും ബഹളവും അയാള്‍ കേട്ടില്ല. കുതിരക്കാര്‍ കുതിച്ചെത്തുന്നതോ കാള ചതുപ്പു മുറിച്ചു കടക്കുന്നതോ അറിഞ്ഞില്ല. അയാളുടെ കുതിര പക്ഷേ ഭയന്നു. ഒരു വശത്തേക്കെടുത്തു ചാടി എവിടേക്കോ ഓടിപ്പോയി. ആ പാവം മനുഷ്യന്‍ അര വാരയോളം ചളിയില്‍ പുതഞ്ഞു. എന്നാല്‍ ഇതൊന്നും കാളയേയോ അതിനെ പിന്തുടരുന്നവരേയോ ബാധിച്ചില്ല. പകരം അവര്‍ ഇതുകണ്ട് പരിഹാസ രൂപേണ ചിരിച്ചു. ”ആ ഇംഗ്‌ളീഷുകാരന്‍ മുങ്ങിച്ചത്തു. എഴുന്നേല്ക്ക് ഇംഗ്‌ളീഷുകാരാ” എന്നവര്‍ വിളിച്ചു കൂവി. അങ്ങനെ കൂവിക്കൊണ്ടാണവര്‍ ചതുപ്പിനപ്പുറത്തേക്കു നീങ്ങിയത്. അവരുടെ കുതിരകള്‍ അയാളെ ചവുട്ടി മെതിക്കുകയും ചെയ്തു. ഇംഗ്‌ളീഷുകാരന്‍ തനിക്കാവുന്നതുപോലെ അവിടെ നിന്ന് സ്വന്തം ശരീരം വലിച്ചിഴച്ച് പുറത്തേടുത്തു. പക്ഷേ അപ്പോഴേക്കും അയാള്‍ സ്വര്‍ണ്ണത്തലമുടിയുള്ള ഒരു വെള്ളക്കാരനെന്നതിനു പകരം തീയ്യില്‍ ചുട്ടെടുത്ത ചെകുത്താനെപ്പോലെയായിട്ടുണ്ടായിരുന്നു.
”കാള! കാള!” എന്ന ബഹളം കേട്ട്, കുറച്ചപ്പുറത്ത്, മാംസാവശിഷ്ടങ്ങള്‍ പങ്കിട്ടെടുക്കാനിരുന്ന നാലു നീഗ്രൊ പെണ്ണുങ്ങള്‍ കൊള്ളമുതല്‍ ഉപേക്ഷിച്ച് അവരിരുന്നതിനപ്പുറത്തുള്ള വെള്ളത്തിലേക്ക് കൂപ്പു കുത്തി. അതല്ലാതെ മറ്റൊരു അഭയസ്ഥാനം അവര്‍ക്കപ്പോള്‍ ലഭ്യമല്ലായിരുന്നു.
ഇതിനിടയില്‍ ആ കാള പലദിശകളിലേക്കായി അനേകം നാഴിക ഓടിയിട്ടുണ്ടായിരുന്നു. ആ വഴികളിലുള്ള ജീവജാലങ്ങളെയെല്ലാം അത് ഭയപ്പെടുത്തി. എന്നിട്ടത് ഒരു കൃഷിക്കളത്തിന്റെ പുറകുവശത്തുകൂടിയുള്ള പടിവാതിലിലൂടെ അകത്തു കയറി. അവിടെ അതതിന്റെ നിര്‍ഭാഗ്യത്തെ നേരിട്ടു. ഓടി തളര്‍ന്നിരുന്നു എങ്കിലും അത് അപ്പോഴും അതിന്റെ ഊര്‍ജ്ജസ്വലതയും കടും കോപം മൂലമുള്ള കരുത്തും പ്രകടമാക്കിക്കൊണ്ടിരുന്നു. എന്നാല്‍ ആ പ്രദേശത്തിനു ചുറ്റിലും കിടങ്ങുപോലെ കുഴികളും കള്ളിമുള്‍ ചെടികളുടെ വേലിക്കെട്ടുമുണ്ടായിരുന്നതിനാല്‍ അതിനവിടെ നിന്ന് രക്ഷപ്പെടാനായില്ല. ചിതറിയോടിയിരുന്നവര്‍ അപ്പോഴേക്കും ഒന്നിച്ചു കൂടി. അതിനെ ഇണക്കിയെടുത്ത മൃഗങ്ങളുടെ സഹായത്തോടെ തിരികെ കൊണ്ടുപോകാന്‍ തീരുമാനിച്ചു. അങ്ങനെ അതിനതു ചെയ്ത കുറ്റകൃത്യങ്ങളെന്തൊക്കെ എന്ന് അതു ചെയ്ത സ്ഥലത്തു വച്ചു തന്നെ കാണിച്ചുകൊടുക്കാനും അതനുസരിച്ചതിനെ വിസ്തരിക്കാനുമാകും എന്നവര്‍ കരുതി.
ഈ പോരാട്ടം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം കാള തിരികെ അറവുശാലയിലെത്തി. അവിടെ അപ്പോഴേക്കും ജനക്കൂട്ടത്തിന്റെ സംഘശേഷി കുറഞ്ഞിരുന്നു. അവിടെയുണ്ടായിരുന്നവര്‍ കാളയുടെ തെറ്റായ പെരുമാറ്റത്തെക്കുറിച്ച് സംസാരിച്ചു. വെള്ളക്കാരനൊരുവന്‍ ചളിയില്‍ കുടുങ്ങിയ വാര്‍ത്ത പറഞ്ഞ് ഉച്ചത്തില്‍ ചിരിച്ചു. ആക്ഷേപഹാസ്യം നിറഞ്ഞ ടിപ്പണികള്‍ അതിനെക്കുറിച്ചുണ്ടായി.
ഊരാക്കുടുക്കില്‍ പെട്ട് കഴുത്തറ്റ കുട്ടി നിന്നിരുന്നിടത്തപ്പോള്‍ കുറേ രക്തം മാത്രം തളം കെട്ടി കിടന്നു. അവന്റെ ശരീരം അവിടെ നിന്നു മാറ്റിയിരുന്നു.
ചാടിക്കളിക്കുകയും പുറകിലേക്കോടാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്ന ആ മൃഗത്തിന്റെ കൊമ്പുകളിലേക്ക് അവര്‍ ഊരാക്കുടുക്കിട്ടു. അതിനു ശേഷമെറിഞ്ഞ രണ്ടോ മൂന്നോ കയറുകള്‍ പക്ഷേ ലക്ഷ്യം കണ്ടില്ല. കാള മുക്രയിട്ടു ചാടിക്കൊണ്ടിരുന്നു. എന്നാല്‍ നാലാമത്തേത് അതിന്റെ കാലില്‍ കുടുങ്ങി. അപ്പോള്‍ അതിന്റെ ഊര്‍ജ്ജവും കോപവും ഇരട്ടിച്ചു. നാക്ക് പുറത്തേക്ക് നീണ്ടു. അതില്‍ നിന്ന് ഉമിനീര്‍ ധാരയായി ഒലിച്ചുകൊണ്ടിരുന്നു. നാസാരന്ധ്രളില്‍ നിന്ന് ആവി വന്നു. കണ്ണുകള്‍ തീജ്ജ്വാലകളെ വമിപ്പിച്ചു.
”അതിനെ തട്ടിതാഴെയിടൂ” ആധികാരികതയുള്ള ഒരു സ്വരം ഉത്തരവിട്ടു. മറ്റാസീറ്റെ തന്റെ കുതിരപ്പുറത്തുനിന്നിറങ്ങി. ആ കാളയുടെ കാലില്‍ ആഞ്ഞടിച്ചു. കയ്യില്‍ കഠാരയുമായി അതിനെയൊന്നും വലം വച്ചു. അവസരം ലഭിച്ചപ്പോള്‍ കാളയുടെ കഴുത്തിലേക്ക് കഠാര കയറ്റി. അതുടന്‍ വലിച്ചെടുക്കുകയും ചെയ്തു. എന്നിട്ടതിലെ ചുവപ്പ് കാണികളെ കാണിച്ചു. ആ മുറിവില്‍ നിന്ന് ചോര കുത്തിയൊഴുകി. കാള ഉച്ചത്തില്‍ അമറിക്കരഞ്ഞു. അതൊന്ന് വിറച്ച് നിലത്തു വീണു. ജനക്കൂട്ടം ആര്‍പ്പു വിളിച്ചു. മറ്റാസീറ്റെയെ അവര്‍ അന്നത്തെ വീരനായകനായി പ്രഖ്യാപിച്ചു. കാളയുടെ ഏറ്റവും മുന്തിയ മാംസക്കഷണം അയാള്‍ക്ക് ഇനാമായി നല്‍കണമെന്നു പറഞ്ഞു. അയാള്‍ അഭിമാനത്തോടെ രക്തം പുരണ്ട കത്തിയുമായി കയ്യുയര്‍ത്തി. അപ്പോഴേക്കും അയാളുടെ സഹായികള്‍ കാളയുടെ ചര്‍മ്മം ഉരിഞ്ഞെടുക്കുന്നതിനുള്ള തിരക്കിലായിട്ടുണ്ടായിരുന്നു.
അപ്പോഴും തീരുമാനമാകാത്ത ഒരു വിഷയമുണ്ടായിരുന്നു. അതൊരു സാധാരണ കാളയാണോ അതോ മാംസത്തിനായി വളര്‍ത്തപ്പെട്ടതാണോ? അതിന്റെ ക്രൗര്യം കണ്ട് അതൊരു സാധാരണ കാളയാണെന്നൊരു ധാരണ വന്നിരുന്നു. അതിന്റെ ദീര്‍ഘിച്ച പ്രകടനം ഈ കാര്യത്തില്‍ വ്യക്തത വരുത്തുന്നതാണെന്നും അവര്‍ക്കിടയില്‍ സംസാരമുണ്ടായി. എന്നാല്‍ പെട്ടെന്ന് അറവുകാരന്‍ ഉച്ചത്തില്‍ ”അതിന്റെ വൃഷണങ്ങളിതാ” എന്നലറിപ്പറഞ്ഞു. അയാള്‍ കയ്യുയര്‍ത്തി കാളയുടെ ഛേദിച്ചെടുത്ത വൃഷണങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു.
അന്നത്തെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ പലവിധത്തില്‍ ചര്‍ച്ചയായി. ചിരികളുണര്‍ത്തി. മാംസാവശ്യങ്ങള്‍ക്കല്ലാതെ വളര്‍ത്തുന്ന കാളകളെ അറവുശാലയിലെത്തിക്കുന്നതിനു വിലക്കുണ്ടായിരുന്നു എങ്കിലും ഇത് അപൂര്‍വ്വമായ ഒരു സംഭവമായി. നിയമങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ ഈ കാളയെ നായ്ക്കള്‍ക്കെറിഞ്ഞുകൊടുക്കണം. എന്നാല്‍ അപ്പോള്‍ മാംസം ദുര്‍ലഭമായിരുന്നതിനാലും പലരും വിശന്നിരിക്കുന്ന അവസ്ഥയിലായിരുന്നതിനാലും അത് ഉപദേശിക്കാവുന്നതല്ല എന്ന നിര്‍ണ്ണയത്തില്‍ ന്യായാധിപനെത്തി.
ഒട്ടും താമസിയാതെ അവര്‍ കാളയുടെ ചര്‍മ്മം അടര്‍ത്തിയെടുത്തു. അതിനെ വണ്ടിയില്‍ തൂക്കിയിട്ടു. തനിക്കിഷ്ടപ്പെട്ട മാംസക്കഷണം മറ്റാസീറ്റെ തിരഞ്ഞെടുത്തു. അത് തന്റെ കുതിരപ്പുറത്ത് വച്ചു കെട്ടി വീട്ടിലേക്ക് പോകാന്‍ തയ്യാറായി. ഉച്ചയോടെ അന്നത്തെ അറവ് അവസാനിച്ചു. അവിടെ കൂടിനിന്നിരുന്ന ബാക്കിയുള്ളവരും തിരിച്ചുപോകാനൊരുങ്ങി. ചിലര്‍ നടന്നും ചിലര്‍ കുതിരപ്പുറത്തും ഇനിയും ചിലര്‍ മാംസം നിറച്ച വണ്ടികള്‍ വലിച്ചും പോകാനൊരുങ്ങി.
പെട്ടെന്ന് അറവുകാരന്റെ പരുഷസ്വരം അവിടെ മുഴങ്ങി. ”ഇതാ ഒരു അവിശ്വാസി വരുന്നു.” എന്നയാള്‍ വിളിച്ചു പറഞ്ഞു. ആ വാക്കു കേട്ടതും പിരിഞ്ഞുപോകാന്‍ തയ്യാറായിക്കൊണ്ടിരുന്ന ജനക്കൂട്ടം ഇടിവെട്ടേറ്റതുപോലെ നിന്നു.
”അയാളുടെ അര്‍ദ്ധവൃത്താകൃതിയിലുള്ള കൃതാവു കാണാനില്ലേ? അയാള്‍ കോട്ടില്‍ പദവിമുദ്രകളൊന്നും ധരിച്ചിട്ടില്ല എന്നും തൊപ്പിയില്‍ ദുഃഖസൂചക ചിഹ്നങ്ങളില്ല എന്നും കാണാനില്ലേ?”
”ഹീനനായ അവിശ്വാസി.”
”നായിന്റെ മോന്‍.”
”ആ വെള്ളക്കാരന്റേതുപോലെയുള്ള കുതിരക്കോപ്പുകളാനിവനും ഉപയോഗിക്കുന്നത്.”
”ഇവനെ ഇപ്പോള്‍ തന്നെ തൂക്കിലേറ്റണം.”
”ഇവനാദ്യം കത്രിക നല്ക്.”
”ആദ്യം ചുട്ടയടിയാണു കൊടുക്കേണ്ടത്.”
”അവന്റെ കൈവശം ഒരു കൈതോക്കുണ്ട്. അതൊരു പക്ഷേ നമ്മളെ കാണിക്കാനാകും.”
”ഈ അഹങ്കാരികളായ അവിശ്വാസികള്‍ ചെകുത്താന്മാരെപ്പോലെ പലതും പ്രകടിപ്പിക്കുന്നവരാണ്.”
”നിനക്കവനെ ഒന്നു തൊടാനുള്ള ധൈര്യമുണ്ടാകില്ല എന്നു ഞാന്‍ വാതുവയ്ക്കാന്‍ മറ്റാസീറ്റെ.”
”അവനു തൊടാന്‍ പറ്റില്ല എന്നാണോ നീ വാദിക്കുന്നത്.”
”ആകില്ല എന്നു ഞാന്‍ വാദിക്കാം.”
മറ്റാസീറ്റെ അധികം സംസാരിക്കാത്തവനും പെട്ടെന്ന് പ്രവര്‍ത്തിക്കുന്നവനുമായിരുന്നു. അക്രമങ്ങള്‍, സാമര്‍ത്ഥ്യം,
കാളയെ കൊല്ലുന്നതിലുള്ള നിപുണത, കത്തി കൈകാര്യം ചെയ്യുക, കുതിരയെ വരുതിയില്‍ നിര്‍ത്തുക എന്നിവയിലേക്കെത്തുമ്പോള്‍ അയാള്‍ അധികം വാക്കുകളൊന്നും ഉച്ചരിക്കുകയില്ല. പക്ഷേ പ്രവര്‍ത്തിച്ചു കാണിക്കും. അവര്‍ അയാളെ കുത്തിക്കൊണ്ടിരുന്നു. അയാളുടെ കുതിരയെ ഇളക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അയാള്‍ കടിഞ്ഞാണൊന്നയച്ച് അവിശ്വാസിയിലേക്ക് നീങ്ങി.
അവിശ്വാസി ഒരു യുവാവായിരുന്നു. ഏകദേശം ഇരുപതിനടുത്ത് പ്രായമുള്ളവന്‍. സുന്ദരന്‍. നല്ല പ്രസരിപ്പുള്ളവന്‍. മേല്പറഞ്ഞ അത്ഭുതാരവങ്ങള്‍ ചുറ്റിലും നിറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അയാള്‍ ബാരക്കാസിലേക്ക് നീങ്ങുകയായിരുന്നു. തനിക്ക് മുന്നില്‍ അപകടമുണ്ടെന്ന ഭയമൊന്നുമില്ലാതെയാണയാള്‍ നീങ്ങിക്കൊണ്ടിരുന്നത്. അറവുശാലയിലെ ജനക്കൂട്ടത്തില്‍ നിന്നുള്ള നോട്ടം പിന്നീടാണയാള്‍ ശ്രദ്ധിച്ചത്. അപ്പോള്‍ തന്നെ അയാളുടെ വലതു കൈ കൈതോക്കിലേക്ക് നീളുകയും ചെയ്തു. പെട്ടെന്ന് മറ്റാസീറ്റെയുടെ കുതിരയില്‍ നിന്നും വന്ന ഒരു പ്രഹരം അയാളെ തന്റെ കുതിരപ്പുറത്തുനിന്നു വീഴ്ത്തി. ഒട്ടൊന്ന് ഉദാസീനനായി, ചലനമില്ലാതെ അയാള്‍ നിലത്തു കിടന്നു.
”മറ്റാസീറ്റെ നീണാള്‍ വാഴട്ടെ? ജനക്കൂട്ടം ആര്‍പ്പു വിളിച്ചു. വീണു കിടക്കുന്ന ഇരയ്ക്ക് ചുറ്റിലും കൂടി.
ആശയക്കുഴപ്പത്തിലായ ആ യുവാവ് ക്രൂരരായ ആ ജനതയിലേക്ക് കോപത്തോടെ നോക്കി. തന്റെ തോക്കെടുക്കാനാകും എന്ന പ്രതീക്ഷയില്‍, അങ്ങനെ തനിക്ക് മുക്തനാകാനാകും എന്ന പ്രതീക്ഷയില്‍, അയാള്‍ സാവധാനത്തില്‍ തന്റെ കുതിരക്കരികിലേക്ക് നീീങ്ങി. മറ്റാസീറ്റെ ഉടന്‍ അയാളെ തടയാന്‍ കുതിച്ചു. അയാളുടെ ടൈയ്യില്‍ കടന്നു പിടിച്ച് വീണ്ടും നിലത്തേക്ക് വലിച്ചിട്ടു. അരയില്‍ നിന്ന് കത്തിയൂരി ആ യുവാവിന്റെ കഴുത്തിനു നേരെ ചൂണ്ടി.
ഉച്ചത്തിലുള്ള അട്ടഹാസങ്ങളും പ്രൗഢഗംഭീരങ്ങളായ ആര്‍പ്പുവിളികളുമുണ്ടായി.
നിസ്സഹായരായ ഇരകളെ എപ്പോഴും കഴുകന്മാരെപ്പോലെ സംഘം ചേര്‍ന്നാക്രിമിക്കുന്ന ഫെഡറലിസ്റ്റുകളുടെ കുലീനതയും ധീരതയും അവര്‍ണ്ണനീയമാണ്.
”അവന്റെ കഴുത്തിനു തന്നെ കുത്തണം മറ്റാസീറ്റെ. അവന്‍ നിന്നെ വെടിവയ്ക്കാന്‍ ശ്രമിച്ചതല്ലേ. ആ കാളയെ കുത്തിയതുപോലെ നീ ഇവനേയും കുത്തണം.”
”ഈ അവിശ്വാസികള്‍ തെമ്മാടികളാണ്. തല്ലിച്ചതയ്ക്കവനെ.”
”`വയലിന്‍` വായിക്കാന്‍ പറ്റിയ കഴുത്താണവന്റേത്. തൂക്കുമരമാകുന്ന വയലിന്‍.”
”ആ വഴുവഴുപ്പുള്ളതിവനു മീതെ ഉപയോഗിക്കുന്നതാകും നല്ലത്.”
”നമുക്കൊന്ന് ശ്രമിക്കാം” മറ്റാസീറ്റെ പുഞ്ചിരിച്ചു. വീണുകിടക്കുന്നവന്റെ നെഞ്ചില്‍ ഇടതു കാല്‍മുട്ടുകൊണ്ടമര്‍ത്തിപ്പിടിച്ച്, ഇടതു കൈകൊണ്ടയാളുടെ തലമുടി കൂട്ടിപ്പിടിച്ച്, കഴുത്തില്‍ കത്തികൊണ്ടു വരച്ചു.
”അവന്റെ തലയൊന്നും അറുത്തെടുക്കരുതേ” ദൂരെ നിന്ന് തന്റെ കുതിരപ്പുറത്തവിടേക്കു വന്നുകൊണ്ടിരുന്ന ന്യായാധിപന്‍ പറഞ്ഞു.
”അവനെ കാസിലയിലേക്ക് കൊണ്ടുവരൂ. തൂക്കുമരവും കത്രികയും തയ്യാറാക്കി വയ്ക്കൂ. രാക്ഷസന്മാരായ അവിശ്വാസികള്‍ക്ക് മരണമാണു ശിക്ഷ. നിയമത്തെ നിലനിര്‍ത്തുന്ന റെസ്റ്റോറര്‍ നീണാള്‍ വാഴട്ടെ.”
”മറ്റാസീറ്റെ നീണാള്‍ വാഴട്ടെ.”
കാണികള്‍ അതൊന്നിച്ച് ആവര്‍ത്തിച്ചു. ”മറ്റാസീറ്റെ നീണാള്‍ വാഴട്ടെ. അവിശ്വാസികള്‍ക്ക് മരണം.” അവര്‍ അയാളുടെ കൈകള്‍ കൂട്ടിക്കെട്ടി. മൂക്കിനെ ലക്ഷ്യമിട്ട് പ്രഹരിക്കാന്‍ തുടങ്ങി. അയാളെ നാലുഭാഗത്തേക്കുമുരുട്ടി. ഒച്ചകള്‍ക്കും പരിഹാസ്യമായ അപമാനവാക്കുകള്‍ക്കുമിടയില്‍ ആ നിര്‍ഭാഗ്യവാനായ യുവാനെ, അവരാണു ദൈവവിധി നടപ്പാക്കേണ്ടവര്‍ എന്ന മട്ടിലിര്‍ പെരുമാറിയിരുന്ന ഒരുപറ്റം പീഢകര്‍ക്ക് മുന്നിലേക്ക് വലിച്ചിട്ടു.
കാസിലയുടെ പ്രധാന മുറിയുടെ മദ്ധ്യത്തില്‍ വലിയ ഒരു മേശയുണ്ട്. അറവുശാലയിലെ ഫെഡറല്‍ നിയമപാലകര്‍ ആരെയെങ്കിലും വധശിക്ഷയ്ക്ക് വിധിച്ചതു നടപ്പില്‍ വരുത്തുമ്പോഴോ അല്ലെങ്കില്‍ ആരെയെങ്കിലും പീഡനത്തിനു വിധേയമാക്കുമ്പോഴോ മാത്രമേ അതില്‍ നിന്ന് മദ്യ ചഷകങ്ങളും ചീട്ടുകളും ഒഴിവാകാറുള്ളു. മുറിയുടെ ഒരു മൂലയില്‍ ഒരു എഴുത്തുമേശ കാണാം. അതിനു മുകളില്‍ ഒരു നോട്ടുപുസ്തകവും ചില എഴുത്തുപകരണങ്ങളും. അതിനരികില്‍ ഏതാനും കസേരകളിട്ടിട്ടുണ്ട്. അതിലൊന്ന് ചാരുകസേരയാണ്. അത് ന്യായാധിപനുള്ളതാണ്. പട്ടാളക്കാരനെപ്പോലെ തോന്നിപ്പിക്കുന്ന ഒരാള്‍ അതിലൊരു കസേരയിലിരിപ്പുണ്ട്. അയാള്‍ തന്റെ ഗിറ്റാറില്‍ ”റെസ്ബലോസ” വായിക്കുന്നു. ഫെഡറലിസ്റ്റുകള്‍ക്കിടയില്‍ വളരെ ജനപ്രിയമാണാ ഗാനം. അപ്പോഴാണ് ജനക്കൂട്ടാം തിക്കിത്തിരക്കി ഇടനാഴിയിലൂടെ അവിടേക്കു പ്രവേശിച്ചതും ആ യുവ അവിശ്വാസിയെ അതിക്രൂരമായി അവിടേക്ക് വലിച്ചെറിഞ്ഞതും.
”ഇയാള്‍ക്ക് വഴുക്കലുള്ളതു കൊടുക്കണം” ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു.
”നിന്റെ ആത്മാവ് ചെകുത്താനിരിക്കട്ടെ.”
”കാട്ടുകാളയെപ്പോലെ കോപത്തിലാണിവന്‍.”
”ഇവനെ ഇണക്കിയെടുക്കാന്‍ ചാട്ട മതി.”
”മുഷ്ടിമതി.”
”ആദ്യം പശുത്തോലും കത്രികയും.”
”അതല്ലെങ്കില്‍ ഇവനെയിട്ടൊരു തീകുണ്ഠമുണ്ടാക്കാം.”
”കഴുമരമാകും കൂടുതല്‍ നല്ലത്.”
”എല്ലാവരും വായടച്ച് ഒരിടത്തിരിക്ക്” ന്യായാധിപന്‍ തന്റെ ചാരുകസേരയിലേക്കിരിക്കുന്നതിനിടയില്‍ ഉത്തരവിട്ടു. ജനക്കൂട്ടം അതനുസരിച്ചു. ന്യായാധിപനു മുന്നില്‍ നിന്ന യുവാവ് ക്രോധം കലര്‍ന്ന സ്വരത്തില്‍ അത്ഭുതപ്പെട്ടു.
”കുപ്രസിദ്ധരായ കൊലപാതകികളേ, നിങ്ങളെന്നെ എന്തു ചെയ്യാന്‍ പോകുന്നു?”
”ശബ്ദമുണ്ടാക്കരുത്” ന്യായാധിപന്‍ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ”കോപിക്കാന്‍ തക്ക കാരണമൊന്നുമില്ല എന്നു നിനക്കിപ്പോള്‍ മനസിലാകും.”
ആ യുവാവിനു പക്ഷേ കോപം അടക്കാനായില്ല. അയാളുടെ ശരീരം കോപം കൊണ്ടു വിറച്ചു. പുള്ളിക്കുത്തുകളുള്ള അയാളുടെ മുഖം, സ്വരം, ചുണ്ടുകള്‍, എല്ലാം വിറക്കുന്നുണ്ടായിരുന്നു. അയാളുടെ ഹൃദയമിടിപ്പും സിരകളിലെ കോപത്തിന്റെ അഗ്‌നിയും പ്രകടമായിരുന്നു. രോഷം കൊണ്ടയാളുടെ കണ്ണുകള്‍ തുറിച്ചു വന്നു. നീളന്‍ മുടി എഴുന്ന് നിന്നു. നഗ്‌നമായ കഴുത്തും കുപ്പായത്തിന്റെ മുന്‍ ഭാഗത്തും വീര്‍ത്ത് നില്‍ക്കുന്ന രക്തക്കുഴലുകള്‍ പ്രകടമായി. വലിയ ആകാംക്ഷയോടെ അയാള്‍ ശ്വസിച്ചുകൊണ്ടിരുന്നു.
”നീ എന്തിനാ വിറയ്ക്കുന്നത്?” ന്യായാധിപന്‍ ചോദിച്ചു.
”നിങ്ങളെയൊന്നും എനിക്ക് ശ്വാസം മുട്ടിച്ചു കൊല്ലാനാകുന്നില്ലല്ലോ എന്ന കോപത്താല്‍?”
”അത്രയ്ക്ക് കരുത്തും ധീരതയും നിന്നിലുണ്ടോ?”
”അതിനുള്ള ഇച്ഛാശക്തിയെന്നിലുണ്ട്, തെമ്മാടി.”
”ഞാന്‍ കുതിരയുടെ കുഞ്ചിരോമം കത്രിക്കാനുപയോഗിക്കുന്ന കത്രിക കൊണ്ടുവാ. എന്നിട്ട് ഫെഡറലിസ്റ്റുകളുടെ ശൈലിയില്‍ ഇവന്റെ മുടിയൊന്ന് വെട്ടിയൊതുക്ക്.”
രണ്ടു പേര്‍ അവനെ മുറുകെ പിടിച്ചു. ഒരാള്‍ കൈകളും മറ്റേയാള്‍ തലയും. ഒരൊറ്റ നിമിഷത്തില്‍ അവര്‍ അവന്റെ കൃതാവു വെട്ടിയൊതുക്കി. കാണികള്‍ അതു കണ്ട് ആഹ്‌ളാദിച്ചു. ചിരിച്ചു.
”ഒരു ഗ്‌ളാസ് വെള്ളം കൊടുക്ക്. അവനൊന്നു തണുക്കട്ടെ” ന്യായാധിപന്‍ ഉത്തരവിട്ടു.
”നീ ആരുടെയെങ്കിലും ചലം കുടിക്കണം, തെമ്മാടി.”
ഒരു ഗ്‌ളാസ് വെള്ളവുമായൊരു നീഗ്രൊയെത്തി. യുവാവ് ആ നീഗ്രോയുടെ കൈ തട്ടി. ഗ്‌ളാസ് മച്ചില്‍ തട്ടി ഉടഞ്ഞു വീണു. അത്ഭുതപ്പെട്ടാകാഴ്ച കണ്ടു നിന്നവരുടെ മുഖത്തേക്കതിന്റെ പൊടികള്‍ പറന്നു.
”ഇവനെ സഹിക്കാനാകുന്നില്ല.”
”വിഷമിക്കണ്ട. നമുക്കിവനെ ഇണക്കിയെടുക്കാം.”
”ശാന്തരാകൂ” ന്യായാധിപന്‍ വീണ്ടും ഇടപെട്ടു.
”നീ ഇപ്പോള്‍ ഫെഡറലിസ്റ്റുകളെപ്പോലെ ക്ഷൗരം ചെയ്തിരിക്കുന്നു. നിനക്കിനി ഒരു മീശ വേണം. അതു വളര്‍ത്താന്‍ മറക്കരുത്.”
”ഇനി മറ്റൊരു കാര്യം. എന്തുകൊണ്ടാണു നീ മുദ്രകളൊന്നും ധരിക്കാത്തത്?”
”എനിക്കാവശ്യമില്ലാത്തതുകൊണ്ട്.”
”റെസ്റ്റോറര്‍ അതു ധരിക്കണം എന്നുത്തരവിട്ടിട്ടുണ്ട് എന്നറിയില്ലേ?”
”അതൊക്കെ നിങ്ങള്‍ അടിമകള്‍ക്കുള്ളതാണ്. അല്ലാതെ സ്വതന്ത്ര മനുഷ്യര്‍ക്കുള്ളതല്ല.”
”സ്വതന്ത്രരും അതു ധരിക്കണം. അല്ലെങ്കില്‍ അതിനു നിര്‍ബന്ധിക്കപ്പെടും.”
”അതുണ്ടാകും. നിര്‍ബന്ധിച്ച് ധരിപ്പിക്കും. ക്രൂരമായ അക്രമമാര്‍ഗ്ഗങ്ങളിലൂടെ ധരിപ്പിക്കും. കൂപ്രസിദ്ധരായ തെമ്മാടികളേ, ഇതിലൊക്കെ നിങ്ങളുടെ കൈകളുണ്ടാകും. ചെന്നായ്ക്കള്‍, കടുവകള്‍, പുലികള്‍ എന്നിവയ്‌ക്കൊക്കെ നിങ്ങളെപ്പോലെ കരുത്തുണ്ട്. അവയെപ്പോലെ നിങ്ങളും നാലുകാലില്‍ നടക്കണം.”
”ഒരു കടുവ നിന്നെ രണ്ടായി വലിച്ചു കീറും എന്നു ഭയം തോന്നുന്നില്ലേ?”
” കഴുകന്മാരെപ്പോലെ നിങ്ങളെന്റെ കുടല്‍മാല ഒന്നൊന്നായി വലിച്ചെടുക്കുന്നതിലും എനിക്കിഷ്ടം അതാണ്.”
”നമ്മുടെ വീരനായികയുടെ ഓര്‍മ്മയ്ക്കായി എന്തുകൊണ്ടാണ് തൊപ്പിയില്‍ ദുഃഖസൂചകമായ ചിഹ്നം ധരിക്കാത്തത്?”
”ഞാനതു ധരിക്കുന്നത് എന്റെ ഹൃദയത്തിലായതുകൊണ്ട്. നിങ്ങള്‍ കുപ്രസിദ്ധരായ തെമ്മാടികള്‍ കൊന്ന എന്റെ രാജ്യത്തെപ്രതിയാണെനിക്ക് ദുഃഖമെന്നുള്ളതുകൊണ്ട്.”
”നമ്മുടെ വീരനായികയുടെ ഓര്‍മ്മകള്‍ ദുഃഖത്തോടെ പുതുക്കിക്കൊണ്ടിരിക്കണം എന്ന് റെസ്റ്റോറര്‍ ഉത്തരവിട്ടിരിക്കുന്നത് നിനക്കറിയില്ലേ?”
”അടിമകളാണു നിങ്ങള്‍. അതുകൊണ്ടാണു നിങ്ങള്‍ നിങ്ങളുടെ യജമാനനെ ഇങ്ങനെ പുകഴ്ത്തുന്നതും അവരെ ആദരിക്കുന്നതും.”
”ധിക്കാരിയാണു നീ. ഒട്ടും മര്യാദയില്ലാത്തവന്‍. നിനക്കൊപ്പം നീ മാത്രമേയുള്ളു. ഇനിയും നീ അധികപ്രസംഗം തുടര്‍ന്നാല്‍ നിന്റെ നാക്കു ഞാന്‍ അരിഞ്ഞെടുക്കും. ഈ ധാര്‍ഷ്ട്യക്കാരന്‍ വിഡ്ഢിയുടെ പാന്റ്‌സഴിച്ചെടുക്ക്. നഗ്‌നനാക്കി ചന്തിക്കടിക്ക്. അതിനു മുമ്പിവനെ മേശയില്‍ കെട്ടിയിട്.”
ന്യായാധിപന്‍ ഇതൊന്ന് പറഞ്ഞവസാനിപ്പിക്കുന്നതിനു മുമ്പേ ശരീരത്തിലാകെ രക്തം പുരണ്ട നാലുപേര്‍ ആ യുവാവിനെ എടുത്തുയര്‍ത്തി മേശപ്പുറത്തു കിടത്തിക്കഴിഞ്ഞിരുന്നു.
”എന്റെ വസ്ത്രമുരിയുന്നതിലും നല്ലത് നിങ്ങള്‍ എന്റെ തലയറുക്കുന്നതാണ്, തെമ്മാടികളെ.”
അവര്‍ അവന്റെ വായില്‍ ഒരു ഉറുമാല്‍ കുത്തിത്തിരുകി. അവന്റെ വസ്ത്രം വലിച്ചെടുക്കാന്‍ തുടങ്ങി. ആ യുവാവ് ഇക്കിളിപ്പെട്ടു. കാലിട്ടടിച്ചു. പല്ലു ഞെരിച്ചു. അവന്റെ മാംസപേശികള്‍ക്ക് നല്ല വഴക്കമായി. ചിലപ്പോള്‍ അത് ഇരുമ്പുപോലെ കട്ടിയുള്ളതായി. പിന്നെയും ചിലപ്പോള്‍ ശത്രുവിന്റെ പിടിയില്‍ കിടന്ന് അത് പാമ്പിനെപോലെ പുളഞ്ഞു. മുത്തുമണികളേക്കാള്‍ വലിപ്പമുള്ള വിയര്‍പ്പു കണങ്ങള്‍ അവന്റെ കവിളിലൂടെ ഒഴുകി. അവന്റെ കണ്ണുകള്‍ ജ്വലിച്ചു. വായില്‍ നിന്ന് പത വന്നു. കഴുത്തിലേയും നെറ്റിയിലേയും ഞരമ്പുകള്‍ വിളറിയ ചര്‍മ്മത്തില്‍ നിന്ന് ഇരുണ്ടു തെറിച്ച് നിന്നു. രക്തം അതില്‍ കട്ടപിടിച്ചതുപോലെ തെറിച്ചു നിന്നു.
”അവനെ കെട്ടിയിട്” ന്യായാധിപന്‍ ഉത്തരവിട്ടു.
”ഇവനിപ്പോഴും കോപത്താല്‍ ഗര്‍ജ്ജിക്കുന്നു.” കൂട്ടത്തില്‍ നിന്നാരോ വിളിച്ചു പറഞ്ഞു.
അധികസമയം പാഴാക്കാതെ അവര്‍ അവന്റെ കാലുകള്‍ മേശക്കാലില്‍ കെട്ടിയിട്ടു. അവനെ തലകീഴായി കിടത്തി കെട്ടിയിട്ടു. അവന്റെ കൈകള്‍ അപ്പോഴും പുറകില്‍ കെട്ടിയിരിക്കുകയായിരുന്നു. അതഴിച്ച് അതും മേശയില്‍ കെട്ടാന്‍ അവര്‍ ശ്രമിച്ചു. ഒട്ടും വിനീതത്വമില്ലാത്ത ചലനത്തോടെ അവന്‍ സ്വയമൊന്ന് നിവരാന്‍ ശ്രമിച്ചു. ആദ്യം കൈകളില്‍ പിന്നെ മുട്ടുകാലില്‍. അതവനിലെ ഊര്‍ജ്ജമെല്ലാം ചോര്‍ത്തി. അവന്‍ അപ്പോള്‍ തന്നെ തകര്‍ന്ന് വീണു. അതിനിടയിലും ”എന്റെ വസ്ത്രമുരിയുന്നതിലും നല്ലത് നിങ്ങള്‍ എന്റെ തലയറുക്കുന്നതാണ്, തെമ്മാടികളെ.” എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു.
അവന്‍ തീര്‍ത്തും ക്ഷീണിതനായി. അവനെയവര്‍ കുറുകെ കെട്ടി. വസ്ത്രമുരിയാന്‍ തുടങ്ങി. അപ്പോള്‍ അവന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊഴുകി. കുത്തിയൊഴുകി. അത് മേശപ്പുറത്തു നിറഞ്ഞു. കൊല്ലാനൊരുങ്ങിയവര്‍ക്ക് അപ്പോഴും ചലനമില്ലായിരുന്നു. കാണികള്‍ പക്ഷേ അതു കണ്ട് അത്ഭുതപ്പെട്ടു.
”ഈ കിരാതന്‍ അവിശ്വാസി കോപത്താല്‍ പൊട്ടിത്തെറിച്ചിരിക്കുന്നു” അവരില്‍ ഒരാള്‍ വിളിച്ചു കൂവി.
”അവന്റെ സിരകളില്‍ രക്തത്തിന്റെ നദിയുണ്ടായിരുന്നു” എന്നായി മറ്റൊരുവന്‍.
”പാവം ചെകുത്താന്‍. നമുക്ക് വെറുതെ കുറച്ചു തമാശ വേണമെന്നേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഇവനതു ഗൗരവത്തിലെടുത്തു” ന്യായാധിപന്‍ കടുവയെപ്പോലെ മുരണ്ടു.
”ഒരു റിപ്പോര്‍ട്ടുണ്ടാക്കേണ്ടതുണ്ട്. അവന്റെ കെട്ടഴിച്ചോളൂ. നമുക്ക് പോകാം.” അയാള്‍ തുടര്‍ന്നു.
അവര്‍ ഉത്തരവ് നടപ്പില്‍ വരുത്തി. വാതിലടച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ മിതഭാഷിയായ ന്യായാധിപന്‍ ഹതാശയന്റെ കുതിരയെത്തേടിപ്പോയി. ഫെഡറലിസ്റ്റുകള്‍ പൗരുഷ്യത്തിന്റെ മറ്റൊരു പ്രകടനവും അവസാനിപ്പിച്ചു.
അവരുടെ തലയില്‍ നിന്നും കത്തികളില്‍ നിന്നും ഏതു തരം ഉടമ്പടികളും രാജ്യഭരണങ്ങളുമാണു പുറപ്പെടുവിക്കാനാകുക എന്ന് അനുമാനിക്കുക വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത കാലമായിരുന്നു അത്. ചാട്ടയുടെ പ്രഹരത്താലും തീവ്ര ചിന്തകളുള്ള ?റോസ ഫേഡറേഷനി?ലൂടെയും അറവുശാലയിലെ അറവുകാര്‍ പ്രവാചകരാണെന്ന് പ്രചരിപ്പിച്ചിരുന്ന കാലം. റെസ്റ്റോറര്‍ എന്ന സാഹോദര്യത്തിന്റെ രക്ഷിതാവ് കണ്ടെത്തിയ വാക്കനുസരിച്ച് `രാക്ഷസീയരായ അവിശ്വാസികളെ` അവര്‍ മിനുക്കിയെടുക്കാന്‍ തയ്യാറല്ലായിരുന്നു. ഒരു കുടിലബുദ്ധിക്കാരനോ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനോ അല്ലാത്തവരെ അവര്‍ ഈ വിഭാഗത്തില്‍ പെടുത്തി. കരുണയുള്ളവരേയും മാന്യരായവരേയും. ദേശഭക്തരെ അല്ലെങ്കില്‍ ജ്ഞാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കുലീന സുഹൃത്തുക്കളെ. ഇപ്പോള്‍ പറഞ്ഞ സംഭവത്തില്‍ നിന്ന് ഈ ഫെഡറേഷന്റെ ആസ്ഥാനം തന്നെ ഈ അറവുശാലയിലായിരുന്നു എന്ന് വ്യക്തമായി കാണാവുന്നതാണ്.

വിവ : സുരേഷ് എം.ജി







No Comments yet!