Skip to main content

ഹുവാന ഗാര്‍സിയയുമൊത്തുള്ള ഉടമ്പടി

സ്‌പെയിനില്‍ നിന്നുള്ള ഒരു യോദ്ധാവിന് ലാറ്റിന്‍ അമേരിക്കന്‍ വനിതയില്‍ ജനിച്ച പുത്രനാണ് ഹുവാന്‍ റോഡ്രിഗസ് ഫ്രെയ്ലി. എല്‍ കാര്‍ണെറൊയാണു പ്രധാന കൃതി. കൊളുംബിയയുടെ ഇന്നത്തെ തലസ്ഥാനമായ ബൊഗോട്ടയിലണദ്ദേഹം ജീവിച്ചിരുന്നത്. ഇന്ന് കൊളുംബിയ എന്നറിയപ്പെടുന്ന പ്രദേശം സ്പാനിഷ് അധീനതയിലായിരുന്ന പതിനാറാം നുറ്റാണ്ടിന്റെ വിശദാംശങ്ങളറിയാന്‍ നല്ലൊരു സ്രോതസ്സായാണദ്ദേഹത്തിന്റെ കൃതികളെ ലോകസാഹിത്യം കാണുന്നത്. 1566 ല്‍ ജനിച്ച ഹുവാന്‍ റോഡ്രിഗസ് 1642 ല്‍ അന്തരിച്ചു.

ഈ പ്രദേശത്തേക്കുള്ള ആദ്യ പ്രസിഡന്റിന്റെ വരവായതിനാല്‍ സാന്റ ഫെ ദെ ബൊഗോട്ടയുടെ ഉദ്യാനത്തില്‍ നിന്ന് രണ്ടു പൂക്കളിറുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഗ്രനാഡയിലെ പുതിയ രാജ്യമാണ് സാന്റ ഫെ ദെ ബൊഗോട്ട.
ഇതില്‍ ആദ്യത്തെത് ബിഷപ് ഹുവാന്‍ ദെ ലോസ് ബാറിയോസും റിയല്‍ ഔദെന്‍സിയയുമൊത്തുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ രണ്ട് ട്രിബ്യൂണലുകള്‍ തമ്മിലുള്ള കലഹങ്ങളില്‍ പുതുമയൊന്നുമില്ല എന്ന് വായനക്കാര്‍ മനസിലാക്കുമല്ലോ.

ഹുവാന്‍ ദെ മൊണ്ടാനൊയുടെ അറസ്റ്റിനെ തുടര്‍ന്ന് അലോണ്‍സൊ ദെ ഗ്രഹേദയുടെ വിധിനിര്‍ണ്ണയത്തിനിരുന്നവരുടെ പേരുകള്‍ ഞാന്‍ ഓര്‍ത്തെടുത്തു. അക്കാലത്ത് പെറുവില്‍ നിന്ന് ഒരു പുരോഹിതന്‍ ഈ നഗരത്തിലെത്തിയിരുന്നു. അയാളെ എനിക്കപ്പോള്‍ ഒരു പരിചയവുമില്ലായിരുന്നു. അയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അദ്ദേഹമെത്തിയതിനൊപ്പം ലീമയിലെ അധികാരികളില്‍ നിന്ന് അദ്ദേഹത്തെ ആ നഗരത്തിലേക്കുടനെത്തിക്കാനൊരു ഉത്തരവും വന്നു. റിയല്‍ ഔദെന്‍സിയ അതുടന്‍ നടപ്പിലാക്കാന്‍ ഉത്തരവിറക്കി. ഇതിനെക്കുറിച്ചറിഞ്ഞ പുരോഹിതന്‍ സഭയെ സമീപിച്ചു. ബിഷപ്പിനെ സമീപിച്ചു. റിയല്‍ ഔദെന്‍സിയയുടെ ഉത്തരവു നടപ്പിലാക്കാന്‍ വളരെ മുതിര്‍ന്ന ഒരു ഓയ്‌ദോര്‍, അതായത് വിധിനടപ്പിലാക്കുന്നവന്‍, പള്ളിയിലെത്തി. ബിഷപ്പ് എതിര്‍പ്പുകള്‍ പ്രകടമാക്കിയെങ്കിലും ഓയ്‌ദോര്‍ പുരോഹിതനെ അറസ്തു ചെയ്തു. സഭാദ്ധ്യക്ഷന്‍ പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഔദെന്‍സ്യക്കെതിരെ ഒന്നാകെ നിയമനടപടികളുമായി മുന്നിട്ടിറങ്ങി. ഔദെന്‍സ്യക്കെതിരെ ദിവ്യനാമത്തില്‍ ഉത്തരവുകളിറക്കി. പുരോഹിതനും ബിഷപ്പും നഗരം വിട്ടുപോയി. കാസൈലിലേക്കു പോയി.

ഇതറിഞ്ഞ യോദ്ധാക്കളും ക്യാപ്ടന്മാരും കുപിതരായി. പുരോഹിതര്‍ നാടുവിട്ടുപോയതില്‍ നഗരത്തില്‍ വികാരങ്ങളുടെ തള്ളിച്ചയുണ്ടായി. നഗരത്തിനതിന്റെ ആത്മീയത തന്നെ നഷ്ടമാകുന്നു എന്ന ചര്‍ച്ചകളുണ്ടായി. അവസാനം ഹിസ് എക്‌സലന്‍സി ബിഷപ്പുമായി അവരെല്ലാം ഒരു ഒത്തുതീര്‍പ്പിലെത്തി. ക്യാപ്ടന്മാരും യോദ്ധാക്കളും പുരോഹിതനെ തിരഞ്ഞിറങ്ങി. ബിഷപ്പ് തിരിച്ചെത്തി. അല്‍ഫോണ്‍സൊ ഡയസ് കുന്നിലെത്തി. ആ കുന്നിനെയാണിന്ന് ഹുവാന്‍ ദെ മെലൊ കുന്നുകള്‍ എന്നു വിളിക്കുന്നത്. ബിഷപ്പിനെ ആദ്യം കണ്ട റിയല്‍ ഔദെന്‍സ്യ പ്രഭു അതിന്റെ ഖജാന്‍ജിയായിരുന്നു. സെനോര്‍ ഗാര്‍സിയ ദെ വാല്‍വെര്‍ദെ. അദ്ദേഹത്തെ ബിഷപ്പ് ഊഷ്മളമായി സ്വീകരിച്ചു. അയാള്‍ കാല്‍നടയായി കുന്നുകളില്‍ നിന്ന് നഗരത്തിലെത്തിയത് പശ്ചാത്താപം മൂലമാണെന്നറിയിച്ചപ്പോള്‍ എല്ലാ പാപങ്ങളില്‍ നിന്നും അയാളെ മുക്തനാക്കി. കുന്നുകളില്‍ നിന്ന് നഗരത്തിലേക്ക് അഞ്ചു ലീഗ് ദൂരമെങ്കിലുമുണ്ട്. പശ്ചാത്താപ്പം പൂര്‍ത്തിയായപ്പോള്‍ പാപങ്ങളില്ലാത്ത മറ്റു സെനോര്‍മാരുമെത്തി. ഹിസ് എക്‌സലന്‍സി അപ്പോള്‍ നഗരത്തിലേക്കിറങ്ങി. അദ്ദേഹത്തിനൂഷ്മളമായ സ്വാഗതം ലഭിച്ചു. ഓയ്‌ദോര്‍ അംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. അദ്ദേഹമാകട്ടെ പകരം അവരുടെയെല്ലാം പാപങ്ങള്‍ പൊറുത്തു. ഖജാന്‍ജിയ്ക്ക് നല്‍കിയ അതേ പശ്ചാത്താപ പ്രായശ്ചിതം നല്‍കി. ആ ബഹളമെല്ലാം അവസാനിച്ചപ്പോള്‍ എല്ലാവരും നല്ല സുഹൃത്തുക്കളായി.

രണ്ടാമത്തെ പുഷ്പവും ഇതേ മുറ്റത്തു തന്നെയാണുള്ളത്. കാബില്‍ഡൊയുടെ ചുമരുകളില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓയ്‌ദോര്‍മാരായിരുന്ന ഗോന്‍ഗോറ, ഗാലാര്‍സ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. ബെര്‍മുഡയില്‍ ഒരു ഇടവേളയെടുത്തപ്പോള്‍ കാപിറ്റാന എന്ന കപ്പലും അവളുടെ ജനറലും മറ്റാളുകളും നഷ്ടമായതും ഇതിന്റെ ഭാഗമായിരുന്നു. അക്കഥ ഇങ്ങനെയാണ്. മൊണ്ടാറിയൊയുടെ അറസ്റ്റിനു ശേഷം, കാസൈലിലേക്ക് വന്നുപോയിക്കൊണ്ടിരുന്നകപ്പലുകളില്‍ ഒന്നില്‍ ഈ നഗരത്തിലെ ഒരു പൗരന്‍ തന്റെ വ്യാപാരാവശ്യങ്ങള്‍ക്കായി യാത്ര പതിവുണ്ടായിരുന്നു. വിവാഹിതനായിരുന്നു അയാള്‍. ഭാര്യ സുന്ദരിയായിരുന്നു. ഭര്‍ത്താവ് അരികിലില്ലാത്തപ്പോള്‍ തന്റെ സൗന്ദര്യം പാഴായിപ്പോകരുതെന്ന് ഭാര്യ തീരുമാനിച്ചു. അതില്‍ നിന്നാനന്ദം കണ്ടെത്തണം എന്നും തീരുമാനിച്ചു. അവള്‍ വിവേകിയായിരുന്നു. തന്റെ സൗന്ദര്യം ഫലം കാണുന്നതാണെന്ന് ഒട്ടും താമസിയാതെ അവള്‍ തിരിച്ചറിഞ്ഞു. അവര്‍ ഗര്‍ഭിണിയായി. കാലമെത്തുന്നതിനു മുമ്പേ അതൊഴിവാക്കാനാകും എന്നവര്‍ കരുതി. കാര്യങ്ങള്‍ സ്വാഭാവികമായ ചില പരിണാമങ്ങളിലേക്ക് നീങ്ങുന്നതിനു മുമ്പ് ഒരു കപ്പല്‍ക്കൂട്ടം കാര്‍ടജെനയില്‍ എത്തി. അത് പാവം സെനോറയെ വല്ലാതെ ഭയപ്പെടുത്തി.

തന്റെ പ്രശ്‌നങ്ങള്‍ പെട്ടെന്നൊഴിവാക്കണം എന്നതിനായി അവള്‍ ശ്രമം തുടങ്ങി. അവളുടെ ഇഷ്ടതോഴിയായ, കോമാദ്രെയായ, മാദ്രെ (അമ്മ) ഹുവാന കാര്‍സിയയുമൊത്തൊരു പദ്ധതി തയ്യാറാക്കി. ഹുവാന ഗാര്‍സിയ സ്വാതന്ത്ര്യം ലഭിച്ച ഒരു കറുത്ത വര്‍ഗ്ഗക്കാരിയാണ്. ഗവര്‍ണര്‍ ഡോണ്‍ അലോണ്‍സൊ ല്യൂസി ദെ ല്യൂഗൊയ്‌ക്കൊപ്പം ഇന്നാട്ടില്‍ എത്തിയവളാണവള്‍. ഹുവാന ഗാര്‍സിയയ്ക്ക് രണ്ടു പുത്രിമാരുണ്ട്. അവര്‍ പട്ടിലും സ്വര്‍ണ്ണത്തിലും അവരുടെ ശരീരം പുതച്ച് നഗരത്തിലിറങ്ങും. നഗരത്തിലെ ചില പുരുഷന്മാരെയൊക്കെ തങ്ങളിലേക്കാകര്‍ഷിക്കും. തങ്ങളുടെ പുറകെ നടത്തിക്കും. ഈ കറുത്ത വര്‍ഗ്ഗക്കാരിക്ക് ചിലപ്പോള്‍ വിചിത്രമായ ഭാവനകളുണ്ടാകാറുണ്ട്. നമ്മുടെ സുന്ദരി ഇവരോട് കൂടിയാലോചിച്ച് തന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ചു. എന്തു ചെയ്യണം എന്ന ആഗ്രഹം പ്രകടമാക്കി. തന്റെ പ്രശ്‌നമെങ്ങനെ പരിഹരിക്കാം എന്നുമന്വേഷിച്ചു.

”നിങ്ങളുടെ ഭര്‍ത്താവ് ഈ കപ്പലുകളിലൊന്നില്‍ വരുന്നുണ്ടെന്ന് ആരാണു പരഞ്ഞത്?”

എന്നായ് കൊമാദ്രെ.

ലഭിക്കുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ താന്‍ തിരിച്ചെത്തും എന്ന് ഭര്‍ത്താവു പറഞ്ഞിട്ടുണ്ട് എന്ന് അവരതിനു മറുപടി കൊടുത്തു. അതില്‍ വീഴ്ചയുണ്ടാകില്ല എന്നും അയാള്‍ പറഞ്ഞിട്ടുണ്ട്.

”അങ്ങനെയെങ്കില്‍ കാത്തിരിക്കൂ. ഇപ്പോള്‍ ഒന്നും ചെയ്യേണ്ടതില്ല. കപ്പലുകളിലെ വാര്‍ത്ത ഞാനൊന്നറിയട്ടെ. അതില്‍ നിങ്ങളുടെ ഭര്‍ത്താവുണ്ടോ എന്നും അറിയട്ടെ. നാളെ ഞാന്‍ നിങ്ങളെ കാണാനെത്താം. എന്നിട്ടു ബാക്കി കാര്യങ്ങള്‍ എന്തു വേണമെന്ന് തീര്‍പ്പാക്കാം. അതുവരെ എല്ലാം ദൈവത്തിലര്‍പ്പിക്കാം.”

എന്നായി കൊമാദ്രെ.

പിറ്റേന്ന് കൊമാദ്രെയെത്തി. രാത്രി മുഴുക്കെ അവര്‍ തിരക്കിലായിരുന്നു. അതുവഴി അവര്‍ പല സത്യങ്ങളുമറിഞ്ഞു. അവര്‍ നമ്മുടെ സുന്ദരിയോട്

”സെനോറാ കൊമാദ്രെ. നിങ്ങളുടെ ഭര്‍ത്താവിനെക്കുറിച്ചറിയാന്‍ ഞാന്‍ എല്ലാ ശ്രമങ്ങളും നടത്തി. കാര്‍ടജെനയില്‍ കപ്പലുകളെത്തിയിട്ടുണ്ട് എന്നതു സത്യം തന്നെ. പക്ഷേ അതിലൊന്നിലും നിങ്ങളുടെ ഭര്‍ത്താവുള്ളതായി അറിവില്ല. തങ്ങള്‍ക്കൊപ്പം അയാളുണ്ടായിരുന്നു എന്നു പറയുന്ന ആരേയും കണ്ടെത്താനുമായില്ല.”

ഗര്‍ഭിണി പരവശയായി. കൊമദ്രെയോട് തന്റെ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ടു.

”സത്യമറിയുന്നതിനു മുമ്പ് ഒന്നും ചെയ്യേണ്ടതില്ല. അയാള്‍ വരുന്നുണ്ടോ എന്നു നമുക്കറിയില്ലല്ലോ. നിനക്കൊരു കാര്യം ചെയ്യാനാകും….അവിടെ ഒരു പച്ച പാത്രം കണ്ടോ?”

”ഉവ്വ്.”

”ശരി. അതില്‍ വെള്ളം നിറച്ച് നിന്റെ കിടപ്പറയില്‍ സൂക്ഷിക്കണം. ഞങ്ങള്‍ക്ക് ആഹാരം തയ്യാറാക്കി വയ്ക്കണം. ഞാനും എന്റെ പുത്രിമാരും ഈ സായാഹ്നത്തില്‍ അവിടെയെത്തും. ഞങ്ങള്‍ നിന്നെ ആഹ്‌ളാദിപ്പിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കണ്ടെത്തും.”

അത്രയും പറഞ്ഞ് അവര്‍ പിരിഞ്ഞു പോയി. രാത്രിയായപ്പോള്‍ തന്റെ പുത്രിമാരാട് കാര്യങ്ങള്‍ പറഞ്ഞു. അവരൊന്നിച്ച് ഗര്‍ഭിണിയുടെ വീട്ടിലെത്തി. ഗര്‍ഭിണി പക്ഷേ ആ പാത്രത്തില്‍ വെള്ളം നിറച്ചു വയ്ക്കാന്‍ മറന്നിരുന്നു. അതിനായി അവള്‍ മറ്റൊരു യുവതിയെ വിളിച്ചു. അവളുമൊത്തുല്ലസിക്കാന്‍, മദ്യപിച്ചുല്ലസിക്കാന്‍, എത്തിയതായിരുന്നു ആ യുവതി. അവരെല്ലാം ഒന്നിച്ചു കൂടി. പാട്ടും നൃത്തവുമുണ്ടായി. അതിനിടയില്‍ ഗര്‍ഭിണി തന്റെ സുഹൃത്തിനോട്

”എന്റെ ഉദരം വല്ലാതെ വേദനിക്കുന്നു. ഒന്നു പരിശോധിക്കാമോ”

എന്നു ചോദിച്ചു.

”ഞാന്‍ പരിശോധിക്കാം. ഒരു മെഴുകുതിരിയെടുത്തോളൂ. നമുക്ക് നിന്റെ കിടപ്പറയിലേക്ക് പോകാം.”

ഗര്‍ഭിണി മെഴുകുതിരിയെടുത്തു. അവരൊന്നിച്ച് കിടപ്പറയിലെക്കു പോയി. അകത്തു കയറി വാതിലടച്ചു.

”കോമാദ്രെ, ഇതാ വെള്ളം നിറച്ച തൊട്ടി.”

”ശരി. ആ മെഴുകുതിരിയെടുത്ത് ആ വെള്ളത്തില്‍ എന്താണുള്ളതെന്നൊന്ന് നിരീക്ഷിക്കൂ.”

ഗര്‍ഭിണി അതനുസരിച്ചു.

”അവിടെ എനിക്കറിയാത്ത ഒരു ഭൂമി ഞാന്‍ കാണുന്നു കൊമാദ്രെ. അതില്‍ ഒരു മനുഷ്യനുണ്ട്. അതെന്റെ ഭര്‍ത്താവാണ്. അയാള്‍ ഒരു കസേരയിലിരിക്കുന്നു. തൊട്ടരികില്‍ ഒരു സ്ത്രീയുണ്ട്. അവര്‍ ഒരു മേശക്കരികിലാണിരിക്കുന്നത്. ഒരു തയ്യല്‍ക്കാരന്‍ കയ്യില്‍ കത്രികയുമായി ഇരിക്കുന്നു. അയാള്‍ ആ സ്ത്രീയ്ക്ക് ചുവന്ന തുണികൊണ്ടൊരു ഗൗണ്‍ തുന്നാനുള്ള ശ്രമത്തിലാണ്.”

അത്രയും കേട്ടപ്പോള്‍ കൊമാദ്രെ ഇടപ്പെട്ടു.

”ഒരു നിമിഷം. ഞാനുമൊന്നു കാണട്ടെ.”

അവരും വെള്ളത്തൊട്ടിക്കരികിലെത്തി. അതുവരെ ഗര്‍ഭിണിപറഞ്ഞതെന്തോ അതെല്ലാം കണ്ടു.

”ഇതേതു പ്രദേശമാണ്?”

എന്ന് ചോദിച്ചു.

”ഹിസ്പാനയോള. സാന്റ ഡൊമിന്‍ഗൊയിലെ ഐല എസ്പനോള.”

ഇതുപറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും തയ്യല്‍ക്കാരന്‍ തന്റെ കത്രികകൊണ്ട് ഒരു കൈ വെട്ടിയെടുത്ത് തന്റെ ചുമലിലിട്ടു. കൊമാദ്രെ അപ്പോള്‍ ഗര്‍ഭിണിയോട്

”ആ തയ്യക്കാരനില്‍ നിന്നു ഞാന്‍ ആ കുപ്പായക്കയ്യെടുക്കണോ?”

എന്നു ചോദിച്ചു.

”അതെങ്ങനെ ചെയ്യാനാകും?”

”അതു നിങ്ങള്‍ കണ്ടോളൂ.”

”അങ്ങനെയെങ്കില്‍ അതെടുക്കൂ കൊമാദ്രെ.”

അവരത്രയും പറഞ്ഞവസാനിപ്പിച്ചതും

”ഇതാ ഇതു കയ്യില്‍ വച്ചോളൂ”

എന്നു പറഞ്ഞ് കൊമാദ്രെ ആ കുപ്പായക്കയ്യ് അവളെ ഏല്പിച്ചു.

അവരങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ തയ്യല്‍ക്കാരന്‍ ഗൗണ്‍ വെട്ടിയെടുത്തു. മൂന്നു തുണ്ടുകളായാണയാള്‍ അതു വെട്ടിയെടുത്തത്. അതു ചെയ്തു കഴിഞ്ഞപ്പോഴേക്കും എല്ലാം മങ്ങിപ്പോയി. അവിടെ തൊട്ടിയും വെള്ളവുമല്ലാതെ ഒന്നുമില്ലാതായി. കൊമാദ്രെ ആ പെണ്ണിനോട് വീണ്ടും സംസാരിക്കാനാരംഭിച്ചു.

”നിന്റെ ഭര്‍ത്താവവിടെ വിശ്രമിക്കുകയാണെന്ന് നീ കണ്ടുവല്ലോ. നിനക്കു വേണമെങ്കില്‍ ഈ വയര്‍ ഒഴിവാക്കി വീണ്ടും മറ്റൊന്ന് വളര്‍ത്താം.”

ഗര്‍ഭിണിക്കതു കേട്ട് സംതൃപ്തിയായി. അവള്‍ ആ ചുവന്ന തുണികൊണ്ടുള്ള കുപ്പായക്കൈ തന്റെ മെത്തക്കരികിലുള്ള ഒരു പെട്ടിയില്‍ നിക്ഷേപിച്ചു. രണ്ടുപേരും തിരികെ ഹാളിലേക്ക് പോയി. യുവതികള്‍ അവിടെ തിമര്‍ത്തുല്ലസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെ അവര്‍ മേശയൊരുക്കി. അത്താഴം കഴിച്ചു. അതിനു ശേഷം എല്ലാവരും വീടുകളിലേക്കു മടങ്ങി.

ഇവിടെ നമ്മള്‍ മറ്റു ചിലതും കാണേണ്ടതുണ്ട്. ഈ ചരടുകള്‍ മുറുക്കിയത് ചെകുത്താനാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. മനുഷ്യരുടെ കാര്യത്തില്‍ അവന്‍ വലിയ വിവേകം കാണിക്കും. എന്നാല്‍ മനുഷ്യന്റെയകത്തു ചെന്ന് പ്രവര്‍ത്തിക്കാന്‍ അവനാകില്ല. അവന്‍ ദൈവത്തിനു നേരെ എതിരാണല്ലോ. അനുമാനങ്ങളിലൂടെയാണവന്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ ചലിക്കുന്ന പാതയേതെന്ന് അവനാദ്യം ശ്രദ്ധിക്കുന്നു. മനുഷ്യനെവിടേക്കു പോകുന്നു എന്നും ശ്രദ്ധിക്കുന്നു. അതിനാല്‍ വെള്ളത്തില്‍ ഈ സ്ത്രീകള്‍ക്ക് അവന്‍ കാണിച്ചുകൊടുത്തതെന്തോ അതില്‍ എനിക്കത്ഭുതമില്ല. ഇതിനെന്റെ മറുപടി ഇങ്ങനെയാണ്. യേശുക്രിസ്തുവിനെ ഉയരമേറിയ മലയ്ക്കു മുകളിലെത്തിച്ച് തനിക്കു ചുറ്റിലുമുള്ള ലോകമെല്ലാം കാണിച്ചവനാണവന്‍. അവന്റെ മഹത്വം കാണിച്ചവന്‍. ദൈവത്തിനങ്ങനെ കാണിച്ചുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. കാരണം അതിനു മുമ്പേ എല്ലാമറിയുന്നവനായിരുന്നു അവന്‍. എന്നിരുന്നാലും സംശയങ്ങളുണ്ടാക്കാത്ത വിധത്തില്‍ അവനൊരു പ്രകടനം നടത്തി. അതുപോലെ തന്നെയാണ് വെള്ളത്തൊട്ടിയില്‍ അവന്‍ സ്ത്രീകള്‍ക്കത്തരം കാഴ്ചകള്‍ കാണിച്ചതും. അത്ഭുതപ്പെടുത്തുന്നത് അവന്‍ ആ കുപ്പായക്കയ്യ് അവര്‍ക്ക് സമര്‍പ്പിച്ച വിധമാണ്.

”അങ്ങനെയെങ്കില്‍ അതെടുക്കൂ കൊമാദ്രെ”

എന്നു പറഞ്ഞവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ ”ഇതാ ഇതു കയ്യില്‍ വച്ചോളൂ”

എന്നു പറഞ്ഞ് കൊമാദ്രെ ആ കുപ്പായക്കയ്യ് അവളെ ഏല്പിക്കുകയുണ്ടായി. ഈ സ്ത്രീകള്‍ ഏതു ചുവടാണു പിന്തുടരുന്നതെന്ന് ചെകുത്താനറിയാമായിരുന്നു എന്നാണു ഞാന്‍ പറയുക. അവനതിനെക്കുറിച്ചൊക്കെ മുന്‍കൂട്ടി ധാരണയുണ്ടായിരുന്നു. നമുക്കിനി ആ സ്ത്രീയുടെ ഭര്‍ത്താവിലേക്ക് മടങ്ങാം. ഈ വിചിത്രമായ സംഭവങ്ങള്‍ക്കെല്ലാം പുറകില്‍ അയാളായിരുന്നുവല്ലോ.

സെവില്ലെ എന്ന നഗരത്തില്‍ അയാളെത്തിച്ചേര്‍ന്നു. അവിടേക്കു തന്നെ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. ആ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സാന്റൊ ഡൊമിന്‍ഗൊയിലെ ഐല എസ്പനോളയില്‍ നിന്നുള്ളവരായിരുന്നു. അവിടെയെത്തിയ അയാളോട് തന്റെ കൈവശമുള്ള പണം സൂക്ഷിച്ച്, നല്ല രീതിയില്‍ ഉപയോഗിക്കണം എന്ന ഉപദേശങ്ങളുണ്ടായി. അയാള്‍ അതനുസരിച്ചു. സാന്റൊ ഡൊമിന്‍ഗൊയിലെത്തി. കാര്യങ്ങളെല്ലാം അയാള്‍ക്ക് അനുകൂലമായി. കസൈലില്‍ തിരിച്ചെത്തിയതിനു ശേഷവും പണം വിവേകപൂര്‍വ്വം തന്നെ കൈകാര്യം ചെയ്തു. ഐല എസ്പനോളയിലേക്ക് രണ്ടാമതൊരു യാത്ര കൂടി നടത്തി. ഈ രണ്ടാം യാത്രക്കിടയിലാണ് നല്ല ചുവപ്പു തുണികൊണ്ടുള്ള ഗൗണ്‍ തുന്നപ്പെടുന്നത്. താന്‍ വ്യാപാരത്തിനായി കൊണ്ടുവന്നതെല്ലാം വിറ്റതിനു ശേഷം അയാള്‍ സ്‌പെയ്‌നിലേക്ക് മടങ്ങി. ആ പണമെല്ലാം വീണ്ടും വ്യാപാരസാധനങ്ങളില്‍ നിക്ഷേപിച്ചു. ഈ നിക്ഷേപവുമായി ന്യു കിങ്ങ്ഡത്തിലെത്തി.

അപ്പോഴേക്കും അയാളുടെ ഭാര്യയുടെ കുഞ്ഞ് കുറച്ചു വലുതായിട്ടുണ്ടായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ആ കുഞ്ഞിനെ അവന്റെ തന്നെ വീട്ടില്‍ ഒരു അനാഥനെന്ന നിലയിലാണു വളര്‍ത്തിയിരുന്നത്. ഭാര്യയും ഭര്‍ത്താവും സന്തോഷപൂര്‍വ്വം പരസ്പരം സ്വീകരിച്ചു. ദിവസങ്ങളോളം അവര്‍ സംതൃപ്ത ജീവിതവുമായി മുന്നോട്ടു നീങ്ങി. അതിനിടയില്‍ ഭാര്യ ചില വിലകുറഞ്ഞ കളിപ്പാട്ടങ്ങളും മറ്റു വസ്ത്രുക്കളും സമ്മാനമായി ആവശ്യപ്പെട്ടു. അതു ലഭിച്ചപ്പോള്‍ മറ്റൊന്നാവാശ്യപ്പെട്ടു. ഇടക്കിടെ അസൂയ നിറഞ്ഞ സംസാരങ്ങളുണ്ടായി. അതെല്ലാം കണ്ടും കേട്ടും ഭര്‍ത്താവ് അലോസരപ്പെടാനുമാരംഭിച്ചു. ഭക്ഷണസമയത്ത്, പ്രത്യേകിച്ചും അത്താഴ സമയത്ത്, ഭാര്യ അയാളെ ഐല എസ്പനോളയില്‍ അയാള്‍ ഇടപഴകിയിട്ടുള്ള സ്ത്രീകളെക്കുറിച്ചു ചോദിച്ച് വേട്ടയാടാനാരംഭിച്ചു. അത് അസഹ്യമായപ്പോള്‍ തനിക്കൊപ്പം ആ ദ്വീപിലുണ്ടായിരുന്ന ഒരു സുഹൃത്ത് തന്റെ ഭാര്യയോട് പലതും പറഞ്ഞുകൊടുത്തിരിക്കുന്നു എന്നൊരു ചിന്ത അയാളിലുണ്ടായി. അതാരെന്നറിയാനായി അയാള്‍ നയം മാറ്റി. അതുവരെയില്ലാത്ത രീതിയില്‍ അയാള്‍ ഭാര്യക്ക് പലവിധ സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങി. അങ്ങനെ ആ പേരൊന്നറിയാനാകുമോ എന്ന ശ്രമം തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം അത്താഴത്തിനിരിക്കുന്നതിനിടയില്‍ സംതൃപ്തയായ ഭാര്യ, ഭര്‍ത്താവിനോട്, പച്ച കമ്പിളികൊണ്ടുള്ള ഒരു അടിപ്പാവാട തനിക്കു വേണം എന്നാവശ്യപ്പെട്ടു. അതു കരയുള്ളതാകണം എന്നും പറഞ്ഞു. ഭര്‍ത്താവ് ഇതിനോട് അത്ര നല്ല രീതിയില്‍ പ്രതികരിച്ചില്ല. പല ഒഴികഴിവും നല്‍കി. അത് ഭാര്യക്കിഷ്ടമായില്ല.

”നിങ്ങള്‍ സാന്റൊ ഡോമിന്‍ഗൊയിലെ ആ സ്ത്രീയ്ക്ക് നല്ല സമ്മാനങ്ങള്‍ കൊടുക്കാറുണ്ടായിരുന്നു എന്ന് എനിക്കറിയാം. അവള്‍ക്ക് നല്ല ചുവപ്പു തുണികൊണ്ടൊരു ഗൗണൊക്കെ തയ്പ്പിച്ചു കൊടുത്തുവല്ലോ. അവളെന്തെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ ഒരു ഒഴികഴിവും പറയാറില്ലല്ലോ”

എന്നായി ഭാര്യ.

ഇത് ഭര്‍ത്താവിനെ പരാജയപ്പെടുത്താന്‍ മതിയായി. അയാളിലെ സംശയവും ദൃഢീകരിച്ചു. കൂടുതല്‍ അറിയാനായി അയാള്‍ ഭാര്യക്ക് പിന്നെയും സമ്മാനങ്ങള്‍ നല്‍കി. ചോദിച്ചതുപോലെ ആ അടിപ്പാവാടയും കുറേ മറ്റു വിലകുറഞ്ഞ വസ്തുക്കളും നല്‍കി. അതവളെ സംതൃപ്തയാക്കി. ഒരു സായാഹ്നത്തില്‍ അവര്‍ ഇരുവരും സന്തോഷത്തോടെയിരിക്കുന്നതിനിടയില്‍ ഭര്‍ത്താവ്

”ഐല എസ്പനോളയില്‍ വച്ച് ഞാനൊരു പെണ്ണിന് നല്ല ചുവന്ന ഉടുപ്പു കൊടുത്തു എന്ന് നിന്നോടാരാണു പറഞ്ഞതെന്ന് എന്നോട് സത്യം പറയാമോ”” എന്നു ചോദിച്ചു.

”എന്താ അതു നിരസിക്കാന്‍ ആഗ്രഹിക്കുന്നോ? നിങ്ങള്‍ എന്നോടു സത്യം പറയുമെങ്കില്‍ എന്നോടാരു പറഞ്ഞു എന്ന് ഞാനും പറയാം.”

ഭര്‍ത്താവിനു താന്‍ അന്വേഷിക്കുന്നതെന്താണോ അതിനരികിലെത്തിയിരിക്കുന്നു എന്നു മനസിലായി.

”നീ പറഞ്ഞത് സത്യമാണ്. വീട്ടില്‍ നിന്നു വിട്ടു നില്‍ക്കുന്ന, വിദേശങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, ഒരു പുരുഷന്‍ ചില ആഹ്‌ളാദോപാദികള്‍ കണ്ടെത്തും. ഞാന്‍ ആ സ്ത്രീക്ക് ഒരു ഗൗണ്‍ നല്‍കി എന്നതു സത്യമാണ്.”

”അങ്ങനെയെങ്കില്‍ അത് വെട്ടിയുണ്ടാക്കുമ്പോള്‍ അതിലെന്തിന്റേയോ കുറവുണ്ടായില്ലേ? അതെന്തായിരുന്നു?”

”ഒന്നുമില്ല. ഒരു കുറവുമുണ്ടായില്ല.”

”നിങ്ങളെന്തിനാണതു നിരസിക്കുന്നത്! ഒരു കയ്യുണ്ടായിരുന്നില്ലല്ലോ?”

ഭര്‍ത്താവ് ഓര്‍മ്മയില്‍ പരതി.

”അതു സത്യമാണ്. ഒരു കൈ വെട്ടിയുണ്ടാക്കാന്‍ തയ്യല്‍ക്കാരന്‍ മറന്നുപോയി. അതിനാല്‍ കൂടുതല്‍ തുണി വാങ്ങേണ്ടി വന്നു.”

”അന്നു കാണാതായ കയ്യ് ഞാനിപ്പോള്‍ കാണിച്ചാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയാനാകുമോ?”

”അതെങ്ങനെ? അതിപ്പോള്‍ നിന്റെ കയ്യിലുണ്ടെന്നാണോ പറയുന്നത്?”

”അതെ. എനിക്കൊപ്പം വരൂ. ഞാന്‍ കാണിച്ചു തരാം.”

അവര്‍ ഒന്നിച്ച് അവളുടെ മുറിയിലേക്ക് പോയി. പെട്ടിയില്‍ നിന്നവള്‍ ആ കുപ്പായക്കയ്യെടുത്തു.

”ഇതാണോ അന്നു നഷ്ടമായത്?”

”ഇതു തന്നെയാണ്. ഐല എസ്പനോളയില്‍ നിന്ന് സാന്റ ഫെ എന്ന ഈ നഗരത്തിലേക്ക് ഇതാരാണെത്തിച്ചതെന്ന് എനിക്കറിയണം.”

അയാള്‍ ആ കയ്യെടുത്തു. അതുമായി ഹിസ് എക്‌സലന്‍സി ബിഷപ്പിനരികിലെത്തി. സംഭവിച്ചതെല്ലാം വിവരിച്ചു. വിശുദ്ധ പിതാവ് തന്റെ കര്‍ത്തവ്യത്തില്‍ ശ്രദ്ധയുള്ളവനായിരുന്നു. അദ്ദേഹം ആ സ്ത്രീയെ വിളിച്ചു വരുത്തി. അവക്ക് പറയാനുള്ളതെല്ലാം കേട്ടു. ആ വെള്ളത്തൊട്ടിയില്‍ അന്ന് എന്തൊക്കെ കണ്ടു എന്നവള്‍ കുമ്പസാരിച്ചു. അദ്ദേഹമപ്പോള്‍ കറുത്ത വര്‍ഗ്ഗക്കാരിയായ ഹുവാന ഗാര്‍സിയയെ പിടിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഒപ്പം അവരുടെ പുത്രിമാരേയും. അവളും എല്ലാം കുമ്പസാരിച്ചു. അതിനൊപ്പം രണ്ട് ഓയ്‌ദോര്‍മാരുടേയും മരണവുമായി ബന്ധപ്പെട്ട കടലാസുകളും അവളില്‍ നിന്നു ലഭിച്ചു. മറ്റു പല സ്ത്രീകളുടേയും സാക്ഷ്യം അദ്ദേഹം കേട്ടു. അതെല്ലാം വിചാരണയുടെ ഭാഗമായിരുന്നു. വാദമെല്ലാം കേട്ടതിനു ശേഷം ഹിസ് എക്‌സലന്‍സി അപരാധം ചെയ്തവര്‍ക്കുള്ള ശിക്ഷ വിധിച്ചു. ഈ വലയില്‍ പിന്നെയും പലരുമുണ്ടെന്ന വാര്‍ത്ത പരന്നു. പല പ്രമുഖരും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്. അവസാനം ഗവര്‍ണര്‍ ഡോണ്‍ ഗൊണ്‍സാലൊ ജിമെനെസ് ദെ ക്വേസാദ, ക്യാപ്ടന്‍ സൊറൊ, ക്യാപ്ടന്‍ സെസ്‌പെദെസ്, ഹുവാന്‍ ടാഫൂര്‍, ഹുവാന്‍ റൂയിസ് ദെ ഓറെഹ്വേല തുടങ്ങി പല പ്രമുഖരും ഒന്നിച്ച് ബിഷപ്പിനരികിലെത്തി. ഈ കേസിലെ വിധി നടപ്പിലാക്കരുത് എന്നഭ്യര്‍ത്ഥിച്ചു. ഇതൊരു പുതിയ രാജ്യമായതിനാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു വിധി നടപ്പില്‍ വരുത്തുന്നത് രാജ്യത്തിനു തന്നെ കളങ്കമായി തീരും എന്നവര്‍ പറഞ്ഞു.

അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി, വിശുദ്ധ പിതാവ് വിധി നടപ്പില്‍ വരുത്തുന്നത് മാറ്റി വച്ചു. തത്കാലം ഹുവാന ഗാര്‍സിയയ്ക്കുള്ള വിധി മാത്രം നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബാനയുടെ സമയത്ത്, സാന്റൊ ഡൊമിന്‍ഗൊയിലെ പള്ളിക്ക് മുന്നില്‍ അവളെ ഒരു മണ്ടപത്തില്‍ കയറ്റി നിര്‍ത്താനും, കഴുത്തില്‍ കയറുകൊണ്ടൊരു കുടുക്കിടാനും, കയ്യില്‍ ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കാനും ഉത്തരവായി. ശിക്ഷ നടപ്പാക്കാനൊരുങ്ങിയപ്പോള്‍ അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. ”ഞങ്ങള്‍ സ്ത്രീകളെല്ലാം ഇതേ തെറ്റു ചെയ്യുന്നു, പക്ഷേ എനിക്കു മാത്രം ശിക്ഷ ലഭിക്കുന്നു” എന്നവര്‍ കരഞ്ഞു. അവളേയും പുത്രിമാരേയും രാജ്യത്തു നിന്ന് പിന്നെ പുറത്താക്കി. തന്റെ കുമ്പസാരത്തില്‍ അവള്‍ താന്‍ ബെര്‍മുഡയിലേക്ക് പോയിരുന്നു എന്നു പറഞ്ഞിരുന്നു. ബെര്‍മുഡയില്‍ വച്ചാണ് കാപിറ്റാന കപ്പല്‍ അപ്രത്യക്ഷമായത്. അവളെ പിന്നെ അടക്കം ചെയ്തത് ന്യുവെസ്ട്ര സെനോര ദെ ലാസ് നീവെസിനു പുറകിലുള്ള കുന്നുകളിലാണ്. അവിടെയാണൊരു കുരിശു കണ്ടെത്തിയിട്ടുള്ളത്. പിന്നീട്, കാലം കുറേ കഴിഞ്ഞപ്പോള്‍ അവരതിനെ ഹുവാന ഗാര്‍സിയ അഥവാ ഹുവാന ഗാര്‍സിയയുടെ കുന്ന് എന്നു വിളിച്ചു.


വിവ : സുരേഷ് എം.ജി

No Comments yet!

Your Email address will not be published.