Skip to main content

രാജഗോപാല്‍ കരപ്പറ്റയുടെ രണ്ട് കവിതകള്‍

മായക്കളി

കഴിഞ്ഞ രംഗത്തിന്‍ കഥ പറയുവിന്‍;
മയങ്ങിപ്പോയൊന്നങ്ങുറങ്ങിപ്പോയി ഞാൻ!
കടന്നതാരിങ്ങു, നടന്നതാരങ്ങു?
മറന്നുപോകുന്നീക്കണക്കുവെക്കുവാന്‍?

ഇനിയുണ്ടോ രംഗം തെളിയുവാന്‍ ബാക്കി?
ഇനിയുണ്ടോ യാമം പുലരുവാന്‍ ബാക്കി?
ഇനിയുണ്ടോ കഥ മുഴുമിച്ചീടുവാ-
നിനിയുണ്ടോ സന്ധി, രസവിപര്യയം?

വരുന്ന രംഗത്തിന്‍ തിരപിടിപ്പവ-
നുറങ്ങിപ്പോയതോ, മയങ്ങിപ്പോയതോ?
മണിമുഴങ്ങീട്ടു മണിയറയ്ക്കുള്ളി-
ലനക്കമില്ലെന്തീക്കളി മുടങ്ങിയോ?

കളത്തിലുമില്ല പുറത്തുമില്ലാരും
മടക്കമായതോ മഹാജനമെല്ലാം?
നിനച്ചിരിക്കാതെ തനിച്ചുവോ നമ്മള്‍?
എനിക്കു നീയുണ്ടോ, നിനക്കു ഞാനുണ്ടോ?

കഥയില്ലാക്കളി കളിയില്ലാക്കളം
കളിക്കുന്നുണ്ടാരോ മഹാമായക്കളി!

***

 

തലവര അഥവാ ആത്മകഥ

അമ്പത്തിയെട്ടായെനിക്കിന്നു പണ്ടൊരു
കുംഭത്തിലാണെന്റെ ജന്മം;
അമ്മയ്ക്കു നോവുമുഴുത്തൊരു പാതിര-
യ്ക്കമ്പരന്നൂ വയറ്റാട്ടി!
എട്ടാമതാം പേറടുത്തൊരമ്മയ്ക്കന്നു
തൊട്ടുകൂടാത്തൊരു നോവ്
‘കുട്ടിത്തല’യ്ക്കു വലിപ്പമേറീട്ടൊരു
‘മിട്ടിലിക്കുട്ടി’പോലത്രേ!
ദേഹം പുറത്തായ്, തലയങ്ങകത്തുതാന്‍;
ചകിതയായ് പിടയുന്നിടമ്മ!

പേറ്റുമുറിതന്‍ പടിവാതിലിന്‍ പാളി
ചെറ്റു നീക്കി വയറ്റാട്ടി
”ഇനിയില്ല മറ്റൊരു വിദ്യയുമെന്‍വശം
അറിയില്ല മറുമരുന്നൊന്നും!
ഒന്നുകിലമ്മ, യല്ലെങ്കിലിക്കുഞ്ഞനാ-
മൊന്നു ഞാന്‍ രക്ഷിച്ചെടുക്കാം!
പറയുവിനമ്മയോ കുട്ടിയോ വേണ്ടതീ
പിറവിക്കു മരണമൊന്നുണ്ട്!”

”മതി മതി, യമ്മ മതി; കുട്ടി പോകിലും”
മറുപടിയെല്ലാര്‍ക്കുമൊന്ന്
ആവുന്ന വിദ്യകള്‍, മന്ത്രങ്ങള്‍, നേര്‍ച്ചകള്‍
ആവൂ! പിറന്നു ഞാന്‍ വീണു!
അമ്മയോ കുഞ്ഞോ മരിച്ചീല പതിവുപോ
ലമ്മിഞ്ഞക്കുഞ്ഞു കരഞ്ഞു!
അമ്മതന്നുമ്മ ഞാനേറ്റുവാങ്ങുംമുമ്പൊ-
രുമ്മതന്നൂ വയറ്റാട്ടി!

പിറവിക്കുമുമ്പേയുപേക്ഷിച്ചുവെങ്കിലും
കുറിവര മാറ്റുവാനാമോ?
തലതിരിഞ്ഞാണെന്റെ പിറവിയെന്നാകിലും
തലവര മാറ്റുവാനാമോ?

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.