
‘അക്കാലത്ത്, അതായത് ഞാനൊരു ബാലനായിരുന്ന കാലങ്ങളില്‍, വൃദ്ധകള്‍ പലപ്പോഴും ഒരു ആഭരണത്തിന്റെ മൂല്യത്തേയും സൗന്ദര്യത്തേയും പുകഴ്ത്തുന്നതിനായി ”ഫ്രെ ഗോമസിന്റെ തേളിനെപ്പോലെ മൂല്യമുള്ളതാണത്” എന്നു പറയുന്നതു കേട്ടിട്ടുണ്ട്. എനിക്കൊരു പെണ്‍കുട്ടിയുണ്ട്. ഒരു നിധി. ഒരു അവളൊരു ആഹ്‌ളാദമാണെനിക്ക്. എനിക്കു ലഭിച്ച ഏറ്റവും വലിയ വിജയം. അവളുടെ കണ്ണുകള്‍ കുസൃതി നിറഞ്ഞതാണ്. പ്രഭാതത്തിലെ
ശുക്രനക്ഷത്രത്തെപ്പോലെ ഒരു പെണ്‍കുട്ടി. എന്റെ പിതൃത്വപരമായ ലഹരിയില്‍ ഞാനിവള്‍ക്ക് ”ഫ്രെ ഗോമസിന്റെ കൊച്ചു തേള്‍” എന്ന ഓമനപ്പേരു നല്‍കി. ഇനി ഞാന്‍ എന്റെ മാലാഖയ്ക്കുള്ള സ്ത്യുപഹാരമെന്ന നിലയില്‍ പാരമ്പര്യവുമായി ബന്ധപ്പെട്ട് വൃദ്ധകള്‍ ചൊല്ലുന്ന ഈ പഴമൊഴിയെ വിശദീകരിക്കാം…

1
പണ്ടു പണ്ട്, വെള്ളിനാക്കുള്ള ഡോണ്‍ ഹുവാന്‍ ഡെ ല പിപിറിന്‍ഡികയുടേയും സാന്‍ ഫ്രാന്‍സിസ്‌കൊ സൊളാനൊയുടേയും അതേ കാലത്ത് വിദ്യാസമ്പന്നലല്ലാത്ത ഒരു സഹോദരന്‍ ജീവിച്ചിരുന്നു. ലീമയിലാണയാള്‍ ജീവിച്ചിരുന്നത്. ഫ്രാന്‍സിസ്‌കന്‍ സഭയുടെ ഒരു കോണ്‍വന്റില്‍. അവിടെ ഭക്തരായ കൃസ്തീയ സന്യാസിമാരുടെ ആശുപത്രിയിലെ അഥവാ നഴ്‌സിങ്ങ് ഹോമിലെ ലഘുഭക്ഷണ ശാലയിലാണയാള്‍ ജോലി ചെയ്തിരുന്നത്. ജനങ്ങള്‍ അയാളെ ഫ്രെ ഗോമസ് എന്നു വിളിച്ചു. കോണ്‍വന്റിന്റെ രേഖകളിലും അയാള്‍ ഫ്രെ ഗോമസ് തന്നെയാണ്. പാരമ്പര്യവും അയാളെ അറിയുന്നത് ഫ്രെ ഗോമസ് എന്ന നിലയിലാണ്. അയാളെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനും പുണ്യാളനാക്കാനും റോമിലേക്കയക്കപ്പെട്ട അപേക്ഷയിലും ഈ പേരു മാത്രമേ നല്‍കിയിട്ടുള്ളു എന്നാണെന്റെ വിശ്വാസം.
എന്റെ രാജ്യത്ത് ഫ്രെ ഗോമസ് പലവിധ അത്ഭുതപ്രവര്‍ത്തികളും നടത്തി. താനതു ചെയ്തുകൊണ്ടിരിക്കുകയാണെന്നയാള്‍പോലും അറിയാതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. തന്റെ ഇച്ഛക്കെതിരായാണങ്ങനെ പലതും ചെയ്യുന്നതെന്ന തോന്നലുണ്ടായി. അയാള്‍ ഒരു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനായാണു ജനിച്ചതു തന്നെ. ഗദ്യമെന്തെന്നറിയാത്തവന്‍ തടസ്സങ്ങളില്ലാതെ പ്രഭാഷണം നല്‍കുന്നതുപോലെ.
ഒരു ദിവസം ഈ സഹോദരന്‍ ഒരു പാലം മുറിച്ചു കടക്കുകയായിരുന്നു. അപ്പോഴാണ് ഒരു കുതിര അതിന്റെ സവാരിക്കാരനെ വഴിയരികിലെ കല്ലിലേക്ക് തട്ടിയിട്ടത്. ആ പാവം അവിടെ കിടന്നു. ഒരു പലകപോലെ നീണ്ടു നിവര്‍ന്ന്, തലയില്‍ നിറയെ ദ്വാരങ്ങളുമായി. അരിപ്പപോലെയുള്ള ദ്വാരങ്ങളുമായി. അയാളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമിറ്റുന്നുണ്ടായിരുന്നു.
”അയാളുടെ തലയോട്ടി തകര്‍ന്നിരിക്കുന്നു. മരിച്ചുകൊണ്ടിരിക്കുകയാണയാള്‍. വേഗം പോയി സാന്‍ ലസാറൊയില്‍ നിന്ന് വികാരിയെ കൊണ്ടുവന്ന് അന്ത്യകൂദാശ നല്‍കണം.” അവിടെയുണ്ടായിരുന്ന ഒച്ചയും ബഹളവും വിവരണാതീതമായിരുന്നു.
ഫ്രെ ഗോമസ് ശാന്തതയോടെ വീണു കിടക്കുന്ന മനുഷ്യനരികിലെത്തി. തന്റെ അരക്കച്ചയുടെ ചരടുകൊണ്ട് അയാളുടെ വായ് സ്പര്‍ശിച്ചു. മൂന്നു തവണ `യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ` എന്നു ചൊല്ലി. മറ്റു ചികിത്സകള്‍ എന്തെങ്കിലും ലഭിക്കുന്നതിനു മുമ്പ് ആ മനുഷ്യന്‍ ഒന്നും സംഭവിക്കാത്തതുപോലെ എഴുന്നേറ്റു നിന്നു.
”അത്ഭുതം! ദിവ്യാത്ഭുതം! ഫ്രെ ഗോമസ് നീണാള്‍ വാഴട്ടെ” അവിടെ കൂടിനിന്ന് ആ രംഗം കണ്ടവര്‍ ഉച്ചത്തില്‍ വിളിച്ചു. ആ ആവേശത്തില്‍ അവര്‍ ഈ സഹോദരനെ എടുത്തുയര്‍ത്തി ഒരു ഘോഷയാത്രയായി നീങ്ങാനാഗ്രഹിച്ചു. എന്നാല്‍ അങ്ങനെയൊന്നൊഴിവാക്കാനായി നമ്മുടെ സഹോദരന്‍ തന്റെ കോണ്‍വന്റിലേക്കോടി മുറിയില്‍ കയറി വാതിലടച്ചു.
എന്നാല്‍ ആ നിമിഷത്തില്‍ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഫ്രാന്‍സിസ്‌കന്‍ കഥാകാരന്മാര്‍ വ്യത്യസ്തമായാണു പറയുന്നത്. അവര്‍ പറയുന്നത് ആരാധകരില്‍ നിന്നു രക്ഷപ്പെടുന്നതിനായി ഫ്രെ ഗോമസ് ആകാശത്തേക്കുയരുകും പാലത്തില്‍ നിന്ന് കോണ്‍വന്റിന്റെ മണിമേടയിലേക്ക് പറക്കുകയും ചെയ്തു എന്നാണ്. ഞാനിതു നിരസിക്കുകയോ ദൃഢപ്പെടുത്തുകയോ ചെയ്യുന്നില്ല. ഒരു പക്ഷേ അയാള്‍ അങ്ങനെ ചെയ്തിട്ടുണ്ടാകാം. അല്ലെങ്കില്‍ ചെയ്തിട്ടുണ്ടാകില്ല. അത്ഭുത പ്രവര്‍ത്തികളുടെ കാര്യത്തില്‍ അവയെ പ്രതിരോധിച്ചോ നിഷേധിച്ചോ എഴുതി മഷി പാഴാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
അന്നൊരു പക്ഷേ ഫ്രെ ഗോമസിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ദിവസമായിരുന്നിരിക്കണം. തന്റെ അറയില്‍ നിന്നു പുറത്തിറങ്ങി ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ അയാള്‍ സഹിക്കവയ്യാത്ത തലവേദനയുമായി ഒരു ബഞ്ചിനു മുകളില്‍ കിടക്കുന്ന സാന്‍ ഫ്രാന്‍സിസ്‌കൊ സൊളാനൊയെ കണ്ടു. നമ്മുടെ സഹോദരന്‍ അയാളുടെ നാഡിയൊന്ന് പരിശോധിച്ചതിനു ശേഷം
”നിങ്ങള്‍ക്ക് ക്ഷീണം അധികമായിരിക്കുന്നു പിതാവെ. എന്തെങ്കിലും ഭക്ഷിക്കണം” എന്നാവശ്യപ്പെട്ടു.
”എനിക്കൊട്ടും വിശപ്പില്ലല്ലോ സഹോദരാ” എന്നായി ആ സന്യാസിവര്യന്‍.
”ഒന്നു ശ്രമിച്ചു നോക്കൂ പിതാവേ. എന്തെങ്കിലും ഭക്ഷിക്കൂ. ഒതു തുണ്ടു മാത്രമയാലും മതി.”
നമ്മുടെ സഹോദരന്‍ ആ രോഗിയ്ക്കരികില്‍ നിന്നു മാറിയില്ല. അയാള്‍ പിന്നെയും ഭക്ഷണത്തെക്കുറിച്ചു മാത്രം പറയുന്നതവസനിപ്പിക്കാനായി പാതിരി അക്കാലത്ത് വൈസ്റോയി ആവശ്യപ്പെട്ടാല്‍ പോലും ലഭിക്കുക അസാധ്യമായ ഒന്നാവശ്യപ്പെട്ടു.
”ശരി സഹോദരാ. ഇപ്പോള്‍ എനിക്കു കഴിക്കാന്‍ തോന്നുന്നത് ഒരു തരം ചെറിയ മീനിനെയാണ്.” പാതിരി അതിന്റെ പേരും പറഞ്ഞു.
ഫ്രെ ഗോമസ് ഉടന്‍ തന്റെ ഇടതു കൈമടക്കിലേക്ക് വലതു കൈ വച്ചു. അപ്പോള്‍ വെള്ളത്തില്‍ നിന്നു പുറത്തെടുത്തതുപോലെയുള്ള രണ്ടു മീനുകളെ അവിടെ നിന്നു പുറത്തെടുത്തു.
”ഇതാ പിതാവെ. ഇതു താങ്കള്‍ക്ക് സൗഖ്യം നല്‍കും എന്നു കരുതാം. ഞാനിപ്പോള്‍ തന്നെ ഇതു പാകം ചെയ്തു കൊണ്ടുവരാം.”
അനുഗ്രഹീതമായ ആ മീനുകള്‍ സാന്‍ ഫ്രാന്‍സിസ്‌കൊയുടെ രോഗം മന്ത്രവിദ്യയാലെന്നപോലെ സുഖപ്പെടുത്തി എന്നതും യാഥാര്‍ത്ഥ്യമാണ്.
ഞാനിവിടെ പരാമര്‍ശിച്ച രണ്ടു ദിവ്യാത്ഭുതങ്ങള്‍ വെറും തമാശകളായി എനിക്കു തോന്നുന്നില്ല. എന്റെ മഷിക്കുപ്പിയില്‍ ഈ സഹോദരന്‍ ചെയ്ത ഇതുപോലെയുള്ള അത്ഭുതങ്ങള്‍ ഇനിയുമുണ്ട്. ഞാന്‍ പക്ഷേ അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹം ചെയ്ത അത്ഭുതങ്ങളും വിവരിക്കാനല്ല ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും ജിജ്ഞാസുക്കളുടെ ആവശ്യങ്ങള്‍ സംതൃപ്തമാക്കുന്നതിനായി, ആശുപത്രിയില്‍ ഇന്നും ഉപയോഗത്തിലുള്ള സന്യാസിമഠത്തിന്റെ ആദ്യ മുറിയുടെ വാതില്‍ക്കല്‍, ഞാനിപ്പോള്‍ വിവരിച്ച രണ്ടു ദിവ്യാത്ഭുതങ്ങളും എണ്ണച്ഛായാ ചിത്രങ്ങളുടെ രൂപത്തില്‍ ലഭ്യമാണെന്നു മാത്രം പറയട്ടെ. ആ ചിത്രങ്ങള്‍ക്ക് കീഴെ ”പൂജനീയനായ ഫ്രെ ഗോമസ്. 1560 ല്‍ എക്‌സ്‌ട്രെമദുരയില്‍ ജനനം. 1580 മുതല്‍ ചുക്വിയാകയില്‍ ജീവിച്ചു. 1857 ല്‍ ലീമയിലെത്തി. നാല്പതു വര്‍ഷം നഴ്‌സ് ആയി സേവനം ചെയ്തു. എല്ലാവിധ ധാര്‍മ്മികതകള്‍ക്കും ഉടമയായിരുന്നു. ദൈവീകമായ അനുഗ്രഹങ്ങള്‍ ലഭിച്ചവനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ തുടര്‍ച്ചയായ ദിവ്യാത്ഭുതങ്ങളാണ്. 1632 മെയ് രണ്ടാം തിയതി അന്തരിച്ചു. അന്നുമുതല്‍ സെയ്ന്റ് എന്നറിയപ്പെടുന്നു. അതിനടുത്ത വര്‍ഷം അരന്‍സാസുവിലെ പള്ളിയില്‍ അദ്ദേഹത്തിന്റെ കബറടക്കം നടത്തി. 1810 ഒക്ടോബര്‍ പതിമൂന്നാം തിയതി അവിടത്തെ ഉന്നതമായ അള്‍ത്താരയ്ക്ക് കീഴിലേക്ക് അദ്ദേഹത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റി സ്ഥാപിച്ചു. കോണ്‍വന്റിലെ മറ്റുള്ളവരുടേയും അവശിഷ്ടങ്ങള്‍ അവിടെയുണ്ട്. ഡോക്ടര്‍ ഡോണ്‍ ബര്‍തൊലോമെ മറിയ ഈ ഭൗതിക വസ്തുക്കളുടെ മാറ്റിസ്ഥാപിക്കലിനു സാക്ഷിയാണ്. ഈ പൂജനീയ പെയ്ന്റിങ്ങ് 1882 നവംബര്‍ മുപ്പതാം തിയതിയാണ് പുനരുദ്ധരിച്ചത്. എം. സമൂദയോയാണതു ചെയ്തത്.” എന്നെഴുതിയിട്ടുണ്ട്.

2
ഫ്രെ ഗോമസ് ഒരു ദിവസം തന്റെ മുറിയില്‍ ധ്യാനത്തിലായിരുന്നു. അപ്പോഴാണാരോ വാതില്‍ക്കല്‍ മുട്ടിയത്. അതിനൊപ്പം ”ഈശോ മിശിഹായയ്ക്ക് സ്തുതിയാരിക്കട്ടെ” എന്നൊരു സ്വരവും വന്നു.
”ഇപ്പോഴും എപ്പോഴും ആമെന്‍. അകത്തു വരൂ സഹോദരാ” ഫ്രെ ഗോമസ് ക്ഷണിച്ചു.
വിനീതമായ ആ മുറിയുടെ വാതില്‍ തുറന്നു. വിഴുപ്പു വസ്ത്രം ധരിച്ച ഒരാള്‍ അകത്തു കടന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു അയാള്‍ എന്നതിനു സംശയമില്ലായിരുന്നു. എന്നിരുന്നാലും അയാളുടെ മുഖത്ത് കടംകഥകളിലെല്ലാം പറയുന്നതുപോലെ സത്യസന്ധതയുണ്ടായിരുന്നു. വൃദ്ധനായ കസ്റ്റീലിയക്കാരന്റേതുപോലെയുള്ള സത്യസന്ധത.
ആ മുറിയില്‍ ഫര്‍ണീച്ചറായുണ്ടായിരുന്നത് നാലു കസേരകളും ഒരു മേശയും മെത്തയില്ലാത്ത ഒരു കട്ടിലും പുതപ്പുകളും തലയിണയ്ക്ക് പകരം ഒരു കല്ലുമായിരുന്നു. ആ മേശയ്ക്കും നല്ല പഴക്കമുണ്ട്.
”ഇരിക്കൂ സഹോദരാ. താങ്കളിവിടേക്കു വരാനുണ്ടായ കാരണം വിശദീകരിക്കൂ.” ഫ്രെ ഗോമസ് അയാളോടു പറഞ്ഞു.
”പിതാവേ, ഞാനൊരു സത്യസന്ധനും മാന്യനുമാണെന്നു താങ്കളോട് ആദ്യമെ പറയട്ടെ…..”
”അതു വ്യക്തമാണ്. താങ്കള്‍ അങ്ങനെ തന്നെ തുടരും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അതു താങ്കള്‍ക്ക് മനസ്സിനു സ്വസ്ഥതയും ശാന്തിയും നല്‍കും. അടുത്ത ജന്മത്തില്‍ അതൊരു അനുഗ്രഹമായി മാറുകയും ചെയ്യും.”
”ഞാന്‍ ഒരു വഴിവാണിഭക്കാരനാണ്. എനിക്ക് വലിയൊരു കുടുംബമുണ്ട്. മൂലധനത്തിനു പണമില്ലാത്തതിനാല്‍ എന്റെ വ്യാപാരത്തില്‍ അഭിവൃദ്ധിയൊന്നുമുണ്ടാകുന്നില്ല അല്ലാതെ അതിനു കാരണം എന്റെ ഭാഗത്തു നിന്നു പ്രയത്‌നങ്ങളില്ലാത്തതോ മടിയോ അല്ല.”
”അതില്‍ എനിക്കു സന്തോഷമുണ്ട് സഹോദരാ. ഒരുവന്‍ അവന്റെ ജോലി ചെയ്യേണ്ടതുപോലെ ചെയ്യുന്നെങ്കില്‍ ബാക്കിയൊക്കെ ദൈവം അനുഗ്രഹിച്ചോളും.”
”എന്നാല്‍ വാസ്തവമെന്തെന്നാല്‍ ഇതുവരെ ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടിട്ടില്ല എന്നതാണ്. എന്നെ സഹായിക്കാന്‍ അവന്‍ വല്ലാതെ മടിക്കുന്നു…”
”അങ്ങനെ നിരാശപ്പെടരുത്…ഒരിക്കലും നിരാശപ്പെടരുത്.”
”അഞ്ഞൂറു ഡോറോ കടം ചോദിച്ച് ഞാന്‍ പല വാതിലുകളും മുട്ടി. ആ വാതിലുകളെല്ലാം പക്ഷേ അടച്ചു സാക്ഷയിട്ടിരിക്കുകയായിരുന്നു. അവസാനം കഴിഞ്ഞ രാത്രിയില്‍ ഇനിയെന്തു ചെയ്യണം എന്നറിയാതെ ഞാന്‍ എന്നോട് `എന്തായിത് ജെറോനിമൊ. ഉല്ലാസത്തോടെയിരിക്ക്. ഫ്രെ ഗോമസിന്റെയരികില്‍ ചെന്ന് പണം ആവശ്യപ്പെട്. ഒരു ദരിദ്രനായ പരിവ്രാജകനാണെങ്കിലും അദ്ദേഹത്തിനു വേണമെങ്കില്‍ നിന്നെ സഹായിക്കാനാകും.` എന്നു പറഞ്ഞു. അതിനായി ഞാനിതാ എത്തിയിരിക്കുന്നു. ഞാന്‍ പിതാവേ താങ്കളോട് യാചിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. എനിക്ക് ഈ നിസ്സാര തുക ആറുമാസത്തേക്ക് കടമായി തരണം. അതിനു ശേഷം ഞാനൊരിക്കലും ഈ ലോകത്തില്‍ അനേകരുണ്ട്. സന്യാസിവര്യരോളം ഭക്തിയുള്ളവര്‍ സ്വന്തം ആവലാതികള്‍ക്കപ്പുറത്തേക്ക് അവരുടെ കൃതജ്ഞത നീളാത്തവര്‍? എന്നു പറയില്ല.
”ഈ ദരിദ്രന്റെ അറയില്‍ അത്രയും തുകയുണ്ടാകും എന്നു നീ ചിന്തിക്കാന്‍ കാരണമെന്താണ്?”
”അതിനെന്തുത്തരം നല്‍കണം എന്നെനിക്കറിയില്ല. എന്നിരുന്നാലും എന്നെ ഒഴിഞ്ഞ കയ്യുമായി താങ്കള്‍ മടക്കിയക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്.”
”നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും സഹോദരാ. ഒരു നിമിഷം കാത്തിരിക്കൂ.”
അദ്ദേഹം തന്റെ കണ്ണുകള്‍ ചുമരിലോടിച്ചു. നഗ്‌നമായ ചുമരില്‍. അവിടെ ഒരു തേളിരിക്കുന്നതു കണ്ടു. അത് സാവധാനത്തില്‍ ജാലകപ്പാളിയിലേക്ക് ഇഴയുകയായിരുന്നു. ഫ്രെ ഗോമസ് ഒരു പഴയ പുസ്തകത്തില്‍ നിന്നൊരു താളു കീറിയെടുത്ത് ആ ജാലകത്തിനരികിലെത്തി. വളരെ ജാഗ്രതയോടെ തേളിനെ പിടികൂടി. അതിനെ ആ തുണ്ടുകടലാസില്‍ തന്നെ പൊതിഞ്ഞു. തന്റെ സന്ദര്‍ശകനിലേക്ക് തിരിഞ്ഞു.
”ഈ വിലയേറിയ വസ്തുവെ കൊണ്ടുപോകുക നല്ലവനായ മനുഷ്യനെ. എന്നിട്ടതിനെ പണയം വയ്ക്കുക. പക്ഷേ ആറു മാസത്തിനുള്ളില്‍ എനിക്കതിനെ തിരികെ തരണം എന്നതു മറക്കരുത്.”
ആ വഴിവാണിഭക്കാരനു നന്ദിപറയാന്‍ വാക്കുകളില്ലായിരുന്നു. അയാള്‍ ഫ്രെ ഗോമസിനോട് യാത്രപറഞ്ഞിറങ്ങി. നേരെ ചെന്നത് പണമിടപാടുകാരനരികിലേക്കാണ്. ആ ആഭരണം അതിഗംഭീരമായിരുന്നു. ഒരു മഹാറാണിക്ക് യോജിക്കുന്നത്. തേളിന്റെ ആകൃതിയിലുള്ള ഒരു പതക്കമായിരുന്നു അത്. സ്വര്‍ണ്ണത്തില്‍ മരതകം പതിച്ചത്. അതിന്റെ തല തിളങ്ങുന്ന രത്‌നം കൊണ്ടായിരുന്നു. കണ്ണുകള്‍ക്ക് പകരം പവിഴക്കല്ലുകള്‍.
തന്റെ വ്യാപാരത്തെ നല്ലവണ്ണമറിയുന്ന പണമിടപാടുകാരന്‍ ആ ആഭരണം അതിസൂക്ഷ്മമായി പരിശോധിച്ചു. അതിനു പകരം വഴിവാണിഭക്കാരനു രണ്ടായിരം ഡൂറോ തരാമെന്നേറ്റു. പക്ഷേ വഴിവാണിഭക്കാരനായ സ്‌പെയ്‌നുകാരന്‍ സമ്മതിച്ചില്ല. തനിക്ക് അഞ്ഞൂറു ഡൂറോ ആറുമാസത്തേക്ക് കടമായി തന്നാല്‍ മതി എന്നായി അയാള്‍. അതിനു ജൂതര്‍ വാങ്ങുന്ന പലിശ നിരക്ക് നല്‍കാമെന്നുമായി. അതനുസരിച്ച് രേഖകളുണ്ടാക്കി ഒപ്പുവയ്ക്കപ്പെട്ടു. ആഭരണത്തിന്റെ ഉടമ അധികം വൈകാതെ കൂടുതല്‍ പണത്തിനായെത്തും എന്ന ആത്മവിശ്വാസം പണമിടപാടുകാരനിലുണ്ടായിരുന്നു. അതിനൊപ്പം കൂട്ടുപലിശയൊക്കെ കുമിഞ്ഞുകൂടും. അങ്ങനെ കടം വാങ്ങിയവനവന്റെ മുതല്‍ തിരിച്ചെടുക്കാനാകാതാകും. അപ്പോള്‍ ആ ആഭരണം തന്റേതാകും. അതിന്റെ കലാമൂല്യമൊന്നു മാത്രം മതി അതിനെ അമൂല്യമാക്കാന്‍.ഇത്രയും മൂലധനം കൊണ്ട് വഴിവാണിഭക്കാരനയാളുടെ കാര്യങ്ങള്‍ ഭംഗിയായി നടത്താനായി. കാലം കടന്നു പോയപ്പോള്‍ അയാള്‍ക്ക് ആ ആഭരണം തിരിച്ചെടുക്കാനാകും എന്ന നിലവന്നു. അതിനെ അതേ കടലാസില്‍ പൊതിഞ്ഞ് അയാളത് ഫ്രെ ഗോമസിനു തിരിച്ചു നല്‍കി.
ഫ്രെ ഗോമസ് ആ തേളിനെ വാങ്ങി. പഴയ ജാലകപ്പടിയിലേക്കു നീങ്ങി. അവിടെ വച്ചു. അനുഗ്രഹിച്ചു.
”നിനക്കിനി നിന്റെ മാര്‍ഗ്ഗം സ്വീകരിക്കാം കൊച്ചു ജീവി” എന്നതിനോടയാള്‍ പറഞ്ഞു.
ആ തേള്‍ ചുമരിലൂടെ ഇഴയാന്‍ തുടങ്ങി.

റിക്കാര്‍ഡൊ പാമ
പെറു (1833-1919)
മാനുവല്‍ റിക്കാര്‍ഡൊ പാമ സോറിയാനോ എന്ന് മുഴുവന്‍ പേര്. എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഈ പണ്ഡിതന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ലാറ്റിന്‍ അമേരിക്കന്‍ സാംസ്‌കാരിക രംഗത്തെ അതുല്യനാമങ്ങളില്‍ ഒന്നായിരുന്നു. ആക്ഷേപഹാസ്യത്തോടെയുള്ള തന്റേതായ എഴുത്തുശൈലിയ്ക്ക് പ്രസിദ്ധനായിരുന്നു. അധിനിവേശകാല പെറുവില്‍ നിന്നുള്ളവരായിരുന്നു മിക്കവാറും ഇതിലെ ഇരകള്‍.

വിവ : സുരേഷ് എം.ജി







No Comments yet!