
- ആത്മവിശ്വാസത്തിന്റെ ആത്മവിശ്വാസം
“നമുക്കൊരു തെറ്റുപറ്റിയാൽ” ഒരു സുഹൃത്ത് എന്നോട് ഒരു ദിവസം സംസാരിച്ചു തുടങ്ങി “അതിനൊരു നഷ്ടപരിഹാരം അല്ലെങ്കിൽ പ്രത്യർപ്പണം അസാധ്യമാണെങ്കിൽ പിന്നെ നമ്മുടെ കൈവശം ആകെ ഒരു സാധ്യതയേയുള്ളു. അത് തുറന്ന കുറ്റസമ്മതം എന്ന പ്രായശ്ചിത്തം മാത്രമാണ്. പ്രിയ സുഹൃത്തേ എന്നെ കുമ്പസാരിപ്പിക്കുന്നവളാകാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ?“
”ഉണ്ട്. എന്തുപറ്റി?“ ഞാൻ ചോദിച്ചു.
”എല്ലാം ശ്രദ്ധിച്ചു കേൾക്കാം എന്ന വ്യവസ്ഥ പാലിക്കാൻ തയ്യാറുള്ള കുമ്പസാരിപ്പിക്കുന്നവൾ?“
”തീർച്ചയായും. എന്നാൽ ഒരു വ്യവസ്ഥ ഒഴികെ.“
”അതേതു വ്യവസ്ഥയാണ്?“
”രഹസ്യമാക്കി വയ്ക്കുക എന്നതൊഴികെ.“
”നാശം! പെണ്ണുങ്ങൾ! നിങ്ങളുടെ ജീവൻ തന്നെ അതിനെ മാത്രമാണാശ്രയിക്കുന്നതെങ്കിൽ പോലും ഈ വ്യവസ്ഥയിൽ നിന്ന് നിങ്ങൾക്ക് ഒഴിഞ്ഞു നിൽക്കാനാകില്ല. വിഗ്രഹാരാധന പോലെയുള്ള നിങ്ങളുടെ സംസാരം തന്നെ ഒരു ഉപാസനാ രീതിയായിരിക്കുന്നു. പെണ്ണുങ്ങൾ….പെണ്ണുങ്ങൾ! നിങ്ങളെ നിങ്ങളായി ഞങ്ങൾ അംഗീകരിക്കേണ്ടിയിരിക്കുന്നു.
“ശരി. ഞാൻ കുറ്റം സമ്മതിക്കുന്നു.” അയാൾ തുടക്കമിട്ടു. രഹസ്യമാക്കിവയ്ക്കില്ല എന്ന എന്റെ നിബന്ധനയ്ക്ക് വഴങ്ങിയിരിക്കുന്നു എന്നതുപോലെ തുടക്കമിട്ടു. “വളരെ ഗൗരവത്തിലുള്ള, വളരെ ഭീഷണമായ ഒരു കുറ്റകൃത്യത്തിനു ഞാൻ കുറ്റക്കാരനാണെന്ന് അറിയിക്കട്ടെ. തന്റെ ഭക്തിപൂർവ്വമായ തീവ്രാഭിലാഷങ്ങൾ സംതൃപ്തമാക്കുന്നതിൽ ഒരു സ്ഥിരശീലന്റെ ശരീരം ഏതറ്റം വരെ പശ്ചാത്തപിക്കുന്നോ അത്രവരെ ഞാനും ഇതിനു കുറ്റക്കാരനെന്നറിയിക്കട്ടെ.
“വളരെ മുമ്പൊന്നുമല്ലാത്തൊരു ദിവസം ഞാൻ സർക്കാർ പ്രതിനിധികൾ തള്ളിപ്പറഞ്ഞ ഒരു പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. അതിനാൽ എനിക്ക് ഒളിവിൽ പോകേണ്ടി വന്നു. ഒരു സുഹൃത്തിനരികിലാണു അഭയം കണ്ടെത്തിയത്. സ്വാഭാവികമായും അയാളുടെ വീടിന്റെ ഏറ്റവും രഹസ്യമായ ഒരു മൂലയിലാണെനിക്ക് അഭയം ലഭിച്ചത്. തോട്ടത്തിനു പുറകിലെ ഒരു ചെറിയ മുറിയിലായിരുന്നു അത്. അതിലേക്കുള്ള വാതിലിനു ചുറ്റിലും കനത്ത വള്ളിപ്പടർപ്പുകളുള്ളതിനാൽ ആ വാതിൽ പെട്ടെന്ന് കാണാനാകില്ലായിരുന്നു.
”മുറിയുടെ ചുമരിൽ കടും ചുവപ്പു നിറമുള്ള ചിത്രത്തുണികളിട്ടിരുന്നു അത് ആ മുറിക്കൊരു പുരാതനത്വം നൽകി. ആ മുറി ആ വീടിന്റെ മുത്തച്ഛന്റേതായിരുന്നു. അതിനകത്തുള്ള വലിയ കട്ടിൽ അദ്ദേഹത്തിന്റെ മരണശേഷം ഒഴിഞ്ഞു കിടക്കുകയായിരുന്നു. അതാണെനിക്കു ലഭിച്ചത്. എന്നാൽ ഇപ്പോൾ അതിന്റെ ഉപയോഗം ഒരു മരണശയ്യയായല്ല എന്നു മാത്രം! ആ വൃദ്ധൻ ചുറ്റിലുമുള്ള പച്ച നിറമുള്ള പർദ്ദകൾക്കിടയിൽ കിടന്നുറങ്ങിയിട്ടുണ്ടാകും. എന്നാൽ അതേ പച്ചപ്പ് ഇപ്പോൾ ഒരു ഗൂഡാലോചനക്കാരന്റെ, അല്ലെങ്കിൽ അതിലുപരിയായി മറ്റുള്ളവരുടെ കാര്യത്തിൽ കയ്യിടുന്നവന്റെ ഉറക്കമില്ലായ്മ കണ്ട് ഇളകിയാടുന്നു. അതിനെക്കുറിച്ചൊക്കെ നിങ്ങൾ തന്നെ നിർണ്ണയിച്ചാൽ മതി.

ആ മുറിയിലെ ആദ്യ രാത്രി മുതൽ, എനിക്കൊരു സ്വരം കേൾക്കാനായി. മൃദുത്വമുള്ള സുന്ദരമായ ഒരു സ്ത്രീ സ്വരം. അതിനിടയിലേക്ക് ചില പുരുഷന്മാരുടെ സ്വരങ്ങളും വരുന്നുണ്ടായിരുന്നു. പക്ഷേ അതെല്ലാം കൃത്യമായി എവിടെ നിന്നു വരുന്നു എന്നു നിശ്ചയിക്കാൻ എനിക്കായില്ല. അവർ ഒറ്റയ്ക്കായിരിക്കുമ്പോൾ ഗദ്യവും പദ്യവും ഉച്ചത്തിൽ വായിക്കും. റെയ്ചൽ വായിച്ചിരുന്നതുപോലെ ഉച്ചത്തിൽ വായിക്കും. അല്ലെങ്കിൽ സമകാലിക നൃത്തനാടങ്ങളിലേതുപോലെയുള്ള ഗാനങ്ങൾ മാലിബ്രാനെപ്പോലെ ആലപിക്കും. അതിൽ തന്നെ സ്കൂർബെർട്ടിന്റെ ഒരു പ്രണയഗീതം തീർത്തും ദിവ്യാനുഭൂതി നൽകുന്ന ഒന്നായിരുന്നു.
“ചുമരുകളിലെ സ്വർണ്ണ നിറമുള്ള ചിത്രകമ്പളങ്ങളിൽ കാതുവച്ചും ചുമരുകളിൽ തട്ടിയും, ഞാൻ ആ സ്വരം എവിടെ നിന്നു വരുന്നു എന്നന്വേഷിച്ച് പല ദിവസങ്ങൾ ചിലവിട്ടു.
”അവസാനം മുറിയുടെ ഒരു മൂലയിലുള്ള വലിയ അലമാരയ്ക്കരികിലെത്തുമ്പോൾ ആ സ്വരം കൂടുതൽ വ്യക്തതയോടെയും അടുത്തുനിന്നെന്ന പോലെയും കേൾക്കാനാകുന്നു എന്ന നിർണ്ണയത്തിൽ ഞാനെത്തി. അതിനപ്പുറം പിന്നെ ഞാൻ തിരഞ്ഞില്ല. ആ ഫർണീച്ചറിനു നല്ല ഭാരമുണ്ടായിരുന്നു. അതിനാൽ ഒറ്റയ്ക്കതൊന്ന് അനക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല എന്നു മനസിലായി. അതൊന്നും പക്ഷേ അതിനു പുറകിലെന്താണെന്നറിയാനുള്ള എന്റെ ആകാംക്ഷയെ ശമിപ്പിച്ചില്ല.
“അതിനാൽ എനിക്കു സഹായിയായി നിയമിക്കപ്പെട്ടിരുന്ന ആ കറുത്തവർഗ്ഗക്കാരനായ വൃദ്ധൻ അത്താഴം കൊണ്ടുവന്നപ്പോൾ അയാളുടെ കയ്യിൽ ഒരു സ്വർണ്ണാണയം വച്ചുകൊടുത്ത് ആ അലമാരിയൊന്നു നീക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ടു.
ഞാനതു പറഞ്ഞതും അയാളുടെ കണ്ണു തുറിച്ചു. അയാൾ വിളറി.
“`ഇല്ല. ഇല്ല. സെനോർ” അയാളുടെ വാക്കുകൾ പൂർണ്ണമായും പുറത്തുവരാതായി.
“ഈ ലോകത്തിലെമ്പാടുമുള്ള സ്വർണ്ണമെല്ലാം എന്റെ കയ്യിൽ വച്ചു തന്നാലും ഞാനതു ചെയ്യില്ല. മിസ്ട്രസ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അവരുടെ ഭർത്താവ് ഇവിടെ വച്ച് അവരോട് അവിശ്വാസം കാണിച്ചു എന്നവരറിഞ്ഞാൽ സഹായി ഞാനായിരുന്നു എന്നവർ അനുമാനിച്ചേക്കും. ഈശോയേ! ഞാനാണ് യജമാനനാവശ്യമുള്ള വാതിൽ വെട്ടിപ്പൊളിച്ചെടുത്തത് എന്നവർ കരുതും. അങ്ങനെ യജമാനനു സന്യാസാശ്രമത്തിലേക്ക് വഴിയൊരുക്കിയതെന്ന്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിയുണ്ടാകട്ടെ. കന്യാമറിയത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ സെനോർ. അതു ചെയ്യണ്ട. അതു മാത്രമല്ല ഈ അലമാരി ചുമരിൽ ബോൾട്ടിട്ട് ഉറപ്പിച്ചിരിക്കുകയാണ്. അതു ചലിപ്പിക്കാനുമാകില്ല.`
”വളരെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഞാൻ അയാളുടെ ഭയത്തെ ശാന്തമാക്കി. ഇക്കാര്യം തീർത്തും രഹസ്യമായിരിക്കും എന്നു വാക്കു കൊടുത്തു. അപ്പോഴാണയാൾ അതിനരികിലുള്ള വീട് ഒരു കാലത്തൊരു കോൺവന്റായിരുന്നു എന്നും അവിടെയുള്ള ഒരു കന്യാസ്ത്രീയുമൊത്ത് ഈ വീടിന്റെ യജമാനൻ പ്രണയത്തിലായിരുന്നു എന്നും അറിയിച്ചത്. ആ കൊടും പാപത്തിന്റെ ബൃഹത്വം മതിയാകാതെ അദ്ദേഹം, തന്റെ സഹായിയായ ആശാരിയും കൽപണിക്കാരനുമായ അടിമയുടെ സഹായത്തോടെ ആ കോൺവന്റിനെ അശുദ്ധമാക്കാനായി ഈ അലമാരയുടെ അകം ഉപയോഗിച്ച് അവിടേക്കുള്ള ചുമർ പൊളിച്ചു. അവിടെ ഒരു വാതിലും വച്ചു.
“`അതുകൊണ്ടാണ് സെനോർ, യജമാനന്റെ മരണ ശേഷം ഈ അലമാര ഒരു പേടിസ്വപ്നമായി മാറിയത്. എനിക്കെന്നും ചെകുത്താൻ ഇതിനകത്തു നിന്നിറങ്ങി വന്ന് എന്റെ കുപ്പായത്തിൽ പിടിക്കുമോ എന്ന ഭയമാണ്. ഈ വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുമ്പോൾ ആ വാതിൽ വെളിപ്പെടുമോ എന്നും അതു നിർമ്മിച്ചവന്റെ പേരെല്ലാവരും അറിയുമോ എന്നും ഭയമാണ്. അങ്ങനെയറിഞ്ഞാൽ യജമാനത്തി എന്നെ ജീവനോടെ ചുട്ടെടുക്കും എന്ന കാര്യത്തിൽ സംശയമില്ല.`
”`നീ അതൊന്നും ഭയക്കണ്ട ഹുവാൻ` ഞാൻ അയാളെ ശാന്തനാക്കി. `അവരോടിതൊക്കെ ആരുപറയാനാ? ഞാൻ ഒരു ശവകുടീരത്തിൽ കിടക്കുന്നവനെപ്പോലെ നിശ്ശബ്ദനാകും. ഞാനിവിടെ നിന്നു പോയാൽ എനിക്കൊപ്പം ആ രഹസ്യവും പോകും. എന്നന്നേക്കുമായി പോകും.`
`സെനോർ!` ആ കറുത്തവൻ ദുഃഖത്തോടെ എന്നെ വിളിച്ചു. അതൊന്നും ഓർക്കാൻ അയാൾ താത്പര്യപ്പെടുന്നില്ലെന്ന് ആ വിളിയിലുണ്ടായിരുന്നു. `അതൊക്കെ ഒരു കാലമായിരുന്നു! ആ കന്യാസ്ത്രി ജീവിച്ചിരുന്നിടത്തോളം യജമാനന്റെ പ്രണയം തുടർന്നു. അവർ പക്ഷേ അധികകാലമൊന്നും ജീവിച്ചില്ല. യജമാനൻ അവരെ മാടപ്രാവ് എന്നാണു വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആ മാടപ്രാവ്, കൂട്ടിലടക്കപ്പെട്ട പ്രാവ്, അദ്ദേഹത്തേയും തീവ്രമായി പ്രണയിച്ചു. അതിനാൽ അവർക്ക് കന്യാസ്ത്രീ മഠത്തിന്റെ ചുമരുകൾക്കകത്തടച്ചിട്ട വിഷലിപ്തമായ വായു ശ്വസിക്കാനാകാതായി. അവരുടെ ആത്മാവ് കുറച്ചുകൂടി മെച്ചപ്പെട്ടയിടമന്വേഷിച്ചു.
“`ആദ്യമൊക്കെ എന്റെ യജമാനന്റെ ദുഃഖം ആർക്കും സാന്ത്വനപ്പെടുത്താനാകാത്തതായിരുന്നു. പക്ഷേ പിന്നെ മറ്റുള്ളവരെല്ലാം ചെയ്യുന്നതു തന്നെ അദ്ദേഹവും ചെയ്തു. അദ്ദേഹം തന്റെ മാടപ്രാവിനെ മറന്നു. സമാനമായി അദ്ദേഹം സ്നേഹിച്ചിരുന്ന മറ്റുള്ളവരെ കാണാൻ കോൺവന്റുകൾ സന്ദർശിച്ചു. എന്നാൽ ആ സന്ദർശനങ്ങളിൽ അദ്ദേഹത്തിനദ്ദേഹത്തിന്റെ അടിമയുടെ ആവശ്യമില്ലായിരുന്നു.`
”`ഹുവാൻ` ഞാനയാളുടെ വാക്കുകൾക്കിടയിലേക്കു കയറി. `എനിക്കിപ്പോൾ നിന്റെ സഹായം വേണം. അതിനു ശേഷം നിനക്കു പോകാം.`
“അങ്ങനെ മുമ്പ് കന്യാസ്ത്രീകളെ വശീകരിച്ചിരുന്നവന്റെ മെർകൂറിയൊ, താനെന്താണു ചെയ്യുന്നതെന്ന് കൃത്യമായി അറിയാമായിരുന്ന ആ സഹായി, ആ അലമാരയുടെ വാതിലുകൾ തുറന്നു. അതിനു പുറകിലുണ്ടായിരുന്ന ഒരു ബ്ളാക്ബോഡ് നീക്കം ചെയ്തു. അവിടെയുള്ള ഒരു ചെറിയ ദ്വാരം കാണിച്ചു തന്നു. ആ ദ്വാരത്തിന്റെ മറുഭാഗവും അതുപോലെ മറച്ചിരുന്നു.
“അതു തുറക്കാനുള്ള ഓടാമ്പലെവിടെയെന്ന് അയാൾ എനിക്ക് കാണിച്ചു തന്നു. അതിനു ശേഷം ഭയന്ന് അവിടെ നിന്നോടിപ്പോയി.
”നിഗൂഢമായ ആ വാതിലിന്റെ ഉടമയായി അപ്പോൾ ഞാൻ മാത്രമേ അവിടെയുള്ളു എന്നെനിക്ക് ഉറപ്പായി. എന്റെ ഹൃദയം ശക്തമായി മിടിച്ചു. അത് ഭയത്താലായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. എന്റെ കൈത്തുമ്പിലിതാ ഒരു മൂടുപടത്തിന്റെ അഗ്രമിരിക്കുന്നു. ഞാൻ തുറന്നു നോക്കാനാഗ്രഹിക്കുന്ന ഒരു മൂടുപടത്തിന്റെ.
“പക്ഷേ ഞാനെങ്ങനെ അതു ചെയ്യും? രണ്ട് ചുവടുകൾക്കപ്പുറത്ത്, നല്ല ആത്മവിശ്വാസത്തോടെയുറങ്ങുന്ന ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കൊളിഞ്ഞു നോക്കാൻ എനിക്കെന്തവകാശമുണ്ട്?
”ഒരു കൈ ആ ഓടാമ്പലിൽ വച്ച്, കാതു കൂർപ്പിച്ച്, ഞാൻ കുറേ നേരം ആകാംക്ഷയോടെ അവിടെ ചാഞ്ചാടി നിന്നു.
“പെട്ടെന്ന് അപ്പുറത്തെ മുറിയിൽ നിന്ന് ഒരു പാവാടയിളക്കത്തിന്റെ സ്വരം വന്നു. അതിനൊപ്പം പരിചിതമായ സ്വരത്തിലൊരു മർമ്മരവും. അതെന്റെ കാതിനരികിൽ നിന്നു തന്നെയായിരുന്നു.
”`രണ്ടു മാസമായി അവനിൽ നിന്നൊരു വിവരവുമില്ലാതായിട്ട്. എന്നോടൊന്ന് യാത്ര പോലും ചോദിക്കാതെയാണാ ദയയില്ലാത്തവൻ കടന്നു കളഞ്ഞത്. അവനിപ്പോൾ എവിടെയാകും? എന്റെ സ്നേഹം അവനെ എവിടെച്ചെന്നന്വേഷിക്കണം എന്നു പറയേണ്ടതാവശ്യമില്ലെന്ന മട്ടിലാണവന്റെ നിസ്സംഗത. പക്ഷേ ഞാനതു കണ്ടെത്തും. അവനും അക്കൂട്ടത്തിലൊരുവനാണ്. വിശ്വാസികളല്ലാത്തവർക്ക് കരുത്തു നൽകുന്ന ശാസ്ത്രമുണ്ട്. ആ ശാസ്ത്രം തന്നെ എന്നോടതു പറയും. അതെ, എനിക്കവനോട് പ്രണയമാണ്` അവസാന വാക്യത്തിനടിവരയിടുന്നതുപോലെയാണവൾ അതു പറഞ്ഞവസാനിപിച്ചത്.
“ഒരു വാതിൽ അടഞ്ഞു. എല്ലാം ശാന്തമായി.
”ഇത്രയും നിഗൂഢമായ വാക്കുകളിൽ തീർത്തും അനന്യമായ പ്രണയത്തെക്കുറിച്ചു കേട്ടതിനു ശേഷം എന്നിൽ തിളച്ചു മറിഞ്ഞ ആകാംക്ഷയെ എനിക്കെങ്ങനെ തടഞ്ഞു നിർത്താനാകും? എന്നെ എങ്ങനെ നിയന്ത്രിക്കണം എന്നെനിക്ക് അറിയാതായി. ആ വിചിത്രമായ അസ്തിത്വത്തിന്റെ രഹസ്യങ്ങൾ എന്റെ കൈകൊണ്ടു സ്പർശിക്കണം എന്ന ഇച്ഛയ്ക്ക് ഞാൻ കീഴടങ്ങിത്തുടങ്ങി.
“പുറവാതിലിൽ കാതമർത്തി ഞാൻ പതിനഞ്ചു നിമിഷം നിന്നു. അപ്പുറത്ത് നിശ്ശബ്ദത മാത്രം. അതിനു ശേഷം എന്നെ പിന്തിരിപ്പിച്ചേക്കാവുന്ന ചിന്തകളെയെല്ലാം ഒഴിവാക്കിക്കൊണ്ട് ആ പരിചാരകൻ എനിക്കു കാണിച്ചു തന്ന കൊളുത്തിൽ കൈവച്ചു.
”അര നൂറ്റാണ്ടായി മറന്നു കിടക്കുന്ന ആ ഓടാമ്പലിന്റെ കൂർത്ത കരച്ചിൽ എന്നെ ഭയപ്പെടുത്തി. എന്നാൽ ആ നിമിഷത്തിൽ തന്നെ വീതികുറഞ്ഞ ആ പുറവാതിൽ തുറന്നു. ഞാൻ മുന്നിലേക്ക് നീങ്ങി. അപ്പുറത്തെ മുറിയിലെത്തി.

- കിറുക്കുള്ള പെണ്ണിന്റെ കിടപ്പു മുറി
“ആളൊഴിഞ്ഞ, ഇരുണ്ട ആ മുറിയിൽ കട്ടിലിനരികിലുള്ള മേശപ്പുറത്തൊരു ചെറിയ സ്പിരിറ്റ് ലാമ്പ് വച്ചിട്ടുണ്ട്. അതിൽ നിന്നുള്ള മങ്ങിയ വെളിച്ചം മെത്തയുടെ വെളുത്ത തിരശ്ശീലയിൽ തിളക്കമുണ്ടാക്കുന്നു. കട്ടിലിന്റെ ഒരു കാലിനരികിൽ മാർബിൾ കൊണ്ട് മേൽഭാഗമുള്ള ഒരു ബ്യൂറൊ. അതൊരു കൊച്ചു ലൈബ്രറിയാണ്. അതിൽ ആന്ദ്രാൽ, ഹഫെലാൻഡ്, റാസ്പെയിൽ തുടങ്ങിയ എഴുത്തുകാർ. അതിനൊപ്പം വിവിധ ജീവികളുടെ തലയോട്ടികളും ശരീരഘടനയുമായി ബന്ധപ്പെട്ട ചിത്രങ്ങളും. ഇതെല്ലാം കാണുന്നയാൾക്ക് ഒറ്റനോട്ടത്തിൽ ഇത് ശാസ്ത്രത്തിനോട് താത്പര്യമുള്ള ഒരാളുടെ മുറിയാണെന്ന ചിന്തയുണ്ടാകുമായിരുന്നു. എന്നാൽ അവിടത്തെ മറ്റു കാഴ്ചകൾ അതിനു വിരുദ്ധവുമാകുന്നു. അവിടെ തുന്നൽ വേലകൾക്കായി ഉപയോഗിക്കുന്ന സാധനങ്ങളുമായി ഒരു കുട്ടയുണ്ട്. അതിൽ പാതി പൂർത്തിയാക്കിയ ഒരു മാല. പിന്നെ വസ്ത്രം മാറ്റുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന മേശ. അതിനെ ഒരു തുണികൊണ്ട് മൂടിയിരിക്കുന്നു. നിലത്തു വിരിച്ചിട്ടിരിക്കുന്ന മറ്റൊരു മെത്തയിലേക്കലസം വലിച്ചെറിഞ്ഞിരിക്കുന്ന പാവാട. അതിന്റെ അരികുകളിൽ റിബ്ബൺ കൊണ്ടലങ്കരിച്ചിട്ടുണ്ട്. പൂപ്പാത്രങ്ങളെല്ലാം പലവിധ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇംഗ്ളീഷ് സുഗന്ധ തൈലങ്ങൾ, ചന്ദനത്തിരിയിൽ നിന്നുയരുന്ന നീല നിറമുള്ള പുക, എല്ലാം ആ മുറിയുടെ ഉടമ ഏതു ലിംഗത്തിൽ പെട്ടയാളാണെന്ന് കാണിച്ചു.
“മെത്തയുടെ തലഭാഗത്ത്, ഉണ്ണിയേശുവിന്റെ ഒരു ചിത്രം. അതിനു കീഴെ സുമുഖനായ ഒരു യുവാവിന്റെ ഛായാചിത്രം. രണ്ടു കാലഘട്ടങ്ങളിലെ ഈ ചിത്രങ്ങളിലേക്കാണവർ തന്റെ സർവ്വ സ്നേഹവുമൊഴുക്കിയിരിക്കുന്നത്. അതിൽ തന്നെ ആ മനുഷ്യനാണീ കലാമേന്മയുള്ള, മിതത്വമുള്ള ലളിതമായ വാസഗൃഹത്തിന്റെ ആസ്ഥാനത്തുള്ളത്.
”മുറിയുടെ ചുമരുകൾ കൊത്തുപണികൾ ചെയ്ത മരപ്പലകകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നിഗൂഢമായ പുറവാതിലിനെ ചെറുതും, ദീർഘചതുരാകൃതിയിലുള്ളതുമായ ഒരു മരപ്പലകകൊണ്ട് വേഷപ്രച്ഛന്നമാക്കിയിരിക്കുന്നു. അതിന്റെ അരികുകളിൽ റോസാപ്പുക്കൾ കൊത്തിയിട്ടുണ്ട്. അങ്ങനെ ഞാൻ ആ കന്യാസ്ത്രി താമസിച്ചിരുന്ന മുറിയിലെത്തയിരിക്കുന്നു. അവരുടെ പ്രണയത്തിന്റെ ഗർഭഗൃഹത്തിലേക്ക്. ഇപ്പോഴത് അത്രതന്നെ ഉന്മത്തതയുള്ളയാൾക്കൊരു ക്ഷേത്രമായിരിക്കുന്നു. ഈ ആകസ്മിക ലക്ഷ്യത്തിനു പുറകിൽ എനിക്ക് എന്റെ ഭ്രമങ്ങളെ അഴിച്ചുവിടണം എന്ന ആഗ്രഹം എന്നിലുണ്ടായിരുന്നു. പഴയ രംഗങ്ങളിലേക്ക് പറന്നെത്തുക എന്ന ഭ്രമങ്ങളെ. ശിലയിൽ കൊത്തിയ ദേവീരൂപങ്ങളുടെ തുറിച്ചു നോക്കുന്ന കണ്ണുകൾക്ക് കീഴെ, കാലപ്പഴക്കം കാണിച്ച ശില്പവേലകളിലെ തുടുത്ത കവിളുകളുള്ള മാലാഘമാർക്ക് മുന്നിൽ ഞാനാ ആഗ്രഹവുമായി നിന്നു. എന്നാൽ അതിനായി ചിലവിടാനുള്ള സമയം എന്റെ കൈവശം അപ്പോൾ ഇല്ലാതായി. ഞാനപ്പോൾ അവിടേക്ക് കടന്നു കയറിയവനാണ്. അതിനാൽ കാര്യങ്ങൾ പാതിയിൽ നിർത്തുന്നതിൽ അർത്ഥമില്ലെന്നും തോന്നി. എന്റെ കിറുക്കുള്ള അയൽക്കാരിയിലേക്ക് എനിക്കെപ്പോൾ വേണമെങ്കിലും ഒളിഞ്ഞു നോക്കുന്നതിനായി ഞാൻ അവിടെ ഒരു ദ്വാരം തുറന്നിടാൻ തീരുമാനിച്ചു..
“ അവളുടെ തുന്നൽ കുട്ടയൊന്നു പരിശോധിച്ചു. അത് ആകെ അലങ്കോലമായിരുന്നു എന്നു പറയാം. വിറയ്ക്കുന്ന വിരലുകൾ പട്ടു നൂലുകളെ കെട്ടിപ്പിണച്ചിരിക്കുന്നു. നൂലുകൾ പൊട്ടിപ്പോന്നിരിക്കുന്നു. അവയെ വെട്ടിയെടുത്തതല്ല, പൊട്ടിപ്പോന്നതാണ്. അര ഡസനോളം സൂചികൾ കണ്ടു. അവയെല്ലാം ലെയ്സുകളിലും റിബ്ബണുകളിലും ചിതറിക്കിടക്കുകയായിരുന്നു. ഞാൻ കത്രിക തിരയുന്നതിനിടയിൽ അവയിൽ ചിലത് എന്റെ വിരലുകളിൽ കുത്തിക്കയറി. ആ കത്രിക കൊണ്ട് ഞാൻ പുറം വാതിലിലെ റോസാപ്പൂക്കൾക്കിടയിൽ ഒരു ദ്വാരമിട്ടു.
”പുറവാതിലടച്ച്, അലമാരയിലൂടെ എന്റെ മുറിയിലേക്കു മടങ്ങിയെത്തിയതും എന്റെ ആതിഥേയൻ തന്റെ പതിവു സായാഹ്ന സന്ദർശനത്തിനായെത്തി.
“ആ സായാഹ്നത്തിൽ എനിക്കു ലഭിച്ച സൗഹൃദത്തിനേക്കാൾ മുഷിപ്പിക്കുന്നതായി മറ്റൊന്നും ഞാൻ അനുഭവിച്ചറിഞ്ഞിട്ടില്ല എന്നു കുമ്പസാരിക്കേണ്ടിയിരിക്കുന്നു. അയാളുടെ സംസാരങ്ങൾ പൊതുവിൽ എന്നിൽ ഉത്സാഹമുണ്ടാക്കാറുണ്ട്. ആ സംസാരങ്ങൾക്കെപ്പോഴും പലവിധ ആംഗ്യങ്ങളുടെ അകമ്പടിയുണ്ടാകും. ജ്ഞാനിയും വിവേകിയുമാണയാൾ. എന്നാൽ അന്നെനിക്ക് അയാൾ ഏകതാനതയുള്ളവനും വിരസനുമായി തോന്നി. അടുത്ത മുറിയുടെ വാതിൽ തുറക്കുന്ന സ്വരം കേട്ടപ്പോൾ ഞാൻ കൂടുതൽ അസ്വസ്ഥനായി. അതവളായിരിക്കും എന്നെനിക്കറിയാമായിരുന്നു. അപ്പുറത്തെ മുറിയുടെ നിഗൂഢ ഉടമസ്ഥ. അവൾ അവളുടെ രൂപകല്പനകൾ പൂർത്തിയാക്കിയോ? അവൾ അപ്പോൾ പറഞ്ഞ ആ ശാസ്ത്രം എന്തായിരുന്നു? എന്തൊക്കെ നിഗൂഡതകളാണവൾക്ക് വെളിപ്പെട്ടിരിക്കുന്നത്?
”തുടർന്ന് വന്ന നിശ്ശബ്ദത ഒരു നല്ല ലക്ഷണമല്ല എന്ന തോന്നലുണ്ടായി. ഞാൻ എന്റെ സുഹൃത്തിനെതിരെയുള്ള കസേരയിൽ ഭയന്ന് സ്തംഭിച്ചിരിക്കുകയായിരുന്നു. എനിക്ക് കൂടുതലന്വേഷിക്കാനുള്ള സ്വാതന്ത്ര്യം അപ്പോഴില്ല. എന്നെ ആകാംക്ഷ വിഴുങ്ങിയിരിക്കുന്നു. എന്റെ സുഹൃത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഏകാക്ഷരങ്ങളിൽ മറുപടി നൽകി. അവസാനം അയാൾക്കും എന്തോ കുഴപ്പമുണ്ടെന്ന ചിന്തയുണ്ടായി.
“`നിങ്ങൾക്ക് സുഖമില്ലേ?`
”`അങ്ങനെയൊന്നുമില്ല` ഞാൻ പെട്ടെന്നു തന്നെ പ്രതികരിച്ചു.
“`എന്തോ നിങ്ങളുടെ മനസ്സിനെയലട്ടുന്നുണ്ടെന്നു തോന്നുന്നു. നിങ്ങൾ ഉറങ്ങിക്കോളൂ. നാളെ കാണാം.`
”`ശരി. നാളെ കാണാം.` ഞാനും പറഞ്ഞു. എന്റെ ആ വാക്കുകളിലെ ആവേശം അയാളെ അത്ഭുതപ്പെടുത്തി. ഒന്നു പുഞ്ചിരിച്ച് അയാൾ പുറത്തിറങ്ങി.
“ഞാൻ ഒറ്റയ്ക്കായി. അലമാര തുറന്ന് അകത്തു കയറി. കത്രികകൊണ്ട് ഞാനുണ്ടാക്കിയ ദ്വാരത്തിലൂടെ എത്തിനോക്കി.
”അകത്ത് ഇപ്പോൾ ആളുണ്ടെന്നതൊഴികെ മറ്റൊരു മാറ്റവും വന്നിട്ടില്ല. മുറിയുടെ മദ്ധ്യത്തിൽ, ചാരുകസേരയിൽ അത്ഭുതത്തോടെയെന്നവണ്ണം ചുറ്റിലും നോക്കി ഒരാളിരിക്കുന്നു. അയാളുടെ കണ്ണുകളിൽ നിന്നെനിക്കൊന്നും വായിച്ചെടുക്കാനായില്ല. വിളറിയ മെലിഞ്ഞ ചുണ്ടുകളോടുകൂടിയ വായിൽ നിന്നും എനിക്കൊന്നും വായിച്ചെടുക്കാനയില്ല. നല്ല വീതിയുള്ള, ഉയർന്ന നെറ്റിയുണ്ടായിരുന്നു അയാൾക്ക്. ഏതൊരു മസ്തിഷ്കശാസ്ത്രജ്ഞനിലും കൗതുകമുണർത്തുന്ന നെറ്റി.
“അതിനിടയിൽ ചുവന്ന പട്ടുകൊണ്ടു മറച്ച ഒരു ചെറിയ വാതിൽ തുറന്നു. ഇരുട്ടിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. നല്ല ഉയരമുള്ളവൾ. മെലിഞ്ഞ ശരീരമുള്ളവൾ. ഘനം കുറഞ്ഞ ഒരു നീളൻ ളോഹയാളവളുടെ വേഷം. അതിന്റെ മദ്ധ്യത്തിൽ ഒരു നീലചരടുകൊണ്ടുള്ള കെട്ടുണ്ട്. അവളുടെ കറുത്ത മുടി നീളൻ ചുരുളുകളായി ചുമലിൽ വീണു കിടക്കുന്നു. ദ്രുതഗതിയിലുള്ള നടത്തവും മുഖത്തെ പ്രസാദവും കണ്ടാൽ ഈ ഭൂമിയിൽ ഏറ്റവും സന്തോഷമുള്ള വ്യക്തിയാണവൾ എന്ന ചിന്തയുണ്ടാകുമായിരുന്നു. ഒന്നടുത്തു നോക്കിയാൽ പക്ഷേ ആ പുഞ്ചിരിക്കു പുറകിൽ കണ്ണുനീർത്തുള്ളികളുള്ളതു കാണാനാകും. ഹൃദയത്തിലെ മേഘം നെറ്റിയെ പ്രസന്നമാക്കി എന്നു പറയുന്നതുപോലെ,.
“അകത്തു വന്ന അവൾ മുറിയിലിരിക്കുന്നവനിലേക്ക് വളരെ മൃദുവായ, എന്നാൽ കണ്ണുവെട്ടിക്കാത്ത ഒരു നോട്ടമയച്ചു. അതയാളിൽ ഒരു ഞെട്ടലിനു കാരണമാക്കി. ആ യുവാവിന്റെ കണ്ണുകൾ അവളുടെ നോട്ടത്താൽ ആകൃഷ്ടമായതുപോലെ, അവളുടെ കണ്ണുകളിൽ ദീർഘനേരം ഉടക്കി നിന്നു. എന്നാൽ ക്രമത്തിൽ വിചിത്രമായ ഒരു ആലസ്യം ആ കണ്ണുകളെ അടപ്പിച്ചു. അയാളുടെ കവിളുകളിൽ കൺപീലികളുടെ നിഴൽ വീണു.
”ആ സ്ത്രീ അയാളിലേക്ക് മന്ദം മന്ദം നീങ്ങി. അയാളുടെ അടഞ്ഞ കണ്ണുകൾക്ക് മുന്നിൽ തന്റെ വലതു കൈ മൂന്നു തവണ വീശി. അയാളുടെ മുഖത്തിന്റെ നീളമളക്കുന്നതുപോലെ വീശി, പിന്നെ ആ കൈ വഴിതെറ്റിയതുപോലെ അയാളുടെ ചുമലിലെത്തി. അതേ ആംഗ്യം വീണ്ടും ആവർത്തിക്കപ്പെട്ടു. അതിനു ശേഷം അവൾ തന്റെ ഇടതുകൈ തന്റെ ഹൃദയത്തിന്റെ ഉയരത്തിൽ സമാന്തരമായി വച്ചു. മൃദുവെങ്കിലും ആജ്ഞാസ്വരത്തിൽ `സാമുവേൽ` എന്നു വിളിച്ചു.
“`നിനക്കെന്നിൽ നിന്നെന്തു വേണം?` അയാൾ ശ്വാസം കിട്ടാത്തതുപോലെ ചോദിച്ചു.
”അവൾ പിന്നെയും തന്റെ ഇടതു കൈകൊണ്ട് നെഞ്ചിലേക്ക് ചൂണ്ടി. അത് പലതവണ ആവർത്തിക്കപ്പെട്ടു. അപ്പോൾ അയാൾ `നിനക്കെന്നെ വേണമെന്നുണ്ടോ? നീ പറയുന്നതെന്തും അനുസരിക്കാൻ ഞാൻ തയ്യാറാണ്` എന്നു പറഞ്ഞു.
“`നല്ലത്` എന്നായി അവൾ. എന്നിട്ട് തന്റെ വലതു കയ്യിന്റെ തള്ളവിരലും ചൂണ്ടുവരലും അയാളുടെ നെറ്റിയിലമർത്തി. `എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കു നോക്കി ഒരു ചിത്രം തിരയ്.`
”ആ യുവാവ് മുഖം താഴ്ത്തി. സ്വന്തം നെഞ്ചിലേക്കു താഴ്ത്തി. അയാൾ ഉറക്കത്തിലേക്കു വഴുതുകയാണെന്നതുപോലെ താഴ്ത്തി. അപ്പോൾ അയാളുടെ ശരീരമൊന്നു കമ്പനം കൊണ്ടു. ചുണ്ടുകൾ ഒരു പേരുച്ചരിച്ചു. അവൾ ദുഃഖത്തോടെ പുഞ്ചിരിച്ചു. ചുമരിലെ ചിത്രത്തിലേക്കു നോക്കി. ഉറങ്ങുന്ന ആ മനുഷ്യന്റെ കൈ പിടിച്ചു. `സാമുവേൽ. നിന്റെ കാഴ്ചകൾ കാണാനുള്ള എല്ലാകരുത്തും ആ ദിശയിലെ ചക്രവാളങ്ങളിലേക്ക് തിരിക്കൂ` അവൾ വടക്കോട്ടു ചൂണ്ടി പറഞ്ഞു. `എന്നിട്ട് നീ ഇപ്പോൾ ആരുടെ പേരാണോ ഉച്ചരിച്ചത് അയാളെ തിരയൂ.`
“ഉറങ്ങുന്നവന്റെ തല വീണ്ടും താണു. അയാളുടെ ശ്വസനം കൂടുതൽ ശക്തമായി. കൂടുതൽ അദ്ധ്വാനമുള്ളതായി. അയാൾ വിയർപ്പിൽ കുളിക്കാനാരംഭിച്ചു.
”അവളപ്പോഴും കൈകൾ കൂട്ടിക്കെട്ടി നിൽക്കുകയായിരുന്നു. അയാളുടെ അടഞ്ഞ കണ്ണുകളിലെ വികാരങ്ങൾ ആജ്ഞാശക്തിയോടെ നോക്കി നിൽക്കുകയായിരുന്നു.
“സമയം, അന്തരീക്ഷം, സ്ഥലം എന്നിവയെല്ലാം ആ ഭ്രമാത്മക രംഗത്തിന്റെ സ്വഭാവിശേഷത്തിലേക്ക് സംഭാവന നൽകി. ദുർബലയെന്നു തോന്നിപ്പിക്കുന്ന ഒരു ജീവി, ചില നിഗൂഢമായ സ്വാധീനത്താൽ കരുത്തനായ ഒരു പുരുഷനു മീതെ ആധിപത്യം പുലർത്തുന്നു കാണുമ്പോൾ, അവളെ ആ ഒഴുകുന്ന ളോഹയിലങ്ങനെ കാണുമ്പോൾ, അവൾ ആ പുരുഷന്റെ മേൽ പതിപ്പിച്ചിരിക്കുന്ന നോട്ടത്തിന്റെ ആധികാരികത കാണുമ്പോൾ, ഏതോ അജ്ഞാതമായ കുലത്തിന്റെ ആചാരങ്ങൾ നടപ്പിലാക്കുന്ന ആഭിചാരിണിയാണവൾ എന്ന ചിന്തയുണ്ടാകുമായിരുന്നു.
”ഉറങ്ങിക്കൊണ്ടിരുന്ന അയാളുടെ നിർവ്വികാരതയെ, നിശ്ചലതയെ, തടസ്സപ്പെടുത്തുന്ന രണ്ടാമതൊരു ചലനം കൂടിയുണ്ടായി.
“`എനിക്കയാളെ കാണാനുണ്ട്` അയാൾ അത്ഭുതത്തോടെ പറഞ്ഞു.
”`എവിടെ?`
“`ഒരു വലിയ നദിയുടെ ഓളങ്ങൾക്ക് മുകളിൽ വെള്ളിനിറമുള്ള നിലാവ്. ആ നദി കാടിനും അതിമഹത്തരമായ ഒരു നഗരത്തിനും ഇടയിലൂടെ ജ്വരബാധിതയെപ്പോലെയൊഴുകുന്നു.
”`നഗരത്തിനപ്പുറത്ത് ഒരു വലിയ കപ്പൽ നങ്കൂരമിട്ടിരിക്കുന്നു. അത് ആ തിളങ്ങുന്ന ഓളങ്ങളിൽ ചാഞ്ചാടുന്നുണ്ട്. ആ കപ്പലിൽ നിന്നുള്ള വെളിച്ചം കരയിലങ്ങു ദൂരെ വരെയെത്തുന്നു. അതിന്റെ വീതിയുള്ള മുകൾത്തട്ടിൽ ബാനറുകളും സൗരഭ്യം നൽകുന്ന പൂമാലകളും. അവിടെ നൂറുകണക്കിനു സുന്ദരികൾ വെളുത്ത വസ്ത്രത്തിൽ, പൂക്കൾ കൊണ്ടുള്ള കിരീടം ചൂടി അവരുടെ പങ്കാളികളുടെ കൈപിടിച്ച് നൃത്തം ചെയ്യുന്നു. എന്തൊരു ചന്തമാണവരുടെ കണ്ണുകൾ കാണാൻ. ധ്രുവങ്ങളിലെ വെയിലിൽ നിന്നുള്ള ശോഭയാണവർ കവർന്നെടുത്തിരിക്കുന്നതെന്നു തോന്നും അവരെ കാണുമ്പോൾ.`
‘“അവൻ? അവനെവിടെ?`
”`ഞാനൊന്നു കാണട്ടെ.` ഉറക്കത്തിലായിരുന്നവൻ കേണപേക്ഷിക്കുന്നതുപോലെ മറുപടി പറഞ്ഞു. `ഞാൻ ഈ നൃത്തത്തിന്റെ മന്ത്രശക്തിയുള്ള കാൻവാസ് ഒന്നു കാണട്ടെ. കത്തുന്ന സൂര്യനു കീഴെയുള്ള ആ ചിത്രമൊന്നു കാണട്ടെ. സുന്ദരമാണവ! അതിസുന്ദരം. വശീകരിക്കുന്ന നീർച്ചുഴിയ്ക്കപ്പുറത്ത് ഒരാൾ നിൽക്കുന്നതും ഞാൻ കാണുന്നു. അവൾ കപ്പലിന്റെ അണിയത്തേക്കാണു നീങ്ങുന്നത്. അവളുടെ വീരനായകൻ ഒപ്പമുണ്ട്. അവളിപ്പോൾ കപ്പലിന്റെ കൈവരികളിൽ ചാരി, വെള്ളത്തിൽ പ്രതിഫലിക്കുന്ന വിറയ്ക്കുന്ന നക്ഷത്രങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.`
“`സാമുവേൽ` ആ സ്ത്രീ വിളിച്ചു. അയാളെ വീണ്ടും തടസ്സപ്പെടുത്തി. അയാളുടെ നിർവ്വികാര സ്വഭാവവിശേഷങ്ങളിൽ വീണ്ടുമൊരു കമ്പനമുണ്ടായി. `സാമുവേൽ, എന്താണു നീ കാണുന്നത്?`
‘”ഞാൻ അവനെ കാണുന്നു. അവനാണാ സുന്ദരിക്കൊപ്പമുള്ളത്.`
“`നീ എന്തിനാണിങ്ങനെ വിറയ്ക്കുന്നത്?`
‘“അതു ചോദിക്കരുത്. അതു നീ അറിയണ്ട` സ്വരം താഴ്ത്തിയാണയാൾ അത്രയും പറഞ്ഞത്.
”`എനിക്കറിയണം. നീ അതു പറയണം.`
“അയാൾ വേദനയോടെ പിന്നെയും തല താഴ്ത്തി. വിചിത്രമായ ഒരു നാക്കിൽ നിന്നു വരുന്നതുപോലെ സംസാരിക്കാനാരംഭിച്ചു. അങ്ങനെയാകുമ്പോൾ താൻ അനുസരിച്ചുകൊണ്ടിരിക്കുന്ന ഈ സ്ത്രീക്കേൽക്കുന്ന മുറിവിനത്ര ആഴമുണ്ടായിരിക്കുകയില്ല എന്നയാൾ ധരിച്ചിരിക്കുന്നു എന്നു തോന്നി.
”അയാൾ സംസാരിച്ചുകൊണ്ടിരിക്കെ, ഒരു മേഘം ആ സ്ത്രീയുടെ കൺപുരികങ്ങളിൽ ചേക്കേറി. ആ കണ്ണുകളിൽ നിന്ന് ഇടിമിന്നലുണ്ടായി. കൊടുങ്കാറ്റുണ്ടായി. അവളുടെ ചുണ്ടുകൾ ആശയക്കുഴപ്പം നിറഞ്ഞതും സ്വമേധയായല്ലാത്തതുമായ വാക്കുകൾ ഉച്ചരിച്ചു. പിന്നെ പെട്ടെന്നവൾ ശാന്തയായി.
“`അയാളുടെ മനസ്സു വായിക്കൂ സാമുവേൽ` അവൾ ആവശ്യപ്പെട്ടു.
”ആ യുവാവ് തന്റെ മനസ്സിനെ ഏകാഗ്രമാക്കി. അയാളുടെ ആത്മാവ് ഏതോ പാതാളത്തിലേക്കിറങ്ങിപ്പോയി എന്ന തോന്നലുണ്ടായി.
“എന്നിട്ട് ഉരുകിയ ഈയ്യം പോലെ അയാളുടെ ചുണ്ടിൽ നിന്ന് വാക്കുകൾ ഉതിർന്ന് വീഴാനാരംഭിച്ചു.
”`അയാൾ അവളെ പ്രണയിക്കുന്നു.`
“അയാളുടെ ശരീരം കോച്ചിവലിയുന്നതായി തോന്നി. വാക്കുകൾ പുറത്തു വരാതായി. ആ പെണ്ണിന്റെ ഹൃദയത്തിൽ താനേല്പിച്ച മുറിവ്, തന്നിലുമുണ്ടായിരിക്കുന്നു എന്നതുപോലെ അയാൾ നിശ്ശബ്ദനായി.
“അവളും നിശ്ചലം, നിശ്ശബ്ദം നിൽക്കുകയായിരുന്നു. അവളുടെ മുഖത്തെ ഒരൊറ്റ മാംസപേശികൾ പോലും ചലിച്ചില്ല. മുഖം അത്രയും വിളറിയില്ലായിരുന്നു എങ്കിൽ അവളുടെ ഹൃദയത്തിലെ വേദന ഒരിക്കലും വെളിപ്പെടില്ലായിരുന്നു.
”അവൾ മുറിയിൽ ഉലാത്താനാരംഭിച്ചു. ആ ഛായാചിത്രത്തിനരികിലെത്തിയപ്പോൾ അതിലേക്ക് ദീർഘനേരം മിഴികൾ നട്ടു നിന്നു. അവളുടെ മുഖഭാവമപ്പോഴും വായിച്ചെടുക്കാനാകാത്തതായിരുന്നു. എന്നിട്ട് തന്റെയൊരു ഇഷ്ടയോർമ്മയെ പുറത്തെടുക്കാനെന്ന മട്ടിൽ ഒരു കൈകൊണ്ട് പുരികത്തിൽ സ്പർശിച്ചു. മുന്നിലേക്കു വീണ മുടിയിഴകൾ പുറകിലേക്ക് തട്ടിമാറ്റി. അതിനു ശേഷം ഒരു കറുത്ത തുണിയെടുത്ത് ആ ഛായാചിത്രം മറച്ചു. അവൾ അകത്തുപ്രവേശിച്ച വാതിലിനെതിർ വശത്തുള്ള മറ്റൊരു വാതിലിലേക്കു നീങ്ങി. അവിടെയെത്തിയപ്പോൾ ഉറങ്ങുന്നവനിലേക്കു തിരിഞ്ഞു. കയ്യുയർത്തി അയാൾക്ക് ആംഗ്യഭാഷയിൽ നിർദ്ദേശം നൽകി. അയാൾ എഴുന്നേറ്റ് അവൾ ചൂണ്ടിക്കാണിച്ചിടത്തേക്ക് നടന്നു.
“അയാൾ അപ്പുറം കടന്ന് വാതിലടഞ്ഞപ്പോൾ ആ സ്ത്രീയുടെ സ്വരം ഞാൻ കേട്ടു.
”`ഉണരൂ സാമുവേൽ.`
“`അതിനു ശേഷം അവൾ വന്ന് തന്റെ മെത്തയിലിരുന്നു. മുഖം തന്റെ കൈകളിലൊളിപ്പിച്ചു.
”പിന്നെ എനിക്കവിടെ കാണാനോ മനസിലാക്കാനോ ഒന്നുമില്ലായിരുന്നു. വിളക്കണഞ്ഞിട്ടുണ്ടായിരുന്നു. എനിക്കാ പെണ്ണിനെ കാണാനായില്ല. ഞാൻ ആ പിൻവാതിലിൽ ഒട്ടിപ്പിടിച്ചതുപോലെ നിന്നു. ആ വാതിലാണപ്പോൾ എന്നെ അവളിൽ നിന്ന് വേർപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾക്ക് ചുറ്റിലും നിശ്ശബ്ദതയായിരുന്നു. എന്നിരുന്നാലും എന്റെ തലച്ചോറിൽ വലിയ തിരകളിളകുന്നതുപോലെ കോലാഹലങ്ങളുണ്ടായിരുന്നു. എന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചിരുന്നു. എന്റെ ആത്മാവിന്റെ നിരാശ അനിയന്ത്രിതമായ കോപമായി. അത്…..അത് അസൂയയായിരുന്നു! എനിക്ക് ആ പെണ്ണിനോട് പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു. മറ്റൊരാളോട് അസാധ്യമാം വിധം തീവ്രവും എരിയുന്നതുമായ പ്രണയമുള്ള ആ പെണ്ണിനോട്. എനിക്കവളെ സ്വന്തമാക്കണമായിരുന്നു. അവളുടെ ഹൃദയത്തിൽ മറ്റൊരാളാണെങ്കിലും എനിക്കവളെ സ്വന്തമാക്കണമായിരുന്നു.“
”“കാതോർക്കുന്നവൻ കേൾക്കും, അവനതിൽ പശ്ചാത്തപിക്കും…..” ഞാൻ പ്രഖ്യാപിച്ചു. കുമ്പസാരിപ്പിക്കുന്നവന്റെ സ്വരത്തിൽ പ്രഖ്യാപിച്ചു.
“വെയിൽ അവളുടെ മുറിയിലേക്ക് അരിച്ചെത്തിയപ്പോഴും അവൾ അവിടെ തന്നെയിരിപ്പുണ്ടായിരുന്നു. ഞാനോ അവളോ അനങ്ങിയിട്ടുണ്ടായിരുന്നില്ല.”
പെട്ടെന്ന് അയാളെ വിഘ്നപ്പെടുത്തുന്നതുപോലെ എന്റെ പാപബോധം ഒരു ചോദ്യവുമായെത്തി. “നീ അതു കേട്ടോ?”
“എന്ത്?”
“ഒരു തീവണ്ടിയുടെ ചൂളം വിളി. ഇന്ന് സതേൺ എക്സ്പ്രസ് വരുന്ന ദിവസമാണ്. അതിൽ നിന്ന് അറേക്വിപയിൽ നിന്നുള്ള കൗതുകമുണർത്തുന്ന വാർത്തകളെത്തും.“
എന്റെ അഭ്യർത്ഥനകളേയോ, നിലവിളികളേയോ, പ്രതിഷേധങ്ങളേയോ, പാപവിമോചനമുണ്ടാകില്ല എന്ന എന്റെ ഭീഷണിയേയോ വകവയ്ക്കാതെ ആദരവൊട്ടുമില്ലാത്ത എന്റെ സുഹൃത്ത് തൊപ്പിയെടുത്ത് പെട്ടെന്ന് പുറത്തിറങ്ങി. ഐലെ പ്രവിശ്യയിലേക്കുള്ള തീവണ്ടിയിൽ അയാൾ കയറി. അവിടെ നിന്ന് അരെക്വിപയിലേക്ക് യാത്രയായി. അവിടെയെത്തിയപ്പോൾ രഹസ്യമായി നഗരത്തിലെ പ്ളാസയിലേക്കു കയറി. മാർച്ച് ഏഴാം തിയതി അയാൾ ട്രഞ്ചുകളിൽ കിടന്നു പോരാടി. ”വിമോചനത്തിന്റെ“ ചങ്ങലക്കെട്ടിൽ നിന്ന് അത്ഭുതകരമായി സ്വയം മോചിപ്പിച്ച് അയാൾ ചിലിയിലേക്കു കടന്നു. അവിടെ ആ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട വിപ്ളവത്തിൽ അയാൾ സക്രിയമായ ഭാഗം വഹിച്ചു എന്നത് വിഖ്യാതമാണ്. വിപ്ളവം പരാജയപ്പെട്ടപ്പോൾ അയാൾ യൂറോപ്പിലേക്കു പോയി. സിസിലിയിലേക്കുള്ള ഗാരിബാൾഡിയുടെ സാഹസയാത്രയിൽ ഒപ്പം ചെന്നു. അയാൾക്കൊപ്പം നീങ്ങിക്കൊണ്ട് അസ്പ്രൊമൊണ്ടെയിൽ വച്ച് ഗാരിബാൾഡിക്കൊപ്പം വീണു. മരിച്ചു എന്നല്ല, തടവുപുള്ളിയായി. അവിടെ നിന്നും അയാൾ രക്ഷപ്പെട്ടു. ഇപ്പോൾ ദൈവത്തിന്റെ വൈക്കോൽ കൂനയിൽ വീണ സൂചിപോലെ എവിടെയൊക്കെയോ അലയുന്നു.
അത്യന്തം വഷളനായ വിശ്വാസവഞ്ചകൻ. ഉപജാപകൻ. ദൈവം അവനു കാവലുണ്ടാകട്ടെ. അങ്ങനെയെങ്കിൽ ഒരു ദിവസം അയാൾക്ക് അയാളുടെ കുമ്പസാരം പൂർത്തിയാക്കാനാകും. എന്റെ സുന്ദരി, ക്രിസ്റ്റീനയ്ക്ക് നിന്ദാർഹവും കഠിനമായ ശിക്ഷയർഹിക്കുന്നതുമായ ചാരവൃത്തി പറയുന്ന ഈ കഥയുടെ അവസാനത്തിൽ എന്തു സംഭവിച്ചു എന്നറിയാനാകും.
ഹൂവാന മന്വേല ഗൊറീറ്റി (1818-1892)
അർജന്റീന
(ബൊളീവിയ, പെറു എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അർജന്റീനയിൽ നിന്നുള്ള എഴുത്തുകാരിയാണ് ഹുവാന മന്വേല ഗൊറീറ്റി. ഹോസെ ഇഗ്നാഷ്യൊ ഗൊറീറ്റി എന്ന അർജന്റീനിയൻ ജനറലിന്റെ മകളാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ കലാശിച്ച മെയ് വിപ്ളവത്തിൽ ഇഗ്നാഷ്യോ ഗൊറീറ്റി പങ്കെടുത്തിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിൽ പല റിപബ്ളിക്കുകളുടേയും സ്ഥാപനത്തിൽ കലാശിച്ച വിപ്ളവങ്ങൾക്ക് അദ്ദേഹം സാക്ഷിയായിരുന്നു. അദ്ദേഹത്തിനൊപ്പം ഇതിൽ പലതിലും ഹുവാനയും പങ്കെടുക്കുകയോ അതിനു സാക്ഷ്യം വഹിക്കുകയോ ചെയ്തിട്ടുണ്ട്. ജനറൽ ബെൽസുവിനെ വിവാഹം കഴിച്ചതിനു ശേഷം പ്രത്യേകിച്ചും അവർ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി. ബെൽസു ബൊളീവിയയുടെ രാഷ്ട്രപതിയായിരിക്കെ വധിക്കപ്പെടുകയായിരുന്നു. ജീവിതത്തിന്റെ അവസാന ദിവസങ്ങൾ ഹുവാന ലീമയിലാണു ചിലവിട്ടത്. അവിടെ വിദ്യഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ചെറുകഥകളും നോവലുകളും, ഓർമ്മക്കുറിപ്പുകളും ചരിത്രവുമെല്ലാം ഇവർ എഴുതിയിട്ടുണ്ട്.)

വിവ : സുരേഷ് എം.ജി







No Comments yet!