Skip to main content

ഒരു ബ്യൂട്ടിഫുൾ രാത്രിയിലെ അപരിചിതരായ മനുഷ്യർ

എഴുത്തിലൂടെയായിരുന്നു പലപ്പോഴും ഞാൻ ഭ്രാന്തിന്റെ ഒരു ബോർഡർ ലൈനിൽ നിന്നുമൊഴിഞ്ഞു രക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഒരു സൈക്ക്യാട്രിസ്റ്റിനോട് സംസാരിച്ചപ്പോഴും

“എഴുത്ത് എന്നത് എന്നെ പലപ്പോഴും രക്ഷിച്ചിട്ടുണ്ട്”

എന്ന് പറഞ്ഞിട്ടുണ്ട്. ഡിപ്രഷൻ അതിന്റെ പരമാവധി ബോർഡർ കടന്നതോടെ ഇനി രക്ഷയില്ലെന്ന് തോന്നിയപ്പോഴാണ് സൈക്ക്യാട്രിസ്റ്റിനെ കാണാൻ തീരുമാനിച്ചത്.

അദ്ദേഹമാണ് പറഞ്ഞത്: “എഴുത്ത് മരുന്നാണ്. പക്ഷേ സ്വന്തമായി ഒരുക്കിയ ഒരു കൂട് പൊളിച്ച് പുതിയ മനുഷ്യന്മാരുമായി സംസാരിക്കാൻ ശ്രമിക്കൂ. ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.”

പുതിയ കാലം പുതിയ മനുഷ്യരെ പരിചയപ്പെടുന്ന കാലം കൂടിയാണ്. സ്വന്തം വീട്, കുടുംബം, നാട്, വേര് എന്നിവയൊക്കെ വിട്ട് മനുഷ്യർ യാത്ര ചെയ്യാൻ തുടങ്ങുന്ന കാലം. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പുതിയ മനുഷ്യരെ പരിചയപ്പെടുന്ന കാലം. ഈയിടെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് അതിന്റെ സന്തോഷത്തിൽ ഒരു രാത്രിയിൽ കൊച്ചി നഗരത്തിലൂടെ നടക്കുമ്പോൾ ഒരു കൂട്ടുകാരി എന്നോട് ഇങ്ങനെ പറഞ്ഞത് ഇപ്പോഴും ഓർമ്മ വരുന്നു.

“എടോ… ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത നമ്മൾ ഒരു നഗരവെളിച്ചത്തിൽ രാത്രിയിൽ ഇങ്ങനെ നടക്കുന്നു…”

ഇങ്ങനെ അത്ഭുതങ്ങളും നടക്കുന്ന കാലം കൂടിയാണ്. അവിടെയാണ് പുതിയ മനുഷ്യരുമായി ഇടപഴകാനുള്ള Strangers Camp എന്ന ആശയത്തിന്റെ അന്വേഷണത്തിനൊടുവിൽ സുകൂൺ എന്ന ക്യാമ്പിലേക്ക് ഞാൻ എത്തിച്ചേർന്നത്.

കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട് എന്ന ഒരു കുന്നിൻമുകളിലാണ് ക്യാമ്പ് സെറ്റ് ചെയ്തിരിക്കുന്നത്. തളിപ്പറമ്പ എന്ന സ്ഥലത്തെ ബസ് സ്റ്റോപ്പിൽ വെച്ചുതന്നെ ആ ക്യാമ്പിലെ മൻസൂർ എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. അയാൾ ശരിക്കും ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു. എനിക്ക് മനുഷ്യരോട് സംസാരിക്കുന്നത് തന്നെ വെറുപ്പും ബുദ്ധിമുട്ടുമുള്ള കാര്യമാണ്. അത്രയ്ക്ക് അലോൺലിനസ് ഞാൻ എഞ്ചോയ് ചെയ്ത് തുടങ്ങിയിരുന്നു. “വെറുപ്പിക്കലാണല്ലോ ദൈവമേ” എന്ന് മനസ്സിൽ വിചാരിച്ച് അയാളോട് സംസാരിച്ചു. പക്ഷേ ഒരു ദിവസം രാത്രി കഴിയുമ്പോൾ ആ ചെറുപ്പക്കാരൻ എല്ലാവരുടെയും പ്രിയങ്കരനാകുന്ന പ്രോസസ്സിംഗ് ഞാനിങ്ങനെ കാണുകയായിരുന്നു. അയാളുടെ ഒരു ഐഫോൺ പോലും ആ ക്യാമ്പിലെ ഒരു കഥാപാത്രവും അംഗവുമായി.

ഇപ്പോഴും പേര് ഓർമ്മയിൽ നിൽക്കാത്ത, മൂന്നു കുട്ടികളുടെ ഉമ്മയായ ആ പെൺകുട്ടിയാണ് പിന്നീട് വന്ന് എന്നോട് സംസാരിച്ചത്. പതിനെട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞ് മൂന്നു കുട്ടികളുള്ള ആ ഉമ്മച്ചി ജീവിതം ഇങ്ങനെ ആസ്വദിക്കുകയാണ്. ഒരു കാരം ബോർഡിലെ കോയിനുകളിലൂടെ ഒരു ബന്ധത്തിന്റെ ചെയിനിലൂടെ തുടക്കമിട്ട് സംസാരിച്ചു തുടങ്ങി. ഈ സമൂഹത്തിനു മുന്നിൽ തുറന്ന് പറഞ്ഞാൽ നമ്മൾ ആക്രമിക്കപ്പെടാവുന്ന കാര്യങ്ങൾ വളരെ സിംപിൾ ആയി, എന്നെ ഞെട്ടിച്ചുകൊണ്ടുള്ള ബൗദ്ധികതയിൽ അവർ എന്നോട് സംസാരിച്ചു. കേട്ടിരിക്കുക എന്നതും ചില സംഭാഷണങ്ങളിൽ രസകരമാകുന്നത് അങ്ങനെയാണ്. തൊണ്ണൂറുകളിൽ ജനിച്ച ഒരു സ്ത്രീയുടെ പെർസെപ്ഷൻ ഒക്കെ വേറേ ലെവലാണ്.

പിന്നെയും രണ്ടു മൂന്ന് മുസ്‌ലിം പെൺകുട്ടികൾ ഈ ക്യാമ്പിൽ ഉണ്ടായിരുന്നു. അവർ മനുഷ്യരോട് ഇടപഴകുന്നത്, ട്രോൾ ചെയ്യുന്നത്, തമാശ പറയുന്നത്, സ്വയം മറന്ന് ആഘോഷിക്കുന്നത്, അത് കഴിഞ്ഞ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ പൊളിക്കുന്നത്—ഒക്കെ മനുഷ്യരെ സുന്ദരന്മാരാക്കുന്ന കാഴ്ചകളാണ്. ഒരു ക്യാമ്പ് ഫയറിലെ സംഗീതത്തോടൊപ്പം അവർ കൂടിച്ചേരുന്നതൊക്കെ രസമാണ്. ഇൻസ്റ്റാഗ്രാം എന്ന ടൂളിലൂടെ അവിടെയുള്ള ഇരുപത് വയസ്സുള്ള ഒരു രണ്ട് പെൺകുട്ടികളുടെ ബിസിനസ് സ്വപ്നങ്ങൾ രൂപപ്പെടുന്നതിന്റെ കഥകൾ കേൾക്കുന്നതും, പുതിയ തലമുറയിലെ ജെൻഡർ ഏവല്യൂഷനും എന്റർപ്രണർഷിപ്പിലൂടെ പെൺകുട്ടികൾ മാറുന്നതിന്റെ അനുഭവങ്ങളുമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. എന്നും പോലെ റൂമിനകത്ത് ഇരുന്നിരുന്നെങ്കിൽ പുതിയ തലമുറയുടെ ഈ ലോകം കാണാൻ കഴിയില്ലായിരുന്നു.

റാഫി എന്ന ചെറുപ്പക്കാരന്റെ ബിസിനസ് ആശയങ്ങളും അതിന്റെ വിജയങ്ങളും പരാജയങ്ങളും കേൾക്കാൻ രസമാണ്. മനോഹരമായി അയാൾ അയാളെതന്നെ അവതരിപ്പിക്കുന്നു. മറ്റുള്ളവർ കൂടെ കൂട്ടിയും കളിയാക്കിയും അയാളെ ആഘോഷിക്കുന്നു. “രണ്ടായിരത്തി ഇരുപത്തി അഞ്ചിൽ തനിക്ക് സംഭവിച്ച നല്ല ഒരു രാത്രിയാണ് ഈ ക്യാമ്പ്” എന്ന് പറയുമ്പോൾ മനുഷ്യർ എങ്ങനെയൊക്കെ രക്ഷകൾ അറിയാതെ മനുഷ്യരിൽ കണ്ടെത്തുന്നു എന്ന് ഓർത്ത് അത്ഭുതപ്പെട്ടു പോയി. സുന്ദരനായ മനുഷ്യൻ മറ്റുള്ളവരെയും സുന്ദരനാക്കുന്നു.

മധ്യവയസ്സിലെത്തി നിൽക്കുന്നവരും മധ്യവയസ്സിലെത്തിയതുമായ നാല് മനുഷ്യരുടെ അപാരമായ സൗഹൃദമാണ് ഏറ്റവും രസകരമായത്. ഹരിഹർ നഗർയിലെ മഹാദേവൻ–അപ്പുക്കുട്ടൻ ടീമുകളുടെ ഒരു വേറിട്ട വേർഷൻ. അവർ വെറും രസകരമായ ക്യാമ്പ് നിവാസികൾ മാത്രമല്ല. അവർ പാട്ടുപാടുകയും താളമടിക്കുകയും ഡാൻസ് ചെയ്യുകയും ആളുകളോട് കുറുമ്പുകാണിക്കുകയും മാത്രമല്ല; എന്നെപ്പോലുള്ളവരുടെ ഇന്റ്രോവേർട്ട് മാനസികാവസ്ഥ പൊളിച്ച് അടുക്കി, ജീവിതത്തെ സന്തോഷത്തിന്റേതായ വേറൊരു മോഡിൽ കാണാൻ ഒരു ബൈനോക്കുലർ അവരുടെ പല സംസാരങ്ങളിലും എനിക്ക് നൽകി. “ഒന്നും ഒന്നും രണ്ടല്ല, വലിയ ഒന്നാണ്” എന്ന് പഠിപ്പിക്കുന്ന കൂട്ടിന്റെ സൗന്ദര്യം പേറുന്ന മനുഷ്യർ. എല്ലാവരും ഇവരെ സ്നേഹിക്കുന്നത് കാണുമ്പോൾ Life Is Beautiful എന്ന പഴയ ബെനിനി സിനിമയുടെ പേരാണ് ഓർമ്മ വരുന്നത്.

അങ്ങനെ ജീവിതം മനോഹരമാക്കിയ ഒരു ദിവസവും രാത്രിയും—കുട്ടിക്കാലത്തെ ഓർമ്മകളെ പോലെ സുന്ദരമാക്കിയ കുറെ മനുഷ്യർ. അവർ അതിന് ശേഷം വാട്സ്ആപ്പിൽ കൂട്ട് കൂടുന്നത് കാണുമ്പോഴും സന്തോഷം തോന്നും. തന്റെ മക്കളുടെ സന്തോഷത്തിനായി ക്യാമ്പിൽ വന്ന ഒരു പ്രായമായ ഉമ്മ, ജീവിതത്തിലെ യാത്രകളെയും വായിക്കേണ്ട പുസ്തകങ്ങളെയും കുറിച്ച് സംസാരിച്ച സുന്ദരനായ ചെറുപ്പക്കാരൻ, ക്യാമ്പിലെ ഒരു കൊച്ചുപെൺകുട്ടിക്ക് കൂട്ടുകാരനായ ചെറുപ്പക്കാരൻ, തന്റെ മക്കളുടെ കൂടെ അവരുടെ സന്തോഷത്തിന് വേണ്ടി വന്ന പ്രായമായ ഉമ്മ, ഭാര്യയുടെ നിർബന്ധം കാരണം കൂട്ടുകാരെ തേടി ഇറങ്ങി അവസാനം ഭാര്യയ്ക്കുതന്നെ കിട്ടാതായ മനുഷ്യൻ—അങ്ങനെ ഒറ്റ ദിവസം മാത്രം കൂടെ ജീവിച്ച് പിരിഞ്ഞുപോകുന്ന ചില ബന്ധങ്ങൾ. ഒരു കാരം ബോർഡിൽ തുടങ്ങി പിറ്റേന്ന് ബസ് സ്റ്റാൻഡിൽ ഒരു കൈകൊടുക്കലിൽ അവസാനിക്കുന്ന ബന്ധങ്ങൾ. എത്ര മനോഹരമാണ് ഈ ലോകം.

ക്യാമ്പ് കഴിഞ്ഞതോടുകൂടെ ഞാൻ വീണ്ടും എന്റെ സൈക്ക്യാട്രിസ്റ്റിനെ പോയി കണ്ടു. ഞങ്ങൾ അപ്പോഴേക്കും കൂട്ടുകാരായി കഴിഞ്ഞിരുന്നു. എന്റെ അതിമനോഹരമായ അനുഭവം അദ്ദേഹത്തോട് പറഞ്ഞു.

“ഈ ഓർമ്മകളെ ഒന്നു ചേർത്ത് വെച്ച് നോക്കൂ. ജീവിതം രസകരമായിരിക്കും.”

അങ്ങനെ ചേർത്തുവെക്കാനുള്ള ഒരു ശ്രമം കൂടിയാണ് എഴുത്ത്.

അതുകഴിഞ്ഞ് ഞാൻ നേരെ പോയത് എന്റെ ഒരു ബന്ധുവീട്ടിലായിരുന്നു. അവിടെ ഒരു ബർത്ത്‌ഡേ പാർട്ടിയിൽ പങ്കെടുത്തു; എന്റെ കുട്ടിക്കാലമായിരുന്നു—രണ്ട് ചേച്ചിമാരോട് വീണ്ടും തല്ലുകൂടി. ചിലപ്പോൾ സന്തോഷം വരുമ്പോൾ കണ്ണീർ വരുമെന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെഴുതുമ്പോൾ അത് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.
സുന്ദരികളും സുന്ദരന്മാരുടെയും ഒരു രാത്രിക്ക് നന്ദി.

No Comments yet!

Your Email address will not be published.