Skip to main content

മിനി മാഗസിന്‍ കാലം അഥവാ അരവിക്കാലം

കലാകൗമുദിയുടെ കഥ മാസികയില്‍ ”കഥ സ്‌കാന്‍” എന്ന പംക്തി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അരവിയേട്ടനെ പരിചയപ്പെട്ടത്. ഞാനെഴുതിയതു വായിച്ചെന്നെ വിളിച്ചതാണ് അരവിയേട്ടന്‍ (എന്ന മിനി മാഗസിന്‍ അരവി). ആ വിളി പിന്നെയങ്ങനെയങ്ങനെ ഒരു സാഹോദര്യമായി.

അരവിയേട്ടന്റെ ശൈലിയേ അതാണെന്ന് പിന്നീടറിഞ്ഞു. അരവിയേട്ടന്‍ ആരെയൊക്കെ പരിചയപ്പെട്ടിട്ടുണ്ടോ അവരെല്ലാം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി. പ്രത്യേകിച്ചും മിനി മാഗസിന്‍ കാലത്തു പരിചയപ്പെട്ടവര്‍. അവരില്‍ പലരും ഈ മണ്ണിനോടു യാത്രപറഞ്ഞു പിരിഞ്ഞുവെങ്കിലും ബാക്കിയുള്ളവരെല്ലാം ഇന്നും അരവിയേട്ടനെന്ന സുഹൃത്തിനെ, അരവി എന്ന എഡിറ്ററെ, അരവി എന്ന കഥാകൃത്തിനെ ഓര്‍ക്കുന്നു. ആ സാഹോദര്യത്തിന്റെ ഊഷ്മളതയോര്‍ക്കുന്നു. സംസാരങ്ങള്‍ക്കിടയില്‍ അതെല്ലാം തികട്ടിയെത്തുന്നു.
സമാന്തര ആനുകാലികങ്ങള്‍ക്ക് മലയാളത്തില്‍ ഒരു വസന്തകാലമുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തും അത്തരം ആനുകാലികങ്ങളിറങ്ങിയിരുന്നു. അതില്‍ മുഖ്യസ്ഥനാത്തുണ്ടായിരുന്നത് ബാംഗ്‌ളൂരില്‍ നിന്നിറങ്ങിയിരുന്ന മിനി മാഗസിനാണ്. ഒരു പക്ഷേ കേരളത്തിനു പുറത്തുനിന്നിറങ്ങിയിരുന്ന ആനുകാലികങ്ങളില്‍ ആദ്യമായി ഓഫ്‌സെറ്റ് അച്ചടി വിദ്യ ഉപയോഗിച്ചതും മിനി മാഗസിനാകും.

മിനി മാഗസിൻ സർഗ സംഗമം : ദത്തൻ പുനലുരിന് ( ഫൊട്ടോ ഗ്രാഫർ ) ലളിത അരവി മെമെൻറ്റൊ നൽകുന്നു. വേദി യിൽ അടൂർ, കെ.പി ഉമ്മർ, പെരുമ്പടവം ശ്രീധരൻ

ഇന്ന് മലയാളത്തില്‍ പ്രശസ്തരായിരിക്കുന്ന പല എഴുത്തുകാരും അന്ന് (അതായത് തൊണ്ണൂറുകളില്‍) മിനി മാഗസിനിലെ സ്ഥിരം എഴുത്തുകാരായിരുന്നു. മിനി മാഗസിനിലെ എഴുത്തു മാത്രമല്ല, മിനി മാഗസിന്‍, അരവി, ബാംഗ്‌ളൂരില്‍ സംഘടിപ്പിച്ചിരുന്ന സാംസ്‌കാരിക കൂട്ടായ്മ ”സര്‍ഗ്ഗ സംഗമ”ത്തിലും ഇവരെല്ലാം സസന്തോഷം പങ്കെടുത്തു. സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകള്‍ നടത്തി. അരവിയേട്ടന്റേയും പ്രിയതമയുടേയും ആതിഥ്യമെന്തെന്ന് അനുഭവിച്ചറിഞ്ഞു. ആ ഓര്‍മ്മകള്‍ അരവിയേട്ടന്‍ ”കൊളാഷ്” എന്ന പേരില്‍ എഴുതിയിരിക്കുന്നു. പല സുഹൃത്തുക്കളുടേയും സ്‌നേഹനിര്‍ബന്ധങ്ങള്‍ അതിനു പുറകിലുണ്ട്. മലയാളത്തിലെ മുന്‍ നിര എഴുത്തുകാരായ സേതു, യു.കെ കുമാരന്‍, പുനത്തില്‍, അക്ബര്‍ കക്കട്ടില്‍ തുടങ്ങി ഒട്ടനവധിയാളുകള്‍ മിനി മാഗസിന്‍ കാലം ഓര്‍ത്തെടുത്ത് പലയിടങ്ങളിലായി എഴുതിയിട്ടുണ്ട്. അവരുടെയെല്ലാം എഴുത്തും അവര്‍ക്കൊപ്പം മറ്റു സുഹൃത്തുക്കളുടെ നിര്‍ബന്ധങ്ങളും ”കൊളാഷ്” എഴുതി പൂര്‍ത്തീകരിക്കുകയല്ലാതെ തനിക്കിനി മറ്റൊന്നും ചെയ്യാനാകില്ലെന്ന് ബോധ്യപ്പെടുത്തി.

കെ.പി.രാമനുണ്ണി, ശത്രുഘ്നൻ, ജയൻ ബിലാത്തിക്കുളം

പേരു സൂചിപ്പിക്കുന്നതുപോലെ, ഇതങ്ങനെ കാലക്രമമനുസരിച്ചുള്ള ഒരു ഓര്‍മ്മയെഴുത്തല്ല. അവിടവിടെയായി ചിതറിക്കിടക്കുന്ന ഓര്‍മ്മകള്‍. അതിനെ വാക്കുകളിലൂടെ പലപല ചിത്രങ്ങളാക്കി അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കെ.പി. ഉമ്മര്‍ എന്ന പ്രശസ്ത സിനിമാതാരത്തിനു അരവിയേട്ടനുമായും മിനി മാഗസിനുമായുമുള്ള ബന്ധമെന്തെന്നു കാണാം. പുനത്തിലിന്റെ കുസൃതി നിറഞ്ഞ സംഭാഷണങ്ങളും സൗഹൃദവും കാണാം. മിനി മാഗസിനേക്കാള്‍ അരവിയേട്ടന്‍ എന്നും ഓര്‍ക്കുന്നതും ആസ്വദിക്കുന്നതും മിനി മാഗസിന്റെ നേതൃത്തില്‍ നടത്തിക്കൊണ്ടിരുന്ന ”സര്‍ഗ്ഗ സംഗമ”മാണ്. ”അവയില്ലായിരുന്നെങ്കില്‍ പോയ കാലം എത്ര വിരസവും ശൂന്യവുമാകുമായിരുന്നെന്ന് ഇപ്പോഴാണറിയുന്നത്” എന്ന് അതുകൊണ്ടു തന്നെ കൊളാഷിന്റെ ആരംഭത്തില്‍ അദ്ദേഹം പറയുന്നു. അതു സത്യമാണ്. മനുഷ്യനെ മനുഷ്യനാക്കി നിലനിര്‍ത്തുന്നത് നല്ല സൗഹൃദങ്ങളും പഴയ നല്ല ഓര്‍മ്മകളുമാണല്ലോ.

പുനത്തിലിനൊപ്പം

മിനി മാഗസിനില്‍ ഒരു സാഹിത്യ വിമര്‍ശ പംക്തിയുമുണ്ടായിരുന്നു. ”രാഗിണി” എന്ന പേരിലൊരാള്‍ എഴുതിയിരുന്നത്. അന്നത്തെ എഴുത്തുകാര്‍ക്കോ വായനക്കാര്‍ക്കോ, എന്തിന് അരവിയേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കു പോലുമോ ഈ രാഗിണി ആരാണെന്നറിയില്ലായിരുന്നു. കഥകളെ നിശിതമായി വിമര്‍ശിക്കുന്ന ഈ ”എഴുത്തുകാരി” ആരാണെന്നറിയാന്‍ അരവിയേട്ടന്റെ സുഹൃത്തുക്കളെല്ലാം ഒരുപോലെ വിമ്മിട്ടപ്പെട്ടു. കാരണം രാഗിണിയുടെ ഭാഷയുടെ മൂര്‍ച്ച അവര്‍ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വസ്തുനിഷ്ഠമായ നിരൂപണമായിരുന്നു അത്. വളരെക്കാലത്തിനു ശേഷം, മിനി മാഗസിന്റെ മിക്കവാറും അവസാനത്തിലാണ്, ആ പംക്തി താന്‍ തന്നെയാണ് `രാഗിണി`യായവതരിച്ച് അവതരിപ്പിച്ചുകൊണ്ടിരുന്നതെന്ന് അരവിയേട്ടന്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തുന്നത്.

മിനി മാഗസിന്റെ വേദിയില്‍ മാര്‍ഷല്‍, പി.കെ.പാറക്കടവ്, ഡോ. സുന്ദരം, യു.എ.ഖാദര്‍, കെ.പി.ശങ്കരന്‍, വൈശാഖന്‍, ടി.വി.കൊച്ചുബാവ, അശോകന്‍ ചരുവില്‍

മിനി മാഗസിന്റെ സര്‍ഗ്ഗ സംഗമത്തിന്റെ ആരംഭമെങ്ങനെ, അതിനു പ്രചോദനം നല്‍കിയതും, ഒപ്പം നിന്നതും ആരൊക്കെ എന്ന് അരവിയേട്ടന്‍ ”കൊളാഷി”ല്‍ ഓര്‍ത്തെടുക്കുന്നുണ്ട്. സര്‍ഗ്ഗ സംഗമമൊന്നും സംഘടിപ്പിച്ചോ നടത്തിയോ പരിചയമില്ലാത്ത സംഘാടകന്, അതായത് മിനി മാഗസിന്റെ പത്രാധിപരായ അരവിയ്ക്ക്, പറ്റിയ ചില അമളികളും അദ്ദേഹം രസകരമായി ഓര്‍ത്തെടുത്തിരിക്കുന്നു. നര്‍മ്മം ചാലിച്ചെഴുതിയിരിക്കുന്നു.
സര്‍ഗ്ഗ സംഗമത്തിനൊത്തുകൂടിയവര്‍ തമ്മില്‍ തമ്മിലുള്ള തമാശകളും, അവര്‍ക്കിടയില്‍ പലരും കരുതിയിരുന്നതുപോലെ, അല്ലെങ്കില്‍ അക്കാലത്ത് പ്രചരിച്ചിരുന്നതുപോലെ, പലരും തെറ്റിദ്ധരിച്ചിരുന്നതുപോലെ, ഒരു ശീതസമരമോ പരസ്പര ധാരണപ്പിശകോ ഇല്ലെന്നതും അതുപോലെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അദ്ദേഹം എഴുതിയിരിക്കുന്നതു കാണാം. കാര്‍ട്ടൂണിസ്റ്റ് യേശുദാസനും പുനത്തിലും തമ്മില്‍ ഇടയ്ക്കു വച്ചുടലെടുത്തു എന്നു കരുതിയിരുന്നതാണതിനൊരു ഉദാഹരണം. സിനിമാ നടന്‍ കെ.പി ഉമ്മറിനെക്കുറിച്ച് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, കെ. പി. ഉമ്മറിന്റെ സാന്നിദ്ധ്യത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍, പറഞ്ഞുകൊണ്ടിരുന്ന നര്‍മ്മങ്ങള്‍ മറ്റൊന്ന്. എത്ര വിശാലമനസ്‌കതയോടെയാണവരെല്ലാം പരസ്പരം ഉള്‍ക്കൊണ്ടിരുന്നതും വിമര്‍ശനങ്ങളെ നേരിട്ടുകൊണ്ടിരുന്നതും എന്ന് കൊളാഷ് നമ്മളോടു പറയുന്നുണ്ട്. ഇന്ന് സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുന്ന പൊളിറ്റിക്കല്‍ കറക്ട്‌നസ്സിനൊന്നും ഇത്തരം സൗഹൃദങ്ങള്‍ക്കിടയില്‍ ഒരര്‍ത്ഥവുമില്ലെന്നും ഇതെല്ലാം വ്യക്തമാക്കുന്നു.

അടൂർ , അരവി, കെ.എൽ ശ്രീ കൃഷ്ണദാസ്

കൊളാഷില്‍ തന്റെ ഏക നോവലിനെക്കുറിച്ചും ഓര്‍ത്തെടുക്കാന്‍ അരവിയേട്ടന്‍ മറന്നിട്ടില്ല. അതിന്റെ ആമുഖം അടൂര്‍ ഗോപാലകൃഷ്ണന്റേതാണ്. സേതു, കെ.പി. ശങ്കരന്‍ മുതലായവര്‍ ആ നോവലിനെ പ്രതിപാദിച്ചെഴുതിയിട്ടുണ്ട്. മിനി മാഗസിന്റെ തുടക്കത്തെക്കുറിച്ച് ”കൊളാഷി”ല്‍ എഴുതിയിട്ടുള്ള വരികള്‍ പകര്‍ത്തിക്കൊണ്ട് കൊളാഷിനെക്കുറിച്ചുള്ള ഈ പരിചയപ്പെടുത്തല്‍ ദീര്‍ഘിപ്പിക്കാതിരിക്കാം:
?രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സില്‍ നിന്ന് മാസികയുടെ പേര് അപ്രൂവലായെങ്കിലും മറ്റ് തയ്യാറെടുപ്പുകളൊന്നുമായിട്ടില്ലായിരുന്നു. പ്രശ്‌നം പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല, എന്നതാണ്. ഓഫ് സെറ്റ് പ്രിന്റിങ്ങ്, എഡിറ്റിങ്ങ് ലേ ഔട്ട് എന്നൊക്കെ കേട്ടിട്ടേയുള്ളു. അവ മാസികയില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നിശ്ചയമില്ല. ഇതിനെപ്പറ്റി കുറച്ചെങ്കിലും നിശ്ചയുള്ള സുഹൃത്തുക്കളോ ജോലിക്കാരോ ഒപ്പമില്ല.

പഴയ ഡയറിയിലും നോട്ടുബുക്കിലും കുറിച്ചിട്ടിരിക്കന്ന മേല്‍ വിലാസങ്ങളാണ് കാപിറ്റല്‍ . അവ മുമ്പ് ടൂറിലായിരുന്ന കാലത്തു മറു നാടുകളില്‍ പരിചയപ്പെട്ട മലയാളി സുഹൃത്തുക്കളുടേയും, മലയാള പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്ന കടകളുടേതുമായിരുന്നു. പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലാതെ വെറുതെ എഴുതി വച്ചതായിരുന്നു.?
അത്ര ലളിതവും നിഷ്‌കളങ്കവുമായിരുന്നു ഈ സംരഭത്തിന്റെ ആരംഭം. മിനി മാഗസിന്‍ എന്ന് പേരിട്ടു എങ്കിലും പ്രവര്‍ത്തനത്തിലും ഉള്ളടക്കത്തിലും ഗാംഭീര്യത്തിലും അതൊട്ടും ”മിനി” ആയിരുന്നില്ല. മലയാള സാഹിത്യത്തിനു ലഭിച്ച വലിയ മുതല്‍ക്കൂട്ടുകളില്‍ ഒന്നായിരുന്നു ആ മാസിക. ഒരു പക്ഷേ, അന്ന്, പല സാഹിത്യകാരന്മാരും തന്റെ കൃതി ഇതിലൊന്ന് അച്ചടിച്ചുവന്നിരുന്നെങ്കില്‍, അരവിയുടെ എഡിറ്റിങ്ങിനു വിധേയമായെങ്കില്‍, എന്നാഗ്രഹിച്ചിരുന്ന മാസിക. ബാലാരിഷ്ടതകളില്‍ നിന്ന് പുറത്തുകടന്നധികം കഴിയാതെ അസ്തമയമുണ്ടായെങ്കിലും ഇന്നും പലരുടേയും മനസ്സില്‍ അതിന്റെ ഓര്‍മ്മ ദീപ്തമാണ്. അതുകൊണ്ടാകണം അവരെല്ലാം അരവിയുടെ ”കൊളാഷ്” വായിച്ച് അതിനനുബന്ധമായി അവരുടെ ഓര്‍മ്മകളും ചേര്‍ക്കുന്നത്. ആ അനുബന്ധ കുറിപ്പുകളാണ് ഈ പുസ്തകത്തേയും ഒരു മിനിമാഗസിന്‍ സര്‍ഗ്ഗ സംഗമമാക്കുന്നത്. അവരുടെ ഈ കൂട്ടായ്മ അതുവഴി വെറും ഓര്‍മ്മയെഴുത്തെന്നതിലുപരി ഈ പുസ്തകത്തെ മലയാള സാഹിത്യത്തിന്റെ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള രേഖപ്പെടുത്തലാക്കുന്നു.

(അരവിയുടെ “കൊളാഷ്‌” പുസ്തകമാകുന്നു. അന്ന്‌ മിനി മാഗസിനുമായും, മിനി മാഗസിന്റെ സാഹിത്യ സംഗമവുമായും സഹകരിച്ച അരവിയുടെ ഒട്ടനവധി സുഹൃത്തുക്കളുടെ – ഇന്ന്‌ മലയാള സാഹിത്യലോകത്തെ ഒന്നാം നിരയിലുള്ള ഒട്ടനവധി സുഹൃത്തുക്കളുടെ – ഓർമ്മകൾക്കൊപ്പമാണ്‌ “കൊളാഷ്‌” പുസ്തക രൂപത്തിലെത്തുക. അവരെല്ലാം ഇന്ന്‌ മലയാള സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ മുൻ നിരയിലുള്ളവരാണ്‌. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ്‌ അരവിയേട്ടനും സുഹൃത്തുക്കളും പ്രസാധകരായ ലോഗോസ്‌ ബുക്സും)

***

2 Replies to “മിനി മാഗസിന്‍ കാലം അഥവാ അരവിക്കാലം”

  1. മിനിമാഗസിൻ്റെ ചില പഴയ ലക്കങ്ങൾ
    ഇപ്പൊഴും സൂക്ഷിച്ചിരിക്കുന്നു. മിനിയുടെ താളിൽ എൻ്റെ കവിതയും അച്ചടി മഷി പുരണ്ട് വന്നിരുന്നു. അരവിക്കാലവും സാഹിത്യ സംഗീത സർഗ്ഗ സംഗമവും ഓർമ്മയുടെ വർണ്ണചിത്രങ്ങളായ് എന്നുമുണ്ടാകും. എഴുത്തിന് നന്ദി.

    മിനിമാഗസിൻ്റെ ചില പഴയ ലക്കങ്ങൾ
    ഇപ്പൊഴും സൂക്ഷിച്ചിരിക്കുന്നു. മിനിയുടെ താളിൽ എൻ്റെ കവിതയും അച്ചടി മഷി പുരണ്ട് വന്നിരുന്നു. അരവിക്കാലവും സാഹിത്യ സംഗീത സർഗ്ഗ സംഗമവും ഓർമ്മയുടെ വർണ്ണചിത്രങ്ങളായ് എന്നുമുണ്ടാകും. എഴുത്തിന് നന്ദി.

    മിനിമാഗസിൻ്റെ ചില പഴയ ലക്കങ്ങൾ
    ഇപ്പൊഴും സൂക്ഷിച്ചിരിക്കുന്നു. മിനിയുടെ താളിൽ എൻ്റെ കവിതയും അച്ചടി മഷി പുരണ്ട് വന്നിരുന്നു. അരവിക്കാലവും സാഹിത്യ സംഗീത സർഗ്ഗ സംഗമവും ഓർമ്മയുടെ വർണ്ണചിത്രങ്ങളായ് എന്നുമുണ്ടാകും. എഴുത്തിന് നന്ദി.

    മിനിമാഗസിൻ്റെ ചില പഴയ ലക്കങ്ങൾ
    ഇപ്പൊഴും സൂക്ഷിച്ചിരിക്കുന്നു. മിനിയുടെ താളിൽ എൻ്റെ കവിതയും അച്ചടി മഷി പുരണ്ട് വന്നിരുന്നു. അരവിക്കാലവും സാഹിത്യ സംഗീത സർഗ്ഗ സംഗമവും ഓർമ്മയുടെ വർണ്ണചിത്രങ്ങളായ് എന്നുമുണ്ടാകും. എഴുത്തിന് നന്ദി.

  2. മിനിമാഗസിൻ്റെ ചില പഴയ ലക്കങ്ങൾ
    ഇപ്പൊഴും സൂക്ഷിച്ചിരിക്കുന്നു. മിനിയുടെ താളിൽ എൻ്റെ കവിതയും അച്ചടി മഷി പുരണ്ട് വന്നിരുന്നു. അരവിക്കാലവും സാഹിത്യ സംഗീത സർഗ്ഗ സംഗമവും ഓർമ്മയുടെ വർണ്ണചിത്രങ്ങളായ് എന്നുമുണ്ടാകും. എഴുത്തിന് നന്ദി.

Leave a Reply to Sugathan velayi Cancel reply

Your Email address will not be published.