
ആലുവ യു.സി. കോളേജിൽ അദ്ധ്യാപകൻ ആയിരുന്ന നാരയണഗുരുവിൻറെ ശിഷ്യൻ പ്രൊഫ: കുറ്റിപ്പുഴ കൃഷ്ണപിള്ള. താൻ യുക്തിവാദി ആയത് ശ്രീനാരായണ ഗുരുവിൻറെ രോഗാവസ്ഥയും മരണവും കണ്ടപ്പോൾ ആണെന്ന് ആത്മകഥയിൽ അദ്ദേഹം തന്നെ പറയുന്നുണ്ട്. കൂടാതെ സഹോദരൻ അയ്യപ്പൻറെ അവസാനത്തെ പൊതു പരിപാടി ആയിരുന്ന 1967 ലെ ശിവഗിരി തീർത്ഥാടന പ്രസംഗത്തിൽ സഹോദരൻ അയ്യപ്പനും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്‌ട്രപതി ഡോ.സക്കീർ ഹുസൈൻ പങ്കെടുത്ത പരിപടിയിൽ സഹോദരൻ അയ്യപ്പൻ തൻറെ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്…
‘കടലിൽ ചെന്നാലും വെള്ളം കോരി എടുത്താലേ കുടിക്കാൻ പറ്റൂ. ആ കോരുന്ന പാത്രത്തിൻറെ രൂപമായിരിക്കും ജലത്തിന്, നാരായണ ഗുരു ഒരു വലിയ കടൽ ആയിരുന്നു. ഗുരുവിനെപ്പറ്റി പലരും അതുകൊണ്ട് പലതും ധരിച്ചുവെച്ചിട്ടുണ്ട്…. എൻറെ ഗുരുവിനെ പറ്റി ഞാൻ ധരിച്ചു വെച്ചിരിക്കുന്നത് പറയാം‘
എന്ന ആമുഖത്തോടെയാണ് സഹോദരൻ പ്രസംഗം തുടങ്ങിയത്.
ഞാനും ദൈവ വിശ്വാസിയൊന്നും അല്ലെങ്കിലും ഏറ്റവും കൂടുതൽ ചൊല്ലി കേട്ടിട്ടുള്ള ഒരു പ്രാർത്ഥന ഗുരുവിന്റെ ദൈവദശകം ആണ്. അത് എഴുതുമ്പോൾ ഉള്ള ഗുരുവിന്റെ മനോവിചാരം എന്തായിരുന്നു എന്ന് പൂർണ്ണമായി ഉൾക്കൊള്ളാൻ ഒന്നും എനിക്ക് അന്നും ഇന്നും കഴിഞ്ഞിട്ടില്ല. എൻറെ മനസിലേക്ക് ഈ അമൂർത്തമായ പരികല്പനകൾ ഒന്നും കടന്നു വരില്ല. ദൈവ ദശകത്തിലെ ഗുരുവിൻറെ ‘നീ സത്യം ജ്ഞാനം ആനന്ദം എന്ന വരികൾ വായിക്കുമ്പോൾ എൻറെ മനസിലേക്ക് വരുന്നത് ഗുരുവിൻറെ മൂന്ന് സവർണ്ണ ശിഷ്യന്മാരായിരുന്നു. സത്യം എന്ന് പറയുമ്പോൾ സത്യവൃത സ്വാമികളെയും, ജ്ഞാനം എന്ന് പറയുമ്പോൾ മഹാപണ്ഡിതനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും, ആനന്ദം എന്ന് പറയുമ്പോൾ ആനന്ദ തീർത്ഥസ്വാമികളെയുമാണ് എന്ന് സൂചിപ്പിച്ച ശേഷം മറ്റ് രണ്ടുപേരെ കുറിച്ചും വിവരിച്ച അദ്ദേഹം കുറ്റിപ്പുഴയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

ഗുരു ആലുവ അദ്വൈതാശ്രമത്തിൽ വെച്ചാണ് കുറ്റിപ്പുഴ ആദ്യമായി നാരായണ ഗുരുവിനെ കാണുന്നത്. ഒരുദിവസം ഉച്ചക്ക് ഗുരുവിനെ കാണാൻ ആശ്രമത്തിലേക്ക് ചെല്ലുകയായിരുന്നു. അപ്പോൾ ഗുരു ആശ്രമത്തിൽ എടുത്ത് വളർത്തിയിരുന്ന രണ്ട് ദളിത് കുട്ടികളുമായി ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. കുറ്റിപ്പുഴക്കും ഒരു ഇല ഇട്ടുകൊടുത്തു ചോറും കറികളും വിളമ്പി. കുറ്റിപ്പുഴ ചോറ് ഉരുട്ടി വായോടു അടുപ്പിച്ചപ്പോൾ ഗുരു ചോദിച്ചു’ പോയോ?’ എന്ന്. ജാതി പോയോ, തൊട്ടുകൂടായ്മ പോയോ എന്നൊക്കെയാണ് ഗുരു ഉദ്ദേശിച്ചതെന്ന് കുറ്റിപ്പുഴക്ക് മനസിലായി. ‘പോയി’ എന്ന് കുറ്റിപ്പുഴ ഉത്തരവും കൊടുത്തു.
അങ്ങനെ എല്ലാം പോയ കുറ്റിപ്പുഴ അന്നുമുതൽ ആലുവ അദ്വൈതാശ്രമത്തിലെ ഇംഗ്ലീഷ് അദ്ധ്യാപകനായി. അദ്ദേഹം പക്ഷേ കാവി ഉടുത്തില്ല. മരണം വരെ വെള്ള ഖദർ ജുബ്ബയും ഖദർ മുണ്ടുമായിരുന്നു വേഷം.
ഗുരു തൻറെ അവസാന നാളുകളിൽ മൂത്ര തടസത്താൽ അലറി കരയുമായിരുന്നു. പോസ്ട്രൈറ്റ് ക്യാൻസർ ആയിരുന്നു ഗുരുവിന്. ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന് കരുതി ജീവിച്ച ഗുരു വേദനകൊണ്ട് പുളയുന്നതുകണ്ട് വലിയവായിൽ നിലവിളിക്കുന്ന തുകേട്ട് ഇവർക്കാർക്കും മനസിലാകാത്ത ഒരു കാര്യം കുറ്റിപ്പുഴക്ക് മനസിലായി. ഈ ദൈവം എന്നൊന്നില്ലെന്ന്. അതദ്ദേഹം തൻറെ ആത്മകഥയിൽ എഴുതിവെച്ചിട്ടുണ്ട്. അങ്ങനെ ഒരു ദൈവം ഉണ്ടെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽവെച്ചു ഇത്രയും മഹാത്മാവായ ഒരു മനുഷ്യൻ ഇത്രയും വേദന സഹിച്ചു മരിക്കില്ലായിരുന്നു എന്നാണ് കുറ്റിപ്പുഴയ്ക്കുണ്ടായ എൻലൈറ്റൻറ്മെൻറ്.
കുറ്റിപ്പുഴ നാരയണഗുരുവിനെ കാണുന്നത് തൻറെ 21 ആമത്തെ വയസിലാണ്. 1922 മുതൽ 4 വർഷം അദ്ദേഹം ആലുവ അദ്വൈതാശ്രമം സംസ്കൃത സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. പിന്നീട് ആലുവ യു.സി. കോളേജിൽ മലയാളം അധ്യാപകനായി. സന്യാസി ഒന്നുമല്ലെങ്കിലും നാരയണ ഗുരു ആശ്രമത്തിൽ ഒരു മുറിയും കുറ്റിപ്പുഴയ്ക്ക് സ്വന്തമായി നൽകിയിരുന്നു, അങ്ങിനെ സന്യാസി ആയില്ലെങ്കിലും പാതി സന്യാസി ആയി അവിടെ കഴിയുകയായിരുന്നു. അന്നൊക്കെ അദ്ദേഹം ഒരു അദ്വൈതി ആയിരുന്നു പക്ഷേ നിരീശ്വരവാദി ആയിരുന്നില്ല. വിവാഹവും കഴിച്ചില്ല.
1935 നവംബർ 11 ന് കൊച്ചിയിൽ പച്ചാളം അയ്യപ്പൻകാവിൽ വെച്ച് യുക്തിവാദികളും സഹോദരസംഘക്കാരും വീണ്ടും യോഗം ചേർന്ന് “യുക്തിവാദി സംഘം” എന്നപേരിൽ തന്നെ സംഘടന രജിസ്റ്റർ ചെയ്യുകയും സഹോദര സംഘം യുക്തിവാദി സംഘത്തിൽ ലയിക്കുകയും ചെയ്ത സമ്മേളനത്തിലാണ് കുറ്റിപ്പുഴ യുക്തിവാദി സംഘത്തിൻറെ വൈസ് പ്രസിഡന്റ് ആകുന്നത്. അന്ന് രാമവർമ്മ തമ്പാൻ പ്രസിഡന്റായും എംസി ജോസഫ് സെക്രട്ടറി ആയും പനമ്പിള്ളി ഗോവിന്ദമേനോൻ ട്രഷററായും സഹോദരൻ അയ്യപ്പൻ രക്ഷാധികാരി ആയും തിരഞ്ഞെടുക്കപ്പെട്ടു. ഈ യോഗത്തെക്കുറിച്ചാണ് സഹോദരസംഘമാണ് പിന്നീട് യുക്തിവാദി സംഘമായി മാറിയത് എന്നൊക്കെ പറയുന്നത്. എന്നാൽ 1926 ൽ തന്നെ യുക്തിവാദി സഭ എന്നപേരിൽ സംഘടന രൂപംകൊണ്ടിരുന്നു. ആദ്യത്തെ യുക്തിവാദി സഭയുടെ മീറ്റിങ് അല്ല അയ്യപ്പൻകാവിൽ നടന്നത്. ആദ്യത്തെ യോഗത്തിൽ ഡോ. പിപി ആന്റണിയും പി കെ കോരുമാസ്റ്ററും കെപി വള്ളോനും ഒക്കെയുണ്ടായിരുന്നു പക്ഷേ കുറ്റിപ്പുഴ ഉണ്ടായിരുന്നില്ല.
അങ്ങനെ ഗുരു ജീവിച്ചിരിക്കുന്ന കാലത്ത് ഭക്തിവാദി ആയിരിക്കുകയും പിന്നീട് ഗുരുവിന്റെ രോഗാവസ്ഥയും മരണവും കണ്ട് യുക്തിവാദി ആയി മാറുകയും ചെയ്ത കുറ്റിപ്പുഴ കൃഷ്‍ണ പിള്ളയുടെ ഓർമ്മ ദിനമാണ് ഫെബ്രുവരി 11ന്.
കുറ്റിപ്പുഴ നടത്തിയ സഹോദരൻ അയ്യപ്പൻറെ ഷഷ്ഠിപൂർത്തി പ്രഭാഷണത്തിൽ മറ്റൊരു രഹസ്യംകൂടി അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഗുരു ആദ്യം തൻറെ അനന്തരഗാമിയായി കണ്ടിരുന്ന ചിന്ന സ്വാമി (കുമാരൻ ആശാൻ) രണ്ട് പ്രേമങ്ങൾ കഴിഞ്ഞു ഭാനുമതി അമ്മയുമായി വിവാഹ ജീവിതത്തിലേക്കു പോയപ്പോൾ പിന്നീട് മനസ്സിൽ കരുതിവെച്ചത് അയ്യപ്പൻ ബിഎ തൻറെ അനന്തരഗാമി ആകണം എന്ന് ആയിരുന്നു. (രണ്ടുപേരെയും ഗുരു സ്വന്തം പൈസമുടക്കി ഒരാളെ കൽക്കട്ടയിലും ഒരാളെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും അയച്ചു പഠിപ്പിച്ചതാണ്) എന്നാൽ അയ്യപ്പൻ അയ്യാക്കുട്ടി ജഡ്ജിയുടെ മകൾ പാർവതിയുമായി പ്രണയത്തിലാവുകയും ഗുരുവിൻറെ ആ അഭിലാഷവും വൃഥാവിലാവുകയും ആയിരുന്നു. ഗുരു തൻറെ ഈ ആഗ്രഹം തന്നോടും മറ്റു ചിലരോടും സൂചിപ്പിച്ചിരുന്നതായും ഒരു വേള സഹോദരനോട് തന്നെ ഗുരു ഇത് പറയുകയും ചെയ്‌തെങ്കിലും “എനിക്ക് ഭയമാകുന്നു ഗുരോ” എന്ന് പറഞ്ഞു അയ്യപ്പൻ ഒഴിവാകുകയായിരുന്നു എന്നും. അതിന് കാരണം ഭയമായിരുന്നില്ല പ്രേമമായിരുന്നു എന്നും ഇല്ലെങ്കിൽ അയ്യപ്പനെന്ന നാസ്തിക സന്യാസി ശിവഗിരി മാഠാധിപതിയായി കാവിയും ഉടുത്തു നടക്കുന്നത് നമുക്ക് കാണേണ്ടി വന്നേനെ. അതിനുള്ള ഭാഗ്യം നമുക്ക് നഷ്ടപ്പെടുത്തിയത് ഈ പാർവതി ആണെന്നും രണ്ടുപേരെയും ഇരുത്തിക്കൊണ്ട് തമാശ രൂപേണ കുറ്റിപ്പുഴ പറയുന്നുണ്ട്. അതിന് ശേഷമാണ് ബോധാനന്ദ സ്വാമിയിൽ ഗുരു തൻറെ പിൻഗാമിയെ കണ്ടെത്തുന്നത് എന്നും.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യനാളുകളിൽ യുക്തിവാദി സംഘം പാർട്ടിയുടെ ഒരു റിക്രൂട്ടിംഗ് കേന്ദ്രമായിരുന്നു, കുറ്റിപ്പുഴയും ആർ. സുഗതനും ഉൾപ്പെടെ യുക്തിവാദി സംഘത്തിൽ നിന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എത്തിയവരാണ്. എംസി ജോസഫ് ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ യുക്തിവാദി സംഘത്തിൻറെ വൈസ് പ്രസിഡന്റ് ആയിരുന്ന കുറ്റിപ്പുഴ ഉൾപ്പെടെ ബുദ്ധിജീവികളെയൊക്കെ കമ്യൂണിസ്റ്റുകൾ അടിച്ചുകൊണ്ടുപോയ ദേഷ്യത്തിലാണ് എംസി ഇനി യുക്തിവാദികൾക്ക് സംഘടന വേണ്ട എന്ന നിലപടിലേക്ക് എത്തുന്നത്. പിന്നീട് കുറേക്കാലം ആ തർക്കം എംസി അനുകൂലികളും പ്രതികൂലികളും എന്ന നിലയിലേക്ക് യുക്തിവാദികൾക്കിടയിൽ വളർന്നു. അപ്പോഴും തന്റെ പ്രതികൂലികൾ തനിക്കെതിരെ നടത്തുന്ന പരിപാടികളുടെ വാർത്തകളൂം പ്രസ്താവനകളുമൊക്കെ യുക്തിവാദി മാസികയിൽ എം സി നൽകിയിരുന്നു. അത്തരത്തിൽ ഒരു വലിയ ജനാധിപത്യവാദിയും ആയിരുന്നു എംസി.
ഒരു വ്യക്തി എന്ന നിലയില്‍ കുറ്റിപ്പുഴയെ നിര്‍ണയിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് അമ്പരപ്പുളവാക്കുന്ന കര്‍മമണ്ഡലങ്ങളിലായിരുന്നു അദ്ദേഹം വ്യാപരിച്ചിരുന്നതെന്ന് കാണാം. തത്ത്വാനേഷി, വിമര്‍ശകന്‍, യുക്തിവാദി, അധ്യാപകന്‍, രാഷ്ട്രമീമാംസകന്‍, സാമൂഹ്യശാസ്ത്രകാരന്‍ എന്നീ നിലകളില്‍ ബഹുഭാവുകത്വമുള്ള വ്യക്തിത്വം ആയിരുന്നു കുറ്റിപ്പുഴ. മുണ്ടശ്ശേരി മാഷ് അദ്ദേഹത്തെ ‘കേരളത്തിലെ റസല്‍’ എന്നാണ് വിശേഷിപ്പിച്ചത്.
മലയാള സാഹിത്യ വിമർശന രംഗത്ത് നിസ്തുല സംഭാനകൾ നൽകിയ വ്യക്തി ആയിരുന്നു കുറ്റിപ്പുഴ കൃഷ്‌ണപിള്ള. മലയാളം പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുക്തിവാദി സംഘത്തിൻറെ വൈസ് പ്രസിഡന്റ് ആയിരുന്നു.
സാഹിതീയം, വിചാരവിപ്ലവം, വിമർശരശ്മി, നിരീക്ഷണം, ചിന്താതരംഗം, മനസോല്ലാസം, മനനമണ്ഡലം, സാഹിതീകൗതുകംനവദർശനം, ദീപാവലി, വിമർശദീപ്തി, യുക്തിവിഹാരം, വിമർശനവുംവീക്ഷണവും, ഗ്രന്ഥാവലോകനം, സ്മരണമഞ്ജരി എന്നീ കൃതികളുടെ കർത്താവ് കൂടിയാണ് അദ്ദേഹം. കേരള സാഹിത്യ അക്കാദമി അഞ്ച് ഭാഗങ്ങളായി കുറ്റിപ്പുഴയുടെ സമ്പൂർണ്ണ കൃതികൾ പുറത്തിറക്കിയിട്ടുണ്ട്.
ആലുവയിൽ ഒരു ബുക്ക് സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ച ഉടൻ കുഴഞ്ഞുവീണ് ആശുപത്രിയിലായ കുറ്റിപ്പുഴയെയും അദ്ദേഹത്തിന്റെ സഹോദരൻ ചന്ദ്രനെയും അവസാന കാലത്തു ശുശ്രൂഷിച്ചച്ചത് യുക്തിവിചാരം ജോസ് എന്ന എ.വി. ജോസ് ആണ്. കുറ്റിപ്പുഴയുടെ മരണശേഷം ചന്ദ്രനെ എ.വി. ജോസ് തൃശൂരിലെ തന്റെ വാടകവീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് 8 സെന്റ് സ്ഥലം വാങ്ങി അവിടെ ‘നാസ്തികം’ എന്ന വീടു നിർമിക്കുകയായിരുന്നു. കുറ്റിപ്പുഴ തന്റെ കൃതികളുടെ പകർപ്പവകാശം നൽകിയതു എ.വി.ജോസിനും മിശ്രവിവാഹ സംഘത്തിന്റെ സ്ഥാപക നേതാവ് വി.കെ. പവിത്രനുമാണ്.
1971 ഫെബ്രുവരി 11-ന് അന്തരിച്ച അദ്ദേഹത്തെ ആചാരങ്ങളൊന്നുമില്ലാതെ ആലുവ എസ്എൻഡിപി ശാഖാ ശ്മശാനത്തിലാണു സംസ്കരിച്ചത്. ചിതാഭസ്മം അദ്ദേഹത്തിൻറെ ആഗ്രഹ പ്രകാരം തൊട്ടുതാഴെയുള്ള ശവക്കോട്ടപ്പാടത്തു വിതറുകയായിരുന്നു.
ആ മഹാ മനീഷിയുടെ ഓർമ്മകൾക്ക് മുൻപിൽ ശിരസ് നമിക്കുന്നു.







No Comments yet!