ജൂലൈ 2 : സാഹിത്യരചനയിലൂടെധീരമായ നിലപാടു സ്വീകരിച്ച പൊന്‍കുന്നം വര്‍ക്കി(1908-2004)യുടെ ഓര്‍മ്മദിനം
ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പള്ളി എന്ന അധികാരസ്ഥാപനവും, അതിന്റെ പ്രതിപുരുഷന്മാരായ പുരോഹിതവര്‍ഗത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ, ജനകീയതയുടെ സ്വരം ഉയര്‍ത്തിപ്പിടിച്ച കഥാകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി. പൊന്‍കുന്നം വര്‍ക്കിയുടെ കഥാലോകം വ്യക്തമായും വേര്‍തിരിച്ചെടുക്കാവുന്ന മൂന്ന് പ്രമേയ ധാരകളുണ്ട്.
ഒന്ന്, രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അവതരിപ്പിക്കുന്ന ‘കരിനിഴലുകള്‍, ക്വിറ്റ് ഇന്ത്യ, നേതാജി, എന്റെ സമരപ്രതിജ്ഞ’ തുടങ്ങിയ കഥകള്‍. രണ്ട്, പട്ടിണിക്കാരായ കര്‍ഷകരുടെയും തൊഴിലാളികളുടെയും വേദന നിറഞ്ഞ ‘ശബ്ദിക്കുന്ന കലപ്പ, ഇടിവണ്ടി, ആ വാഴവെട്ട്, തൊഴിലാളി, റേഷന്‍’ തുടങ്ങിയ ജീവിതസമരങ്ങളുടെ കഥകള്‍. മൂന്ന്, ക്രൈസ്തവ പൗരോഹിത്യത്തിനെതിരെ ആഞ്ഞടിക്കുകയും പരിഹാസത്തിന്റെ നിശിതമായ വാള്‍കൊണ്ട് അംഗവസ്ത്രങ്ങള്‍ കീറി കളയുകയും ചെയ്യുന്ന ‘പാളങ്കോടന്‍, അന്തോണീ നീയുമച്ചനായോടാ, കുറ്റസമ്മതം’ തുടങ്ങിയ കഥകള്‍.
കേരളീയ രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ പള്ളി ചെലുത്തിയിരുന്ന ആശാസ്യമല്ലാത്ത സ്വാധീനം എത്ര രൂക്ഷമായിരുന്നുവെന്ന് ഈ കഥകള്‍ വെളിപ്പെടുത്തുന്നു. ആലപ്പുഴ ജില്ലയിലെ എടത്വയില്‍ ജനനം. ആറാം വയസില്‍ പിതാവ് മരിച്ചതോടെ അമ്മവീടായ കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറ്റി. ദാരിദ്ര്യത്തിന്റെ നടുക്കായിട്ടും കഠിനാധ്വാനം കൊണ്ട് മലയാളം ഹയറും വിദ്വാന്‍ പരീക്ഷയും പാസായി. ഒരു കത്തോലിക്കന്‍ സ്‌കൂളില്‍ അധ്യാപകനായി. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സമരം ശക്തിപ്പെട്ടപ്പോള്‍ ജോലിയുപേക്ഷിച്ചു. പള്ളി മേധാവികളുമായി യോജിക്കാന്‍ കഴിയാതിരുന്നതും കാരണമായിരുന്നു.
ഗദ്യകവിതാ സമാഹാരമായ ‘തിരുമുല്‍ക്കാഴ്ച’യാണ് ആദ്യ കൃതി. തിരുവതാംകൂറില്‍ സ്വാതന്ത്ര്യസമരവും കമ്യൂണിസവും ശക്തമായ, 1940കളില്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തിനെതിരെ എഴുതിയ ‘മന്ത്രിക്കെട്ട്, മോഡല്‍’ എന്നീ കഥകള്‍ 1946ല്‍ അദ്ദേഹത്തെ ജയിലിലെത്തിച്ചു.
ഇപ്പോള്‍ ചില ഭക്തിവാദികളും യുക്തിവാദികളുമൊക്കെ ചെയ്യുന്നതുപോലെ ആചാരപരമായി മാപ്പെഴുതിക്കൊടുത്താല്‍ വെറുതെ വിടാമെന്ന് സി പിയുടെ ദൂതന്‍ അറിയിച്ചപ്പോള്‍ ”അതിനു വേറെ പൊന്‍കുന്നം വര്‍ക്കി ജനിക്കണം” എന്ന ഗര്‍ജനം ഇരുമ്പഴികളെപ്പോലും പ്രകമ്പനം കൊള്ളിച്ചു. തന്റെ സാഹിത്യ ഭാവനയില്‍ പൊന്‍കുന്നം വര്‍ക്കി അഭിമുഖീകരിച്ച ധാര്‍മിക പ്രശ്‌നങ്ങള്‍ ആധുനിക കേരളീയ സമൂഹത്തിന്റെ രൂപീകരണ ചരിത്രത്തിന്റെ ഒഴിവാക്കാനാവാത്ത അംശങ്ങളാണ്. നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ സ്വാംശീകരിച്ച പുരോഗമന സാഹിത്യത്തിന്റെ വക്താവും പ്രയോക്താവും പ്രവാചകനായിരുന്നു പൊന്‍ കുന്നം വര്‍ക്കി .
ജോസഫ് അച്ഛനെയും ഫ്രാങ്കോ പിതാവിനെയുമൊക്കെ അദ്ദേഹത്തിന് അന്നേ പ്രവചിക്കാന്‍ കഴിഞ്ഞത് ചരിത്രത്തിനൊപ്പം നടക്കാതെ മുന്‍പേ നടന്നതുകൊണ്ടുകൂടിയാണ്. അദ്ദേഹം ഏതാണ്ട് പത്തെഴുപത് വര്‍ഷം മുമ്പ് എഴുതിയ ‘അന്തോനീ നീയുമച്ചനായോടാ” എന്ന കഥയിലെ ടീലര്‍ അച്ഛന്മാര്‍ ഇന്നും നമുക്കിടയില്‍ പുനരവതരിക്കുന്നത് അതുകൊണ്ടാണ്. വൃദ്ധയായ അമ്മയുടെ അറിവോടെ മകളുടെ ജാരനായി സ്ഥിരമായി വീട്ടില്‍ വരുന്ന പള്ളിലച്ചനായ ഫാദര്‍ ടീലര്‍ – ഇന്നും ഇമ്മാതിരി ഒരു പാതിരിമാരിവിടെ ഉണ്ട്. മകളേയും അമ്മയേയും ഒരു പോലെ സുഖിപ്പിക്കുന്ന ടീലറച്ചന്മാരുടെ പ്രതിരൂപങ്ങളാണ് സാന്മാര്‍ഗിക ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള മെത്രാന്‍മാരും പാതിരിമാരും.
കഥയുടെ അവസാന ഭാഗമിങ്ങനെയാണ്.-” അച്ചന് കൊടുക്കാന്‍ അല്പം ചൂട് പാലുമായിട്ടാണ് വൃദ്ധ കാത്തിരിക്കുന്നത്. ആ പാലിന്റ കാര്യം കൊണ്ടാണ് ഉറക്കമൊഴിഞ്ഞ് അവര്‍ ഇരിക്കുന്നത്. അവരുടെ പശു കടിഞ്ഞൂല്‍ പ്രസവിച്ചു. പതിനാറ് രാത്രി കഴിയാതെ പാല്‍ ചൂടാക്കാന്‍ പാടില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. അന്നാണ് ആ പാല്‍ അവര്‍ ചൂടാക്കിയത്. അത് ആദ്യം അച്ചന് കൊടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ചൂട് പോകുന്നതിന് മുമ്പ് അച്ചന്‍ ഒന്നിറങ്ങി വന്നിരുന്നെങ്കില്‍! കാത്ത് കാത്തിരുന്ന് അവര്‍ ഉറക്കം തൂങ്ങിത്തുടങ്ങി. പെട്ടെന്ന് ആ കതക് തുറന്നു. പാല്‍പ്പാത്രവുമായി വൃദ്ധ എഴുന്നേറ്റു. അഴിഞ്ഞ തലമുടിക്കെട്ടുമായി അന്നക്കുട്ടിയും. അമ്മ അങ്ങനെ കാത്തിരിക്കുന്ന കാര്യം അവളും അറിഞ്ഞില്ല. അച്ചനും അന്നക്കുട്ടിക്കും പരിഭ്രമമായി. വൃദ്ധയ്ക്ക് സംശയം തോന്നി. കയ്യിലിരിക്കുന്ന തകരവിളക്ക് അവര്‍ അച്ചന്റ മുഖത്തേക്കടുപ്പിച്ചു. അത്ഭുതം കൊണ്ട് വൃദ്ധ മിഴിച്ചു നിന്നു പോയി, ‘ അന്തോനീ, നീയുമച്ചനായോടാ” അവര്‍ ചോദിച്ചു. അന്തോനി കുശിനിക്കാരനാണെങ്കിലും ളോഹയിട്ട് നില്കുന്നതു കൊണ്ട് ഒന്നും പറഞ്ഞുകൂടാ”.
ഫ്രാങ്കോമാരെക്കുറിച്ചും റോബിന്‍മാരെക്കുറിച്ചും കോട്ടൂരാന്‍മാരെക്കുറിച്ചുമൊക്കെ പത്തെഴുപത് വര്‍ഷം മുമ്പ് മുന്നറിയിപ്പ് തന്ന വര്‍ക്കിയെ അധിക്ഷേപിച്ച കത്തോലിക്കാസഭയിലെ വൈദിക സമൂഹത്തിന്റെയും അല്‍മായരുടേയുംരെ കൊള്ളരുതായ്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഇനി ഒരു പൊന്‍കുന്നം വര്‍ക്കി ഉണ്ടാകുമോ?
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറി, സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ ‘സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
സ്നേഹസീമ, ഭാര്യ, അള്‍ത്താര എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥ പൊന്‍കുന്നം വര്‍ക്കിയുടെതാണ്.
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, പത്മപ്രഭാ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് എന്നിവ ലഭിച്ചു.
അന്തിത്തിരി, വികാരസദനം (ഒന്നാം ഭാഗം), വികാരസദനം (രണ്ടാം ഭാഗം), ആരാമം, അണിയറഹൃദയനാദം, നിവേദനം, പൂജ, പ്രേമവിപ്ലവം, ഭര്‍ത്താവ്, ഏഴകള്‍, ജേതാക്കള്‍ (നോവല്‍), നോണ്‍സെന്‍സ്, ഒരു പിശാചു കൂടി, രണ്ടു ചിത്രം, പള്ളിച്ചെരുപ്പ്, വിത്തുകാള (ചെറുകഥകള്‍), പൊട്ടിയ ഇഴകള്‍ (സമാഹാരങ്ങള്‍) എന്നിവയാണ് മറ്റു കൃതികള്‍. 20 കഥാസമാഹാരങ്ങളും 12 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘എന്റെ വഴിത്തിരിവ്’ ആത്മകഥയാണ്.
No Comments yet!