Skip to main content

പ്രൊഫസര്‍ എം.കെ. സാനുമാഷ്; പ്രവാസി എഴുത്തുകാരെ നെഞ്ചിലേറ്റിയ എഴുത്തുകാരന്‍

മലയാള സാഹിത്യത്തിന് പകിട്ട് ചാര്‍ത്തിയവരില്‍ മറുനാടന്‍ മലയാളികളിലെ എഴുത്തുകാര്‍ക്ക് വലിയ പങ്കുണ്ടെന്ന് വായനാ ലോകത്തെ ഓര്‍മിപ്പിച്ച എഴുത്തുകാരനാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രൊഫസര്‍ എം.കെ. സാനു മാസ്റ്റര്‍. ബോംബെ കേരളീയ സമാജത്തിന്റെ പ്രസിദ്ധീകരണമായ വിശാല കേരളം മാസികയുടെ 2024ലെ ഓണപ്പതിപ്പില്‍ വിദേശ മലയാളികളെ അഭിവാദനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ സാനു മാഷ് എഴുതിയ ലേഖനം ഈ തിരിച്ചറിയലിന്റെ അംഗീകാരവും വിളംബരവുമാണ്.

പ്രവാസി മലയാളികളിലെ എഴുത്തുകാരുമായി ഹൃദയബന്ധം പുലര്‍ത്തിയിരുന്ന സാഹിത്യകാരനാണ് സാനു മാസ്റ്റര്‍. മാത്രമല്ല, സമൂഹത്തിന്റെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്ന എഴുത്തുകാരന്‍ കൂടിയായിരുന്നു.

മുംബൈയില്‍ സാനു മാസ്റ്റര്‍ പങ്കെടുത്തിട്ടുള്ള പരിപാടികളില്‍ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ ശ്രീനാരായണ മന്ദിര സമിതിയുടേതായ രണ്ടെണ്ണം. അതില്‍ അവസാനത്തേത് 1995 ഫെബ്രുവരി 5ന് നെരൂളില്‍ സമിതിയുടെ അന്തര്‍ദേശിയ പഠന കേന്ദ്രത്തിന്റെ ഉത്ഘാടനത്തിനായിരുന്നു. സാനു മാഷും, ശാശ്വതീകാനന്ദ സ്വാമികളും, ജസ്റ്റിസ് കെ. സുകുമാരനുമായിരുന്നു ചടങ്ങിലെ പ്രഭാഷകര്‍. നഗരകവികളായ കൃഷ്ണന്‍ പറപ്പിള്ളിയും, പാപ്പനം കോട് പ്രഭാകരനും ഈ ലേഖകനുമായിരുന്നു സാനു മാഷെ അനുഗമിച്ചിരുന്നത്. ആ പരിപാടിക്ക് ശേഷം കൃഷ്ണന്‍ പറപ്പിള്ളിയുടെ വീട് സന്ദര്‍ശിക്കുവാനും മാഷ് എത്തിയിരുന്നു.

1987ല്‍ എറണാകുളത്ത് നിന്നും നിയമസഭയിലേക്ക് സാനു മാഷ് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രചാരണത്തിന് വേണ്ടി സംഘടിപ്പിച്ച ഒരു റാലിയില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണ അയ്യരും ക്യാപ്റ്റന്‍ ലക്ഷ്മി സെഹകളും ഈ ലേഖകനുമായിരുന്നു പ്രാസംഗികര്‍. സൈമണ്‍ ബ്രിട്ടോവിന്റെ രൗദ്രം എന്ന പുസ്തക പ്രകാശനത്തിനും സാനു മാഷുമായി വേദി പങ്കിടാനായി. എം.എം. ലോറന്‍സും, ടി.കെ. രാമകൃഷ്ണനുമൊത്ത് രണ്ടു വട്ടം സാനു മാഷുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. സാനു മാസ്റ്റര്‍ക്ക് റെഡ് സലൂട്ട്…

പി.ആര്‍. കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു – മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി)

No Comments yet!

Your Email address will not be published.