തന്റെ കവിതയുടെ രൂപകമായി, അതേ പേരുള്ള കവിതയില്‍ വയലാര്‍ ഒരു മുളങ്കാടിന്റെ ചിത്രം അവതരിപ്പിക്കുന്നുണ്ട്. മുന്‍പ് ഒരു ഗാനഗന്ധര്‍വ്വന്‍ ഇട്ടു പോയ മുളംതണ്ടില്‍ നിന്ന് പൊട്ടിച്ചിനച്ചു വളര്‍ന്നുപടര്‍ന്ന് നിബിഡതയും തൂര്‍മ്മയുമാര്‍ജ്ജിച്ച മുളംകാടാണ് അതെന്ന് കവി എഴുതുന്നു. ഈ കവിത പറയാതെ പറയുന്ന, പരോക്ഷഭാഷയില്‍ പറയുന്ന ഒരു ഭാവുകത്വചരിത്രമുണ്ട്. കവിക്കു മുമ്പേ വന്നു പോയ ആ ‘ഗാനഗന്ധര്‍വ്വന്‍’ ചങ്ങമ്പുഴയായിരുന്നു.

ചങ്ങമ്പുഴയില്‍ ഏകാന്തമായ ഒരു മുളംതണ്ടായിരുന്നത് തന്നില്‍ ഒരു മുളംകാടായി മാറി എന്ന് വയലാര്‍ എഴുതുന്നു. ചങ്ങമ്പുഴയുടെ സ്വപ്നലോലുപമായ കാല്പനികതയ്ക്ക് വയലാറിലൂടെയും മറ്റും സംഭവിച്ച ഭാവാന്തരമായിരുന്നു അത്. ചങ്ങമ്പുഴയുടെ ലോലകാല്പനികത ഒരു തരം ഇടതുപക്ഷ/രാഷ്ട്രീയകാല്പനികയായി മാറി വയലാറില്‍.വേര്‍ഡ്‌സ് വര്‍ത്തും കോളറിജ്ജും കൂടി ‘ ലിറിക്കല്‍ ബാലഡ്‌സി’നെഴുതിയ ആമുഖത്തിലെന്നപോലെ, തന്റെ കവിത്വത്തിന്റെ സ്വഭാവനിര്‍വ്വചനമവതരിപ്പിക്കുകയായിരുന്നു, ‘മുളങ്കാട്’ എന്ന കവിതയിലൂടെ വയലാര്‍. ഏകാന്തമായ ഒരു പുല്ലാങ്കുഴലിന്റെ നാദമല്ല, ‘ഇന്നു മുഴുവന്‍ ഞാനേകനായീ / കുന്നിന്‍ചെരിവിലിരുന്നു പാടും’ എന്ന പോലെ, തന്റേതെന്നും അതൊരു സംഘശബ്ദമാണെന്നും, ഒരു മുളംകാടിന്റേതെന്നപോലെ, പറയുകയായിരുന്നു ഈ കവിതയിലൂടെ വയലാര്‍.ഇത്തരത്തില്‍ കവിയുടെ, കവിതയുടെ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ എന്നു പറയാവുന്ന ഒന്നാകുന്നു ‘മുളങ്കാട്’ എന്ന രചന.

കവിതയുടെ ഒടുവില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു –
‘പാടി മറഞ്ഞൊരാ ഗാനഗന്ധര്‍വനെ-
ത്തേടി നടക്കുകയാവുമത്തയ്യലാള്‍
ആ ഗായകന്റെ മുളങ്കൊമ്പില്‍ നിന്നുയര്‍-
ന്നാലോലനര്‍ത്തനം ചെയ്യും മുളകളേ,
എങ്ങാനുമിപ്രപഞ്ചത്തിന്‍ നെടുവീര്‍പ്പു
പൊങ്ങിയാല്‍ പാടുന്ന നീലമുളകളേ,
നിങ്ങളെ വിട്ടു പിരിയുകയില്ല ഞാന്‍
നിങ്ങളില്‍ നിന്നേ പ്രചോദനംകൊള്‍വു ഞാന്‍!’
ആരാണ് ഈ പെണ്‍കുട്ടി, പാടി മറഞ്ഞ ഗന്ധര്‍വഗായകന്റെ ആരാധിക? അവള്‍ കവിത തന്നെ അഥവാ മലയാളകവിത. തന്റെ കാമുകനായിരുന്ന, ഇപ്പോഴില്ലാത്ത ഗായകകവിയുടെ പുല്ലാങ്കുഴലാണ് അവള്‍ അയാള്‍ക്കു നല്‍കുന്നത്.
‘ഇക്കല്‍ത്തറയിലാ ഗായകന്‍ മറ്റൊരു
പുല്‍ക്കുഴലിട്ടേച്ചു പോയി പിരിഞ്ഞ നാള്‍
ആ മുളങ്കമ്പാണു പൊട്ടിച്ചിനച്ചുയര്‍-
ന്നീമുളങ്കാടായ് വളര്‍ന്നതും പൂത്തതും!
ആ ഗാനഗന്ധര്‍വ്വനന്നു പാടിപ്പോന്ന
ശോകഗാനങ്ങളാണിക്കേള്‍പ്പതത്രയും!’
‘ചങ്ങമ്പുഴ ഞങ്ങള്‍ക്ക് ഒരോടക്കുഴല്‍ തന്നു’ എന്ന എം.ടി. വാസുദേവന്‍ നായരുടെ ഹൃദയസത്യവാങ്മൂലം പോലെ ഒന്നാണിത്. ഒരോടക്കുഴല്‍ ഒരു മുളങ്കാടിന്റെ തൂര്‍മ്മയായി മാറിയതുപോലെ മലയാളകാല്പനികത ചങ്ങമ്പുഴയ്ക്കു ശേഷം ഒരു മുളങ്കൂട്ടമായി മാറി വിപ്ലവഗാനങ്ങളും പ്രണയഗാനങ്ങളും ജനകീയഗാനങ്ങളും ആലപിച്ച ഭാവുകത്വസംക്രമണത്തിന്റെ കാവ്യസാക്ഷ്യം. പ്രണയരാഗം ഉദയരാഗമായും ഒരു പുത്തനുഷസ്സിന്റെ ഉഷ:ച്ചോപ്പായും മാറി പിന്നീടു വന്ന കവികളില്‍. (തുടര്‍ന്നു വന്ന ആധുനികരില്‍ച്ചിലരും ആ ചുവപ്പിന്റെ കൂടുതല്‍ തുടുപ്പിക്കുക തന്നെയായിരുന്നുവല്ലോ!). ‘എങ്ങാനുമിപ്രപഞ്ചത്തിന്‍ നെടുവീര്‍പ്പു പൊങ്ങിയാന്‍ പാടുന്ന നീലമുളക’ളാണ് കവികള്‍ എന്നൊരു പുത്തന്‍ കാവ്യാദര്‍ശവും അതോടെ രൂപപ്പെട്ടു.
മുളയുടെ ഉല്പത്തിയെപ്പറ്റി യവനപുരാണത്തില്‍ ഒരു കഥയുണ്ട്. വന്യതയുടെയും അജപാലകരുടെയും പ്രകൃതിയുടെയും യവനദേവനായ ‘പാന്‍’, ‘സിറിങ്‌സ്’ എന്ന മോഹിനിയായ വനദേവതയെ ആസക്തനായി അനുധാവനം ചെയ്തപ്പോള്‍ അവള്‍ ഒരു മുളന്തണ്ടായി മാറി തന്റെ ചാരിത്രം രക്ഷിച്ചു എന്നും ഹതാശതനായ പാന്‍ ആ മുളയെ ഒരു സംഗീതോപകരണമാക്കി മാറ്റി വിഷാദഗാനങ്ങളാലപിച്ചു എന്നുമാണ് കഥ. ഈ പാനിന് ഒരു ചങ്ങമ്പുഴച്ഛായയുണ്ട്. ഭഗ്‌നപ്രണയത്തിന്റെ പുല്ലാങ്കുഴല്‍ ഒരു മുളങ്കാടായി മാറി, പരിവര്‍ത്തനഗാനങ്ങളാലപിച്ചപ്പോള്‍ അതൊരു മുളങ്കൂട്ടമായി മാറി,ശുദ്ധകാല്പനികത രാഷ്ട്രീയകാല്‌നികയായും മാറി. ഈ ഭാവുകത്വപരിണാമത്തിന്റെ ചരിത്രമുഹൂര്‍ത്തത്തെയാണ് വയലാറിന്റെ ‘മുളങ്കാട്’ എന്ന കവിത, മുളങ്കാട് എന്ന രൂപകവും, കാവ്യവല്‍ക്കരിക്കുന്നത്. കവിക്ക്, തന്റെ വേര്‍പാടിന്റെ അന്‍പതാമാണ്ടില്‍, വിയോഗധന്യവാദം!
***
വയലാര്‍
വയലാര്‍ ഒരു ദേശം-
തീമഴ പെയ്‌തെന്‍ ഹൃത്തില്‍!
‘വയലാര്‍’ ഒരു കവി-
തേന്‍മഴ പെയ്തു പിന്നെ!
അലറും വയലാറിന്‍
കരളില്‍ നിന്നോ വന്ന-
തഴകിന്‍ മധുമയഭണിതീ മണിക്വാണം!
അഗ്നിവീണയും മീട്ടിപ്പാടിയീ മലനാട്ടില്‍
ഭഗ്നമാനസങ്ങളില്‍ തേന്‍പുരട്ടിയെന്‍തോഴന്‍
ആ മണി’ക്കുട്ടന്‍’ വിട്ടുപോയൊരീ വഴികളില്‍
ആറാതെ നില്‍പൂ നാദധാരയും കവിതയും…
വാടിവീണൊരീ വാടാരക്ത
പുഷ്പത്തിന്‍ ചാരെ
കോടിനേത്രങ്ങള്‍ വാര്‍ത്ത കണ്ണു
നീരൊഴുകുന്നു…
ഇരവിലിളംകാറ്റിലിളകും തെങ്ങോലകള്‍-
ക്കിടയിലൂടെയൊലിച്ചിറങ്ങും നിലാവൊപ്പം,
മധുഗായക, നിന്റെ ഗാനവും നുണഞ്ഞിതാ
മലനാടിന്നും പുലര്‍വേളയെ സ്വപ്‌നം കാണ്‍മൂ!
നിന്നന്ത’രാത്മാവിന്റെ തേരോട്ടം’ കണ്ടീമണ്ണും
വിണ്ണും കൈയ്യടിച്ചാര്‍ത്തു വീരഗാഥകള്‍ പാടി…
എങ്ങുനീ മറഞ്ഞുപോയ് മാസ്മര കലാകാര!
പിന്നെയും വരുമോ നീ?… മിഴിനീര്‍
പ്രതീക്ഷിപ്പൂ!

വി.ടി. കുമാരന്‍







No Comments yet!