
ആത്മകഥ എഴുതാനുള്ള കോപ്പൊന്നും എൻ്റെ ജീവിതത്തിൽ ഇല്ല. “ജീവിതം ഇങ്ങനെയൊക്കെയായിത്തീരും എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അത് കുറച്ചു കൂടി സംഭവബഹുലമാക്കാമായിരുന്നു,” എന്ന്, തനിക്കു മാത്രം കഴിയുന്ന ശൈലിയിൽ ശ്രീനിവാസൻ ഒരിക്കൽ പറയുകയുണ്ടായിട്ടുണ്ട്.അതൊരു അർത്ഥമുള്ള പ്രസ്താവനയാണ്.
അപ്പോൾ ആത്മകഥ എഴുതാൻ ഉള്ളടക്കമില്ലാത്തവൻ എന്തു ചെയ്യും?ഒന്നു തിരിഞ്ഞു നോക്കും. അപ്പോൾ മറ്റുള്ളവർക്ക് വലുതാണ് എന്നൊന്നും തോന്നാത്ത, അനുഭവിച്ചവന് എപ്പോഴും ഓർമ്മയുള്ള ചില കാര്യങ്ങൾ നിരന്നു വരും. അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ കഥയെഴുത്തിന്റെ കാര്യത്തിൽ ചില പഴങ്കാലങ്ങൾ കാണാനാവുന്നുണ്ട്.
അതിൽ ആദ്യത്തേത് ധർമ്മടം ബേസിക് അപ്പർ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ,ഒരു ദിവസം അവിചാരിതമായി ചെറിയ കുഞ്ഞിരാമൻ മാഷ് ഞങ്ങളുടെ ഏഴാം ക്ലാസിൽ കയറി വരുന്നതാണ്.ഖദറിന്റെ വെളുത്ത ജുബ്ബയും മുണ്ടും. എൽ പിയിലെ മാഷക്ക് ഏഴാം ക്ലാസിൽ വരേണ്ട കാര്യമില്ല. വന്ന ഉടനെ അദ്ദേഹം ഒരു കയ്യെഴുത്ത് മാസിക തുടങ്ങാൻ ആലോചിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. ആ സ്കൂളിൽ ആദ്യമായിട്ടാണ് അങ്ങനെ ഒരു കാര്യം. അതിലേക്ക് രചനകൾ ക്ഷണിച്ചു കൊണ്ടുള്ള ഒരു വരവായിരുന്നു മാഷിൻ്റേത്. അതുകേട്ടപ്പോൾ ഏന്തോ തരത്തിലുള്ള പ്രേരണയാൽ ഞാനൊരു കഥ എഴുതി മാഷിന് കൊടുത്തു. പക്ഷെ കൈയ്യെഴുത്തു മാസിക ഒരിക്കലും ഉണ്ടായില്ല. അന്വേഷിച്ചപ്പോൾ എൻ്റെ കഥയല്ലാതെ മറ്റൊരു രചനയും തനി നാട്ടുമ്പുറത്തെ ആ സ്കൂളിൽ കിട്ടിയില്ല എന്നാണ് അറിഞ്ഞത്. ആ കഥയും എനിക്ക് തിരിച്ചു കിട്ടിയില്ല. എന്താണ് അതിൽ എഴുതിയത് എന്നും ഓർമ്മയില്ല. 1970 ലായിരുന്നു അത്.

പിന്നീട് തലശ്ശേരി ഗവ. ബ്രണ്ണൻ (മാതൃക) സ്കൂളിൽ പഠിക്കുമ്പോൾ രണ്ട് രചനാമത്സരങ്ങൾ നടത്തുകയുണ്ടായി. കഥയ്ക്കും ലേഖനത്തിനും. ശ്രദ്ധേയമായ കാര്യം ഇവിടെയും, അക്കൊല്ലം പുതുതായി വന്ന ഒരു കുഞ്ഞിരാമൻ മാഷാണ് ഇതിനു മുൻകൈയെടുത്തത് എന്നതാണ്.രണ്ടിലും സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം കിട്ടി. ലേഖനത്തിന് സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും. യുവജനോത്സവത്തിനോടനുബന്ധിച്ചാണ് കഥാമത്സരം സംഘടിപ്പിച്ചത്. അത് സബ്ജില്ലാ തലത്തിലോ ജില്ലാ തലത്തിലോ സംസ്ഥാനതലത്തിലോ എത്തിക്കാൻ ഒരു അദ്ധ്യാപകനും കൂട്ടുനിന്നില്ല. അങ്ങനെ ചില മത്സരങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു ! പക്ഷേ ആ കഥ, ഞങ്ങളുടെ അന്നത്തെ പ്രിയപ്പെട്ട മാസിക ‘പൂമ്പാറ്റ’യ്ക്ക് അയച്ചുകൊടുത്തു. പി.എ.വാര്യർ എന്ന്,അന്ന് ആരെന്നറിയാത്ത ഒരു പേരാണ് ‘പൂമ്പാറ്റ’യുടെ പത്രാധിപസ്ഥാനത്തുണ്ടായിരുന്നത്.കുട്ടികളുടെ മാനസികവികാസം ലക്ഷ്യമാക്കി നടത്തിയ ആ നല്ല മാസിക കാരണം, അദ്ദേഹം വലിയ കടക്കാരനായി എന്നാണ് കേട്ടത്.

വിശേഷാൽ പ്രതിയടക്കം വാർഷിക വരിസംഖ്യ 7.50 രൂപ!
അടുത്തമാസം തന്നെ അത് അച്ചടിച്ചു വന്നു. 1972 ഫെബ്രവരിയിൽ വന്ന “പ്രതികാരം” എന്ന ആ കഥയാണ് എൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകഥ. അങ്ങനെയെങ്കിൽ ഇത് കഥ എഴുത്തിന്റെ 53ആം വർഷമാണ്. തീർച്ചയായും അതൊരു ചെറിയ കാലമല്ല.

ആദ്യകാലത്തെ കുറെയേറെ കഥകൾ, എഴുതിക്കഴിഞ്ഞാൽ അച്ഛന് വായിക്കാൻ കൊടുക്കുക്കാറുണ്ട്. പലപ്രാവശ്യം ചെന്ന് ചോദിച്ചാലും അച്ഛൻ അത് വായിച്ചു കഴിഞ്ഞിട്ടുണ്ടാവില്ല. കഥയെപ്പറ്റി എന്തുപറയും എന്ന വേവലാതി കൊണ്ട് ഞാൻ, അതിനെപ്പറ്റി ചോദിക്കുന്ന കാര്യത്തിൽ നിന്ന് എപ്പോഴും മാറി നിന്നു. ഒരു കഥ എഴുതിയാൽ ഒന്നു രണ്ടുമാസം ചിലപ്പോൾ അച്ഛൻ്റെ കൈയ്യിൽ തന്നെയായിരിക്കും.ആദ്യത്തെ കഥയുടെ കൂടെ “ഊന്ന്” എന്ന മറ്റൊരു കഥ കൂടി എഴുതിയിരുന്നു. “പ്രതികാരം” കൊള്ളാമെന്നും “ഊന്ന്” കൊള്ളില്ലെന്നും അച്ഛൻ പറഞ്ഞു. മറ്റൊരിക്കൽ ഒരു നീണ്ടകഥ എഴുതിയിട്ട് അച്ഛനെ കാണിച്ചപ്പോൾ ആരെയും അനുകരിച്ച് എഴുതരുത് എന്ന് നിർദ്ദേശവും തന്നു. ആ കഥ ഞാൻ വെളിച്ചം കാണിച്ചില്ല. പക്ഷെ ഇപ്പോഴും എൻ്റെ കയ്യിൽ അതുണ്ട്. ഒന്നാമത്തെ കഥയുടെ കൈയ്യെഴുത്ത് പ്രതി, ചുവന്ന മഷി കൊണ്ട് അച്ഛൻ്റെ തിരുത്തലുകളോടെ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇപ്പോഴീ ഫോണിൽ എഴുതുന്ന കാലത്തെ കഥകളൊഴിച്ച് ബാക്കി എല്ലാറ്റിന്റെയും കയ്യെഴുത്ത് പ്രതികളും അച്ചടിച്ച പേജുകളും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആറു വർഷത്തെ പ്രണയത്തിനു ശേഷം സാവിത്രി ടീച്ചറുടെ വരവോടെ ആദ്യവായനക്കാരിയും കഥയിലെ തിരുത്തൽ ശക്തിയും അവരായി! അതാണ് പറഞ്ഞത് എനിക്കല്ലാതെ ഇത് മറ്റാർക്കും ഇതൊന്നും ഒരു വിഷയവുമല്ല.

കുഞ്ഞുണ്ണി മാഷ് എന്ന കുട്ടേട്ടൻ കുറച്ചു കഥകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചു. അതിൽ ഒരു കഥയുടെ പേര് “ഔട്ട് സൈഡർ” എന്നായിരുന്നു! ആധുനിക സാഹിത്യമൊക്കെ വായിച്ച് ഉണ്ടായ ഒരു തലക്കെട്ടാണ് അതെങ്കിലും, എന്നും സമരകലുഷിതമായ കോളേജിലെ അനുഭവങ്ങളിൽ മനം മടുത്ത ഒരാളുടെ കഥയായിട്ടാണ് അത് രൂപമെടുത്തത്.
1977 ൽ മാതൃഭൂമിയുടെ വിഷുപ്പതിപ്പ് കഥാമത്സരത്തിലാണ് ഒരു മത്സരത്തിൽ അവസാനം പങ്കെടുത്തത്.ടി പി കിഷോറിനും അഷിതയ്ക്കും ഒപ്പം എനിക്കും സമ്മാനം കിട്ടി. “മലകൾക്കപ്പുറമുള്ള കടൽ” എന്നായിരുന്നു കഥയുടെ പേര്. പക്ഷേ സാക്ഷാൽ എം.ടി. വാസുദേവൻ നായർ എഴുതിയ ആമുഖ ലേഖനത്തിലെ ചില പരാമർശങ്ങൾ അന്നത്തെ 19കാരന് തീരെ ഇഷ്ടപ്പെടാത്തത് കൊണ്ട് സമ്മാനത്തുക മടക്കി കൊടുക്കുകയാണ് ചെയ്തത്.

തൊള്ളായിരത്തി എൺപത്തിയേഴിൽ പ്രസിദ്ധീകരിച്ച “അരൂപികളുടെ യാമം” എന്ന ആദ്യപുസ്തകത്തിൻ്റെ, ഷെൽവി അയച്ചു തന്ന പത്ത് പ്രതികളുടെ, കെട്ട് തുറന്നു നോക്കുന്ന അതേ ഉത്ക്കണ്ഠയാണ് 2026 ൽ ജി. വി. ബുക്സ് പ്രസിദ്ധീകരിച്ച “മരുതം മുക്ക്” എന്ന പുതിയ പുസ്തകത്തിൻ്റെ, ജി.വി. രാകേശ് അയച്ചു തന്ന പത്ത് പ്രതികളുടെ കെട്ട് തുറന്നു നോക്കുമ്പോഴും അനുഭവപ്പെടുന്നത്.1972 ൽ “പ്രതികാരം” എന്ന ആദ്യകഥ പി.എ. വാര്യരുടെ ‘പൂമ്പാറ്റ’ എന്ന വളരെ വ്യത്യസ്തമായ മാസികയിൽ അച്ചടിച്ച് വന്നതു കണ്ടപ്പോൾ ഉണ്ടായ അതെ അമ്പരപ്പാണ് “വേയ്സ്റ്റ്” എന്ന കഥ, 2025 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കണ്ടപ്പോഴും ഉണ്ടായത്.

ലേഖനങ്ങളോ യാത്രാവിവരണങ്ങളോ എഴുതുമ്പോൾ വലിയ സമ്മർദ്ദങ്ങൾ ഒന്നും ഉണ്ടാവാറില്ല. കാരണം അതിനുള്ള വസ്തുതകളും വിവരങ്ങളും നേരത്തെ ശേഖരിച്ചു വെച്ചിട്ടുണ്ടാവും. എഴുത്ത് രൂപത്തിലാക്കുകയേ വേണ്ടു.കഥ എഴുതുന്നത് മൊത്തത്തിൽ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ്. തുടക്കവും മദ്ധ്യവും ഒടുക്കവും എല്ലാം എത്രമാത്രം രൂപകൽപന ചെയ്തു വെച്ചാലും എഴുത്ത് അതിന്റേതായ വഴിക്ക് പോവുകയാണ് ചെയ്യുക. സ്വന്തം പാർട്ടി ഭരിക്കുമ്പോൾ പാർട്ടിക്കാർ ഉണ്ടാക്കുന്ന അക്രമങ്ങൾക്ക് നേതാക്കന്മാർ ഒരു വായ്ത്താരി പറയാറില്ലേ : നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന്. അതുപോലെയാണ് എന്നല്ല. ചിലപ്പോൾ എഴുത്ത് കൈവിട്ടുപോകുന്നു എന്ന് തോന്നാറുണ്ട്. വേറൊരാൾ കഥാരചനയിൽ പങ്കാളിയാണ്. അത് ആരാണ് എന്ന് വിശദമാക്കാൻ എനിക്കറിയില്ല. അതിനു തെളിവ്, എഴുതിയ കഥ ഒന്നുകൂടി വായിക്കുമ്പോൾ ഞാൻ ജീവിതത്തിൽ പ്രയോഗിക്കാൻ സാദ്ധ്യതയില്ലാത്ത പദഘടനയും വാചകക്കൂട്ടവും എൻ്റെ കഥയിൽ ഉണ്ടാവുന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടാണ് ആ പറഞ്ഞ മറ്റേയാളും ചേർന്ന് എഴുതുന്നതാവാം എന്നു പറഞ്ഞത്. അയാൾ മിക്കവാറും ഞാൻ തന്നെയാകാം.

ഒരുദാഹരണം പറയാം: വളരെ വൃദ്ധനായ ഒരു കടക്കാരൻ ആ പ്രായത്തിലും ചുളുവിൽ പണമുണ്ടാക്കാനായി ലോട്ടറി ടിക്കറ്റ് എടുക്കുന്നതും ഹാൻസ് പോലുള്ള നിരോധിത ലഹരിക്കൂടുകൾ, പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിറ്റു കാശാക്കുന്നതുമൊക്കൊയായ ഒരു കഥയാണ് മനസ്സിലുണ്ടായിരുന്നത്. കുറേക്കാലം വിഷയം മനസ്സിലിട്ടു നടന്നു. എഴുതിത്തുടങ്ങിയപ്പോൾ കഥ,കഥയുടെ വഴിക്കു പോയി. എൺപത്താറു വയസ്സുള്ള സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ, ചോദ്യങ്ങൾ ചോദിക്കുന്ന ഒരാളുടെ കഥയായി അത് മാറി. അതാണ് “വെയ്സ്റ്റ്” എന്ന കഥ!
മൾബറി ഷെൽവിയുടെ, പത്ത് കഥാകൃത്തുക്കളുടെ ഓരോ സമാഹാരം എന്ന, പദ്ധതിയിൽ ഉൾപ്പെട്ടാണ് എൻ്റെ ആദ്യത്തെ സമാഹാരം പുറത്തുവരുന്നത്.1992-ൽ തെരഞ്ഞെടുത്ത മറ്റൊരു പത്തു പേരുടെ പട്ടികയിലും ഇടം പിടിച്ചു. കഥാ നിരൂപകനും നാടകകൃത്തും മഹാവായനക്കാരനുമായ എൻ.ശശിധരൻ്റെ ‘കഥ കാലം പോലെ’ എന്ന കഥാപഠന ഗ്രന്ഥത്തിലാണത്.പിന്നീട് 2022 ൽ യുവ കഥാകൃത്തും കവിയും നിരൂപകനും മികച്ച വായനക്കാരനുമായ എം.വി.ഷാജി എഴുതിയ, ‘മലയാള കഥ മണ്ണിൽ ചവിട്ടി നിന്ന കാലം’ എന്ന കഥാപഠനഗ്രന്ഥത്തിലും പത്തു പേരിൽ ഒരാളായി. ഏറ്റവുമൊടുവിൽ എം. ലീലാവതിട്ടീച്ചർ ‘ കഥാപർവ്വം ‘ എന്ന പേരിൽ എൻ്റെ കഥകളുടെ ഏതാണ്ടൊരു സമഗ്ര,വർഗ്ഗീകൃത പഠനഗ്രന്ഥം 2025 ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എഴുത്തിലെ സഹജാതൻ,വത്സലൻ വാതുശ്ശേരി ആ പുസ്തകം എനിക്കു കിട്ടിയ പുണ്യമാണെന്ന് വിശേഷിപ്പിച്ചു.
മൂന്നിടങ്ങളാണ് എൻ്റേയും എൻ്റെ കഥകളുടേയും തട്ടകങ്ങളായത്.വളർന്നു വലുതായ ധർമ്മടം, തൊഴിൽ തേടിയെത്തിയ ചെന്നൈ, വീണ്ടും നാട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ണപുരം. ഇതിൽ കണ്ണപുരം പശ്ചാത്തലമായ കഥകളുടെ കൂട്ടായ്മയാണ്, “മരുതം മുക്ക്”

ഏതാണ്ട് മദ്ധ്യവയസ്സിൽ എത്തിച്ചേർന്ന കണ്ണപുരത്തെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ആദ്യം, മരിച്ചു പോയ രമേശനും പിന്നെ, വളരെ വിശദമായി അറിയിച്ചു തന്നത് ചീരൻ എന്ന ശ്രീധരനുമാണ്. കണ്ണപുരത്തും തെക്കുമ്പാടും ചെറുകുന്നിലും മടക്കരയിലും മുട്ടിലും ചെമ്പല്ലിക്കുണ്ടിലും പാടിയിലും ദാലിലുമെല്ലാം പുഴമീൻ പിടിക്കാനും ചെമ്മീൻ കണ്ടത്തിലും ഷാപ്പിലെ ഇളംകുടിക്കാനും കഠിനമായ എരുവുള്ള ചാക്കണ തിന്നാനും അയാളോടൊപ്പം അലഞ്ഞുതിരിഞ്ഞു നടന്നു. അനേകങ്ങളായ തെയ്യക്കാവുകളിൽ രാത്രി വെളുക്കും വരെ ആട്ടം കണ്ടും തെങ്ങിൻ തടത്തിൽ വീണ ഓലകൾ വലിച്ചിട്ട് ഉറങ്ങിയും ഈ നാട്ടിൽ ആഴത്തിൽ ഇറങ്ങി. പലപ്പോഴും ലഹരിയുടെ വലിയ ചിറകുകളിൽ തന്നെ പറന്നു നടന്നു.
പാചകക്കാരനായ ചീരന് പണിയുള്ള കല്യാണ വീടുകളിൽ എനിക്കും ക്ഷണമുണ്ടെങ്കിൽ അവിടെ പോയി രാത്രി മുഴുവൻ തേങ്ങ ചിരണ്ടാനും പാലെടുക്കാനും കൂട്ടാൻ കഷണങ്ങൾ മുറിക്കാനും സാമ്പാർ ഇളക്കാനും പപ്പടം കാച്ചാനും പിന്നെ വിളംബാനും മറ്റും കൂടാൻ കഴിഞ്ഞിരുന്നു.ഈ നാട്ടിലും നാട്ടാരിലും എനിക്കൊരു മേൽവിലാസം ഉണ്ടാക്കി തന്നത് അവനാണ്.
ധർമ്മടം പശ്ചാത്തലമായി “മീത്തലെപ്പീടിക” എന്നൊരു കഥാപുസ്തകം തയ്യാറാവുന്നുണ്ട്. ഇതിവൃത്തത്തിന്റെ നൈരന്തര്യം കൊണ്ട് അതിനൊരു നോവൽ രൂപമുണ്ട്. ചിലപ്പോൾ ചില കൂട്ടിച്ചേർക്കലുകളോടെ നോവലാകാനും സാദ്ധ്യതയുണ്ട്.
ജീവിതത്തിൻ്റെ പ്രധാനപ്പെട്ട ഒരു കാലം ഞാൻ ചെന്നൈയിൽ ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. അച്ഛനും അമ്മയും വീട്ടുകാരിയും സഹോദരിമാരും കൂട്ടുകാരും എല്ലാം നാട്ടിലും ഞാൻ മാത്രം അവിടെയും.അവിടെ തുടരാൻ എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ലെങ്കിലും ഒരുപാട് സൗഹൃദങ്ങൾ ചെന്നൈ എനിക്ക് നൽകുകയുണ്ടായി. ഏതാണ്ട് 35 ഓളം കഥകൾ ആ നാട് പശ്ചാത്തലമായി എഴുതാൻ കഴിഞ്ഞു.”ചെന്നൈയിൻ കഥകൾ “എന്ന പേരിൽ അതിൽനിന്ന് തെരഞ്ഞെടുത്ത കഥകളുടെ ഒരു സമാഹാരവും ആഗ്രഹങ്ങളിൽ ഉണ്ട്.
നമുക്ക് നമ്മുടെ കാലം കൈവിട്ടു പോയി എന്നൊരു ബോധം കലശലായുണ്ട്.അത്ര മാത്രം മോശം കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നു. മോശം പ്രവർത്തനങ്ങളേയും സമീപനത്തേയും കുറിക്കാൻ എത്ര വാക്കുണ്ട്,അതെല്ലാം പ്രവൃത്തിയിൽ വളരെ ശക്തമാക്കുന്ന രാഷ്ട്രീ സാമൂഹിക അന്തരീക്ഷത്തിനാണ് ഇന്ന് രാജ്യഭാരം.

ആയതിനാൽ ഇന്നുള്ള ഈ വ്യവഹാരങ്ങൾ രാഷ്ട്രീയമേയല്ല എന്നും രാഷ്ട്രീയം ഒരു പാട് സാമൂഹികമായ ഉത്തരവാദിത്തമുള്ള ഒരു കർമ്മമാണെന്നുമുള്ള തിരിച്ചറിവും ആ കാലം കൈവിട്ടു പോയി എന്നൊരു ദുഃഖവും കലശലായുണ്ട്. മനുഷ്യരുണ്ടായതു മുതൽ ക്ലാസിന് പുറത്തു നിർത്താൻ ശ്രമിച്ചു പോന്ന എല്ലാ വിപരീതങ്ങളും അനുഭവങ്ങളിൽ വളരെ ശക്തമായി നിലകൊളളുന്നു. രാഷ്ട്രീയ-സാമൂഹിക രാജാക്കന്മാർക്കാണിന്ന് ഇന്ന് രാജ്യഭാരം. ഇപ്പോഴുള്ളത് അതാത് കാര്യപരിപാടികളുടെ പരിപാലന (Event Management)മാണ്. ഒരു കല്യാണത്തിന് ഹോൾ ചമയിക്കുന്നത് പോലെയല്ല ഒരു മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ. അതുപോലയാവില്ല ഒരു കുഞ്ഞിൻ്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുമ്പോൾ അലങ്കരിക്കുന്നത്. ഏൽപ്പിച്ച ഒരു കാര്യപരിപാടിക്കനുസരിച്ച് പ്രൊഫഷണലുകൾ നടത്തുന്ന വ്യവഹാരമായി രാഷ്ട്രീയം മാറിയിരിക്കുന്നു. വാസ്തവത്തിലുള്ള രാഷ്ട്രീയമല്ല, ഇത് രാഷ്ട്രീയം സമഗ്രസ്പർശിയാണ്. മനുഷ്യന്റെയും ജീവജാലങ്ങളുടെയും പ്രകൃതിയുടെയും എല്ലാ പ്രശ്നങ്ങളും സ്വഭാവങ്ങളും അറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് വാസ്തവത്തിൽ രാഷ്ട്രീയം. അതിനുപകരം വെറും ഇവൻ്റ് മാനേജ്മെൻറ് ആണ് ഇന്ന് നടക്കുന്നത്.
രാഷ്ട്രീയം അത് പ്രത്യക്ഷമായോ പരോക്ഷമായോ കലർന്ന ഉള്ളടങ്ങിയ,കഥകളും രചനകളും വായിക്കാനാണ് അതുകൊണ്ട് ഏറെയിഷ്ടം. അതുകൊണ്ട് മനുഷ്യരുടെ ‘മനസ്സിൻ്റെ അന്തരാളങ്ങളിലേക്ക് ,’ എന്ന ലേബൽ ഒട്ടിച്ചു വരുന്നതും കേവലമായ പ്രണയം, കാമം, അക്രമം (Violence) തുടങ്ങിയ വിഷയങ്ങൾ പ്രചണ്ഡമായി അവതരിപ്പിക്കുന്നതുമായ എഴുത്തുകൾ അധമം എന്നേ എനിക്ക് തോന്നാറുള്ളൂ. കാലം കുറേക്കൂടി സത്യസന്ധമായ രാഷ്ട്രീയ രചനകൾ ആവശ്യപ്പെടുന്നുണ്ട്. ഇത് എൻ്റെ മാത്രം പ്രശ്നമായിരിക്കാം. കുറച്ചുകാലം അതങ്ങനെ നിൽക്കട്ടെ.
അപ്പോൾ പറഞ്ഞു വന്നത് “മരുതം മുക്ക്” എന്ന പേരിൽ എൻ്റെ ഒരു പുതിയ കഥാസമാഹാരം പ്രസിദ്ധീകരിച്ചു എന്ന കാര്യമാണ്. അതിനി വായനക്കാരുടേതാണ് എന്ന കാര്യമാണ്.
മരുതം മുക്ക്
രചന : വി.എസ്. അനില് കുമാര്
പ്രസാധനം : ജി.വി. ബുക്സ്
വില : 160 രൂപ
കഥാപര്വ്വം
(വി.എസ്. അനില്കുമാറിന്റെ കഥകളെക്കുറിച്ചുള്ള പഠനം)
രചന : എം. ലീലാവതി
പ്രസാധനം : ജി.വി. ബുക്സ്
വില : 500 രൂപ







No Comments yet!