അധഃസ്ഥിതവര്‍ഗത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉയര്‍ച്ചയ്ക്കും ഉണര്‍വിനും വേണ്ടി സ്വന്തം ജീവിതം കര്‍മമണ്ഡലമാക്കിയ ധീരനാണ് കവിതിലകന്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍. കൊച്ചി രാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടക രചനാ മത്സരത്തിൽ കവിതിലകൻ പണ്ഡിറ്റ് കെ.പി കറുപ്പന്റെ ‘ബാലാകലേശം’ എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ കറുപ്പൻ ‘വാല’ (മുക്കുവ) സമുദായത്തിൽപ്പെട്ട ആളാണ് എന്ന കാരണത്താൽ നാടകത്തെ നിശിതമായി വിമർശിക്കുകയും ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത് ‘എന്ന് ചോദിക്കുകയും ചെയ്തവർഗ്ഗീയവാദിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. പണ്ഡിറ്റ് കറുപ്പന്റെ കവിതയിൽ മീൻ മണക്കുന്നു എന്നാണ് വലിയ ബിപ്ലവകാരിയായി കൊണ്ടാടുന്ന ഇയാൾ സ്ഥിരം ആക്ഷേപിച്ചിരുന്നത്. ഇത് കറുപ്പൻ മാഷ് മാത്രം അഭിമുഖീകരിച്ച അവഹേളനം അല്ല. അവർണ്ണരായ എല്ലാവരും ഇത്തരത്തിൽ ജാതീയമായി അവഹേളിക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ നവോത്ഥാന നായകൻ പുന്നശ്ശേരി നമ്പി നാരയണഗുരുവിനെ വിളിച്ചത് ചണ്ടാള പ്രമുഖൻ എന്നാണ്. മേൽപ്പടി രാമകൃഷ്ണ പിള്ള തന്നെ മൂലൂരിനെ ആക്ഷേപിച്ചിരുന്നത് . ‘മുതു മരഞ്ചാടി’ എന്നാണ്.
കറുപ്പന്റെ നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരിയാണ്. കഥയിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് ഹിന്ദുരാജ്യത്തെ ശിക്ഷാ സമ്പ്രദായത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയും രാജ്യദ്രോഹവും ആയിരുന്നു. അത് ഒരു വലിയ സാമൂഹ്യ തിന്മയായി രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. എന്തു തെറ്റു ചെയ്താലും ഒരു ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിച്ചുകൂടാ എന്നാണ് ‘മനുസ്മൃതി’’യും അനുശാസിക്കുന്നത്. ബ്രാഹ്മണന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ നാടുകടത്തലാണ്. ഒരു രാജാവിന്റെ രാജ്യത്ത് നിന്ന് മറ്റൊരു രാജാവിന്റെ രാജ്യത്തേക്ക് അയയ്ക്കുക എന്നതുമാത്രം. ഒരു ബ്രാഹ്മണനെ സൽക്കരിക്കാനുള്ള അവസരം ലഭിക്കുക എന്നത് ഒരു രാജാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി കരുതിയിരുന്ന കാലത്ത് ഒരു ബ്രാഹ്മണൻ തെറ്റു ചെയ്താൽ അയാളെ ഒരു പുതിയ രാജാവിന്റെ സൽക്കാരത്തിന് പറഞ്ഞു വിടുക എന്നതായിരുന്നു അന്നത്തെ ശിക്ഷ.
ലോകത്തിൽ ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബ്രാഹ്മണനേയും പശുക്കളേയും പൂജിക്കണമെന്ന ധർമ്മം നിലനിന്ന കാലമാണത്. അതിന് വിപരീതമായി കറുപ്പൻ രാജ്യദ്രോഹ തെറ്റു ചെയ്തു; ബ്രാഹ്മണന് തന്റെ കഥയിൽ വധശിക്ഷ നൽകി അതാണ് ബാലാകലേശം എന്ന നാടകത്തിൽ ബിപ്ലവകാരിയായ രാമകൃഷ്ണപിള്ള കണ്ടു പിടിച്ച ഒരു വലിയ അപരാധം.’ബാലാ കലേശം’ എന്ന അതിന്റെ പേര് രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ സമുദായത്തെ ചേർത്താക്ഷേപിച്ച് ‘വാലാകലേശം’ എന്നാക്കിമാറ്റി. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ച് ചരിത്രത്തില്‍ തന്റേതായ ഇടം നേടിയ മഹാത്മാവാണ് പണ്ഡിറ്റ് കറുപ്പന്‍. നവോത്ഥാനനായകന്‍, കവി, നാടകരചയിതാവ്, അധ്യാപകന്‍, മനുഷ്യാവകാശ സംരക്ഷകന്‍, നിയമസഭാംഗം, സംസ്‌കൃത പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ ജീവിതം കേരള നവോത്ഥാന ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഒരു അദ്ധ്യായം തന്നെയാണ്.
കണ്ടത്തിപ്പറമ്പില്‍ അത്തോപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മെയ് 24ാം തിയ്യതി എറണാകുളത്ത് ചേരാനല്ലൂരിലാണ് കറുപ്പന്‍ ജനിച്ചത്. മല്‍സ്യബന്ധനം തൊഴിലാക്കിയ ധീവര(വാല) സമുദായക്കാരായിരുന്നു മാതാപിതാക്കള്‍. ജാതിയുടെ നിരര്‍ഥകതയെ ചോദ്യം ചെയ്യുന്ന മലയാളത്തിലെ ആദികാവ്യം ഒരുപക്ഷേ, കറുപ്പന്റെ “ജാതിക്കുമ്മി’യായിരിക്കാം. നിരർത്ഥകമായ ജാതിബോധത്തിനും അയിത്താചരണത്തിനും എതിരെയുണ്ടായ മലയാളത്തിലെ ആദ്യത്തെ സാഹ്യത്യ വിസ്ഫോടനമാണ് പണ്ഡിറ്റ് കറുപ്പന്റെ ‘ജാതികുമ്മി’ എന്ന കൃതി. “എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ?” എന്ന് ചോദിക്കുന്ന ആശാന്റെ ദുരവസ്ഥ പുറത്തുവരുന്നതിനു ഒരു ദശാബ്ദം മുൻപ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്.
‘‘നാട്ടിൻ ഗുണത്തിന്നു നമ്പൂരിമാർ
വിട്ടുകളയണം തീണ്ടിച്ചട്ടം
കേട്ടവർകേട്ടവർ പിന്നെയീയാചാരം
തോട്ടിലെറിഞ്ഞീടും യോഗപ്പെണ്ണേ!- (ജാതിക്കുമ്മിയിൽനിന്ന്).
വിദ്യാഭ്യാസം പോലുമില്ലാത്ത അവർണർ ജാതിക്കുമ്മി ഹൃദിസ്ഥമാക്കുകയും വീടുകളിൽ സന്ധ്യാനാമം പോലെ ചൊല്ലാറുണ്ടെന്നുള്ളതും ആ കൃതിക്ക് ജനങ്ങൾ നൽകിയ സ്വീകാര്യത വ്യക്തമാക്കുന്നതാണ്. 1905-ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912-ലാണ്.
അയിത്ത ചിന്തയെ വെല്ലുവിളിച്ച അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത് ‘പതിതരുടെ ജിഹ്വ’ എന്നാണ്. അയിത്തം കൊടികുത്തി വാഴുന്ന കാലത്ത്, താഴ്‌ന്ന ജാതിക്കാർ സവർണനിൽ നിന്ന് ഇത്ര അടി അകലത്തിൽ നിൽക്കണമെന്ന് കർശന നിയമമുള്ളപ്പോഴാണ് അതിനെ നേരിട്ട് കറുപ്പൻ മാസ്റ്റർ രംഗത്തു വന്നത്. പാടത്ത് പണിയെടുക്കുന്നവരുടെയും മീന്‍പിടിക്കുന്നവരുടെയും ചുമടുചുമക്കുന്നവരുടെയും നിലം ഉഴുന്നവരുടെയും ഉണര്‍ത്തുപാട്ടായി ജാതിക്കുമ്മി മാറി.
“ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാരു മൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ?
ദൈവംനോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ-
തീണ്ടല്‍ധിക്കാരമല്ലയോ? ജ്ഞാനപ്പെണ്ണേ?”
എന്ന കവിയുടെ ചോദ്യം കേരളീയ സമൂഹത്തില്‍ ആഘാതമേല്‍പ്പിച്ചു. കൊച്ചിയിലെ ജീവിതത്തിനിടയില്‍ പുലയ സമുദായങ്ങളുടെ ജീവിതദുരിതമാണ് കറുപ്പനെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഇതില്‍ മനംനൊന്ത് എഴുതിയ കവിതയാണ് ‘ജാതിക്കുമ്മി’. അന്നത്തെ പുലയരുടെ ദുരവസ്ഥ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ:
“പശുക്കളെയടിച്ചെന്നാലുടമസ്ഥര്‍ തടുത്തീടും
പുലയരെയടിച്ചെന്നാലൊരുവനില്ല
റോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട്
തോട്ടിലേക്കിറങ്ങിയാല്‍ കല്ലേറുകൊള്ളും”
നിരക്ഷരരെങ്കിലും കേരളത്തിലെ പുലയരും മറ്റും ‘ജാതിക്കുമ്മി’യിലെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു. എന്നു മാത്രമല്ല, സനാതനികള്‍ ഹരിനാമകീര്‍ത്തനങ്ങള്‍ ചൊല്ലുന്നതുപോലെ എന്നും രാത്രികാലങ്ങളില്‍ തങ്ങളുടെ കുടിലുകള്‍ക്കകത്തിരുന്ന് അവരതുപാടി രസിക്കുക പതിവായിരുന്നുവെന്ന് ടി കെ സി വടുതല രേഖപ്പെടുത്തുന്നു. ‘ജാതിക്കുമ്മി’ അത്രയേറെ സ്വാധീനം ആര്‍ജിച്ച ശേഷമാണ് ‘ദുരവസ്ഥ’ പ്രത്യക്ഷപ്പെട്ടത്.
ജാതിക്കുമ്മിക്കുശേഷം എഴുതിയ ‘ബാലാകലേശം’ എന്ന നാടകവും ഈ സാമൂഹ്യദൗത്യം നിറവേറ്റുന്നതായിരുന്നു. കൊച്ചിരാജാവിന്റെ കീഴിലുള്ള സർക്കാർ സർവീസിൽ ജോലിയിലിരിക്കെ എഴുതിയ “ബാലാകലേശം” വായിച്ചശേഷം ഡോ. പല്‍പു ചോദിച്ചത് ‘’ഇതെഴുതിയതിനുശേഷവും നിങ്ങളെ സർവീസിൽ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്. ചാതുർവർണ്യത്തിന്റെ പേരിൽ പുലയൻ അനുഭവിക്കുന്ന യാതനകളും രാജഭരണത്തിന്റെ നീതിന്യായ വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുന്നതായിരുന്നു നാടകം.
കൊച്ചിയിലെ കായല്‍സമ്മേളനം
കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായല്‍സമ്മേളനത്തിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനാണ്. അധഃകൃതര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രില്‍ 21ാം തിയ്യതിയിലെ കായല്‍സമ്മേളനം. എറണാകുളം നഗരത്തിലെവിടെയെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നു സംഘാടകരുടെ തീരുമാനം. പക്ഷേ, സ്ഥലം നല്‍കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാര്‍ഭൂമിയില്‍ തൊട്ടുകൂടാത്തവരെ യോഗം ചേരാന്‍ മഹാരാജാവ് അനുവദിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വേദി കായലിലേക്കു മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ആലോചനകള്‍ക്കു ശേഷം അറബിക്കടലും കൊച്ചിക്കായലും ചേരുന്ന പ്രദേശം തിരഞ്ഞെടുത്തു. മീന്‍പിടിത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകെട്ടിയും വള്ളങ്ങള്‍ കൂട്ടിക്കെട്ടിയും നിരപ്പായ ഒരു പ്രതലം ഉണ്ടാക്കി. അതിനു മുകളില്‍ പലക വിരിച്ചതോടെ വേദി തയ്യാറായി. ചെറുചെറു വള്ളങ്ങളിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊണ്ടുവന്നത്. കൃഷ്ണാദി ആശാനെപ്പോലുള്ള നേതാക്കള്‍ കറുപ്പന്‍ മാഷോടൊപ്പം കൈമെയ് മറന്നു നിന്നപ്പോള്‍ സമ്മേളനം വന്‍വിജയമായി. ‘ലോകചരിത്രത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു സംഭവം നടന്നതായി ഇന്നോളം കേള്‍ക്കാന്‍ ഇടയായിട്ടില്ല’ എന്നാണ് ടി കെ സി വടുതല എഴുതിയത്. ഈ കായല്‍നടുവിലെ സമ്മേളനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിന്നീട് സമസ്ത കൊച്ചി പുലയ മഹാസഭ രൂപം കൊണ്ടത്.
പ്രസിദ്ധമായ ‘കായൽ സമ്മേളന’ത്തിനുശേഷം അധികം വൈകാതെ നടന്ന സംഭവമായിരുന്നു ഇന്നത്തെ സുഭാഷ് പാർക്കിൽ നടന്ന കാർഷിക പ്രദർശനം. ആ സമ്മേളനത്തിൽ അന്നത്തെ ദിവാനായിരുന്ന ഡബ്ല്യു.ജെ.ഭോർ സംബന്ധിച്ചിരുന്നു. കറുപ്പൻ മാസ്റ്റർ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ”പ്രദര്‍ശനത്തിന് വെച്ചിട്ടുള്ള വിളകൾ ഉണ്ടാക്കിയവർക്ക് പ്രദർശനം കാണുന്നതിനും സന്തോഷിക്കുന്നതിനും അവസരമില്ല.” ഇതുകേട്ട സായ്പ് കാര്യങ്ങൾ അന്വേഷിച്ചു. “അവർക്ക് ഈ കരയിൽ കാലുകുത്തുന്നതിന് അവകാശമില്ല;” കറുപ്പന്‍ മാസ്റ്റർ വിശദീകരിച്ചു. “ഇത് അനീതിയാണ്. അവരെങ്ങാനും ഇവിടെ ഉണ്ടെങ്കിൽ പ്രദർശനസ്ഥലത്തേക്ക് വരട്ടെ;” സായ്പ് കൽപ്പിച്ചു. കറുപ്പൻ മാസ്റ്റർ അവരോട് (പുലയരോട്) പ്രദർശനവേദിയിലേക്ക് കടന്നുവരാൻ നിർദ്ദേശിച്ചു. അവർ വന്നു. പ്രദർശനം കണ്ട് സന്തുഷ്ടരായി മടങ്ങിപ്പോയി. കൊച്ചി നഗരത്തിൽ പുലയരുടെ കാല് ആദ്യമായിപതിഞ്ഞത് അന്നായിരുന്നു. അത് ഹിന്ദുവിൻറെ സനാതന ബോധം കൊണ്ട് ലഭിച്ചതല്ല. കുറച്ചുകൂടി സംസ്കാരമുള്ള സായ്‌പിന്റെമനുഷ്യത്വം കൊണ്ടായിരുന്നു.
അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പന്‍ ഫിഷറീസ് വകുപ്പില്‍ ഗുമസ്തനായി, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കണ്‍വീനറായി, കൊച്ചിഭാഷാ പരിഷ്‌കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി, നാട്ടുഭാഷാ സൂപ്രണ്ടായി. അധഃകൃതരുടെ വിദ്യാഭ്യാസത്തിന്റെ ചുമതലയും മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ പൗരസ്ത്യ ഭാഷാപരീക്ഷാ ബോര്‍ഡ് മെംബറായും അതിന്റെ ചെയര്‍മാനായും അവസാനം എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം ലക്ചററായും സേവനമനുഷ്ഠിച്ചു. കൊച്ചി നിയമസഭാ സമാജികനുമായിരുന്നു. 1938 മാര്‍ച്ച് 23ന് 53ാമത്തെ വയസ്സില്‍ അന്തരിച്ചു. മന്നം ജയന്തിവരെ പൊതു അവധിയായി പ്രഖ്യാപിച്ച നവകേരളത്തിൽ കവിതയിലൂടെയും നാടകത്തിലൂടെയും അധഃകൃതവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടി പരിശ്രമിച്ച കേരള ലിങ്കന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പണ്ഡിറ്റ് കെ പി കറുപ്പനെ അനുസ്മരിക്കുന്നതില്‍ കേരള സമൂഹം കുറ്റകരമായ തമസ്‌കരണമാണ് നടത്തുന്നത് എന്ന് പറയാതെ വയ്യ.
പ്രധാന കൃതികൾ
ജാതിക്കുമ്മി, ശ്രീനാരായണഗുരുവിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷാവസരത്തില്‍ എഴുതി സമര്‍പ്പിച്ച ‘ശ്രീനാരായണഗുരു’, സ്തോത്രങ്ങള്‍, ലഘുകവിതകള്‍, ഖണ്ഡകൃതികള്‍, ചരമഗീതങ്ങള്‍, നിയമസഭാപ്രസംഗങ്ങള്‍, ആചാരഭൂഷണം, ബാലാകലേശം, ‘പ്രഭാതഗീതം’, ‘മനീഷാസംബോധനം’.
*****
No Comments yet!