Skip to main content

വാക്കിടത്തിലെ വിവര്‍ത്തക സംഗമം

കേരളത്തിലെ തൃശൂരിലെ പ്രമുഖ പ്രസാധക സ്ഥാപനമായ ഗ്രീന്‍ ബുക്‌സ് ഡിസംബര്‍ 15 മുതല്‍ 30 വരെ ഒരു പുസ്തകാഘോഷം സംഘടിപ്പിച്ചിരിക്കുകയാണ്. അതില്‍ ഒരു ദിവസത്തെ പരിപാടി വിവര്‍ത്തനത്തെക്കുറിച്ചുള്ളതായിരുന്നു.

ഡോ. വി. ശോഭ, ഇ. മാധവന്‍

ലോകസാഹിത്യത്തിലെ വ്യത്യസ്ത ഭാഷകളില്‍ നിന്നും മുന്നൂറോളം വിവര്‍ത്തനങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവര്‍ത്തക സംഗമത്തിന്റെ ആവശ്യകതയാണ് ഈയൊരു ദിനത്തിന്റെ പ്രത്യേകത. വിവര്‍ത്തകരെയെല്ലാം ഒന്നിച്ചണിനിരത്തി അവരെ സമാദരിക്കുന്ന ഒരു ചടങ്ങ് ഡിസംബര്‍ 19 ന് അരങ്ങേറി. കെ.വി. രാമകൃഷ്ണന്‍, ഇ. മാധവന്‍, സുരേഷ് എം.ജി., ഡോ.എന്‍. ഷംനാദ്, രമാ മേനോന്‍, കരുണാകരന്‍, രാജലക്ഷ്മി മാനഴി, പരമേശ്വരന്‍, ഇടമണ്‍ രാജന്‍, അംജു അമീന്‍ കാരപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ച ആ ചടങ്ങിന്. രണ്ട് സെഷനുകളുണ്ടായിരുന്നു.

രമാ മേനോൻ, പ്രൊഫ. കെ.വി. രാമകൃഷ്ണൻ

രണ്ടു മണിക്ക് ഇ. മാധവന്‍ കുട്ടികളുമായി സംവദിച്ച പരിപാടിയില്‍ ജയശ്രീ ശ്രീനിവാസന്‍ മോഡറേറ്ററായിരുന്നു. ടര്‍ക്കിഷ് നോവലിന്റെ ഭാഷയും സംസ്‌കാരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ക്ലാസ്സെടുത്തത്. ഭാഷയില്‍ നിന്ന് വാക്കുകള്‍ പരിഭാഷപ്പെടുത്തുന്നത് അതിന്റെ സാങ്കേതികതയും വൈഷമ്യവും ആസ്വാദ്യതയും സന്തോഷവും രേഖപ്പെടുത്തിയതോടൊപ്പം കുട്ടികളുടെ ചോദ്യത്തിന് ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു. മോഡറേറ്ററുടെ കൃത്യമായ ഇടപെടലുകള്‍ ചര്‍ച്ചയെ അതീവ ഹൃദ്യമാക്കി.

സുരേഷ് എം.ജി., കരുണാകരൻ

നാലര മുതല്‍ ഗ്രീന്‍ ബുക്‌സിനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത അനുഭവമായിരുന്നു. കരുണാകരന്‍ മോഡറേറ്ററായിരുന്ന ചടങ്ങ് പരിഭാഷയുടെയും സാഹിത്യത്തിന്റെയും ഭാഷയുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചതിനോടൊപ്പം പങ്കെടുത്ത പരിഭാഷകരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. എന്താണ് വിവര്‍ത്തനം എന്ന വിഷയത്തില്‍ ബ്രോം സ്റ്റേക്കറുടെ ഡ്രാക്കുള എന്ന കൃതി വിവര്‍ത്തനം ചെയ്ത പ്രൊഫ. കെ.വി.രാമകൃഷ്ണന്‍, വാക്കുകളുടെ വാനവട്ടത്തിനപ്പുറമാണ് കവിതാ വിവര്‍ത്തനം എന്ന് ഉദാഹരണസഹിതം വ്യക്തമാക്കി. കാടു കാട്ടി എന്ന വാക്ക് – to show forest എന്നായാല്‍ എങ്ങനെയിരിക്കും എന്ന ചോദ്യം സദസ്സിനെ ചിന്തിപ്പിച്ചു. എങ്ങനെ താനൊരു വിവര്‍ത്തകനായി എന്ന അനുഭവ പരിസരമാണ് എണ്‍പത്തിയഞ്ചില്‍ പരം കൃതികള്‍ ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്ത സുരേഷ് എം.ജി. കൃത്യമായ അവബോധത്തോടെ വ്യക്തമാക്കി. കൃത്യസമയത്തിനുള്ളില്‍ തന്റെ ജോലി – അത് വിവര്‍ത്തനമായാലും – പൂര്‍ത്തീകരിക്കുന്നത് തന്റെ കമ്പനിയില്‍ ജോലി ചെയ്തതിന്റെ ബാക്കിപത്രമാണ് എന്ന് പറഞ്ഞപ്പോള്‍ അതെല്ലാവരും പ്രാവര്‍ത്തികമാക്കേണ്ടതാണെന്ന് സദസ്സ് ഓര്‍ത്തിരിക്കും. ലളിതവിവര്‍ത്തനത്തിന്റെ ആഖ്യാതാവായ രമാ മേനോന്‍ താന്‍ വളരെ ലാഘവത്തോടെയാണ് വിവര്‍ത്തനം ചെയ്യുന്നതെന്നും ലാഘവം എന്ന വാക്കിന്റെ അര്‍ത്ഥത്തെ ലഘുവായി കാണുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇംഗ്ലീഷില്‍ നിന്നുമാണ് രമാ മേനോന്റെ പരിഭാഷകള്‍. ലളിതമായ പരിഭാഷകളാണ് രമാ മേനോന്റേത്. തമിഴില്‍ നിന്നും പെരുമാള്‍ മുരുകന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്ത ഇടമണ്‍ രാജന്‍ ആശംസകള്‍ അറിയിക്കുകയും തമിഴിന്റെയും മലയാളത്തിന്റെയും ഭാഷാ സാത്മ്യം അദ്ദേഹം പങ്കുവെച്ചു.

അറബിക് ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് കൃതികള്‍ പരിഭാഷപ്പെടുത്തുമ്പോള്‍, അതിലെ വാക്കുകള്‍ക്ക് സമാനമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുക എന്നത് വിഷമകരമായിരുന്നു എന്ന സത്യവും സാംസ്‌കാരിക പരിസരം കൊണ്ടുവരിക എന്നതിന്റെ വിഷമവും അറബിക്കില്‍ നിന്നും മലയാളത്തിലേക്ക് ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്ത കേരള യൂണിവേഴ്‌സിറ്റിയിലെ അറബി വകുപ്പ് അദ്ധ്യക്ഷനായ, ഡോ.എന്‍. ഷംനാദ് പങ്കുവച്ചു.
ആദ്യമായി ഗ്രീന്‍ ബുക്‌സ് പരിഭാഷകരാക്കിയതിന്റെ നന്ദി വ്യതിചലനങ്ങള്‍ മലയാളത്തിലാക്കിയ ഫ്രഞ്ച് കൃതിയായ അനോമലി വിവര്‍ത്തനം ചെയ്ത രാജലക്ഷ്മി മാനഴിയും മുഹമ്മദ് ദാര്‍വിഷിന്റെ കവിതകള്‍ അറബിക്കില്‍നിന്നും വിവര്‍ത്തനം ചെയ്ത അംജു അമീന്‍ കാരപ്പുറവും സ്‌നേഹത്തോടെ അറിയിച്ചു.
മോഡറേറ്ററായ കരുണാകരന്റെ വാക്കുകള്‍, ചോദ്യങ്ങള്‍ ഉദാത്തവും ഭാവികാലത്തേക്കുള്ളതുമായിരുന്നു. പുസ്തകോത്സവത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു വിവര്‍ത്തക സംഗമവും സദസ്സും. തൃശ്ശൂര്‍ വിമല കോളെജ്, സെന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ത്ഥികളുടെ സജീവ സാന്നിധ്യവും പ്രൗഢ സദസ്സും ഈ ദിനത്തിന്റെ പ്രത്യേകതയായിരുന്നു.

No Comments yet!

Your Email address will not be published.