
(വി.കുഞ്ഞികൃഷ്ണൻ എഴുതിയ “നേതൃത്വത്തെ അണികൾ തിരുത്തണം” എന്ന പുസ്തകം പയ്യന്നൂരിൽ വെച്ച് പ്രകാശനം ചെയ്തപ്പോൾ ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിൻ്റെ ലിഖിത രൂപം)

സഖാവ് വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന ഈ പുസ്തകം വായിച്ചപ്പോള്‍ ഇതിന്റെ മൊത്തത്തിലുള്ള ഒരു ഭാവം, ഇതിലെ ആന്തരികമായ വികാരം എന്നത് ഒരു ആക്രോശമല്ല. തന്റെ എതിര്‍പ്പുകള്‍ മുഴുവനും പറഞ്ഞു കുപിതനാവുന്ന രീതിയല്ല. 50 വര്‍ഷമായി ഒരു രാഷ്ട്രീയ കക്ഷിയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും, അതിനുവേണ്ടി ആത്മാര്ത്ഥതതയോടെ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു സഖാവ് പാര്‍ട്ടിയുടെ തെറ്റുകളെ ചൂണ്ടിക്കാണിച്ചപ്പോള്‍, പാര്‍ട്ടി വഴിതെറ്റുന്നു എന്ന് തെളിവുകള്‍ സഹിതം പറഞ്ഞപ്പോള്‍ ഉണ്ടായ പരുക്കുകളില്‍ വേദനിക്കുന്നത് പോലെയാണ് തോന്നിയത്. തീര്‍ച്ചയായും ആ വേദന ഉണ്ടാകും. തന്റെ പ്രയത്നം തന്റെ സദുദ്ദേശം, ഇങ്ങനെ പാഴായിപ്പോകുന്നല്ലോ എന്നതാണ് ആ വേദനയ്ക്ക് നിദാനം.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുമ്പോള്‍, അപൂര്‍വമായി സംഭവിക്കുമ്പോള്‍, ഉടനെ പാര്‍ട്ടി നേതൃത്വം ഇതെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടും എന്ന സ്ഥിരം പ്രയോഗവുമായി രംഗത്തുവരും. പറഞ്ഞതിലെ ശരികളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ചരിത്രവും ചവറ്റുകൊട്ടയും രംഗത്ത് വരിക.
വാസ്തവത്തില്‍ ചരിത്രം ഒരു ചവറ്റുകൊട്ടയും സൂക്ഷിക്കുന്നില്ല. ചരിത്രം ഒരു ചവറ്റുകൊട്ടയും കരുതിവച്ചിട്ടില്ല. ചരിത്രമെന്നു പറയുന്നത് ഒരു സംഭരണിയാണ്. എല്ലാം ശേഖരിക്കുന്ന, നടന്ന കാര്യങ്ങളെല്ലാം സൂക്ഷിച്ചുവയ്ക്കുന്ന ഒരു സംഭരണിക്കാണ് നമ്മള് ചരിത്രമെന്നു പറയുന്നത്. അതില്‍നിന്ന് പിന്നെ ആവശ്യമുളളതും ആവേശമുളവാക്കുന്നതുമായ കാര്യങ്ങള്‍ നമ്മള് തെരഞ്ഞെടുക്കും. നമുക്ക് അറിവുണ്ടാക്കുന്ന കാര്യങ്ങള്‍ നമ്മള് വാരിയെടുക്കും. അതുകൊണ്ട് ഈ നടക്കുന്നതെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞാലും അങ്ങനെയൊന്നുമല്ല സംഭവിക്കുക. പോയി എന്ന് അവര്‍ തീര്‍ച്ചപ്പെടുത്തിയ വ്യക്തികളും സംഭവങ്ങളുമൊക്കെ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. നമ്മുടെ ചിന്തകളിലുണ്ട്. നമ്മുടെ ഇഷ്ടങ്ങളിലും കോപങ്ങളിലും വെറുപ്പുകളിലും ഉണ്ട്. നമ്മുടെ ആവേശങ്ങളിലുമുണ്ട്.

വാടകക്കൊലയാളികളെ വെച്ച് ടി.പി.ചന്ദ്രശേഖരനെ അതിക്രൂരമായി കൊല ചെയ്തതിനുശേഷം അദ്ദേഹത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ ശ്രമിച്ചതാണ്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ടി.പി. ചന്ദ്രശേഖരന് ഒരു നിമിഷം പോലും മറവിയിലേക്ക് പോകാതെ വര്‍ത്തമാന കേരളസമൂഹത്തില്‍ നിലനില്ക്കുന്നു എന്ന കാര്യമാണ് നാം അറിയുന്നത്. ഈ പുസ്തകം ആര്‍ക്കാണോ വി.കുഞ്ഞികൃഷ്ണന് സമര്‍പ്പിച്ചിരിക്കുന്നത്, ആ വി.എസ്.അച്യുതാനന്ദന് ടി.പി യെ വിശേഷിപ്പിച്ചത് മഹാനായ കമ്മ്യൂണിസ്റ്റ് എന്നാണ്. ടി.പിയുടെ പ്രസ്ഥാനത്തെയോ ആശയങ്ങളെയോ ഒരു തരിമ്പും ഇല്ലാതാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

മറ്റൊരാള്‍ എം.എന്‍. വിജയന് മാഷാണ്. അവസാന കാലത്ത് പാര്‍ട്ടി കഴിയാവുന്നത്ര അദ്ദേഹത്തെ ദ്രോഹിച്ചു. ഒരു സിംഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന കഴുതപ്പുലികളെ പോലുള്ള ഒരു പ്രവര്‍ത്തനമായിരുന്നു അത്.’സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണം’ എന്ന് പറഞ്ഞ് ഒരു പുസ്തകം തന്നെ ചിന്തിച്ച് ഇറക്കി. ആ പുസ്തകം അനുഷ്ഠാനപരമായ ഒരു കൊലപാതകം ആയിരുന്നു. അങ്ങനെയൊരു പ്രയോഗം പിന്നീട് കേട്ടത് പതിനെട്ട് കൊല്ലങ്ങള്‍ക്ക് ശേഷം, ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലെ കാര വാര്‍ഡില്‍ നിന്ന് പാര്‍ട്ടിയുടെ ഭീഷണികള്‍ ഒന്നും വകവയ്ക്കാതെ വൈശാഖ് എന്ന ചെറുപ്പക്കാരന് സ്വതന്ത്രനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചപ്പോഴാണ്. വലിയ ഭൂരിപക്ഷത്തോടെ കാരയിലെ മനുഷ്യര്‍ വിമതനായ വൈശാഖിനെ ജയിപ്പിച്ചു.

അങ്ങിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് പാര്‍ട്ടിയുടെ പരമാധികാരിയും കൂട്ടാളികളും ചേര്‍ന്ന് തള്ളിക്കളഞ്ഞ എം.എന്‍. വിജയനെ രണ്ടുവര്‍ഷം മുമ്പ് പു ക സ ആദരിക്കാന്‍ ശ്രമിക്കുകയുണ്ടായി! അദ്ദേഹത്തിന്റെ നാടായ കൊടുങ്ങല്ലൂരില്‍ ‘എം.എന്‍. വിജയന് സ്മൃതി യാത്ര’ നടത്താന്‍ പു ക സ ഒരുമ്പെട്ടു. കേരള സമൂഹത്തില്‍നിന്ന് കണക്കിന് കിട്ടുകയും ചെയ്തു. എം.എന്‍. വിജയന് മാഷിന്റെ ഒരു ചിന്താശകലമെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളിലോ മറ്റെവിടെയെങ്കിലുമോ തെളിഞ്ഞു കാണാത്ത ഒരു ദിവസം പോലും അതിനുശേഷം കടന്നുപോയിട്ടില്ല. വി.എസ്. അച്യുതാനന്ദന് ജീവിച്ചിരിക്കെ തന്നെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചിട്ട്, ജനങ്ങള്‍ തെരുവില്‍ ഇറങ്ങി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്.
ഈ പുസ്തകത്തില്‍ വി. കുഞ്ഞികൃഷ്ണന് നിഷ്കളങ്കമായ ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ‘എങ്ങിനെയാണ് തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി കളവു പറയുവാന്‍ നേതാക്കന്മാര് ഒരുമ്പെടുന്നത്? ‘കാട്ടു കള്ളന്മാര്’ എന്ന പ്രയോഗവും ഒന്നു രണ്ടിടത്ത് കാണുന്നുണ്ട്. എങ്ങിനെയാണ് നേതാക്കന്മാര് കളവു പറയുന്നത്? അതാണ് അധികാരത്തില്‍ ഉള്ളടങ്ങിയ സ്വഭാവം. കളവു പറയും, നിലനില്‍പ്പിനായി എന്തും ചെയ്യും, വീണ്ടും കളവ് പറയും. അതാണ് അധികാരത്തിന്റെ ഘടനാഗുണം.’ അധികാരം ദുഷിപ്പിക്കും സമഗ്രാധികാരം സമഗ്രമായി ദുഷിപ്പിക്കും’ എന്ന് 1887ല്‍ തന്നെ ബ്രിട്ടീഷ് ചരിത്രകാരന് ആക്ടണ് പ്രഭു നിര്‍വചിച്ചിട്ടുണ്ട് എന്ന കാര്യം വളരെ പ്രശസ്തമാണല്ലോ.
പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ അവിശ്വസനീയതകള്‍ കടന്നുവന്ന, അത്ഭുതപരതന്ത്രനായ ചില അവസരങ്ങളുണ്ടായിട്ടുണ്ട്. 25 ഇലകള്‍ ഉള്ള ഒരു രസീത് പുസ്തകത്തില്‍ ഒരാള്‍ പിരിച്ചെടുത്തത് 20 ലക്ഷം രൂപയാണ്! നമ്മളൊക്കെ റസീറ്റ് പുസ്തകവും എടുത്ത് നാട്ടിലേക്ക് ഇറങ്ങിയിട്ടുണ്ട്. ആ കാലത്ത് 50 പൈസ, കൂടിയാല്‍ ഒരു രൂപയൊക്കെയാണ് ഒരു വീട്ടില്‍ നിന്ന് കിട്ടുക. ഇപ്പോള്‍ 100, 150, 200 ഒക്കെ കിട്ടുമായിരിക്കും. ചിലര്‍ ആയിരം രൂപ കൊടുക്കുമായിരിക്കും. ഈ 20 ലക്ഷം രൂപ ആരില്‍ നിന്നൊക്കെയാവും പിരിച്ചെടുത്തത്?

‘ചങ്ങാത്തമുതലാളിത്തം എന്തെന്ന് ആര്‍ക്കെങ്കിലും പ്രായോഗികമായി പഠിക്കണമെങ്കില്‍ അത് കേരളത്തിലെ ചില പാര്‍ട്ടി നേതാക്കളെ പരിശോധിച്ചാല്‍ വലിയ ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കാന്‍ സാധിക്കും’ എന്ന് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്താണ് ചങ്ങാത്ത മുതലാളിത്തം? മുതലാളിമാരും സര്‍ക്കാറുകളും ചേര്‍ന്നുണ്ടാക്കുന്ന സവിശേഷമായ, അവിശുദ്ധമായ കൂട്ടുകെട്ടാണ് ചങ്ങാത്ത മുതലാളിത്തം. അത് നമുക്കറിയാം. അമേരിക്കയില്‍ ട്രംപും മസ്കും തമ്മിലാണ്. ഇന്ത്യയില്‍ മോഡിയും അദാനിയും തമ്മിലാണ്. കേരളത്തില്‍ പലരും തമ്മിലാണ്. ഇവിടെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഗൗരവമുള്ള വിഷയങ്ങളേയല്ല.
ഈ പുസ്തകത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നാട്ടില്‍ ഒരു സഖാവ് എന്നോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ‘കുഞ്ഞികൃഷ്ണന് പറഞ്ഞതൊക്കെ ശരിയാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പു കാലത്ത് ഇതെല്ലാം പറഞ്ഞത് തീരെ ശരിയായില്ല. ‘അപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ചു ‘ഒരു കൊല്ലം ആശാവര്‍ക്കര്‍മാര്‍ സമരം ചെയ്തിരുന്നു, വേതനം കുറച്ചു കൂട്ടിക്കിട്ടാനായി. ആ കൊല്ലം മുഴുവനും അവര്‍ വെയിലത്തും മഴയത്തും എല്ലാ കാലാവസ്ഥയിലും തെരുവില്‍ കിടന്നുറങ്ങിയും കേരളം മുഴുവന്‍ ഓടി നടന്നും സമരം ചെയ്തു. അവരെ പാട്ടപ്പിരിവുകാരെന്നും മറ്റു പല അസഭ്യങ്ങള്‍ പറഞ്ഞും അധിക്ഷേപിച്ച പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാറിന്റെ വാര്‍ഷിക ബജറ്റില്‍ ആശമാര്‍ക്ക് ആയിരം രൂപ അധികം വേതനത്തിന് നിര്‍ദേശം ഉണ്ട്. അതും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടല്ലേ?’ ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരു വ്യാമോഹസൃഷ്ടി ആണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്! അപ്പോള്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിന് മുന്നില്‍ കണ്ടിട്ട് പ്രവര്‍ത്തനങ്ങളാവാം, മറ്റുള്ളവര്‍ക്ക് അത് പാടില്ല എന്നുള്ളത് എന്ത് വിചിത്രമായ ന്യായമാണ്.

പാര്‍ട്ടിയുടെ കണക്ക് മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ടതില്ല എന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. മാദ്ധ്യമങ്ങളോട് പറയുക എന്നാല്‍ മുന്നില്‍ വന്നു നില്ക്കുന്ന പത്രക്കാരോടും ടി വിക്കാരോടും പറയുക എന്നാണോ അര്‍ത്ഥം? മാദ്ധ്യമങ്ങളോട് പറയുക എന്നാല്‍ ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുക എന്നാണ് അര്‍ത്ഥം. കോവിഡ് കാലത്ത്, രക്ഷാപ്രവര്‍ത്തനങ്ങളേക്കാള്‍ കൊണ്ടാടപ്പെട്ടത്, ദിവസവും വൈകുന്നേരം അഞ്ചു മണിയാവുമ്പോള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നു എന്നതായിരുന്നു!
പാര്‍ട്ടിക്ക് സ്വന്തമായ അന്വേഷണ സംവിധാനങ്ങള്‍ ഉണ്ട്, പാര്‍ട്ടിക്ക് സ്വന്തമായ ശിക്ഷാവിധികള്‍ ഉണ്ട്, പാര്‍ട്ടിക്ക് സ്വന്തമായ തര്ക്കുത്തരങ്ങളുമുണ്ട്. ഇങ്ങനെയൊക്കെ പോയി കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്ന് ചോദിച്ചാല്‍ ജനാധിപത്യം എന്ന ആശയത്തിന് വലിയ പരുക്കുകള്‍ സംഭവിക്കും എന്നുള്ളതാണ്.ഇപ്പോള്‍ നമ്മുടെ കൂടെയില്ലാത്ത ശ്രീനിവാസന് എന്ന ചലച്ചിത്രകാരന് ഒരിക്കല്‍ പറഞ്ഞു: ‘ ജനാധിപത്യം എന്ന് പറഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യം ആണ്. ‘അതാണിപ്പോള്‍ കേരളത്തില്‍ കാണുന്നതും. ഇന്ത്യയിലെമ്പാടും കാണുന്നത്. എതിര് ശബ്ദങ്ങള്‍ക്ക്, പ്രതിപക്ഷ സ്വരങ്ങള്‍ക്ക്, വിമര്‍ശനങ്ങള്‍ക്ക് കാതു കൊടുക്കാത്ത വിചിത്രമായ സംവിധാനമാണ് നമ്മുടെ ഭരണകൂടങ്ങള്‍. എതിര്ശ്ശബ്ദങ്ങള് ഉണ്ടാകുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനും മോശമായി ചിത്രീകരിക്കാനും പതിവുപോലെ ശ്രമിക്കുന്നു. ഇങ്ങനെ വി. കുഞ്ഞികൃഷ്ണനെ പലതരത്തില്‍ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഗ്രാറ്റുവിറ്റി വാങ്ങി എന്നതാണ് ഒരു ആരോപണം. ഗ്രാറ്റുവിറ്റി വാങ്ങാനുള്ളതാണ് എന്ന് എല്ലാവര്ക്കും അറിയാം. അത് ഒരു നിശ്ചിത തുകയാണെന്നും അധികം കിട്ടില്ല എന്നും അറിയാം. 92 ലക്ഷത്തിന് കണക്കില്ല എന്ന് പറയുമ്പോള്‍ നിങ്ങള്‍ ഗ്രാറ്റുവിറ്റി അധികം വാങ്ങി എന്ന് ആരോപിക്കുക. 2010ല്‍ വിരമിച്ച വി. കുഞ്ഞികൃഷ്ണന് എന്തെങ്കിലും തരത്തിലുള്ള പണാപഹരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് അന്ന് പറഞ്ഞ് പരിഹാരം ഉണ്ടാക്കുകയാണല്ലോ വേണ്ടത്. 2025 കുഞ്ഞുകൃഷ്ണന്‍ പണാപഹരണത്തിന്റെ കണക്കുകള്‍ പറയുമ്പോഴല്ലല്ലോ അത് ചെയ്യേണ്ടത്.സഹകരണ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ സംഭാവന നല്‍കിയത് കണക്കില്‍ വന്നിട്ടില്ല എന്ന് പറയുമ്പോള്‍, ഏതാണ്ട് 70 ലക്ഷം രൂപ വരുമത്രേ, കുഞ്ഞികൃഷ്ണന് പണം കട്ടവരോടുള്ള അസൂയയാണ് കാരണം എന്നല്ലല്ലോ പറയേണ്ടത്. ശരിയായ കണക്കുകള്‍ അവതരിപ്പിക്കുകയല്ലേ ചെയ്യേണ്ടത്? കണക്കുകള്‍ ചോദിക്കുമ്പോള്‍ മറ്റെന്തെങ്കിലും പറയുന്നത് അഴിമതിയുടെ രീതിയാണ്.
തമിഴ്നാട്ടിലെ വലിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജീവാനന്ദത്തിന്റെ ജീവിതത്തിൽ നടന്ന ഒരു ഒരു സംഭവമുണ്ട്. ജനങ്ങളിൽ നിന്ന് പിരിച്ച നാണയത്തുട്ടുകൾ നിറഞ്ഞ ഭാരിച്ച സഞ്ചിയുമായി അദ്ദേഹം മൂന്നുനാല് കിലോമീറ്റർ അപ്പുറമുള്ള സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുകയാണ്.അപ്പോൾ ഒരു ഓട്ടോക്കാരൻ അദ്ദേഹത്തെ കണ്ടു നിർത്തി, ‘തോഴരേ വരുന്നോ’ എന്ന് ചോദിച്ചു. അപ്പോൾ സഖാവ് ജീവാനന്ദം , അയാളോട് പൊയ്ക്കോളാൻ പറയുകയാണുണ്ടായത്. ഓട്ടോക്കാരന് കൊടുക്കാനുള്ള പണം അദ്ദേഹത്തിൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല. തോഴർ ജീവാനന്ദം പറഞ്ഞുവത്രേ:
‘എൻ്റെ കയ്യിൽ നിനക്ക് നൽകാൻ പണമില്ല. ആകെയുള്ളത് ഒന്നര രൂപയാണ്.സ്റ്റേഷനിൽ എത്തിയാൽ ഒരു ചായയും രണ്ട് ഇഡ്ഡലിയും കഴിക്കാനുള്ളതാണ്.’
അന്നേരം ഓട്ടോക്കാരൻ ചോദിച്ചു:
‘ സഞ്ചിയിൽ നിറയെ പണം ആണല്ലോ അതിൽ നിന്ന് കുറച്ചെടുത്തു കൂടെ?’
തോഴർ ജീവാനന്ദം ഓട്ടോക്കാരനോട് ഇങ്ങനെയാണ് മറുപടി പറഞ്ഞത് :
“അതിൽ നിന്ന് ഞാൻ ഒന്നും എടുക്കില്ല കാരണം ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണമാണ് അത് പാർട്ടി ഓഫീസിൽ കൊടുത്ത് കണക്ക് ബോധിപ്പിക്കണം”
ഇതൊക്കെ പഴങ്കഥകളായിരിക്കും.പക്ഷേ ഇത് ഒരു കമ്മ്യൂണിസ്റ്റ് ബോധമാണ് പിരിച്ച പൈസക്ക് കണക്ക് കൊടുക്കാത്ത ബോധമല്ല, കമ്മ്യൂണിസ്റ്റ് ബോധം. ജനങ്ങളിൽ നിന്ന് പിരിച്ച പൈസ എത്തിക്കേണ്ടത് എത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ് എന്ന തീരുമാനം, അതാണ് കമ്മ്യൂണിസത്തിന്റെ ആവിഷ്കാരം.
ഇന്നലെ അങ്ങാടിയിൽ നിന്ന് നടന്നു വീട്ടിലേക്ക് വരുമ്പോൾ വഴിയിൽ ഒരു പാർട്ടിക്കാരൻ രോഷത്തോടെ എന്നോട് ചോദിച്ചു :
‘കുഞ്ഞികൃഷ്ണന് ജോലി കൊടുത്തതും ശമ്പളം കൊടുത്തതും പാർട്ടിയല്ലേ? പിന്നെയെങ്ങനെയൊക്കെ പറയാമോ?’
അന്നേരം ഞാൻ തിരിച്ചു ചോദിച്ചു:
‘തെറ്റുകൾ കണ്ടാൽ പ്രതികരിക്കാത്തവർ കമ്മ്യൂണിസ്റ്റുകാരാണോ?’
അതിന് അയാൾ മറുപടി പറഞ്ഞത്, ‘അതല്ല’ എന്നാണ്.
തെറ്റുകൾ കണ്ടപ്പോൾ അത് തെറ്റാണെന്ന് വിളിച്ചു പറഞ്ഞു എന്നതാണ് വി. കുഞ്ഞികൃഷ്ണൻ ചെയ്ത ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തനം. നേരു പറയുന്നവർക്ക് ആദ്യം തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. കാരണം പ്രബലമായ ഒരു ഭരണ വര്‍ഗ്ഗത്തോടാണ് പലപ്പോഴും അങ്ങനെയുള്ളവർക്ക് പോരാടേണ്ടി വരുന്നത്. പക്ഷേ അവർ പറഞ്ഞതാണ് ശരിയെന്ന കാര്യത്തിലേക്ക് സമൂഹം പതുക്കെയെങ്കിലും വന്നെത്താതിരിക്കില്ല. “ചരിത്രം എന്നെ കുറ്റക്കാരനല്ല എന്ന് വിധിക്കും” എന്ന് കാസ്ട്രോവിൻ്റെ പ്രസിദ്ധമായ ഒരു പ്രയോഗം ഉണ്ടല്ലോ.
കേരളത്തിലെ മറ്റിടങ്ങളിൽ നടന്ന ഇത്തരം അഴിമതികളെ കുറിച്ച് പാർട്ടിയുടെ വിശദീകരണങ്ങൾ അതേപോലെ ഉൾക്കൊണ്ടുകൊണ്ട്, ഉറച്ച പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ, അണികൾക്ക് വിശദീകരിച്ചു കൊടുക്കാൻ താൻ ശ്രമിച്ചിരുന്നുവെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നുണ്ട്. അണ്ടിയോടടുത്തപ്പോഴാണ് അദ്ദേഹത്തിന് മാങ്ങയുടെ പുളി മനസ്സിലായത്. സത്യസന്ധനായ ഒരു മനുഷ്യനും ഓഡിറ്ററും ആയതുകൊണ്ട് അദ്ദേഹം കണക്കുകൾ മുഴുവൻ പരിശോധിക്കുകയും ഇടത് എന്നും ഇടതു എന്നും രണ്ടുതരം റസീറ്റുകളിൽ നിന്ന് അന്വേഷണം തുടങ്ങുകയും ചെയ്തു. അന്നേരമാണ് അദ്ദേഹത്തിന് ബോധോദയം ഉണ്ടായത്.
അങ്ങനെ ബുദ്ധനായി തീരുക എന്നത് , ബുദ്ധത്വം ഉൾക്കൊള്ളുക എന്നത് വലിയ കാര്യമാണ്. കൊട്ടാരങ്ങളും സുഖസൗകര്യങ്ങളും പ്രതാപങ്ങളും പണവും ത്യജിക്കാനുള്ള തന്റേടത്തി നാണ് ബുദ്ധത്വം എന്ന് പറയുക.അത് മാനസികമായ ഒരു കരുത്താണ്, വലുപ്പമാണ്. ആ ബുദ്ധത്വം വി.എസ്.അച്യുതാനന്ദനും എം.എൻ.വിജയൻ മാഷക്കും ടി.പി. ചന്ദ്രശേഖരനുമൊക്കെ ഉണ്ടായിരുന്നു. അതുപോലെ,ഇനിയും പലതരത്തിൽ പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിയേക്കാവുന്ന ഒരാൾ അതൊക്കെ വേണ്ടന്ന് വെച്ചിട്ട്, ത്യജിച്ചിട്ട്, തന്റെ ഈ പ്രവർത്തനം പാർട്ടിയെ ചെറിയതോതിലെങ്കിലും തിരുത്തുമെങ്കിൽ അങ്ങനെയാവട്ടെ എന്ന് തീരുമാനിച്ച് സത്യങ്ങൾ വിളിച്ചു പറയുന്നു.

‘വർക്കത്ത് കെട്ട താറാവിൻ കുഞ്ഞ്’ എന്ന വൈലോപ്പിള്ളിയുടെ കവിതയുണ്ട്. ഒരു യൂറോപ്യൻ നാടോടിക്കഥ ആസ്പദമാക്കി എഴുതിയതാണ്. അടയിരുന്ന മുട്ടകളിൽ ഒന്നുമാത്രം വിരിയാത്തതിലുള്ള വേദനയോടു കൂടി അമ്മത്താറാവ് ഇരിക്കുമ്പോൾ, രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ആ മുട്ട വിരിയുന്നു.ഒരു വർക്കത്തും ഇല്ലാത്ത കു ഞ്ഞ്. എല്ലാവരും അതിനെ കളിയാക്കി.കൂട്ടത്തിൽ കൂട്ടിയില്ല. അമ്മയ്ക്കും കുഞ്ഞിനും സങ്കടമായി. അങ്ങനെയിരിക്കെ ആ താറാവിൻ കുട്ടികളൊക്കെ വളർന്ന് വലുതാകാൻ തുടങ്ങി. ഈ വർക്കത്ത് കെട്ട കുഞ്ഞ് മറ്റുള്ളവരോടൊന്നും കൂടാതെ പൊന്തകളിലൊക്കെ കഴിച്ചുകൂട്ടി. അത് പൂർണ്ണവളർച്ചയെത്തിയപ്പോൾ ആകാശത്തിലൂടെ പറന്നു പോകുന്ന അരയന്നങ്ങൾ അതിനെ കണ്ട് താഴേക്ക് ഇറങ്ങി വന്നു. എന്താണ് അരയന്നങ്ങൾ തന്നെ കാണാൻ വന്നത് എന്ന് അത്ഭുതത്തോടുകൂടി അന്വേഷിച്ച ഈ താറാവിൻ കുഞ്ഞ് ആദ്യമായി തന്റെ മുഖം പുഴയിലെ വെള്ളത്തിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. മനോഹരമായ രൂപമുള്ള ഒരു അരയന്നമാണ് താൻ എന്നുള്ള കാര്യം അതിന് ആദ്യമായി മനസ്സിലാവുന്നു.

ജന്മം കൊണ്ടല്ല പ്രവർത്തനം കൊണ്ട് രാഷ്ട്രീയ മേലാളന്മാർക്ക് വർക്കത്ത് കട്ടതായി തീരുന്ന ധീരന്മാരായ മനുഷ്യർ പിന്നീട് ചരിത്രത്തിൻ്റെ ഏതോ സന്ധികളിൽ വെച്ച് വളരെ മനോഹരങ്ങളായ അരയന്നങ്ങളായി പറന്നുപോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എതിർ ശബ്ദങ്ങൾ കേൾപ്പിക്കാൻ ധീരത കാട്ടുന്ന ഈ മനുഷ്യർ തങ്ങൾക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ട പ്രസ്ഥാനം വഴിപിഴച്ചു പോകാതിരിക്കാൻ എല്ലാവരും കൂടി ശ്രമിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.കണക്കുകൾ കൊണ്ട് നിറഞ്ഞ ഈ ചെറിയ പുസ്തകത്തിൻ്റെ ചരിത്രമൂല്യം അതാണ്.
നേതൃത്വത്തെ അണികള്‍ തിരുത്തണം
രചന : വി. കുഞ്ഞികൃഷ്ണന്
വില : 100 രൂപ







No Comments yet!