
കലാസൃഷ്ടികളുടെ വിപണനമൂല്യസൂത്രങ്ങൾ എന്തൊക്കെയാണെന്ന് അക്കമിട്ടുപഠിപ്പിക്കാവുന്ന ഒരു പഠന സമ്പ്രദായം അതാത് കാലങ്ങളിലെ വ്യവസ്ഥാപിത കലാവിദ്യാഭ്യാസത്തിൽ വികസിപ്പിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതകൾ ചർച്ച ചെയ്യുന്ന സന്ദർഭങ്ങളിലാണ് കലാവിപണിയെ വല്ലാതെ ഭയപ്പെട്ടിരുന്ന മാർക് റോത്ക്കോ എന്ന അമേരിക്കൻ ചിത്രകാരനെ ഓർത്ത് നമ്മൾ അദ്‌ഭുതപ്പെടുക.
അദ്ദേഹം ഭയപ്പെട്ടിരുന്നതുപോലെതന്നെ അതിഭീമമായ തുകക്കാണ് മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലേലം ചെയ്യപ്പെട്ടത്. 1903 ൽ ജനിച്ച മാർക്ക് റോത്കൊ അബ്സ്ട്രാക്ട് എക്സ്പ്രഷനിസത്തിലെ ശക്തമായ നിലപാടുകൾ വലിയ കാൻവാസുകളിൽ എഴുതിവെച്ചു അറുപത്തേഴ് വർഷം മാത്രം ജീവിച്ചുമടങ്ങിപ്പോയ അമേരിക്കൻ ചിത്രകാരനാണ്. ലാത്വിയയിൽ ജനിച്ച റോത്കൊ പത്താമത്തെ വയസ്സിലാണ് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറിയത്. ന്യൂയോർക്കിലെ കലാപഠനങ്ങളിൽ നേടിയെടുത്ത പ്രശ്‌സ്തിയിൽ വിപണന മൂല്യം ഏറെയുള്ള ഒരു ചിത്രകാരനായി റോത്കൊ വളർന്നു. തന്റെ ചിത്രങ്ങൾ വാങ്ങാൻ വരുന്നവരെ ഇന്റർവ്യൂ ചെയ്യുന്ന ഒരു വിചിത്രരീതിയുണ്ടായിരുന്നു അദ്ദേഹത്തിന്.
അവരുടേത് യഥാർത്ഥമായ കലാസ്നേഹമാണോ എന്ന പരിശോധനയിൽ ചിത്രങ്ങൾ വാങ്ങാൻ സാധിക്കാതെ തിരിച്ചുപോയവരും അനേകമാണെന്നാണ് ചരിത്രം പറയുന്നത്. രണ്ടാം ലോകയുദ്ധതിനു ശേഷം സാമ്പത്തികമായി അമേരിക്കയുടെ വളർച്ചയിലുണ്ടായ സമൃദ്ധമായ ഉപഭോക സംസ്കാരത്തിൽ വളരെ നിരാശനായ റോത്കൊയെയാണ് നമുക്ക് വായിച്ചെടുക്കാനാവുക.
1934 മുതൽ 1940 വരെയുള്ള സബ്‌വേ സീരീസ് എന്ന ഘട്ടങ്ങൾ മാനവികതക്കേൽക്കുന്ന ദുരന്തങ്ങൾ പറയുകയും പിന്നീട് ഏകദേശം 1950 വരെ പലപ്പോഴും രാഷ്ട്രീയപരമായി ഉൾക്കൊണ്ടിരുന്ന വിഷയങ്ങളിൽ നിന്ന് മനുഷ്യർ അപ്രത്യക്ഷമാവുന്നതും നിറങ്ങളുടെ വലിയ ചതുരങ്ങളും ദീർഘച്ചതുരങ്ങളും തൃകോണങ്ങളുമായി അത് വലിയ പ്രതലങ്ങളായി അവസാനിക്കുന്നതും സൂക്ഷ്മമായി പഠിക്കേണ്ടത് അനിവാര്യമാണ്.

ആക്കാലത്തു റോത്കൊക്ക് ഏറ്റെടുക്കേണ്ടിവന്ന ഒരു കമ്മീഷൻ വർക്ക് ഏകദേശം നാല് ലക്ഷം ഡോളറിന്റെതായിരുന്നു. ഫോർ സീസൺ എന്ന ഹോട്ടലിലെ ചുവരുകൾ അലങ്കരിക്കാനുള്ള അന്നത്തെ ഭീമമായ കോൺട്രാക്ട് ആയിരുന്നു അത്. ഇതിനുള്ള ഇൻസ്പിരേഷനുവേണ്ടി അദ്ദേഹം യാത്രച്ചെയ്തത് ഫ്ലോറൻസിലെ മൈക്കലാഞ്ചലോ രൂപകല്പന ചെയ്ത മെഡിസിയാ ലൈബ്രറി എന്നറിയപ്പെടുന്ന വസതിയിലേക്കായിരുന്നു. ആ കെട്ടിടത്തിലെ സ്ഥിരമായി അടച്ചുപൂട്ടപ്പെട്ട ജനലുകൾക്കുള്ളിലെ വീർപ്പുമുട്ടലുകളാണ് അദ്ദേഹം പിന്നീട് തന്റെ ചിത്രങ്ങളിലുടനീളം പ്രയോഗിച്ചുകൊണ്ടിരുന്നതെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രണ്ട് വർഷങ്ങൾക്ക് ശേഷം റോത്കൊ തന്റെ ഭാര്യയോടോപ്പം തന്റെ ചിത്രങ്ങളാൽ അലങ്കരിച്ച ഫോർ സീസൺ ഹോട്ടലിൽ ചിലവഴിച്ച കുറെയേറെ സമയങ്ങളിൽ അദ്ദേഹം തിരിച്ചറിഞ്ഞത്,
ആർഭാടത്തിന്റെ അഗ്രസ്ഥാനത്തുനിൽക്കുന്ന ഈ ഹോട്ടലിലെ അതിഥികൾക്ക് തന്റെ ചിത്രങ്ങൾ ഒരുതരത്തിലുമുള്ള വികാരങ്ങളുമുണ്ടാക്കുന്നില്ലെന്നാണ്.
ആർഭാടത്തിന്റെ ഉന്നതസംസ്കാരങ്ങൾക്ക് ചേരുന്നതല്ല തന്റെ പെയിന്റിംഗുകളെന്ന് നേരിട്ടറിഞ്ഞ റോത്കൊ തൊട്ടടുത്ത ദിവസം തന്നെ കരാറിൽനിന്ന് പിന്മാറി. അതുവരെ ചെയ്ത എല്ലാ പെയിന്റിംഗുകളും തിരിച്ചു വാങ്ങിക്കുകയും കൈപ്പറ്റിയ മുഴുവൻ തുകയും മടക്കികൊടുക്കുകയുമാണുണ്ടായത്. ആ ചിത്രങ്ങളെല്ലാം ലണ്ടനിലെ ടെറ്റ് ഗാലറിയിലേക്ക് ദാനം ചെയ്യുകയാണെന്ന് പിന്നീട് അദ്ദേഹം പ്രഖ്യാപിച്ചു. സത്യസന്ധമായി ഇടപെടുമ്പോൾ ആശയങ്ങളിലൊ സങ്കല്പങ്ങളിലോ ഉണ്ടാവാനിടയുള്ള വിടവുകൾ വളരെ വലുതായിതോന്നുമെന്നും ആ പ്രതലത്തിലെ ഓരോ ഇഞ്ചിലും നമ്മൾ തടവറകൾ കാണുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
ചിത്രങ്ങളിൽ പ്രതിഫലിക്കേണ്ടത് മനുഷ്യന്റെ കണ്ണുനീർ മാത്രമാവണമെന്നായിരുന്നു റോത്കൊയുടെ സങ്കൽപം. അതുകൊണ്ടുതന്നെ ഒരു ചിത്രം ഭംഗിയുള്ളതാണെന്ന് പറയുന്നതിലെ നിരർത്ഥകതയോടൊപ്പം നിന്ന അമൂർത്തമായ ചിത്രങ്ങളുടെ നിരൂപകവ്യാഖ്യാനങ്ങളോട് ചേർന്നുപോകാനും അദ്ദേഹം മടികാണിച്ചിരുന്നില്ല.

അവസാനകാലങ്ങൾ മാനസികവിഭ്രാന്തികളോടെ റോത്കൊ ചിലവഴിച്ചത്
ചില നിറങ്ങളുടെ മാത്രം ലോലതകളും തീക്ഷണതകളും നിറച്ച മനുഷ്യരൂപങ്ങളില്ലാത്ത കാൻവാസുകളിലാണ്. ഫ്രോയ്‌ഡിയൻ മാനസിക വിശകലനങ്ങളെയും ബോഹീമിയൻ ജീവിതരീതികളെയും ആർഭാടസങ്കൽപ്പങ്ങളേയും പോലെത്തന്നെ 1960 ന് ശേഷം പ്രബലമായിക്കൊണ്ടിരുന്ന പോപ്പ് ആർട്ടിനെയും അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു.
റോത്കൊയുണ്ടാക്കിയ രൂപങ്ങളും നിറങ്ങളും അദ്ദേഹം ഭ്രാന്തമായി ഉൾക്കൊണ്ടിരുന്ന മോസാർട്ടിന്റ സംഗീതമാണെന്നാണ് ചരിത്രം വ്യാഖ്യാനിച്ചത്. ശാരീരികാസ്വസ്ഥതകളും മാനസികത്തുലനമില്ലായ്മയും അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്ന കാലത്താണ് നീണ്ടകാലത്തെ വിവാഹബന്ധം വേർപ്പെടുത്തി ഭാര്യ മേരി ആലിസ് മടങ്ങിപോകുന്നത്. പിന്നീട് നാലുമാസങ്ങൾക്ക് ശേഷം 1970 ൽ റോത്കൊ സ്വയം ജീവിതമാവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ പല ചിത്രങ്ങളെയും കുറിച്ചുള്ള പഠനങ്ങൾ ഇന്നും പുരോഗമിച്ചുകൊണ്ടിരിക്കുന്നത് സ്വന്തം സ്റ്റുഡിയോയിൽ ഈസിലിനടുത്ത് കൈഞരമ്പ് മുറിച്ച് രക്തത്തിൽ പൊതിഞ്ഞു കിടന്നിരുന്ന റോത്കൊയുടെ ആത്മഹത്യാകുറിപ്പുകളായാണ്.







No Comments yet!